This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപഘര്‍ഷകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപഘര്‍ഷകം
Abrasive
താരതമ്യേന കടുപ്പം കുറഞ്ഞ വസ്തുക്കളെ പൊടിക്കാനോ അരയ്ക്കാനോ ഉരയ്ക്കാനോ രാകുവാനോ മൂര്‍ച്ചവരുത്തുവാനോ ഉപയോഗിക്കുന്ന കഠിനപദാര്‍ഥം. ഉരച്ചക്രങ്ങള്‍, മണല്‍ക്കടലാസ്, ചാണക്കല്ലുകള്‍ തുടങ്ങിയവയാണ് പ്രധാന ഉദാഹരണങ്ങള്‍.
പുരാതന മനുഷ്യന്‍ ശിലായുധങ്ങളെ രൂപപ്പെടുത്തുവാനും മൂര്‍ച്ച വരുത്തുവാനും കാഠിന്യമേറിയ മറ്റു ശിലകളെ ഉപയോഗിച്ചിരുന്നു. 19-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ വ്യാവസായികരംഗത്ത് നാനാവിധത്തില്‍ ഉപയോഗിക്കപ്പെട്ടതോടെയാണ് അപഘര്‍ഷകങ്ങളുടെ പ്രാധാന്യം വര്‍ധിച്ചത്. ഇപ്പോള്‍ കൃത്രിമമായിപ്പോലും അപഘര്‍ഷകങ്ങള്‍ ഉണ്ടാക്കിവരുന്നു.
ഘര്‍ഷണവിധേയമായ വസ്തുവിനുണ്ടാകുന്ന രൂപാന്തരണം അപഘര്‍ഷകത്തിന്റെ ഓരോ കണികയുടെയും വലുപ്പം, ആപേക്ഷികകാഠിന്യം ഇവയെ ആശ്രയിച്ചിരിക്കും. ഒരു അപഘര്‍ഷകത്തിന് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ താഴെപ്പറയുന്നവയാകുന്നു.
(1) യുക്തമായ കാഠിന്യം (മോ സ്കെയിലില്‍); (2) ദൃഢത; (3) വേഗം പൊട്ടിപ്പോകാതിരിക്കത്തക്കവണ്ണമുള്ള പ്രതിരോധശക്തി; (4) അനുയോജ്യമായ ആകൃതി-കൂര്‍ത്ത മൂലകളുണ്ടായിരിക്കുകയാണ് വേണ്ടത്. പ്രത്യേക അവസരങ്ങളില്‍ ഉരുണ്ട ആകൃതിയുള്ള പദാര്‍ഥങ്ങളും ഉപയോഗപ്പെടുന്നു; (5) ഉപയോഗിക്കുന്നതിലുള്ള ലാഘവം; (6) കൊഴുപ്പ്, പശ തുടങ്ങിയവയുമായി മിശ്രിതമാക്കി അപഘര്‍ഷകസംഘടനം ഉണ്ടാക്കുവാന്‍ പോന്ന വിധേയത്വം.
പ്രകൃത്യാ ലഭ്യമാകുന്ന പല പദാര്‍ഥങ്ങളും അപഘര്‍ഷകങ്ങളായി പ്രയോജനപ്പെടുത്താവുന്നവയാണ്. കൂടുതല്‍ കാഠിന്യം വേണ്ടിടത്ത് കൃത്രിമ അപഘര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നു. മണല്‍, ക്വാര്‍ട്ട്സ്, എമറി, ഡയാറ്റൊമൈറ്റ്, ട്രിപ്പോളി, പ്യൂമിസ്, വജ്രം എന്നിവയാണ് പ്രകൃത്യാ ഉള്ളവ. മണല്‍, മണല്‍ക്കല്ല്, ക്വാര്‍ട്ട്സൈറ്റ്, ക്വാര്‍ട്ട്സ്, ഫ്ളിന്റ്, ഗാര്‍നൈറ്റ് തുടങ്ങിയവ ലോഹങ്ങളുടെ വിസ്ഫോടന (blasting) ത്തിലും ഈര്‍ച്ചക്കല്ലുകള്‍, ഉരകല്ലുകള്‍, കടലാസിലോ തുണിയിലോ ഒട്ടിക്കപ്പെട്ടിട്ടുള്ള അപഘര്‍ഷകങ്ങള്‍ എന്നിവയുടെ നിര്‍മിതിക്കും ഉപയോഗിക്കുന്നു.
കൃത്രിമ അപഘര്‍ഷകങ്ങളില്‍ പ്രധാനമായവ അലന്‍ഡം (Alundum), കാര്‍ബോറന്‍ഡം (Carborundum) എന്നിവയാണ്. അലൂമിനിയംഓക്സൈഡ് ഗ്ളാസ് ആണ് അലന്‍ഡം; കാര്‍ബോറന്‍ഡം സിലിക്കണ്‍ കാര്‍ബൈഡിന്റെ പരലുകളും. പല ലോഹങ്ങളുടെയും കാര്‍ബൈഡുകള്‍, നൈട്രൈഡുകള്‍, ബോറൈഡുകള്‍ എന്നിവ നല്ല അപഘര്‍ഷകങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇവയില്‍ ടങ്സ്റ്റണ്‍ കാര്‍ബൈഡ് (Tungsten Carbide) പ്രത്യേക പ്രാധാന്യമുള്ളതാണ്.
(എം.പി. മുരളീധരന്‍)