This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിമദ്യാസക്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതിമദ്യാസക്തി

Alchoholism

മദ്യപാനത്തിനുള്ള തീവ്രമായ ആസക്തി. വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യസാമ്പത്തികഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരങ്ങള്‍ക്ക് അതീതമായി മദ്യപിക്കുവാനുള്ള ആസക്തിയെ രോഗമായി കണക്കാക്കുന്നു.

മദ്യപരില്‍ ഒരു ചെറിയ ശ.മാ. മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയില്‍ അവിവാഹിതരും വിഭാര്യന്‍മാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. വികസിതരാജ്യങ്ങളില്‍ അതിമദ്യാസക്തി വന്‍തോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്നമായി തീര്‍ന്നിട്ടുണ്ട്. കുടുംബജീവിതത്തില്‍ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികള്‍ സ്ഥിതിവിവരക്കണക്കുകള്‍കൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.

അഞ്ചുതരക്കാര്‍. ജെല്ലിനെക് എന്ന വിദഗ്ധന്‍ അതിമദ്യാസക്തിയെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, എപ്സിലോണ്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.

ആല്‍ഫാ വിഭാഗത്തിലുള്ളവര്‍ വളരെയധികം മദ്യം കഴിക്കുന്നു. എങ്കിലും നിയന്ത്രണാതീതരാകുന്നില്ല. വേണമെങ്കില്‍ മദ്യപാനം പൊടുന്നനവേ നിര്‍ത്താനും ഇവര്‍ക്കു സാധിക്കും. എങ്കിലും മദ്യപാനത്തിന്റെ സാമൂഹികവും, സാമ്പത്തികവും, ശാരീരികവുമായ ദോഷഫലങ്ങളെ ഇവര്‍ക്കു ക്രമേണ നേരിടേണ്ടിവരുന്നു.

മദ്യപാനംമൂലം കരള്‍, ആമാശയം, ഞരമ്പുകള്‍ എന്നീ അവയവങ്ങള്‍ക്ക് രോഗബാധയുണ്ടാകുന്നവര്‍ ബീറ്റാ വിഭാഗത്തില്‍പെടുന്നു. മദ്യം കൈവെടിയാന്‍ നിവൃത്തിയില്ലാത്തവിധം ശാരീരികവും മാനസികവുമായി അതിനു പരിപൂര്‍ണ അടിമകളായി തീരുന്നവരാണ് ഗാമാ വിഭാഗത്തില്‍പെട്ടവര്‍. മദ്യപാനം നിര്‍ത്താന്‍ കഴിവില്ലെങ്കിലും കുടിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നവരെയാണ് ഡെല്‍റ്റാ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. വന്‍തോതില്‍ മദ്യനിര്‍മാണം നടക്കുന്ന രാജ്യങ്ങളില്‍ ഇങ്ങനെയുള്ളവര്‍ ധാരാളമുണ്ട്.

എപ്സിലോണ്‍ വിഭാഗത്തില്‍പെടുന്ന അതിമദ്യപാനികള്‍ ഒരിക്കല്‍ മദ്യപാനം ആരംഭിച്ചാല്‍ പിന്നെ വളരെ ദിവസങ്ങളോളം അമിതമായി മദ്യപിക്കുകയും അതിനെ തുടര്‍ന്ന് കുറേനാളത്തേക്ക് മദ്യവര്‍ജകന്‍മാരായിരിക്കയും ചെയ്യുന്നു.

വിവിധഘട്ടങ്ങള്‍. അതിമദ്യാസക്തന്‍ ആദ്യഘട്ടത്തില്‍ വിരുന്നുകള്‍ തുടങ്ങിയ സാമുദായിക ചടങ്ങുകളില്‍ മറ്റുള്ളവരോടൊത്ത് മാത്രം മദ്യപിക്കുന്നു. തുടര്‍ന്നു മദ്യം കൈവരുത്തുന്ന 'മനഃശാന്തി' കൂടുതല്‍ കൂടുതല്‍ മദ്യം കഴിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു.

