This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധ്യാപക സമാജങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:39, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക സമാജങ്ങള്‍

ഒരു നിശ്ചിതപ്രദേശത്തെ അധ്യാപകരെ അംഗങ്ങളായി ചേര്‍ത്തു നടത്തപ്പെടുന്ന സംഘടനകള്‍. ബോധനപ്രക്രിയയിലെ പരിവര്‍ത്തന വിധേയമായ രീതികളും വിജ്ഞാനവുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എസ്. എന്നീ രാജ്യങ്ങളില്‍ അധ്യാപകര്‍ മുന്‍കൈയെടുത്ത് ഇത്തരം സമാജങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലെ നൂതനപ്രവണതകള്‍, പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍ എന്നിങ്ങനെ പല പ്രധാന വിഷയങ്ങളെപ്പറ്റിയും ഇവര്‍ ചര്‍ച്ച ചെയ്യുന്നു. ബോധനനിലവാരം മെച്ചപ്പെടുത്തുന്നതിന് റിഫ്രഷര്‍ കോഴ്സുകള്‍ സംഘടിപ്പിക്കുന്നു. വിദേശപര്യടനത്തിനുവേണ്ടി സൌകര്യങ്ങള്‍ ഉണ്ടാക്കി സമാജാംഗങ്ങളായ അധ്യാപകരുടെ അനുഭവസമ്പത്ത് വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ഉയര്‍ന്ന ബിരുദങ്ങള്‍ നേടുവാനും ഗവേഷണങ്ങള്‍ നടത്തുവാനും ഗവേഷണഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാനുമുള്ള സൌകര്യങ്ങളും സാഹചര്യങ്ങളും അധ്യാപകര്‍ക്ക് ലഭിക്കത്തക്കവണ്ണം പല പദ്ധതികളും സംഘടിപ്പിച്ചുവരുന്നു.

ഇപ്രകാരം അധ്യാപകരുടെ പൊതുതാത്പര്യങ്ങളെ മുന്‍നിറുത്തി സമാജങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം ഓരോ പ്രത്യേക വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ അവരുടേതായ സമാജങ്ങള്‍ ഉണ്ടാക്കുന്ന രീതിയും വികസിതരാജ്യങ്ങളില്‍ സാധാരണമാണ്. ഉദാഹരണമായി ബ്രിട്ടനിലെ ഗണിതശാസ്ത്രാധ്യാപകരുടെ സമാജം ഗവേഷണം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലഘുലേഖകള്‍ ആ വിഷയത്തിലെ പാഠ്യപദ്ധതിയേയും ബോധനരീതിയേയും സാരമായി സ്വാധീനിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സമാജങ്ങളെപ്പറ്റി കോഠാരി കമ്മീഷന്‍ (1964) പ്രാധാന്യം കൊടുത്തുകൊണ്ട് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ വിദ്യാലയാധികൃതരുടെ നിര്‍ദേശാനുസരണമാണ് അധ്യാപകസമാജങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളത്. അതും പ്രധാനമായി പ്രാഥമികവിദ്യാലയങ്ങളില്‍ മാത്രം. കേരളത്തിലെ പ്രാഥമികവിദ്യാലയങ്ങളിലെ ഓരോ അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ആഫീസറുടെയും കീഴിലുള്ള അധ്യാപകര്‍ മാസത്തിലൊരിക്കല്‍ ഒന്നിച്ചുകൂടി മാതൃകാക്ളാസ്സുകള്‍ നിരീക്ഷിക്കുക, ചര്‍ച്ചയില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന പതിവുണ്ടായിരുന്നു. പിന്നീട് അതിന്റെ സ്ഥാനത്ത് മറ്റൊരു പരിപാടി പരീക്ഷിക്കപ്പെട്ടു. സ്കൂള്‍ കോംപ്ളക്സ് എന്നായിരുന്നു ഈ പുതിയ സമാജത്തിന്റെ പേര്. ഒരു പ്രത്യേക പ്രദേശത്തെ ഹൈസ്കൂള്‍ അല്ലെങ്കില്‍ ട്രെയിനിങ് സ്കൂള്‍ കേന്ദ്രമാക്കി അതതു പ്രദേശത്തെ പ്രാഥമിക വിദ്യാലയങ്ങളുടെ കോംപ്ളക്സ് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നു. നൂതനങ്ങളായ വിദ്യാഭ്യാസ പ്രവണതകളുമായി അധ്യാപകരെ പരിചയപ്പെടുത്തുക, അവരുടെ പ്രശ്നങ്ങള്‍ ക്ളാസ്സുകളിലൂടെയും ചര്‍ച്ചകളിലൂടെയും മറ്റും പരിഹരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടത്താം. ഹൈസ്കൂളുകളിലെ അധ്യാപകരുടെ സേവനവും പരീക്ഷണശാലകളുടെ ഉപയോഗവും പ്രാഥമികവിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കാം എന്നത് ഈ പദ്ധതിയുടെ ഒരു മേന്മയാണ്.

കോംപ്ളക്സുകള്‍ നടപ്പില്‍ വന്നത് കോഠാരി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഫലമായിട്ടാണെങ്കിലും പ്രതീക്ഷക്കനുസൃതമായി അവ പ്രവര്‍ത്തിച്ചില്ല. അധ്യാപകര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നതിന് പകരം അധികൃതനിര്‍ദേശമായിരുന്നു അവയ്ക്ക് പിന്നിലെ പ്രചോദനമെന്നതാകാം കാരണം. 1970-നോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ (ഉദാ. തൃശൂര്‍, കോഴിക്കോട്) അക്കാദമിക് കൌണ്‍സിലുകള്‍ എന്ന പേരില്‍ അധ്യാപകസമാജങ്ങള്‍ രൂപവത്കരിക്കുവാന്‍ ശ്രമങ്ങള്‍ നടന്നു.

എല്ലാ നിലവാരത്തിലുമുള്ള അധ്യാപകര്‍, കഴിയുമെങ്കില്‍ പ്രത്യേക വിഷയങ്ങളുടെ അടിസ്ഥാനത്തില്‍, സമാജങ്ങള്‍ സ്വയം രൂപവത്കരിക്കുകയും അക്കാദമീയമായ കാര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.

(കെ. സോമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