This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമര്‍ത്ത്യത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമര്‍ത്ത്യത
മരണമില്ലായ്മ എന്നര്‍ഥമുള്ള ഈ പദം സാധാരണയായി മനുഷ്യാത്മാവിന്റെ അനശ്വരതയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്നു. പ്രപഞ്ചത്തിലെ ഭൌതികവസ്തുക്കളെല്ലാം കുറെനാള്‍ നിലനിന്നശേഷം നശിച്ചുപോകുന്നു; എന്നാല്‍ നശ്വരങ്ങളായ ഈ പ്രപഞ്ചവസ്തുക്കള്‍ക്കപ്പുറം അനശ്വരവും അഭൌമവും ആയ ഏതോ ഒന്നുണ്ടെന്ന് പ്രാകൃതകാലം മുതല്‍ മനുഷ്യന്‍ വിശ്വസിച്ചുപോന്നു. മതത്തിലും തത്ത്വദര്‍ശനത്തിലും സാധാരണ കൈകാര്യം ചെയ്യപ്പെടുന്ന ഒരു സംപ്രത്യയമാണ് അമര്‍ത്ത്യത.
മതവിശ്വാസങ്ങളില്‍. ആത്മാവ് അനശ്വരമാണെന്നും മരണാനന്തരം ഭൌതികശരീരത്തില്‍നിന്ന് വേര്‍പെട്ട് സ്വര്‍ഗത്തിലോ നരകത്തിലോ ഈശ്വരസന്നിധിയിലോ സ്ഥിതി ചെയ്യുമെന്നും മിക്കവാറും എല്ലാ മതങ്ങളും വിശ്വസിക്കുന്നു. പ്രാകൃത ജപ്പാന്‍ജനത ആത്മാവിന്റെ അനശ്വരതയില്‍ വിശ്വസിച്ചിരുന്നു. ഈജിപ്തുകാര്‍, മരണാനന്തര യാത്രയില്‍ ആത്മാവിനുവേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ചെയ്യാറുണ്ട്. ശരീരത്തില്‍ നിന്ന് വേര്‍പെട്ട ഒരു സത്തയെപ്പറ്റി പുരാതന യഹൂദമതം വിഭാവനം ചെയ്തിരുന്നില്ല. മരണാനന്തരം മനുഷ്യാത്മാവ് ഭൂമിയില്‍ ചുറ്റിക്കറങ്ങുന്നു എന്ന വിശ്വാസമാണ് പ്രാകൃതമതത്തില്‍ ഉണ്ടായിരുന്നത്.
ഭൂമിയിലെ ജീവിതവും മരണാനന്തരജീവിതവുമായി ധാര്‍മികബന്ധം ഉള്ളതായി പുരാതനകാലത്ത് വിശ്വസിച്ചിരുന്നില്ല എന്ന് നരവംശശാസ്ത്രജ്ഞനായ ഇ.ബി. ടൈലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ഭൂമിയിലെ പ്രവര്‍ത്തനഫലം മരണാനന്തരം അനുഭവപ്പെടുമെന്ന ഒരു സിദ്ധാന്തം പിന്നീടുണ്ടായി. ഭാരതീയദര്‍ശനത്തില്‍ ഈ വിശ്വാസം നിലനില്ക്കുന്നു. ഈ വിശ്വാസം മധ്യയുഗത്തിലെ മിക്ക ക്രൈസ്തവര്‍ക്കും ഉണ്ടായിരുന്നു. നീതിമാന്‍മാര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ സൌഭാഗ്യവും പാപികള്‍ക്ക് നിത്യനരകവും ലഭിക്കും എന്ന് യേശുക്രിസ്തു പഠിപ്പിച്ചു. ശാരീരികമായ ഉയിര്‍ത്തെഴുന്നേല്പിലുള്ള വിശ്വാസം ക്രിസ്തുവിന് തൊട്ടുമുന്‍പുള്ള ശതകങ്ങളിലാണ് ആരംഭിച്ചത്.