രണ്ടാം ഘട്ടത്തിലെത്തുമ്പോഴേക്ക് മദ്യം ഒരു പാനീയമെന്നുള്ള നിലയില്‍നിന്ന് അവശ്യം ആവശ്യമായ ഒരു ഔഷധമെന്ന നിലയിലേക്ക് മാറുന്നു. പലപ്പോഴും മദ്യം കഴിച്ചശേഷം കുറ്റബോധവും പശ്ചാത്താപവും ഈ ഘട്ടത്തില്‍ അയാള്‍ പ്രകടിപ്പിച്ചേക്കും. എങ്കിലും അടുത്ത നിമിഷംതന്നെ ഒളിവില്‍ മദ്യപിക്കാനും താന്‍ മദ്യപിച്ചിട്ടേയില്ല എന്ന് കളവുപറയാനും അതു ഫലിച്ചില്ലെങ്കില്‍ തന്റെ മദ്യപാനത്തെ വിവിധ കാരണങ്ങളുന്നയിച്ച് ന്യായീകരിക്കാനും ശ്രമിക്കുന്നു. അടുത്ത ഘട്ടത്തില്‍ മദ്യപാനം തികച്ചും നിയന്ത്രണാതീതമാകുന്നു. ഒറ്റയ്ക്കിരുന്ന് കുടിക്കുവാനും സമയഭേദമില്ലാതെ തുടര്‍ച്ചയായി കുടിക്കുവാനുമുള്ള പ്രവണത ഇവിടെ കാണിക്കുന്നു. ഈ ഘട്ടത്തില്‍ മദ്യപന്റെ ഏക ജീവിതലക്ഷ്യം, എങ്ങനെയെങ്കിലും തനിക്കാവശ്യമുള്ള മദ്യം സമ്പാദിക്കുക എന്നതാണ്. ബുദ്ധിപരവും സാന്‍മാര്‍ഗികവും സാമൂഹ്യവുമായ എല്ലാ തലങ്ങളിലും അധഃപതനം സംഭവിക്കുന്ന ഈ നിലയിലും മദ്യപാനത്തിനെതിരെ, തന്നെ ഗുണദോഷിക്കുന്നവരോട് അയാള്‍ക്ക് വിരോധം മാത്രമേ തോന്നുകയുള്ളു. തന്റെ പഴയ സുഹൃത്തുക്കളില്‍നിന്ന് അകന്നുമാറി, സാംസ്കാരികമായും സാമ്പത്തികമായും തന്നില്‍നിന്ന് വളരെ താണ നിലവാരത്തിലുള്ളവരോടുമാത്രം അയാള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു. മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന പല മാനസികരോഗങ്ങളും പ്രത്യക്ഷമാകുന്നത് ഈ ഘട്ടത്തിലാണ്. മദ്യപാനം ആരംഭിച്ച് പത്തുപതിനഞ്ച് വര്‍ഷങ്ങള്‍കൊണ്ടായിരിക്കാം ഒരാള്‍ ഈ നിലയില്‍ എത്തിച്ചേരുന്നത്.

പരിണതഫലങ്ങള്‍. അതിമദ്യാസക്തി ഒരുവന്റെ കുടുംബജീവിതത്തെയും ഔദ്യോഗികജീവിതത്തെയും താറുമാറാക്കുകയും സാമൂഹ്യവും സാമ്പത്തികവും സാന്‍മാര്‍ഗികവുമായ അധഃപതനത്തിനു വഴിതെളിക്കുകയും ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്ക് അതു കാരണമായിത്തീരുകയും ചെയ്യുന്നു. ശരീരത്തിലെ മിക്ക അവയവങ്ങള്‍ക്കും അതിമദ്യപാനംമൂലം കേടുസംഭവിക്കുന്നു. വയറ്റില്‍വേദന, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ തുടങ്ങിയ ആമാശയരോഗങ്ങള്‍ അതിമദ്യാസക്തരില്‍ സാധാരണമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ നല്ല പങ്കും ഇവരിലാണുണ്ടാകുന്നത്. മദ്യപാനത്തിന്റെ ഫലമായി സംഭവിക്കുന്ന ജീവകനാശം തലച്ചോറിനെയും ഞരമ്പുകളെയും ബാധിക്കുന്നു. അപസ്മാരരോഗികളില്‍ രോഗബാധയുണ്ടാകാനുളള സാധ്യത മദ്യപാനംമൂലം വര്‍ധിക്കുന്നു.

