This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരളം-2
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ചരിത്രം
പ്രാചീനകേരളം (1122 വരെ)
ചരിത്രത്തിന്റെ പുലര്‍ച്ചയില്‍
കേരളത്തിന്റെ ചരിത്രാതീതകാലത്തെക്കുറിച്ച് നമുക്കുള്ള അറിവ് തുലോം പരിമിതമാണ്. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കണ്ടുകിട്ടിയിട്ടുള്ള പുരാതനശിലായുഗത്തിന്റെയും നവീനശിലായുഗത്തിന്റെയും മഹാശിലായുഗത്തിന്റെയും അവശിഷ്ടങ്ങള്‍ (പുലച്ചിക്കല്ല്, മേശക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി) സാക്ഷ്യപ്പെടുത്തുന്നത് പുരാതനശിലായുഗത്തിന്റെ അവസാനഘട്ടംമുതല്‍ കേരളം മനുഷ്യവാസത്തിനു വേദിയായിരുന്നു എന്നാണ്. ഇവിടെ അക്കാലത്ത് ജനവാസമുണ്ടായിരുന്നുവെന്നുള്ളതിന്റെ തെളിവുകളാണ് ഈ സ്മാരകാവശിഷ്ടങ്ങള്‍. ഇവയ്ക്ക് 6,000 കൊല്ലത്തിലധികം പഴക്കം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
പ്രാചീന ശിലായുഗത്തിന്റെ കാലഘട്ടം മുതല്‍ കേരളത്തില്‍ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കേരളത്തിലെ കാടുകളില്‍ നിവസിക്കുന്ന ഗോത്രവംശജരുടെ മുന്‍ഗാമികളായിരുന്നു ഇവിടത്തെ പ്രാചീന ശിലായുഗസംസ്കൃതിയുടെ വക്താക്കള്‍. ഏഷ്യയും ആഫ്രിക്കയും ആസ്റ്റ്രേലിയയും ഒരുമിച്ച് കൂടിച്ചേര്‍ന്നു കിടന്നിരുന്ന കാലഘട്ടത്തിലായിരിക്കാം നെഗ്രിറ്റോയ്സ്, പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശത്തില്‍പ്പെട്ട ഇക്കൂട്ടര്‍ ഇവിടെ എത്തിയത് എന്നുകരുതുന്നു. നരവംശശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പുരാതന ജനതയെ നെഗ്രിറ്റോ, പ്രോട്ടോ-ആസ്റ്റ്രലോയ്ഡ്, മെഡിറ്ററേനിയന്‍, ആര്യന്‍ എന്നിങ്ങനെ പല വംശക്കാരായി തരംതരിച്ചിരിക്കുന്നു. ഈ വംശങ്ങള്‍ തമ്മില്‍ ലയിച്ച് ഒന്നായിച്ചേര്‍ന്നതായ ഒരു വര്‍ഗമാണ് ഇപ്പോഴുള്ളത്. കാടര്‍, തോടര്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാര്‍ നെഗ്രിറ്റോ വംശത്തില്‍പ്പെട്ടവരാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് വംശക്കാര്‍ ആഹാരം തേടി നടക്കുന്നവരുടെ (Food gatheres) നിലയില്‍ നിന്നും സ്ഥിരതാമസത്തിലേക്കു (settled life) മാറിയിരുന്നു. നെഗ്രിറ്റോയ്ഡ് വംശജരും പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജരുമാണ് കേരളത്തിലെ ആദിമ നിവാസികളെ പ്രതിനിധീകരിക്കുന്നത്. മധ്യധരണ്യാഴിക്കു ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരാണ് മെഡിറ്ററേനിയന്‍ വംശക്കാര്‍. 'തര്‍മിലോയ്' (Termiloi) എന്നു പറയപ്പെട്ടിരുന്ന ഇവരാണ് ആദ്യം ദ്രമിള, ദ്രവിഡ എന്നും പിന്നീട് തമിഴര്‍, ദ്രാവിഡര്‍ എന്നും അറിയപ്പെട്ടത്. ഇവരും പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് വംശത്തില്‍പ്പെട്ടവരുംചേര്‍ന്ന സങ്കരവര്‍ഗം തമിഴര്‍ (ദ്രാവിഡര്‍) എന്നറിയപ്പെടാന്‍ തുടങ്ങി. മഹാശിലാ സംസ്കാരവും ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും ഇവിടെ നടപ്പാക്കിയത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു.
ചരിത്രാതീതകാലത്തുതന്നെ കേരളവും സിന്ധുനദീതടസംസ്കാരവും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നു വിശ്വസിക്കാന്‍ കാരണങ്ങളുണ്ട്. ഹാരപ്പായില്‍ നിന്നും കണ്ടെടുത്തിട്ടുള്ള ഈട്ടിമരം കൊണ്ടുള്ള ഒരു ശവപ്പെട്ടിയും മറ്റു ചില ചിത്രരേഖാമുദ്രകളും കേരളവും സിന്ധുനദീതട സംസ്കാരവുമായുള്ള ബന്ധത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുമേരിയന്‍ തലസ്ഥാനമായ ഊര്‍ എന്ന നഗരത്തില്‍ നിന്നും ബി.സി. 2500-നോടടുത്തു പണി ചെയ്യപ്പെട്ട തേക്കുമരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബി.സി.10-ാം ശതകത്തില്‍ ഇസ്രയേല്യരുടെ രാജാവായിരുന്ന സോളമന്‍ ചക്രവര്‍ത്തിയുടെ 'തര്‍ക്കീഷ് കപ്പല്‍ സമൂഹം സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, ആള്‍ക്കുരങ്ങ്, പെരുങ്കുരങ്ങ് (പഴയ തര്‍ജുമകളില്‍ 'മയില്‍') എന്നിവ കൊണ്ടുവന്നിരുന്നു' എന്ന് പഴയനിയമത്തില്‍ (1 രാജാക്കന്മാ x 22) പ്രസ്താവിക്കുന്നത് കേരളത്തില്‍ നിന്നായിരുന്നു എന്ന് പുരാവസ്തുപണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. അറബികളും ഫിനീഷ്യരും ചേര്‍ന്നായിരുന്നു കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ യൂറോപ്പില്‍ വിതരണം ചെയ്തിരുന്നത്. ബി.സി. 30-നോടടുപ്പിച്ച് റോമാക്കാര്‍ ഈജിപ്ത് പിടിച്ചടക്കുകയും ഇന്ത്യന്‍ വ്യാപാരത്തില്‍ നിന്ന് അറബികളെ നിശ്ശേഷം തുടച്ചുമാറ്റുകയും ചെയ്തു. 45-ല്‍ ഹിപ്പാലസ് എന്ന യവനനാവികന്‍ കാലവര്‍ഷക്കാറ്റ് ഉപയോഗപ്പെടുത്തി 40 ദിവസം കൊണ്ട് ഏഡന്‍ തുറമുഖത്ത് നിന്ന് അറബിക്കടല്‍ മുറിച്ചുകടന്ന് മുസിരിസ് (മുചിരിപത്തനം=കൊടുങ്ങല്ലൂര്‍) പട്ടണത്തില്‍ നേരിട്ട് എത്തിയത് റോമാസാമ്രാജ്യവുമായി നടന്നിരുന്ന വ്യാപാരത്തിന് വളരെയേറെ ഉത്തേജനം നല്‍കി. റോമാസാമ്രാജ്യവും കേരളവും തമ്മില്‍ നടന്നിരുന്ന വ്യാപാരത്തിന്റെ തെളിവുകളായി നിരവധി നാണയശേഖരങ്ങള്‍ കേരളത്തില്‍ പല സ്ഥലത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്.
കേരളവും ഉത്തരേന്ത്യയും തമ്മില്‍ പ്രാചീനകാലം മുതല്‍ അടുത്ത ബന്ധമുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും കേരളത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അവയുടെ കാലനിര്‍ണയത്തിലുള്ള സംശയങ്ങള്‍ കാരണം ആധികാരികങ്ങളായി ഗണിക്കപ്പെടാറില്ല. കേരളത്തെ പരാമര്‍ശിക്കുന്നതും കാലം കൃത്യമായി നിര്‍ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതനഗ്രന്ഥം ബി.സി. 300-നോടടുപ്പിച്ച് എഴുതപ്പെട്ട കാത്യായനന്റെ വാര്‍ത്തികം ആണെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്തുതന്നെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ വളരെ അടുത്ത വാണിജ്യബന്ധം നിലവിലിരുന്നു.
അശോകചക്രവര്‍ത്തിയുടെ (ബി.സി. 272-232) ശിലാശാസനങ്ങളിലാണ് കേരളത്തെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങളുള്ളത്. അദ്ദേഹം കേരളപുത്രം ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ അയല്‍രാജ്യങ്ങളിലും ആതുരശാലകള്‍ സ്ഥാപിക്കുകയും മരുന്നുതോട്ടങ്ങളും തണല്‍വൃക്ഷങ്ങളും വച്ചുപിടിപ്പിക്കുകയും കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു (Rock Edict No. II). അശോകന്റെ പരിശ്രമഫലമായി ബുദ്ധമതവും അതിന് മുമ്പുതന്നെ ജൈനമതവും കേരളത്തില്‍ പ്രചരിച്ചിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ട്.
ആദിചേരവംശം (ഒന്നാം ചേരസാമ്രാജ്യം)
ഇന്ന് ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ തമിഴ് കാവ്യങ്ങള്‍ രചിക്കപ്പെട്ടത് സംഘകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിലാണ്. കവികളുടെ ഒരു സംഘം നിലവിലിരുന്നോ എന്ന കാര്യം സംശയാസ്പദമാണ്. എന്നാല്‍ സമകാലികരായ ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ ഈ സംഘം കൃതികളില്‍ കാണുന്നുണ്ടെന്നും ആ കൃതികള്‍ ക്രിസ്ത്വബ്ദം ആദ്യത്തെ മൂന്നു ശതകങ്ങളില്‍ രചിക്കപ്പെട്ടവയാണെന്നും ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
എട്ടുത്തൊകൈ, പത്തുപ്പാട്ട്, പതിറ്റുപ്പത്ത് എന്നീ കവിതാസമാഹാരങ്ങളിലാണ് ഈ സമകാലിക രാജവംശങ്ങള്‍ കൂടുതലായി പരാമര്‍ശിക്കപ്പെടുന്നത്. ഇവയില്‍ പതിറ്റുപ്പത്ത് ആദ്യകാല ചേരരാജാക്കന്മാരെപ്പറ്റി മാത്രമാണ് പ്രകീര്‍ത്തിക്കുന്നത്. അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലും അവരെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.
ചേര-ചോള-പാണ്ഡ്യരാജവംശങ്ങളില്‍ ഏറ്റവും പുരാതനമായത് ചേരരാജവംശമാണെന്ന് കരുതപ്പെടുന്നു. പ്രാചീന തമിഴകത്തിലെ വില്ലവരാണ് ചേരന്മാര്‍ എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. ചേരന്മാരുടെ രാജ്യം എന്ന അര്‍ഥത്തിലാണ് ഈ പ്രദേശത്തെ 'ചേരളം' എന്നു വിളിച്ചിരുന്നത്. ചന്ദ്രഗുപ്തന്റെ (ബി.സി. നാലാം ശതകം) ഗ്രീക്ക് സ്ഥാനപതി മെഗസ്തനീസ് കേരളത്തിന് നല്‍കുന്ന പേര് 'ചേര്‍മെ' എന്നാണ്. ചേരം എന്ന പദത്തിന്റെ നിഷ്പത്തി നിര്‍ണയിക്കുക വിഷമകരമായ കാര്യമാണ്. മലമ്പ്രദേശമായതിനാല്‍ 'ചേരല്‍' എന്ന പദത്തില്‍നിന്നായിരിക്കണം ആ പദത്തിന്റെ നിഷ്പത്തി എന്നു വാദിക്കുന്നവരുണ്ട്. കേരളം എന്ന പേര് ചേരല്‍ എന്ന വാക്കിന്റെ സംസ്കൃതരൂപമാണെന്ന് കരുതപ്പെടുന്നു. ആദ്യം കുടനാടിന്റെയും കുട്ടനാടിന്റെയും അധിപന്മാരായിരുന്നു ചേരന്മാര്‍. മുചിരി (കൊടുങ്ങല്ലൂര്‍) കുടനാട്ടിലെ പ്രധാന നഗരമായിരുന്നു. ക്രമേണ അവര്‍ വടക്ക് തുളുനാടു മുതല്‍ തെക്ക് ആയ്നാടുവരെയുള്ള തീരപ്രദേശത്തിന്റെയും കിഴക്ക് കൊങ്ങനാടിന്റെയും അധിപന്മാരായിത്തീര്‍ന്നു.
ഉതിയന്‍ ചേരല്‍ ആയിരുന്നു ചേരന്മാരില്‍ ആദ്യത്തെ പ്രധാനപ്പെട്ട രാജാവ്. വാനവരമ്പന്‍ എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ഇദ്ദേഹമാണ് ചേരരാജവംശം സ്ഥാപിച്ചത്. അദ്ദേഹത്തിന്റ ഭാര്യമാരില്‍ ഒരാള്‍ മലയരയത്തിയും മറ്റൊരാള്‍ കുറത്തിയുമാണ്. ഇദ്ദേഹം കുടനാടു മുഴുവന്‍ ആക്രമിച്ചു കൈവശപ്പെടുത്തി. കരികാലചോളനുമായുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം തോല്പിക്കപ്പെട്ടു. ആയ്രാജാക്കന്മാരുമായും തുളുരാജാക്കന്മാരുമായും ഇദ്ദേഹം വിവാഹബന്ധം സ്ഥാപിച്ചു. അങ്ങനെ പൊറ്റൈനാടും കൊങ്ങുനാടും ഇദ്ദേഹത്തിന്റെ അധീശത്വത്തില്‍ വന്നിരുന്നു. ജനങ്ങള്‍ക്ക് സുഭിക്ഷമായി ആഹാരം നല്‍കിയിരുന്ന ഇദ്ദേഹം 'പെരുംചോറ്റുതിയന്‍' എന്ന പേരിലും അറിയപ്പെട്ടു. കുരുക്ഷേത്ര യുദ്ധത്തില്‍ കൌരവപാണ്ഡവ സേനകള്‍ക്ക് ഭക്ഷണം നല്‍കിയതിന്റെ ഫലമായിട്ടാണ് ഇദ്ദേഹത്തിന് 'പെരുംചോറ്റുതിയന്‍' എന്ന അപരനാമധേയം ലഭ്യമായത് എന്ന ഐതിഹ്യം പ്രചാരത്തിലുണ്ട്. ചെങ്കുട്ടുവന്‍ സിലോണ്‍ രാജാവായിരുന്ന ഗജബാഹുവിന്റെ സമകാലികനായിരുന്നുവെന്നതിനെ ആസ്പദമാക്കി ഇദ്ദേഹത്തിന്റെ ഭരണം ഒന്നാം ശതകത്തിന്റെ ആരംഭത്തില്‍ തുടങ്ങിയെന്നു കരുതാം.
നെടുംചേരലാതന്‍, ഉതിയന്‍ ചേരലിന്റെ പുത്രനായിരുന്നു. വീരനായ ഒരു പോരാളിയായിരുന്ന നെടുംചേരലാതന് 'ഇമയവരമ്പന്‍' (ഹിമാലയം അതിരാക്കിയവന്‍) എന്ന ബിരുദമുണ്ടായിരുന്നു. ഏഴുമുടിചൂടിയ മന്നന്മാരുടെ മേല്‍ വിജയം ചൂടിയ ഇദ്ദേഹം ഏഴുമുടിമാര്‍പ്പന്‍ എന്നറിയപ്പെട്ടു; അങ്ങനെ ഇദ്ദേഹം 'അധിരാജ' പദവിയിലേക്കുയര്‍ന്നു. വനവാസിയിലെ കുറുമ്പരെയും കടല്‍ക്കൊള്ളക്കാരായിരുന്ന യവനന്മാരെയും ഇദ്ദേഹം തോല്പിക്കുകയുണ്ടായി. ഇമയവരമ്പന്റെ ഭരണം (യുവരാജപദവി ഉള്‍പ്പെടെ) 58 കൊല്ലം നീണ്ടുനിന്നതായി പറയപ്പെടുന്നു. പോര്‍ എന്ന സ്ഥലത്തു വച്ച് ചോളരാജാവുമായുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം വധിക്കപ്പെട്ടു. കണ്ണൂരിനടുത്തുള്ള മാന്തൈ ആയിരുന്നു ഇദ്ദേഹത്തിന്റെ തലസ്ഥാനം.
പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍ (ഇമയവരമ്പന്റെ ഇളയ സഹോദരന്‍) ഭരണവുമായി 25 വര്‍ഷത്തോളം ബന്ധപ്പെട്ടിരുന്നു. പൂഴിനാട് ആക്രമിച്ചു പിടിച്ചെടുത്തു; പാണ്ഡ്യന്മാരില്‍ നിന്ന് കുടനാട് തിരിച്ചുപിടിച്ചു. വേണാട്ടിലെ ആയ്വേള്‍മാരെ തോല്പിച്ച ഇദ്ദേഹം കൊങ്ങുനാട് (സേലം-കോയമ്പത്തൂര്‍ പ്രദേശങ്ങള്‍) ആക്രമിച്ചുപിടിച്ചു. മരതകഖനികള്‍ക്ക് പ്രസിദ്ധമായ പുന്നാട് സംരക്ഷിക്കുന്നതിനുവേണ്ടി കരുവൂര്‍ ഒരു തലസ്ഥാനം സ്ഥാപിച്ചു. അതിനെയും വഞ്ചി എന്നു വിളിച്ചുവന്നിരുന്നു.
പല്‍യാനൈ തന്റെ ജീവിതാവസാനകാലത്ത് ഒരു വിരക്തജീവിതമാണ് നയിച്ചിരുന്നത്. കവികള്‍ക്കും പുരോഹിതന്മാര്‍ക്കും ഇദ്ദേഹം വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കിയിരുന്നു. മഹര്‍ഷി ഗൗതമനാരുടെ നേതൃത്വത്തില്‍ പത്തു യാഗങ്ങള്‍ രാജാവ് നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. പല്‍യാനൈക്കുശേഷം അദ്ദേഹത്തിന്റെ സഹോദരനായ നാര്‍മുടിച്ചേരല്‍ രാജാവായി. ഏഴിമലയിലെ നന്നനുമായി നാര്‍മുടി തുടര്‍ച്ചയായി പൊരുതി. നന്നന്‍ പുന്നാട് ആക്രമിച്ചതാണ് നാര്‍മുടിയെ പ്രകോപിപ്പിച്ചത്. നന്നന്റെ നാവികസേനയെ വാകൈയൂര്‍ യുദ്ധത്തില്‍ നാര്‍മുടി തോല്പിച്ചുവെങ്കിലും ചോളരുടെ സഹായത്തോടുകൂടി നന്നന്‍ പാഴിയുദ്ധത്തില്‍ നാര്‍മുടിയോടു പകരംവീട്ടി. എന്നാല്‍ അധികം താമസിയാതെ വാകൈപെരുംതുറൈ യുദ്ധത്തില്‍ നന്നനെ ഇദ്ദേഹം തോല്പിക്കുകയും വധിക്കുകയും ചെയ്തു. ഈ യുദ്ധത്തെത്തുടര്‍ന്ന് പൂഴിനാട് പൂര്‍ണമായും ചേരന്മാരുടെ അധികാരസീമയില്‍ ഒതുങ്ങി.
കടല്‍പിറകോട്ടിയ വേല്‍കെഴുകുട്ടുവന്‍ നെടുംചേരലാതന്റെ മറ്റൊരു മകനായിരുന്നു. പൂഴിനാട്ടിലെ നന്നനെതിരായും മോകൂറിലെ പഴയന്നെതിരായും ഇദ്ദേഹം വിജയങ്ങള്‍ നേടി. ചിലപ്പതികാരത്തിലെ പ്രശസ്ത രാജാവായ ചെങ്കുട്ടുവനാണ് വേല്‍കെഴുകുട്ടുവന്‍ എന്നു വിശ്വസിക്കപ്പെടുന്നു. കരികാലന്റെ മരണത്തെത്തുടര്‍ന്ന് ചോളസിംഹാസനത്തിനുവേണ്ടി നടന്ന അധികാര മത്സരത്തില്‍ ചെങ്കുട്ടുവന്‍ യുദ്ധത്തിന് പുറപ്പെട്ട ഒമ്പതു രാജാക്കന്മാരെ തോല്പിച്ചു തന്റെ സ്യാലനെ അധികാരത്തില്‍ വാഴിച്ചു.
കൊടുങ്ങല്ലൂരിലെ ഭഗവതീക്ഷേത്രത്തില്‍ കണ്ണകിപ്രതിഷ്ഠയ്ക്കു വേണ്ട ശില കൊണ്ടുവരാന്‍ ചെങ്കുട്ടുവന്‍ ഗംഗാതടംവരെ ജൈത്രയാത്ര നടത്തുകയും സമകാലികന്മാരായ പല രാജാക്കന്മാരുടെയും സാന്നിധ്യത്തില്‍ പ്രതിഷ്ഠനടത്തുകയും ചെയ്തു. അപ്പോള്‍ സന്നിഹിതന്മാരായിരുന്ന രാജാക്കന്മാരുടെ കൂട്ടത്തില്‍ സിലോണിലെ ഗജബാഹുരാജാവും ഉണ്ടായിരുന്നു. ഗജബാഹു (173-195)വിന്റെ സമകാലികനായിരുന്നതുകൊണ്ട് ചെങ്കുട്ടുവന്റെ കാലം രണ്ടാം ശതകത്തിന്റെ അന്ത്യപാദമാണെന്നു കണക്കാക്കാം.
