This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിര്‍ത്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അതിര്‍ത്തി
ഒരു സ്ഥലത്തെ അടുത്ത സ്ഥലത്തുനിന്നും വേര്‍തിരിക്കുന്ന അതിര്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയുടേതു മുതല്‍ പരമാധികാരരാഷ്ട്രങ്ങളുടെ അധികാരത്തില്‍പെട്ട ഭൂവിഭാഗങ്ങളുടേതുവരെയുള്ള അതിരുകള്‍ ഈ പദത്തിന്റെ അര്‍ഥവ്യാപ്തിയില്‍ ഉള്‍പ്പെടും. സ്വകാര്യ ഉടമയിലുള്ള ഭൂമി, പഞ്ചായത്ത്, താലൂക്ക്, ബ്ളോക്ക്, ജില്ല, സംസ്ഥാനം, രാജ്യം തുടങ്ങിയവയുടെ അതിരുകള്‍ അഭിപ്രായഭിന്നതകള്‍ക്കും വിവാദങ്ങള്‍ക്കും ചിലപ്പോള്‍ കലാപങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍, പരമാധികാരരാഷ്ട്രങ്ങള്‍ എന്നിവയുടെ അതിരുകളെ ആസ്പദമാക്കിയുള്ള അതിര്‍ത്തിപ്രശ്നങ്ങള്‍ക്കാണ് രാഷ്ട്രതന്ത്രത്തില്‍ പ്രസക്തി.
പ്രാചീന മധ്യകാലഘട്ടങ്ങളില്‍ വിവിധ രാഷ്ട്രങ്ങളെ വേര്‍തിരിക്കുന്ന വ്യക്തമായ അതിര്‍ത്തിരേഖകള്‍ ഉണ്ടായിരുന്നില്ല. ഒരു രാഷ്ട്രത്തിന്റെ അധികാരസീമ വ്യക്തമായി നിര്‍വചിക്കുക അന്ന് പ്രയാസമായിരുന്നു. പൊതുവായി ഏതെങ്കിലും പ്രദേശം അതിരായി ഗണിക്കപ്പെടുമായിരുന്നെങ്കിലും ഒരു പ്രത്യേകരേഖ രാഷ്ട്രങ്ങളുടെ അതിരായി അംഗീകരിക്കപ്പെട്ടിരുന്നില്ല.
യൂറോപ്പില്‍ റോമാ സാമ്രാജ്യത്തിന്റെ അസ്തമനത്തോടുകൂടി (1806) അനേകം ചെറിയ രാഷ്ട്രങ്ങള്‍ ആവിര്‍ഭവിക്കുകയും, ആ രാഷ്ട്രങ്ങളെ തമ്മില്‍ വേര്‍തിരിക്കാന്‍ പ്രത്യേകം വ്യക്തമായ അതിര്‍ത്തികള്‍ ഉണ്ടാവുക ആവശ്യമായിത്തീരുകയും ചെയ്തു. അന്നുണ്ടായിരുന്ന അതിരുകളും ശാസ്ത്രീയാടിസ്ഥാനത്തില്‍ ആയിരുന്നില്ല. ഭൂമിശാസ്ത്രത്തിന്റെയും ഭൂപടശാസ്ത്ര(Cartography)ത്തിന്റെയും വികാസത്തോടെ ആധുനിക രീതിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ രേഖപ്പെടുത്തിത്തുടങ്ങി. ഭൂമിയുടെ ഉപരിതലത്തെ(Topography)പ്പറ്റിയുള്ള പഠനവും ഗണിതശാസ്ത്രത്തിന്റെ വികാസവും, രാജ്യങ്ങള്‍ തമ്മില്‍ വ്യക്തമായ അതിര്‍ത്തിരേഖകള്‍ നിശ്ചയിക്കുന്നതിനു സഹായകമായി.
നദികള്‍, തടാകങ്ങള്‍, പര്‍വതങ്ങള്‍, മലകള്‍ എന്നീ പ്രകൃതിഭാഗങ്ങളെ രാജ്യാതിര്‍ത്തികളായി അംഗീകരിച്ചു തുടങ്ങിയത് 17-ഉം, 18-ഉം ശ.-ങ്ങളോടുകൂടിയാണ്. ഫ്രഞ്ചു വിപ്ളവാനന്തരം (1789) യൂറോപ്പില്‍ നിശ്ചിതവും വ്യക്തവുമായ അതിര്‍ത്തികള്‍ കൂടിയേ കഴിയൂ എന്ന അവസ്ഥ സംജാതമായി. അതിനുശേഷം അതിര്‍ത്തി നിര്‍ണയനത്തില്‍ വളരെയേറെ പുരോഗതിയുണ്ടായി.
