This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനന്ദന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:13, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിനന്ദന്‍

1. രാമചരിതം എന്ന സംസ്കൃതമഹാകാവ്യത്തിന്റെ കര്‍ത്താവ്. ഗൌഡാഭിനന്ദന്‍, ശതാനന്ദി, ആര്യാവിലാസന്‍, വിലാസന്‍ എന്നീ പേരുകളും ഇദ്ദേഹത്തിനുണ്ട്.

എ.ഡി. 11-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്നുവെന്ന് മിക്കവാറും തീര്‍ച്ചപ്പെട്ടിട്ടുള്ള സോഡ്ഢലന്റെ ഉദയസുന്ദരീകഥ എന്ന ചമ്പുകാവ്യമാണ് അഭിനന്ദനെപ്പറ്റി പരാമര്‍ശിക്കുന്ന കൃതികളില്‍ ഏറ്റവും പ്രാചീനം. ബംഗാളിലെ പാലരാജവംശത്തിലെ ധര്‍മപാലനെയും ഇദ്ദേഹത്തിന്റെ പുത്രന്‍ ദേവപാലനെയും അഭിനന്ദന്‍ തന്റെ കൃതിയില്‍ പ്രശംസിക്കുന്നുണ്ട്. ഈ രണ്ടു രാജാക്കന്മാരുടെയും ജീവിതകാലം എ.ഡി. 800-നും 900-നും ഇടയ്ക്കാണ്. ഹാരവര്‍ഷനെന്നും യുവരാജനെന്നും കൂടി പേരുള്ള ദേവപാലന്‍ അഭിനന്ദന്റെ രക്ഷാധികാരിയായിരുന്നു. ഇതില്‍ നിന്ന് എ.ഡി. 9-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലായിരുന്നു അഭിനന്ദന്‍ ജീവിച്ചിരുന്നത് എന്ന് അനുമാനിക്കാം.

അഭിനന്ദന്റെ കൃതികളില്‍നിന്നും ഉദ്ധാരണങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ അധികവും ബംഗാളി ഗ്രന്ഥകാരന്മാരാണ്. അഭിനന്ദന്‍, ആര്യാവിലാസന്‍ എന്ന പേര്‍ സ്വീകരിച്ചത് ഇദ്ദേഹം ബംഗാളിന്റെ ഇഷ്ടദേവതയായ ആര്യാദേവിയുടെ ആരാധകനായിരുന്നതുകൊണ്ടാവണം. ഇദ്ദേഹത്തിന്റെ പിതാവ് ശതാനന്ദന്‍ എന്നൊരാളായിരുന്നു എന്ന് രാമചരിതത്തില്‍നിന്ന് മനസ്സിലാക്കാം. ഈ ശതാനന്ദന്‍ ബംഗാളി ഗ്രന്ഥകാരന്‍മാര്‍ക്ക് സമ്മതനായ ഒരു കവിയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം, അഭിനന്ദന്‍ ഒരു ബംഗാളിയായിരുന്നു എന്ന് സൂചിപ്പിക്കുന്നു.

അഭിനന്ദന്റെ പ്രശസ്തി ബംഗാളില്‍ മാത്രമല്ല വിദേശങ്ങളിലും വ്യാപിച്ചിരുന്നു. കാശ്മീരിലെ മഹിമഭട്ടനും ധാരയിലെ ഭോജനും ദക്ഷിണാപഥത്തിലെ സോഡ്ഢലനുമെല്ലാം അഭിനന്ദന്റെ കൃതികളില്‍നിന്ന് ധാരാളം പദ്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. അവര്‍ തങ്ങളുടെ കവിതാസമാഹാരങ്ങളിലും അലങ്കാരഗ്രന്ഥങ്ങളിലും മാന്യമായ ഒരു സ്ഥാനമാണ് അഭിനന്ദനു നല്കിയിട്ടുള്ളത്. കാളിദാസനും ബാണനും വാക്പതിരാജനും തുല്യമായ സ്ഥാനംതന്നെ സോഡ്ഢലന്‍ ഇദ്ദേഹത്തിനു കല്പിച്ചുകൊടുത്തിരിക്കുന്നു.

