This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അത്താലസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അത്താലസ്
Attalus
പ്രാചീന പെര്‍ഗമം (ഏഷ്യാമൈനര്‍) ഭരിച്ച അത്താലിദ് വംശത്തിലെ മൂന്നു രാജാക്കന്മാര്‍.
അത്താലസ് I (ബി.സി. 269-197). ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് അത്താലസ് സോട്ടര്‍ എന്നായിരുന്നു. യൂമെനസ് I-നെ തുടര്‍ന്ന് ബി.സി. 235-ലാണ് അത്താലസ് രാജാവായതെന്നു കരുതപ്പെടുന്നു. ഒരു യുദ്ധത്തില്‍ ഗലേഷ്യന്മാരെ തോല്പിച്ച് ഇദ്ദേഹം തന്റെ രാജപദവി ഉറപ്പിക്കുകയും അന്റിയോക്കസ് ഹൈറാക്ളിസിനെ (ബി.സി. 263-226) തോല്പിച്ച് ഏഷ്യാമൈനറിലെ സെല്യൂസിദ് പ്രദേശങ്ങള്‍ മുഴുവന്‍ പെര്‍ഗമം സാമ്രാജ്യത്തോട് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം മാസിഡോണ്‍കാര്‍, റോമക്കാര്‍, ഈറ്റോലിയന്‍മാര്‍, അക്കീയര്‍ എന്നിവരോടു യുദ്ധം ചെയ്തു. ബി.സി. 197-ല്‍ അത്താലസ് അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പെര്‍ഗമം ഗ്രീക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു. സാഹിത്യം, പ്രതിമാനിര്‍മാണം, ഗ്രന്ഥരചന, സ്റ്റോയിക് അക്കാദമി പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
അത്താലസ് II (ബി.സി. 220-138). അത്താലസ് ഹിലാഡെല്‍ഫസ് എന്ന പേരിലാണറിയപ്പെടുന്നത്. ബി.സി. 220-ല്‍ ജനിച്ചു. ഗ്രീക് (171), ഗലേഷ്യന്‍ (189) ആക്രമണങ്ങളില്‍ ഇദ്ദേഹം അത്താലിദ് സേനകളെ നയിച്ചിട്ടുണ്ട്. യൂമെനസ് II-ാമന്റെ സഹോദരനായ ഇദ്ദേഹം കുറച്ചുകാലം റോമില്‍, പെര്‍ഗമം പ്രതിപുരുഷനായിരുന്നു. ബി.സി. 159-ല്‍ പെര്‍ഗമത്തിലെ രാജാവായി. ഇദ്ദേഹം റോമുമായി വളരെ സൌഹാര്‍ദത്തില്‍ കഴിഞ്ഞു. കിഴക്കന്‍ രാജ്യങ്ങളുമായി നടന്ന യുദ്ധത്തില്‍ ബിത്തീനിയയിലെ പ്രഷ്യസ് II ഇദ്ദേഹത്തിന്റെ തലസ്ഥാനം വളഞ്ഞു. ഈ ദുര്‍ഘടസന്ധിയില്‍ റോമിന്റെ സഹായംമൂലമാണ് അത്താലസ് II രക്ഷപ്പെട്ടത്. ഗ്രീക് സംസ്കാരകേന്ദ്രമെന്ന പാരമ്പര്യം പെര്‍ഗമം, അത്താലസ് II-ാമന്റെ കാലത്തും നിലനിര്‍ത്തി. ബി.സി. 138-ല്‍ ഇദ്ദേഹം അന്തരിച്ചു.
അത്താലസ് III (ഭ.കാ.ബി.സി. 138-133). അത്താലസ് II-ാമനെ തുടര്‍ന്ന് അത്താലസ് ഫിലോമെറ്റര്‍ ബി.സി. 138-ല്‍ പെര്‍ഗമം രാജാവായി. ഇദ്ദേഹം ഒരു ഏകാധിപതിയായിരുന്നു. പൂന്തോട്ടനിര്‍മാണത്തിലും പ്രതിമാനിര്‍മാണത്തിലും ഇദ്ദേഹം താത്പര്യം കാണിച്ചു. ഇദ്ദേഹത്തിന്റെ മരണപത്രത്തിന് ചരിത്രപ്രാധാന്യമുണ്ട്. ഈ വില്പത്രപ്രകാരം തന്റെ നിര്യാണാനന്തരം പെര്‍ഗമം, റോമിന്റേതായിരിക്കുമെന്ന് ഇദ്ദേഹം വ്യവസ്ഥ ചെയ്തു. ബി.സി. 133-ല്‍ അത്താലസ് അന്തരിച്ചപ്പോള്‍ റോമാക്കാര്‍ പെര്‍ഗമം പിടിച്ചെടുത്തു. ഇതിനെതിരായി അരിസ്റ്റോണിക്കസ് അവകാശം പുറപ്പെടുവിച്ചെങ്കിലും, റോമാക്കാര്‍ അദ്ദേഹത്തെ തോല്പിച്ചു. ഇതോടെ പെര്‍ഗമത്തിന്റെ സ്വാതന്ത്യ്രം അവസാനിച്ചു. പെര്‍ഗമം ആധുനികകാലത്ത് ബെര്‍ഗമം എന്ന പേരിലാണറിയപ്പെടുന്നത്. തുര്‍ക്കിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നോ: അത്താലിദ് വംശം, പെര്‍ഗമം