ചില കാരണങ്ങള്‍. ഒരു വ്യക്തി അതിമദ്യാസക്തനാകുന്നതിന് ഒരു പ്രത്യേക കാരണം എടുത്തുകാണിക്കുവാന്‍ പലപ്പോഴും സാധ്യമല്ല. നേരേമറിച്ച് ശാരീരികവും, മാനസികവും, സാമൂഹ്യവുമായ പല കാരണങ്ങളുടെ നിരന്തരമായ പ്രതിപ്രവര്‍ത്തനത്തിന്റെ പരിണതഫലമാണ് അതിമദ്യാസക്തി.

ബി-കോംപ്ളക്സ് എന്ന ജീവകത്തിലെ ചില ഘടകങ്ങള്‍ ഒട്ടും ഉള്‍ക്കൊള്ളാത്ത ഭക്ഷണം കൊടുത്തു വളര്‍ത്തിയ എലികള്‍ക്ക് മദ്യം കഴിക്കുന്നതിനുള്ള ആസക്തി വര്‍ധിച്ചതായും, ഭക്ഷണത്തിലുണ്ടായിരുന്ന കുറവ് പരിഹരിച്ചപ്പോള്‍ അവയുടെ മദ്യാസക്തി ഇല്ലാതെ ആയതായും പരീക്ഷണത്തില്‍ കാണപ്പെട്ടു. ഇതുപോലെയുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിലുണ്ടാകുന്ന അതിമദ്യാസക്തിയുടെയും കാരണം ജീവരസതന്ത്രപരമായ വൈകല്യമായിരിക്കാമെന്നും ഈ കുറവ് പരമ്പരാഗതമായിരിക്കാമെന്നും റോജര്‍ ജെ. വില്യംസ് എന്ന ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍മാത്രം ഒരു മനുഷ്യനെ അതിമദ്യാസക്തി ബാധിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ ഈ സിദ്ധാന്തത്തിന് കഴിയുന്നില്ല.

അതിമദ്യാസക്തിക്ക് സാമൂഹ്യവും മാനസികവുമായ കാരണങ്ങളുണ്ട്. സാമൂഹ്യാചാരങ്ങളും ബാല്യകാലാനുഭവങ്ങളും ഒരുവന്റെ മദ്യാസക്തിയെ സാരമായി സ്പര്‍ശിക്കുമെന്നുള്ളതില്‍ സംശയമില്ല. പല മദ്യാസക്തരുടേയും ബാല്യകാലം കെട്ടുറപ്പില്ലാത്ത കുടുംബജീവിതവും മാതാപിതാക്കളോടുള്ള വൈകാരികമായ അകല്‍ച്ചയും മൂലം അസംതൃപ്തമായിരുന്നുവെന്നു കാണാം. അതിമദ്യാസക്തരുടെ കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളുടെ മാതൃക പിന്‍തുടര്‍ന്ന് അതിമദ്യാസക്തരായിത്തീരുന്നു. മദ്യപാനം പൌരുഷത്തിന്റെയും ഉന്നതജീവിതരീതിയുടെയും ലക്ഷണമാണെന്ന മിഥ്യാബോധവും മദ്യാസക്തരുമായുള്ള സുഹൃദ്ബന്ധവും പലപ്പോഴും അതിമദ്യാസക്തിക്ക് കാരണമായിത്തീരുന്നു.

മാനസികമായ അസ്വസ്ഥതകള്‍ക്ക് മദ്യം താത്കാലികമായ ശമനം നല്കുന്നുവെന്നത് അതിമദ്യാസക്തിക്ക് ന്യായമായ ഒരു കാരണമാണ്. സാധാരണനിലയില്‍ വിഷാദാത്മകരും, നിരാശരും അപകര്‍ഷതാബോധമുള്ളവരും തങ്ങളുടെ വൈകാരികപ്രശ്നങ്ങളില്‍നിന്ന് രക്ഷനേടാന്‍ മദ്യത്തെ ആശ്രയിക്കുന്നു. തുടര്‍ന്ന് അധികം മദ്യം കഴിച്ച് ഈ താത്ക്കാലികാശ്വാസം നീട്ടിക്കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നു. ചിലരില്‍ ചിത്തഭ്രമം, ലഘുമനോരോഗം തുടങ്ങിയ മാനസികരോഗങ്ങളുടെ ഒരു ബാഹ്യലക്ഷണം മാത്രമായിരിക്കാം അതിമദ്യാസക്തി.

