This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്തീക്കാനെഫ്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:24, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അത്തീക്കാനെഫ്രിയ

Athecanephria


പൊഗോണോഫോറ അകശേരുകിഫൈലത്തിലെ ഒരു ഗോത്രം. ഇതിലുള്‍പ്പെടുന്ന അംഗങ്ങള്‍ കടല്‍ ജീവികളാണ്. സ്വതന്ത്രജീവികളാണെങ്കിലും ദഹനേന്ദ്രിയം കാണാറില്ല എന്നത് പൊഗൊണോഫോറുകളുടെ ഒരു സവിശേഷതയാണ്. മുന്‍ദേഹദരം (cephalic lacuna) സഞ്ചി രൂപത്തിലുള്ളതാണ്. അതിന്റെ ബാഹ്യരന്ധ്രങ്ങള്‍ ദേഹപാര്‍ശ്വങ്ങളില്‍ വെവ്വേറെ സ്ഥിതി ചെയ്യുന്നു. പ്രോട്ടോസോം (protosome), മീസോസോം (mesosome), മെറ്റാസോം (metasome) എന്നീ മൂന്നു ദേഹഖണ്ഡങ്ങള്‍ തമ്മിലുള്ള വിഭജനം സുവ്യക്തമാണ്. ശീര്‍ഷപാളിയില്‍നിന്നു വളരുന്ന ഗ്രാഹികള്‍ തികച്ചും സ്വതന്ത്രങ്ങളാണ്. ഇവയില്‍ രക്തപരിവഹനക്ഷമതയില്ലാത്ത ഒരു ഹൃദയസഞ്ചിയുമുണ്ട്.


അത്തീക്കാനെഫ്രിയയില്‍ രണ്ടു കുടുംബങ്ങളും നൂറ് ജീനസുകളും അന്‍പതോളം സ്പീഷീസും ഉള്‍പ്പെടുന്നു. രണ്ടാമത്തെ ഗോത്രമായ തീക്കാനെഫ്രിയയെ അപേക്ഷിച്ച് അത്തീക്കാനെഫ്രിയയാണ് പ്രാഥമികം എന്നാണ് ഈ ജന്തുക്കളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ ഐവനോവിന്റെ അഭിപ്രായം. മുന്‍ദേഹദരം വെറും സഞ്ചിരൂപത്തിലാണെന്നതും ദേഹത്തെബഡ്ഡുകളുടെ (buds) വികാസം ഏറെ മുന്നോട്ടുപോയിട്ടില്ല എന്നതും ഈ വാദത്തിനു നിദാനങ്ങളാണ്.


ഒളിഗോബ്ളാക്കിഡേ, സിബോഗ്ളിനിഡെ എന്നിവയാണ് ഇതിലുള്‍പ്പെടുന്ന കുടുംബങ്ങള്‍. ആദ്യത്തെ കുടുംബത്തില്‍പ്പെട്ടവയ്ക്ക് 6 മുതല്‍ 12 വരെ ഗ്രാഹികളുള്ളപ്പോള്‍, രണ്ടാമത്തെതിന് ഒരു ഗ്രാഹിമാത്രമേയുള്ളു. ഒളിഗോബ്രാക്കിയ, ബര്‍സ്റ്റീമ എന്നീ ജീനസുകള്‍ ആദ്യകുടുംബത്തിനും സിബോഗ്ളിനം രണ്ടാമത്തെ കുടുംബത്തിനും ഉദാഹരണങ്ങളാണ്. ഇന്ത്യയുടെയും, ശ്രീലങ്കയുടെയും പശ്ചിമതീരത്തുള്ള അഞ്ചു സ്പീഷീസുകളെപ്പറ്റി (സിബോഗ്ളിനോയ്ഡസ് ഡൈബ്രാക്കിയ, സിബോഗ്ളീനം സിലോണിക്കം, സിബോഗ്ളിനം സൈലോണെ, സിപ്ളോബ്രാക്കിയ സൌത്തുവാര്‍ഡെ, ലാമല്ലസാബല്ല മൈന്യൂട്ട) പ്രൊഫ. ഐവനോവ് വിവരിച്ചിട്ടുണ്ട്. നോ: പൊഗോണോഫോറ

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