This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപകീര്‍ത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:44, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപകീര്‍ത്തി

Defamation

ഒരു വ്യക്തിയുടെ പേരില്‍ മറ്റുള്ളവര്‍ക്കു വെറുപ്പോ വിദ്വേഷമോ അവജ്ഞയോ ഉണ്ടാകത്തക്കവിധം മറ്റൊരാള്‍ കരുതിക്കൂട്ടി വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ ചിത്രങ്ങള്‍ മുഖേനയോ ചെയ്യുന്ന കുറ്റം. ആയത് പ്രസ്തുതവ്യക്തിയുടെ യശസ് നശിക്കുന്നതിനും അത് അയാളുടെ തൊഴിലിനെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും ഇടവരുത്തും.

എഴുത്ത്, അച്ചടി, ചിത്രങ്ങള്‍ എന്നിവ വഴി നടത്തുന്ന അപകീര്‍ത്തി സ്ഥായി ആയിട്ടുള്ളതാണ്. വാക്കുകള്‍ ഉപയോഗിച്ചുള്ളവ അപ്രകാരമുള്ളതല്ല. ഒരാള്‍ക്ക് അവ നിഷേധിക്കാന്‍ സാധിക്കും. ഇംഗ്ളണ്ടിലെ നിയമമനുസരിച്ച് ശബ്ദം പുറപ്പെടുവിച്ചും ടെലിവിഷന്‍ മുഖേനയും നടത്തുന്ന അപവാദാരോപണങ്ങളും കുറ്റകരമാണ്. ഒരാളിന്റെ ഉപജീവനമാര്‍ഗത്തിനു തടസ്സമുണ്ടാകുന്നതോ മറ്റുള്ളവരില്‍നിന്ന് അയാളെ അകറ്റിനിര്‍ത്തത്തക്കതോ അയാളില്‍ മറ്റുള്ളവര്‍ക്കു പുച്ഛം തോന്നിക്കത്തക്കതോ ആയ എല്ലാ അപവാദാരോപണങ്ങളും അപകീര്‍ത്തിയുടെ പരിധിയില്‍ വരും.

അപകീര്‍ത്തിക്കു വിധേയനായ വ്യക്തിക്ക് കുറ്റക്കാരില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇംഗ്ളിഷ് നിയമപ്രകാരം അപകീര്‍ത്തിക്കേസുകളുടെ വിചാരണ ജൂറിമാരാണ് നടത്താറുള്ളത്. ഒരാള്‍ തന്റെ ലേഖനങ്ങളോ ചിത്രീകരണങ്ങളോകൊണ്ട്, മറ്റൊരാളിന്റെ പേര് എടുത്തുപറയാതെയോ അപമാനിതനായ ആള്‍ ജീവിച്ചിരിക്കുന്നു എന്ന് അറിയാതെ തന്നെയോ അപകീര്‍ത്തിപ്പെടുത്തുകയാണെങ്കിലും പ്രസ്തുത ലേഖകന്‍ കുറ്റക്കാരനാകും. ഒരു പ്രത്യേക വ്യക്തിയെയാണ് അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നതെന്ന് വിവേകബുദ്ധിയുള്ള സാധാരണജനങ്ങള്‍ക്കു തോന്നിയാല്‍ മാത്രം മതി. ഒരു കഥാപാത്രത്തിന്റെ ചിത്രീകരണം ഗ്രന്ഥകാരന് പരിചയമില്ലാത്ത ഒരു വ്യക്തിക്ക് അപകീര്‍ത്തികരമായേക്കാം. അപകീര്‍ത്തിപരമായ വാക്കുകള്‍ ഉപയോഗിക്കണമെന്ന് ഗ്രന്ഥകാരന് ഉദ്ദേശ്യമുണ്ടായിരുന്നതായി തെളിയിക്കേണ്ട ആവശ്യമില്ല. ഗ്രന്ഥകാരന് ആളിനെക്കുറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ യശസ് നശിക്കുമെന്ന് സാധാരണ ജനങ്ങള്‍ക്കു തോന്നിയാല്‍ മതി. ഒരു ഗ്രന്ഥകാരന്റെ വാക്കുകള്‍ പ്രഥമദൃഷ്ടിയില്‍ അപകീര്‍ത്തിപരമല്ലെന്നു തോന്നാവുന്നതാണെങ്കിലും ചിലപ്പോള്‍ ചിലര്‍ക്ക് അപകീര്‍ത്തികരമായിത്തീരാം.