ചികിത്സാരീതികള്‍. ഈ രോഗത്തിനുള്ള ചികിത്സ താരതമ്യേന പ്രയാസമേറിയതും തദനുസരണഫലം ലഭിക്കാത്തതുമായ ഒന്നാകുന്നു. ചികിത്സകൊണ്ട് അതിമദ്യാസക്തരില്‍ നാലിലൊരുഭാഗം പേര്‍ക്ക് തൃപ്തികരമായും ബാക്കിയുള്ളവരില്‍ പകുതിപേര്‍ക്ക് ഭാഗികമായും ഗുണം സിദ്ധിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

മദ്യപാനംമൂലമോ പെട്ടെന്ന് മദ്യപാനം നിര്‍ത്തിയതുമൂലമോ ഉണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സ, ഭാവിയില്‍ മദ്യപിക്കാതിരിക്കുവാനുള്ള ഏര്‍പ്പാടുകള്‍, മദ്യപാനത്തിന് പ്രേരകമായ മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍ എന്നിങ്ങനെ ഈ ചികിത്സയ്ക്ക് മൂന്നു സമീപനരീതികളുണ്ട്.

മദ്യപനെ ആശുപത്രിയില്‍ താമസിപ്പിക്കുന്നതുമൂലം മദ്യപാനം നിര്‍ത്തുമ്പോള്‍ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ വൈഷമ്യങ്ങളെ വേഗത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു. തന്നെ അലട്ടുന്ന പ്രശ്നങ്ങളില്‍നിന്ന് താത്കാലികമായെങ്കിലും അകന്നുനില്ക്കാനുള്ള ഒരവസരവും ഇതുമൂലം മദ്യപനു ലഭിക്കുന്നു.

ചികിത്സാര്‍ഥം ആശുപത്രിയിലെത്തുമ്പോഴേക്ക് മദ്യപന്റെ ശരീരസ്ഥിതി വളരെ മോശമായിരിക്കും. അതിനാല്‍ ജീവകങ്ങളും മറ്റു പോഷകങ്ങളും ധാരാളം അടങ്ങിയ ഭക്ഷണം അയാള്‍ക്ക് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലുടന്‍തന്നെ മദ്യപാനം പൂര്‍ണമായി നിര്‍ത്തുന്നതാണ് ഭൂരിപക്ഷം രോഗികളെ സംബന്ധിച്ചും ആശാസ്യം. മദ്യപാനം നിര്‍ത്തുമ്പോഴുണ്ടാകുന്ന മാനസികാസ്വസ്ഥതകള്‍, ഉറക്കമില്ലായ്മ, കൈകാല്‍ വിറയല്‍ മുതലായവ ക്ളോര്‍ഡയാസിപോക്സയ്ഡ് (Chlordiazepoxide) പോലെയുള്ള മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. അതിമദ്യാസക്തിയുടെ ചികിത്സയില്‍ എല്‍.എസ്.ഡി. ഉപയോഗപ്രദമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ആശുപത്രി വിട്ടശേഷം വീണ്ടും മദ്യപാനത്തിലേക്ക് വഴുതുവാനുള്ള സാധ്യതയെ തടയാന്‍ പല മാര്‍ഗങ്ങളും ഉപയോഗിച്ചുവരുന്നു. ആന്റബ്യൂസ് (Antabuse) എന്ന ഔഷധം ഇതിലൊന്നാണ്. ഈ മരുന്നു കഴിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് മദ്യം കുടിച്ചാല്‍ ഉടന്‍തന്നെ മുഖവും കണ്ണും ചുവക്കല്‍, തലവേദന, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, തലചുറ്റല്‍, നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടുന്നു. ഈ അസ്വസ്ഥതകളില്‍നിന്ന് രക്ഷപെടാന്‍വേണ്ടി മദ്യം വര്‍ജിക്കുവാന്‍ രോഗി നിര്‍ബന്ധിതനാകുന്നു. മദ്യപാനം നിര്‍ത്തണമെന്ന് ആത്മാര്‍ഥമായ ആഗ്രഹവും ദിവസേന മരുന്നുകഴിക്കാന്‍ തയ്യാറുമുള്ള രോഗികളില്‍ മാത്രമേ ഈ ചികിത്സാരീതി ഫലപ്രദമാകയുള്ളു. ഇതുപോലെ തന്നെയുള്ള മറ്റൊരു മരുന്നാണ് സിട്രേറ്റഡ് കാല്‍സ്യം കാര്‍ബമൈഡ് (Citrated Calcium Carbamide). മദ്യപന് മദ്യത്തോട് സാധാരണയുള്ള ആസക്തിക്കുപകരം വെറുപ്പുളവാക്കി അയാളെ മദ്യവര്‍ജകനാക്കാന്‍ സഹായിക്കുന്ന അരോചകചികിത്സ (Aversion Therapy) പലരും ഉപയോഗിച്ചു വരുന്നു.

