This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുലോമസങ്കരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:03, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുലോമസങ്കരം

ഉയര്‍ന്നജാതിയില്‍പ്പെട്ട പുരുഷനും താണജാതിയില്‍പ്പെട്ട സ്ത്രീയും തമ്മിലുള്ള വേഴ്ച. ഭാരതത്തിലെ പ്രാചീന സമുദായ വ്യവസ്ഥയനുസരിച്ച് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ നാലാണ് വര്‍ണങ്ങള്‍; അഞ്ചാമതൊരുവര്‍ണമില്ല. സമാനവര്‍ണരായ ദമ്പതികളില്‍ ജനിക്കുന്നവര്‍ അതതു വര്‍ണത്തില്‍പ്പെട്ടവരാണ്. എന്നാല്‍ മാതാവും പിതാവും വിഭിന്നവര്‍ണങ്ങളിലുള്ളവരാകുമ്പോള്‍ സന്തതികള്‍ സങ്കരജാതികളായി പരിഗണിക്കപ്പെടുന്നു.


സാങ്കര്യം രണ്ടുവിധത്തില്‍ സംഭവിക്കാം: അനുലോമമായും പ്രതിലോമമായും. ബ്രാഹ്മണന് ക്ഷത്രിയസ്ത്രീയിലും ക്ഷത്രിയന് വൈശ്യസ്ത്രീയിലും വൈശ്യന് ശൂദ്രസ്ത്രീയിലും ജനിക്കുന്ന സന്താനങ്ങള്‍ യഥാക്രമം മൂര്‍ധാവസിക്തന്‍, മാഹിഷ്യന്‍, കരണന്‍ എന്നിവരാണ്. ഒന്നോ രണ്ടോ ഇടവിട്ടുള്ള വര്‍ണത്തില്‍പ്പെടുന്ന സ്ത്രീകളിലാണ് സന്തതികള്‍ ഉണ്ടാകുന്നതെങ്കില്‍ അവരും അനുലോമജാതികള്‍ തന്നെ. അതായത് ബ്രാഹ്മണന് വൈശ്യസ്ത്രീയില്‍ ജനിക്കുന്നവന്‍ അംബഷ്ഠന്‍ എന്നും ശൂദ്രസ്ത്രീയില്‍ ജനിക്കുന്നവന്‍ 'നിഷാദന്‍' എന്നും ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ജനിക്കുന്നവന്‍ 'ഉഗ്രന്‍' എന്നും വിളിക്കപ്പെടുന്നു. ഇങ്ങനെ മൊത്തത്തില്‍ ആറു ജാതിയില്‍പ്പെട്ടവരാണ് അനുലോമസങ്കരമെന്നനിലയില്‍ മന്വാദി സ്മൃതികളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. നിഷാദന് പാരശവന്‍ (നോ: അമ്പലവാസികള്‍) എന്ന മറ്റൊരു പേരുകൂടിയുണ്ട്. ക്ഷത്രിയന് ശൂദ്രകന്യകയിലുണ്ടാകുന്നവന്‍ ക്രൂരനായിത്തീരുന്നു എന്ന വിശ്വാസമാണ് ഉഗ്രന്‍ എന്ന പേരിന് അടിസ്ഥാനം. ശുക്രമഹര്‍ഷി ഈ ആറു കൂട്ടര്‍ക്കും അവരുടേതായ ഉപജീവനമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹസ്തി-അശ്വ-രഥശിക്ഷയും അസ്ത്രധാരണവും മൂര്‍ധാവസിക്തന്‍മാരുടെ തൊഴിലാണ്. മാഹിഷ്യന്‍മാരുടെ പ്രവൃത്തി സസ്യരക്ഷയും നൃത്യ-ഗീത-നക്ഷത്രജീവനവുമാണ്. ദ്വിജാതി ശുശ്രൂഷ, ധനധാന്യാധ്യക്ഷത, രാജസേവ, ദുര്‍ഗ-അന്തഃപുരരക്ഷ എന്നിവ പാരശവന്‍മാര്‍ക്കും ഉഗ്രന്‍മാര്‍ക്കും കാരണന്‍മാര്‍ക്കും വിധിച്ചിരിക്കുന്നു. അംബഷ്ഠന്‍മാരുടേതു മുഖ്യമായും വൈദ്യവൃത്തിയാണ്. ഇപ്രകാരം തൊഴില്‍കാര്യങ്ങളിലും ദായക്രമത്തിലും വേണ്ടിടത്തോളം ചട്ടവട്ടങ്ങള്‍ സങ്കരജാതികള്‍ക്കും ധര്‍മശാസ്ത്രകാരന്‍മാര്‍ നിശ്ചയിച്ചിട്ടുള്ളതായി കാണുന്നു.


പിതാവ് താണവര്‍ണത്തിലും മാതാവ് ഉയര്‍ന്ന വര്‍ണത്തിലും പെടുന്നുവെങ്കില്‍ സന്തതികള്‍ പ്രതിലോമസങ്കരര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നു. മാതാവും പിതാവും സങ്കരജാതികളെങ്കിലും സന്തതികള്‍ ഈ രണ്ടുതരം സങ്കരങ്ങളില്‍ യഥായോഗ്യം ഉള്‍പ്പെടുന്നതായി കരുതപ്പെടും. അനുലോമസങ്കരത്തിലുണ്ടായ സന്തതികള്‍ പിതൃജാതിയില്‍നിന്ന് നികൃഷ്ടരായും മാതൃജാതിയില്‍നിന്ന് ഉത്കൃഷ്ടരായും കരുതപ്പെട്ടിരുന്നു. പ്രാചീനവര്‍ണവ്യവസ്ഥയുടെ അടിസ്ഥാനശിലയ്ക്കുതന്നെ ഇളക്കം സംഭവിച്ചിരിക്കുന്ന ഇക്കാലത്ത് ഈ സമ്പ്രദായങ്ങളെല്ലാം ദ്രവിച്ചു ചരിത്രവസ്തുക്കള്‍ മാത്രമായിത്തീര്‍ന്നിരിക്കുകയാണ്.


(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