സംരക്ഷണം. അപകീര്‍ത്തിക്കുറ്റങ്ങളില്‍നിന്നും ഒരു ഗ്രന്ഥകാരന് രക്ഷനേടാന്‍ തക്ക നിയമസംരക്ഷണം ഉണ്ട്. ആര്‍ക്കെങ്കിലും അപകീര്‍ത്തിയുണ്ടാക്കണമെന്നോ ആരെയെങ്കിലും മനഃപൂര്‍വം ദ്രോഹിക്കണമെന്നോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് ക്ഷമാപണരൂപത്തില്‍ പ്രഖ്യാപനം ചെയ്താല്‍ ശിക്ഷകളില്‍നിന്നും ഗ്രന്ഥകാരന് രക്ഷനേടാന്‍ കഴിയും. അപകീര്‍ത്തിക്കേസിനാസ്പദമായ കാര്യങ്ങള്‍ സത്യമാണെന്നും പൊതുതാത്പര്യത്തിന്റെ പേരില്‍ അവ പ്രസിദ്ധീകരിക്കേണ്ടത് ആവശ്യമാണെന്നും സ്ഥാപിച്ച് രക്ഷ നേടാവുന്നതാണ്. പത്രപ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ് ഇത്. അപകീര്‍ത്തിക്കാസ്പദമായ വസ്തുതകള്‍ വെളിപ്പെടുത്തേണ്ടത് ഒരു പ്രത്യേകാവകാശമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് മറ്റൊരു രക്ഷാമാര്‍ഗം. എതിര്‍വാദനടപടികളില്‍ 'പ്രത്യേകാവകാശ'മെന്ന ഉപാധിയെ ആശ്രയിച്ചു വാദിക്കുന്ന ആള്‍ ദുരുദ്ദേശ്യത്തോടുകൂടിയോ വ്യക്തിവിദ്വേഷത്താലോ ആണ് അപവാദാരോപണം നടത്തിയിട്ടുള്ളതെന്ന് തെളിഞ്ഞാല്‍ അയാള്‍ ശിക്ഷാര്‍ഹനാകും.

അപകീര്‍ത്തിപരമായ സംഗതികള്‍ എഴുതിയുണ്ടാക്കുന്നവര്‍ മാത്രമല്ല, അവയുടെ പ്രസാധകരും അച്ചടിക്കാരും കുറ്റക്കാരാകുന്നതും നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥരാകുന്നതും ആണ്. ചില സന്ദര്‍ഭങ്ങളില്‍ സമാധാനലംഘനത്തിന് കാരണമാകത്തക്ക ആരോപണങ്ങള്‍ ചിലര്‍ നടത്താറുണ്ട്. ഇത് ക്രിമിനല്‍ കുറ്റമാണ്. ക്രിമിനല്‍ കുറ്റങ്ങളില്‍ അപകീര്‍ത്തിക്കടിസ്ഥാനമായ വസ്തുതകള്‍ സത്യമാണെന്ന് തെളിയിച്ചാല്‍ മാത്രം മതിയാകുന്നതല്ല; മറിച്ച് പൊതുതാത്പര്യത്തിന്റെ പേരില്‍ വസ്തുതകള്‍ വെളിവാക്കേണ്ടത് ആവശ്യമായിരുന്നുവെന്നുകൂടി തെളിയിക്കേണ്ടതാണ്. അപമാനം സംബന്ധിച്ച വസ്തുതകളെ ആസ്പദമാക്കിയുള്ള സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അതിനാസ്പദമായ കാര്യങ്ങള്‍ മൂന്നാമതൊരു കക്ഷിയോടു പ്രസ്താവിച്ചിരിക്കേണ്ടതാണ്. എന്നാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് അപമാനിതനാക്കപ്പെടുന്ന വ്യക്തിയെമാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയാകുന്നതാണ്. എഴുത്തു മുഖേന ഒരാളിനെ അപമാനിക്കുന്നത് ഇതിനുദാഹരണമാണ്.

ഇന്ത്യയില്‍ അപകീര്‍ത്തിയെ സംബന്ധിച്ച് ഇ. ശി. നി. 499, 500, 501, 502 വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇ. ശി. നി. അനുസരിച്ച് ആരെങ്കിലും മറ്റൊരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നപക്ഷം അയാള്‍ക്ക് രണ്ടുവര്‍ഷം വരെയുള്ള വെറും തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ നല്കാവുന്നതാണ്.

ഒരു കമ്പനിയെയോ സംഘടനയെയോ അപകീര്‍ത്തിപ്പെടുത്തുന്ന ദോഷാരോപണങ്ങളും ഈ കുറ്റകൃത്യത്തിന്റെ പരിധിയില്‍പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