'വാഗീശ്വരം ഹന്ത ഭജേ∫ഭിനന്ദം

അര്‍ഥേശ്വരം വാക്പതിരാജമീഡേ

രസേശ്വരം സ്തൌമി ച കാളിദാസം

ബാണം തു സര്‍വേശ്വരമാനതോ∫സ്മി'

(ഞാന്‍ വാഗീശ്വരനായ അഭിനന്ദനെ ഭജിക്കുകയും അര്‍ഥേശ്വരനായ വാക്പതിരാജനെ വന്ദിക്കുകയും രസേശ്വരനായ കാളിദാസനെ സ്തുതിക്കുകയും സര്‍വേശ്വരനായ ബാണനെ നമസ്കരിക്കുകയും ചെയ്യുന്നു.)

അഭിനന്ദന്റെ കൃതിയായി രാമചരിതം മഹാകാവ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ. രാമായണകഥയാണ് അതിലെ പ്രതിപാദ്യം. 1930-ല്‍ ബറോഡയിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് ഈ ഗ്രന്ഥം ആദ്യമായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത്.

40 സര്‍ഗങ്ങളുള്ള ഒരു ബൃഹത്കാവ്യമാണ് രാമചരിതം. ഇതില്‍ 36 സര്‍ഗങ്ങളേ അഭിനന്ദന്‍ എഴുതിയിട്ടുള്ളു. പക്ഷേ, കഥ അത്രയുംകൊണ്ട് പൂര്‍ണമാകുന്നില്ല; യുദ്ധകാണ്ഡത്തിലെ കുംഭനികുംഭവധത്തോടുകൂടി അഭിനന്ദന്റെ രചന അവസാനിക്കുന്നു. പിന്നീട് രാവണനിഗ്രഹം കഴിഞ്ഞ് സീതയുടെ പരിശുദ്ധി പരീക്ഷിക്കപ്പെടുന്നതുവരെയുള്ള കഥ ഉള്‍ക്കൊള്ളിച്ച് നാലു സര്‍ഗങ്ങളായി ഒരു പരിശിഷ്ടം ആരോ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ നാലു സര്‍ഗങ്ങളില്‍വച്ച് ഭേദപ്പെട്ട നിലവാരമുള്ള നാലാം സര്‍ഗവും അപൂര്‍ണമായ നിലയിലാണ് അവസാനിക്കുന്നത്. അഭിനന്ദന്‍ അവസാനിപ്പിച്ചേടത്തുനിന്നും തുടങ്ങി രാമന്റെ പട്ടാഭിഷേകം വരെയുള്ള കഥ ആഖ്യാനം ചെയ്യുന്ന നാലു സര്‍ഗങ്ങളുള്ള മറ്റൊരു പരിശിഷ്ടവും ലഭിച്ചിട്ടുണ്ട്. മഹ? ശ്രീദേവപാലന്റെ മകനും ഗുജറാത്തുകാരനെന്ന് വിശ്വസിക്കപ്പെടുന്ന കവിയുമായ ഒരു ഭീമനാണ് ഈ രണ്ടാമത്തെ പരിശിഷ്ടത്തിന്റെ കര്‍ത്താവ്. രണ്ടു പരിശിഷ്ടവും അഭിനന്ദന്റെ കവിതയോട് കിടനില്ക്കുന്നവയല്ല.

