സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഭയദേവ് (1913 - 2000)
മലയാള ഗാനരചയിതാവും ഹിന്ദിപണ്ഡിതനും. 1913 ജൂണ്‍ 25-ന് കോട്ടയത്തിനടുത്ത് പള്ളത്ത് കരുമാലില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ പേര് അയ്യപ്പന്‍പിള്ള എന്നാണ്. പള്ളം അയ്യപ്പന്‍പിള്ള എന്ന പേരില്‍ ആദ്യകാലങ്ങളില്‍ പല നാടകങ്ങളും ഗാനങ്ങളും രചിച്ചു. ഹിന്ദിയില്‍ വിദ്വാന്‍ബിരുദം നേടിയ അഭയദേവ് വളരെനാള്‍ ഹിന്ദിപ്രചാരകനായി പ്രവര്‍ത്തിച്ചു. 1940-ല്‍ വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം തുടങ്ങി. ഏക്താരാ, ഭൂമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികള്‍ ഹിന്ദിയില്‍നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, അവന്‍ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. 50-ല്‍ അധികം ചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുള്ള അഭയദേവിന്റെ മുഖ്യകൃതി ഹിന്ദി-മലയാളം ബൃഹത് നിഘണ്ടു ആണ്. 2000 ജൂലാ. 26-ന് ഇദ്ദേഹം അന്തരിച്ചു.