This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളം-5

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:18, 24 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)


ഉള്ളടക്കം

ഭരണസംവിധാനം

ആമുഖം

പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ഭരണസംവിധാനങ്ങളെക്കുറിച്ച് അറിയുന്നതിനുള്ള വ്യക്തമായ ചരിത്രരേഖകള്‍ വിരളമാണ്. സ്ഥിരവാസവും കാര്‍ഷികവൃത്തിയും വികസിച്ച കാലഘട്ടത്തില്‍ മനുഷ്യര്‍ ഇവിടെ ഗോത്രങ്ങളായാണ് താമസിച്ചിരുന്നതെന്ന് കരുതുന്നു. ഓരോ ഗോത്രത്തിനും ഗോത്രത്തലവന്മാരും കുലചിഹ്നങ്ങളും പ്രത്യേക അധികാരപരിധിയും ഉണ്ടായിരുന്നു. ഗോത്രാംഗങ്ങളുടെ പരിപാലനം, കന്നുകാലികളെയും കൃഷിയെയും സംരക്ഷിക്കല്‍ തുടങ്ങിയവയായിരുന്നു ഗോത്രത്തലവന്റെ കര്‍ത്തവ്യങ്ങള്‍. ഇത്തരം ഗോത്രഭരണത്തിന്റെ പിന്തുടര്‍ച്ചയായിരിക്കാം ഇപ്പോഴും ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഊര്‍ക്കൂട്ടങ്ങള്‍ എന്നു കരുതപ്പെടുന്നു.

പുരാതന കേരളത്തില്‍ നിലനിന്നിരുന്ന ഭരണസംവിധാനത്തിലേക്ക് വെളിച്ചം വീശുന്ന ആദ്യത്തെ ചരിത്രരേഖ അശോക ചക്രവര്‍ത്തിയുടെ (ബി.സി. 272-232) ഗിര്‍ണാര്‍ ശിലാശാസനങ്ങളാണ്. അശോകശിലാശാസനങ്ങള്‍ വ്യക്തമാക്കുന്നത്, ആ കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെട്ട തമിഴകത്ത് വിവിധ രാജവംശങ്ങള്‍ ഭരണം നടത്തിയിരുന്നു എന്നാണ്. ചേരരാജാക്കന്മാരുടെ അപദാനങ്ങളാല്‍ സമ്പന്നമായ സംഘകൃതികള്‍ സംഘകാലഘട്ടത്തിലെ കേരളത്തെപ്പറ്റിയും അന്നത്തെ രാജാക്കന്മാരെപ്പറ്റിയും യുദ്ധങ്ങളെപ്പറ്റിയും രാജ്യങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നതില്‍ നിന്നും സംഘകാലഘട്ടത്തിലോ അതിനുതൊട്ടുമുമ്പോ ആയിരിക്കാം തമിഴകത്ത് രാജഭരണം വ്യവസ്ഥാപിതമായതെന്ന് കരുതാം.

പത്ത് ചേരരാജാക്കന്മാരെപ്പറ്റി പ്രതിപാദിക്കുന്ന പതിറ്റുപത്ത് പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളില്‍ ഏറ്റവും പുരാതനമായത് ചേരരാജവംശമാണെന്ന് കരുതുന്നു. തെക്ക് ആയ് രാജവംശത്തിനും വടക്ക് ഏഴിമല രാജവംശത്തിനും മധ്യേയായിരുന്നു ചേരനാട് സ്ഥിതി ചെയ്തിരുന്നത്. ചേര രാജാക്കന്മാരില്‍ നല്ലൊരു ശതമാനംപേര്‍ ധര്‍മിഷ്ഠരും പ്രജാക്ഷേമതത്പരരുമായിരുന്നെന്ന് സംഘകൃതികള്‍ വെളിപ്പെടുത്തുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ബുദ്ധ-ജൈനമതങ്ങള്‍ക്ക് പ്രചരിക്കാന്‍ വേണ്ട സൗകര്യമൊരുക്കിയ ചേരരാജാക്കന്മാര്‍ വിദേശവാണിജ്യം ശക്തിപ്പെടുത്തുന്നതിലും അതീവ ശ്രദ്ധാലുക്കളായിരുന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ പതനാനന്തരം മഹോദയപുരം ആസ്ഥാനമാക്കി നിലവില്‍വന്ന രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ഏറെക്കുറെ കേന്ദ്രീകൃതമായൊരു ഭരണം കേരളത്തില്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എ.ഡി. ഒമ്പതാം ശ. മുതല്‍ 12-ാം ശ. വരെയായിരുന്നു രണ്ടാം ചേരസാമ്രാജ്യരാജാക്കന്മാരുടെ ഭരണം.

രാജവാഴ്ചയും കൗണ്‍സിലും. പുരാതനകേരളം വിശാലതമിഴകത്തിന്റെ ഭാഗമായിരുന്നതിനാല്‍ ഇവിടെ നിലനിന്നിരുന്ന ഭരണക്രമവും തമിഴകത്തില്‍ നിലനിന്നിരുന്ന ഭരണക്രത്തിന് ഏറെക്കുറെ സമാനമായിരുന്നു. ഒന്നാം നൂറ്റാണ്ടുമുതല്‍ അഥവാ സംഘകാലാരംഭം മുതല്‍ക്കുതന്നെ രാജാവിന് ഉന്നതമായ പദവിയാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസം, യാഗം, കവികളെയും പണ്ഡിതന്മാരെയും സംരക്ഷിക്കല്‍, ശിക്ഷ വിധിക്കല്‍, ജനങ്ങളെ രക്ഷിക്കല്‍ എന്നിവ രാജാവിന്റെ കടമകള്‍ ആയിരുന്നു. രാജ്യത്തിന്റെ സൈനികശക്തിയുടെ നായകനായിരുന്നു രാജാവ്. ചിലപ്പോഴൊക്കെ അദ്ദേഹംതന്നെ സര്‍വസൈന്യാധിപനാവുകയും ആനപ്പുറത്തിരുന്നുകൊണ്ട് യുദ്ധത്തില്‍ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തിരുന്നു. രാജാവ് നീതിയുടെ ഉറവിടം മാത്രമായിരുന്നില്ല, നിയമവ്യാഖ്യാതാവ് കൂടിയായിരുന്നു. 'അറം' അഥവാ ധര്‍മം പാലിക്കേണ്ടത് രാജാവിന്റെ ചുമതലയായിരുന്നു. രാജസദസ്സില്‍ രാജ്ഞിക്കും പ്രമുഖസ്ഥാനമുണ്ടായിരുന്നു. പണ്ഡിതന്മാരും സാംസ്കാരിക നായകരും മന്ത്രിമാരും ഉപദേഷ്ടാക്കളും ഉള്‍പ്പെട്ടതായിരുന്നു രാജസദസ്സ്.

മന്ത്രിമാര്‍ ഭരണകാര്യങ്ങളില്‍ രാജാക്കന്മാരെ സഹായിച്ചിരുന്നതായി സംഘം കൃതികളില്‍നിന്നു മനസ്സിലാക്കാം. നാലുപേര്‍ ഉള്‍പ്പെട്ട സഭയായ 'നാര്‍പെരുംകുഴു', അഞ്ചുപേരുള്ള 'ഐംപെരുംകുഴു', എട്ടുപേരുള്ള 'എണ്‍പേരായം' എന്നിവ രാജാവിനെ സഹായിച്ചുപോന്ന വിവിധ കൗണ്‍സിലുകളായിരുന്നു. എന്നാല്‍ അവയുടെ യഥാര്‍ഥ സ്വഭാവവും അധികാരങ്ങളും എന്തായിരുന്നുവെന്ന് വ്യക്തമല്ല. സേനാനായകന്‍, പുരോഹിതന്‍, കവി, ജ്യോത്സ്യന്‍, ഒന്നോ അതിലധികമോ മന്ത്രിമാര്‍ ഇവരെല്ലാം ഉള്‍പ്പെട്ടതായിരുന്നിരിക്കണം രാജാവിന്റെ കൗണ്‍സില്‍.

ഗ്രാമഭരണം

സംഘകാലത്ത് ഗ്രാമങ്ങള്‍ സംഘടിത ഭരണഘടകങ്ങളായിരുന്നു. ഗ്രാമത്തിന്റെ പൊതുകാര്യങ്ങള്‍ നോക്കുന്നതില്‍ ജനങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നു. ഓരോ ഗ്രാമത്തിലെയും 'മന്റങ്ങള്‍' എന്നറിയപ്പെട്ടിരുന്ന പൊതുസ്ഥലങ്ങളിലായിരുന്നു ഗ്രാമത്തിന്റെ പൊതുകാര്യങ്ങളെക്കുറിച്ചാലോചിക്കാന്‍ ജനങ്ങള്‍ സമ്മേളിച്ചിരുന്നത്. വ്യക്തികളും ഗണങ്ങളും തമ്മിലുള്ള വഴക്കുകള്‍ മന്റത്തില്‍ വച്ച് ഗ്രാമത്തലവന്മാര്‍ പറഞ്ഞുതീര്‍ത്തിരുന്നു. 'അറം' അഥവാ ധര്‍മം പരിപാലിച്ചിരുന്ന സ്ഥലങ്ങളായിട്ടാണ് മന്റം അറിയപ്പെട്ടിരുന്നത്.

ഉച്ചനീചത്വഭേദമില്ലാതെ എല്ലാവരും പങ്കെടുത്തിരുന്ന പൊതുസ്ഥാപനങ്ങളായിരുന്നു മന്റങ്ങള്‍. ഇക്കാലത്തുതന്നെ ബ്രാഹ്മണരുടേത് മാത്രമായ ബ്രഹ്മദേയങ്ങള്‍ അഥവാ ബ്രാഹ്മണഗ്രാമങ്ങളും രൂപംപ്രാപിച്ചു വന്നിരുന്നു. ഈ ബ്രാഹ്മണഗ്രാമങ്ങള്‍ മിക്കവാറും സ്വയംഭരണസ്ഥാപനങ്ങളായിരുന്നു; രാജാക്കന്മാരുടെ ഇടപെടല്‍ കൂടാതെ തന്നെ അവ വളര്‍ച്ച പ്രാപിച്ചുവന്നു. പദ്മനാഭമേനോന്റെ അഭിപ്രായത്തില്‍ 'പ്രാചീനകേരളത്തിലെ ഗ്രാമറിപ്പബ്ലിക്കുകള്‍ പ്രാദേശിക കാര്യങ്ങള്‍ എല്ലാം നടത്തുന്ന സ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. അവയ്ക്ക് സ്വന്തമായ പൊതുമുതലെടുപ്പുണ്ടായിരുന്നു; സ്വന്തം ചെലവിന് അവ നികുതി ചുമത്തിയിരുന്നു. അതത് അതിര്‍ത്തിക്കകത്തുള്ള തര്‍ക്കങ്ങള്‍ക്ക് വിധി കല്പിക്കുകയും ചെയ്തിരുന്നത് ഇതേ റിപ്പബ്ലിക്കുകളായിരുന്നു. അവയ്ക്ക് സ്വന്തമായ ക്ഷേത്രങ്ങളും സ്വന്തം മേച്ചില്‍സ്ഥലങ്ങളും സ്വന്തം ജോലിക്കാരും ജീവിതത്തിനാവശ്യമായ മറ്റെല്ലാ ഏര്‍പ്പാടുകളുമുണ്ടായിരുന്നു'.

ബ്രാഹ്മണഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ നായന്മാരുടെ 'തറകളും' ഈഴവര്‍ തൊട്ട് കീഴോട്ടുള്ളവരുടെ 'ചേരി'കളും ശ്രദ്ധേയമാണ്. തറകളിലെ താമസക്കാരായ നായര്‍ പടയാളികള്‍ അവയെ ഓരോ ചെറിയ ചെറിയ റിപ്പബ്ലിക്കുകളായി മാറ്റിയിരുന്നു. 'തറക്കൂട്ടങ്ങള്‍' രാജാവിന്റെ മാത്രമല്ല, ദേശ-നാടുവാഴികളുടെപോലും സ്വേച്ഛാധിപത്യപരമായ പ്രവണതകളെ നിയന്ത്രിച്ചിരുന്നു.

മുകളില്‍ വിവരിച്ചപ്രകാരം രാജവാഴ്ചയില്‍ അധിഷ്ഠിതമായ ഒരു സംഘടിതഭരണം സംഘകാലത്തിന്റെ പ്രത്യേകതകളായിരുന്നു. എന്നാല്‍ സംഘാനന്തരകാലത്ത് അഥവാ അഞ്ചും ആറും ശതകങ്ങളില്‍ ജനജീവിതം സങ്കീര്‍ണമായി. 8-ാം ശതകത്തില്‍ രണ്ടാം ചേരസാമ്രാജ്യം അഥവാ കുലശേഖരസാമ്രാജ്യം (800-1102) സ്ഥാപിക്കപ്പെട്ടതോടുകൂടി വീണ്ടും രാജവാഴ്ച വ്യവസ്ഥാപിതമാകുകയും രാഷ്ട്രീയൈക്യവും ഭരണസ്ഥിരതയും കൈവരിക്കുകയും ചെയ്തു. എന്നാല്‍ കുലശേഖരഭരണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ നിര്‍ണായകമായ ചേര-ചോളയുദ്ധത്തിന്റെ ഫലമായി രാജ്യം ചെറുതുണ്ടുകളാവുകയും പ്രാദേശികമായി നാടുവാഴികളും ദേശവാഴികളും ഭൂപ്രഭുക്കന്മാരും ഉള്‍പ്പെടുന്ന പുതിയൊരു അധികാരിവര്‍ഗം ഉരുത്തിരിയുകയും ചെയ്തു. 11-ാം ശതകത്തോടുകൂടി ഒരൊറ്റ രാജ്യമായുള്ള ഏകീകൃതഭരണസമ്പ്രദായം കേരളത്തില്‍ അവസാനിച്ചു.

