This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ഡാശയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അണ്ഡാശയം
Ovary
പെണ്‍ജീവികളുടെ പ്രത്യുത്പാദനാവയവം. അണ്ഡകോശങ്ങള്‍ രൂപാന്തരം പ്രാപിക്കുന്നതും പക്വമായി ബീജസങ്കലനയോഗ്യമായിത്തീരുന്നതും അണ്ഡാശയത്തില്‍ വച്ചാണ്. 'പ്രോട്ടോസോവ' മുതല്‍ നട്ടെല്ലുള്ള ജീവികളുടെ അത്യുന്നതിയില്‍ നില്ക്കുന്ന സസ്തനികളില്‍വരെ ലഘുവായും സങ്കീര്‍ണമായും ഉള്ള അണ്ഡാശയങ്ങള്‍ കാണപ്പെടുന്നു. 'പ്രോട്ടോസോവ'യില്‍ 'അണ്ഡാശയം' എന്നു വിളിക്കത്തക്ക ഘടനയില്ലെങ്കിലും ചിലതില്‍ അണ്ഡം ഏറെക്കുറെ വ്യതിരിക്തമായി കാണുന്നുണ്ട്. വോള്‍വൊക്കെയില്‍സ് (Volvocales) വിഭാഗത്തിലെ ക്ളാമിഡോമോണാസ് (Chlamydomonas) തുടങ്ങിയവയില്‍ ബീജവും അണ്ഡവും ഏതാണ്ട് സമമാണെങ്കിലും വോള്‍വോക്സില്‍ (Volvox) അണ്ഡം ബീജത്തില്‍നിന്നും തികച്ചും വിഭിന്നമാണ്. സ്പോഞ്ചുകളില്‍ (Sponges) കോളര്‍ (collar) കോശങ്ങളോട് ചേര്‍ന്നാണ് അണ്ഡകോശങ്ങള്‍ സ്ഥിതിചെയ്യുന്നത്. അവ വ്യതിരിക്തമാകുന്ന പ്രഥമഘട്ടത്തില്‍ പോഷകകോശങ്ങളാല്‍ (nutritive cells ) ആവരണം ചെയ്യപ്പെട്ടിരിക്കും. ക്രമേണ പോഷക പദാര്‍ഥങ്ങളുള്‍ക്കൊണ്ട് അവ പൂര്‍ണവളര്‍ച്ചയെത്തുന്നു. സീലന്ററേറ്റ (Coelenterata)യില്‍ അണ്ഡാശയം ലളിതരൂപത്തിലാണ്. ബാഹ്യചര്‍മത്തിനും മീസോഗ്ളിയയ്ക്കുമിടയിലുളള ചില നിശ്ചിത സ്ഥാനങ്ങളില്‍ അന്തരാളീകോശങ്ങള്‍ (interstitical cells) പെരുകിയതില്‍ ഒരെണ്ണം അണ്ഡമായി വളര്‍ച്ച പ്രാപിക്കുന്നു. മറ്റുള്ളവ പോഷകകോശങ്ങളായും പ്രവര്‍ത്തിക്കുന്നു. അലൈംഗിക-ലൈംഗിക പ്രത്യുത്പാദനരീതികള്‍ സീലന്ററേറ്റയില്‍ പൊതുവേ കാണപ്പെടുന്നു. അങ്ങനെയുള്ള പരമ്പരകള്‍ ഇടവിട്ടാണുണ്ടാകുക. ലൈംഗിക പരമ്പരയായ മെഡൂസകളില്‍ അണ്ഡാശയം നിശ്ചിത സ്ഥാനങ്ങളിലാണ് വളരുന്നത്. നാടവിരകളിലും അതിനോടു ബന്ധപ്പെട്ട ഇതരജീവികളിലും കുറേ വിപുലമായ രീതിയിലാണ് അണ്ഡാശയഘടന. പ്രത്യേകിച്ചും പരോപജീവികളില്‍ അണ്ഡാശയത്തോടനുബദ്ധമായി