ചികിത്സയിലെ പരമപ്രധാനമായ ഒരു ഘടകം സൈക്കോതെറാപ്പി എന്നറിയപ്പെടുന്ന മാനസിക ചികിത്സാസമ്പ്രദായമാണ്. രോഗിയും ഡോക്ടറും തമ്മില്‍ അടുത്ത ബന്ധം ഉണ്ടാകുകയും, രോഗി തന്റെ പ്രശ്നങ്ങള്‍ തുറന്നു സംസാരിച്ച് അവയ്ക്ക് പരിഹാരം കണ്ടുപിടിക്കാന്‍ ശ്രമിക്കയും ചെയ്യുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനതത്ത്വം. രോഗികളെ ഒറ്റയ്ക്കും സംഘമായും ഈ ചികിത്സയ്ക്ക് വിധേയരാക്കുന്നത് പ്രയോജനകരമാണ്.

ആല്‍ക്കഹോളിക് അനോണിമസ്. മുമ്പ് മദ്യപരായിരുന്നെങ്കിലും ചികിത്സാനന്തരം പരിപൂര്‍ണ മദ്യവര്‍ജകരായിത്തീര്‍ന്നവരുടെ ഒരു അഖിലലോകസംഘടനയാണ് ആല്‍ക്കഹോളിക് അനോണിമസ്. അതിമദ്യാസക്തിയെന്നത് തനിക്കുമാത്രം പിണഞ്ഞ ഒരു തെറ്റല്ലെന്നും അതില്‍നിന്ന് വിമുക്തിനേടാന്‍ സാധ്യമാണെന്നും മദ്യപനായിരുന്ന തന്നെ സമൂഹത്തിലെ ഒരംഗമായി സ്വീകരിക്കാന്‍ തയ്യാറുള്ളവരുണ്ടെന്നും ഉള്ള അറിവ് ഈ സംഘടനയിലെ അംഗത്വം മൂലം രോഗിക്ക് ലഭിക്കുന്നത് വലിയ ഒരു നേട്ടമാണ്. തന്നെ അതിമദ്യാസക്തനാക്കിത്തീര്‍ത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അയാളെ സഹായിക്കുകയെന്നതും ചികിത്സയുടെ ഒരു ഭാഗമാണ്. നിയമനിര്‍മാണംമൂലം മദ്യവര്‍ജനം ഏര്‍പ്പെടുത്തുകയും അങ്ങനെ അതിമദ്യാസക്തിയെ തടയുകയും ചെയ്യാന്‍ കഴിഞ്ഞ കാലങ്ങളില്‍ പല രാജ്യങ്ങളിലും നടത്തിയ സംരംഭങ്ങള്‍ വിജയപ്രദങ്ങളായില്ല. മദ്യത്തിന്‍മേലുള്ള നികുതി വര്‍ധിപ്പിക്കുക, മദ്യവില്പനയുടെ സമയവും സ്ഥലവും നിയന്ത്രിക്കുക എന്നീ മാര്‍ഗങ്ങള്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ സ്വീകരിച്ചു വരുന്നുണ്ട്. മദ്യപാനത്തിന്റെ നാനാമുഖങ്ങളായ ദൂഷ്യഫലങ്ങളെപ്പറ്റി പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കിത്തീര്‍ക്കുക എന്നതാണ് ഒരു പക്ഷേ ഇവയെക്കാള്‍ കൂടുതല്‍ പ്രയോജനപ്രദമായ മാര്‍ഗം.

(ഡോ. കെ. കുരുവിള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