This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പയ്യദീക്ഷിതര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:46, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപ്പയ്യദീക്ഷിതര്‍ (1552 - 1624)

ശാസ്ത്രവിശാരദനും സാഹിത്യകാരനുമായ ദക്ഷിണേന്ത്യന്‍ പണ്ഡിതന്‍. തമിഴ്നാട്ടിലെ വടക്കന്‍ ആര്‍ക്കാട്ട് ജില്ലയില്‍ കാഞ്ചീപുരത്തിനടുത്തുള്ള അടയപ്പലം ഗ്രാമമാണ് അപ്പയ്യദീക്ഷിതരുടെ ജന്‍മസ്ഥലം. ഭരദ്വാജ മഹര്‍ഷിയാണ് ഇദ്ദേഹത്തിന്റെ കുലകൂടസ്ഥന്‍ എന്നു പറയപ്പെടുന്നു. അനേകം ദിവ്യസൂരികള്‍ക്ക് ജന്മം നല്കിയിട്ടുള്ള ഒരു അനുഗൃഹീതകുടുംബമാണ് ദീക്ഷിതരുടേത്. ഇദ്ദേഹത്തിന്റെ പിതാമഹനായ ആച്ചാദീക്ഷിതര്‍ 'ആന്ധ്രഭോജരാജ'നായ കൃഷ്ണദേവരായരില്‍ നിന്ന് 'വക്ഷസ്ഥലാചാര്യര്‍' എന്ന ബിരുദം നേടിയ വിദ്വല്‍കവിയാണ്. ആച്ചാദീക്ഷിതരുടെ അഞ്ചാമത്തെ പുത്രനായ രംഗരാജദീക്ഷിതരുടെ രണ്ടു പുത്രന്മാരില്‍ ജ്യേഷ്ഠനാണ് അപ്പയ്യദീക്ഷിതര്‍. അനുജന്‍ ആച്ചാദീക്ഷിതര്‍ മഹാപണ്ഡിതനും പ്രസിദ്ധ വിദ്വല്‍കവിയായ നീലകണ്ഠ ദീക്ഷിതരുടെ പിതാമഹനുമാണ്.

അപ്പയ്യദീക്ഷിതരുടെ ജീവിതകാലത്തെപ്പറ്റി പക്ഷാന്തരങ്ങളുണ്ട്. പേരിനുതന്നെ 'അപ്പയന്‍' എന്നും 'അപ്പന്‍' എന്നും രൂപാന്തരങ്ങള്‍ കാണാം. അതേ കുടുംബത്തില്‍തന്നെ അപ്പയ്യനാമാക്കളായി വേറെയും രണ്ടുപേര്‍ ഉണ്ടായിട്ടുണ്ട്. പ്രസ്തുതനായ അപ്പയ്യദീക്ഷിതരെ പ്രകീര്‍ത്തിച്ച് ശിവാനന്ദയോഗി രചിച്ച അപ്പയ്യദീക്ഷിതേന്ദ്രവിജയത്തിലെ

'വീണാതത്ത്വജ്ഞ സംഖ്യാലസിതകലിസമാ-

ഭാക്പ്രമാദീയ വര്‍ഷേ,

കന്യാമാസേ തു കൃഷ്ണപ്രഥമതിഥയുതേ ∫

പ്യുത്തരപ്രോഷ്ഠപാദേ,

കന്യാലഗ്നേ ∫ ദ്രികന്യാപതിരമിതദയാ-

ശേവധിര്‍വൈദികേഷു

ശ്രീഗൗര്യൈ പ്രാഗ്യഥോക്തം സമജനി ഹി സമീ-

പേ ∫ ത്ര കാഞ്ചീനഗര്യാഃ'

('പ്രമാദീ' എന്നു പേരുള്ള കലിവത്സരത്തില്‍ 4654-ല്‍ കന്നിമാസത്തില്‍ കറുത്തപക്ഷത്തിലെ പ്രതിപദത്തില്‍ ഉത്തൃട്ടാതിനാളില്‍ കന്നിരാശിയില്‍ വൈദികന്‍മാരില്‍ അതികാരുണ്യത്തോടുകൂടിയ ശ്രീ പരമേശ്വരന്‍ മുന്‍പേതന്നെ ശ്രീപാര്‍വതിയോടു പറഞ്ഞപ്രകാരം കാഞ്ചീപുരത്തിന്റെ അടുത്തുള്ള ദേശത്തില്‍ ജനിച്ചു.) എന്ന പദ്യത്തില്‍, ദീക്ഷിതരുടെ ജനനം കലിവര്‍ഷം 4654 (എ.ഡി. 1552) ആണെന്നു പ്രസ്താവിച്ചിരിക്കുന്നു. നീലകണ്ഠദീക്ഷിതര്‍ ശിവലീലാര്‍ണവത്തില്‍ ചെയ്തിട്ടുള്ള പ്രസ്താവംകൂടി സ്വീകരിക്കുന്നതായാല്‍ ഇദ്ദേഹം 72 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും ചരമം എ.ഡി. 1624-ല്‍ എന്നും സിദ്ധിക്കും.