=ദേശ-നാടുവാഴിഭരണം

സംഘാനന്തരകാലഘട്ടത്തില്‍, വിശേഷിച്ചും കുലശേഖരന്മാരുടെ കാലത്ത് ഗ്രാമത്തില്‍ യുദ്ധത്തിന്റെ നിഴല്‍ വീശിയിരുന്നു. തത്ഫലമായി ഓരോ ഗ്രാമവും ഓരോ സൈനികഘടകമായി രൂപംപ്രാപിച്ചു. ഗ്രാമത്തലവന്‍, നീതിനിര്‍വഹണത്തിനും സമാധാനപരിപാലനത്തിനും മാത്രമല്ല, സൈനികനടപടികള്‍ക്കുപോലും ചുമതലപ്പെട്ട ദേശവാഴിയായിത്തീര്‍ന്നു. ഗ്രാമപ്രധാനികളില്‍ നിന്നായിരുന്നു ദേശവാഴികളെ നിശ്ചയിച്ചിരുന്നത്. കാലക്രമത്തില്‍ ദേശവാഴിയുടെ തസ്തിക പരമ്പരാഗതമായിത്തീര്‍ന്നു. ദേശവാഴികള്‍ സാധാരണയായി നായന്മാരോ അല്ലെങ്കില്‍ ബ്രാഹ്മണരോ ആയിരുന്നു. ഗ്രാമക്ഷേത്രങ്ങളിലെ ഉത്സവവേളകളിലും ഗ്രാമത്തിലെ മറ്റ് ആഘോഷപരിപാടികളിലും പ്രതിഫലം പറ്റുന്നതിനുപുറമേ, മറ്റു ചില നികുതികള്‍ ഈടാക്കുന്നതിന് ഇവര്‍ക്കുണ്ടായിരുന്ന അവകാശത്തെയും രാജാവ് അംഗീകരിച്ചുകൊടുത്തിരുന്നു.

നാടുവാഴി. പാണ്ഡ്യരാജ്യവും ചോളരാജ്യവും എന്നപോലെ ചേരരാജ്യവും കുലശേഖരന്മാരുടെ കാലത്ത് അനേകം നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. ഒരു ദേശത്തില്‍ ദേശവാഴിക്കുണ്ടായിരുന്ന അതേ അധികാരങ്ങളും പ്രത്യേകാവകാശങ്ങളുമാണ് നാടുവാഴിക്ക് അവരുടെ നാട്ടില്‍ ഉണ്ടായിരുന്നത്. നാട്ടിലെ ന്യായാധിപനും സമാധാനപരിപാലകനും നികുതിപിരിവുദ്യോഗസ്ഥനും എല്ലാം നാടുവാഴിതന്നെയായിരുന്നു. നൂറില്‍ കുറയാതെയുള്ള നായര്‍ പടയാളികള്‍ ഓരോ നാടുവാഴിക്കുമുണ്ടായിരുന്നു. അതില്‍ കുറഞ്ഞ എണ്ണമുള്ളവരെ ദേശവാഴികളായിട്ടാണ് ഗണിച്ചിരുന്നത്. അതായത്, ഓരോ നാടിന്റെയും ദേശത്തിന്റെയും വിഭജനം അവിടെ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്ന നായര്‍യോദ്ധാക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ ഫ്യൂഡല്‍ പ്രഭുക്കള്‍ നിശ്ചിതമായ ഒരു സേനാവിഭാഗത്തെ രാജാക്കന്മാര്‍ ആവശ്യപ്പെടുമ്പോള്‍ സേവനത്തിനെത്തിക്കാമെന്ന കരാറില്‍ വലിയ 'ജന്മ'ങ്ങള്‍ വാങ്ങിക്കഴിഞ്ഞിരുന്നതുപോലെ, കേരളത്തിലെ ദേശ-നാടുവാഴികളും ഇത്ര ഇത്ര നായര്‍ യോദ്ധാക്കളെ രാജാവ് ആവശ്യപ്പെടുമ്പോള്‍ യുദ്ധത്തിന് അയച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍ ഒരു ദേശത്തിന്റെയോ നാടിന്റെയോ ആധിപത്യം കൈയടക്കി നിലനിര്‍ത്തിയിരുന്നു. മേല്‍ക്കോയ്മയായ രാജാവിന്റെ ആവശ്യത്തിന് യുദ്ധകാലങ്ങളില്‍ പടവെട്ടാന്‍ തന്റെ സൈന്യത്തെ നയിക്കുകയെന്നതില്‍ക്കവിഞ്ഞ ഒരു വിധേയത്വം ഈ നാടുവാഴികള്‍ക്കോ ദേശവാഴികള്‍ക്കോ ഉണ്ടായിരുന്നില്ല. തങ്ങളുടെ നാടിനെയോ ദേശത്തെയോ സംബന്ധിച്ച മറ്റെല്ലാകാര്യങ്ങളും നിര്‍വഹിക്കാന്‍ ഇവര്‍ക്ക് സകല അധികാരങ്ങളുമുണ്ടായിരുന്നു.

'മുന്നൂറ്റുവര്‍', 'അറുനൂറ്റുവര്‍', 'ആയിരത്തവര്‍' മുതലായ പേരുകള്‍ ഓരോ നാടുവാഴിയുടെയും കീഴിലുള്ള പടയാളികളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. ഈ ഓരോ കൂട്ടരും കുടുംബസമേതം ഓരോ പ്രത്യേക പ്രദേശത്ത് താമസിക്കുകയും യുദ്ധകാലത്ത് ഇവരെല്ലാം തങ്ങളുടെ നാടുവാഴിക്കുവേണ്ടി പോരാടുകയും ചെയ്തിരുന്നു. ഓരോ ഘടകത്തിനും അതിന്റേതായ ഓരോ സഭയും ഉണ്ടായിരുന്നു. സമാധാനകാലത്ത് അവര്‍ സമ്മേളിച്ച് ഭരണപരവും സാമൂഹികവുമായ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, തിരുവിതാംകൂര്‍ ഭാഗത്തെ മാര്‍ത്താണ്ഡവര്‍മ രാജാവും മലബാര്‍ പ്രദേശത്തെ മൈസൂര്‍ സുല്‍ത്താന്മാരും ഏകീകരിക്കുന്നതിനുമുമ്പ് കേരളം കൊച്ചു കൊച്ചു നാട്ടുരാജ്യങ്ങളുടെ ഒരു സമാഹാരമായിരുന്നു. രാജ്യത്തെ അനവധി നാടുകളായി വിഭജിച്ചിരുന്നു, എങ്കിലും അവയുടെ വിസ്തൃതി ഒരിക്കലും സമാനമായിരുന്നില്ല. നാടുകളെ പിന്നെയും ചെറുതുണ്ടുകളാക്കി മുറിച്ച് മാടമ്പിമാരായ ദേശവാഴികളെ ഏല്പിച്ചിരുന്നു. ഈ പ്രദേശങ്ങളുടെയൊക്കെ ഭരണാധികാരികള്‍ക്ക് അവരുടേതായ സ്വകാര്യസ്വത്തും ഉണ്ടായിരുന്നു. അവ നേരിട്ടോ കാര്യസ്ഥന്മാര്‍ മുഖേനയോ ആണ് നോക്കിയിരുന്നത്. ഈ ദേശങ്ങളെ വീണ്ടും ചെറുതുണ്ടുകളായി വിഭജിച്ചിരുന്നുവെങ്കിലും അത് പ്രദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇവയുടെ വിഭജനം ഗ്രാമം, തറ, ചേരി എന്നിങ്ങനെ ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇവയുടെ കാര്യനടത്തിപ്പ് അതത് ജാതിത്തലവന്മാരുടെ ചുമതലയിലായിരുന്നു; മേല്‍നോട്ടം കാരണവരുടെ ചുമതലയിലും. അദ്ദേഹത്തിന്റെ ചുമതലകളുടെ കൂട്ടത്തില്‍ താന്‍ ഏതു ജന്മിയുടെയോ രാജാവിന്റെയോ കീഴിലായിരുന്നുവോ ആ മേധാവിയുടെ സ്ഥലങ്ങള്‍ കൃഷിചെയ്യിക്കുന്നതിന്റെ മേല്‍നോട്ടവും, ആവശ്യപ്പെടുമ്പോള്‍ നിശ്ചിതമായ നായര്‍ പടയാളികളോടുകൂടി യജമാനനെ സേവിക്കുക എന്നതും ഉള്‍പ്പെട്ടിരുന്നു. കൃഷിയുടെ മേല്‍നോട്ടം വകയില്‍ ഉത്പാദനത്തിന്റെ ഒരു ഭാഗം കാരണവര്‍ക്ക് അവകാശമായി ലഭിച്ചിരുന്നു. ജാതിനിയമങ്ങള്‍ പാലിക്കുന്നതും ഇവരുടെ കര്‍ത്തവ്യമായിരുന്നു.

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിലനിന്നിരുന്ന 'ഗ്രാമങ്ങളില്‍' നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കേരളത്തിലെ ഗ്രാമങ്ങളുടെ വ്യവസ്ഥിതി. ഇവിടെ ജാതിവര്‍ഗഘടകങ്ങളായ ഗ്രാമം, തറ, ചേരി എന്നിവയായിരുന്നു രാഷ്ട്രീയ സംവിധാനത്തിലെ ചെറിയ ഘടകങ്ങള്‍. ഈ ഗ്രാമങ്ങളും തറകളും ആകട്ടെ നാടുവാഴികളില്‍ നിന്നും യഥാര്‍ഥത്തില്‍ സ്വതന്ത്രമായി വര്‍ത്തിച്ചുവന്നവയുമാണ്. കേരളത്തിന്റെ സവിശേഷമായ നാട്ടാചാരങ്ങളും ധര്‍മങ്ങളും എല്ലാവരും ഒരുപോലെ അനുവര്‍ത്തിച്ചിരുന്നതുകൊണ്ടാണ് ഈ രാഷ്ട്രീയ വികേന്ദ്രീകരണം ഇത്രയും വിജയകരമായി നിലനിന്നുപോന്നത്. എന്നാല്‍ അതിന്റെ ഫലമാകട്ടെ, രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയുമായിരുന്നു. തറകളില്‍ താമസിച്ചിരുന്ന നായന്മാര്‍ ഓരോ ചെറിയ സ്വതന്ത്രഘടകമായാണ് വര്‍ത്തിച്ചിരുന്നത്. തന്റെ കീഴിലുള്ള ഇടപ്രഭുക്കന്മാരുടെയോ നാടുവാഴികളുടെയോ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുവാന്‍ രാജാക്കന്മാര്‍ക്ക് അധികാരം നല്കുന്നതായിരുന്നില്ല ഇവിടത്തെ നാട്ടാചാരം. അവര്‍ കൈവശം വച്ചിരുന്ന ഭൂമി പരമ്പരാഗതമായ പൂര്‍വാര്‍ജിത സ്വത്തായിരുന്നു. ഒരു ഭരണാധികാരിക്കും അവരുടെ സ്വത്തിന്മേല്‍ കൈവയ്ക്കുവാന്‍ അധികാരമുണ്ടായിരുന്നില്ല. കേരളത്തില്‍ അനാദികാലം മുതലേ ആചരിച്ചുപോന്നിരുന്ന ചട്ടമായിരുന്നു അത്. സ്ഥലങ്ങളുടെ മേലുള്ള പരമാധികാരം ജന്മദത്തമായി കേരളത്തിലെ ജന്മികളിലധിഷ്ഠിതമായിരുന്നുവെന്നു മാത്രമല്ല, ഒരു ഭരണാധികാരിക്കും ഈ പ്രഭുക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അവകാശം നാട്ടുമര്യാദയനുസരിച്ച് നല്കപ്പെട്ടിരുന്നില്ല.

നാടുവാഴികള്‍ക്കും ദേശവാഴികള്‍ക്കും ഇടപ്രഭുക്കന്മാര്‍ക്കും സഖ്യത്തിലേര്‍പ്പെടുന്നതിലോ, യുദ്ധമോ സമാധാനമോ ഉണ്ടാക്കുന്നതിലോ, നികുതിയോ, കാഴ്ചപ്പണമോ പിരിക്കുന്നതിലോ യാതൊരുവക നിയന്ത്രണവുമുണ്ടായിരുന്നില്ല. യഥാര്‍ഥത്തില്‍ പരമാധികാര ഭരണകര്‍ത്താക്കളെപ്പോലെ തന്നെ ഈ വകകാര്യത്തില്‍ അവര്‍ സര്‍വസ്വതന്ത്രന്മാരായിരുന്നു. കേരളത്തിലുടനീളം നിലനിന്നിരുന്ന ക്ഷേത്രങ്ങളുടെ അധികാരവും ക്ഷേത്രഭരണവും പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ഓരോ ദേശത്തെയും ഭൂരിഭാഗം സ്ഥലവും ക്ഷേത്രങ്ങളുടെ മേല്‍ക്കോയ്മയിലായിരുന്നു. കേരളത്തിലെ ഒരൊറ്റ ഭരണാധികാരിയും ഈ 'ക്ഷേത്രരാജ്യങ്ങളെ' ആക്രമിക്കുവാനോ അവയില്‍ രക്ഷാസങ്കേതം കണ്ടെത്തിയിരുന്ന ശത്രുവിനെ തെരഞ്ഞുപിടിക്കുവാനോ ശ്രമിച്ചിരുന്നില്ല. അവ പവിത്രസങ്കേതങ്ങളായിരുന്നതിനാല്‍ അവയില്‍ അതിക്രമിച്ചുകടക്കുന്നത് ദൈവദോഷമായിട്ടാണ് കരുതിപ്പോന്നിരുന്നത്. ചിലപ്പോള്‍ ഈ ക്ഷേത്രാധിപത്യത്തിന്റെ സഹകരണത്തോടുകൂടി ഇടപ്രഭുക്കന്മാര്‍ മേല്‍ക്കോയ്മയുടെ അധികാരത്തെ വെല്ലുവിളിച്ചിട്ടുള്ള സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. നാട്ടാചാരങ്ങളെയും കേരളധര്‍മങ്ങളെയും അനുസരിക്കുവാന്‍ പ്രതിജ്ഞാബദ്ധരായിരുന്ന രാജാക്കന്മാര്‍ക്ക് ഇത്തരം അക്രമങ്ങളെയോ കലാപവാസനകളെയോ യാതൊരു തരത്തിലും നിയന്ത്രിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം യോദ്ധാക്കളെ നിലനിര്‍ത്തിയിരുന്ന കയ്മള്‍, പിള്ള, കര്‍ത്താ, നമ്പ്യാര്‍ തുടങ്ങിയ ഇടപ്രഭുക്കന്മാര്‍ അങ്ങനെ രാജാവിന്റെ അധികാരത്തെ കടിഞ്ഞാണിട്ടു നിയന്ത്രിച്ചിരുന്നവരാണ്. രാജ്യത്തിന്റെ ഈ രാഷ്ട്രീയ-സൈനികസംവിധാനത്തിന്റെ ഫലമായി നായര്‍ പ്രഭുത്വത്തിന്റെയും ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും അതിരറ്റ പിന്തുണയില്ലാതെ രാജാധികാരം നിലനിര്‍ത്തുവാന്‍ പ്രധാന രാജാക്കന്മാര്‍ക്കുപോലും സാധ്യമായിരുന്നില്ല. തന്മൂലം കേരളത്തില്‍ കേന്ദ്രീകൃതവും സുസംഘടിതവുമായ ഒരു പരമാധികാരശക്തിയുടെ അഭാവം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. അനിയന്ത്രിതാധികാരം കൈയാളിയിരുന്ന നാടുവാഴികളെയും ദേശവാഴികളെയും അനുസരണയുള്ള പ്രജകളാക്കി മാറ്റാന്‍ കഴിഞ്ഞത് പില്ക്കാലത്ത് തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മയ്ക്കും കൊച്ചിയില്‍ ശക്തന്‍തമ്പുരാനും മലബാറില്‍ മൈസൂര്‍ സുല്‍ത്താന്മാര്‍ക്കുമായിരുന്നു.