പ്രസിദ്ധനായ ഒരു നാവികനായിരുന്നു ചെങ്കുട്ടുവന്‍. ഇദ്ദേഹം കടല്‍ത്തീരങ്ങളിലെ കടല്‍ക്കൊള്ള അവസാനിപ്പിച്ചു. 'കടല്‍പിറകോട്ടിയ കുട്ടുവന്‍' (തന്റെ വേല്‍ കൊണ്ടു കടലിനെ പിറകോട്ടു പായിച്ചവന്‍) എന്ന ഇദ്ദേഹത്തിന്റെ ബിരുദത്തിന് കാരണം ഇദ്ദേഹത്തിന്റെ കാലത്ത് കടല്‍ പിറകോട്ട് പോയതാണോ അതോ വമ്പിച്ച നാവികവിജയം നേടിയതാണോ എന്നത് വ്യക്തമല്ല. ഇദ്ദേഹം അങ്ങേയറ്റം ധര്‍മിഷ്ഠനായിരുന്നതു കൊണ്ടാണ് ചെങ്കുട്ടുവന്‍ എന്നു വിളിക്കപ്പെട്ടിരുന്നതെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് വഞ്ചിനഗരത്തില്‍ (കൊടുങ്ങല്ലൂര്‍) പത്തിനിദേവി പ്രതിഷ്ഠ നടത്തിയത്.
ആട്ടുകൊട്ടുപാട്ടുച്ചേരലാതന്‍ നെടുംചേരലാതന്റെ മകനായ യുവരാജാവെന്ന നിലയിലും പിന്നീട് രാജാവെന്ന നിലയിലും മൊത്തം 38 വര്‍ഷം രാജ്യം ഭരിച്ചിരുന്നു. യുദ്ധക്കളത്തില്‍ വിജയം നേടിയ ഉടനെ വാളുമേന്തി വാദ്യഘോഷങ്ങളോടെ പാട്ടും പാടി നൃത്തം ചെയ്യുന്നവനായതുകൊണ്ടാണ് 'ആട്ടുകൊട്ടുപാട്ടുച്ചേരലാതന്‍' എന്ന പേര്‍ സിദ്ധിച്ചതെന്നു പറയപ്പെടുന്നു. സാഹിത്യാദി കലകളെ പരിപോഷിപ്പിക്കുന്നതിലും വാണിജ്യവും വ്യവസായവും വികസിപ്പിക്കുന്നതിലും ഇദ്ദേഹം ഒരുപോലെ ശ്രദ്ധിച്ചിരുന്നു. ചെല്‍വക്കടുങ്കോവാഴിയാതന്‍ കരുവൂര്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന ശാഖയിലെ രാജാവായിരുന്നു (ഇദ്ദേഹം പെരുംചേരല്‍ ഇരുമ്പൊറെ I എന്നും അറിയപ്പെടുന്നു). ആ ശാഖക്കാര്‍ക്ക് 'ഇരുമ്പൊറെ' എന്ന ഒരു ബിരുദവുമുണ്ടായിരുന്നു. മൂലകുടുംബത്തിലെ രാജാക്കന്മാര്‍ ചേരല്‍ രാജാക്കന്മാരെന്നും മാകോതൈ (മഹോദയപുരം) തലസ്ഥാനമാക്കി വാണിരുന്ന മറ്റൊരു ശാഖ മാകോ തൈ രാജാക്കന്മാരെന്നും അറിയപ്പെട്ടു.
ചെല്‍വക്കടുങ്കോ പ്രസിദ്ധനായ ഒരു യോദ്ധാവായിരുന്നു. ഇദ്ദേഹത്തിന്റെ സിംഹാസനാരോഹണത്തോടടുപ്പിച്ച് ചോളന്മാരും പാണ്ഡ്യന്മാരും ചേര്‍ന്ന് കരുവൂരിന് നേരെ ആക്രമണം നടത്തി. ചെല്‍വക്കടുങ്കോ നേരിട്ടു യുദ്ധം നയിച്ച് ആക്രമണകാരികളെ തുരത്തി. ഇദ്ദേഹം വൈദികയജ്ഞങ്ങള്‍ നടത്തുകയും കവികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കപിലനായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനകവി. കുന്റൂര്‍കിഴാര്‍, മധുരൈനക്കീരന്‍ തുടങ്ങിയ കവികളെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
പെരുംചേരല്‍ ഇരുമ്പൊറൈ II ചെല്‍വക്കടുങ്കോവിന്റെ പുത്രനായിരുന്നു. തകടൂര്‍ ആസ്ഥാനമാക്കി വാണിരുന്ന അതികമാന്‍ കുടുംബത്തിലെ എഴിനിയെ ഇദ്ദേഹം യുദ്ധത്തില്‍ തോല്പിച്ചു. എഴിനി അയല്‍പ്രദേശത്തെ മുഖ്യനായ കാരിയെ ആട്ടിയോടിക്കുകയും കാരി ഇരുമ്പൊറൈ II-നോടു സഹായം അഭ്യര്‍ഥിക്കുകയും ചെയ്കയാലാണ് ഇരുമ്പൊറൈ എഴിനിക്കെതിരായി യുദ്ധത്തിന് പുറപ്പെട്ടത്. പാണ്ഡ്യരും ചോളരും എഴിനിയെ സഹായിച്ചുവെങ്കിലും ഇരുമ്പൊറൈ ആ സംയുക്തസൈന്യത്തെ പരാജയപ്പെടുത്തി. എഴിനി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുവരാജാവായിരുന്ന ഇളംചേരല്‍ ഈ യുദ്ധത്തില്‍ ഒരു പ്രധാനപങ്കു വഹിച്ചു.
ഇരുമ്പൊറൈ II പതിനേഴു വര്‍ഷക്കാലം നാടുവാണു. ഇദ്ദേഹം പല യാഗങ്ങളും നടത്തി; കവികളെയും പണ്ഡിതന്മാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇളംചേരല്‍ ഇരുമ്പൊറൈ രാജാവായി ഭരിച്ചോ അതോ യുവരാജാവായിത്തന്നെ മരണമടഞ്ഞോ എന്ന് തീര്‍ച്ചയില്ല. ഇദ്ദേഹം കൊങ്ങുനാട്, പൂഴിനാട് എന്നീ പ്രദേശങ്ങളെല്ലാം ഭരിച്ചിരുന്നതായിട്ടാണ് കരുതപ്പെടുന്നത്. പുകാര്‍ നഗരത്തില്‍ നിന്ന് 'ചതുക്കപ്പൂത'ത്തെ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചത് ഇദ്ദേഹമാണെന്നു വിശ്വസിച്ചുപോരുന്നു. ചെങ്കുട്ടുവന്റെ കാലത്താണ് ഈ പ്രതിഷ്ഠ നടന്നത് എന്ന് ചിലപ്പതികാരത്തില്‍ പറയുന്നത് ശരിയാണെങ്കില്‍ ഇളംചേരല്‍ അക്കാലത്ത് യുവരാജാവായിരുന്നിരിക്കാനാണ് സാധ്യത.
യാനൈക്കാഴ്ചൈ മാന്തരന്‍ചേരല്‍ ഇരുമ്പൊറൈയും ഇളംചേരലും തമ്മിലുള്ള ബന്ധം വ്യക്തമല്ല. മാന്തൈ നഗരം തിരികെപ്പിടിച്ചതു കൊണ്ടാണ് മാന്തരന്‍ചേരല്‍ എന്ന പേരിലറിയപ്പെട്ടിരുന്നത്. തൊണ്ടിയും (സേലം ജില്ല) കൊല്ലിമലയും (വടക്കേ മലബാര്‍) ഇദ്ദേഹത്തിന്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ തലസ്ഥാനം. പ്രജാക്ഷേമ തത്പരനും വിദ്വാനും ആയ ഒരു രാജാവായിരുന്നു യാനൈക്കാഴ്ചൈ. ഇദ്ദേഹത്തിന്റെ ആജ്ഞപ്രകാരമാണ് ഐങ്കുറുനൂറ് എന്ന കാവ്യസമാഹാരം കൂടലൂര്‍കീഴാര്‍ രചിച്ചത്. യാനൈക്കാഴ്ചൈയുടെ ഭരണാന്ത്യത്തില്‍ ഇദ്ദേഹത്തെ നെടുഞ്ചേഴിയന്‍ എന്ന പാണ്ഡ്യരാജാവ് തലൈയാലംകാനം യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും ബന്ധനസ്ഥനാക്കുകയും ചെയ്തു. എന്നാല്‍ യാനൈക്കാഴ്ചൈ ബന്ധനത്തില്‍ നിന്ന് പിന്നീട് രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ മരണത്തിന് ഏഴു ദിവസംമുമ്പ് ഒരു കൊള്ളിമീന്‍ ഭൂമിയില്‍ പതിക്കുന്നത് കണ്ട ജനങ്ങള്‍ എന്തോ ഒരു അത്യാപത്തിന്റെ മുന്നോടിയായി അതിനെ കരുതി. ഇദ്ദേഹത്തിനുശേഷം ചേരരാജ്യം നാശോന്മുഖമായി.
ചില പില്ക്കാല ചേരന്മാര്‍
സംഘകാലഘട്ടത്തില്‍ ഭരിച്ചിരുന്ന ആദിചേരന്മാരില്‍ ഉതിയന്‍ചേരലിന്റെ ശാഖ 201 കൊല്ലവും മറ്റൊരു ശാഖയായ ഇരുമ്പൊറൈ ശാഖ 58 കൊല്ലവും ഭരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. പതിറ്റുപ്പത്തിലെ സൂചനകളില്‍ നിന്ന് ഉതിയന്‍ ചേരല്‍ ശാഖയുടെ അവസാന നാളുകളില്‍ അതിന്റെ താവഴിയായിട്ടാണ് ഇരുമ്പൊറൈ ശാഖ ഭരിച്ചിരുന്നത്. ഉതിയന്‍ചേരലിന്റെ കാലത്താണ് അന്തുവന്‍ചേരല്‍ ഇരുമ്പൊറൈ ശാഖ സ്ഥാപിച്ചത്. അവര്‍ തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളില്ല. സഹോദരന്മാരായിരിക്കാനാണ് സാധ്യത. നെടുംചേരലാതന്റെ ഭാര്യാസഹോദരിയെയാണ് ചെല്‍വക്കടുങ്കോ വിവാഹം കഴിച്ചതെന്ന കാര്യം അവര്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു.
മാന്തരന്‍ ചേരലിന് ശേഷം ചേരരാജവംശം ക്ഷയോന്മുഖമായി. സംഘകാലകൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റു ചേരരാജാക്കന്മാരില്‍ കുണൈക്കാല്‍ ഇരുമ്പൊറൈ, മൂവന്‍ എന്ന ഗോത്രത്തലവനെ തോല്പിക്കുകയും അയാളുടെ പല്ലുകള്‍ പറിച്ച് തൊണ്ടിനഗരത്തിന്റെ ഗോപുരവാതുക്കല്‍ പതിക്കുകയും ചെയ്തു. പില്ക്കാലത്തു ചെങ്ങണാന്‍ എന്ന ചോളരാജാവ് കുണൈക്കാലനെ തോല്പിച്ചു തടവുകാരനായി പിടിച്ചു. അപമാനഭീതിയില്‍ പ്രായോപവേശം അനുഷ്ഠിച്ച് കുണൈക്കാലന്‍ ജീവിതമൊടുക്കിയെന്നു പറയപ്പെടുന്നു. വഞ്ചിശാഖയിലെ മറ്റൊരു രാജാവായിരുന്നു പാലൈപാടിയപെരുംകടുങ്കോ. ഇദ്ദേഹം പ്രതിഭാശാലിയായ ഒരു കവികൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ പല സംഘകാല രചനകളിലും മുഖ്യസ്ഥാനം വഹിക്കുന്നു. മറ്റു ചേരരാജാക്കന്മാരെപ്പറ്റി പരാമര്‍ശങ്ങളുണ്ടെങ്കിലും വിശദമായ ചരിത്രാംശങ്ങള്‍ ലഭ്യമല്ല.
മൂന്നാം ശതകത്തിന്റെ അവസാനത്തോടടുപ്പിച്ച് ദക്ഷിണേന്ത്യയില്‍ ഉണ്ടായ കളഭ്രരുടെ മുന്നേറ്റം ചേരരാജവംശത്തെയും ഉലയ്ക്കുകയുണ്ടായി. അച്ചുതവിക്കണ്ടന്‍ എന്ന കളഭ്രരാജാവ് തമിഴ്നാട്ടിലെ 'മൂന്നുമുടി മന്നന്മാരെ'യും തടവുകാരായി പിടിച്ചതായി പരാമര്‍ശിച്ചുകാണുന്നു. അടുത്ത രണ്ടു ശതകക്കാലം ചേരരാജ്യവും കുഴപ്പത്തില്‍പ്പെട്ടിരുന്നതായി അനുമാനിക്കാന്‍ വേണ്ടുന്ന തെളിവുകളുണ്ട്. യുദ്ധങ്ങള്‍ അപൂര്‍വമായിരുന്നതുകൊണ്ട് ജനജീവിതം വലിയ ദുരന്തങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. പക്ഷേ ഇക്കാലത്ത് തുളുനാട് കദംബരുടെ അധീനതയിലാവുകയും കൊങ്ങുനാട് സ്വതന്ത്രമാവുകയും ചെയ്തു.
വഞ്ചി, ചേരരാജധാനി
ആദിചേരന്മാരുടെ തലസ്ഥാനമായ വഞ്ചിമൂതൂര്‍ എവിടെയായിരുന്നു എന്നത് പ്രാചീന കേരള ചരിത്രത്തിലെ ഒരു വിവാദ വിഷയമാണ്. ആദിചേരരാജ്യത്തിന് പല തലസ്ഥാനങ്ങളുണ്ടായിരുന്നു: വഞ്ചി, കരുവൂര്‍, മാന്തൈ, കുഴമൂര്‍ തുടങ്ങിയവ. ഇവയെല്ലാം ആദിചേരന്മാരുടെ പല താവഴിക്കാരും പല കാലങ്ങളില്‍ താമസിച്ചിരുന്ന സ്ഥലങ്ങളായിരുന്നു. ഇവയില്‍ ആദിചേരന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നുവെന്നതാണ് പ്രശ്നം. കെ.ജി. ശേഷയ്യരും എസ്. കൃഷ്ണസ്വാമി അയ്യങ്കാരും വഞ്ചി, തിരുവഞ്ചിക്കുളമാണെന്നു വാദിക്കുമ്പോള്‍ കെ.എന്‍. ശിവരാജപിള്ളയും വി. കനകസഭയും അത് കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂര്‍ ആണെന്നും എം. രാഘവ അയ്യങ്കാരും വി.ആര്‍. രാമചന്ദ്ര ദീക്ഷിതരും അത് തിരുച്ചിറപ്പള്ളിക്കടുത്തുള്ള കരുവൂര്‍ ആണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
തിരുവഞ്ചിക്കുളമാണ് വഞ്ചി എന്ന വാദത്തിന് പ്രസക്തിയില്ല. തിരുവഞ്ചിക്കുളം പ്രസിദ്ധമായത് രണ്ടാം ചേരരാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയ്ക്കാണ്. അത് ഒമ്പതാം നൂറ്റാണ്ടിലായിരുന്നു. തൃക്കാരിയൂരാണ് വഞ്ചി എന്നറിയപ്പെട്ടതെന്ന വാദത്തിനും ഉപപത്തി കാണുന്നില്ല. വഞ്ചി പെരിയാറിന്റെ തീരത്തായിരുന്നു എന്നാണ് സംഘകാലകൃതികള്‍ വ്യക്തമാക്കുന്നത്. കരുവൂരാണ് വഞ്ചി എന്ന വാദത്തിന് അടിസ്ഥാനം, അത് പൊന്നി (കാവേരി) നദിയുടെ ശാഖയായ അമരാവതി തീരത്താണെന്ന വസ്തുതയാണ്. പല പ്രാചീനശാസനങ്ങളിലും കരുവൂര്‍ വഞ്ചി എന്നു പരാമര്‍ശമുണ്ട്. 10-ാം ശതകത്തിലെ ചിന്നമാനൂര്‍ ശാസനത്തില്‍ വഞ്ചി പൊന്നിനദിയുടെ വടക്കേക്കരയിലാണെന്നു പ്രസ്താവിച്ചിരിക്കുന്നു. കരുവൂര്‍, ചേരരാജാക്കന്മാരില്‍ ഇരുമ്പൊറൈ ശാഖക്കാരുടെ തലസ്ഥാനമായിരുന്നു. പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍ ആണ് കൊങ്ങുദേശം പലതവണ ആക്രമിച്ചു പിടിച്ചടക്കിയത്. ആ പ്രദേ ശത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി കരുവൂര്‍ ഒരു തലസ്ഥാനം സ്ഥാപിച്ചു. അതിനുമുമ്പ് ആദിചേരന്മാരുടെ തലസ്ഥാനം ഏതായിരുന്നു എന്നതാണ് പ്രശ്നം.
വഞ്ചി പടിഞ്ഞാറേ തീരത്തെന്നാണ് ചിലപ്പതികാരവും വിദേശസഞ്ചാരികളുടെ കുറിപ്പുകളും നല്‍കുന്ന വ്യക്തമായ സൂചന. ആദിചേരരാജാക്കന്മാരുടെ ആസ്ഥാനം കുടനാടും കുട്ടനാടുമായിരുന്നു. അവര്‍ കൊങ്ങനാടും കരൂരും പിന്നീടാണ് പിടിച്ചെടുത്തത്. ചിലപ്പതികാരത്തില്‍ ചെങ്കുട്ടുവന്റെ തലസ്ഥാനമായ വഞ്ചിനഗരം പടിഞ്ഞാറന്‍ കടല്‍ക്കരയില്‍ സ്ഥിതിചെയ്തിരുന്നുവെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. പെരിപ്ലസില്‍ മുസിരിസും നെല്‍കിണ്ടയും ഭരണകേന്ദ്രങ്ങളാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ടോളമിയുടെ വിവരണത്തില്‍ നിന്ന് ചേരരാജധാനി കൊടുങ്ങല്ലൂരില്‍ നിന്ന് തൊട്ടു ഉള്ളിലോട്ടു മാറി സ്ഥിതിചെയ്യുന്ന ഒരു നഗരമായിരുന്നു എന്നു കാണാം.
വഞ്ചി കൊടുങ്ങല്ലൂരിനടുത്തുള്ള കരൂപ്പടന്നയായിരിക്കാമെന്നാണ് മറ്റുചില ചരിത്രകാരന്മാരുടെ അഭിപ്രായം. പതിനാലാം ശതകത്തിന്റെ അവസാനത്തില്‍ രചിക്കപ്പെട്ട കോകസന്ദേശത്തില്‍ തിരുവഞ്ചിക്കുളത്ത് എത്തുന്നതിന് മുമ്പ് കുണവായും (തൃക്കണ്ണാമതിലകം) വഞ്ചിയും (കരൂപ്പടന്ന) കടന്നുപോകണമെന്ന് സന്ദേശവാഹകനായ കോകത്തോട് നിര്‍ദേശിക്കുന്നു. പെരിപ്ലസ്കാരന്‍ മുസിരിസിനെ (ചേരരാജ്യത്തിന്റെ തലസ്ഥാനം)പ്പറ്റി പറയുന്നത്: "നദീമുഖത്തിന് രണ്ടുമൈല്‍ അകലെയാണ് കേരബോത്രസ്സിന്റെ ഭരണകേന്ദ്രം എന്നാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാല്‍ ആദിചേരന്മാരുടെ തലസ്ഥാനം മുസിരിസ്സിനടുത്ത വഞ്ചി (കരൂപ്പടന്ന) ആയിരുന്നു എന്ന നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കും.
ഒന്നാം ചേരസാമ്രാജ്യ കാലഘട്ടത്തിലെ പ്രമുഖ തുറമുഖമായിരുന്നു മുസിരിസ്. മുസിരിസ് തുറമുഖം വഴി ചേരരാജാക്കന്മാര്‍ വിദേശരാജ്യങ്ങളുമായി ആരോഗ്യകരമായ വാണിജ്യബന്ധം സ്ഥാപിച്ചിരുന്നു. വിദേശത്ത് ചേരന്റെ കപ്പലുകള്‍ സ്വര്‍ണം കൊണ്ടുവരുന്നതിനെപ്പറ്റി പുറനാനൂറിലെ കവികള്‍ പാടിയിട്ടുണ്ട്.
പുരാതന മുസിരിസ് പട്ടണം. കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുള്ള കേരളീയ തുറമുഖ പട്ടണമായ 'മുസിരിസ്', എറണാകുളം ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം എന്ന പ്രദേശമാകാം എന്ന നിഗമനത്തെ അടിസ്ഥാനപ്പെടുത്തി കേരള ചരിത്രഗവേഷണ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുരാവസ്തു ഗവേഷണമാണ് 'മുസിരിസ് പൈതൃക പദ്ധതി'. വിദേശ സംസ്കൃതിയുടെയും നഗരവത്കരണത്തിന്റെയും കച്ചവടത്തിന്റെയും നിരവധി തെളിവുകള്‍ ഗവേഷകസംഘം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. റോമന്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം ചേരരാജാക്കന്മാരുടെ നാണയങ്ങളും തുടര്‍ച്ചയായ ജനവാസത്തിന്റെ തെളിവുകളും ഇവിടെ നിന്നും ലഭ്യമായിട്ടുണ്ട്. ഏകദേശം 1000 ബി.സി. മുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള തെളിവുകള്‍ പട്ടണം ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ മുഖ്യ തുറമുഖമായിരുന്നു എന്ന സൂചനകള്‍ നല്‍കുന്നു; എറിത്രിയന്‍ കടലിലെ പെരിപ്ലസ് എന്ന വിദേശകൃതിയില്‍ പഴയകാല മുസിരിസ് പട്ടണത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങള്‍, വിശേഷപ്പെട്ട മുത്തുകള്‍, മണ്‍പാത്രങ്ങള്‍, വിദേശ നിര്‍മിത വീപ്പകള്‍ തുടങ്ങി ലോകകമ്പോളത്തില്‍ ലഭ്യമായ എല്ലാ വസ്തുക്കളും കച്ചവടം നടത്തപ്പെട്ടിരുന്ന ആഗോളപ്രസക്തിയുള്ള വ്യാപാരം മുസിരിസില്‍ നടന്നിരുന്നതായി പട്ടണം-മുസിരിസ് ഗവേഷണം സൂചന നല്‍കുന്നു.
