This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:59, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര വ്യോമഗതാഗത സംഘട

Intetnational Air Transport Association

വിവിധ രാജ്യങ്ങളിലെ വിമാനസര്‍വീസുകളുടെ ലോകസംഘടന. ഇത് 1919-ല്‍ സ്ഥാപിതമായി. ഈ സംഘടന രൂപവത്കരിക്കുന്നതിനുള്ള ആദ്യ സമ്മേളനം 1919 ആഗ. 25-ന് പ്രാഗില്‍വച്ചു കൂടി. ആഗ. 28-ന് സമ്മേളനം അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ അന്താരാഷ്ട്ര വ്യോമഗതാഗതസംഘടന നിലവില്‍വന്നു.

താമസിയാതെ സംഘടനയുടെ പ്രവര്‍ത്തനം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മുഖ്യമായും ഓരോ രാജ്യത്തിലെയും പതാകാവാഹകവിമാനസര്‍വീസുകള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. ഈ സര്‍വീസുകള്‍ ദേശീയവും അന്താരാഷ്ട്രീയവുമായ വ്യോമയാനത്തിന്റെ ഏറിയ പങ്കും നിര്‍വഹിക്കുന്നു. ഇപ്പോള്‍ 250-ല്‍പ്പരം രാജ്യങ്ങളിലെ വിമാനസര്‍വീസുകള്‍ ഈ ലോകസംഘടനയിലെ അംഗങ്ങളാണ്.

വ്യോമഗതാഗതത്തില്‍ ഈ സംഘടന ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിമാനയാത്ര നടത്തുവാന്‍ പറ്റിയ സമയത്തെയും സാഹചര്യങ്ങളെയുംപറ്റി ഈ സംഘടന ശരിയായ വിവരം നല്കുന്നു. ഇത് ലോകത്തെങ്ങുമുള്ള വിമാനസര്‍വീസുകള്‍ക്ക് ഏറെ സഹായകമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യോമഗതാഗതം സാധ്യമാക്കാനും ഈ സംഘടന ശ്രമിക്കുന്നു. വിവിധ രാജ്യങ്ങളിലെ വിമാനസര്‍വീസുകളുടെ സംയുക്ത പ്രയത്നത്തെ ഈ സംഘടന ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തും നാണയവും ഭാഷയും നിയമങ്ങളും അളവുകള്‍പോലും വ്യത്യസ്തങ്ങളാണ്. ഇത് അന്തര്‍ദേശീയസഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമായി അഥവാ ഏതാനും ചിലതിനു മാത്രമായി പരിഹരിക്കാന്‍ സാധ്യമല്ലാത്ത ഈവക പ്രശ്നങ്ങള്‍ക്ക് യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ഈ ലോകസംഘടനയ്ക്കു സാധിക്കുന്നു.

സംഘടനയുടെ അധികാരം, അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ നിക്ഷിപ്തമാണ്. ഇതില്‍ അംഗരാഷ്ട്രങ്ങള്‍ക്കെല്ലാം തുല്യമായ വോട്ടവകാശമുണ്ട്. വാര്‍ഷിക യോഗം തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഓരോ വര്‍ഷത്തേക്കുമുള്ള നയപരിപാടികള്‍ രൂപവത്കരിക്കുന്നു. പ്രധാന വിമാനസര്‍വീസുകളുടെ പ്രതിനിധികള്‍, പലപ്പോഴും അവയുടെ അധ്യക്ഷന്മാര്‍, ചേര്‍ന്നതാണ് ഈ കമ്മിറ്റി. കൂടാതെ, ധനപരവും നിയമപരവും സാങ്കേതികവും വൈദ്യസഹായപരവും മറ്റുമായ വിഷയങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഓരോന്നിലും വിദഗ്ധന്‍മാരുള്‍പ്പെട്ട പ്രത്യേക ഉപദേശകസമിതികള്‍ രൂപവത്കരിക്കപ്പെടുന്നു.

യാത്രാസൌകര്യങ്ങളെപ്പറ്റി ആലോചിക്കാന്‍ കൂടുന്ന പ്രത്യേക സമ്മേളനങ്ങളാണ് കൂലിനിരക്കും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കുന്നത്. എന്നാല്‍ ഓരോ വിമാന സര്‍വീസിന്റെയും കൂലിനിരക്ക്, സേവനവ്യവസ്ഥകള്‍, വേതനക്രമം എന്നിവയെപ്പറ്റിയുള്ള അതതിന്റെ നയങ്ങളില്‍ സംഘടന യാതൊരു നിയന്ത്രണവും ചെലുത്തുന്നില്ല. അത്തരം കാര്യങ്ങളെപ്പറ്റി വിവിധ സര്‍വീസുകള്‍ക്ക് ഒന്നിച്ചു കൂടി ആലോചിക്കുവാന്‍ ഒരു പൊതുവേദി ഒരുക്കുക മാത്രമേ സംഘടന ചെയ്യുന്നുള്ളു. അങ്ങനെ സ്വീകരിക്കപ്പെടുന്ന പൊതുതീരുമാനങ്ങള്‍പോലും അംഗസര്‍വീസുകള്‍ അംഗീകരിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമില്ല. ഏതൊരു തീരുമാനവും നിരാകരിക്കാനോ പരിഷ്കരിക്കാനോ അംഗരാഷ്ട്രങ്ങള്‍ക്ക് അധികാരമുണ്ട്. ഈ അധികാരം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുമുണ്ട്.

ഒരു അംഗസര്‍വീസ് ഉന്നയിക്കുന്ന നിര്‍ദേശത്തിനെതിരായി വോട്ടു ചെയ്യുവാനും അങ്ങനെ അതിനെ പരാജയപ്പെടുത്തുവാനും മറ്റെല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ട്. മാത്രമല്ല, സ്വന്തം വിമാനസര്‍വീസുകള്‍കൂടി ചേര്‍ന്നുകൊണ്ട്, സ്വീകരിക്കുന്ന തീരുമാനത്തെപ്പോലും തിരസ്കരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാന്‍ അവര്‍ക്ക് അധികാരമുണ്ട്. ഈ അധികാരം വിനിയോഗിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.

അന്താരാഷ്ട്ര വ്യോമഗതാഗതസംഘടനയുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുന്നു. ഇന്ത്യന്‍ വിമാനസര്‍വീസിന്റെ, മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡി. ടാറ്റാ 17 വര്‍ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്നു. യാത്രാസൌകര്യം വര്‍ധിപ്പിക്കാനും കൂലിനിരക്ക് കുറയ്ക്കാനും അങ്ങനെ ഇന്ത്യയില്‍ക്കൂടിയുള്ള അന്തര്‍ദേശീയ ഗതാഗതം അഭിവൃദ്ധിപ്പെടുത്താനും ഇന്ത്യന്‍ വിമാനസര്‍വീസിനു സാധിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ പറ്റിയ തരത്തില്‍ വ്യോമഗതാഗതസൌകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

1950 മുതല്‍ എയര്‍-ഇന്ത്യ ഈ ലോകസംഘടനയിലെ അംഗമാണ്. അതിനുശേഷം ചെലവുകുറഞ്ഞ വ്യോമഗതാഗതത്തിന്റെ വിവിധ മേഖലകളില്‍ ഇന്ത്യ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തുവാന്‍ കേന്ദ്രസംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