വാണിജ്യസംഘടനകള്‍

കേരളത്തിന് അതിപുരാതനവും സുദീര്‍ഘവുമായ ഒരു വ്യാപാരചരിത്രമുണ്ട്. കുലശേഖരന്മാരുടെ കാലത്ത് വിദേശരാജ്യങ്ങളുമായുള്ള വാണിജ്യബന്ധം വിപുലമാക്കുകയും തന്മൂലം സാമ്പത്തികാഭിവൃദ്ധി കൈവരികയും ചെയ്തു. വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ നാനാതരം വാണിജ്യസംഘടനകള്‍ പ്രധാനപങ്കു വഹിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ച സംഘടന 'മണിഗ്രാമ'മാണ്. കേരളത്തില്‍മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ പരമപ്രധാനമായ വാണിജ്യസംഘടന മണിഗ്രാമമായിരുന്നു. ഇതിന്റെ പൊതുസ്വഭാവത്തെക്കുറിച്ച് വളരെക്കാലത്തേക്ക് ചരിത്രകാരന്മാരുടെ ഇടയില്‍ വിയോജിപ്പുണ്ടായിരുന്നു. ചിലര്‍ ഇതിനെ ക്രൈസ്തവരുടെ അധീനതയിലായിരുന്ന ഒരു പ്രദേശമായും മറ്റു ചിലര്‍ രത്നവ്യാപാരികളുടെ ഒരു സംഘമായും ആണ് വിവക്ഷിച്ചുവന്നത്. ഒരുപക്ഷേ, 'വലിയസംഘം' (the great guild) എന്നു മാത്രമായിരിക്കാം ഈ പദത്തിനര്‍ഥം. സംഘംകൃതികളുടെ പ്രസിദ്ധ വ്യാഖ്യാതാവായ നച്ചിനാര്‍ക്കിനിയര്‍ വണിക്കുകളുടെ ഒരു സംഘടനയായിട്ടാണ് ഇതിനെ കണക്കാക്കിയിരുന്നത്. 'മണിഗ്രാമം' എന്ന പദത്തിനുപകരം 'വണിഗ് ഗ്രാമം' എന്ന് നച്ചിനാര്‍ ക്കിനിയര്‍ പരാമര്‍ശിച്ചിരിക്കുന്നതില്‍ നിന്ന് ഈ പദത്തിന്റെ ഒരു വ്യാഖ്യാനം ലഭിക്കുന്നുണ്ട്. 'വണിക്' ശബ്ദത്തിന് വ്യാപാരി എന്നും 'ഗ്രാമം' എന്നതിന് സംഘം എന്നുമാണര്‍ഥം. പലവിധ സാധനങ്ങളുടെയും വ്യാപാരത്തില്‍ ഈ സംഘം ഏര്‍പ്പെട്ടിരുന്നു. കേരളത്തിലും ദക്ഷിണേന്ത്യയില്‍ മറ്റനേകസ്ഥലങ്ങളിലും അനേകം മണിഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. 9-ാം ശ. മുതല്‍ 13-ാം ശ. വരെയായിരുന്നു ദക്ഷിണേന്ത്യയില്‍ ഇവയുടെ കാലം. കേരളത്തില്‍ പ്രധാനമായും ക്രിസ്ത്യന്‍ വ്യാപാരികളാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പില്ക്കാലത്ത് പല മതക്കാരും ജാതിക്കാരും വ്യാപാരരംഗത്തേക്കു പ്രവേശിച്ചപ്പോള്‍ 'മണിഗ്രാമം' ക്ഷയോന്മുഖമായിത്തീര്‍ന്നു.

മറ്റൊരു തരം പ്രധാന വാണിജ്യസംഘടനയായിരുന്നു 'അഞ്ചുവണ്ണം'. വ്യത്യസ്തങ്ങളായ നിര്‍വചനങ്ങളാണ് ഈ സംഘത്തിനും കൊടുത്തുകാണുന്നത്. ചിലര്‍ ഇതിനെ ജൂത വ്യാപാരികളുടെ ഒരു സംഘമായും മറ്റു ചിലര്‍ ഹിന്ദു സമുദായത്തിലെ ചാതുര്‍വര്‍ണ്യവിഭാഗങ്ങള്‍ വിട്ട് അഞ്ചാമതുണ്ടായ പുതിയജാതി (അഞ്ചു വര്‍ണ)ക്കാരായും വ്യവഹരിച്ചുകാണുന്നു. മറ്റു ചിലര്‍ ഇതിനെ അഞ്ചു സാധനങ്ങള്‍ വ്യാപാരം നടത്തിയിരുന്ന ഒരു സംഘമായും ചിത്രീകരിച്ചിട്ടുണ്ട്. അഞ്ചുവണ്ണവും മണിഗ്രാമത്തെപ്പോലെ തന്നെ സംഘടിതമായ ഒരു വ്യാപാരസംഘമായിരുന്നു.

കൂടാതെ 'വളഞ്ചിയര്‍', 'നാനാദേശികള്‍' തുടങ്ങിയ വാണിജ്യസംഘടനകളും കേരളത്തില്‍ നിലവിലിരുന്നു. വളഞ്ചിയര്‍ വിദേശവ്യാപാരത്തില്‍ മാത്രമേ ഏര്‍പ്പെട്ടുകാണുന്നുള്ളൂ. കടല്‍വഴിയുള്ള വിദേശവ്യാപാരം നാനാദേശികള്‍ കൈയടക്കിയിരുന്നു. ഈ എല്ലാ വാണിജ്യസംഘടനകള്‍ക്കും പ്രത്യേകം ബഹുമതിയും അവകാശങ്ങളും ഉണ്ടായിരുന്നു. ചില നികുതികളില്‍ നിന്നും അവയെ ഒഴിവാക്കിയിരുന്നെന്നുള്ളതും പ്രസ്താവ്യമാണ്.

ക്ഷേത്രഭരണം

മധ്യകാലം മുതല്ക്കുതന്നെ കേരളഗ്രാമങ്ങളിലെ ജനജീവിതത്തിന്റെ കേന്ദ്രം ക്ഷേത്രങ്ങളായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം തന്നെ മലയാള ബ്രാഹ്മണര്‍ക്കു പരമാധികാരമുണ്ടായിരുന്നു. ക്ഷേത്രങ്ങളെ 'സങ്കേത'ങ്ങളായി പരിഗണിച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്. ഏതൊരു പ്രദേശത്തെ ക്ഷേത്രത്തിനോ ബ്രാഹ്മണസമൂഹത്തിനോ അവിടത്തെ ആത്മീയവും ഭൗതികവുമായ അധികാരം സ്വതന്ത്രമായി കൈയാളുവാന്‍ കഴിഞ്ഞിരുന്നുവോ ആ ഭൂപ്രദേശത്തെയാണ് 'സങ്കേതം' എന്നു നിര്‍വചിച്ചിരുന്നത്. ആ പ്രദേശത്തെ ക്ഷേത്രത്തെയോ ബ്രാഹ്മണസമൂഹത്തെയോ അശുദ്ധമാക്കുവാനുള്ള യാതൊരു പ്രവൃത്തിയും അനുവദിച്ചിരുന്നില്ല. 'സങ്കേത'ത്തിനകത്തു കയറി അക്രമപ്രവൃത്തികള്‍ ചെയ്താല്‍ രാജാവിനെപ്പോലും ശിക്ഷിക്കാന്‍ സങ്കേതത്തിന് അധികാരമുണ്ടായിരുന്നു.

ആരംഭത്തില്‍ ക്ഷേത്രഭരണം നടത്തിയിരുന്നത് ഊരാളരോ അഥവാ കാര്യക്കാരോ അല്ലെങ്കില്‍ ഒരു പുരോഹിതവൃന്ദമോ ചേര്‍ന്നായിരുന്നു. കാലാന്തരത്തില്‍ ഈ ദേവസ്വങ്ങള്‍ വലിയ ഭൂവുടമകളും സമ്പത്തുള്ളവയുമായിത്തീരുകയും അവയുടെ കീഴില്‍ ധാരാളം കുടിയാന്മാര്‍ പ്രജകളെപ്പോലെ വര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഈയവസരത്തില്‍ ദേവസ്വംഭരണത്തിനാവശ്യമായ നിയമങ്ങള്‍ ദേവസ്വാധികൃതര്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയതോടെ ദേവസ്വം, രാജാവില്‍നിന്നും സ്വതന്ത്രമായ സ്ഥിതിയിലായിത്തീര്‍ന്നു. ഈ ദേവസ്വത്തിന്റെ കീഴില്‍ കഴിഞ്ഞുകൂടേണ്ടിവന്നവരുടെ ജീവനും സ്വത്തും ദേവസ്വമധികാരികള്‍ക്കു വിധേയമായി. ഇത്തരം സ്വേച്ഛാപ്രവൃത്തികള്‍മൂലം രാജാധികാരം നിഷ്പ്രഭമാകുകയും ദേവസ്വങ്ങള്‍ക്കും ബ്രഹ്മസ്വങ്ങള്‍ക്കുമകത്ത് നടക്കുന്ന കാര്യങ്ങളില്‍ രാജാവിന് താത്പര്യമില്ലാതാവുകയും ചെയ്തു.

മതകാര്യങ്ങള്‍ക്കായി കൊ.വ. 225 (1050)-ല്‍ പദ്മനാഭസ്വാമിക്ഷേത്രത്തോടനുബന്ധിച്ച് രൂപവത്കൃതമായ ഒരു സംഘടനയാണ് എട്ടരയോഗം. ദേവസ്വംഭരണത്തിനായി പ്രത്യേകം സമ്മതിദാനാവകാശമുള്ള എട്ടു ബ്രാഹ്മണരും സാധാരണ വോട്ടുപോലും ചെയ്യുവാന്‍ അര്‍ഹതയില്ലാത്ത അരയംഗത്വം മാത്രമുള്ള രാജാവും കൂടിച്ചേര്‍ന്ന ഒരു സംഘമായിരുന്നു ഇത്. ഇതിന്റെ ഫലമായി, ദേവസ്വംഭരണം ഈ എട്ടു പോറ്റിബ്രാഹ്മണരുടെ അധീനതയിലായി. ഇവര്‍ക്ക് വേണാട്ടിലെ പ്രമുഖ കുടുംബങ്ങളില്‍പ്പെട്ട എട്ടുവീട്ടില്‍പ്പിള്ളമാരുടെ പിന്തുണയുണ്ടായിരുന്നു. രാജാവിന് യാതൊരു തരത്തിലുള്ള അധികാരവും ഈ ദേവസ്വത്തിലുണ്ടായിരുന്നില്ല. ആഘോഷവേളകളില്‍ തന്റെ സാന്നിധ്യം ആവശ്യപ്പെടുമ്പോള്‍ രാജാവ് പോകുകമാത്രമാണ് ചെയ്തിരുന്നത്. മാത്രമല്ല, ദേവസ്വം കാര്യങ്ങളില്‍ അലംഭാവം കാണിച്ചെന്ന ആരോപണമുന്നയിച്ച് രാജാവിന് പിഴ കല്പിക്കുകയും പതിവായിരുന്നു.

ദേവസ്വത്തിനാകട്ടെ ഒട്ടധികം സ്ഥലം കൈവശമുണ്ടായിരുന്നു. ഇതിനെ ശ്രീപണ്ടാരവക സ്ഥലം എന്നാണ് വിശേഷിപ്പിച്ചുപോന്നത്. ഇത്രയും വിപുലമായ സ്ഥലം കൈകാര്യം ചെയ്തുപോന്നത് യോഗക്കാരായിരുന്നു. കുടിയാന്മാരോടും പാട്ടക്കാരോടും തന്നിഷ്ടം പോലെ പെരുമാറാനുള്ള അധികാരം അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. ദേവസ്വംസ്ഥലങ്ങളില്‍ നിന്ന് കരം പിരിക്കുന്ന ചുമതല എട്ടുവീട്ടില്‍പ്പിള്ളമാരെയാണ് ഏല്പിച്ചിരുന്നത്. മൊത്തം സ്ഥലത്തെ എട്ടായി വിഭജിച്ച് എട്ടുവീട്ടില്‍പ്പെട്ട ഓരോ പിള്ളയെയും അധികാരിയായി നിയമിക്കുകയായിരുന്നു പതിവ്. ഇതിനെയാണ് എട്ട് അധികാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. രാജാവിന് ഇവരുടെ മേല്‍ യാതൊരുവിധ അധികാരങ്ങളും നടത്തുവാന്‍ സാധിക്കാതിരുന്നതിനാല്‍ ഇവര്‍ കാലക്രമേണ ശക്തിയും സ്വാധീനവുമുള്ള മാടമ്പിമാരായി വളര്‍ന്നുവെന്നു മാത്രമല്ല, രാജാവിനോട് കൂറില്ലാത്ത മറ്റു പ്രഭുക്കന്മാരെ തങ്ങളുടെ കൂട്ടുകെട്ടില്‍ കൊണ്ടുവന്ന് രാജവാഴ്ചയെ ചോദ്യം ചെയ്യത്തക്കവിധം ശക്തിപ്രാപിക്കയും ചെയ്തു. മാര്‍ത്താണ്ഡവര്‍മയുടെ കാലംവരെ ഈ ക്രമം തിരുവിതാംകൂറില്‍ തുടര്‍ന്നുകൊണ്ടിരുന്നു.