ഹിന്ദുമതത്തിന്റെ പുനര്‍ജന്മസിദ്ധാന്തം ആവിഷ്കൃതമായത് തിന്‍മ എന്ന പ്രശ്നത്തിന് ഒരു പരിഹാരം നേടുന്നതിലുള്ള ശ്രമത്തിലാണ്. ഓരോ ജന്‍മവും മുജ്ജന്‍മത്തിലെ കര്‍മഫലമനുസരിച്ചായിരിക്കും എന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചു. ആത്മസാക്ഷാത്കാരം വഴി മുക്തിനേടുന്നതുവരെ ഓരോ ആത്മാവും കര്‍മചക്രത്തില്‍ ബന്ധിക്കപ്പെട്ടുകിടക്കും. ഒരു മനുഷ്യന്‍ കീറിപ്പഴകിയ വസ്ത്രങ്ങളുപേക്ഷിച്ച് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ, ആത്മാവ് ജീര്‍ണശരീരം വെടിഞ്ഞ് പുതിയ ശരീരത്തെ പ്രാപിക്കുന്നുവെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. അര്‍ജുനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് ശ്രീകൃഷ്ണന്‍ ഉപയോഗിച്ച യുക്തി ആത്മാവിന്റെ അനശ്വരതയാണ്. യുദ്ധംകൊണ്ട് ശരീരത്തിനുമാത്രമേ നാശം സംഭവിക്കുകയുള്ളുവെന്നും ആത്മാവിന് നാശമില്ലെന്നും ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉദ്ബോധിപ്പിച്ചു. ജനനം മുതല്‍ ഒരു വ്യക്തിക്ക് പല വ്യത്യാസങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. മരണത്തിനുശേഷം പഴയ ശരീരത്തെ ഉപേക്ഷിച്ച് പുതിയ ശരീരത്തെ പ്രാപിക്കുന്നതും ഈ വ്യത്യാസത്തിനു തുല്യമാണ്.
തത്ത്വദര്‍ശനങ്ങളില്‍. പൌരസ്ത്യപാശ്ചാത്യ ദര്‍ശനങ്ങളില്‍ അനശ്വരതയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഭൌതികശരീരം നശിക്കുന്നുണ്ടെങ്കിലും ആത്മാവിന് നാശമില്ലെന്ന സിദ്ധാന്തത്തില്‍ പല ദാര്‍ശനികരും വിശ്വസിക്കുന്നു. ഭാരതീയദര്‍ശനത്തില്‍ ചാര്‍വാക ദര്‍ശനശാഖയൊഴിച്ച് മറ്റെല്ലാ തത്ത്വമീമാംസാശാഖകളും ആത്മാവിന്റെ അമരത്വത്തെപ്പറ്റി പറയുന്നുണ്ട്. ബൌദ്ധദര്‍ശനം ആത്മാവിനെ നിഷേധിക്കുന്നുണ്ടെങ്കിലും മരണാനന്തര ജീവിതത്തിലും പുനര്‍ജന്‍മത്തിലും നിര്‍വാണത്തിലും അത് വിശ്വസിക്കുന്നുണ്ട്. പാശ്ചാത്യദര്‍ശനത്തില്‍ അമര്‍ത്ത്യതാസിദ്ധാന്തം പ്ളേറ്റോയുടെ ദര്‍ശനത്തില്‍ കാണാം. ശരീരത്തില്‍ അശരീരിയായ ആത്മാവുണ്ടെന്ന് പ്ളേറ്റോ വിശ്വസിച്ചു. ശരീരം നശിക്കുന്നതുവരെ ആത്മാവ് അതുമായി ബന്ധപ്പെട്ടിരിക്കും. ആത്മാവ് അശരീരിയാണെങ്കിലും അതിന് സ്വതന്ത്രമായി നിലനില്ക്കുവാന്‍കഴിവില്ല. അരിസ്റ്റോട്ടലിന്റെ അഭിപ്രായത്തില്‍ യുക്തി അനശ്വരമാണ്. വ്യക്തികളുടെ അനശ്വരതയില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കാരണം, ശരീരമില്ലാതെ ആത്മാവിന് നിലനില്പില്ലെന്ന് അദ്ദേഹം വാദിച്ചു. വ്യക്തികളുടെ മരണാനന്തര നിലനില്പിലും അനശ്വരതയിലും എപ്പിക്യൂറിയന്‍ ദാര്‍ശനികരും പെരിപാറ്ററ്റിക്കുകളും (peripatetics) സ്റ്റോയിക്കുകളും വിശ്വസിച്ചിരുന്നില്ല. യുക്തിയില്‍ അധിഷ്ഠിതമായ പ്രപഞ്ചം അനശ്വരമാണെന്ന് സ്റ്റോയിക്കുകള്‍ വിശ്വസിച്ചു. സദാചാരത്തിന്റെ അടിസ്ഥാനത്തില്‍ അമര്‍ത്ത്യതയെ സാധൂകരിക്കാന്‍ ശ്രമിച്ച ദാര്‍ശനികരിലൊരാളാണ് ഇമ്മാനുവല്‍ കാന്റ്. ആത്മാവിനെ നശിപ്പിക്കുക സാധ്യമല്ലെന്നും സത്ത ആത്മീയമായതുകൊണ്ട് നാശത്തിന് അതീതമാണെന്നും അദ്ദേഹം വാദിച്ചു.
ജോര്‍ജ് വില്യം ഫ്രഡറിക്ക് ഹെഗലിന്റെ അഭിപ്രായത്തില്‍ ആത്മാവ് അനശ്വരമാണ്. എന്നാല്‍ വ്യക്തികളുടെ ആത്മാവിന്റെ നിലനില്പിനെപ്പറ്റി ഇദ്ദേഹം പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. വ്യക്തികളുടെ ആത്മാവ് അനശ്വരമാണെന്ന് സിസറൊ, വിശുദ്ധ അഗുസ്തിനോസ് എന്നിവര്‍ വിശ്വസിച്ചിരുന്നു.
ആത്മാവ് അനശ്വരമാണെന്ന് ഇസ്ളാമിക ദാര്‍ശനികനായ അവിസെന്ന വിശ്വസിച്ചിരുന്നു. മറ്റൊരു ദാര്‍ശനികനായ അവറോസ് അരിസ്റ്റോട്ടലിന്റെ അഭിപ്രായത്തോടു യോജിച്ചു. പരമസത്ത ഈശ്വരനാണെന്നും ഈശ്വരന്‍ അനശ്വരനാണെന്നും ആയിരുന്നു സ്പിനോസയുടെ വാദം. വ്യക്തികളുടെ അനശ്വരതയില്‍ അദ്ദേഹവും വിശ്വസിച്ചിരുന്നില്ല. ആത്മീയ മോണാഡുകള്‍ (Spiritual monads) അടങ്ങിയതാണ് സത്ത എന്നും നിയതമോണാഡായ മനുഷ്യന്‍ ഈശ്വരന്റെ സൃഷ്ടിയായതുകൊണ്ട് ഈശ്വരന് അവനെ നശിപ്പിക്കാമെന്നും ലൈബ്നിറ്റ്സ് വാദിച്ചു.
