This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിപാതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:00, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതിപാതകം

നരകത്തിലേക്ക് നയിക്കുമെന്നു കരുതപ്പെടുന്ന ഒന്‍പതു വിധം പാതകങ്ങളില്‍ ഒന്ന്. ഹൈന്ദവ ധര്‍മശാസ്ത്രമനുസരിച്ച് അതിപാതകം, മഹാപാതകം, അനുപാതകം, ഉപപാതകം, സങ്കരീകരണം, അപാത്രീകരണം, ജാതിഭ്രംശകരം, മലാവഹം, പ്രകീര്‍ണകം എന്നിവയാണ് പാതകങ്ങള്‍. മാതാവ്, മകള്‍, പുത്രഭാര്യ എന്നിവരോടുകൂടി ശയിക്കുന്നതു പുരുഷന്‍മാരെ സംബന്ധിച്ചും പുത്രന്‍, പിതാവ്, ഭര്‍ത്താവിന്റെ അച്ഛന്‍ എന്നിവരോടുകൂടി ശയിക്കുന്നതു സ്ത്രീകളെ സംബന്ധിച്ചും ത്രിവിധങ്ങളായ അതിപാതകങ്ങളാണ്. പ്രായശ്ചിത്തവിവേകത്തില്‍ വിവിധ പാതകങ്ങളെയും അവ ചെയ്തുപോയാല്‍ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തങ്ങളെയും പ്രതിപാദിച്ചിട്ടുണ്ട്. അറിയാതെ ചെയ്യുന്ന അതിപാതകത്തിന് ബ്രാഹ്മണന്‍ ദ്വിഗുണദ്വാദശവാര്‍ഷികവ്രതവും (24 വര്‍ഷം നീണ്ടുനില്ക്കുന്നത്), അറിഞ്ഞു ചെയ്യുന്നതിന് അതിന്റെ ഇരട്ടിയും അനുഷ്ഠിച്ച് പ്രായശ്ചിത്തം നിര്‍വഹിക്കേണ്ടതാണ്. ശൂദ്രന്‍മാര്‍ക്ക് വിധിച്ചിട്ടുള്ളത് അഗ്നിയില്‍ പ്രവേശിച്ച് മരണമോ, 24 കൊല്ലം നീണ്ടുനില്ക്കുന്ന വ്രതമോ ആണ്. അറിയാതെ ചെയ്തതിന് അപ്രകാരമാണെങ്കില്‍ അറിഞ്ഞുചെയ്തതിനുള്ള പ്രായശ്ചിത്തം അതിന്റെ ഇരട്ടിയാണ്. മേല്പറഞ്ഞ പ്രായശ്ചിത്തം അനുഷ്ഠിക്കുവാന്‍ കഴിയാത്തവര്‍ അതിനുപകരമായി 360 പശുക്കളെയോ 1080 കാര്‍ഷാപണമോ (പഴയ കാലത്തു നടപ്പിലിരുന്ന 12 പണമിടയുള്ള ഒരു നാണയം) ദാനം ചെയ്താലും മതി. പണത്തിനുപകരം അതിന്റെ വിലയ്ക്കുള്ള സ്വര്‍ണം, വെള്ളി മുതലായതും ദാനം ചെയ്യാം. ദാനത്തിനു പുറമേ 200 പശുക്കളെയോ 200 കാര്‍ഷാപണമോ ദക്ഷിണയായി കൊടുക്കുകയും ചെയ്യണമെന്നു വിധിച്ചിട്ടുണ്ട്. സമുദായഘടനയ്ക്ക് പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ പ്രായശ്ചിത്തങ്ങളെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവയ്ക്ക് കാരണഭൂതമായ മൂന്നുവിധ പാതകങ്ങളും വലിയ പാതകങ്ങളാണെന്ന ധാരണയ്ക്ക് പരിഷ്കൃതജനതയ്ക്കിടയില്‍ സാരമായ മാറ്റം സംഭവിച്ചിട്ടില്ല. നോ: പാതകങ്ങള്‍

(എ. പരമേശ്വര ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