നാടുവാഴിത്തത്തില്‍ നിന്ന് കേന്ദ്രീകൃതഭരണത്തിലേക്കുള്ള പരിവര്‍ത്തനം

രണ്ടാം ചേരസാമ്രാജ്യം അധഃപതിച്ചതോടെ പല ദേശങ്ങളും സ്വതന്ത്രങ്ങളായി. വേണാട്, ജയസിംഹനാട് (കൊല്ലം), കായംകുളം, ഇളയിടത്ത് സ്വരൂപം (കൊട്ടാരക്കര), ചെമ്പകശ്ശേരി (അമ്പലപ്പുഴ), തെക്കുംകൂര്‍, വടക്കുംകൂര്‍, പെരുമ്പടപ്പ് (കൊച്ചി), കൊടുങ്ങല്ലൂര്‍, തലപ്പിള്ളി, അയിരൂര്‍, നെടിയിരുപ്പ് (സാമൂതിരി), വള്ളുവനാട്, പാലക്കാട്, കൊല്ലങ്കോട്, വെട്ടത്തുനാട്, പരപ്പനാട്, കടത്തനാട്, കോലത്തുനാട്, കണ്ണൂര്‍, കുമ്പള മുതലായവ ഇപ്രകാരം രൂപംപ്രാപിച്ച നാട്ടുരാജ്യങ്ങളാണ്. ഈ നാട്ടുരാജ്യങ്ങള്‍ മിക്കപ്പോഴും അന്യോന്യം യുദ്ധം ചെയ്തുപോന്നിരുന്നു. ഇവയില്‍ ഏറ്റവും ശക്തമായ വേണാട് (തിരുവിതാംകൂര്‍), പെരുമ്പടപ്പ് (കൊച്ചി), കോലത്തുനാട്-കോഴിക്കോട് (മലബാര്‍) എന്നീ മൂന്നു രാജ്യങ്ങള്‍ അവശേഷിച്ചു.

വിവിധ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നടന്ന കിടമത്സരം വിദേശികള്‍ക്ക് ഇവിടെ കാലുറപ്പിക്കാന്‍ അവസരം നല്കി. 1498 മേയ് മാസത്തില്‍ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തിച്ചേര്‍ന്നതോടെ കേരളമണ്ണില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിന് നാന്ദികുറിച്ചു. പക്ഷേ, പോര്‍ച്ചുഗീസുകാര്‍ ഇവിടെ നടപ്പാക്കിയ പാശ്ചാത്യ സമ്പ്രദായങ്ങള്‍ കുറച്ചുകാലമേ നിലനിന്നുള്ളൂ. തുടര്‍ന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇവിടെയെത്തി.

പതിനെട്ടാം ശതകത്തോടുകൂടി കേരളത്തില്‍ നാടുവാഴിത്ത ഭരണരീതി അവസാനിക്കുകയും രാജവാഴ്ചയില്‍ അധിഷ്ഠിതമായ കേന്ദ്രീകൃത ഭരണസമ്പ്രദായം നിലവില്‍ വരികയും ചെയ്തു. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന പേരിലറിയപ്പെടുന്ന മാര്‍ത്താണ്ഡവര്‍മ രാജാവ് (1729-58) എട്ടുവീട്ടില്‍പ്പിള്ളമാരെപ്പോലുള്ള പ്രഭുക്കന്മാരെയും നാടുവാഴികളെയും അടിച്ചമര്‍ത്തി തിരുവിതാംകൂറിനെ ഒരൊറ്റ ഭരണഘടകമാക്കി മാറ്റി. മാര്‍ത്താണ്ഡവര്‍മ രാജ്യത്തെ ശ്രീപദ്മനാഭസ്വാമിക്ക് അടിയറ വയ്ക്കുകയും താന്‍ മേലാല്‍ ശ്രീപദ്മനാഭന്റെ ദാസനായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിളംബരത്തിനുശേഷം രാജപദവി തിരുവിതാംകൂറില്‍ വളരെ ബഹുമാനയോഗ്യമായിത്തീര്‍ന്നു. കൊച്ചി സംസ്ഥാനത്തും ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ കേന്ദ്രീകൃത ഭരണസംവിധാനം നിലവില്‍വന്നു. ആധുനിക കൊച്ചിയുടെ ശില്പിയായ ശക്തന്‍ തമ്പുരാന്റെ ഭരണത്തോടെ (1790-1805) കൊച്ചിയില്‍ പ്രഭുക്കന്മാരുടെ ഭരണം അവസാനിക്കുകയും രാജാധികാരം സുസ്ഥിരമാക്കുകയും ചെയ്തു. മലബാറിലെ നാടുവാഴിത്തം അവസാനിപ്പിച്ചത് മൈസൂര്‍ ആക്രമണമായിരുന്നു.

തിരുവിതാംകൂര്‍

1684-ല്‍ രവിവര്‍മ തിരുവിതാംകൂര്‍ രാജാവായി അധികാരമേല്ക്കുന്നതിനുമുമ്പുവരെ രാജാവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഭരണനിര്‍വഹണസമിതി, ഒരു 'വലിയ കാര്യക്കാര്‍' (Prime Minister), ഒരു മേലെഴുത്തുപിള്ള (Account Officer), രായസംപിള്ള (Secretary), കുറേ കണക്കപ്പിള്ളമാര്‍, പിള്ളമാര്‍ (അക്കൗണ്ടന്റുമാരും ക്ലാര്‍ക്കുമാരും) എന്നിവര്‍ ചേര്‍ന്നതായിരുന്നു. പ്രധാന ഭരണനിര്‍വഹണോദ്യോഗസ്ഥന്‍ വലിയ കാര്യക്കാര്‍ ആയിരുന്നു. മുകളില്‍ വിവരിച്ച എല്ലാ ഉദ്യോഗസ്ഥന്മാരെയും നിയമിച്ചിരുന്നത് രാജാവുതന്നെയായിരുന്നു. എല്ലാ ഗവണ്‍മെന്റ് തീരുമാനങ്ങളും രാജാവിന്റെ അംഗീകാരത്തോടെ മാത്രമേ നിയമമായി വന്നിരുന്നുള്ളൂ. പിന്നീട് 'വലിയ കാര്യക്കാര്‍' എന്ന ഉദ്യോഗപ്പേര് 'വലിയ സര്‍വാധികാര്യക്കാര്‍' എന്നാക്കി. ഈ ഭരണക്രമം മാര്‍ത്താണ്ഡവര്‍മയുടെ കാലംവരെ നിര്‍ബാധം തുടര്‍ന്നു.

എന്നാല്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ ബഹുമുഖ പരിഷ്കാരങ്ങളും രാജ്യവിസ്തൃതിയും കാരണം നിലവിലിരുന്ന ഭരണക്രമം അപര്യാപ്തമായി. ഇദ്ദേഹം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയും ശേഷിയുമുള്ള ആളുകളെ മന്ത്രിമാരായി നിയമിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് വലിയ സര്‍വാധികാര്യക്കാരുടെ ഉദ്യോഗപ്പേര് 'ദളവ' എന്നു മാറ്റിയത്; 1758-ല്‍ ധര്‍മരാജാ (രാമവര്‍മ) രാജാവായതോടെ 'ദളവ' 'ദിവാന്‍' ആയി പരിണമിച്ചു. 1788-ല്‍ രാജാകേശവദാസന്‍ ആദ്യത്തെ ദിവാനായി അവരോധിക്കപ്പെട്ടതിനുശേഷം നിയമപരമായി ഭരണത്തലവന്‍ രാജാവായിരുന്നുവെങ്കിലും ദൈനംദിന ഭരണകാര്യങ്ങള്‍ നോക്കിയിരുന്നത് ദിവാനായിരുന്നു.

മാര്‍ത്താണ്ഡവര്‍മയുടെയും അദ്ദേഹത്തിന്റെ അനന്തരവനായ രാമവര്‍മയുടെയും കാലത്ത് തിരുവിതാംകൂര്‍ ഭരണസംവിധാനത്തില്‍ അടിസ്ഥാനപരമായ പല മാറ്റങ്ങളും ഉണ്ടായി. രാജ്യത്തെ തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്ന് മൂന്ന് (മണ്ഡപത്തും വാതിക്കലുകള്‍) ആയി തിരിച്ച് ഇവ ഓരോന്നിനെയും ഓരോ വലിയ സര്‍വാധികാര്യക്കാരുടെ മേല്‍നോട്ടത്തിലാക്കി. വ്യവസായം, നീതിന്യായം, നികുതി തുടങ്ങിയ കാര്യങ്ങളില്‍ വലിയ സര്‍വാധികാര്യക്കാര്‍ക്ക് പൂര്‍ണാധികാരം ഉണ്ടായിരുന്നു. ഈ വലിയ വിഭാഗങ്ങളെ വീണ്ടും ചെറിയഘടകങ്ങളായി തിരിച്ച് ഓരോന്നിലും ഓരോ സര്‍വാധികാര്യക്കാരെ നിയമിച്ചിരുന്നു. ഇവയെ വീണ്ടും കൊച്ചു കൊച്ചു ജില്ലകളായി തിരിച്ച് അവയുടെ ചുമതല കാര്യക്കാരന്മാരെ ഏല്പിക്കുകയാണ് ചെയ്തിരുന്നത്. ജില്ലകളെ മണിയം, അധികാരം, പ്രവൃത്തി എന്നീ ചെറു വിഭാഗങ്ങളായി വിഭജിക്കുകയും ഇവയില്‍ മണിക്കാരന്മാര്‍, അധികാരികള്‍, പ്രവര്‍ത്തിക്കാര്‍ എന്നീ പേരോടുകൂടിയ ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും ചെയ്തു. ഈ ഓരോ വിഭാഗത്തിനും നിര്‍ദിഷ്ടമായ ചുമതലകള്‍ വഹിക്കുവാനുണ്ടായിരുന്നു. ഈ ഓരോ ഉദ്യോഗസ്ഥന്റെയും കീഴില്‍ എഴുത്തുകാര്‍, കണക്കപ്പിള്ളമാര്‍, രായസംപിള്ളമാര്‍, ശിപായിമാര്‍ തുടങ്ങിയ കീഴ്ജീവനക്കാരുമുണ്ടായിരുന്നു.

മലബാര്‍

മലബാറിലാകട്ടെ, മൈസൂര്‍ അധിനിവേശത്തോടുകൂടി കാലഹരണപ്പെട്ടുകൊണ്ടിരുന്ന ഫ്യൂഡല്‍ പാരമ്പര്യത്തിന് അറുതിവരികയും ഒരു കേന്ദ്രീകൃതഭരണവ്യവസ്ഥിതി നിലവില്‍ വരികയും ചെയ്തു. മലബാര്‍ പ്രവിശ്യയെ 12 തുക്രികളായി (ജില്ലകള്‍) വിഭജിക്കുകയും ഓരോന്നിലും തുക്രീദാരന്മാരെയോ ശിരസ്താദാരന്മാരെയോ നിയമിക്കുകയും ചെയ്തിരുന്നു. ശ്രീരംഗപട്ടണം സന്ധികഴിഞ്ഞ് ഇംഗ്ളീഷ് കമ്പനിക്ക് 1792 മാ. 16-ന് കൈമാറിയ മലബാറിലുണ്ടായിരുന്ന താലൂക്കുകള്‍ താഴെപ്പറയുന്നവയാണ്; കോഴിക്കോട് 62 താലൂക്ക്; കോട്ടയം മൂന്ന് താലൂക്ക്; കടത്തനാട് മൂന്ന് താലൂക്ക്; കണ്ണൂര്‍ ഒരുതാലൂക്ക്; കൊച്ചി 14 താലൂക്ക്. അല്പസ്വല്പ വ്യത്യാസങ്ങളോടുകൂടി ഭരണസംവിധാനത്തിന്റെ ചെറിയ ഘടകം 'തറ' തന്നെയാക്കി നിലനിര്‍ത്തുകയും ചെയ്തു. മലബാറില്‍ മൈസൂര്‍ ഭരണാധികാരികള്‍ സംവിധാനം ചെയ്ത രാഷ്ട്രീയവും ഭരണപരവുമായ സമ്പ്രദായത്തിന് മേലായിരുന്നു ഇംഗ്ലീഷുകാര്‍ അവരുടെ ഭരണക്രമം ഏര്‍പ്പെടുത്തിയത്.

ബ്രിട്ടീഷ് ഭരണക്രമം. പതിനെട്ടാം ശതകത്തിന്റെ അവസാനത്തോടുകൂടി ബ്രിട്ടീഷുകാര്‍ക്ക് മലബാര്‍ പ്രദേശത്തുമാത്രമല്ല, കേരളത്തില്‍ മുഴുവനും ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞു. 1792 ഫെ. 21-ലെ ശ്രീരംഗപട്ടണം ഉടമ്പടിമൂലം ടിപ്പു സുല്‍ത്താനില്‍ നിന്ന് മലബാര്‍ മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. 1791 ജനു. 6-ന് കൊച്ചിരാജാവും ഈസ്റ്റിന്ത്യാക്കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് കൊച്ചിയുടെ മേലും ബ്രിട്ടീഷുകാര്‍ക്ക് അധികാരം ലഭിച്ചു. തിരുവിതാംകൂറും ഈസ്റ്റിന്ത്യാക്കമ്പനിയും തമ്മില്‍ 1795-ല്‍ കരാറിലേര്‍പ്പെട്ടതോടെ തിരുവിതാംകൂറിലും ബ്രിട്ടീഷ് മേല്‍ക്കോയ്മ നിലവില്‍വന്നു.

സ്ഥിരമായ ഒരു കേരളഭരണസംവിധാനത്തിന് ഇംഗ്ളീഷുകാര്‍ തീവ്രശ്രമം നടത്തി. വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയസൌകര്യങ്ങള്‍, നീതിന്യായം, റവന്യൂ എന്നീ മേഖലകളില്‍ ആധുനിക സംവിധാനം അവര്‍ നടപ്പിലാക്കി. ഈ പരിഷ്കാരങ്ങളുടെ ഫലമായി ജനങ്ങളില്‍ ഉത്തരവാദഭരണത്തിനുള്ള അഭിവാഞ്ഛ ഉടലെടുത്തു എന്നുമാത്രമല്ല, എല്ലാ തുറകളിലും ഒരു നവീനത പ്രകടമാവുകയും ചെയ്തു.