ബാബിലോണിയര്‍, ഫിനീഷ്യര്‍, ഇസ്രയേലുകള്‍, ഗ്രീക്കുകാര്‍, റോമന്‍കാര്‍, ചൈനക്കാര്‍, അറബികള്‍ എന്നിവരായിരുന്നു അക്കാലത്ത് ചേരരാജ്യവുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പെരിപ്ലസിന്റെ ഗ്രന്ഥകാരന്‍ പ്ലിനി, ടോളമി എന്നിവരുടെ ഗ്രന്ഥങ്ങളില്‍ ചേരരാജ്യത്തിന്റെ വിദേശവാണിജ്യബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ചേരസാമ്രാജ്യത്തില്‍നിന്നും പല ദൗത്യസംഘങ്ങളും റോം സന്ദര്‍ശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നാവികശക്തിയിലും ചേരന്മാര്‍ മുന്നിലായിരുന്നുവെന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു.
ഇന്നത്തേതില്‍നിന്നും തുലോം വ്യത്യസ്തമായിരുന്നു അക്കാലത്തെ സാമൂഹികവ്യവസ്ഥ. വര്‍ണവ്യവസ്ഥയും ജാതിസമ്പ്രദായവും സമൂഹത്തിന് അന്യമായിരുന്നു. തൊഴിലിന്റെയും വാസസ്ഥലത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ജനങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വസിച്ചിരുന്ന പ്രദേശത്തെ കുറിഞ്ഞി, മരുതം, നെയ്തല്‍, പാല, മുല്ല എന്നിങ്ങനെ അഞ്ചായി വിഭജിച്ചിരുന്നു. കുറിഞ്ഞി പ്രദേശത്ത് താമസിച്ചിരുന്നവര്‍ പുനവര്‍, കുറവര്‍, ആടവര്‍, താനവര്‍ എന്നീ പേരുകളിലും പാല പ്രദേശത്ത് താമസിച്ചിരുന്നവര്‍ മറവര്‍ അഥവാ വേട്ടുവര്‍ എന്ന പേരിലും മുല്ല പ്രദേശത്ത് താമസിച്ചിരുന്നവര്‍ ഇടയര്‍ എന്ന പേരിലും മരുതം പ്രദേശത്ത് താമസിക്കുന്നവര്‍ കൃഷിക്കാര്‍ എന്ന പേരിലും നെയ്തല്‍ (തീരദേശം) വാസികള്‍ പരവര്‍, വലയര്‍, മീനവര്‍, നുളയര്‍, പഴയര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. സ്ത്രീ പുരുഷ സമത്വമായിരുന്നു മറ്റൊരു പ്രത്യേകത. പുരുഷന്മാരോടൊപ്പം സ്ത്രീകളും അധ്വാനിക്കുകയും സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. കുറവൈക്കൂത്ത് ഇവരുടെ പ്രധാന വിനോദമായിരുന്നു. ചോറായിരുന്നു പ്രധാന ആഹാരം. മീനും ഇറച്ചിയും ഇലക്കറികളും ആഹാരത്തിന്റെ ഭാഗമായിരുന്നു. തിന, മുളനെല്ല് എന്നിവകൊണ്ട് പാചകം ചെയ്ത ഭക്ഷണവും നെല്ലില്‍ നിന്നും വാറ്റിയെടുത്ത മദ്യവും പ്രചാരത്തിലുണ്ടായിരുന്നു. ഇരുമ്പുകൊണ്ടു നിര്‍മിച്ച പലതരം കാര്‍ഷികോപകരണങ്ങളും ആയുധങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കൊമ്പ്, ശംഖ് എന്നിവ വിളിച്ചും പെരുമ്പറയടിച്ചുമായിരുന്നു യുദ്ധവിളംബരം നടത്തിയിരുന്നത്. മണ്‍പാത്രങ്ങളും ഉപയോഗിച്ചിരുന്നു. ഞവര, ഉഴുന്ന്, എള്ള്, കടല, വെണ്‍നെല്ല്, കുളനെല്ല്, ചെന്നെല്ല്, തിന, പയര്‍, കടുക് തുടങ്ങിയ വിളകള്‍ കൃഷിചെയ്തിരുന്നു.
ഉത്പന്നങ്ങള്‍ കൈമാറുകയായിരുന്നു പതിവെങ്കിലും അപൂര്‍വമായി നാണയങ്ങളും ഉപയോഗിച്ചിരുന്നു. വിദേശികളായിരിക്കാം നാണയങ്ങള്‍ പരിചയപ്പെടുത്തിയതെന്നു കരുതുന്നു. മൂന്നു തരത്തിലുള്ള ധനാഗമമാര്‍ഗങ്ങളാണ് ചേരരാജാക്കന്മാര്‍ക്കുണ്ടായിരുന്നത്. ജനങ്ങളില്‍ നിന്നുള്ള നികുതി, കച്ചവടക്കാരില്‍ നന്നുള്ള ചുങ്കം, ചിറ്റരചന്മാരില്‍ നിന്നും സ്വീകരിച്ചിരുന്ന തിറ അഥവാ തിരുമുല്‍ക്കാഴ്ച എന്നിവയായിരുന്നു അവ. കൃഷിക്കാര്‍ അവര്‍ ഉത്പാദിപ്പിക്കുന്ന ധാന്യശേഖരണത്തിന്റെ ആറിലൊരു ഭാഗം രാജാവിന് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഗ്രാമകാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഗ്രാമസഭകളും നിലവിലുണ്ടായിരുന്നതായി ചിലപ്പതികാരം വ്യക്തമാക്കുന്നുണ്ട്.
ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലത്താണ് ജൈന-ബൗദ്ധമതങ്ങള്‍ക്കു പുറമേ യഹൂദമതവും ക്രിസ്തുമതവും കേരളത്തില്‍ എത്തുന്നതും പ്രചരിക്കുന്നതും.
ആയ് രാജവംശവും ഏഴിമല രാജ്യവും. ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ പ്രബലമായ മറ്റു രണ്ടു രാജവംശങ്ങള്‍കൂടി കേരളത്തില്‍ നിലനിന്നിരുന്നു. തെക്ക് നാഗര്‍കോവില്‍ മുതല്‍ വടക്ക് തിരുവല്ല വരെയുള്ള സഹ്യപര്‍വതപ്രദേശങ്ങള്‍ ഉള്‍പ്പെട്ട ആയ് രാജവംശമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് കുട്ടനാടും കുടനാടും ചേര്‍ന്ന ചേരരാജ്യത്തിന് വടക്ക് സ്ഥിതി ചെയ്തിരുന്ന പൂഴിനാട് എന്ന ഏഴിമലദേശവും. വടക്കേ മലബാറും കാസര്‍കോടുവരെയുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ഏഴിമലദേശം. സംഘകൃതികളായ പുറനാനൂറ്, അകനാനൂറ് എന്നിവയില്‍ നിന്നാണ് പ്രധാനമായും ആയ്രാജവംശത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നത്. ടോളമി കേരളത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ഒരു അയോയ് രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് ആയ് രാജവംശമാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പമ്പ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങള്‍ ആയ് രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നുവെന്ന് ടോളമിയുടെ വിവരണത്തില്‍ നിന്നും മനസ്സിലാക്കാം. പൊതിയില്‍ മലയടിവാരത്തെ ആയ്ക്കുടിയായിരുന്നു ഇവരുടെ തലസ്ഥാനം. ആയ് അണ്ടിരനായിരുന്നു പ്രധാനരാജാവ്. ഇദ്ദേഹത്തിന്റെ കാലശേഷം തിതിയനും അതിയും രാജ്യം ഭരിച്ചു. അതിയന്റെ ഭരണകാലത്ത് പാണ്ഡ്യരാജാവ് ആയ് രാജ്യം ആക്രമിച്ചു കീഴടക്കിയെങ്കിലും പിന്നീടവര്‍ രാജ്യം തിരിച്ചുപിടിച്ചു.
സംഘകൃതിയായ പുറനാനൂറില്‍ ആയ് രാജാക്കന്മാരായ ആയ് അണ്ടിരന്‍, തിതിയന്‍, അതിയന്‍ എന്നിവരെപ്പറ്റി പറയുന്നുണ്ട്. മുതമോച്ചിയാര്‍, കുട്ടുവന്‍, കിരനാര്‍ തുടങ്ങിയ കവികള്‍ ആയ് രാജാക്കന്മാരെപ്പറ്റി പാടിയിട്ടുണ്ട്.
സംഘകാലത്തിനുശേഷം ആയ് രാജാക്കന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നത് ഏഴാം നൂറ്റാണ്ടിലാണ്. പാണ്ഡ്യരുടെ ചില ശാസനങ്ങളില്‍ പാണ്ഡ്യരാജാക്കന്മാര്‍ തുടര്‍ച്ചയായി ആയ് രാജ്യം ആക്രമിച്ചതായി കാണുന്നു. ഏഴാം നൂറ്റാണ്ടില്‍ അരികേസരി എന്ന പാണ്ഡ്യരാജാവും എട്ടാം നൂറ്റാണ്ടില്‍ മാറന്‍ ചടയന്‍ എന്ന പാണ്ഡ്യരാജാവും ആയ് രാജ്യം ആക്രമിച്ചിട്ടുണ്ട്. അക്കാലത്ത് ചടയന്‍, കരുനന്ദന്‍ എന്നീ രാജാക്കന്മാരാണ് ആയ് രാജ്യം ഭരിച്ചിരുന്നത്. എ.ഡി. 885-925 കാലഘട്ടത്തില്‍ ആയ് രാജ്യത്ത് ഭരണം നടത്തിയ വിക്രമാദിത്യ വരഗുണന്റെ പാലിയം ചെപ്പേട് പ്രസിദ്ധമാണ്. ശ്രീമൂലപാദത്തെ (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിലേക്ക് ഭൂമിദാനം ചെയ്യുന്നതിനെ സംബന്ധിക്കുന്നതാണ് പാലിയം ചെപ്പേട്. വിക്രമാദിത്യ വരഗുണനുശേഷം ചോളന്മാരുടെ ആക്രമണത്തില്‍ ആയ് രാജവംശം അസ്തമിച്ചതായി കണക്കാക്കുന്നു.
സംഘകാലകൃതികളില്‍ നിന്നും അക്കാലത്തെ ശാസനങ്ങളില്‍ നിന്നും ആയ് രാജാക്കന്മാരുടെ ഭരണകാലത്തെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിതിഗതികളെക്കുറിച്ച് ഏറെക്കുറെ മനസ്സിലാക്കാം. ഭരണസൌകര്യാര്‍ഥം രാജ്യത്തെ പല നാടുകളായും നാടുകളെ ഊര്‍, കോട്ട്, കര എന്നിങ്ങനെ വിഭജിക്കുകയും ഓരോ വിഭാഗത്തിന്റെയും ഭരണനിര്‍വഹണത്തിനായി പ്രത്യേകം അധികാരികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കാശ്, ഈഴക്കാശ്, കരുംകാശ്, പഴംകാശ്, ദിനാരം എന്നിവ അക്കാലത്ത് പ്രചാരത്തിലിരുന്ന നാണയങ്ങളായിരുന്നു. ഇതില്‍ ദിനാരം റോമന്‍ നാണയമായിരുന്നു.
ഈ കാലഘട്ടത്തില്‍ സാംസ്കാരിക-വിദ്യാഭ്യാസരംഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. കരുനന്തടക്കന്‍ എന്ന ആയ് രാജാവ് സ്ഥാപിച്ച പാര്‍ഥിവപുരംശാല സംസ്കൃതം, വേദങ്ങള്‍, വ്യാകരണം, മീമാംസ, ആയുധവിദ്യ തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനത്തിന് അവസരമൊരുക്കി. ഈ ശാലയില്‍ പക്ഷേ ബ്രാഹ്മണവിദ്യാര്‍ഥികള്‍ക്കുമാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
കരുനന്തടക്കന്റെ മറ്റൊരു പ്രധാന സംഭാവന പാര്‍ഥിവപുരം ക്ഷേത്രത്തിന്റെ നിര്‍മാണമായിരുന്നു. ഇദ്ദേഹം വൈഷ്ണവ വിശ്വാസിയാണെന്നു കരുതുന്നു.
സംഘകാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന മറ്റൊരു പ്രധാനരാജ്യം ഏഴില്‍മല (ഏഴിമല) രാജ്യമായിരുന്നു എന്നു സൂചിപ്പിച്ചല്ലോ. ഇവര്‍ ചേരസാമ്രാജ്യത്തിന് കീഴിലെ ചിറ്റരചന്മാരായിരുന്നുവെന്നു കരുതുന്നു. ഏഴിമലയായിരുന്നു ഈ രാജ്യത്തിന്റെ തലസ്ഥാനം. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്താണ് ഏഴിമല. പ്രകൃതിദത്തമായൊരു തുറമുഖവും ഇവിടെയുണ്ട്. വടകര മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങളും അതിനു കിഴക്കുള്ള മലമ്പ്രദേശങ്ങളും ഉള്‍പ്പെട്ട ഏഴില്‍മല രാജ്യം എ.ഡി. ആദ്യശതകങ്ങളിലാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായിരുന്നു ഈ പ്രദേശം ചിരപുരാതനകാലം മുതല്‍ വിദേശികളെ ആകര്‍ഷിച്ചിരുന്നു. ഏഴില്‍മലയുടെ തെക്കന്‍ അതിര് ചേരരാജ്യവും വടക്കന്‍ അതിര് കര്‍ണാടകവുമായിരുന്നു. നന്നനായിരുന്നു ഏഴിമല രാജാക്കന്മാരില്‍ പ്രമുഖന്‍. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യവിസ്തൃതി കോയമ്പത്തൂര്‍വരെ വ്യാപിച്ചു. സംഘം കവികളായ പരണരും അഴിശ്ശിയും നന്നനെ പ്രകീര്‍ത്തിച്ചു ധാരാളം പാട്ടുകള്‍ പാടിയിട്ടുണ്ട്. ചേരരാജാക്കന്മാരുമായി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ട നന്നന്‍ ഒടുവില്‍ നാര്‍മുടിച്ചേരന്‍ എന്ന ചേരരാജാവുമായുള്ള യുദ്ധത്തില്‍ വധിക്കപ്പെട്ടതോടെ ഏഴിമല രാജവംശം അസ്തമിക്കുകയും രാജ്യം പൂര്‍ണമായും ചേരരാജ്യത്തിന്റെ ആധിപത്യത്തിന്‍ കീഴിലാവുകയും ചെയ്തതായി കരുതുന്നു.
രണ്ടാം ചേരസാമ്രാജ്യം
(എ.ഡി. 9-ാം ശ. മുതല്‍ 12-ാം ശ. വരെ)
മൂന്നാം ശതകത്തിന്റെ അവസാനദശകങ്ങളില്‍ കളഭ്രരുടെ ആക്രമണം നിമിത്തം തമിഴകത്ത് പൊതുവായുണ്ടായ അരാജകത്വാവസ്ഥ കേരളത്തെയും ബാധിച്ചു. അക്കാലത്ത്, പശ്ചിമ റോമാസാമ്രാജ്യം അധഃപതിക്കാന്‍ തുടങ്ങിയതും കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിച്ചിരിക്കണം. ഈ പരിതഃസ്ഥിതി കേരളത്തിലെ രാജവംശത്തെ പ്രതികൂലമായി ബാധിച്ചത് സ്വാഭാവികമാണ്. ഈ നില ആറാം ശതകത്തിന്റെ അവസാനം വരെ തുടര്‍ന്നു. ആറാം ശതകത്തിന്റെ അവസാനം പാണ്ഡ്യരുടെയും പല്ലവന്മാരുടെയും ശക്തി പുനരുജ്ജീവിച്ചതിന്റെ വ്യക്തമായ ചരിത്രം ഉള്ളപ്പോള്‍ ചേരന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അധികമൊന്നും കിട്ടാനില്ല. ഒന്നാം ചേര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതായി അനുമാനിക്കുന്ന അഞ്ചാം നൂറ്റാണ്ടിനുശേഷം ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ ചരിത്രത്തെപ്പറ്റി അറിയാനുള്ള രേഖകള്‍ കുറവാണ്. എന്നാല്‍ എ.ഡി. ഒമ്പതാം ശതകത്തോടെ കുലശേഖരപ്പെരുമാക്കന്മാരുടെ ആധിപത്യത്തില്‍ രണ്ടാം ചേരസാമ്രാജ്യം നിലവില്‍ വന്നതുമുതല്‍ക്കുള്ള വ്യക്തമായ ചരിത്രം ലഭ്യമാണ്.
ഇക്കാലത്തെ മറ്റൊരു പ്രധാനസംഭവം കേരളത്തിലേക്കുള്ള ആര്യബ്രാഹ്മണരുടെ വരവാണ്. ആര്യന്മാരുടെ ആഗമനം ഭാഷയിലും സംസ്കാരത്തിലും തമിഴകത്തില്‍ നിന്ന് കേരളത്തെ വേര്‍തിരിച്ച ഒരു സംഭവമായിരുന്നു. ബ്രാഹ്മണരുടെ പുരസ്കര്‍ത്താക്കളായിരുന്ന ചാലൂക്യരുടെ ഒരു പ്രധാനനഗരമായിരുന്ന അഹിച്ഛത്രത്തില്‍ നിന്നാണ് അവര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തതെന്നാണ് കേരളോത്പത്തിയില്‍ പരാമര്‍ശിക്കുന്നത്. അവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 32 തളികള്‍ സ്ഥാപിക്കുകയും സമൂഹത്തിലും രാജ്യത്തും തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കുകയും ചെയ്തു. കുലശേഖര രാജാക്കന്മാരുടെ പ്രഭാവത്തിന് പിന്നില്‍ ബ്രാഹ്മണ സ്വാധീനം വ്യക്തമായി കാണാം. അതുവരെ കേരളത്തില്‍ നിലനിന്നിരുന്ന ദ്രാവിഡ-ബുദ്ധ ജൈനസംസ്കൃതികളെ പിന്തള്ളി ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും നടപ്പില്‍ വന്നതും ശൈവ-വൈഷ്ണവ മതവിശ്വാസങ്ങള്‍ പ്രചാരത്തില്‍ വന്നതും ഈ കാലഘട്ടത്തിലായിരുന്നു.
രണ്ടാം ചേരരാജാക്കന്മാര്‍
രാമരാജശേഖരന്‍ (സു. 800-844). രാമരാജശേഖരനായിരുന്നു രണ്ടാം ചേരവംശത്തിന്റെ സ്ഥാപകന്‍. രാമനെന്നത് സ്വന്തം പേരും രാജശേഖരനെന്നത് ബിരുദവുമാണെന്ന വാസുഭട്ടന്റെ യുധിഷ്ഠിരവിജയത്തെ അടിസ്ഥാനമാക്കി കരുതപ്പെടുന്നു. ഇദ്ദേഹം കുലശേഖരനെന്ന വംശനാമം വഹിച്ചിരുന്നതായും കരുതുന്നവരുണ്ട്. ഈ രാജശേഖരന്റെ വ്യക്തിത്വത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വൈഷ്ണവ പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിലൊന്നായിരുന്ന കുലശേഖര ആഴ്വാരും സംസ്കൃതപണ്ഡിതനായിരുന്ന കുലശേഖരനും ഒരാളായിരുന്നുവെന്ന് വാദിക്കപ്പെടുന്നു. തമിഴിലെ പെരുമാള്‍ തിരുമൊഴിയും സംസ്കൃതത്തിലെ മുകുന്ദമാലയും കുലശേഖര ആഴ്വാര്‍ ഭക്തിപ്രസ്ഥാനത്തിന് നല്‍കിയ മഹത്തായ സംഭാവനകളാണ്. കുലശേഖരന്‍ തപതീസംവരണം, വിച്ഛിന്നാഭിഷേകം, സുഭദ്രാ ധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യകൃതിയുടെയും കര്‍ത്താവായി അറിയപ്പെടുന്നു. ഇവര്‍ രണ്ടുപേരും ഒരാളാണെന്ന തീരുമാനത്തിലെത്താനുതകുന്ന തെളിവുകള്‍ ലഭ്യമല്ല.
കേരളത്തില്‍ നിന്നു കണ്ടുകിട്ടിയിട്ടുള്ള ആദ്യത്തെ പുരാരേഖയായ വാഴപ്പള്ളി ശാസനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള 'രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവന്‍' ഈ രാജാവാണെന്ന ഒരു വാദമുണ്ട്. ഒരു ശിവഭക്തനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വാഴപ്പള്ളിശാസനം തന്നെ 'സ്വസ്തിശ്രീ' എന്നതിനുപകരം 'നമശ്ശിവായ' എന്നാണ് ആരംഭിക്കുന്നത്.
രാജശേഖരന്റെ കാലത്താണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത് (824-825). ഇക്കാലത്ത് പാണ്ഡ്യന്മാര്‍ ആയ്രാജ്യം ആക്രമിച്ചു വേല്‍നാടി(വേണാട്)ലെ പ്രധാന തുറമുഖമായ വിഴിഞ്ഞം കീഴടക്കുകയുണ്ടായി. ചേരരാജ്യത്തിന്റെ അതിര്‍ത്തിയില്‍ നടന്ന ഈ യുദ്ധം തങ്ങളെയും ബാധിക്കുമെന്ന് കണ്ട ചേരരാജാക്കന്മാര്‍ ആയ് വേല്‍ നാട്ടിലേക്ക് സൈന്യത്തെ അയയ്ക്കുകയും ആ നാടിന്റെ വടക്കുഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. ഈ ഭാഗമാണ് പിന്നീട് വേണാട് (വേല്‍+നാട്) എന്ന പേരില്‍ വിഖ്യാതമായിത്തീര്‍ന്നത്. നഷ്ടപ്പെട്ട വിഴിഞ്ഞത്തിനുപകരം ചേരന്മാര്‍ വികസിപ്പിച്ചെടുത്ത കൊല്ലം തുറമുഖത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെടുത്തിയാകണം കൊല്ലവര്‍ഷം നടപ്പിലായത്.
