This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിമന്യു സമന്തസിംഹാര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഭിമന്യു സമന്തസിംഹാര് (1757 - 1807)
ഒറിയാ കവി. മഹാരാഷ്ട്രരുടെ ആക്രമണകാലത്ത് കട്ടക്ക് ജില്ലയിലെ റോഹില്ഖണ്ഡിലുള്ള ബാലീയാഗ്രാമത്തില് വാസമുറപ്പിച്ച ഒരു സേനാനികുടുംബത്തില് 1757-ല്‍ ജനിച്ചു. യുദ്ധപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിക്കയാല് യുദ്ധമുറകള്‍ അഭ്യസിക്കുകയും പല പ്രാവശ്യം യുദ്ധഭൂമിയില്‍ പോയി പൊരുതുകയും ചെയ്തിട്ടുണ്ട്. രണവീരനായതിനാലാവാം വീരരസം നിറഞ്ഞുനില്ക്കുന്ന നിരവധി നായാട്ടുപാട്ടുകളും പടപ്പാട്ടുകളും ഇദ്ദേഹം രചിച്ചത്. ഭക്തിപ്രധാനങ്ങളായ കവിതകളും എഴുതിയിട്ടുണ്ട്. വൈഷ്ണവഭക്തിതത്ത്വങ്ങളെ ആധാരമാക്കി രചിച്ച ബിദഗ്ധചിന്താമണി എന്ന കാവ്യത്തിന്റെ പ്രതിപാദ്യം രാധയുടേയും കൃഷ്ണന്റേയും പ്രേമമാണെങ്കിലും, വൈഷ്ണവഭക്തി സിദ്ധാന്തം അനുസരിച്ചുള്ള ദാര്‍ശനികചിന്തകള്‍ ഇതില്‍ ഉടനീളം കാണുവാന്‍ കഴിയും. പ്രൊഫ. അനന്തവല്ലഭ മോഹന്തി വിശദമായ വ്യാഖ്യാനത്തോടുകൂടി ഈ കാവ്യം പുനഃപ്രസാധനം ചെയ്തിട്ടുണ്ട്. ഒറിയാ ഭക്തിസാഹിത്യത്തിലെ എണ്ണപ്പെട്ട ഒരു കവിയെന്ന യശസ്സ് അഭിമന്യു സമന്ത സിംഹാറിന് നേടിക്കൊടുത്തത് ഇദ്ദേഹത്തിന്റെ ബിദഗ്ധചിന്താമണി ആണ്.
(ഡോ. നരേന്ദ്രനാഥ് മിശ്ര)