ബാല്യകാലത്ത് സ്വപിതാവില്‍ നിന്നും ദീക്ഷിതര്‍ സകല ശാസ്ത്രങ്ങളും അഭ്യസിച്ചു. 20 വയസ്സാകുന്നതിന് മുമ്പു തന്നെ ഇദ്ദേഹം സര്‍വജ്ഞനായി പരക്കെ അറിയപ്പെട്ടു. അപ്പോഴേക്കും വിവാഹിതനാവുകയും ചെയ്തു. 'അച്ചാളു' എന്നായിരുന്നു പത്നിയുടെ പേര്.

വെല്ലൂരിലെ ചിന്നബൊമ്മനായ്ക്കന്റെ ആശ്രിതനായിരുന്നുകൊണ്ടാണ് ഇദ്ദേഹം ആദ്യകാലത്ത് ഗ്രന്ഥരചന നടത്തിയത്. പാശുപതാദ്വൈത പ്രചാരകനായ ശ്രീകണ്ഠശിവാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ശിവാര്‍ക്കമണിദീപിക എന്നൊരു വ്യാഖ്യാനം ഇദ്ദേഹം രചിച്ചു. അതുകണ്ടു സന്തുഷ്ടനായ ചിന്നബൊമ്മന്‍ സ്വന്തം കൈകൊണ്ട് ദീക്ഷിതര്‍ക്ക് കനകാഭിഷേകം നടത്തുകയുണ്ടായി. ദീക്ഷിതര്‍ തന്റെ രക്ഷാധികാരിയുടെ സഹായത്തോടുകൂടി അടയപ്പലത്ത് കാളകണ്ഠേശാലയമെന്നപേരില്‍ ഒരു ക്ഷേത്രം സ്ഥാപിക്കയും അവിടെവച്ച് അഞ്ഞൂറു ശിഷ്യന്‍മാരെ ശിവാര്‍ക്കമണിദീപിക പഠിപ്പിക്കയും ചെയ്ത്തായി പ്രസ്തുത ക്ഷേത്രത്തിലെ ഒരു ശിലാശാസനത്തില്‍ (എ.ഡി. 1590) രേഖപ്പെടുത്തിക്കാണുന്നു.

കല്പതരു എന്ന അദ്വൈതഗ്രന്ഥത്തിന് പരിമളം എന്ന പേരില്‍ രചിച്ച പ്രൌഢഗംഭീരമായ വ്യാഖ്യാനം ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതിയാണ്. വേദാന്തമതത്തിലെ പഞ്ചഗ്രന്ഥികളിലൊന്നായി ഈ കൃതി പരിഗണിക്കപ്പെട്ടുപോരുന്നു. ഇവയ്ക്കു പുറമേ അദ്വൈതം, ശൈവമതം, മീമാംസ, സാഹിത്യം എന്നിങ്ങനെ നാനാവിഷയങ്ങളെ പുരസ്കരിച്ച് നൂറില്‍പരം ഗ്രന്ഥങ്ങള്‍ ദീക്ഷിതരുടെ വകയായുണ്ട്. ചതുര്‍മതസാരാര്‍ഥസംഗ്രഹം, പൂര്‍വോത്തരമീമാംസാവാദനക്ഷത്രമാല, ഉപക്രമപരാക്രമം, നാമസംഗ്രഹമാല, ന്യായരക്ഷാമണി, മീമാംസാധികരണമാല, ശിവകര്‍ണാമൃതം, ശിവതത്ത്വവിവേകം, രാമായണ താത്പര്യസംഗ്രഹം, ഹരിവംശസാരചരിതവ്യാഖ്യാനം, ദശകുമാരചരിതസംക്ഷേപം, മധ്വതന്ത്രമുഖമര്‍ദനം എന്നിവ അക്കൂട്ടത്തില്‍പെടുന്നു.

