This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്ല ഇബ്നു ഹുസൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:05, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബ്ദുല്ല ഇബ്നു ഹുസൈന്‍ (1882 - 1951)

Abdullah Ibn Husein

അബ്ദുല്ല ഇബ്നു ഹുസൈന്‍

ആധുനിക ജോര്‍ദാന്റെ ശില്പി. ഹിജാസിലെ രാജാവായ ഷെരിഫ് അല്‍ ഹുസൈന്‍ ഇബ്നു അലിയുടെ രണ്ടാമത്തെ പുത്രനായി 1882-ല്‍ മക്കയില്‍ ജനിച്ചു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍നിന്ന് വിദ്യാഭ്യാസം നേടി, ഒട്ടോമന്‍ പാര്‍ലമെന്റില്‍ മക്കയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് തുര്‍ക്കിക്കെതിരെ അറബികള്‍ നടത്തിയ സമരത്തില്‍ ഇദ്ദേഹം സുപ്രധാനമായ പങ്കു വഹിച്ചു. 1921-ല്‍ ബ്രിട്ടീഷ്കാര്‍ ഇദ്ദേഹത്തെ ട്രാന്‍സ് ജോര്‍ദാനിലെ അമീറായി അംഗീകരിച്ചു. ഹാഷിംവംശജനായ ഇദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടിയെടുത്തിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് സൈനികസഹായം നല്കിയതിനു പ്രതിഫലമായി 1946-ല്‍ ട്രാന്‍സ് ജോര്‍ദാന് സ്വാതന്ത്യ്രം ലഭിച്ചു. പിന്നീട് ഇദ്ദേഹം ജോര്‍ദാനിലെ രാജാവായി (1946 മേയ് 25) സ്ഥാനാരോഹണം ചെയ്തു. 1947-ല്‍ യു.എന്‍. പലസ്തീന്‍ വിഭജിക്കാന്‍ നടത്തിയ ഉദ്യമത്തെ അനുകൂലിച്ച ഏക അറബിരാഷ്ട്രമേധാവി ഇദ്ദേഹം ആയിരുന്നു. അറബിരാഷ്ട്രങ്ങള്‍ ഈ ഉദ്യമത്തിന് എതിരാണെന്ന് കണ്ടപ്പോള്‍ അവരോടൊപ്പം പലസ്തീനിലെ ജൂതന്‍മാര്‍ക്കെതിരെ നീങ്ങി, നിര്‍ണായകവിജയങ്ങള്‍ നേടി. പലസ്തീനിലെ ചില ഭാഗങ്ങളെ ജോര്‍ദാനോടു ചേര്‍ക്കാന്‍ ഇദ്ദേഹം നടത്തിയ ശ്രമം ഈജിപ്തിനും അറേബ്യയയ്ക്കും സിറിയയ്ക്കും സ്വീകാര്യമായിരുന്നില്ല. ജറുസലേമിലെ മുഫ്ത്തിയായ ഹാജിഅമീനുല്‍ ഹുസൈന്റെ നിയന്ത്രണത്തില്‍, പലസ്തീന്‍ പ്രത്യേക രാഷ്ട്രമാകണമെന്ന് അവര്‍ ആഗ്രഹിച്ചു. അയല്‍രാജ്യങ്ങളുടെ ശത്രുതയോടൊപ്പം ആഭ്യന്തര വിഷമങ്ങളും വര്‍ധിച്ചു. പലസ്തീന്‍ കുടിയേറ്റക്കാര്‍ പുതിയ സാമ്പത്തികരാഷ്ട്രീയപ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ജോര്‍ദാനില്‍ ജനാധിപത്യത്തിന് അനുകൂലമായ നീക്കങ്ങള്‍ ആരംഭിച്ചു. ശത്രുവിഭാഗത്തില്‍പെട്ട ഒരു യുവാവ് ജറുസലേമിലെ അഖ്സാപള്ളിയില്‍വച്ച് ഇദ്ദേഹത്തെ വെടിവച്ചുകൊന്നു (1951 ജൂല. 20). ഇദ്ദേഹത്തിന്റെ സ്മരണകളുടെ (Memories) ഒന്നാംഭാഗം പ്രസിദ്ധീകൃതമായിട്ടുണ്ട്.

(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