പീതകം (yolk) ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളും അതാവാഹിച്ച് അണ്ഡാശയത്തോടു ബന്ധപ്പെടുത്തുന്ന വാഹിനികളും ബീജസങ്കലനം കഴിഞ്ഞ അണ്ഡസഹസ്രങ്ങള്‍ സംഭരിക്കാനുള്ള അണ്ഡസഞ്ചി(uterous)യുമുണ്ട്. ഒരു ജോടി നാരുകള്‍പോലെയാണ് വിരകളില്‍ (Nema-todes) അണ്ഡാശയം കാണപ്പെടുന്നത്. നത്തക്ക (Pila), കക്കകള്‍ (Bivalves), കണവ (Cephalopods) തുടങ്ങിയ മൊളസ്കുകളില്‍ (Mollusca) ലിംഗവിഭജനം പൂര്‍ണമായുണ്ടെങ്കിലും ഒച്ചുവംശത്തില്‍പ്പെട്ട പലതിലും അണ്ഡ-ബീജോത്പാദനാവയവം പൊതുവായുള്ളതാണ്. ആദ്യഘട്ടത്തില്‍ ബീജോത്പാദനവും അനന്തരഘട്ടത്തില്‍ അണ്ഡോത്പാദനവുമാണ് നടക്കുന്നത്. മണ്ണിര തുടങ്ങിയ ജീവികള്‍ ഉഭയലിംഗികള്‍ (hermaphrodites) ആണെങ്കിലും അണ്ഡാശയം ബീജോത്പാദനാവയവങ്ങളില്‍ നിന്നും വ്യതിരിക്തമായി ഒരു നിശ്ചിത ഖണ്ഡത്തിലാണ് (segment) സ്ഥിതിചെയ്യുന്നത്. നീറിസ് (Neries) മുതലായ പോളിക്കീറ്റുകളില്‍ ലിംഗവ്യത്യാസം പ്രകടമാണ്. പെണ്‍ജീവികളുടെ പലഖണ്ഡങ്ങളിലും ജോടി ജോടിയായി സീലോമിക ഉപകല (coelomic epithelium) കേന്ദ്രീകരിച്ച് അണ്ഡാശയമായി വര്‍ത്തിക്കുന്നു. വളര്‍ച്ചയെത്തിയ അണ്ഡങ്ങള്‍ ദേഹഗുഹയില്‍ (body cavity) പതിക്കുകയും അണ്ഡവാഹിനിക്കുഴലുകളിലൂടെയോ, പ്രസ്തുത ഖണ്ഡങ്ങളില്‍ താത്കാലികമായുണ്ടാകുന്ന ദ്വാരങ്ങള്‍ വഴിയോ ബഹിര്‍ഗമനം സാധിക്കുകയും ചെയ്യുന്നു.
നിരനിരയായ അണ്ഡങ്ങള്‍ വഹിക്കുന്ന ഏതാനും ഘടകങ്ങള്‍ ചേര്‍ന്നതാണ് പ്രാണികളുടെ അണ്ഡാശയം. ഒരു ജോടിയാണ് സാധാരണയുള്ളത്. അണ്ഡനിരയില്‍ അണ്ഡവാഹിനിയോടു സമീപസ്ഥമായത് വളര്‍ച്ചയെത്തിയതും ദൂരസ്ഥമായവ ക്രമമനുസരിച്ചു തരുണാവസ്ഥയിലുള്ളവയുമായിരിക്കും. രണ്ട് അണ്ഡവാഹിനികളും യോജിച്ച് ഒരു പൊതു അണ്ഡവാഹിനിയായിത്തീരുന്നു. പ്രസ്തുത വാഹിനിയോടു ബന്ധപ്പെട്ടുകൊണ്ടുള്ള ഗ്രന്ഥികളുടെ സ്രവങ്ങള്‍ ബീജസങ്കലനത്തിനുശേഷം പുറത്തുവരുന്ന അണ്ഡങ്ങളെ ഉള്‍ക്കൊള്ളുന്ന അണ്ഡസഞ്ചി(egg capsule)കള്‍ക്ക് കാരണമായി ഭവിക്കുന്നു.