സ്ഥാണുരവി (സു. 844-883). തരിസാപ്പള്ളി ശാസനം മുഖേന പ്രശസ്തനായ സ്ഥാണുരവിയായിരുന്നു രാമരാജശേഖരന്റെ പിന്‍ഗാമി. സ്ഥാണുരവിയുടെ അഞ്ചാം ഭരണവര്‍ഷത്തില്‍ (849) വേണാട് 'ഉടയവരാ'യ അയ്യന്‍ അടികള്‍ തിരുവടികള്‍ മാര്‍സപീര്‍ ഈശോ എന്ന ക്രിസ്ത്യന്‍ വര്‍ത്തകന്‍ പണിയിച്ച തരിസാപ്പള്ളിക്ക് കുരക്കേണിക്കൊല്ലത്ത് സ്ഥലവും അവകാശങ്ങളും നല്‍കിയതായിട്ടാണ് ശാസനം. കൊല്ലം തുറമുഖത്തിന്റെ വികസനം നടത്താ നും ഒരു പക്ഷേ പാണ്ഡ്യശക്തിയുമായുള്ള കലഹത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും ആഗ്രഹിച്ചുകൊണ്ടാവണം ഈ ശാസനം നല്‍കപ്പെട്ടത്.
സ്ഥാണുരവിയുടെ ഭരണകാലത്തെ മറ്റൊരു സംഭവം തഞ്ചാവൂരിലെ ചോളന്മാരുമായി ചേരന്മാര്‍ സ്ഥാപിച്ച ബന്ധുത്വമാണ്. ശ്രീകണ്ഠചോളനും സ്ഥാണുരവിയുമായി 844-45-ല്‍ ചോളസേനാനായകനായ വിക്കിഅണ്ണന് ചില ബിരുദങ്ങള്‍ നല്‍കിയതായുള്ള തില്ലൈ സ്ഥാനം രേഖ ഈ ബന്ധുത്വത്തെ സൂചിപ്പിക്കുന്നു. ചോളരാജകുമാരനായ പരാന്തകനും സ്ഥാണുരവിയുടെ മകളും തമ്മില്‍ നടന്ന വിവാഹത്തിലൂടെ ഈ ബന്ധുത്വം കുറേക്കൂടി ദൃഢമായിത്തീര്‍ന്നു.
സ്ഥാണുരവി പ്രബലനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് തലസ്ഥാനമായ മാകോതൈ നഗരം (മഹോദയപുരം) ഒരു സാംസ്കാരിക കേന്ദ്രവും വിദ്യാഭ്യാസ കേന്ദ്രവും ആയി ഉയര്‍ന്നിരുന്നു. വിദേശവ്യാപാരം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വിപുലമാക്കി. ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥത്തിന് ഭാഷ്യം ചമച്ച ശങ്കരനാരായണന്‍ സ്ഥാണുരവിയുടെ രാജസദസ്സിലെ ഒരംഗമായിരുന്നു. സ്ഥാണുരവി മഹോദയപുരത്ത് സ്ഥാപിച്ച ഗോളനിരീക്ഷണശാല ശങ്കരനാരായണന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
കോതരവി വിജയരാഗന്‍ (സു. 883-913). സ്ഥാണുരവിയുടെ പിന്‍ഗാമിയെപ്പറ്റി തര്‍ക്കമുണ്ട്. സ്ഥാണുരവിയുടെ കാലത്തെ തരിസാപ്പള്ളി ശാസനം തയ്യാറാക്കുന്നതില്‍ രാജാവിന്റെ പ്രതിനിധി (കോയിലധികാരി) എന്ന നിലയില്‍ വിജയരാഗന്‍ പങ്കെടുത്തിരുന്നു. വിജയരാഗന്‍ സ്ഥാണുരവിയുടെ മകളുടെ ഭര്‍ത്താവായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തില്‍ മരുമക്കത്തായ സമ്പ്രദായം ഇക്കാലത്ത് നടപ്പിലില്ലാതിരുന്നതിനാല്‍ ജാമാതാവായ ഇദ്ദേഹം എങ്ങനെ ചേരരാജാവായി എന്ന പ്രശ്നം അവശേഷിക്കുന്നു.
വിജയരാഗദേവനെ സംബന്ധിച്ച മറ്റൊരു പ്രധാന രേഖ മധുരൈകൊണ്ട പുരകേസരിയുടെ 29-ാം ഭരണവര്‍ഷത്തിലെ തിരുവൊറ്റിയൂര്‍ ശാസനമാണ്. അതില്‍ വിജരാഗദേവന്‍ എന്ന ചേരരാജാവിന്റെ മകള്‍ ഇരവിനീലി എന്ന രാജ്ഞി വസ്തുദാനം ചെയ്തതായി പറയുന്നു. വിജയരാഗദേവന്റെ ഭരണകാലത്തെ ഒരു പ്രധാന സംഭവം ഏഴിമലയിലെ മൂഷകരാജാവുമായുണ്ടായ വിവാഹബന്ധമാണ്. മൂഷകവംശകാവ്യത്തില്‍ പ്രസ്താവിച്ചിരിക്കുന്നതനുസരിച്ച് വിജയരാഗന്‍ മൂഷകരാജാവായ കുഞ്ചിവര്‍മന്റെ മകളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ മൂഷകരാജാവും രാഷ്ട്രകൂടരും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന വിജയരാഗന്‍ ഈശാനമൂഷകന്‍ II-ന്റെ കാലത്ത് മൂഷകരാജ്യം ആക്രമിച്ചുവെങ്കിലും വളരെവേഗം സമാധാനം സ്ഥാപിതമാവുകയാണുണ്ടായത്.
കോതകോതകേരളകേസരി (സു. 913-943). കോതകോത എന്നും കേരളകേസരി എന്നും പേരുള്ള രാജാക്കന്മാരെ സംബന്ധിക്കുന്ന രണ്ടു ശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഈ രണ്ടു ശാസനങ്ങളും ഒരേ രാജാവിനെത്തന്നെ സംബന്ധിക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാജാവിന്റെ കാലത്ത് പരാന്തകചോളന്‍ മധുര കീഴടക്കുകയും (910) നാഞ്ചിനാട് ആക്രമിക്കുകയും ചെയ്തു. തന്ത്രപ്രധാനമായ നാഞ്ചിനാടിന്റെ സുരക്ഷിതത്വം ചേരരാജ്യത്തിന്റെയും ആവശ്യമായിരുന്നതുകൊണ്ട് ചേരന്മാര്‍ ആയ്രാജാക്കന്മാരെ സഹായിക്കുകയുണ്ടായി. ചോളന്മാരോട് തോറ്റു നാടുവിട്ടോടിയ മാറവര്‍മന്‍ രാജസിംഹന് ഇദ്ദേഹം രാഷ്ട്രീയാഭയം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് ഉടനടി ഒരു ചേര-ചോള യുദ്ധത്തിന് വഴിതെളിച്ചില്ല.
ഇന്ദുക്കോത (സു. 943-962). ഇന്ദുക്കോതയും മുന്‍രാജാക്കന്മാരുമായുള്ള ബന്ധവും ഭരണാരംഭവും വ്യക്തമല്ല. എന്നാല്‍ ഇന്ദുക്കോതയുടെ പിന്തുടര്‍ച്ചക്കാരന്‍ ഭാസ്കരരവി ആണെന്ന കാര്യത്തില്‍ സംശയമില്ല.
ഇക്കാലത്ത് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വഴിത്തിരിവ് 949-ല്‍ രാഷ്ട്രകൂടര്‍ 'തക്കോലം' യുദ്ധത്തില്‍ ചോളരെ തോല്പിച്ചതാണ്. തുടക്കംകുറിച്ചിരുന്ന ചേര-ചോളബന്ധത്തെയും ഇതു ബാധിച്ചു. പരാന്തകചോളന്‍ കോക്കിഴാന്‍അടികള്‍ എന്ന ചേരരാജകുമാരിയെ വിവാഹം ചെയ്യുകയും ആ വിവാഹബന്ധത്തില്‍ ജനിച്ച രാജാദിത്യനെന്ന രാജകുമാരനെ ഇളയരാജാവാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജാദിത്യന്റെ കീഴിലുണ്ടായിരുന്ന സൈന്യത്തിന്റെ ഒരു പ്രധാന വിഭാഗം കേരളീയരായിരുന്നുവെന്ന് ശാസനങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. തക്കോലം യുദ്ധം ചേരരാജാക്കന്മാരെ നേരിട്ടുബാധിച്ചില്ലെങ്കിലും തെക്കേ ഇന്ത്യയില്‍ പുതിയതായി ഉയര്‍ന്നുവന്ന അധീശശക്തിയെന്ന നിലയില്‍ രാഷ്ട്രകൂടരെ കപ്പം കൊടുത്ത് ചേരര്‍ സ്വാധീനിച്ചതായി വിചാരിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രകൂട രാജാവായ കൃഷ്ണന്‍ മൂന്നാമന്റെ 959-ലെ കാര്‍ഹാഡ് ചെപ്പേടില്‍ ചേരന്മാരില്‍ നിന്നും കപ്പം ഈടാക്കിയതായി പറയുന്നുണ്ട്. 985-ല്‍ രാജരാജന്റെ കാലത്ത് ചോളശക്തി പുനരുജ്ജീവിച്ചതിനുശേഷം ചേര-ചോള ബന്ധം തകരുകയും ചേരരാജ്യം ചോളാക്രമണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു.
ഭാസ്കര രവി (962-1021). ഇന്ദുക്കോതയെ പിന്തുടര്‍ന്നുവന്നത് ഭാസ്കരരവി മനുകുലാദിത്യനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലം 58 വര്‍ഷം നീണ്ടുനിന്നുവെന്നതും അക്കാലത്തെ ശാസനങ്ങളില്‍ വ്യാഴത്തിന്റെ നില പലവിധത്തില്‍ പറഞ്ഞിരിക്കുന്നുവെന്നതും ഭാസ്കരരവി എന്ന പേരില്‍ ഒന്നില്‍ക്കൂടുതല്‍ രാജാക്കന്മാരുണ്ടായിരുന്നു എന്ന സംശയത്തിന് വഴിതെളിക്കുന്നു. ഭാസ്കരരവി എട്ടാമത്തെ വയസ്സില്‍ രാജാവായി. 25-ാമത്തെ വയസ്സില്‍ കിരീടധാരണം നടത്തി. അതുകാരണമാണ് രണ്ടു പരമ്പരയില്‍ ശാസനങ്ങള്‍ കാണുന്നത്. തിരുവല്ലാ ചെപ്പേടില്‍ മനുകുലാദിത്യന്‍ ഇളങ്കോ (ഇളമുറ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ്) എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാസ്കര രവിയുടെ 24 ശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അവയില്‍ സുപ്രസിദ്ധമായത് ഇദ്ദേഹത്തിന്റെ 38-ാമത് ഭരണവര്‍ഷത്തില്‍ (1000-ാമാണ്ടു) ജൂതന്മാരുടെ തലവനായ ജോസഫ് റബ്ബാന് പലവിധ അവകാശങ്ങളും അനുവദിച്ചുകൊടുത്ത ശാസനമാണ്. ഈ പട്ടയം നല്‍കിയ കാലത്തെ പരിതഃസ്ഥിതികള്‍ കണക്കിലെടുത്താല്‍ രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു സമ്പന്ന വണിക് സമുദായത്തിന് ഈ അവകാശപ്രമാണം സമ്മാനിച്ചത് അവരുടെ പിന്തുണയും ആദരവും നേടാന്‍ കൈക്കൊണ്ട ഒരു നയപരിപാടിയായിരുന്നുവെന്ന് കാണാന്‍ കഴിയും. ഈ ശാസനം വ്യക്തമാക്കുന്ന മറ്റൊരു വസ്തുത ഇപ്രകാരമുള്ള അവകാശങ്ങള്‍ നല്‍കുമ്പോള്‍, രാജ്യത്തെ പ്രധാന സാമന്തപ്രഭുക്കളെയെല്ലാം അതിനു സാക്ഷികളാക്കിയിരുന്നു എന്നതാണ്. വേണാട്, വെമ്പൊലിനാട്, ഏറനാട്, വള്ളുവനാട്, നെടുമ്പുറയൂര്‍നാട് എന്നീ പ്രദേശങ്ങളിലെയെല്ലാം ഉടയവര്‍ (ഗവര്‍ണര്‍മാര്‍) ഈ ശാസനത്തിന് സാക്ഷികളായിരുന്നു.
ഭാസ്കര രവിയുടെ ഭരണകാലം ചേര-ചോള ബന്ധത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു. 985-ല്‍ അധികാരത്തില്‍ വന്ന രാജരാജചോളന്‍ (985-1016) തന്റെ ഭരണകാലാരംഭത്തില്‍ത്തന്നെ കാന്തളൂര്‍ശാലയും വിഴിഞ്ഞവും ആക്രമിക്കുകയും വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ നാഞ്ചിനാട് പൂര്‍ണമായും ചോളര്‍ക്കധീനമായി. തെക്കന്‍ തിരുവിതാംകൂറില്‍ ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങള്‍ ഒരു പ്രത്യേക മേഖലയാക്കുകയും അതിന്റെ സുരക്ഷിതത്വത്തിന് ഒരു സൈന്യവിഭാഗത്തെ നിയോഗിക്കുകയും ചെയ്തു. വിഴിഞ്ഞവും കാന്തളൂര്‍ശാലയും തുടര്‍ച്ചയായി ആക്രമിച്ചത് ചേരന്മാരുടെ നാവികശക്തിയെ നശിപ്പിക്കാനായിരിക്കണം.
രാജരാജന്റെ സൈന്യങ്ങള്‍ 1005-ാമാണ്ട് കൊല്ലവും തുടര്‍ന്ന് ചേരരാജധാനിയായ മഹോദയപുരവും ആക്രമിച്ചു. ഈ തുറമുഖങ്ങള്‍ ചോളനാവികപ്പടയുടെ സഹായത്തോടെ ആക്രമിച്ചു കൊള്ളചെയ്തതായിട്ടാണ് കാണുന്നത്. രാജരാജന്റെ ഭരണാന്ത്യത്തില്‍ ചോളന്മാര്‍ മൂഷകരാജാവിന്റെ ഭരണത്തിലിരുന്ന 12,000-ത്തോളം വരുന്ന ദ്വീപുകളെ കീഴടക്കിയതായി പരാമര്‍ശങ്ങള്‍ കാണുന്നു. ഈ ആക്രമണവും ഈ ദ്വീപുകളുമായുണ്ടായിരുന്ന ചേരന്മാരുടെ വ്യാപാരക്കുത്തക തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു.
രാജരാജനെ പിന്തുടര്‍ന്ന രാജേന്ദ്രനും (1014-44) സാമ്രാജ്യവിപുലീകരണ പരിപാടി തുടര്‍ന്നു. തിരുവിലങ്ങാട് ചെപ്പേട് പ്രകാരം രാജേന്ദ്രന്‍ കേരളദേശം ആക്രമിക്കുകയും ചേരരാജാവിന്റെ അമൂല്യമായ കിരീടവും മറ്റു കലാശേഖരങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പാണ്ഡ്യരാജ്യം കീഴടക്കി ഒരു പ്രത്യേക വൈസ്രോയിയെ അവിടെ നിയമിച്ചപ്പോള്‍ കേരളരാജാവിനെത്തന്നെ ഇവിടെ ചോളന്മാരുടെ പ്രതിനിധിയായി തുടരുവാന്‍ അനുവദിക്കുകയാണുണ്ടായത്. ചേരരാജാവായ രാജസിംഹന്‍ (സു. 1021-36) രാജേന്ദ്രചോളന്റെ ബഹുമാനാര്‍ഥം മന്നാര്‍ക്കോയിലില്‍ രാജേന്ദ്ര ചോളവിണ്ണകര്‍ എന്നൊരു വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചു. അടുത്ത രാജാവായ രാജരാജനും (1018-89) ചോളസാമന്തനായിരുന്നു.
അടുത്ത ചോളരാജാവായിരുന്ന രാജാധിരാജന്റെ (1018-54) ശാസനങ്ങളിലും കേരളം ആക്രമിച്ചതായി കാണുന്നത് രാജരാജന്റെ ഇളമുറ എന്ന നിലയില്‍ യുദ്ധത്തില്‍ പങ്കെടുത്തതായിരിക്കണം സൂചിപ്പിക്കുന്നത്. കേരളരാജാവായ വീരകേരളനെ ഒരു ആനയെക്കൊണ്ടു ചവിട്ടിച്ചു കൊല്ലിച്ചുവെന്ന് രാജാധിരാജന്റെ 29-ാം ഭരണവര്‍ഷത്തിലെ മണിമംഗലം ശാസനത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. എന്നാല്‍ വീരകേരളനെന്ന ഒരു ചേരരാജാവിനെപ്പറ്റി ഒരു വിവരവും ഇല്ലെന്ന സ്ഥിതിക്ക് ഈ പരാമര്‍ശം പാണ്ഡ്യന്മാരെയോ കൊങ്ങു ചേരന്മാരെയോ സംബന്ധിച്ചതായിരിക്കാനാണ് സാധ്യത.
രവികോതരാജസിംഹന്‍(സു.1021-36). രാജസിംഹനും ചോളന്മാരുടെ സാമന്തനായി കഴിഞ്ഞിരുന്നുവെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. വീരകേരളനെ ആനയെക്കൊണ്ടു ചവിട്ടിച്ചു കൊന്നുവെന്ന രേഖയില്‍ത്തന്നെ ശക്തനായ വില്ലവന്‍ (ചേരരാജാവ്) ഭയപ്പെട്ട് കാട്ടില്‍ ഒളിച്ചോടിയതായി പറഞ്ഞിരിക്കുന്നു. ഈ രാജാവ് രാജസിംഹനായിരിക്കണം. രാജസിംഹന്റെ മൂന്നാമതു ഭരണവര്‍ഷത്തെ തളക്കാടുരേഖയില്‍ രണ്ട് ക്രിസ്ത്യന്‍ കച്ചവടക്കാര്‍ക്ക് ചില പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചതായി സൂചനയുണ്ട്.
രാജരാജന്‍, രവിരാമരാജാദിത്യന്‍, ആദിത്യന്‍കോതരണാദിത്യന്‍ (സു. 1036-89). രാജസിംഹനും അവസാനത്തെ ചേരരാജാവായ രാമകുലശേഖരനുമിടയില്‍ മൂന്നു രാജാക്കന്മാര്‍ ഭരിച്ചിരുന്നതായി കാണുന്നു. 1037-ലെ മന്നാര്‍ക്കോയില്‍ രേഖയില്‍ ചോള വൈസ്രായി ആയിരുന്ന ജടാവര്‍മന്‍ സുന്ദരചോളപാണ്ഡ്യന്‍'ചേരമനാര്‍ രാജരാജന്‍' എന്നൊരു ചേരരാജാവിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. തൃക്കൊടിത്താനം ക്ഷേത്രരേഖയില്‍ പരാമൃഷ്ടനാകുന്ന മറ്റൊരു രാജാവായ രവിരാമന്‍ രാജരാജന്റെ പിന്‍ഗാമി ആയിരിക്കാനിടയുണ്ട്. നളോദയമെന്ന സംസ്കൃത യമകകാവ്യത്തിന്റെ കര്‍ത്താവായ രവി തന്റെ പുരസ്കര്‍ത്താവായ രാമരാജാദിത്യനെ സ്മരിക്കുന്നുണ്ട്. അടുത്ത രാജാവ് ആദിത്യന്‍കോത എന്ന രണാദിത്യ ചക്രവര്‍ത്തി ആയിരുന്നു. തന്റെ 5-ാം ഭരണവര്‍ഷം നല്കിയ പറമ്പന്‍ തളിക്ഷേത്രരേഖയില്‍ രണാദിത്യനെ 'ചക്രവര്‍ത്തികള്‍' എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഈ രാജാക്കന്മാരെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
രാമകുലശേഖരന്‍ (1089-1122). വീരരാജേന്ദ്രന്റെ (1063-69) കാലത്ത് ചോളരാജ്യത്തിലുണ്ടായ കുഴപ്പം കുലോത്തുംഗന്‍ ഒന്നാമന്റെ (1070-1122) കാലം വരെ തുടര്‍ന്നു. ഇക്കാലത്ത് ചേരരാജ്യം പൂര്‍ണമായോ ഭാഗികമായോ സ്വാതന്ത്യ്രം പ്രാപിച്ചിരുന്നിരിക്കാം. ആദിത്യന്‍ കോതയുടെയും രാമകുലശേഖരന്റെയും ശാസനങ്ങളില്‍ 'ചക്രവര്‍ത്തികള്‍' എന്ന ബിരുദം സ്വീകരിച്ചിരിക്കുന്നതില്‍നിന്നും, കുലോത്തുംഗന്‍ ഒന്നാമന്റെ കാലത്ത് വീണ്ടും വീണ്ടും കേരളം ആക്രമിച്ചിരിക്കുന്നതില്‍നിന്നും ഇങ്ങനെയാണ് ഊഹിക്കേണ്ടത്. കുലോത്തുംഗചോളന്റെ സൈന്യം ആയ്രാജ്യം ആക്രമിച്ചു കീഴടക്കുകയും ചേരരാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയായ വേണാട് ആക്രമിക്കുകയും ചെയ്തു. 1101-ലെ ഒരു ചോളശാസനത്തില്‍ ചോളസൈന്യം 1097-ല്‍ കൊല്ലം പിടിച്ചെടുത്തുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
തെക്കന്‍ കേരളത്തില്‍ നടക്കുന്ന രൂക്ഷമായ സമരത്തില്‍ പങ്കെടുക്കാനായി രാമകുലശേഖരന്‍ കൊല്ലത്തുവന്ന് താമസിച്ചിരുന്നതായി 1102-ലെ ഒരു രേഖയില്‍ കാണുന്നു. കൊല്ലം പനങ്കാവില്‍ കൊട്ടാരത്തില്‍ രാമകുലശേഖരന്‍ എല്ലാ രാജസന്നാഹങ്ങളോടും നാലുതളി, ആയിരം സാമന്തര്‍(ബ്രാഹ്മണര്‍) എന്നിവരോടുകൂടിയാണ് താമസിച്ചിരുന്നത് എന്നു രേഖപ്പെടുത്തിക്കാണുന്നതിനാല്‍ അദ്ദേഹം മഹോദയപുരത്തു നിന്ന് ഒളിച്ചോടിവന്നു താമസിക്കുകയായിരുന്നു എന്ന പ്രസ്താവത്തിനു അടിസ്ഥാനമില്ല. പിന്നീട് അദ്ദേഹം തന്റെ ചാവേറ്റുപടയുടെ സഹായത്തോടുകൂടി ചോളര്‍ക്കു ശക്തമായ തിരിച്ചടി നല്കിയെന്നും അവരെ കോട്ടാറിലേക്കു പിന്തള്ളിയെന്നും കാണിക്കുന്ന സൂചനകളും ലഭ്യമായിട്ടുണ്ട്.