ഭൌതികസിദ്ധാന്തം. എല്ലാം ഭൌതികവസ്തുക്കളാല്‍ നിര്‍മിതമായതാണെന്ന ധാരണയില്‍ ആത്മാവിന്റെ അനശ്വരതാസിദ്ധാന്തത്തെ ചില ചിന്തകര്‍ എതിര്‍ത്തു. 20-ാം ശ.-ത്തിലെ ഭൗതികവാദികള്‍ ഇക്കൂട്ടത്തില്‍പെട്ടവരാണ്. ശരീരത്തില്‍നിന്ന് വിഭിന്നമാണ് ആത്മാവ്; എങ്കിലും അവ രണ്ടും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ശരീരമില്ലാതെ ആത്മാവിന്റെ നിലനില്പ് സങ്കല്പിക്കുക സാധ്യമല്ല. ഭാരതീയദര്‍ശനത്തില്‍ ഇതിനു പരിഹാരം കാണുന്നത് പുനര്‍ജന്‍മസിദ്ധാന്തത്തിലാണ്. പാശ്ചാത്യ ചിന്തകരില്‍ പലരും പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നില്ല. ഭൌതിക സിദ്ധാന്തത്തിന്റെ സ്വാധീനത പാശ്ചാത്യ ദര്‍ശനത്തില്‍ ഉണ്ടായതുകൊണ്ട് അമര്‍ത്ത്യതയിലുള്ള വിശ്വാസം കുറഞ്ഞു. ശരീരം പോലെതന്നെ ആത്മാവും അണുക്കള്‍കൊണ്ടുണ്ടാക്കപ്പെട്ടതാണെന്ന് എപ്പിക്യൂറിയന്‍ ദാര്‍ശനികര്‍ വാദിച്ചു. ശരീരം നശിക്കുമ്പോള്‍ ആത്മാവിന്റെ അണുക്കളും നശിക്കുന്നു എന്ന സിദ്ധാന്തത്തെ ആധുനിക ഭൌതികവാദികള്‍ വികസിപ്പിച്ചു.
മതാനുയായികളും ദാര്‍ശനികരും അമര്‍ത്ത്യതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും മരണാനന്തരം ആത്മാവ് നിലനില്ക്കുന്നുണ്ടെന്നും അത് അനശ്വരമാണെന്നും തെളിയിക്കപ്പെട്ടിട്ടില്ല.
അതീതമനഃശാസ്ത്രത്തില്‍. 1882-ല്‍ ലണ്ടനില്‍ സ്ഥാപിതമായ സൈക്കിക്കല്‍ റിസര്‍ച്ച് സൊസൈറ്റി മനുഷ്യാത്മാവിന്റെ അദ്ഭുതപ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും വളരെയധികം പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 'അതീതമനഃശാസ്ത്രം' (Para-Psychology) എന്നൊരു ശാസ്ത്രശാഖതന്നെ രൂപംകൊണ്ടു (നോ: അതീതമനഃശാസ്ത്രം). മരിച്ചവരുടെ ആത്മാക്കള്‍ വളരെ വര്‍ഷങ്ങള്‍ നിലനില്ക്കുമെന്ന സിദ്ധാന്തത്തെ ഇവര്‍ പരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യനില്‍ മനസ്സെന്നോ ആത്മാവെന്നോ ഒന്നുണ്ടെന്നും അത് ശരീരസീമകള്‍ക്കപ്പുറമാണെന്നും അതീത മനഃശാസ്ത്രം പ്രസ്താവിക്കുന്നു. പൂര്‍വജന്മസ്മരണകള്‍ ചിലര്‍ക്കുണ്ടാകുന്നതായി കേള്‍ക്കാറുണ്ട്. ഇതിനെപ്പറ്റി ഇന്ത്യയിലും യൂറോപ്പിലും ഗവേഷണങ്ങള്‍ നടത്തിവരുന്നു.
സുഷുപ്തി, സ്വപ്നം തുടങ്ങിയ പ്രതിഭാസങ്ങളെ പ്രാകൃത മനുഷ്യന്‍ തെറ്റായി വ്യാഖ്യാനിച്ചതിന്റെ ഫലമാണ് ആത്മാവിന്റെ അനശ്വരതയെപ്പറ്റിയുള്ള വിശ്വാസത്തിനു കാരണം എന്നും ചിലര്‍ വാദിക്കുന്നു. വിവിധ മതങ്ങളും ദര്‍ശനശാഖകളും ആധുനികശാസ്ത്രവും ഗൌരവപൂര്‍വം പഠനവിഷയമാക്കിയിരിക്കുന്ന അമര്‍ത്ത്യതയെപ്പറ്റി നവീനാശയങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.