മത്സ്യം, തവള എന്നീ വിഭാഗങ്ങളില്‍ ബീജസങ്കലനം ബാഹ്യമായും വളര്‍ച്ചയുടെ പ്രഥമഘട്ടം സ്വതന്ത്രമായുമാണ് നടക്കുന്നത്. സ്വതന്ത്രമായി വളരുന്ന അണ്ഡങ്ങള്‍ക്ക് അപകടസാധ്യതയുള്ളതുകൊണ്ട് ധാരാളം മുട്ടകള്‍ ഉത്പാദിപ്പിച്ച്, കഴിയുന്നിടത്തോളം നഷ്ടം നികത്തി വര്‍ഗ നിലനില്പിന് സഹായകമാകുന്ന രീതിയിലാണ് അണ്ഡാശയ ഘടനതന്നെ. ഒരു ജോടി അണ്ഡാശയം പ്രത്യുത്പാദനകാലത്ത് അനേകായിരം അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കുന്നു. പിറ്റ്യൂട്ടറിഗ്രന്ഥി സ്രവിക്കുന്ന ചില സ്രവങ്ങള്‍ ഇതിനു കാരണമാകുന്നു. ഓരോ മുട്ടയും പോഷകപദാര്‍ഥ സമൃദ്ധമായിരിക്കും. പക്ഷികളിലും ഇഴജന്തുക്കളിലും ആന്തരികമായ ബീജസങ്കലനം നടക്കുമെങ്കിലും മുട്ട വളരുന്നതു മാതൃശരീരത്തിനു വെളിയിലാണ്. ഇതിന് അനുയോജ്യമായി പല സ്രവങ്ങളും പ്രക്രിയകളും അണ്ഡാശയങ്ങളോടു ബന്ധപ്പെട്ടു നടക്കുന്നു. ഈ ഗ്രന്ഥികളുടെ നിശ്ചിത ക്രമമനുസരിച്ചുള്ള പ്രവര്‍ത്തനമാണ് അല്‍ബുമിനും പീതകവും നിശ്ചിതരൂപത്തില്‍ ആവാഹിച്ചുകൊണ്ട് പുറംതോടുമായി പുറത്തുവരാന്‍ അണ്ഡത്തെ സഹായിക്കുന്നത്.
സസ്തനികളില്‍ ഭ്രൂണത്തിന്റെ വളര്‍ച്ച മാതൃഗര്‍ഭത്തില്‍ വച്ചു നടക്കുന്നതിന് അനുയോജ്യമായ അണ്ഡാശയഘടനയാണുള്ളത്. ബീജസങ്കലനം ആന്തരികമായി നടക്കുന്നതുകൊണ്ടും ഭ്രൂണവളര്‍ച്ചയ്ക്കാവശ്യമായ പോഷണങ്ങള്‍ മാതൃശരീരത്തില്‍നിന്നു ലഭ്യമാകുന്നതുകൊണ്ട് പോഷകപദാര്‍ഥങ്ങള്‍ നിറഞ്ഞ് മുട്ട വലുപ്പം കൂടുന്നില്ല. അണ്ഡവളര്‍ച്ച, അതിന്റെ സ്വതന്ത്രമായ ബഹിര്‍ഗമനം തുടങ്ങിയ പ്രക്രിയകളില്‍ വ്യക്തമായ ഒരാവര്‍ത്തനം സസ്തനികളിലുണ്ട്. ചാന്ദ്രമാസത്തിലൊന്ന് എന്ന കണക്കിലാണിത് മനുഷ്യനില്‍ നടക്കുക. ഒരു ജോടി അണ്ഡാശയങ്ങളുള്ളത് വൃക്കയ്ക്കു സമീപം സ്ഥിതിചെയ്യുന്നു. മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ അണ്ഡം വളരുന്നത് ഗ്രാഫിയന്‍ ഫോളിക്കിള്‍ എന്ന ഒരാവരണഭാഗത്തിലാണ്. ഇതിനു മൂന്നു പ്രധാനമായ കോശനിരകളുണ്ട്. ഏറ്റവും അന്തര്‍ഭാഗത്തുള്ള കോശനിരകള്‍ക്കകത്ത് തിങ്ങിക്കൂടുന്ന, ദ്രവപദാര്‍ഥത്തിന്റെ സമ്മര്‍ദഫലമായി ഫോളിക്കിള്‍ പൊട്ടുകയും അണ്ഡം സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. നോ: അണ്ഡാശയം-മനുഷ്യനില്‍, ജനിപുടം
(ഡോ. എസ്. രാമചന്ദ്രന്‍)