അതിര്‍ത്തിനിര്‍ണയനവും (delimitation) അതിര്‍ത്തി തിരിക്കലും (demarcation) അതിര്‍ത്തിയെ സംബന്ധിച്ചുള്ള പ്രധാന ഘടകങ്ങളാണ്. രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയെ ആസ്പദമാക്കി അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതിയോ മറ്റു കോടതികളോ ഉഭയകക്ഷി സമ്മതപ്രകാരം രൂപവത്കരിക്കപ്പെടുന്ന സമിതിയോ ആയിരിക്കും അതിര്‍ത്തിനിര്‍ണയനം നടത്തുന്നത്. വിവാദപ്രശ്നങ്ങളില്ലെങ്കില്‍ രണ്ടു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മിലുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണയിക്കപ്പെടും. നയതന്ത്രപരമായ നടപടിക്രമങ്ങളിലൂടെയാണ്, അതിര്‍ത്തി സാധാരണ നിര്‍ണയിക്കപ്പെടുന്നത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിനിര്‍ണയനത്തില്‍ ഉഭയകക്ഷികള്‍ കൂടാതെ, അതില്‍ താത്പര്യമുള്ള മറ്റു രാഷ്ട്രങ്ങളും ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. യുദ്ധം കഴിഞ്ഞു രാജ്യാതിര്‍ത്തികളില്‍ മാറ്റങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കുശേഷം യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികളില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടായി. വന്‍ ശക്തികള്‍ക്ക് പ്രാബല്യം ഉണ്ടായിരുന്ന യുദ്ധാനന്തര സമാധാനസമ്മേളനങ്ങളാണ് യൂറോപ്പിലെ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്.
അതിര്‍ത്തി നിര്‍ണയനം. അതിര്‍ത്തിനിര്‍ണയനത്തില്‍ യുദ്ധതന്ത്ര(strategic) പ്രാധാന്യം, ജനങ്ങളുടെ വര്‍ഗം, സാമ്പത്തികഘടകങ്ങള്‍, ഭൂമിശാസ്ത്രം, ചരിത്രം ആദിയായവ സ്വാധീനത ചെലുത്താറുണ്ട്. ഒരു രാജ്യത്തിന്റെ അതിര്‍ത്തി അതിന്റെ ഭൂപരമായ സുരക്ഷിതത്വത്തെ എങ്ങനെ ബാധിക്കുമെന്ന അടിസ്ഥാനത്തിലുള്ള പരിഗണന അതിര്‍ത്തിനിര്‍ണയനത്തില്‍ സ്വാധീനത ചെലുത്താറുണ്ട്. സാമ്പത്തികം, ഭൂമിശാസ്ത്രപരം, ചരിത്രപരം, സാംസ്കാരികം എന്നീ അടിസ്ഥാനങ്ങളും രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയനത്തില്‍ സ്വാധീനത ചെലുത്താറുണ്ട്.
അതിര്‍ത്തി അടയാളപ്പെടുത്തല്‍ (Demarcation). അതിര്‍ത്തി നിര്‍ണയനത്തിനുശേഷം അതിര്‍ത്തികള്‍ അടയാളപ്പെടുത്തല്‍ നടത്തുന്നു. ബന്ധപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് അതിര്‍ത്തികള്‍ അടയാളപ്പെടുത്തുന്നത്. സ്തൂപങ്ങളോ അതിര്‍ത്തിക്കല്ലുകളോ സ്ഥാപിച്ച് അതിര്‍ത്തി വേര്‍തിരിച്ച് അറിയുന്നതിനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. നദിയോ, തടാകമോ അതിര്‍ത്തിയായി നിശ്ചയിക്കുകയാണെങ്കില്‍ അതിലെ ഗതാഗതയോഗ്യമായ ഭാഗമാണ് അതിരായി അംഗീകരിക്കുക. തടാകങ്ങള്‍, കടലിടുക്കുകള്‍, പര്‍വതനിരകള്‍ ആദിയായവയെയും അതിര്‍ത്തികളായി അംഗീകരിക്കാറുണ്ട്. പര്‍വതങ്ങളെ അതിര്‍ത്തിയായി അംഗീകരിക്കുമ്പോള്‍, ജലവിഭാജകം (water shed) ആണ് അതിര്‍ത്തിരേഖയായി സ്വീകരിക്കുന്നത്. നദികള്‍ അതിര്‍ത്തിയായി നിര്‍ണയിക്കപ്പെട്ടാല്‍, നദികളുടെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, പിന്നീടു പല തര്‍ക്കങ്ങള്‍ക്കും കാരണമാകും. ഇംഗ്ളണ്ടിലെ കൌണ്ടികളുടെയും യൂറോപ്യന്‍ രാജ്യങ്ങളിലെ പല ഭരണവിഭാഗങ്ങളുടെയും അതിര്‍ത്തികള്‍ നദികളാണ്. ആസ്റ്റ്രേലിയ, കാനഡ, യു.എസ്. എന്നീ രാജ്യങ്ങളില്‍ നദികളെ അതിര്‍ത്തികളായി അംഗീകരിക്കാറുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലും ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം.