1888 മാ. 30-ന് തിരുവിതാംകൂറില്‍ ഒരു 'ലെജിസ്ളേറ്റീവ് കൌണ്‍സില്‍' രൂപവത്കൃതമായി. പരിമിതമായ അധികാരാവകാശങ്ങളോടെ സ്ഥാപിതമായ ഈ കൌണ്‍സില്‍ കാലഘട്ടത്തിനനുസൃതമായി 1898-ലും 1919-ലും 1921-ലും പരിഷ്കരിക്കപ്പെട്ടു. 1904-ല്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ളി രൂപവത്കൃതമായി. 1932-ലെ ഭരണപരിഷ്കാരത്തിന്റെ ഫലമായി തിരുവിതാംകൂറില്‍ ആദ്യമായി ഒരു ദ്വിമണ്ഡല നിയമനിര്‍മാണസഭ നിലവില്‍ വന്നു. ഉപരിമണ്ഡലത്തിന് ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ എന്നും അധോമണ്ഡലത്തിന് ശ്രീമൂലം അസംബ്ളി എന്നുമായിരുന്നു പേരുകള്‍. ഇരുസഭകളുടെയും അധ്യക്ഷന്‍ ദിവാന്‍ തന്നെയായിരുന്നു. ഈ ദ്വിമണ്ഡല നിയമനിര്‍മാണസഭ, 1947 സെപ്. 4-ന് ഉത്തരവാദഭരണ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ നിലനിന്നു. 1947 ആഗ. 19-ന് ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് പി.ജി.എന്‍. ഉണ്ണിത്താന്‍ ഒഫിഷ്യേറ്റിങ് ദിവാനായി. ഉത്തരവാദഭരണപ്രഖ്യാപനത്തിനുശേഷം ദിവാന്‍ഭരണം അവസാനിക്കുകയും പ്രായപൂര്‍ത്തിവോട്ടവകാശാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭ നിലവില്‍ വരികയും ചെയ്തു. 120 അംഗങ്ങളുള്ള ജനപ്രതിനിധിസഭ നിയമനിര്‍മാണസഭയായി പ്രഖ്യാപിക്കപ്പെട്ടു. നിയമനിര്‍മാണസഭയോട് വിധേയത്വമുള്ള ഒരു മന്ത്രിസഭ വേണമെന്നും പ്രഖ്യാപനമുണ്ടായി.

പട്ടം താണുപിള്ള, സി. കേശവന്‍, ടി.എം. വര്‍ഗീസ് എന്നിവരുള്‍പ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ 1948 മാ. 21-ന് അധികാരത്തില്‍ വന്നു.

കൊച്ചി
കൊച്ചി സെക്രട്ടറിയേറ്റ് മന്ദിരം-1941

കൊച്ചിയില്‍ ആദ്യമായൊരു നിയമനിര്‍മാണസഭ നിലവില്‍വന്നത് 1925 ഏപ്രിലിലായിരുന്നു. ഈ നിയമനിര്‍മാണസഭ 1932-ലും 1935-ലും പരിഷ്കരിക്കപ്പെട്ടു. 1938-ലെ 'ഗവണ്‍മെന്റ് ഒഫ് കൊച്ചിന്‍ ആക്റ്റ്' അനുസരിച്ച് കൊച്ചിയില്‍ ഒരുതരം ദ്വിഭരണം (Dyarchy) ഏര്‍പ്പെടുത്തുകയും നിയമസഭയില്‍ നിന്നും ഒരാളെ ചില വകുപ്പുകളുടെ മന്ത്രിയായി അവരോധിക്കുകയും ചെയ്തു. 1946-ല്‍ മന്ത്രിമാരുടെ എണ്ണം നാല് ആയി. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ്, അതായത് 1947 ആഗ. 14-ന് കൊച്ചിരാജാവ് ഉത്തരവാദഭരണപ്രഖ്യാപനം നടത്തി. 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശവും ഏര്‍പ്പെടുത്തി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ലെജിസ്ളേറ്റീവ് അസംബ്ലിയായി. 1948-ല്‍ കൊച്ചി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. അപ്പോഴേക്കും പ്രജാമണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിക്കുകയും ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായുള്ള ആദ്യത്തെ കോണ്‍ഗ്രസ് മന്ത്രിസഭ കൊച്ചിയില്‍ ഭരണമേല്ക്കുകയും ചെയ്തു.

1949 ജൂല. 1-ന് തിരുവിതാംകൂര്‍ കൊച്ചി സംയോജനം നടന്നു. അങ്ങനെ തിരു-കൊച്ചി സംസ്ഥാനം ഉടലെടുത്തു. തിരുവിതാംകൂര്‍ രാജാവ് പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനാവുകയും കൊച്ചിരാജാവ് സ്ഥാനമൊഴിയുകയും ചെയ്തു. സംയോജനം നടക്കുമ്പോള്‍ തിരുവിതാംകൂറിലെ മുഖ്യമന്ത്രിയായിരുന്ന ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തില്‍ത്തന്നെ തിരു-കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ ജനകീയമന്ത്രിസഭ രൂപംകൊണ്ടു. തുടര്‍ന്ന് 1956-ലെ സംസ്ഥാനങ്ങളുടെ പുനസംഘടനാ ആക്റ്റ് പ്രകാരം മലബാര്‍ തിരു-കൊച്ചി സംസ്ഥാനത്തോടു കൂട്ടിച്ചേര്‍ക്കുകയും 1956 ന. 1-ന് കേരള സംസ്ഥാനം നിലവില്‍ വരികയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന ഭരണസംവിധാനം കേരളത്തിലും പ്രാവര്‍ത്തികമായി.

കേരളസംസ്ഥാനം-ഭരണക്രമം

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ അനുസരിച്ച് സംസ്ഥാനങ്ങളിലെ നിയമനിര്‍മാണത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം വഹിക്കുന്നത് ജനപ്രതിനിധി സഭകളാണ്. ഭരണഘടനയുടെ ആറാംഭാഗത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സംസ്ഥാനഭരണക്രമമനുസരിച്ച് നിയമനിര്‍മാണം (Legislative), നിര്‍വാഹകം (Executive), നീതിന്യായം (Judiciary) എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് കേരളത്തിലെ ഭരണസംവിധാനം.

ഗവര്‍ണറും നിയമസഭയും ചേര്‍ന്നാണ് കേരളത്തിലെ നിയമനിര്‍മാണം നിര്‍വഹിക്കുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധി(മെമ്പര്‍ ഒഫ് ലെജിസ്ലേറ്റീവ് അസംബ്ലി-എം.എല്‍.എ.)കള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമസഭ. നിയമനിര്‍മാണപരമായ കര്‍ത്തവ്യം, സാമ്പത്തികമായ കര്‍ത്തവ്യം, നീതിന്യായപരമായ കര്‍ത്തവ്യം, ഭരണപരമായ കര്‍ത്തവ്യം എന്നിങ്ങനെ മൂന്നുതരം കര്‍ത്തവ്യങ്ങളാണ് നിയമസഭയ്ക്കുമേല്‍ നിക്ഷിപ്തമായിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ 196 മുതല്‍ 201 വരെയുള്ള വകുപ്പുകള്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നു. കേരള നിയമസഭയില്‍ ആകെ 141 അംഗങ്ങളാണ് ഉള്ളത്. സംസ്ഥാനത്താകെയുള്ള 140 മണ്ഡലങ്ങളില്‍ നിന്നും വോട്ടെടുപ്പിലൂടെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്ന 140 അംഗങ്ങളെക്കൂടാതെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ ഒരു പ്രതിനിധിയെ, മന്ത്രിസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നിയമിക്കുന്നു. കാലാവധിക്കുമുമ്പ് പിരിച്ചുവിട്ടില്ലെങ്കില്‍ നിയമസഭയുടെ കാലാവധി അഞ്ചുവര്‍ഷമായിരിക്കുമെന്ന് ഭരണഘടനാവ്യവസ്ഥയുണ്ട്. നിയമസഭയിലെ ഭൂരിപക്ഷകക്ഷിയുടെയോ ഭൂരിപക്ഷമുള്ള കക്ഷികള്‍ ചേര്‍ന്ന കൂട്ടുമുന്നണിയുടെയോ നേതാവിനെ ഗവര്‍ണര്‍ മുഖ്യമന്ത്രിയായി നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഗവര്‍ണര്‍ മറ്റു മന്ത്രിമാരെയും നിയമിക്കുന്നു. മന്ത്രിസഭയ്ക്ക് നിയമസഭയോട് ഉത്തരവാദിത്തമുണ്ട്. സഭയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പ്രതിപക്ഷകക്ഷിയുടെ നേതാവാണ് പ്രതിപക്ഷനേതാവ്. സഭാനേതാവായ മുഖ്യമന്ത്രിക്കു സമാനമായ പ്രത്യേക അവകാശം സഭയ്ക്കുള്ളില്‍ പ്രതിപക്ഷനേതാവിനുമുണ്ടായിരിക്കും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാനല്‍ ഒഫ് ചെയര്‍പേഴ്സണ്‍, സഭാനേതാവ്, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍, നിയമസഭാസെക്രട്ടറി, നിയമസഭാംഗങ്ങള്‍ എന്നിവരടങ്ങുന്ന ഒരു നിയതഘടനയാണ് നിയമസഭയ്ക്കുള്ളത്. നിയമസഭയുടെ പരമാധികാരി സ്പീക്കറാണ്. നോ. കേരള നിയമസഭ; നിയമസഭകള്‍, ഇന്ത്യയില്‍


ഭരണഘടനയനുസരിച്ച് ഗവര്‍ണറാണ് സംസ്ഥാന ഭരണത്തലവന്‍. കേന്ദ്രമന്ത്രിസഭയുടെ നിര്‍ദേശാനുസരണം രാഷ്ട്രപതിയാണ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. അഞ്ചുവര്‍ഷമാണ് ഗവര്‍ണറുടെ ഔദ്യോഗിക കാലാവധി. ഗവര്‍ണറും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും ചേര്‍ന്നതാണ് നിര്‍വാഹകഘടകം. എല്ലാ എക്സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഗവര്‍ണറുടെ നാമധേയത്തിലാണ്. നിയമസഭയില്‍ പാസ്സാകുന്ന ബില്ലുകള്‍ നിയമമാകുന്നത് ഗവര്‍ണര്‍ അതില്‍ ഒപ്പുവയ്ക്കുന്നതിലൂടെയാണ്. ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് തന്റെ വിവേചനാധികാരം വിനിയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളൊഴികെ ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. നിയമസഭ വിളിച്ചുകൂട്ടുക, നിര്‍ത്തിവയ്ക്കുക, പിരിച്ചുവിടുക എന്നിവ ഗവര്‍ണറുടെ അധികാര പരിധിയില്‍പ്പെടുന്നവയാണ്. സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് അത് അംഗീകരിക്കാനോ, സഭയുടെ തന്നെ പുനരാലോചനയ്ക്കായി തിരിച്ചയ്ക്കാനോ, വേണമെന്നുകണ്ടാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നീക്കിവയ്ക്കാനോ അധികാരമുണ്ട്. നോ. ഗവര്‍ണര്‍

മുഖ്യമന്ത്രിയാണ് സംസ്ഥാനത്തെ യഥാര്‍ഥ ഭരണത്തലവന്‍. ഇദ്ദേഹത്തെ സഹായിക്കാന്‍ മന്ത്രിസഭയിലെ മറ്റംഗങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവര്‍ണര്‍ വകുപ്പുകളുടെ ഭരണം മന്ത്രിമാര്‍ക്ക് വിഭജിച്ചുകൊടുക്കുന്നു. മന്ത്രിസഭയിലെ ഏതൊരംഗത്തിന്റെയും രാജി മുഖ്യമന്ത്രിക്ക് ആവശ്യപ്പെടാവുന്നതാണ്. അല്ലെങ്കില്‍ ഗവര്‍ണറെക്കൊണ്ട് മന്ത്രിയെ പിരിച്ചുവിടുവിക്കാവുന്നതുമാണ്.

കേരള സര്‍ക്കാര്‍-ഔദ്യോഗിക മുദ്ര

ക്യാബിനറ്റ് യോഗങ്ങളില്‍ മുഖ്യമന്ത്രിയാണ് ആധ്യക്ഷ്യം വഹിക്കുക. മുഖ്യമന്ത്രി മറ്റു മന്ത്രിമാരെ തമ്മില്‍ ബന്ധിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഗവര്‍ണറും മന്ത്രിസഭയും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷകക്ഷിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹം തന്നെയായിരിക്കും സംസ്ഥാനനിയമസഭയുടെ നേതാവ്. സംസ്ഥാന നിയമസഭയുടെ അകത്തും പുറത്തും മുഖ്യമന്ത്രിയാണ് ഗവണ്‍മെന്റ് നയങ്ങളുടെ മുഖ്യവക്താവ്.

സംസ്ഥാനത്തെ യഥാര്‍ഥ എക്സിക്യൂട്ടീവാണ് മന്ത്രിസഭ. ഭരണം നടത്തുന്നത് ഗവര്‍ണറുടെ പേരിലാണെങ്കിലും സാധാരണയായി തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിസഭയാണ്. സാധാരണഗതിയില്‍ മന്ത്രിസഭയുടെ ഉപദേശമാണ് ഗവര്‍ണര്‍ കേള്‍ക്കുന്നത്. മന്ത്രിസഭാതീരുമാനങ്ങള്‍ യഥാസമയം ഗവര്‍ണറെ ബോധിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. വ്യക്തിപരമായി ഒരു മന്ത്രി ഒരു തീരുമാനമെടുക്കുകയാണെങ്കില്‍ അത് മന്ത്രിസഭയില്‍ വയ്ക്കാന്‍ ഗവര്‍ണര്‍ക്കാവശ്യപ്പെടാം. ഗവര്‍ണറുടെ പ്രീതിയുള്ളിടത്തോളംകാലമേ മന്ത്രിസഭയില്‍ തുടരാന്‍ ഒരു മന്ത്രിക്ക് അവകാശമുള്ളൂ എന്ന് ഭരണഘടന അനുശാസിക്കുന്നു. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന് തോന്നുന്ന പക്ഷം ഒരു മന്ത്രിയെ പിരിച്ചുവിടാവുന്നതാണ്. മന്ത്രിസഭ ലെജിസ്ലേറ്റീവ് അസംബ്ലിയോടു കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നു.

സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാവുന്നതാണ്. മന്ത്രിമാര്‍ക്ക് നിയമസഭയുടെ നടപടികളില്‍ പങ്കെടുക്കുവാനും ഗവണ്‍മെന്റിന്റെ നയങ്ങള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്.