ഈ ചേര-ചോളയുദ്ധം വീണ്ടും തുടര്‍ന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. 1120-ലെ വിക്രമചോളന്റെ സൈന്യം കേരളം ആക്രമിച്ച് രാജാവില്‍നിന്നും കപ്പം ഈടാക്കിയതായി പറയുന്നു. കാന്തളൂര്‍ശാല പിടിച്ചെടുക്കുകയും (തിരു) അനന്തപുരത്തെ ക്ഷേത്രത്തില്‍ കടക്കുകയും ചെയ്തു. എന്നാല്‍ 1121-നു മുമ്പുതന്നെ ചേരസൈന്യം ചോള-പാണ്ഡ്യ സൈന്യത്തെ തോല്പിച്ച് നാഞ്ചിനാടും കോട്ടാറും പിടിച്ചെടുത്തതായി തെളിവുകള്‍ സൂചിപ്പിക്കുന്നു.
ഈ കുഴപ്പങ്ങള്‍ക്കിടയില്‍ രാമകുലശേഖരന്‍ രംഗത്തുനിന്നു നിഷ്ക്രമിച്ചു. 1122-നു ശേഷം അദ്ദേഹത്തെപ്പറ്റിയോ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരെപ്പറ്റിയോ യാതൊരു രേഖകളും ലഭ്യമല്ല. ഈ അവസ്ഥയില്‍ അവസാനത്തെ പെരുമാള്‍ രാജ്യം തന്റെ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കുമായി ഭാഗിച്ചു കൊടുക്കുകയും ഇസ്ലാംമതം സ്വീകരിച്ച് അറേബ്യയിലേക്കു പോവുകയും ചെയ്തുവെന്ന കേരളോത്പത്തി കഥ ശരിയായിരിക്കാനാണ് ഇടയുള്ളത്.
ഭരണരീതിയും സാമൂഹികജീവിതവും
സംഘകാലത്തു ചോള-പാണ്ഡ്യ രാജ്യങ്ങളിലെ ഭരണരീതിതന്നെയാണ് കേരളത്തിലും നടപ്പിലിരുന്നത്. പ്രധാനമായും മൂന്നു രാജവംശങ്ങളായിരുന്നു അക്കാലത്ത് കേരളത്തില്‍ ഭരണം നടത്തിയിരുന്നത്. തെക്കേയറ്റത്തെ ആയ് രാജവംശവും മധ്യകേരളത്തിലെ ചേര രാജവംശവും വടക്കന്‍ കേരളത്തിലെ ഏഴിമല വംശവുമായിരുന്നു അവ. മൂന്നുരാജകുടുംബങ്ങള്‍ ഈ രാജ്യങ്ങളില്‍ ഭരണം നടത്തിയിരുന്നു. ഇതിനു പുറമേ ഭൂവിഭാഗങ്ങളില്‍ പാരമ്പര്യമായി ഗോത്രത്തലവന്മാരും ഭരണം നടത്തിയിരുന്നു.ഈ ഗോത്രത്തലവന്മാര്‍ രാജാക്കന്മാരോടു കൂറുപുലര്‍ത്തിയിരുന്നുവെങ്കിലും, അവര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ രാജാവിനെപ്പോലെതന്നെ പെരുമാറി. സംഘാനന്തരകാലത്തു പ്രവിശ്യകളിലെ ഉടയവര്‍ (ഗവര്‍ണര്‍മാര്‍) പാരമ്പര്യമായി അധികാരം വഹിച്ചിരുന്നവരും രാജ്യത്തിന്റെ നിര്‍ണായക കാര്യങ്ങളില്‍ സ്വാധീനതയുള്ളവരുമായിരുന്നു(ഉദാ. തരിസാപ്പള്ളി ചെപ്പേട്-849, ജൂതശാസനം-1000 തുടങ്ങിയവ).
ആദിചേരസാമ്രാജ്യത്തില്‍ നാഞ്ചിനാടുമുതല്‍ ഏഴിമലവരെയുള്ള പ്രദേശങ്ങളും കേരളത്തിനു പുറമേ കോയമ്പത്തൂര്‍-സേലം ജില്ലകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഏഴിമല കേന്ദ്രമായുള്ള മൂഷകരാജ്യവും നാഞ്ചിനാടും സമീപപ്രദേശങ്ങളും ഉള്‍പ്പെട്ട ആയ്രാജ്യവും ആയിരുന്നു. പില്ക്കാലത്ത് മൂഷകരാജ്യവും ആയ്രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളും രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധീശാധികാരം സ്വീകരിച്ചിരുന്നതായി വ്യക്തമാണ്.
സാംസ്കാരിക നവോത്ഥാനം. വിദ്യാഭ്യാസപ്രചാരണം, യാഗാനുഷ്ഠാനം, വിദ്വാന്മാരുടെയും കവികളുടെയും സംരക്ഷണം, കുറ്റക്കാരില്‍ നിന്നും ജനങ്ങളുടെ സംരക്ഷണം മുതലായവയായിരുന്നു രാജാക്കന്മാരുടെ കര്‍ത്തവ്യങ്ങള്‍. നാടുകളുടെ ഭരണം പരമ്പരാഗതരായ നാടുവാഴികളോ രാജാവ് നിയമിച്ച സാമന്തരോ നിര്‍വഹിച്ചുപോന്നു. രാജപ്രതിനിധിയായ കോയിലധികാരികള്‍ നാടുകളുടെ ഭരണമേല്‍നോട്ടം വഹിച്ചിരുന്നു. നാടുവാഴികളെ മുന്നൂറ്റുവര്‍, അറുന്നൂറ്റുവര്‍ തുടങ്ങിയ പ്രാദേശികസമിതികള്‍ സഹായിച്ചിരുന്നു.
രാജാക്കന്മാര്‍ പണ്ഡിതന്മാരെയും കവികളെയും ആദരിച്ചിരുന്നുവെന്നതിന് സംഘകാലകൃതികള്‍ സാക്ഷ്യം വഹിക്കുന്നു. നാര്‍മുടി ചേരന്‍ കാപ്പിയാറ്റു കാപ്പിയനാര്‍ എന്ന കവിക്ക് രാജകീയ വരുമാനത്തിന്റെ ഒരംശവും 40 ലക്ഷം പൊന്നും നല്കിയതായി പറഞ്ഞിരിക്കുന്നു. ഈ പാരിതോഷികത്തിന്റെ തുക സംശയാസ്പദമാണെങ്കിലും സമ്മാനങ്ങള്‍ ഉദാരമായിരുന്നുവെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. രണ്ടാം ചേരരാജ്യത്തിലെ രാജാക്കന്മാരും പണ്ഡിതന്മാരെയും കവികളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പിന്നിലായിരുന്നില്ല. യുധിഷ്ഠിരവിജയം എന്ന സംസ്കൃത കാവ്യത്തിന്റെ കര്‍ത്താവായ വാസുദേവ ഭട്ടതിരിക്കും ശങ്കരനാരായണീയത്തിന്റെ കര്‍ത്താവായ ശങ്കരനാരായണനും ചേരരാജാക്കന്മാരുടെ ഔദാര്യപൂര്‍വമായ പരിഗണന ലഭിച്ചിരുന്നു.
സംഘകാലത്തും പിന്നീടും പ്രധാന വരുമാനമാര്‍ഗം ഭൂനികുതിയായിരുന്നു. അതു സാധാരണയായി 1/6 ആയിരുന്നു. യുദ്ധകാലങ്ങളിലും മറ്റും അതില്‍ക്കൂടുതല്‍ പിരിച്ചിരിക്കാന്‍ ഇടയുണ്ട്. ഭൂനികുതിക്കു പുറമേ തലക്കാണം, ഏണിക്കാണം, ചുങ്കം, അടിമക്കാശ് തുടങ്ങിയ നികുതികളും പിരിച്ചിരുന്നു. കുറ്റങ്ങള്‍ക്കും തെറ്റുകള്‍ക്കും തടവ്, പിഴ എന്നിവയായിരുന്നു ശിക്ഷ. വ്യക്തികള്‍ തമ്മിലും കക്ഷികള്‍ തമ്മിലും ഉള്ള വഴക്കുകള്‍ അങ്കംവെട്ടി തീരുമാനിച്ചിരുന്നു. അങ്കത്തില്‍ മധ്യസ്ഥന്‍ എന്ന നിലയില്‍ രാജാവിനു കാഴ്ചപ്പണം കൊടുക്കേണ്ടതുണ്ടായിരുന്നു.
സംഘകാലവും രണ്ടാം ചേരസാമ്രാജ്യകാലവും തുടര്‍ച്ചയായ യുദ്ധങ്ങളുടെ കാലങ്ങളായിരുന്നു. അയല്‍രാജ്യങ്ങള്‍, എതിരാളികളായ സാമന്തന്മാര്‍ എന്നിവരുമായി യുദ്ധം നടത്തേണ്ടിവന്നിരുന്നു. സംഘകാലത്തായിരുന്നു തുടര്‍ച്ചയായ യുദ്ധങ്ങള്‍ നടന്നിരുന്നത്. രണ്ടാം ചേരരാജ്യത്തിന് ചോളന്മാരുടെ ആക്രമണം തടയാനാണ് പ്രധാനമായും യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നത്.
ഈ കാലഘട്ടത്തില്‍ പാരമ്പര്യമനുസരിച്ചുള്ള ചതുരംഗസേന രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. സൈന്യത്തിന്റെ പ്രധാനഭാഗം കാലാള്‍പ്പടയായിരുന്നു. സംഘകാലത്ത് എല്ലാ സാമൂഹിക വിഭാഗങ്ങളിലുംപെട്ട ആളുകളെ സൈന്യത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ സംഘാനന്തരകാലത്ത് കാലാള്‍പ്പട നായന്മാരുടെ കുത്തകയായിത്തീര്‍ന്നു. കളരികളില്‍ വളരെക്കാലത്തെ പരിശീലനംനേടി വാളും പരിചയും കൊണ്ട് യുദ്ധം ചെയ്യാന്‍ അവര്‍ പ്രത്യേകം വൈദഗ്ധ്യം നേടിയിരുന്നു. ചേര-ചോള യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ചേരരാജാക്കന്മാര്‍ രൂപവത്കരിച്ചിരുന്ന 'ചാവേറ്റുപട' (യുദ്ധത്തില്‍ ജയിക്കുകയോ മരിക്കുകയോ ചെയ്യാന്‍ പ്രതിജ്ഞയെടുത്ത സൈന്യവിഭാഗം) രാജാവിനുവേണ്ടി ചോളാക്രമണങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ വളരെയേറെ പ്രയോജനം ചെയ്തുവെന്നു കാണാവുന്നതാണ്.
ചേരന്മാര്‍ക്ക് സുശക്തമായ ഒരു നാവികസേന ഉണ്ടായിരുന്നു. ചെങ്കുട്ടുവന്റെ ഒരു ബിരുദം തന്നെ'കടല്‍പിറകോട്ടിയ കുട്ടുവന്‍' എന്നായിരുന്നു. സംഘകാലത്തെ പ്രധാന തുറമുഖങ്ങള്‍ മുസിരിസും (കൊടുങ്ങല്ലൂര്‍) വിഴിഞ്ഞവുമായിരുന്നു. ഇവയെക്കൂടാതെ നെല്‍ക്കിണ്ട, ബാക്കരെ എന്നീ ചെറുകിട തുറമുഖങ്ങളുമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്തും ചേരനാവികശക്തി പ്രബലമായിരുന്നു. ചേര-ചോള യുദ്ധങ്ങളില്‍ ചേരനാവികപ്പട ഫലപ്രദമായ ഒരു പങ്കുവഹിച്ചിരുന്നു. ചോളാക്രമണത്തിന്റെ ആദ്യത്തെ ലക്ഷ്യംതന്നെ വിഴിഞ്ഞം നാവികകേന്ദ്രം നശിപ്പിക്കുക എന്നതായിരുന്നു. ചോളര്‍ക്കു നഷ്ടപ്പെട്ട വിഴിഞ്ഞത്തിനു പകരമായിട്ടാണ് കൊല്ലം ഒരു നാവികകേന്ദ്രമായി വികസിപ്പിച്ചെടുത്തത്.
തലസ്ഥാനം. രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ മാകോതൈ (മഹോദയപുരം) പുകഴ്പെറ്റതായിരുന്നു. ഒരു പരിഷ്കൃത നഗരത്തിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും അവിടെ ഏര്‍പ്പെടുത്തിയിരുന്നതായി അക്കാലത്തെ കൃതികളില്‍നിന്ന് അനുമാനിക്കാം. നഗരത്തെ പല പ്രധാനഭാഗങ്ങളായി വിഭജിച്ചിരുന്നുവെന്നും വിശാലമായ രാജവീഥികളും മനോഹരങ്ങളായ സൌധങ്ങളും അവയെ ഭംഗിപിടിപ്പിച്ചിരുന്നുവെന്നും കാണാം. മഹോദയപുരത്തു സ്ഥാണുരവിയുടെ കാലത്ത് സ്ഥാപിച്ചിരുന്ന വാനനിരീക്ഷണശാല പ്രഖ്യാതമായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന സൂക്ഷ്മ യന്ത്രങ്ങളെ സംബന്ധിച്ച് ശങ്കരനാരായണീയത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ഘണ്ടാനാദത്താല്‍ കൃത്യമായ സമയം അറിയിക്കാനുള്ള ഏര്‍പ്പാടും അവിടെ ഉണ്ടായിരുന്നു.
വിദേശവാണിജ്യബന്ധങ്ങള്‍. വ്യാപകമായ വാണിജ്യം മുഖേന ചേരരാജ്യത്തിന്റെ സാമ്പത്തികനില വളരെയേറെ അഭിവൃദ്ധിപ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍, കൊല്ലം, വിഴിഞ്ഞം എന്നിവയായിരുന്നു പ്രധാനതുറമുഖങ്ങള്‍. അബ്ബാസിയ്യാ ഭരണകേന്ദ്രമായി പേര്‍ഷ്യന്‍ ഉള്‍ക്കടലിനെയും യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളെയും ബന്ധിപ്പിച്ചുകൊണ്ട് ബാഗ്ദാദ് നഗരം സ്ഥാപിതമായതും ദീര്‍ഘകാലം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയസമാധാനം നിലവില്‍ വന്നതും കാരണം ആ രാജ്യങ്ങളുമായി കേരളത്തിന്റെ വാണിജ്യബന്ധം അഭൂതപൂര്‍വമായി വികസിച്ചു. അറബി സഞ്ചാരികളായ സുലൈമാന്‍, മസ്ഊദി എന്നിവരുടെ വിവരണങ്ങളില്‍നിന്ന് കുരുമുളകും സുഗന്ധദ്രവ്യങ്ങളും വന്‍തോതില്‍ കേരളത്തില്‍നിന്ന് കയറ്റിയയച്ചിരുന്നതായി കാണാം. ചൈനയുമായും ഇക്കാലത്തു കേരളത്തിനു വിപുലമായ വാണിജ്യബന്ധം ഉണ്ടായിരുന്നതായി സുലൈമാന്‍ സൂചിപ്പിക്കുന്നുണ്ട്.
അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍ എന്നീ പ്രസിദ്ധ വ്യാപാരസംഘങ്ങളെ സംബന്ധിച്ചും അന്നത്തെ രേഖകളില്‍ പ്രസ്താവിച്ചുകാണുന്നുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനമണ്ഡലം ഏതായിരുന്നുവെന്നു വ്യക്തമല്ല. അഞ്ചുവണ്ണം ജൂതന്മാരുടെയും മണിഗ്രാമം ക്രിസ്താനികളുടെയും സംഘങ്ങളായിരുന്നു എന്ന് പൊതുവേ പറഞ്ഞു വരുന്നു. വളഞ്ചിയര്‍ ഒരു ജൈനസംഘമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഈ വണിക് സംഘങ്ങള്‍ കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കുവേണ്ടി ചെയ്തിരുന്ന സേവനങ്ങള്‍ അമൂല്യങ്ങളായിരുന്നു. ചേരരാജ്യത്തില്‍ അന്നു നിലവിലിരുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത് ആ സംഘങ്ങളുടെ സാമ്പത്തികവും സൈനികവുമായ സഹകരണം കൂടുതല്‍ തേടുവാന്‍ വേണ്ടി ആയിരിക്കണം ക്രിസ്ത്യന്‍ നേതാവായ മാര്‍സപീര്‍ ഈശോ കൊല്ലത്തു സ്ഥാപിച്ച പള്ളിക്കും (849) ജൂതനേതാവായ ജോസഫ് റബ്ബാനും(1000) വിപുലമായ അധികാരങ്ങളും അവകാശങ്ങളും അനുവദിച്ചുകൊടുത്തത്.
ഭരണസൗകര്യാര്‍ഥം രാജ്യത്തെ പല നാടുകളായി വിഭജിച്ചിരുന്നു. ഓരോ നാടും ഓരോ നാടുവാഴിയുടെ കീഴിലായിരുന്നു. നാടിന്റെ ഘടകങ്ങളായിരുന്നു തറകള്‍. തറകളില്‍ ഉള്‍പ്പെട്ട തറവാടുകളുടെ സംഖ്യയനുസരിച്ച് അവിടത്തെ ജനക്കൂട്ടം മുന്നൂറ്റവര്‍, അഞ്ഞൂറ്റവര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള അനവധി കൂട്ടങ്ങളുടെ സമൂഹമാണ് നാട്. മുന്നൂറ്റിക്കാരും അറുന്നൂറ്റിക്കാരും മറ്റുമായിരുന്നു നാടുവാഴികളുടെ അധികാരത്തെ നിയന്ത്രിച്ചിരുന്നത്. ഉദാഹരണം വേണാട്ടിലെ നാടുവാഴികളുടെ അധികാരം പൂര്‍ണമായി നിയന്ത്രിച്ചിരുന്ന മുന്നൂറ്റവര്‍. കൂട്ടങ്ങള്‍ മൂന്നുതരത്തിലുണ്ട്. തറക്കൂട്ടം, നാട്ടുക്കൂട്ടം, പൊതുക്കൂട്ടം.
നാടുകളെ ദേശങ്ങളായും ദേശങ്ങളെ കരകളായും തിരിച്ചിരുന്നു. ദേശങ്ങളിലെ ഭരണാധികാരികള്‍ ദേശവാഴികള്‍ എന്നറിയപ്പെട്ടു. ദേശങ്ങളിലെ കാരണവരുടെ പ്രാതിനിധ്യസഭയായ കൂട്ടങ്ങളുടെ സഹകരണത്തോടെയായിരുന്നു ദേശവാഴികള്‍ ഭരണം നടത്തിയിരുന്നത്. ജനങ്ങള്‍ ദേശവാഴിക്കും രാജാവിനും പ്രത്യേകം പ്രത്യേകം നികുതി നല്‍കണമായിരുന്നു. ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും സ്വത്തും ഭൂമിയും ദാനം ചെയ്തിരുന്നു. അവയെല്ലാം നികുതിയില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. ഭൂമിയെ ചേരിക്കല്‍ (രാജാവിന്റെ നിയന്ത്രണത്തിലുള്ളത്) ദേവസ്വം, ബ്രഹ്മസ്വം എന്നിങ്ങനെ മൂന്നായി തിരിക്കുകയും നികുതിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പലതരത്തിലുള്ള തൊഴില്‍ക്കരങ്ങള്‍, വില്പനനികുതികള്‍, ചുങ്കങ്ങള്‍ എന്നിവയായിരുന്നു രാജാക്കന്മാരുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. സാധാരണക്കാരുടെ എല്ലാവിധ തൊഴിലുകള്‍ക്കും നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിവേചനാധിഷ്ഠിതമായ നീതിനിര്‍വഹണവും അതിശയിപ്പിക്കുന്ന ശിക്ഷാസമ്പ്രദായവുമായിരുന്നു കുലശേഖരഭരണത്തിന്റെ മറ്റൊരു പ്രത്യേകത. കുറ്റം ചെയ്ത വ്യക്തിയുടെ ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷകള്‍ വിധിച്ചിരുന്നത്. ജാതി ഭ്രഷ്ടായിരുന്നു ബ്രാഹ്മണര്‍ക്കു നല്‍കിയിരുന്ന പരമാവധി ശിക്ഷ. കീഴ്ജാതിയില്‍പ്പെട്ടവര്‍ക്ക് ചെറിയ കുറ്റത്തിനുപോലും വധശിക്ഷ നല്‍കിയിരുന്നു. ജാതിനിയമങ്ങളും ആചാര മര്യാദകളും ലംഘിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കിയിരുന്നു. ജാതിവ്യവസ്ഥ ശക്തിപ്പെട്ടുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ അടിമത്തവും ആവിര്‍ഭവിച്ചിരുന്നുവെന്ന് വേണാട്ടു രാജാവായ അയ്യനടികളുടെ തരിസാപ്പള്ളി ചെപ്പേട് വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യാനികളില്‍ നിന്നും അടിമക്കാശ് (അടിമകളെ കൈവശം സൂക്ഷിക്കുന്നവര്‍ നല്‍കേണ്ട നികുതി) ഈടാക്കേണ്ടതില്ലെന്ന സൂചനയാണ് ഈ ചെപ്പേട് നല്‍കുന്നത്.