രാമായണകഥ മുഴുവന്‍ പറയാനല്ല അഭിനന്ദന്‍ തുനിഞ്ഞിട്ടുള്ളത്. ബാലിവധം വരെയുള്ള കഥ ഉപേക്ഷിച്ചിരിക്കുന്നു. വിരഹാര്‍ത്തനായ ശ്രീരാമനെ അവതരിപ്പിച്ചുകൊണ്ടാണ് രാമചരിതം തുടങ്ങുന്നത്. മഴക്കാലം തീര്‍ന്നിട്ടും കണ്ണീരുപെയ്തു തീരാത്ത മുഖവും സഖ്യത്തിലേര്‍പ്പെട്ട സുഗ്രീവന്‍ വരാന്‍ വൈകുന്നതുകൊണ്ട് സംശയിക്കുന്ന ഹൃദയവുമായി പ്രത്യക്ഷപ്പെടുന്ന ശ്രീരാമന്‍ വായനക്കാരുടെ ശ്രദ്ധ വളരെവേഗം പിടിച്ചുപറ്റുന്നു. വിയോഗവും ദുഃഖവും വര്‍ണിക്കുവാന്‍ പ്രത്യേക താത്പര്യം അഭിനന്ദനുണ്ട്. അനുവാചകര്‍ക്ക് ആഭിമുഖ്യം ജനിപ്പിക്കാനായി വാല്മീകി രാമായണത്തില്‍നിന്ന് ചില മാറ്റങ്ങള്‍ വരുത്താനും ഇദ്ദേഹം മടിച്ചിട്ടില്ല. വരാന്‍ വൈകുന്ന സുഗ്രീവനെ വിളിക്കാന്‍ ലക്ഷ്മണനെ അയയ്ക്കാതിരിക്കുന്നതും സുഗ്രീവന്‍ സൈന്യസമേതനായി സ്വയം വന്നുചേരുന്നതും സേവനസന്നദ്ധതയില്ലെങ്കില്‍ സൈന്യവുമായി തിരിച്ചുപൊയ്ക്കൊള്ളാന്‍ സുഗ്രീവനോട് രാമന്‍ പറയുന്നതുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

നാടകീയ സന്ദര്‍ഭങ്ങള്‍, സമുചിതമായ അലങ്കാരങ്ങള്‍, അയത്നലളിതമായ ശൈലി എന്നിവയുടെ ഉചിതമായ പ്രയോഗം രാമചരിതത്തിന്റെ സവിശേഷതയാണ്.

ചില പ്രാചീന കാവ്യസമാഹാരങ്ങള്‍ അഭിനന്ദന്റേതായി ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങള്‍ രാമചരിതത്തില്‍ ഇല്ലാത്തവയാണ്. അതുകൊണ്ട് മറ്റു കൃതികളും അഭിനന്ദന്റെ വകയായി ഉണ്ടായിരുന്നിരിക്കണം എന്ന് അനുമാനിക്കാം. പക്ഷേ, രാമചരിതമല്ലാതെ വേറൊന്നും കണ്ടുകിട്ടിയിട്ടില്ല.

2. ന്യായശാസ്ത്രജ്ഞനും ന്യായമഞ്ജരീകാരനുമായ ജയന്തഭട്ടന്റെ പുത്രനായ മറ്റൊരു അഭിനന്ദനും സംസ്കൃതസാഹിത്യത്തില്‍ ശ്രദ്ധേയനായിട്ടുണ്ട്. കാശ്മീരത്തില്‍ ജീവിച്ചിരുന്ന ഒരു സംസ്കൃതകവിയായ ഇദ്ദേഹം കാദംബരീകഥാസാരം എന്ന പദ്യകൃതിയുടെ കര്‍ത്താവാണ്.

എ.ഡി. 1000-ാമാണ്ട് മുതലുള്ള നാലു ശ.-ങ്ങളിലെ ഗ്രന്ഥകാരന്മാരാണ് അഭിനന്ദന്റെ കൃതികളില്‍നിന്ന് പദ്യങ്ങളുദ്ധരിച്ചിട്ടുള്ളത്. അതുകൊണ്ട് 11-ാം ശ.-ത്തിനു മുന്‍പാണ് അഭിനന്ദന്‍ ജീവിച്ചിരുന്നതെന്നു സിദ്ധിക്കുന്നു. ബംഗാളിയായ അഭിനന്ദന്റെ കാലത്തോടടുപ്പിച്ച്, 10-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധമായിരിക്കണം ഇദ്ദേഹത്തിന്റെ കാലം എന്ന് പണ്ഡിതന്മാര്‍ ഊഹിക്കുന്നു.