ചിന്നബൊമ്മന്റെ മരണാനന്തരം ദീക്ഷിതര്‍ വിജയനഗര സാമ്രാജ്യാധിപനായ വേങ്കടപതിയുടെ ആസ്ഥാനപണ്ഡിതനായി ക്ഷണിക്കപ്പെട്ടു. വേങ്കടപതിയുടെ ആജ്ഞാനുസരണം രചിക്കപ്പെട്ട കൃതിയാണ് കുവലയാനന്ദം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം. സാഹിത്യശാസ്ത്രവിഷയകമായി രണ്ടു ഗ്രന്ഥങ്ങള്‍കൂടി ദീക്ഷിതര്‍ രചിച്ചിട്ടുണ്ട്-വൃത്തിവാര്‍ത്തികവും ചിത്രമീമാംസയും. ആദ്യത്തേതില്‍ പദങ്ങളുടെ അഭിധാവ്യഞ്ജനാര്‍ഥങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. കുറേക്കൂടി കനപെട്ട രണ്ടാമത്തെ കൃതിയില്‍ ധ്വനി, ഗുണീഭൂതവ്യംഗ്യം, ചിത്രകാവ്യം, അലങ്കാരങ്ങള്‍ എന്നിവയാണ് പ്രതിപാദ്യവിഷയങ്ങള്‍. ഈ കൃതി അപൂര്‍ണമാണ്.

അപ്പയ്യദീക്ഷിതരുടെ സാഹിത്യവിഷയകമായ അഭിപ്രായങ്ങളെ രസഗംഗാധരകര്‍ത്താവായ ജഗന്നാഥപണ്ഡിതര്‍ (17-ാം ശ.) കഠിനമായി എതിര്‍ത്തിട്ടുണ്ട്. ചിലപ്പോള്‍ ആ എതിര്‍പ്പ് വ്യക്തിവിദ്വേഷത്തിന്റെ രൂപം കൈക്കൊണ്ടിട്ടുള്ളതായി തോന്നും.

ഭാരതത്തിലെ വിവിധ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം അപ്പയ്യദീക്ഷിതര്‍ ചിദംബരത്തു താമസമാക്കി. 11 പുത്രന്മാരും 2 പുത്രിമാരും ഇദ്ദേഹത്തിനുണ്ടായിരുന്നു. തങ്ങള്‍ എന്തുചെയ്യണമെന്ന് ആസന്നമരണനായ പിതാവിനോടു ചോദിച്ച മക്കള്‍ക്ക് ഇദ്ദേഹം ഇങ്ങനെ മറുപടി നല്കിയത്രേ.

'ചിദംബരമിദം പുരം പ്രഥിതമേവ പുണ്യസ്ഥലം

സുതാശ്ച വിനയോജ്വലാഃ സുകൃതയശ്ച

കാശ്ചില്‍ കൃതാഃ

വയാംസി മമ സപ്തതേരുപരി, നൈവഭോഗേ

സ്പൃഹാ

ന കിഞ്ചിദഹമര്‍ഥയേ ശിവപദം ദിദൃക്ഷേ പരം.'

(എന്റെ ഈ അന്ത്യവിശ്രമസ്ഥാനം പ്രശസ്ത പുണ്യഭൂമിയായ ചിദംബരമാണ്. എന്റെ പുത്രന്മാര്‍ വിദ്വാന്‍മാരാണ്; ഒട്ടേറെ ഗ്രന്ഥങ്ങളും ഞാന്‍ നിര്‍മിച്ചു; വയസ്സാണെങ്കില്‍ 70-ല്‍ അധികമായി. ലോകഭോഗങ്ങളില്‍ ഒരാഗ്രഹവുമില്ല; ശിവപദപ്രാപ്തി ഒഴികെ മറ്റൊന്നും എനിക്കു പ്രാര്‍ഥിക്കാനില്ല.)

ദ്വിതീയശങ്കരന്‍ എന്ന സ്ഥാനത്തിന് ദീക്ഷിതര്‍ സര്‍വഥാ സമര്‍ഹനാണെന്ന് ഇദ്ദേഹത്തിന്റെ ശിഷ്യന്മാരും ആരാധകന്മാരും കരുതുന്നു. ശിഷ്യന്‍മാരില്‍ പ്രഥമഗണനീയനാണ് വൈയാകരണശിരോമണിയായ ഭട്ടോജിദീക്ഷിതര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