വിദ്യാഭ്യാസ രംഗത്തും സാംസ്കാരികരംഗത്തും ഒട്ടേറെ പുരോഗതി ഈ കാലഘട്ടത്തിലുണ്ടായി. വേദം, തര്‍ക്കം, വ്യാകരണം, മീമാംസ, ജ്യോതിശ്ശാസ്ത്രം എന്നിവ പഠിക്കാന്‍ നിരവധി ശാലകള്‍ ഇക്കാലത്ത് സ്ഥാപിക്കപ്പെട്ടു. സവിശേഷമായ കേരളീയ ശൈലിയില്‍ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിര്‍മിച്ചു തുടങ്ങിയതും ഈ കാലഘട്ടത്തില്‍ത്തന്നെ (എ.ഡി. എട്ടാം ശതകത്തോടെ).
ചേര തലസ്ഥാനമായ മഹോദയപുരത്ത് നിലനിന്നിരുന്ന നക്ഷത്രബംഗ്ലാവ് ആ കാലഘട്ടത്തില്‍ ജ്യോതിശ്ശാസ്ത്രരംഗത്തുണ്ടായ വികാസത്തെയാണ് സൂചിപ്പിക്കുന്നത്.
അവര്‍ണസമുദായങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിച്ചിരുന്നെങ്കിലും ഇതര മതവിഭാഗങ്ങളോട് പ്രത്യേകിച്ചും ക്രിസ്ത്യാനികളോടും യഹൂദരോടും സഹിഷ്ണതയോടുകൂടിയായിരുന്നു കുലശേഖര രാജാക്കന്മാര്‍ പെരുമാറിയിരുന്നത്. ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും മുസ്ലിങ്ങള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ രാജാക്കന്മാര്‍ നല്‍കിയിരുന്നു. സ്ഥാണുരവിയുടെ കാലത്ത് കേരളം സന്ദര്‍ശിച്ച മുസ്ലിം സഞ്ചാരിയായ സുലൈമാന്‍ അക്കാലത്തെ കേരളം സമ്പത്സമൃദ്ധമായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം അക്കാലത്തെ വലിയ തുറമുഖമായിരുന്നു എന്നുകൂടി സുലൈമാന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇക്കാലത്ത് മലയാളം ഏറെക്കുറെ ഒരു സ്വതന്ത്രഭാഷയായി ഉരുത്തിരിയാന്‍ തുടങ്ങിയിരുന്നെങ്കിലും സാഹിത്യകൃതികളെല്ലാം തമിഴിലും സംസ്കൃതത്തിലുമാണ് എഴുതിയിരുന്നത്. ഇക്കാലത്ത് എഴുതിയ പ്രധാനപ്പെട്ട രണ്ടു കൃതികള്‍ കുലശേഖര ആഴ്വാറുടെ പെരുമാള്‍ തിരുമൊഴിയും (തമിഴ്) മുകുന്ദമാലയുമാണ് (സംസ്കൃതം). ശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തിനും ഗീതയ്ക്കും ഉപനിഷത്തുക്കള്‍ക്കും ഭാഷ്യങ്ങള്‍ രചിച്ചതും വിവേക ചൂഡാമണി, ഉപദേശ സഹസ്രി, ആത്മബോധം, മഹാമുദ്ഗരം, ശിവാനന്ദലഹരി, സൌന്ദര്യ ലഹരി എന്നീ കൃതികള്‍ രചിച്ചതും ഈ കാലഘട്ടത്തില്‍ത്തന്നെ. ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയാണ് ഇക്കാലത്ത് എഴുതിയ ശ്രദ്ധേയമായ മറ്റൊരു കൃതി. ഭക്തിപ്രസ്ഥാനം ആവിര്‍ഭവിച്ചതും ഈ കാലഘട്ടത്തില്‍ത്തന്നെ. കുലശേഖര ആഴ്വാര്‍ ഉള്‍പ്പെടെയുള്ള ശൈവ-വൈഷ്ണവ ഭക്തന്മാര്‍ വിഷ്ണുവിനെയും ശിവനെയും സ്തുതിച്ചുകൊണ്ട് ഭക്തികാവ്യങ്ങള്‍ രചിക്കുന്നതോടെയാണ് ഭക്തിപ്രസ്ഥാനം സമാരംഭിക്കുന്നത്.
മതവിശ്വാസങ്ങള്‍. സംഘകാലത്തിനു മുമ്പുതന്നെ ബുദ്ധമതവും ജൈനമതവും കേരളത്തില്‍ വിപുലമായി പ്രചരിച്ചുവെന്നതിനു തെളിവുകളുണ്ട്. ചേരചോള പാണ്ഡ്യരാജ്യങ്ങളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ചികിത്സയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അശോകന്‍ തന്റെ ശാസനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബുദ്ധമതസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സംഘകാല കൃതികളില്‍ പരാമര്‍ശങ്ങളുണ്ട്. തൃശൂരിലെ വടക്കുന്നാഥക്ഷേത്രം, കൊടുങ്ങല്ലൂരിലെ ഭഗവതീക്ഷേത്രം, ശബരിമലയിലെ ശാസ്താക്ഷേത്രം തുടങ്ങിയ ഹൈന്ദവക്ഷേത്രങ്ങള്‍ ഒരുകാലത്ത് ബൗദ്ധക്ഷേത്രങ്ങളായിരുന്നുവെന്നു കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധമായ ബുദ്ധമത തീര്‍ഥാടനകേന്ദ്രമായിരുന്നു അമ്പലപ്പുഴയ്ക്കും തൃക്കുന്നപ്പുഴയ്ക്കും ഇടയ്ക്കുണ്ടായിരുന്നതായി കരുതപ്പെടുന്ന ശ്രീമൂലവാസം. ഈ ക്ഷേത്രം കടലാക്രമണത്തില്‍പ്പെട്ടുപോയതായി വിശ്വസിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ പ്രചാരം കേരളത്തില്‍ സാമൂഹികമായ പല നടപടികള്‍ക്കും ബീജാവാപം ചെയ്തിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്. അക്രമരാഹിത്യവും സസ്യഭക്ഷണവും ബുദ്ധമതവിശ്വാസത്തിന്റെ ഫലമായാണ് ഇവിടെ പ്രചരിച്ചത്. ജാതിവ്യത്യാസം പരിഗണിക്കാത്ത ഒരു സമൂഹമാണ് അന്നു നിലവിലിരുന്നത്. അയ്യപ്പഭക്തന്മാരുടെ ശരണംവിളി ബുദ്ധമതത്തിലെ ശരണത്രയത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
വിദ്യാഭ്യാസം, സാഹിത്യം, ചികിത്സാപദ്ധതി തുടങ്ങിയ രംഗങ്ങളില്‍ ബൗദ്ധജൈനമതങ്ങള്‍ കേരളത്തില്‍ വമ്പിച്ച സ്വാധീനത ചെലുത്തിയിരുന്നതായി കാണാം. കേരളത്തിലെ വിദ്യാഭ്യാസ പ്രചാരണത്തില്‍ ബുദ്ധമതം മഹത്തായ പങ്കുവഹിച്ചിരുന്നു. ബുദ്ധവിഹാരങ്ങളോടുചേര്‍ന്നു പാഠശാലകള്‍ ഉണ്ടായിരുന്നു. വിദ്യാലയങ്ങള്‍ക്ക് എഴുത്തുപള്ളി എന്ന പേരുതന്നെ ബുദ്ധമതവുമായി അവയ്ക്കുള്ള ബന്ധം സൂചിപ്പിക്കുന്നു; ബുദ്ധവിഹാരങ്ങള്‍ പള്ളി എന്നാണറിയപ്പെട്ടിരുന്നത്. കേരളത്തിലെ സാഹിത്യാദികലകളുടെ വികാസത്തിലും ബുദ്ധമതത്തിന്റെ സ്വാധീനത പ്രകടമാണ്. ആയുര്‍വേദചികിത്സ കേരളത്തില്‍ നേടിയിട്ടുള്ള വമ്പിച്ച പ്രചാരം ബുദ്ധമതത്തിന്റെ സംഭാവനയാണ്. ബൗദ്ധപണ്ഡിതനായ വാഗ്ഭടന്റെ അഷ്ടാംഗഹൃദയം എന്ന ആയുര്‍വേദഗ്രന്ഥം കേരളത്തില്‍ വമ്പിച്ച പ്രചാരം നേടിയിട്ടുള്ളതു സുവിദിതമാണല്ലോ.
ഒന്നാം ശതകത്തില്‍ത്തന്നെ ക്രിസ്തുമതം കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു എന്നാണ് പരമ്പരയാ വിശ്വസിച്ചുപോരുന്നത്. 52-ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നു മതപ്രചാരണം ചെയ്തുവെന്നാണ് പരക്കെയുള്ള വിശ്വാസം. 68-ല്‍ വന്ന ജൂതന്മാരും കേരളവും പശ്ചിമേഷ്യയുമായി നിലനിന്നിരുന്ന അടുത്ത ബന്ധം കാരണമായിരിക്കണം കേരളത്തില്‍ എത്തിയത്. കാലക്രമത്തില്‍ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും എണ്ണം വര്‍ധിക്കുകയും അവര്‍ കേരളത്തിന്റെ വാണിജ്യ-വ്യവസായമണ്ഡലങ്ങളില്‍ പ്രധാനമായൊരു പങ്കു വഹിക്കുകയും ചെയ്തു. ഇസ്ലാം മതപ്രവാചകന്റെ കാലത്തിനുമുമ്പുതന്നെ അറേബ്യയും കേരളവും തമ്മില്‍ വലിയതോതില്‍ വാണിജ്യബന്ധം നിലവിലിരുന്നുവെന്നതിനുവ്യക്തമായ തെളിവുകളുണ്ട്. തന്നിമിത്തം പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാംമതം കേരളത്തില്‍ പ്രചരിച്ചിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. കേരളത്തിലെ ഇസ്ലാംമത പ്രചാരത്തെപ്പറ്റി കേരളോത്പത്തിയിലെ കഥ അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ചു മക്കത്തേക്കുപോയി എന്നും പോകുന്നതിനുമുമ്പ് രാജ്യം ഭാഗിച്ച് ബന്ധുക്കള്‍ക്കും അനുചരന്മാര്‍ക്കുമായി കൊടുത്തുവെന്നുമാണ്. ഈ ഐതിഹ്യം ശരിയാണെങ്കില്‍ അത് മഹോദയപുരത്തെ പെരുമാളായ രാമകുലശേഖരന്‍ ആയിരുന്നിരിക്കണം. അദ്ദേഹം അപ്രതീക്ഷിതമായി അന്തര്‍ദാനം ചെയ്തതും രാജ്യം പല ചെറിയ രാജ്യങ്ങളായി വിഭജിക്കപ്പെട്ടതും ഈ കഥയെ ബലപ്പെടുത്തുന്നു. എന്നാല്‍ ഈ വിഭജനത്തിന്റെ സ്മരണയ്ക്കായിട്ടാണ് കൊല്ലവര്‍ഷം 825-ല്‍ തുടങ്ങിയതെന്ന പ്രസ്താവം ശരിയാവാനിടയില്ല. 800 മുതല്‍ 1122 വരെ കേരളം രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഒരു സംയുക്തഭരണത്തിന്‍കീഴിലായിരുന്നുവെന്നു മിക്കവാറും വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇസ്ലാംമതത്തിനും ലഭിച്ച സ്വീകരണവും പുരോഗതിയും കാണിക്കുന്നത് കേരളീയരാജാക്കന്മാരും ജനതയും അനുവര്‍ത്തിച്ച മതസഹിഷ്ണുതാനയമാണ്. പതിനാറാം ശതകത്തിന്റെ അന്ത്യത്തില്‍ എഴുതപ്പെട്ട ഷൈഖ് സൈനുദ്ദീന്റെ തുഹ്ഫതുല്‍ മുജാഹിദീനില്‍ ഈ നയം ഇപ്രകാരം വിവരിക്കപ്പെടുന്നു. 'മലബാറില്‍ പല സ്ഥലത്തും മുസ്ലിങ്ങള്‍ പാര്‍പ്പുറപ്പിച്ചിട്ടുണ്ട്. അവിടെയെല്ലാം അവര്‍ പള്ളികളും കെട്ടിടങ്ങളും പണിയിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. അവരെല്ലാം സംതൃപ്തിയോടും സമാധാനത്തോടും കൂടി ജീവിതം നയിക്കുന്നു.'
ബ്രാഹ്മണരുടെ ആഗമനം. ആര്യന്മാര്‍ കേരളത്തില്‍ പ്രവേശിച്ചത് എന്നാണെന്ന കാര്യത്തെപ്പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. എട്ടാം ശതകത്തിന്റെ ആദ്യവര്‍ഷങ്ങളിലാണ് അവര്‍ കേരളത്തില്‍ പ്രവേശിച്ചതെന്നും തുളുനാട്ടില്‍നിന്ന് കടല്‍ത്തീരം വഴിയാണുവന്നതെന്നുമാണ് ലോഗന്റെ അഭിപ്രായം. കദംബരാജാവായ മയൂരവര്‍മ (345-360) ബ്രാഹ്മണസംഘങ്ങളെ തുളുനാട്ടിലും കേരളത്തിലും കുടിയിരുത്തിയതായി പറയപ്പെടുന്നു. ചാലൂക്യാധിപത്യകാലത്ത് ആര്യബ്രാഹ്മണര്‍ കൂട്ടംകൂട്ടമായി തെക്കേ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത കൂട്ടത്തില്‍ ഒരുകൂട്ടം കേരളത്തിലും വന്നിരിക്കാനിടയുണ്ട്. ഈ പ്രവേശനം അഞ്ചാം ശതകത്തിന്റെ അവസാനത്തിലോ ആറാം ശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കാനാണു സാധ്യത. കൃഷിക്കുപയുക്തമായ ഇരുമ്പുപകരണങ്ങള്‍ നിര്‍മിക്കാനുള്ള വൈദഗ്ധ്യവും കാലഗണനയ്ക്കുള്ള ജ്യോതിശ്ശാസ്ത്രവിവരവും കൈമുതലായുണ്ടായിരുന്ന ആര്യന്മാര്‍ വളരെവേഗം സമൂഹത്തില്‍ സ്വാധീനത ചെലുത്തി. യാഗം നടത്തി അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാമെന്ന ബ്രാഹ്മണരുടെ പ്രലോഭനം രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവരുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ബ്രാഹ്മണ മതം ജാതിരഹിതമായിരുന്ന കേരളസമൂഹത്തില്‍ ജാതിവ്യവസ്ഥയുടെ പല തട്ടുകളും കെട്ടിപ്പടുക്കുകയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഏര്‍പ്പെടുത്തുകയും സാധാരണജനങ്ങളെ ഹീനജാതിക്കാരായി തരംതാഴ്ത്തുകയും ചെയ്തു.
ഭക്തിപ്രസ്ഥാനം. ഇക്കാലത്ത് തെക്കേ ഇന്ത്യയില്‍ ഉടലെടുത്ത ഭക്തിപ്രസ്ഥാനം ബൗദ്ധ-ജൈനമതങ്ങളുടെ അധഃപതനത്തിനു വഴിതെളിച്ചു. ബുദ്ധവിഹാരങ്ങളെയും ജൈനക്ഷേത്രങ്ങളെയും ഹൈന്ദവക്ഷേത്രങ്ങളായി മാറ്റുകയും ബൗദ്ധക്ഷേത്രകലകളെയും ഉത്സവങ്ങളെയും സ്വന്തമാക്കി, ബുദ്ധജൈനമതങ്ങളെ ആര്യന്മാര്‍ നാട്ടില്‍നിന്നു തൂത്തുമാറ്റുകയും ചെയ്തു. ഭക്തിപ്രസ്ഥാനത്തിനു ഗതിവേഗം കൂട്ടിയ ശങ്കരാചാര്യര്‍ (788-820) അദ്വൈതസിദ്ധാന്തം വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചു. വൈഷ്ണവരായ ആഴ്വാര്‍മാരും ശൈവരായ നായനാര്‍മാരും ഭക്തിപ്രസ്ഥാനത്തിന്റെ വികാസത്തിനു കാര്യമായ സംഭാവന ചെയ്തവരാണ്. ഇവരില്‍ പ്രസിദ്ധരായ പലരും കേരളീയരായിരുന്നു. കുലശേഖര ആഴ്വാരുടെ കൃതികളായ പെരുമാള്‍ തിരുമൊഴിയും മുകുന്ദമാലയും സുപ്രസിദ്ധങ്ങളാണ്. ചേരമാന്‍പെരുമാളെപ്പറ്റി ചേക്കിഴാറുടെ പെരിയപുരാണത്തില്‍ വിവരിക്കുന്നുണ്ട്.
ഹിന്ദുമതത്തിന്റെ വികാസത്തില്‍ ഒരു പ്രധാനഘടകമായിരുന്നു ക്ഷേത്രങ്ങളുടെയും അവയോടനുബന്ധിച്ചുള്ള ഉത്സവങ്ങളുടെയും വളര്‍ച്ച. കണ്ടിയൂര്‍ ക്ഷേത്രം 823-ലാണു സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. തിരുവഞ്ചിക്കുളം ശിവക്ഷേത്രവും തിരുവനന്തപുരം, തിരുവന്‍വണ്ടൂര്‍, ആറന്മുള, തിരുവല്ല, തൃക്കാക്കര മുതലായ വൈഷ്ണവക്ഷേത്രങ്ങളും രൂപംകൊണ്ടതും ക്ഷേത്രനിര്‍മാണവും ക്ഷേത്രകലകളും അഭിവൃദ്ധിപ്പെട്ടതും ഈ കാലഘട്ടത്തിലായിരുന്നു.
(ഡോ.എ.പി.ഇബ്രാഹിംകുഞ്ഞ്; സ.പ.)
മധ്യകാലഘട്ടം (1122-1800)
ഫ്യൂഡല്‍ കാലഘട്ടം
രണ്ടാം ചേരരാജ്യത്തിന്റെ പതനം കേരളത്തില്‍ ഒരു ഏകീകൃത ഭരണവ്യവസ്ഥിതിയുടെ അവസാനം കുറിച്ചു. ചേരരാജ്യവിഭാഗങ്ങളില്‍ നാടുവാണിരുന്നതായി ശാസനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വേണാട്, ഏറാള്‍നാട്, വള്ളുവനാട്, വെമ്പൊലിനാട്, നെടുംപുറയൂര്‍നാട്, നന്റുഴൈനാട് തുടങ്ങിയ പ്രദേശങ്ങളിലെ നാടുവാഴികള്‍ സ്വതന്ത്രഭരണം സ്ഥാപിച്ചു. ഇവര്‍ക്കുപുറമേ അസംഖ്യം ചെറുകിടരാജാക്കന്മാരും ദേശവാഴികളും ഉള്‍പ്പെട്ട ഒരു രാജ്യഭരണവ്യവസ്ഥിതിയായിരുന്നു കേരളത്തില്‍ നിലവില്‍ വന്നത്. രാഷ്ട്രീയമായ തകര്‍ച്ചയുടെയും സാംസ്കാരികമായ തളര്‍ച്ചയുടേയുമായ ഈ കാലഘട്ടത്തെ കേരളചരിത്രത്തിലെ ഫ്യൂഡല്‍ കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത് അസംഗതമായിരിക്കയില്ല. കേരളത്തില്‍ ജന്മിസമ്പ്രദായം ആവിര്‍ഭവിച്ചതും വ്യവസ്ഥാപിത മതാനുഷ്ഠാനക്രമത്തിന്റെ അഭാവത്തിലും ഒരു പുരോഹിതവര്‍ഗം ഉദയംകൊണ്ടതും ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഹൈന്ദവസമൂഹം ശക്തിപ്പെട്ടതും ഇക്കാലത്തായിരുന്നു. മതകാര്യങ്ങളിലും സമുദായത്തിലും ബ്രാഹ്മണര്‍ നായര്‍യോദ്ധാക്കളുടെയും രാജാക്കന്മാരുടെയും സഹായത്തോടുകൂടി കൈക്കലാക്കിയ സ്വാധീനത, സമുദായത്തെ പരസ്പരം ബന്ധമില്ലാത്ത പല തട്ടുകളായി വിഭജിക്കുകയും ആദിമ-ഗോത്രജനവിഭാഗങ്ങളെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അധഃസ്ഥിതരുമായി കല്പിക്കുകയും ചെയ്തു. സാംസ്കാരികമായി വളരെ അധഃപതിച്ച ഒരു കാലഘട്ടമായിരുന്നു ഇത്. സാഹിത്യത്തിലും കലകളിലും ഉണ്ടായ വളര്‍ച്ചയോടൊപ്പം സാംസ്കാരികമായ അധഃപതനത്തിന് ഈ കാലം കളമൊരുക്കുകയും ചെയ്തു. അങ്ങനെ രാഷ്ട്രീയമായും സാംസ്കാരികമായും ജീര്‍ണതയേറിയ ഫ്യൂഡല്‍വ്യവസ്ഥിതിയാണ് മധ്യകാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്നത്.