സംസ്ഥാന നിയമസഭയ്ക്ക് പല വിധത്തില്‍ മന്ത്രിമാരെ നിയന്ത്രിക്കാനും അവരുടെമേല്‍ മേല്‍നോട്ടം വഹിക്കാനും കഴിയും. നിയമസഭാംഗങ്ങള്‍ക്ക് ചോദ്യങ്ങളിലൂടെയും ഉപചോദ്യങ്ങളിലൂടെയും ഗവണ്‍മെന്റിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും തുറന്നുകാട്ടുന്നതിനു സാധിക്കുന്നു. അംഗങ്ങള്‍ക്ക് അടിയന്തിരപ്രമേയങ്ങളിലൂടെ മന്ത്രിസഭയെ അപലപിക്കുകയും ചെയ്യാം. മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതിനായി ബജറ്റു വെട്ടിച്ചുരുക്കുന്നതിനും നിയമസഭയ്ക്ക് കഴിയും. മന്ത്രിസഭ അവതരിപ്പിക്കുന്ന ഒരു ബില്ല്, നിയമസഭ നിരാകരിക്കുന്നുവെങ്കില്‍ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷപിന്തുണയില്ല എന്നാണ് കരുതേണ്ടത്. നിയമസഭയില്‍ പാസ്സാക്കുന്ന അവിശ്വാസപ്രമേയത്തിലൂടെ മന്ത്രിസഭയെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്.

ഗവ.സെക്രട്ടറിയേറ്റ് മന്ദിരം

സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമാണ് സെക്രട്ടറിയേറ്റ്. നിരവധി വകുപ്പുകള്‍ ചേര്‍ന്ന സെക്രട്ടറിയേറ്റിന്റെ തലപ്പത്ത് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരുമാണുള്ളത്. സെക്രട്ടറിയേറ്റിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിയാണ്. സെക്രട്ടറിയേറ്റിന്റെ പൂര്‍ണ ചുമതലയും സിവില്‍ സര്‍വീസിന്റെ തലവനും ചീഫ് സെക്രട്ടറിയാണ്. ഓരോ വകുപ്പിലും മന്ത്രിമാരെ ഭരണപരമായി സഹായിക്കുന്നതിനും ഉത്തരവുകള്‍ നടപ്പാക്കുന്നതിനുമായി സാധാരണയായി ഐ.എ.എസ്. ഉദ്യോഗസ്ഥരെ സെക്രട്ടറിയായി നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ ചീഫ് സ്റ്റാഫ് ആഫീസറും സെക്രട്ടേറിയറ്റിന്റെ തലവനുമായ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറി ആന്‍ഡ് കമ്മിഷണര്‍, സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നിങ്ങനെ വിവിധ ശ്രേണികളിലുള്ള സെക്രട്ടറിമാരുണ്ട്. നയരൂപവത്കരണം, നിയമനിര്‍മാണം, ആസൂത്രണം, ബജറ്റിങ്, പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ഭരണപരവും സാമ്പത്തികവുമായ അനുമതി നല്കല്‍, വകുപ്പുകളുടെ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണവും മേല്‍നോട്ടവും തുടങ്ങിയ കാര്യങ്ങളില്‍ മന്ത്രിമാരെ സഹായിക്കുന്നത് സ്ഥിരം സംവിധാനത്തില്‍ പ്രവര്‍ത്തിയെടുക്കുന്ന ഈ സെക്രട്ടറിമാരാണ്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും മാറ്റമുണ്ടായെന്നുവരാം. എന്നാല്‍ സെക്രട്ടേറിയറ്റിന്റെ സംവിധാനത്തിന് മാറ്റമുണ്ടാവുകയില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തോടെയാണ് സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറിമാര്‍ മന്ത്രിമാരുടെ സെക്രട്ടറിമാരല്ല; മറിച്ച്, സംസ്ഥാനഗവണ്‍മെന്റിന്റെ സെക്രട്ടറിമാരാണ്. മന്ത്രിസഭ രൂപംനല്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിയുടെയും നിയന്ത്രണത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന ഭരണത്തലവന്മാരും (ഡയറക്ടര്‍ ഒഫ് അഗ്രിക്കള്‍ച്ചര്‍, ചീഫ് എന്‍ജിനീയര്‍, രജിസ്ട്രാര്‍ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, ഡയറക്ടര്‍ ഒഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍, എക്സൈസ് കമ്മിഷണര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്സ്, ഡയറക്ടര്‍ ഒഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പ്രിസണ്‍സ്, ലേബര്‍ കമ്മിഷണര്‍, ഡയറക്ടര്‍ ഒഫ് ഹെല്‍ത്ത് സര്‍വീസസ്, ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ്, ഡയറക്ടര്‍ ഒഫ് കൊളേജിയറ്റ് എഡ്യൂക്കേഷന്‍, ഡയറക്ടര്‍ ഒഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, ഡയറക്ടര്‍ ഒഫ് ആര്‍ക്കിയോളജി, ചീഫ് കെമിക്കല്‍ എക്സാമിനര്‍, ഡയറക്ടര്‍ ഒഫ് സിവില്‍ സപ്ളൈസ്, ഡ്രഗ്സ് കണ്‍ട്രോളര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഡയറക്ടര്‍ ഒഫ് എംപ്ളോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് തുടങ്ങിയവര്‍) അവരുടെ കീഴില്‍ നിരവധി ഉദ്യോഗസ്ഥന്മാരുണ്ട്.

സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ നിയമോപദേശം നല്‍കുന്നതിനും മറ്റു നിയമപരമായ കാര്യങ്ങള്‍ക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറല്‍. മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണറാണ് അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്. ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാനുള്ള യോഗ്യത അഡ്വക്കേറ്റ് ജനറലിന് ഉണ്ടായിരിക്കണം. നിയമസഭയില്‍ പ്രസംഗിക്കുവാനും പങ്കെടുക്കുവാനുമുള്ള അനുവാദമുണ്ടെങ്കിലും വോട്ടുചെയ്യാനുള്ള അവകാശം അഡ്വക്കേറ്റ് ജനറലിനില്ല.

രാജ്യത്തിന്റെ പരമാധികാരസഭയായ പാര്‍ലമന്റിലെ അധോമണ്ഡലമായ ലേക്സഭയിലേക്ക് 20 മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാര്‍ തങ്ങളുടെ പ്രതിനിധിയെ (മെമ്പര്‍ ഒഫ് പാര്‍ലമെന്റ്-എം.പി.) വോട്ടെടുപ്പിലൂടെ നേരിട്ട് തെരഞ്ഞെടുക്കുന്നു. അഞ്ചുവര്‍ഷമാണ് ലോക്സഭാംഗങ്ങളുടെ കാലാവധി. പാര്‍ലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭയില്‍ കേരളത്തിന് ഒന്‍പത് അംഗങ്ങളെ തിരഞ്ഞെടുത്ത് അയയ്ക്കാം. സംസ്ഥാന നിയമസഭയിലെ എം.എല്‍.എ. മാര്‍ പ്രാതിനിധ്യസമ്പ്രദായവും ഒറ്റക്കൈമാറ്റ വോട്ടിങ് രീതിയും അനുസരിച്ചാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആറുവര്‍ഷമാണ് ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി. നോ. പാര്‍ലമെന്റ്

സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് വികസനത്തിന് ആവശ്യമായ നയങ്ങളും പദ്ധതികളും രൂപീകരിക്കുക എന്നതാണ് സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ മുഖ്യചുമതല. മുഖ്യമന്ത്രിയാണ് സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ ചെയര്‍മാന്‍. സാമ്പത്തിക വിദഗ്ധനായ ഒരു വ്യക്തിയെ സര്‍ക്കാര്‍ വൈസ് ചെയര്‍മാനായി നിയോഗിക്കുന്നു. സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് പ്രഖ്യാപനത്തോടൊപ്പം നിയമസഭയില്‍ അവതരിപ്പിക്കുന്ന വാര്‍ഷിക സാമ്പത്തിക അവലോകനം തയ്യാറാക്കലും ബോര്‍ഡിന്റെ ചുമതലയില്‍ ഉള്‍പ്പെടുന്നു. 1967-ലാണ് സംസ്ഥാനത്ത് ആസൂത്രണ ബോര്‍ഡ് രൂപീകരിക്കപ്പെട്ടത്.

ജില്ലാഭരണം

ഭരണസൗകര്യാര്‍ഥം സംസ്ഥാനത്തെ മൊത്തം 14 ജില്ലകളായും ജില്ലകളെ 75 താലൂക്കുകളായും താലൂക്കുകളെ 1664 വില്ലേജുകളായും വിഭജിച്ചിരിക്കുന്നു. താലൂക്കിലെ ഭരണത്തലവന്‍ തഹസീല്‍ദാരും വില്ലേജിലെ ഭരണത്തലവന്‍ വില്ലേജ് ഓഫീസറുമാണ്. ജില്ലാഭരണത്തെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ജില്ലാ കളക്ടര്‍ എന്ന ഉദ്യോഗസ്ഥനാണ്. സംഘടിത നഗരവികസനപ്രവര്‍ത്തനങ്ങളുടെയും റവന്യൂ പിരിവിന്റെയും ചുമതലയും റവന്യൂ റിക്കാര്‍ഡ്സിന്റെയും ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്മാരുടെ മേലുള്ള നിയന്ത്രണവും ഇദ്ദേഹത്തിനാണ്. ജില്ലയിലെ ക്രമസമാധാനപരിപാലനം നിര്‍വഹിക്കാനായി ജില്ലാ പൊലീസ് അധികാരിയും സായുധസേനാവിഭാഗവും ഇദ്ദേഹത്തെ സഹായിക്കുന്നു. കളക്ടര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയാണ്. ജില്ലാവികസനകൗണ്‍സിലിന്റെ അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയുടെ ബഹുമുഖവികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നു. ഇദ്ദേഹത്തെ സഹായിക്കാന്‍ അസിസ്റ്റന്റ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, സബ് കളക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥന്മാരുമുണ്ട്.

തദ്ദേശസ്വയംഭരണം

978 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാപഞ്ചായത്തുകള്‍, 60 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവ ചേര്‍ന്നതാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. പഞ്ചായത്തുവകുപ്പ്, ഗ്രാമവികസനവകുപ്പ്, നഗരകാര്യവകുപ്പ് എന്നിവ ചേര്‍ന്നാണ് തദ്ദേശ ഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഏകോപനം ആവശ്യമായി വരുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഈ മൂന്നു വകുപ്പുകളുടെയും മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതിയാണ്.

കേരള പഞ്ചായത്ത് രാജ്. ഗ്രാമപ്രദേശങ്ങളില്‍ സ്വയംഭരണാധികാരമുള്ള പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ നാല്പതാം ആര്‍ട്ടിക്കിള്‍ പ്രകാരം 1950-ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്റ്റും മലബാര്‍ പ്രദേശത്ത് മദിരാശി വില്ലേജ് പഞ്ചായത്ത് ആക്റ്റും നിലവില്‍ വന്നു. തിരുവിതാംകൂര്‍, കൊച്ചി പ്രദേശത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളും 458 ഗ്രാമപഞ്ചായത്തുകളിലായി തിരുവിതാംകൂര്‍-കൊച്ചി പഞ്ചായത്ത് ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ മലബാര്‍ പ്രദേശത്ത് ഏകീകൃത സ്വഭാവമുള്ള ഒരു ഭരണസംവിധാനമായിരുന്നില്ല. മലബാറിലെ 150 പഞ്ചായത്തുകള്‍ മാത്രമേ മദിരാശി വില്ലേജ് പഞ്ചായത്ത് ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. ബാക്കി പ്രദേശങ്ങള്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഭരണച്ചുമതലയിലായിരുന്നു.

1960-ലെ പഞ്ചായത്ത് നിയമം. ബല്‍വന്ത്റായി മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ്. നമ്പൂതിരിപ്പാട് അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മിറ്റിയുടെയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഐക്യകേരളത്തിലെ ആദ്യ പഞ്ചായത്ത് ആക്റ്റ് 1960-ല്‍ രൂപപ്പെട്ടു. 1962 ജനു. 1-ന് ഈ നിയമം നിലവില്‍ വന്നു. ഇതുപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് 922 പഞ്ചായത്തുകള്‍ രൂപവത്കരിച്ചു. ഈ പഞ്ചായത്തുകളില്‍ 1964 ജനു. 1-ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അധികാരമേല്‍ക്കുകയും ചെയ്തു.

പിന്നീട് ചില പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളായി മാറ്റപ്പെടുകയും ചില വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും ചെയ്തു. 23.4.1994-ല്‍ കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 991 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തുകളെ സ്പെഷ്യല്‍ ഗ്രേഡ്, ഒന്നാംഗ്രേഡ്. രണ്ടാം ഗ്രേഡ്, മൂന്നാം ഗ്രേഡ് എന്നിങ്ങനെ നാലായി തിരിച്ചിരുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ ഗ്രേഡ് നിര്‍ണയിക്കാനാണ് വ്യവസ്ഥയെങ്കിലും 1983-നുശേഷം റീഗ്രൂപ്പിങ് നടത്തിയിട്ടില്ല. 1983-ലെ റീഗ്രൂപ്പിങ് അനുസരിച്ച് 1,75,000 രൂപയ്ക്കുമുകളില്‍ സാധാരണ വരുമാനമുള്ള പഞ്ചായത്തുകള്‍ സ്പെഷ്യല്‍ ഗ്രേഡും ഒരു ലക്ഷത്തിനുമേല്‍ 1,75,000 രൂപയ്ക്ക് താഴെ വരുമാനമുള്ള പഞ്ചായത്തുകള്‍ ഒന്നാം ഗ്രേഡും 50,000 രൂപയ്ക്കുമേല്‍ ഒരു ലക്ഷംരൂപവരെ വരുമാനമുള്ള പഞ്ചായത്തുകള്‍ രണ്ടാംഗ്രേഡും 50,000 രൂപവരെയുള്ള പഞ്ചായത്തുകള്‍ മൂന്നും ഗ്രേഡുമാണ്.

