This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:45, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനന്തന്‍

ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളില്‍ പരാമൃഷ്ടനായ സര്‍പ്പശ്രേഷ്ഠന്‍. നവനാഗങ്ങളില്‍ അത്യുത്തമനായ അനന്തന്‍ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയില്‍ ജനിച്ച മൂത്തപുത്രനാണ്. വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍ തുടങ്ങി അനേകം കനിഷ്ഠസഹോദരന്‍മാര്‍ അനന്തനുണ്ടായിരുന്നു. കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോള്‍ അനന്തന്‍ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തില്‍നിന്നൊഴിഞ്ഞ് അനന്തന്‍ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളില്‍പോയി തപസ്സു ചെയ്തു. ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പാതാളത്തില്‍ ചെന്ന് ലോകങ്ങളെ ശിരസ്സിന്‍മേല്‍ താങ്ങിനിര്‍ത്താന്‍ അനന്തനെ നിയോഗിച്ചു; കൃത്യനിര്‍വഹണത്തില്‍ ഗരുഡന്റെ സഹായം ലഭിക്കുമെന്നും അനുഗ്രഹിച്ചു. അനന്തന്‍ സന്തുഷ്ടനായി നിര്‍ദിഷ്ട ജോലി കൈയേറ്റു.

പാതാള ചുവട്ടില്‍ 'അനന്ത' എന്നു പേരുള്ള ഒരു സ്ഥലത്താണ് അനന്തന്റെ വാസം. ആയിരം തലയുള്ള അനന്തന്‍ ഭൂമിയെ ഒരു തലയില്‍നിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികള്‍ ഒരു കാലത്ത് കരുതിയിരുന്നു.

ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തില്‍ വര്‍ത്തിക്കുന്നതു പോലെ വിഷ്ണുവിനെയും പരിവാരങ്ങളെയും വഹിച്ചു കൊണ്ടു പാലാഴിയിലും അനന്തന്‍ സ്ഥിതിചെയ്യുന്നു. വിഷ്ണുവിന്റെ മാറിടത്തില്‍ ശ്രീവത്സം എന്ന മറുകുപോലെ അനന്തന്റെ മുഖ്യഫണത്തിന്‍മേല്‍ സ്വസ്തികം എന്നൊരു അടയാളമുണ്ട്. ആയിരം ശിരോരത്നങ്ങളെക്കൊണ്ട് അനന്തന്‍ സകല ദിക്കുകളെയും പ്രകാശിപ്പിക്കുന്നുവെന്നും കല്പാന്തകാലങ്ങളില്‍ അനന്തന്റെ മുഖങ്ങളില്‍നിന്ന് സങ്കര്‍ഷണമൂര്‍ത്തിയായ രുദ്രന്‍ ആവിര്‍ഭവിച്ച് മൂന്നു ലോകങ്ങളെയും ഭക്ഷിക്കുന്നു എന്നും വിഷ്ണുപുരാണത്തില്‍ പറഞ്ഞിരിക്കുന്നു. അനന്തന്‍ ലോകത്തെ നശിപ്പിക്കണം എന്നു വിചാരിക്കുന്ന സമയം ദ്വാദശരുദ്രന്‍മാര്‍ ത്രിശൂലം മുതലായ ആയുധങ്ങളോടുകൂടി ആവിര്‍ഭവിക്കുന്നു എന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്. ഗന്ധര്‍വന്‍മാര്‍, അപ്സരസ്സുകള്‍, സിദ്ധന്‍മാര്‍, കിന്നരന്‍മാര്‍, നാഗങ്ങള്‍, ചാരണന്‍മാര്‍ എന്നിവര്‍ ശ്രമിച്ചിട്ടും അനന്തന്റെ ഗുണങ്ങളുടെ അന്തം കണ്ടെത്തിയിട്ടില്ല. അവസാനമില്ലാത്ത കാലപ്രവാഹത്തെയാണ് അനന്തന്‍ എന്നു പറയുന്നതെന്നും അഭിപ്രായമുണ്ട്. രാമസഹോദരനായ ലക്ഷ്മണന്‍ അനന്തന്റെ അവതാരമാണെന്ന് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ബലഭദ്രരാമനും അനന്തന്റെ അവതാരമാണെന്നു പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. 'ഒരു കൈയില്‍ ലാംഗലവും (കലപ്പ) മറുകൈയില്‍ മുസലവും ധരിച്ചുകൊണ്ടു സ്ഥിതിചെയ്യുന്ന അനന്തനെ ശ്രീദേവിയും വാരുണീദേവിയും സേവിക്കുന്നു' എന്ന പ്രസ്താവം ബലഭദ്രനും യോജിക്കും. ഭാരതത്തില്‍ വേദജ്ഞാനം നാമാവശേഷമായ ഒരു അവസരത്തില്‍ അനന്തന്‍ പതഞ്ജലി മഹര്‍ഷിയായി അവതരിച്ചു എന്ന് ഐതിഹ്യമുണ്ട്. എത്ര വര്‍ണിച്ചാലും മതിവരികയില്ല എന്ന അര്‍ഥത്തില്‍ 'രണ്ടായിരം രസന കണ്ഠതലത്തിലുള്ള അനന്തനെക്കൊണ്ടുപോലും അശക്യ'മെന്ന് കവികള്‍ സാധാരണ പ്രയോഗിക്കാറുണ്ട്. പാലാഴിമഥനത്തില്‍ മത്തായുപയോഗിക്കേണ്ട മന്ദരപര്‍വതം കൊണ്ടുവരാന്‍ ബ്രഹ്മാവും വിഷ്ണുവും ചുമതലപ്പെടുത്തിയത് അനന്തനെയാണെന്നും മഥനവേളയില്‍ അനന്തന്‍ ഇടയ്ക്കിടെ പത്തി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുവെന്നും മറ്റുമുള്ള കഥകള്‍ക്ക് പണ്ഡിതന്‍മാര്‍ ചില യൌഗികാര്‍ഥങ്ങള്‍ കല്പിക്കുന്നു.

'അനന്തന്‍' എന്ന പദം സൂര്യന്റെയും വിഷ്ണുവിന്റെയും ശിവന്റെയും വാസുകിയുടെയും പര്യായങ്ങളാണ്. സുബ്രഹ്മണ്യന്റെ സേനാപതികളില്‍ ഒരാളിന്റെയും പതിന്നാലാമത്തെ തീര്‍ഥങ്കരന്റെയും പേര് അനന്തന്‍ എന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