അനാഥമായ രാഷ്ട്രീയരംഗം
ചരിത്രരേഖകളുടെ ദൗര്‍ലഭ്യംമൂലം രണ്ടാം ചേരരാജ്യത്തിന്റെ പതനത്തിനുശേഷമുള്ള (12 മുതല്‍ 15 വരെ) നൂറ്റാണ്ടുകളിലെ രാഷ്ട്രീയ സ്ഥിതിഗതികളുടെ ചിത്രം ഇനിയും വ്യക്തമല്ല. ഇക്കാലത്തെ രാഷ്ട്രീയസ്ഥിതി വിശദമാക്കുന്നതിന് ഇതുവരെ ലഭിച്ചിട്ടുള്ള ശാസനങ്ങളും സാഹിത്യഗ്രന്ഥങ്ങളും അവയിലുള്ള പരാമര്‍ശങ്ങളും കൊണ്ടുമാത്രം സാധ്യമല്ലാത്ത സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പതിനാറാം നൂറ്റാണ്ടു മുതല്ക്കാണ് കേരളത്തിലെ രാഷ്ട്രീയ ചരിത്രം വ്യക്തമാകാന്‍ തുടങ്ങുന്നത്. ചേരരാജ്യത്തിന്റെ പതനത്തിനുശേഷം ഉരുത്തിരിഞ്ഞ നാട്ടുരാജ്യങ്ങളില്‍ പ്രധാനമായവ കോലത്തുനാടും നെടിയിരിപ്പും വേണാടുമായിരുന്നു. ഇവയ്ക്കു പുറമേ പല ചെറിയ രാജ്യങ്ങളും പ്രാമുഖ്യം കൈക്കലാക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും ഒരു പ്രമുഖ രാജാവിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന ദേശവാഴികളുമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ താമസിച്ചിരുന്ന ദുവാര്‍ത്തെ ബാര്‍ബോസയുടെ അഭിപ്രായത്തില്‍ മൂന്നു രാജാക്കന്മാര്‍ മാത്രമാണ് മലബാറില്‍ ഉണ്ടായിരുന്നത്. മലയക്കോനാതിരി എന്നറിയപ്പെടുന്ന സാമൂതിരി, വേണാട്ടടി എന്നറിയപ്പെടുന്ന കൊല്ലംരാജാവ്, കോലത്തിരി എന്നറിയപ്പെടുന്ന കണ്ണൂരിലെ രാജാവ്. ഇതിനുപുറമേ രാജസ്ഥാനം കാംക്ഷിച്ചിരുന്ന പല പ്രമാണിമാരും രാജ്യത്തുണ്ടായിരുന്നുവെങ്കിലും ബാര്‍ബോസയുടെ അഭിപ്രായത്തില്‍ നാണയം അടിച്ചിറക്കുകയോ തങ്ങളുടെ വാസഗൃഹങ്ങള്‍ ഓടുമേയുകയോ ചെയ്യാത്തതുകാരണം അവര്‍ രാജസ്ഥാനത്തിന് അര്‍ഹരായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എഴുതപ്പെട്ട തുഹ്ഫതുല്‍ മുജാഹിദിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഷൈഖ് സൈനുദ്ദീന്റെ അഭിപ്രായത്തില്‍, 'ഒരു ഫര്‍സഖി(5 നാഴിക)ല്‍ കൂടുതല്‍ വലുപ്പമില്ലാത്ത നാടുകളിലെ പ്രമാണികളും അവരിലുണ്ട്; എന്നാല്‍ മറ്റു പലരും കൂടുതല്‍ വിസ്തൃതമായ നാടുകളുടെ മേല്‍ ആധിപത്യം വഹിക്കുന്നു... അവരില്‍ ഏറ്റവും കൂടുതല്‍ പടയാളികള്‍ ഉള്ളത് കൊല്ലത്തിന്റെയും(കന്യാ)കുമാരിയുടെയും അധിപനായ തിര്‍വരി(തിരുവടി = വേണാട്ടു രാജാവ്)ക്കാണ്. ഈ രണ്ടു പട്ടണങ്ങളുടെയും കിഴക്കുഭാഗത്തായി വിസ്തൃതമായ ഒരു ഭൂവിഭാഗം ഇദ്ദേഹത്തിന്റെ അധീനതയിലുണ്ട്. അടുത്തത് കോലത്തിരിയാണ്... എന്നാല്‍ അവരെക്കാള്‍ എറ്റവും ശക്തനും പ്രശസ്തനും സാമൂതിരിയാണ്.'
നാടുവാഴികളില്‍ പ്രധാനികള്‍ നീലേശ്വരം, കണ്ണൂര്‍, വള്ളുവനാട്, കൊടുങ്ങല്ലൂര്‍, കൊച്ചി, ഇടപ്പള്ളി, വടക്കുംകൂര്‍, തെക്കുംകൂര്‍, പുറക്കാട്, കായംകുളം എന്നീ നാടുകളുടെ അധിപന്മാരായിരുന്നു. എന്നാല്‍ രാജ്യത്ത് വ്യക്തമായ ആധിപത്യം കൈയാളിയിരുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരന്നുകിടന്നിരുന്ന നിരവധിദേശങ്ങളിലെ അധിപന്മാരായ ദേശവാഴികളായിരുന്നു. ഏതെങ്കിലും രാജാവിന്റെ നാമമാത്രമായ മേല്ക്കോയ്മ സ്വീകരിച്ചിരുന്നുവെങ്കിലും അവര്‍ സര്‍വതന്ത്രസ്വതന്ത്രരായിരുന്നു. കീഴ്നടപ്പനുസരിച്ച് രാജാക്കന്മാരുടെ അനിയന്ത്രിതമായ അധികാരം അംഗീകരിക്കപ്പെട്ടിരുന്നില്ല; ദേശവാഴികളോ നാടുവാഴികളോ കൂറില്ലാതെ പ്രവര്‍ത്തിച്ചാല്‍പ്പോലും അവരെ നാട്ടില്‍നിന്നു പുറന്തള്ളാനോ അവരുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കാനോ കഴിയുമായിരുന്നില്ല.
വേണാട്
രണ്ടാം ചേര സാമ്രാജ്യത്തിന്റെ പതനത്തിന് വഴിതെളിച്ച ചേര-ചോള യുദ്ധങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടം അനുഭവിക്കേണ്ടിവന്നതു സാമന്തരാജ്യമായ വേണാട്ടിനായിരുന്നു. കുലശേഖരഭരണത്തിന്റെ തകര്‍ച്ചയോടെ വേണാട് പ്രത്യേക നാടായി വികസിച്ചു. ശക്തിവര്‍ധിച്ചതോടെ വേണാട് സ്വരൂപം തൃപ്പാപ്പൂര്‍, ചിറവ, ദേശിങ്ങനാട് എന്നിങ്ങനെ മൂന്നുശാഖകളായി ത്തീര്‍ന്നു. എങ്കിലും വേണാടിന്റെ ആദ്യകാല ചരിത്രവും ഭരണാധികാരികളും അജ്ഞാതമാണ്. 12-ാം ശതകത്തില്‍ വീരകേരളവര്‍മയുടെ ഭരണകാലത്ത് വേണാട് ശക്തിപ്പെട്ടു. 13-ാം ശതകത്തില്‍ പാണ്ഡ്യര്‍ തുടര്‍ച്ചയായി വേണാട്ടിനെ ആക്രമിച്ചു. തിരുനെല്‍വേലിയിലെ ചില ലിഖിതങ്ങള്‍ ജാതവര്‍മസുന്ദരന്‍ പാണ്ഡ്യര്‍ 13-ാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ വേണാട് സ്വരൂപത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നു. ജാതവര്‍മന്റെ പിന്‍ഗാമിയായ മാരവര്‍മന്റെ കാലത്തും ഈ ആധിപത്യം തുടര്‍ന്നു. ജയസിംഹനായിരുന്നു, മാരവര്‍മന്‍ വേണാട് ആക്രമിക്കുമ്പോള്‍ ഭരണാധികാരി. ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് കൊല്ലത്തിന് ദേശിങ്ങനാട് എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. ജയസിംഹന്റെ മരണത്തെത്തുടര്‍ന്ന് സ്വരൂപങ്ങളില്‍ അധികാരവടംവലിയുണ്ടായി. ഒടുവില്‍ രവിവര്‍മ വേണാടിന്റെ ഭരണാധികാരിയായി. 1299 മുതല്‍ 1314 വരെ വേണാട് ഭരിച്ച രവിവര്‍മ കുലശേഖരനായിരുന്നു മധ്യകാല വേണാടിന്റെ ശക്തനായ ഭരണാധികാരി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ വേണാട് വിദേശവാണിജ്യത്തില്‍ മുന്നിലെത്തി. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
നെടിയിരുപ്പ്
രണ്ടാമത്തെ പ്രധാന രാജ്യം കോഴിക്കോടുസാമൂതിരി ഭരിച്ചിരുന്ന നെടിയിരുപ്പ് ആയിരുന്നു. 11-ാം ശതകത്തോടെയാണ് നെടിയിരുപ്പ് പ്രശസ്തിയിലേക്ക് ഉയരുന്നത്. സാമൂതിരിമാരുടെ ഉദ്ഭവസ്ഥാനമായ ഏറനാട് (ഏറാള്‍നാട്) സമുദ്രതീരവുമായി ബന്ധമില്ലാത്ത നാടായിരുന്നു. അതിനാല്‍ കോഴിക്കോടിനു ചുറ്റുമുള്ള പൊര്‍ളാതിരിമാരുടെ പോലനാട് ആയിരുന്നു സാമൂതിരിമാരുടെ ആക്രമണത്തിന് ആദ്യമായി ഇരയായത്. പോലനാട് സ്വാധീനമാക്കിയ സാമൂതിരി തന്റെ തലസ്ഥാനം കോഴിക്കോട്ടേക്കു മാറ്റി. കോഴിക്കോടുരാജ്യത്തെപ്പറ്റിയുള്ള ആദ്യത്തെ പരാമര്‍ശം മാര്‍ക്കോപോളോ(1292-94) യുടേതാണ്. കേരളത്തില്‍ വ്യാപകമായി സഞ്ചാരം നടത്തിയ ഇബ്നുബത്തൂത്ത(1342-45) കോഴിക്കോട് നഗരത്തെ 'മലബാറിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നും ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നും' എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. 1442-ല്‍ കോഴിക്കോടു സന്ദര്‍ശിച്ച അബ്ദുള്‍ റസാക്കിന്റെ അഭിപ്രായത്തില്‍ 'കോഴിക്കോട് ഏറ്റവും ഭദ്രമായ തുറമുഖമാണ്, ഓര്‍മസ് പോലെ ഈ തുറമുഖത്തും എല്ലാ നഗരങ്ങളില്‍ നിന്നും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കച്ചവടക്കാര്‍ എത്തുന്നു. വാണിജ്യപരമായി കോഴിക്കോടിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കു കാരണമായത് അവിടെയുണ്ടായിരുന്ന തുറമുഖസൗകര്യങ്ങളായിരുന്നില്ല; അവിടെ വന്‍തോതില്‍ സുഗന്ധദ്രവ്യങ്ങള്‍ ലഭ്യമായിരുന്നതും വ്യാപാരികളോടുള്ള അവിടത്തെ രാജാവായ സാമൂതിരിയുടെ നീതിപൂര്‍വവും അനുഭാവപൂര്‍ണവുമായ പെരുമാറ്റവുമായിരുന്നു.
ചൈനയും അറേബ്യയുമായി നടത്തിയിരുന്ന വ്യാപാരം കോഴിക്കോടിന്റെ സാമ്പത്തികാഭിവൃദ്ധിക്കു വഴിതെളിച്ചു. ഈ സാമ്പത്തികവളര്‍ച്ച ചുറ്റുമുള്ള രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കാന്‍ സാമൂതിരിയെ പ്രേരിപ്പിച്ചു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ ആക്രമണോദ്യമങ്ങളില്‍ ആളും അര്‍ഥവും നല്കി സഹായിക്കുന്നതിനു മുസ്ലിം വ്യാപാരികള്‍ ഒരുക്കമായിരുന്നു. ഒരു നീണ്ട യുദ്ധത്തിനുശേഷം സാമൂതിരി വള്ളുവനാടു കീഴടക്കി. ഈ യുദ്ധത്തില്‍ സാമൂതിരിയുടെ വലംകൈയായി പ്രവര്‍ത്തിച്ചത് മുസ്ലിം വ്യാപാരികളുടെ നേതാവായിരുന്ന കോഴിക്കോടു കോയയായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയടക്കുവാന്‍ സാമൂതിരിക്കു കഴിഞ്ഞു. അതിനെത്തുടര്‍ന്ന് നെടുങ്ങനാടും തലപ്പള്ളിയും കീഴടക്കപ്പെട്ടു. സാമൂതിരി തൃക്കണ്ണാമതിലകം പിടിച്ചതോടുകൂടി (1400) തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്കു തലസ്ഥാനം മാറ്റുവാന്‍ കൊച്ചിരാജാവ് നിര്‍ബന്ധിതനായി.
കൊച്ചിരാജ്യം കീഴടക്കുവാനായിരുന്നു സാമൂതിരിയുടെ പിന്നത്തെ ശ്രമം. കൊച്ചിയില്‍ ഇളയതായ്വഴിയും മൂത്തതായ്വഴിയും തമ്മിലുള്ള തര്‍ക്കം ഈ ശ്രമത്തിന് ആക്കം കൂട്ടി. മൂത്തതായ്വഴിയിലെ ഒരുരാജകുമാരനെ കൊച്ചിയിലെതന്നെ പ്രഭുക്കന്മാരുടെ സഹായത്തോടുകൂടി അധികാരത്തില്‍ വാഴിക്കാന്‍ സാമൂതിരിക്കു കഴിഞ്ഞു. ഇതിനിടയില്‍ സാമൂതിരിയും കോലത്തിരിയുമായി ഉണ്ടായിരുന്ന ബന്ധത്തിനും ഉലച്ചില്‍ തട്ടി. കേരളോത്പത്തി അനുസരിച്ച് സാമൂതിരിക്കോവിലകത്തെ ഒരു തമ്പുരാട്ടിയും കോലത്തിരി കുടുംബത്തിലെ ഒരു തമ്പുരാനും കൂടി ഒളിച്ചോടിയത് രണ്ടു കുടുംബങ്ങളെയും ഒരു യുദ്ധത്തിന്റെ വക്കത്തുകൊണ്ടെത്തിച്ചു. തമ്പുരാട്ടിയുടെ തായ് വഴിക്കു നീലേശ്വരത്ത് പ്രത്യേക ഭൂസ്വത്ത് നല്കുകയും കടത്തനാട് സാമൂതിരിക്കു വിട്ടുകൊടുക്കുകയും ചെയ്താണ് ആ യുദ്ധപരിതഃസ്ഥിതി ഒഴിവാക്കിയത്.
കോലത്തുനാട്
കോലത്തിരിമാരുടെ ഉദ്ഭവം ഏഴിമല കേന്ദ്രമാക്കി ചിറയ്ക്കല്‍-കാസര്‍കോടു പ്രദേശങ്ങള്‍ ഭരിച്ചിരുന്ന മൂഷകവംശത്തില്‍ നിന്നായിരുന്നു. രണ്ടാം ചേരരാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്തിരുന്ന മൂഷകവംശം ചേരരാജ്യത്തിന്റെ പതനത്തോടുകൂടി തലശ്ശേരി-വയനാടു പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. ഏഴിമലരാജ്യത്തെപ്പറ്റിയുള്ള ആദ്യത്തെ പ്രസ്താവം കാണുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട അതുലന്റെ മൂഷകവംശകാവ്യത്തിലാണ്. വിക്രമരാമന്‍, ജയമാനി, വലഭന്‍, ശ്രീകണ്ഠന്‍ എന്നീ രാജാക്കന്മാരെപ്പറ്റി ഈ കൃതിയില്‍ നിന്നും മനസ്സിലാക്കാം. ഇവരില്‍ വിക്രമരാമന്‍ എന്ന രാജാവ് ശ്രീമൂലവാസം ബുദ്ധവിഹാരത്തെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിച്ചതായി പറയുന്നു. 14-ാം ശതകത്തോടെ ഈ രാജ്യം കോലത്തുനാടെന്നും ഭരണാധികാരി കോലത്തിരി എന്നും അറിയപ്പെട്ടുതുടങ്ങി. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ ഇങ്ങനെ എഴുതി: '(കന്യാ)കുമാരിയില്‍ നിന്ന് ഏകദേശം 300 മൈല്‍(വടക്കു) പടിഞ്ഞാറുമാറിയാണ് ഏഴി രാജ്യം. അവിടത്തെ ആളുകള്‍ വിഗ്രഹാരാധനക്കാരാണ്; അവരുടെ രാജാവ് ആര്‍ക്കും കപ്പം കൊടുക്കുന്നില്ല'. പതിനാലാം നൂറ്റാണ്ടിലാണ് മൂഷകരാജ്യം കോലത്തുനാടെന്നറിയപ്പെടാന്‍ തുടങ്ങിയത്. കൃഷ്ണഗാഥയുടെ കര്‍ത്താവായ ചെറുശ്ശേരി ഉദയവര്‍മന്‍ കോലത്തിരിയുടെ കൊട്ടാരം കവിയായിരുന്നു. ഉദയവര്‍മചരിതമെഴുതിയ രവിവര്‍മന്‍ കോലത്തുനാട്ടിലെ പ്രസിദ്ധനായ ഒരു രാജാവായിരുന്നു. വടക്ക് നേത്രാവതി മുതല്‍ കോരപ്പുഴ വരെയുള്ള പ്രദേശമായിരുന്നു കോലത്തുനാട്.
പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പുതന്നെ കോലത്തിരി സാമൂതിരിയുടെ സാമന്തപദവിയിലേക്ക് അമര്‍ന്നുകഴിഞ്ഞിരുന്നു. സാമൂതിരിയുമായി തെറ്റിപ്പിരിഞ്ഞ വാസ്കോ ദ ഗാമയെ സ്വാഗതം ചെയ്യാന്‍ കോലത്തിരി തുനിഞ്ഞതുതന്നെ സാമൂതിരിമാരുടെ സാമന്തപദവിയില്‍ നിന്നും പോര്‍ച്ചുഗീസ് സഹായത്തോടെ രക്ഷപ്പെടാമെന്ന പ്രതീക്ഷകൊണ്ട് ആയിരിക്കണം.
പെരുമ്പടപ്പ്
കൊച്ചി രാജകുടുംബമായ പെരുമ്പടപ്പുസ്വരൂപം പ്രാധാന്യത്തിലേക്കുയര്‍ന്നത് പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനുശേഷമാണ് അവരുടെ ഉദ്ഭവസ്ഥാനം പൊന്നാനിത്താലൂക്കിലെ വന്നേരി ഗ്രാമത്തിലുള്ള ചിത്രകൂടമായിരുന്നു. അവിടെ നിന്നും രാജകുടുംബം തിരുവഞ്ചിക്കുളത്തേക്കും പിന്നീട് കൊച്ചിയിലേക്കും മാറിത്താമസിക്കുകയുണ്ടായി. 1341-ല്‍ പെരിയാറ്റിലുണ്ടായ അഭൂതപൂര്‍വമായ ഒരു വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കൊച്ചി അഴിതുറക്കുകയും കൊടുങ്ങല്ലൂരഴി മണല്‍ അടിഞ്ഞു ഉപയോഗ ശൂന്യമാവുകയും ചെയ്തു. അങ്ങനെയാണ് കൊച്ചി തുറമുഖം രൂപംകൊണ്ടത്. കൊച്ചിരാജ്യചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് 1225-ല്‍ മാകോതൈപട്ടണത്തിലെ ഇരവികോര്‍ത്തന് കൊച്ചിരാജാവായ വീരരാഘവ ചക്രവര്‍ത്തി ഒരു ചെമ്പുപട്ടയം നല്കിയത്. ശുകസന്ദേശം, ഉണ്ണിയാടിചരിതം, ശിവവിലാസം തുടങ്ങിയ സാഹിത്യകൃതികള്‍ പെരുമ്പടപ്പുസ്വരൂപത്തിന്റെ ആസ്ഥാനം മഹോദയപുരത്തു തുടരുന്നതായി പരാമര്‍ശിക്കുന്നുണ്ട്.കോലത്തുനാട്ടിലെന്നപോലെ കൊച്ചിയിലും പോര്‍ച്ചുഗീസുകാര്‍ക്കു ഹൃദ്യമായ സ്വീകരണമാണു ലഭിച്ചത്. പോര്‍ച്ചുഗീസുസഹായത്തോടെ സാമൂതിരിയുടെ സ്വാധീനശക്തി കുറയ്ക്കുകയായിരുന്നു രണ്ടുരാജാക്കന്മാരുടെയും ഉന്നം.