1994-ലെ പഞ്ചായത്ത് രാജ് നിയമം. ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതിനിയമം പാസ്സായതിനെത്തുടര്‍ന്ന് നിര്‍മിക്കപ്പെട്ടതാണ് 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് 1995-ല്‍ ചില ഭേദഗതികളും 1999-ല്‍ 105 വകുപ്പുകളില്‍ സമഗ്രമായ ഭേദഗതികളും വരുത്തി. സര്‍ക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെമേലുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും ഇല്ലാതാക്കിയെന്നതാണ് ഈ ഭേദഗതിയുടെ പ്രത്യേകത. 2000-ത്തില്‍ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്യുകയും സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണനിര്‍ണയം തുടങ്ങിയ അധികാരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും ചെയ്തു. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തി. 2001-ല്‍ ഏഴംഗ ഓംബുഡ്സുമാന്‍ രൂപവത്കരണത്തിന് വ്യവസ്ഥ ചെയ്യുന്ന നിയമം ഭേദഗതി ചെയ്ത് ഏകാംഗ ഓംബുഡ്സുമാനാക്കി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനമാണ് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ഈ നിയമത്തിലെ ഏറ്റവും സവിശേഷമായ ഒരു സംവിധാനമാണ് ഗ്രാമസഭ. ഒരു പഞ്ചായത്തിലെ ഭൂപ്രദേശത്തെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതിനാല്‍ പത്തുവര്‍ഷം കൂടുമ്പോള്‍ നിലവില്‍വരുന്ന കാനേഷുമാരി കണക്കുകള്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണത്തില്‍ മാറ്റം സംഭവിക്കാം.

ഗ്രാമപഞ്ചായത്ത്. ജനസംഖ്യ 15,000-ത്തില്‍ കവിയാത്ത പഞ്ചായത്തുകള്‍ക്ക് 12 നിയോജകമണ്ഡല(വാര്‍ഡുകള്‍)ങ്ങളും 15,000 കവിഞ്ഞുവരുന്ന ഓരോ 2,500 ജനസംഖ്യയ്ക്കും ഒന്നുവീതവും പരമാവധി 22 നിയോജകമണ്ഡലങ്ങള്‍ വരെയുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലം (വാര്‍ഡ്) അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രാമസഭ. നിയോജകമണ്ഡലത്തിലെ മുഴുവന്‍ സമ്മതിദായകരും ഗ്രാമസഭയിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് ഗ്രാമസഭാകണ്‍വീനര്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായിരിക്കും. വര്‍ഷത്തില്‍ നാലുപ്രാവശ്യമെങ്കിലും ഗ്രാമസഭ യോഗം ചേരണം. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം. 10 ശതമാനത്തിലധികം സമ്മതിദായകര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ രണ്ട് സാധാരണയോഗങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക യോഗവും ചേരേണ്ടതുണ്ട്. ഗ്രാമസഭയുടെ യോഗം മൂന്നുമാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടുന്നതില്‍ തുടര്‍ച്ചയായി രണ്ടുതവണ വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട അംഗത്തിന്റെ അംഗത്വം നഷ്ടമാകും (ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തിക്കൊണ്ട് 2013-ല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ട്. പഞ്ചായത്ത് രാജ് നിയമത്തിലെ 35-ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ഈ ഓര്‍ഡിനന്‍സ് പ്രകാരം ഗ്രാമസഭകള്‍ ഒന്‍പതുമാസത്തിലൊരിക്കല്‍ ചേര്‍ന്നാല്‍ മതി. 2010 ന. 1 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയായിരുന്നു ഈ ഓര്‍ഡിനന്‍സ്). സമ്മതിദായകര്‍ക്ക് തങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധിയുമായി സംവദിക്കാന്‍ ഗ്രാമസഭ അവസരമൊരുക്കുന്നു. മുന്‍വര്‍ഷത്തെ വികസനപരിപാടികളും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളും ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ വാര്‍ഷികക്കണക്കുകളുടെ സ്റ്റേറ്റ്മെന്റും ഭരണ നിര്‍വഹണാധികാരിയുടെ റിപ്പോര്‍ട്ടും ആദ്യയോഗത്തില്‍ ഗ്രാമസഭ മുന്‍പാകെ വയ്ക്കണം. ഗ്രാമസഭകള്‍ക്ക് പ്രത്യേകം ചുമതലകളും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് 1999-ലെ ഭേദഗതി നിയമമനുസരിച്ച് 27 അനിവാര്യചുമതലകളും 14 പൊതുവായ ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 19 വകുപ്പുകളില്‍ നിന്നുള്ള ചുമതലകളും നിര്‍വഹിക്കേണ്ടതുണ്ട്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പൊതുവായ മൂന്ന് ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 14 വകുപ്പുകളില്‍നിന്നുള്ള ചുമതലകളുമാണുള്ളത്. ജില്ലാപഞ്ചായത്തുകള്‍ക്കാകട്ടെ പൊതുവായ മൂന്ന് ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 16 വകുപ്പുകളില്‍ നിന്നുള്ള ചുമതലകളും നല്‍കിയിട്ടുണ്ട്. നേരിട്ട് നികുതി ചുമത്തുന്നതിനും പിരിക്കുന്നതിനുമുള്ള അധികാരം ഗ്രാമപഞ്ചായത്തുകള്‍ക്കു മാത്രമാണുള്ളത്.

നിര്‍വഹണാധികാരി. പഞ്ചായത്തിന്റെ നിര്‍വഹണാധികാരി പഞ്ചായത്ത് പ്രസിഡന്റും മുഖ്യനിര്‍വഹണ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാണ്. പഞ്ചായത്തുകള്‍ക്ക് കൈമാറ്റപ്പെട്ട വകുപ്പുകളെ സംബന്ധിച്ചിടത്തോളം അതത് വിഭാഗത്തിലെ ഓഫീസ് മേധാവിയെ നിര്‍വഹണ ഉദ്യോഗസ്ഥനായി പഞ്ചായത്തിന് അധികാരപ്പെടുത്താവുന്നതാണ്. പഞ്ചായത്തിലെ എല്ലാവിഭാഗം ഉദ്യോഗസ്ഥന്മാരുടെയും നിയന്ത്രണം പഞ്ചായത്തില്‍ നിക്ഷിപ്തമാണ്. എല്ലാ ഉദ്യോഗസ്ഥരുടെയും പേരില്‍ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരവും പഞ്ചായത്തിനുണ്ട്. എന്നാല്‍ ലഘുശിക്ഷ മാത്രമേ ഇപ്രകാരം നല്‍കാന്‍ പാടുള്ളൂ. സെക്രട്ടറിയും മറ്റു ഗസറ്റഡ് ഉദ്യോഗസ്ഥരും ഒഴികെയുള്ള ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരവും നിയമപ്രകാരം പ്രസിഡന്റിനുണ്ട്. എന്നാല്‍ ഈ നടപടി അടുത്ത കമ്മിറ്റിയില്‍വച്ച് പഞ്ചായത്ത് അംഗീകരിക്കണം. അല്ലെങ്കില്‍ ആ നടപടി അസാധുവാകും.

ബ്ലോക്ക് പഞ്ചായത്ത്. ജനസംഖ്യ 1,50,000-ത്തില്‍ കവിയാത്ത പഞ്ചായത്തുകള്‍ക്ക് 12 നിയോജകമണ്ഡലങ്ങളും 1,50,000-ത്തില്‍ കവിഞ്ഞുവരുന്ന ഓരോ 25,000-ത്തിനും ഒന്നുവീതവും പരമാവധി 22 നിയോജകമണ്ഡലങ്ങള്‍. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍കൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ടുമാരും ബ്ലോക്ക് പഞ്ചായത്തംഗമായിരിക്കും. തിരഞ്ഞെടുപ്പുകളിലും അവിശ്വാസപ്രമേയങ്ങളിലും ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടേണ്ട അംഗസംഖ്യയുടെയും അധ്യക്ഷപദവിയുടെയും (പ്രസിഡണ്ട്) മൂന്നില്‍ ഒന്ന് (പട്ടികജാതി/ഗോത്ര വനിതകള്‍ ഉള്‍പ്പെടെ) വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ ഒരു പഞ്ചായത്തിലെ പട്ടികജാതി/ഗോത്രജനസംഖ്യയ്ക്ക് ആനുപാതികമായി, ചുരുങ്ങിയത് ഒരു സീറ്റെങ്കിലും പട്ടികജാതി-പട്ടികഗോത്ര അംഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കണം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കും ഇതേ മാതൃകയാണ് അവലംബിക്കുന്നത്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുക, സര്‍ക്കാര്‍-സര്‍ക്കാരിതര സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക, ആവര്‍ത്തനം ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികള്‍ കണക്കിലെടുത്തശേഷം പദ്ധതികള്‍ തയ്യാറാക്കുകയും പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളും മുന്നോക്കം നില്ക്കുന്ന പഞ്ചായത്തുകളും തമ്മില്‍ പാരസ്പര്യതയ്ക്ക് ഉതകുന്ന പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയവയാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ പൊതുചുമതലകള്‍.

ബ്ലോക്ക് പഞ്ചായത്തുകള്‍, ഓരോ വര്‍ഷത്തേക്കും വികസനപദ്ധതി തയ്യാറാക്കി ജില്ലാ പ്ലാനിങ് കമ്മിറ്റിയില്‍നിന്നും അംഗീകാരം വാങ്ങിയതിനുശേഷമാണ് അവ നടപ്പിലാക്കേണ്ടത്. കൃഷി, മൃഗസംരക്ഷണവും ക്ഷീരോത്പന്നവും, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, ഭവനനിര്‍മാണം, വിദ്യുച്ഛക്തിയും ഊര്‍ജവും, വിദ്യാഭ്യാസം, പൊതുമരാമത്ത്, പൊതുജനാരോഗ്യവും ശുചീകരണവും, സാമൂഹ്യക്ഷേമം, ദാരിദ്ര്യനിര്‍മാര്‍ജനം, പട്ടികജാതി-പട്ടികഗോത്ര വികസനം, സഹകരണം തുടങ്ങി 14 മേഖലകളിലായി 28 ചുമതലകളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ നിര്‍വഹിക്കേണ്ടത്.

ജില്ലാപഞ്ചായത്ത്. ജനസംഖ്യ 10 ലക്ഷത്തില്‍ കവിയാത്ത പഞ്ചായത്തുകള്‍ക്ക് 16 നിയോജകമണ്ഡലങ്ങളും 10 ലക്ഷത്തില്‍ കവിയുന്ന ഓരോ ലക്ഷത്തിനും ഒന്നുവീതവും-പരമാവധി 32 നിയോജകമണ്ഡലങ്ങളാണ് ജില്ലാപഞ്ചായത്ത് തലത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ കൂടാതെ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്‍ഡുമാരും ജില്ലാ പഞ്ചായത്തംഗങ്ങള്‍ ആയിരിക്കും. ഈ അംഗങ്ങള്‍ക്കും തിരഞ്ഞെടുപ്പുകളിലും അവിശ്വാസപ്രമേയങ്ങളിലും ഒഴികെ വോട്ടവകാശമുള്ള മറ്റെല്ലാ കാര്യങ്ങളിലും ജില്ലാപഞ്ചായത്ത് അംഗമെന്ന നിലവിലുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും.

സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സാങ്കേതിക വൈദഗ്ധ്യം സമാഹരിക്കുക, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും സാങ്കേതിക സഹായം നല്‍കുക, ആവര്‍ത്തനം ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും മുന്നോക്ക-പിന്നോക്ക പാരസ്പര്യം നിര്‍വഹിക്കുക എന്നിവയാണ് ജില്ലാപഞ്ചായത്തുകളുടെ പൊതുവായ ചുമതലകള്‍. ഇവ കൂടാതെ കൃഷി, മൃഗസംരക്ഷണവും ക്ഷീരോത്പാദനവും, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായങ്ങള്‍, ഭവനനിര്‍മാണം, ജലവിതരണം, വിദ്യുച്ഛക്തിയും ഊര്‍ജവും, വിദ്യാഭ്യാസം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം, ദാരിദ്യ്രനിര്‍മാര്‍ജനം, പട്ടികജാതി-പട്ടിക ഗോത്ര വികസനം, കായികവിനോദവും സാംസ്കാരിക കാര്യങ്ങളും, സഹകരണം തുടങ്ങിയവയും നിര്‍വഹിക്കുന്നു.

അംഗങ്ങളുടെയും പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പ്. ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളെ സമ്മതിദായകര്‍ നേരിട്ട് തിരഞ്ഞെടുക്കുകയും ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍നിന്നും പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതത് ജില്ലാപഞ്ചായത്തുകളിലും അംഗങ്ങളായിരിക്കും. എന്നാല്‍ അവര്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലോ, അവിശ്വാസപ്രമേയ വോട്ടെടുപ്പിലോ വോട്ട് ചെയ്യാനവകാശമില്ല. ത്രിതലപഞ്ചായത്തുകളിലെ അംഗസംഖ്യയുടെയും പ്രസിഡന്റ് പദവിയുടെയും മൂന്നിലൊന്നില്‍ കുറയാത്ത സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കും പട്ടികഗോത്രക്കാര്‍ക്കും ജനസംഖ്യാനുപാതികമായിട്ടാണ് സീറ്റ് സംവരണം ചെയ്യുന്നത്. ഇപ്രകാരം സംവരണം ചെയ്യുന്ന സ്ഥാനങ്ങളില്‍ മൂന്നിലൊന്നില്‍ കുറയാത്ത സ്ഥാനം ആ വിഭാഗങ്ങളിലെ വനിതകള്‍ക്കായി സംവരണം ചെയ്യുന്നു. സംവരണ മണ്ഡലങ്ങളും സംവരണ പഞ്ചായത്തുകളും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തനക്രമമനുസരിച്ച് മാറുന്നതാണ്.

1994-ലെ പഞ്ചായത്ത് നിയമം അനുസരിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത് 1995 സെപ്. 23, 25 തീയതികളിലാണ്. ഈ തിരഞ്ഞെടുപ്പിലൂടെ 990 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലും 1995 സെപ്. 30-ന് പുതിയ ഭരണസമിതിയംഗങ്ങള്‍ അധികാരമേറ്റു. എന്നാല്‍ 1995 ഒ. 2-നാണ് പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള അധികാരകൈമാറ്റം ഔപചാരികമായി നടന്നത്.

