This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുകരണകല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അനുകരണകല
അനുകരണസൂചകമായ കല. 'മിമിക്രി' എന്ന പേരിലാണ് ഈ കലാരൂപം കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളത്. ലാറ്റിന്‍ പദമായ 'മിമിക്സ്', ഗ്രീക്കുപദമായ 'മിമിക്കോസ്' എന്നിവയില്‍ നിന്നുമാണ് മിമിക്രി എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. ജീവജാലങ്ങള്‍ക്കിടയിലെ മിമിക്രി എന്ന പ്രക്രിയയെക്കുറിച്ച് ജന്തുശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഹാരസമ്പാദനത്തിനോ സ്വയം രക്ഷിക്കുന്നതിനോ, മറ്റുള്ള ജന്തുക്കളുടെ ശബ്ദ-ചലന-ചേഷ്ടകളും നിറവും മറ്റും അനുകരിക്കുന്നതിന് ജന്തുക്കള്‍ക്കുള്ള സഹജമായ വാസനയേയാണ് മിമിക്രി എന്ന പദം കൊണ്ട് ജന്തുശാസ്ത്രം അര്‍ഥമാക്കുന്നത്. നോ: അനുകരണം
മനുഷ്യന്റെ സ്വഭാവരൂപീകരണത്തിലും സാമൂഹ്യവല്‍ക്കരണത്തിലും അനുകരണകല വഹിക്കുന്ന പങ്കിനെക്കുറിച്ച് മനഃശാസ്ത്രത്തിലും ചേഷ്ടാസിദ്ധാന്തത്തിലും ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. താദാത്മ്യപ്രതീതി സൃഷ്ടിക്കുകയെന്നതാണ് അനുകരണകലയുടെ മര്‍മം. സമീപകാലത്ത് ഈ കലാരൂപം വളരെയേറെ ജനപ്രിയമായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന പാരഡിയുടെ പുനര്‍നിര്‍മിതിയെന്ന നിലയ്ക്കാണ് അനുകരണകല ഇവിടെ വളര്‍ന്നു വന്നത്. മിമിക്രിയില്‍ ശബ്ദചലനങ്ങളെ ശ്രദ്ധയോടെ അനുകരിക്കുമ്പോള്‍, പാരഡിയാകട്ടെ അനുകരണത്തിനു വിധേയമാകുന്നതിനെ ഒരേസമയം പരിഹസിക്കുകയും അതിനോട് മമത പുലര്‍ത്തുകയും ചെയ്യുന്നു. അനുകരണ കലയില്‍, ഒരു വ്യക്തിയുടെ ചേഷ്ടയേയും ശബ്ദത്തേയും മറ്റും ആ വ്യക്തിയില്‍നിന്നു വേര്‍പെടുത്തിയശേഷം അവയെ പരിഷ്കരിച്ച് അതിശയോക്തിപരമായി പുനരവതരിപ്പിക്കുന്നതിലൂടെയാണ് ഹാസ്യാത്മകത ജനിപ്പിക്കുന്നത്. ഈ സാംസ്കാരികരൂപം സിനിമയുടെയും മാധ്യമസാങ്കേതികവിദ്യകളുടെയും സാധ്യതകളെ പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രശസ്തരായ ചലച്ചിത്രതാരങ്ങള്‍, എഴുത്തുകാര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുടെ ചേഷ്ടകള്‍, സംഭാഷണശൈലി, സംസാരത്തിലെ ഉയര്‍ച്ച താഴ്ചകള്‍ എന്നിവയെ, അതിഭാവുകത്വം കലര്‍ത്തി പര്‍വതീകരിക്കുന്നതിലൂടെ പരിഹാസവിഷയങ്ങളാക്കി മാറ്റുന്നു. എന്നാല്‍, സൂചിതപാഠത്തെ മൂര്‍ച്ചയേറിയ വിമര്‍ശനത്തിനു വിധേയമാക്കുന്ന ആക്ഷേപഹാസ്യത്തില്‍ നിന്ന് അനുകരണകല വ്യത്യസ്തമാണ്. പരിമിതമായ വിമര്‍ശനം ഉന്നയിക്കുന്നുവെങ്കിലും 'മൌലിക'മായതിനെ സാധൂകരിക്കുന്നു എന്നതാണ് അനുകരണകലയെന്ന ആവിഷ്കാരരൂപത്തിന്റെ പ്രധാന ന്യൂനത.
നാട്ടുവഴക്കങ്ങള്‍, പൊറാട്ടുകള്‍, കഥകളി, കൂത്ത്, കൂടിയാട്ടം, ഹരികഥാപ്രസംഗം എന്നീ കലാരൂപങ്ങളിലെ അഭിനയ-ശബ്ദസാധ്യതകളെ ഉപയോഗിച്ചുകൊണ്ടാണ് കേരളത്തില്‍ അനുകരണകല ജനപ്രിയമാകുന്നത്. സര്‍ക്കസ് കൂടാരങ്ങളിലെ കോമാളികളുടെ ഹാസ്യപ്രകടനങ്ങള്‍, കഥാപ്രസംഗങ്ങളുടെ ഇടവേളകളിലെ ഹാസ്യാവിഷ്കാരങ്ങള്‍ എന്നിവയെ വിപുലമാക്കി, ഒരു പ്രത്യേകശൈലി രൂപം കൊണ്ടതാണ് 1980-കളിലെ മിമിക്സ് പരേഡുകള്‍. വിവിധതരം കലാരൂപങ്ങളുടെ സങ്കേതങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു ആവിഷ്കാര രീതിയായും ആസ്വാദന പദ്ധതിയായും വളര്‍ന്നതാണ് ഇന്നത്തെ അനുകരണകല.