അഭിനന്ദന്റെ പൂര്‍വികനായ ശക്തി, ബംഗാള്‍ (ഗൌഡ) ദേശക്കാരനായിരുന്നു. വിവാഹബന്ധം വഴി ഇദ്ദേഹം കാശ്മീരത്തില്‍ കുടിയേറിപ്പാര്‍ത്തു. ശക്തിക്കുശേഷം അഞ്ചാറു തലമുറ കഴിഞ്ഞു ജനിച്ച അഭിനന്ദന്‍ കാശ്മീര്‍കാരനായി. പക്ഷേ, മൂലകുടുംബം ഗൌഡദേശത്തിലായിരുന്നതുകൊണ്ട് ഗൌഢാഭിനന്ദന്‍ എന്ന പേര് ഈ കവിക്കും യോജിക്കും.

ശക്തിയുടെ പൌത്രന്‍ ശക്തിസ്വാമി, ശക്തിസ്വാമിയുടെ മകന്‍ കല്യാണസ്വാമിയുടെ പൌത്രന്‍ ജയന്തഭട്ടന്‍, ജയന്തഭട്ടന്റെ പുത്രന്‍ അഭിനന്ദന്‍ എന്നിങ്ങനെയാണ് തന്റെ കുലപരമ്പരയെക്കുറിച്ച് അഭിനന്ദന്‍ തന്നെ കാദംബരികഥാസാരത്തില്‍ വിവരിച്ചിട്ടുള്ളത്. ഇവരില്‍ ജയന്തഭട്ടന്‍ ന്യായമഞ്ജരി എന്ന ന്യായശാസ്ത്രഗ്രന്ഥം രചിച്ചയാള്‍ എന്ന നിലയിലും ശക്തിസ്വാമി കാര്‍ക്കോടക രാജവംശീയനായ ലളിതാദിത്യമുക്താപീഡന്റെ മന്ത്രി എന്ന നിലയിലും പ്രസിദ്ധരാണ്.

കൃതികള്‍. കാദംബരീകഥാസാരവും ലഘുയോഗവാസിഷ്ഠവുമാണ് ഇദ്ദേഹത്തിന്റെ കൃതികള്‍.

കാദംബരീകഥാസാരം ബാണഭട്ടന്റെ കാദംബരി എന്ന ബൃഹത്തായ ആഖ്യായികയുടെ കാവ്യരൂപത്തിലുള്ള സംഗ്രഹമാണ്.

ലഘുയോഗവാസിഷ്ഠം വാല്മീകിയുടേതെന്നു വിശ്വസിക്കപ്പെടുന്ന യോഗവാസിഷ്ഠത്തിന്റെ സംക്ഷേപമാണ്. 32,000 പദ്യങ്ങളുള്ള യോഗവാസിഷ്ഠത്തില്‍ 6,000 പദ്യങ്ങള്‍ ഉദ്ധരിച്ചു രൂപപ്പെടുത്തിയിട്ടുള്ളതാണ് ഈ കൃതി. വൈരാഗ്യം, മുമുക്ഷു, വ്യവഹാരം, ഉത്പത്തി, സ്ഥിതി, ഉപശമം, നിര്‍വാണം എന്ന് യോഗവാസിഷ്ഠത്തിനുള്ള ആറു പ്രകാരങ്ങള്‍ക്ക് ആത്മസുഖന്‍, വാസിഷ്ഠചന്ദ്രിക എന്നും ബാക്കി മൂന്നു പ്രകരണങ്ങള്‍ക്ക് മുമ്മഡിദേവന്‍ സംസാരതരണി എന്നും വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്കൃതസാഹിത്യചരിത്രകാരന്മാരായ എ.ബി. കീത്ത്, വി. വരദാചാരി തുടങ്ങിയവര്‍ ഈ കൃതിക്ക് യോഗവാസിഷ്ഠസാരം എന്നാണ് പേരു കൊടുത്തിരിക്കുന്നത്. പക്ഷേ, അജ്ഞാതനാമാവായ ഒരു ഗ്രന്ഥകാരന്‍ ഇരുന്നൂറു പദ്യങ്ങളിലായി രചിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥത്തിന്റെ പേരാണ് യോഗവാസിഷ്ഠസാരം എന്ന് ഡോ. ബി.എല്‍. അത്രേയ അഭിപ്രായപ്പെടുന്നു.

(പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ പാണാവള്ളി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