മൂന്നുതലത്തിലുള്ള പഞ്ചായത്തുകള്‍ക്കും കൃത്യമായ ചുമതലാവിഭജനം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാദേശികമായ വികസനപ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്തിന് -പ്രാഥമികതലത്തിന്-സാധ്യമായവ അവതന്നെ നിര്‍വഹിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. ഇതിനു സാധ്യമായില്ലെങ്കില്‍ മാത്രം അടുത്ത തലത്തിലാവാം. ഗ്രാമതലത്തില്‍ നിന്നുള്ള പദ്ധതിനിര്‍ദേശങ്ങള്‍ ലഭിച്ചശേഷം മാത്രമേ ജില്ലാ തലത്തിലും പദ്ധതി രൂപീകരണം പൂര്‍ത്തിയാകൂ. ആവശ്യമെങ്കില്‍ പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കുകയോ ഒരു തലത്തിന് പൂര്‍ണമായി വിട്ടുകൊടുക്കുകയോ ചെയ്യുന്നു. ഇത്തരത്തില്‍ പരസ്പരപൂരകങ്ങളായ പ്രവര്‍ത്തനങ്ങളാണ് ത്രിതല പഞ്ചായത്തുകളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്.

ബജറ്റ്. ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റിയാണ് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ബജറ്റ് തയ്യാറാക്കുന്നത്. എല്ലാ വര്‍ഷവും ഏപ്രില്‍ 1-ന് മുമ്പ് ബജറ്റ് പാസാക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും തയ്യാറാക്കുന്ന ബജറ്റിന്റെ ഒരു പകര്‍പ്പ് ജില്ലാപഞ്ചായത്തിന് സമര്‍പ്പിക്കുകയും ജില്ലാ പഞ്ചായത്തുകള്‍ അതിന്റെ ബജറ്റിനോടൊപ്പം ഇവ സര്‍ക്കാരിന് സമര്‍പ്പിക്കുകയും വേണം.

പഞ്ചായത്തുകളുടെ വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പഞ്ചായത്തിനും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കാന്‍ ലോക്കല്‍ ഫണ്ട് ഡയറക്ടര്‍മാര്‍ക്കാണ് ചുമതല. പഞ്ചായത്തുകളുടെ വാര്‍ഷിക വരവുചെലവ് കണക്കുകളുടെ റിപ്പോര്‍ട്ടിന്റെ സംക്ഷേപവും ഓഡിറ്റ് റിപ്പോര്‍ട്ടും ജൂലൈ 31-ന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുകയും ഉദ്യോഗസ്ഥര്‍ ഈ റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അത് നിയമസഭയില്‍ വയ്ക്കുകയും വേണം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും വിഭവലഭ്യത ഉറപ്പുവരുത്തുന്നതിനും ഒരു മൂന്നംഗ ധനകാര്യകമ്മിഷനുണ്ട്.

ഗ്രാമപഞ്ചായത്തുകള്‍ വികസന പദ്ധതികള്‍ തയ്യാറാക്കി (ഗ്രാമസഭകളുടെ നിര്‍ദേശം പരിഗണിച്ച്) ജില്ലാ ആസൂത്രണസമിതിക്കും പകര്‍പ്പ് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിനും ജില്ലാ ആസൂത്രണ സമിതിക്കും ജില്ലാ പഞ്ചായത്തിനും നല്‍കണം. കൂടാതെ ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും നിശ്ചിത തിയതിക്കുള്ളില്‍ അവയുടെ ഭരണ റിപ്പോര്‍ട്ട് ജില്ലാപഞ്ചായത്തിന് നല്‍കണം. ജില്ലാ പഞ്ചായത്ത് അതിന്റെ ഭരണറിപ്പോര്‍ട്ടും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണറിപ്പോര്‍ട്ടും സര്‍ക്കാരിന് നല്‍കുകയും സര്‍ക്കാര്‍ അത് നിയമസഭയില്‍ വയ്ക്കുകയും വേണം.

നഗരകാര്യം. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും ഭരണച്ചുമതല നഗരകാര്യവകുപ്പിനാണ്. 74-ാം ഭരണഘടനാഭേദഗതിയുടെ ഭാഗമായി നിലവില്‍ വന്ന കേരള മുനിസിപ്പാലിറ്റി നിയമത്തിലൂടെയാണ് മുനിസിപ്പല്‍/കോര്‍പ്പറേഷനുകള്‍ ഈ വകുപ്പിനു കീഴിലായത്. 60 മുനിസിപ്പാലിറ്റികളും അഞ്ചു കോര്‍പ്പറേഷനുകളും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ ഇന്നത്തെ നഗര തദ്ദേശഭരണസംവിധാനം. 2010-ല്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നഗരസ്വഭാവമാര്‍ജിച്ച കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ഏഴു ഗ്രാമപഞ്ചായത്തുകളെക്കൂടി മുനിസിപ്പല്‍ കൗണ്‍സിലുകളാക്കി മാറ്റിയതോടെയാണ് മുനിസിപ്പല്‍ കൌണ്‍സിലുകളുടെ എണ്ണം 53-ല്‍ നിന്ന് 60 ആയത്; കോര്‍പ്പറേഷനുകളുടെ എണ്ണം അഞ്ചും.

എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിയന്ത്രണാധികാരി നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആണ്. പഞ്ചവത്സര പദ്ധതികളുടെ കീഴില്‍ വരുന്ന പദ്ധതികള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് നല്‍കല്‍, വികസന പദ്ധതികളുടെ നിര്‍വഹണം, ഏകോപനം തുടങ്ങിയവ മുനിസിപ്പല്‍ വകുപ്പ് നിര്‍വഹിക്കുന്നു. സ്വത്ത് നികുതി, തൊഴില്‍ നികുതി, വിനോദനികുതി, അധിക വിനോദ നികുതി, പരസ്യനികുതി, പ്രദര്‍ശന നികുതി, തടി നികുതി, സ്വത്തുകൈമാറ്റ നികുതി (സര്‍ച്ചാര്‍ജ് നികുതി) തുടങ്ങിയ നികുതികള്‍, ഫീസ്/പിഴ, നികുതിയേതര വരുമാനം, ഗ്രാന്‍ഡ്/സംഭാവന എന്നിവയാണ് നഗര-തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍.

ഓംബുഡ്സുമാന്‍. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അതിലെ ഉദ്യോഗസ്ഥരുടെയും ഭരണ നിര്‍വഹണത്തില്‍ അവമതിയോ, ദുര്‍ഭരണമോ അപാകതകളോ സംബന്ധിച്ച ആരോപണത്തെപ്പറ്റി സൂക്ഷ്മാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിനുള്ള ചുമതല ഓംബുഡ്സ്മാനാണ്. മുമ്പ് ഏഴംഗ ഓബുഡ്സ്മാനാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ നിമയഭേദഗതിയിലൂടെ പിന്നീട് ഏകാംഗ ഓംബുഡ്സ്മാനാക്കി. ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുള്ള വ്യക്തിയായിരിക്കും ഓംബുഡ്സ്മാന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം കൂടി പരിഗണിച്ച് ഗവര്‍ണറാണ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്. മൂന്ന് വര്‍ഷമാണ് ഓംബുഡ്സ്മാന്റെ കാലാവധി.

ക്രമസമാധാനം
കേരള പോലീസ് ആസ്ഥാന മന്ദിരം

സംസ്ഥാനത്തെ നിയമപാലനത്തിന്റെ ചുമതല കേരള പൊലീസിനാണ്. 1960-ല്‍ കേരളാ പൊലീസ് നിയമം പ്രാബല്യത്തില്‍ വന്നു. ആഭ്യന്തരവകുപ്പിനു കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് കേരളാ പൊലീസ് പ്രവര്‍ത്തിക്കുന്നത്. 'മൃദുഭാവെ, ദൃഢ കൃത്യേ' (മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍) എന്നതാണ് സേനയുടെ ആപ്തവാക്യം. ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ് (ഡി.ജി.പി.) എന്ന ഉദ്യോഗസ്ഥനാണ് കേരളാ പൊലീസിന്റെ മേധാവി. ഭരണസൗകര്യാര്‍ഥം പൊലീസ് സേനയെ ഉത്തര, ദക്ഷിണ മേഖലകളായി തിരിച്ചിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഒഫ് പൊലീസിന് (എ.ഡി.ജി.പി.) ആണ് മേഖലകളുടെ ചുമതല. ഓരോ മേഖലകളെയും രണ്ട് റേഞ്ചുകളായി തിരിച്ച് ഇന്‍സ്പെക്ടര്‍ ജനറലി(ഐ.ജി.)ന്റെ നിയന്ത്രണത്തില്‍ ക്രമീകരിച്ചിരിക്കുന്നു. റേഞ്ചുകളെ പൊലീസ് ജില്ലകളായി തിരിച്ച് സൂപ്രണ്ട് ഒഫ് പൊലീസി(എസ്.പി.)ന് ചുമതല നല്‍കുന്നു. സംസ്ഥാനത്ത് ആകെ 17 പൊലീസ് ജില്ലകളാണ് (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റവന്യു ജില്ലകളില്‍ രണ്ടു പൊലീസ് ജില്ലകള്‍) ഉണ്ടായിരുന്നത്. 2011-ല്‍ തൃശൂര്‍, കൊല്ലം പൊലീസ് ജില്ലകളെ വിഭജിച്ച് റൂറല്‍-സിറ്റി ജില്ലകളാക്കിയതോടെ പൊലീസ് ജില്ലകളുടെ എണ്ണം 19 ആയി ഉയര്‍ന്നു. പൊലീസ്ജില്ലയെ സബ്ഡിവിഷന്‍, സര്‍ക്കിള്‍, പൊലീസ് സ്റ്റേഷന്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഡി.വൈ.എസ്.പി., സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് യഥാക്രമം ഇവയുടെ ചുമതല. കേരളത്തില്‍ നിലവില്‍ (2014) 49 പൊലീസ് സബ്ഡിവിഷനുകളും 190 സര്‍ക്കിളുകളും 433 പൊലീസ് സ്റ്റേഷനുകളും ഒന്‍പത് ട്രാഫ്ക് പൊലീസ് സ്റ്റേഷനുകളും മൂന്ന് വനിതാ പൊലീസ് സ്റ്റേഷനുകളുമുണ്ട്.

നീതിന്യായം

നീതിന്യായനിര്‍വഹണത്തിന്റെ ചുമതല ഹൈക്കോടതിക്കും അതിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കീഴ്ക്കോടതികള്‍ക്കുമാണ്. ഹൈക്കോടതിയുടെ തലവനായ ചീഫ് ജസ്റ്റിസിനെയും മറ്റ് ഹൈക്കോടതി ജഡ്ജിമാരെയും ഇന്ത്യന്‍ പ്രസിഡന്റ് നേരിട്ട് നിയമിക്കുമ്പോള്‍ ഗവര്‍ണര്‍ ഹൈക്കോടതിയുമായി ആലോചിച്ച് ജില്ലാജഡ്ജിമാരെ നിയമിക്കുന്നു. എല്ലാ ജില്ലകളിലും ജില്ലാക്കോടതികളും അവയ്ക്കു താഴെ മറ്റു കോടതികളുമുണ്ട്. നോ. കേരള ഹൈക്കോടതി

സംസ്ഥാനത്തെ ഉന്നത നീതിപീഠമാണ് ഹൈക്കോടതി. 1956 ന. 1-ന് എറണാകുളം ആസ്ഥാനമായി കേരള ഹൈക്കോടതി നിലവില്‍ വന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 26 സ്ഥിരം ജഡ്ജിമാരും ഒന്‍പത് അഡീഷണല്‍ ജഡ്ജിമാരുമാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്. തിരു-കൊച്ചി ഹൈക്കോടതിയിലെ 3409 പ്രധാന കേസുകളും മദ്രാസ് ഹൈക്കോടതിയിലെ 1504 കേസുകളുമാണ് കേരള ഹൈക്കോടതി സ്ഥാപിതമാവുമ്പോള്‍ പരിഗണനയ്ക്കായി ഉണ്ടായിരുന്നത്.

സിബിഐ കോടതി-തിരുവനന്തപുരം

14 ജില്ലാക്കോടതികള്‍, 29 അഡീഷണല്‍ ജില്ലാ കോടതികള്‍, അഡീഷണല്‍ സബ് കോടതികള്‍ ഉള്‍പ്പെടെ 51 സബ്കോടതികള്‍, 82 മുന്‍സിഫ് കോടതികള്‍, 16 മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികള്‍, 38 ഫാസ്റ്റ്ട്രാക്ക് കോടതികള്‍ എന്നിവയാണ് സംസ്ഥാനത്തെ മറ്റു കോടതികള്‍. ഇവയ്ക്കുപുറമേ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികള്‍ (NDP Cases) തൊടുപുഴ, വടകര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കോടതി തൃശൂരും അബ്കാരി കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന കോടതി നെയ്യാറ്റിന്‍കര, കൊട്ടാരക്കര എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു. 16 കുടുംബകോടതികളും രണ്ട് സി.ബി.ഐ. കോടതികളും ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക കോടതിയും സംസ്ഥാനത്തുണ്ട്. ഒപ്പം 22 മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലും മൂന്ന് വഖഫ് ട്രൈബ്യൂണലുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യമലയാളി; ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍ ആദ്യ സുപ്രിംകോടതി ജഡ്ജിയും.

തുറന്ന ജയില്‍-നെട്ടുകാല്‍ത്തേരി

തിരുവനന്തപുരം, വിയ്യൂര്‍ (തൃശൂര്‍), കണ്ണൂര്‍ എന്നിവിടങ്ങളിലായി മൂന്നു സെന്‍ട്രല്‍ ജയിലുകളും നാല് ജില്ലാ ജയിലുകളും (കോഴിക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം) ഒന്‍പത് സ്പെഷ്യല്‍ സബ് ജയിലുകളും (കണ്ണൂര്‍, കോഴിക്കോട്, പൂജപ്പുര, നെയ്യാറ്റിന്‍കര, വിയ്യൂര്‍, തലശ്ശേരി, പാലക്കാട്, കോട്ടയം, ആലപ്പുഴ) 29 സബ്ജയിലുകളുമാണ് കേരളത്തിലുള്ളത്.

കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ 1962 ആഗസ്റ്റില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് ജില്ലയിലെ ചീമേനിയിലാണ് കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയില്‍ സ്ഥാപിതമായിട്ടുള്ളത്. നെയ്യാറ്റിന്‍കര, വിയ്യൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വനിതാ ജയിലുകള്‍ ഉള്ളത്. അഞ്ചിനും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി സംസ്ഥാനത്ത് ആറ് ജുവൈനല്‍ ഹോമുകളും 14 നിരീക്ഷണ സദനങ്ങളും തൃക്കാക്കരയില്‍ ഒരു ദുര്‍ഗുണപരിഹാര പാഠശാലയും പ്രവര്‍ത്തിക്കുന്നു.

(ഡോ. സി.കെ. കരീം; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