അന്താരാഷ്ട്രപ്രാധാന്യമുള്ള ചില അതിര്‍ത്തിരേഖകളാണ്, ഇന്ത്യയെയും ചൈനയെയും തമ്മില്‍ വേര്‍തിരിക്കുന്ന മക്മോഹന്‍രേഖ, പാകിസ്താനെയും അഫ്ഗാനിസ്താനെയും വേര്‍തിരിക്കുന്ന ഡുറന്‍ഡ്ലൈന്‍, സൈപ്രസ്സിലെ ഗ്രീന്‍ലൈന്‍ ആദിയായവ. ഗ്രീന്‍ലൈന്‍ സൈപ്രസ്സില്‍ തുര്‍ക്കികളും ഗ്രീക്കു വംശജരും വസിക്കുന്ന പ്രദേശങ്ങളെ വേര്‍തിരിക്കുന്നു. ഉത്തരകൊറിയയെയും ദക്ഷിണകൊറിയയെയും തമ്മില്‍ വേര്‍തിരിക്കുന്ന 38-ാം സമാന്തരരേഖയും ഉത്തര വിയറ്റ്നാമിനെയും ദക്ഷിണവിയറ്റ്നാമിനെയും വേര്‍തിരിക്കുന്ന 17-ാം സമാന്തരരേഖയും അന്താരാഷ്ട്രപ്രാധാന്യമുള്ള അതിര്‍ത്തിരേഖകളാണ്.
അതിര്‍ത്തിത്തര്‍ക്കങ്ങള്‍. കാനഡയും യു.എസും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ബ്രിട്ടിഷ് അധിനിവേശപ്രദേശങ്ങളും യു.എസും തമ്മിലുണ്ടായ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ കാനഡയ്ക്കു ഡൊമിനിയന്‍ പദവി നല്കിയ ശേഷവും തുടര്‍ന്നു. ആംഗ്ളോ-അമേരിക്കന്‍ ബന്ധങ്ങളെ ഈ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ വളരെ ഉലച്ചിട്ടുണ്ട്. യു.എസും മെക്സിക്കോയും തമ്മിലും, യു.എസും ഇംഗ്ളണ്ടും തമ്മിലും ഉണ്ടായ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ചരിത്രസംഭവങ്ങളാണ്. യു.എസ്.എസ്.ആറും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കമുണ്ടാവുകയും ചെറിയ തോതില്‍ സായുധസംഘട്ടനം നടക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ അതിര്‍ത്തിയെ സംബന്ധിച്ച് എത്യോപ്യയും സോമാലിയയും തമ്മിലും തര്‍ക്കങ്ങള്‍ നിലവിലുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഗുജറാത്തിലെ റാന്‍ ഒഫ് കച്ചിലെ അതിര്‍ത്തിയെ സംബന്ധിച്ചിട്ടുണ്ടായ തര്‍ക്കം ഒരു അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പരിഹൃതമായി. ഇന്ത്യയും ചൈനയും തമ്മില്‍ ഉത്തരേന്ത്യയിലെ അതിര്‍ത്തിയെ സംബന്ധിക്കുന്ന തര്‍ക്കം നിലവിലുണ്ട്. ഇംഗ്ളീഷുകാരുടെ ഇന്ത്യാ അധിനിവേശകാലത്തു നിര്‍ണയിക്കപ്പെട്ട മക്മോഹന്‍രേഖ ആധുനിക ചൈനീസ് ഭരണാധികാരികള്‍ അംഗീകരിക്കുന്നില്ല. തന്‍മൂലം ഇന്ത്യാ-ചൈനാ അതിര്‍ത്തിത്തര്‍ക്കം സായുധസംഘട്ടനത്തിലെത്തി (1962).
ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ പ്രവിശ്യകളെ പുനര്‍വിഭജനം നടത്തിയ ശേഷവും (1956) അതിര്‍ത്തിത്തര്‍ക്കങ്ങളുണ്ടായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിര്‍ത്തിയിലെ നദീജലത്തെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലവിലുണ്ട്.