ചെറുനാടുവാഴികള്‍
വേണാട്, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നീ രാജ്യങ്ങള്‍ക്കു പുറമേ രണ്ടാം ചേരസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം പല ചെറുകിടരാജ്യങ്ങളും ഉടലെടുത്തു. പരമാധികാരമുള്ള ഒരു രാജാവിന്റെ ആധിപത്യം അംഗീകരിച്ചിരുന്നുവെങ്കിലും, അവ പലപ്പോഴും സ്വതന്ത്രാധികാരമുള്ള രാജ്യങ്ങളെപ്പോലെ പെരുമാറുകയോ അവയുടെ പരമാധികാരികള്‍ക്കെതിരായി എതിരാളികളുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നു. ഇത്തരം ചെറുകിടരാജ്യങ്ങള്‍ക്ക് ഉത്തമോദാഹരണം കൊച്ചിയിലെ നാടുവാഴികള്‍ തന്നെയായിരുന്നു. ഈ പ്രഭുക്കന്മാര്‍ കൊച്ചിരാജാവിനെതിരായി പലപ്പോഴും സാമൂതിരിയെ സഹായിച്ചിരുന്നു. രാജാക്കന്മാരുടെ ശക്തി ഈ പ്രഭുക്കന്മാര്‍ നല്കുന്ന സൈനികസേവനത്തില്‍ അധിഷ്ഠിതമായിരുന്നതുകൊണ്ട് അവര്‍ക്കെതിരായി ശക്തമായ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കേരളത്തിന്റെ വടക്കേ അതിര്‍ത്തിയിലുണ്ടായിരുന്ന ചെറുകിടരാജ്യം നീലേശ്വരമായിരുന്നു. പാരമ്പര്യവിശ്വാസമനുസരിച്ച,് തായ് വഴി ഉടലെടുത്തത് കോലത്തുനാട്ടിലെ ഒരു തമ്പുരാന്റെയും സാമൂതിരിക്കോവിലകത്തെ ഒരു തമ്പുരാട്ടിയുടെയും വിവാഹത്തിന്റെ ഫലമായിട്ടായിരുന്നു. നീലേശ്വരം കാനറയുമായി തൊട്ടുകിടന്നിരുന്നതുകൊണ്ട്, ആ രാജ്യത്തില്‍നിന്നു തുടര്‍ച്ചയായ ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കണ്ണൂരിലെ ആലിരാജാവായിരുന്നു അടുത്ത ചെറുകിടരാജാവ്. കേരളത്തിലെ ഏക മുസ്ലിം ഭരണാധികാരിയായിരുന്ന ആലി രാജാവ് മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നുവന്നിരുന്നു. ഇസ്ലാംമതം സ്വീകരിച്ച ചേരമാന്‍പെരുമാളിന്റെ വംശജരാണെന്ന് അവകാശപ്പെടുന്നുവെങ്കിലും പന്ത്രണ്ടാംനൂറ്റാണ്ടിലാണ് ഈ കുടുംബം രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചത്. ഇക്കാലത്താണ് ലക്ഷദ്വീപുസമൂഹം ഈ കുടുംബത്തിന്റെ കൈവശം വന്നുചേര്‍ന്നതെന്നു വിശ്വസിക്കപ്പെടുന്നു. ആലി രാജാക്കന്മാര്‍ പശ്ചിമേഷ്യയുമായി നടത്തിയിരുന്ന വ്യാപാരം വമ്പിച്ച സാമ്പത്തിക പുരോഗതി കൈവരുത്തിയിരുന്നു.
വെട്ടത്തുനാട് (താനൂര്‍സ്വരൂപം) സാമൂതിരിയുടെ പരമാധികാരത്തിന്‍ കീഴിലുണ്ടായിരുന്ന മറ്റൊരു ചെറുകിട രാജ്യമായിരുന്നു. ക്ഷത്രിയവംശജരായ വെട്ടം രാജാക്കന്മാര്‍ സാഹിത്യാദികലകളെ പ്രോത്സാഹിപ്പിച്ചിരുന്നു; ഒരു വെട്ടംരാജാവ് കഥകളിയില്‍ സുപ്രധാനങ്ങളായ ചില പരിഷ്കാരങ്ങള്‍ വരുത്തിയതിനാല്‍ ആ സമ്പ്രദായത്തിനെ 'വെട്ടത്തുസമ്പ്രദായം' എന്നു പറഞ്ഞുവരുന്നു. ഈ സ്വരൂപത്തില്‍നിന്നും കൊച്ചിരാജകുടുംബത്തിലേക്കു ദത്തെടുക്കുക പതിവായിരുന്നു. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ ഈ ദത്തെടുക്കല്‍ കാരണമായി സാമൂതിരിയുമായി പല കലഹങ്ങളുണ്ടായി. സാമൂതിരിയുടെ ആക്രമണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവന്ന മറ്റൊരു ചെറുകിട രാജ്യം വള്ളുവനാടായിരുന്നു. മാമാങ്കത്തിലെ രക്ഷാപുരുഷസ്ഥാനം കൈക്കലാക്കുവാന്‍ വേണ്ടി സാമൂതിരി വള്ളുവക്കോനാതിരിയുമായി തുടര്‍ച്ചയായ യുദ്ധം നടത്തി മാമാങ്കം പിടിച്ചെടുത്തു. തുടര്‍ന്ന് തന്റെ നഷ്ടപ്പെട്ട പദവി വീണ്ടെടുക്കാന്‍ എല്ലാ മാമാങ്കത്തിലേക്കും വള്ളുവനാടു രാജാവ് ചാവേര്‍പ്പടയാളികളെ അയയ്ക്കാറുണ്ടായിരുന്നു. അത്തരം ഒരു ചാവേര്‍പ്പടയെപ്പറ്റി 1597-ല്‍ ഒരു ജസ്യൂട്ട് പുരോഹിതന്‍ അയച്ച ഒരു കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പാലക്കാട് ഭരിച്ചിരുന്ന രാജവംശം തരൂര്‍സ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. അവര്‍ക്ക് പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ പ്രദേശങ്ങളുടെ മേല്‍ ആധിപത്യം ഉണ്ടായിരുന്നു. ചിറ്റൂരിലെ കൊങ്ങന്‍പടയും പാലക്കാട്ടുരാജവംശവുമായി ബന്ധമുണ്ട്. ഒരു കൊങ്ങുസൈന്യം തമിഴ്നാട്ടില്‍ നിന്നും വന്ന് ചിറ്റൂര്‍ ആക്രമിച്ചുവെന്നും കൊച്ചി രാജാവിന്റെ സഹായത്തോടുകൂടി പാലക്കാടുരാജാവ് ആ ആക്രമണം ചെറുത്ത് അവരെ തുരത്തിയെന്നുമാണ് ഐതിഹ്യം. ഈ സഹായത്തിനു പ്രത്യുപകാരമായി ചിറ്റൂര്‍ താലൂക്കിലെ നാലുദേശവും കൊടകരനാടും കൊച്ചിക്കു വിട്ടുകൊടുത്തു. സാമൂതിരി വള്ളുവനാടു പിടിച്ചതിനുശേഷം പാലക്കാടും ആക്രമിച്ചു; നടുവട്ടം പിടിച്ചെടുത്ത് പാലക്കാടിനെ രണ്ടായി വിഭജിച്ചു. സാമൂതിരിയുടെ തുടര്‍ന്നുള്ള ആക്രമണത്തെ തടയാന്‍ പാലക്കാടു രാജാവ് 1756-ല്‍ മൈസൂര്‍പ്പടയിലെ ദിണ്ഡുക്കല്‍ ഫൌജുദരായിരുന്ന ഹൈദരാലിയുടെ സഹായം അഭ്യര്‍ഥിച്ചു. ഹൈദരാലിയുടെ സേനാനായകനായ മഖ്ദൂംഅലി സാമൂതിരിയുടെ സൈന്യത്തെ തുരത്തിയോടിക്കുകയും സാമൂതിരിയില്‍നിന്നു കപ്പം ഈടാക്കുകയും ചെയ്തു.
കൊച്ചിയുടെ രണ്ടു സാമന്തരാജ്യങ്ങളായിരുന്ന കൊടുങ്ങല്ലൂരും ഇടപ്പള്ളിയും കൊച്ചിക്കെതിരായി സാമൂതിരിയുടെ പിന്നില്‍ അണിനിരന്നു. പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂരിലെ നാടുവാഴികള്‍ ക്ഷത്രിയരായിരുന്നു. സാമൂതിരികോവിലകവുമായി ഇവര്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടിരുന്നു. സാമൂതിരിമാര്‍ കൊച്ചിക്കെതിരായ യുദ്ധങ്ങളില്‍ ഇടപ്പള്ളി വഴിയോ കൊടുങ്ങല്ലൂര്‍ വഴിയോ ആയിരുന്നു കൊച്ചിയില്‍ പ്രവേശിച്ചിരുന്നത്. ഇടപ്പള്ളി(എളങ്ങല്ലൂര്‍ സ്വരൂപം) കേരളത്തിലുണ്ടായിരുന്ന രണ്ടു ബ്രാഹ്മണസ്വരൂപങ്ങളില്‍ ഒന്നായിരുന്നു. വൈപ്പിന്‍കരയും കൊച്ചിയും ആദ്യകാലത്ത് ഇടപ്പള്ളി വകയായിരുന്നു. 1400-ാമാണ്ടിനടത്ത് ഒരു ഇടപ്പള്ളി രാജാവ് ഈ രണ്ടുനാടുകളും തന്റെ മകനായിരുന്ന അന്നത്തെ പെരുമ്പടപ്പു രാജാവിനു വിട്ടുകൊടുത്തു. ഇടപ്പള്ളിയും കൊച്ചിയുമായുള്ള ശത്രുതയ്ക്ക് ഇതൊരു പ്രധാന കാരണമായി.
വടക്കുംകൂറും തെക്കുംകൂറും പണ്ടത്തെ വെമ്പൊലിനാട്ടിന്റെ ഭാഗങ്ങളായിരുന്നു. കായംകുളംരാജ്യം തെക്കും കോതമംഗലം വടക്കും വേമ്പനാട്ടുകായല്‍ പടിഞ്ഞാറും പശ്ചിമഘട്ടം കിഴക്കുമായി സ്ഥിതിചെയ്തിരുന്ന സാമാന്യം വലിയ ഒരു രാജ്യമായിരുന്നു വെമ്പൊലിനാട്. 1100-നോടടുപ്പിച്ചാണ് വെമ്പൊലിനാട് വടക്കുംകൂറും തെക്കൂംകൂറുമായി വിഭജിക്കപ്പെട്ടത്. കോട്ടയത്തിനടുത്തുള്ള നട്ടാശ്ശേരി തെക്കുംകൂറിന്റെയും കടുത്തുരുത്തിയും വൈക്കവും വടക്കുംകൂറിന്റെയും തലസ്ഥാനങ്ങളായിരുന്നു. രണ്ടും കൊച്ചിരാജാവിന്റെ സാമന്തരാജ്യങ്ങളായിരുന്നു. വടക്കുംകൂറില്‍ കുരുമുളക് സമൃദ്ധിയായി വിളഞ്ഞിരുന്നതുകൊണ്ട് വിദേശീയ വ്യാപാരികളെ ആ രാജ്യം ആകര്‍ഷിച്ചിരുന്നു. തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറിനെതിരായി കായംകുളം രാജാവിനെ സഹായിക്കുകയാല്‍ മാര്‍ത്താണ്ഡവര്‍മ ആ രാജ്യങ്ങള്‍ രണ്ടും പിടിച്ചെടുത്ത് തിരുവിതാംകൂറിനോടു ചേര്‍ത്തു (1749-50).
കായംകുളം രാജ്യത്തിന് ഓടനാട് എന്നും പേരുണ്ടായിരുന്നു. ഓടനാട്ടിലെ പല രാജാക്കന്മാരെയുംപറ്റി ശാസനങ്ങളില്‍ പ്രതിപാദിച്ചു കാണുന്നുണ്ട്.1225-ലെ വീരരാഘവപട്ടയത്തില്‍ അന്നത്തെ ഓടനാട്ടുരാജാവ് ഒരു സാക്ഷിയായിരുന്നു. ഉണ്ണുനീലിസന്ദേശത്തിലും ഉണ്ണിയാടിചരിതത്തിലും ശിവവിലാസത്തിലും ഓടനാട്ടിലെ രാജാക്കന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട് . ഓടനാടിന്റെ ആദ്യത്തെ തലസ്ഥാനം കണ്ടിയൂര്‍മറ്റമായിരുന്നു. 15-ാം നൂറ്റാണ്ടിലായിരുന്നു കായംകുളത്തേക്കു തലസ്ഥാനം മാറ്റിയത്; അതിനുശേഷമാണ് രാജ്യത്തിനു കായംകുളം എന്ന പേരുണ്ടായതും.
കായംകുളത്തിനു വടക്കായിരുന്നു പുറക്കാട് അഥവാ ചെമ്പകശ്ശേരി രാജ്യം. ഇന്നത്തെ അമ്പലപ്പുഴ-കുട്ടനാട് പ്രദേശങ്ങള്‍ ഈ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. ദേവനാരായണന്‍ എന്ന അപരനാമമുള്ള ബ്രാഹ്മണരാജാക്കന്മാരായിരുന്നു പുറക്കാടു ഭരിച്ചിരുന്നത്. കുടമാളൂരായിരുന്നു ഇവരുടെ മൂലകുടുംബം. ഇവര്‍ സാഹിത്യത്തിനും കലകള്‍ക്കും നിര്‍ലോഭം സഹായസഹകരണങ്ങള്‍ നല്കി. മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയും കുഞ്ചന്‍നമ്പ്യാരും ദേവനാരായണന്മാരുടെ രാജധാനിയെ അലങ്കരിച്ചിരുന്നു. തുഞ്ചത്തെഴുത്തച്ഛനും അവിടെ എത്തിയിരുന്നതായി ചില ഐതിഹ്യങ്ങളില്‍ കാണുന്നു.
വേണാട് പതിനഞ്ചാം ശതകത്തിന്റെ ആദ്യത്തില്‍ത്തന്നെ തൃപ്പാപ്പൂര്‍, ദേശിങ്ങനാട് എന്നീ രണ്ടു ശാഖകളായി പിരിഞ്ഞു. വേണാട്ടുരാജാവ് തിരുവിതാംകോട് എന്ന സ്ഥലത്ത് ഒരു കൊട്ടാരം പണിയിച്ചു താമസം അങ്ങോട്ടുമാറ്റി. ഈ ശാഖ തൃപ്പാപ്പൂര്‍ സ്വരൂപം(പിന്നീട് തിരുവിതാംകൂര്‍) എന്നും കൊല്ലം ശാഖ ദേശിങ്ങനാട് എന്നും അറിയപ്പെട്ടു. വേണാടിന്റെ മറ്റൊരു ശാഖയായിരുന്നു ഇളയിടത്തുസ്വരൂപം. ഇളയിടത്തുസ്വരൂപം 14-ാം നൂറ്റാണ്ടിലാണ് രൂപംകൊണ്ടതെന്നു കരുതപ്പെടുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട പ്രദേശങ്ങള്‍ ഈ സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യം കിളിമാനൂരിനടുത്തു കുന്നുമ്മേലും പിന്നീട് കൊട്ടാരക്കരയുമായിരുന്നു ഇളയിടത്തു സ്വരൂപത്തിന്റെ തലസ്ഥാനം. 16-ാം ശതകത്തില്‍ ഇളയിടത്തുസ്വരൂപത്തിന്റെ ഒരു ശാഖ നെടുമങ്ങാട്ടു താമസമുറപ്പിച്ചു. ആ ശാഖ പേരകത്തായ് വഴി എന്നറിയപ്പെട്ടു. കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാന്‍ ഇളയിടത്തുസ്വരൂപത്തിലെ അംഗമായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലും സമീപപ്രദേശങ്ങളും ചേര്‍ന്നതായിരുന്നു ആറ്റിങ്ങല്‍ത്തായ് വഴി. ആറ്റിങ്ങല്‍ പ്രത്യേക തായ്വഴിയായിരുന്നില്ല; തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ തമ്പുരാട്ടിമാര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ആ പ്രദേശത്തിന്റെ മേല്‍ അവര്‍ക്ക് ചില പ്രത്യേകാധികാരങ്ങളുണ്ടായിരുന്നു. ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ സ്വന്തം നിലയില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും തൃപ്പാപ്പൂര്‍ മൂപ്പിന്റെ അനുവാദമില്ലാത്ത കരാറുകള്‍ക്ക് പ്രാബല്യമുണ്ടായിരുന്നില്ല.
ഒരു കേന്ദ്രശക്തിയുടെ അഭാവവും നിരന്തരമായ പരസ്പരമത്സരവും നിമിത്തം കേരളത്തിലെ രാജ്യങ്ങളുടെ ശക്തി വളരെ വേഗം ക്ഷയിക്കാന്‍ തുടങ്ങി. യുദ്ധകാലത്ത് സൈനികരെ നല്കേണ്ട കടമയുണ്ടായിരുന്ന നായര്‍പ്രഭുക്കന്മാര്‍ സ്വയം കലഹിച്ചും കോയ്മക്കെതിരായി പ്രവര്‍ത്തിച്ചും നാട്ടില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ബ്രാഹ്മണര്‍ക്ക് നിര്‍ണായകസ്വാധീനതയുണ്ടായിരുന്ന ദേവസ്വങ്ങള്‍ ' ഒരു ഭരണക്കൂടത്തിനുള്ളില്‍ മറ്റൊരു ഭരണകൂടം' എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ഓരോ ക്ഷേത്രവും അതതിന്റെ അധികാരപരിധിയില്‍ വരുന്ന വിസ്തൃതമായ പ്രദേശങ്ങളെ 'സങ്കേതം' എന്ന പേരില്‍ നിലനിര്‍ത്തി. ഈ സങ്കേതത്തിനകത്ത് രാജാക്കന്മാര്‍ക്ക് ഫലപ്രദമായ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഏതെങ്കിലും കാരണവശാല്‍ സങ്കേതത്തിനകത്ത് ഇടപെട്ടാല്‍ പ്രായശ്ചിത്തം ചെയ്യാന്‍ രാജാവ് നിര്‍ബന്ധിതനുമായിരുന്നു. ഇപ്രകാരം അധികാരം പങ്കുവയ്ക്കാന്‍ നിര്‍ബന്ധിതരായ ഒരു കൂട്ടം രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കീഴില്‍ ദുര്‍ബലമായ ഒരു രാജ്യമായി ഇക്കാലഘട്ടത്തില്‍ കേരളം അധഃപതിക്കുകയായിരുന്നു. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ കാലഘട്ടത്തോട് ഇതിനെ സാമ്യപ്പെടുത്താവുന്നതാണ്.
യൂറോപ്യന്മാരുടെ ആഗമനം
യൂറോപ്യരില്‍ ആദ്യമായി കേരളത്തിലെത്തിയത് പോര്‍ച്ചുഗീസുകാരായിരുന്നു. വാസ്കോ ദ ഗാമ 1498 മേയ് 21-ന് കോഴിക്കോട്ട് എത്തിയത് ഒരു പുതിയ കാലഘട്ടത്തിന്റെ നാന്ദികുറിച്ചു. കേരളത്തിലെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ പുതിയൊരു ബന്ധത്തിനു കളമൊരുക്കിയതും യൂറോപ്യന്മാരുടെ വരവായിരുന്നു. നൂറ്റാണ്ടുകളായി കേരളത്തിന്റെ വിദേശവ്യാപാരം കൈയടക്കിയിരുന്ന മുസ്ലിങ്ങളും കേരളരാജാക്കന്മാരുമായി അടുത്ത സുഹൃദ്ബന്ധമാണ് നിലവിലിരുന്നത്. 16-ാം ശതകത്തിന്റെ അവസാനത്തില്‍ ഷൈഖ് സെയ്നുദ്ദീന്‍ എഴുതി: "മലബാറില്‍ അങ്ങോളമിങ്ങോളം അവരുടെയിടയില്‍ അധികാരം നടക്കത്തക്കവണ്ണം ഒരു ഭരണാധികാരി അവര്‍ക്കില്ല. (രാജ്യത്ത്) വ്യാപാരകേന്ദ്രങ്ങളുടെ എണ്ണം അധികമാകുന്നത് അവരെക്കൊണ്ടാണെന്ന കാരണത്താല്‍ രാജാക്കന്മാര്‍ അവരോട് ബഹുമാനവും താത്പര്യവും കാണിക്കുന്നു.
a. പോര്‍ച്ചുഗീസുകാര്‍. പോര്‍ച്ചുഗീസുകാര്‍ കിഴക്കേദിക്കിലേക്കുവന്നതുതന്നെ, ഈ ദിക്കില്‍ നിന്നുമാത്രം ലഭ്യമായിരുന്ന കുരുമുളകിന്റെയും മറ്റു സുഗന്ധദ്രവ്യങ്ങളുടെയും വ്യാപാരം കൈയടക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു. ഇന്ത്യയിലേക്കയച്ച രണ്ടാമത്തെ പോര്‍ച്ചുഗീസ് കപ്പിത്താനായിരുന്ന കാബ്രാളിനു ലഭിച്ച നിര്‍ദേശങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു: 'പണ്ടകശാലകള്‍ സ്ഥാപിക്കുന്നതിനു പുറമേ... സാമൂതിരി വേഗം കപ്പലിലേക്കുള്ള ചരക്കുകള്‍ തരാന്‍ സമ്മതിക്കാതെയിരുന്നാല്‍ വാസ്കോ ദ ഗാമയോടു ചെയ്ത ദ്രോഹപരമായ നടപടികള്‍ക്ക് പ്രതികാരമായി വിനാശകരമായ യുദ്ധം നടത്തണം. ഒരു പണ്ടകശാലയും വ്യാപാരവും നടത്താന്‍ സാമൂതിരി സമ്മതിച്ചാല്‍, മക്കയിലെ മുസ്ലിങ്ങളെ കോഴിക്കോട്ടോ സാമൂതിരിയുടെ മറ്റേതെങ്കിലും തുറമുഖങ്ങളിലോ തുടര്‍ന്നു താമസിക്കാനോ കച്ചവടം നടത്താനോ സമ്മതിക്കരുതെന്ന് ജനറല്‍ (സാമൂതിരിയോട്) രഹസ്യമായി ആവശ്യപ്പെടണം.'
വിദേശവ്യാപാരം കുത്തകയാക്കാനും സമുദ്രത്തില്‍ പരമാധികാരം അവകാശപ്പെടാനുമുള്ള പോര്‍ച്ചുഗീസുകാരുടെ ശ്രമം രാഷ്ട്രാന്തരീയ കീഴ്വഴക്കങ്ങള്‍ക്ക് എതിരായിരുന്നു. പോര്‍ച്ചുഗീസ് ചരിത്രകാരനായ ബറോസ് ഈ അവകാശവാദങ്ങളെ ഇങ്ങനെ ന്യായീകരിക്കുന്നു: ' സമുദ്രത്തില്‍ എല്ലാ നാവികര്‍ക്കും തുല്യാവകാശമാണുള്ളതെങ്കിലും ഈ നിയമം യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കു മാത്രമാണ് ബാധകമായത്; യേശുക്രിസ്തുവിന്റെ നിയമത്തിനു പുറത്തുളള മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഈ നിയമത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയില്ല'. പോര്‍ച്ചുഗീസുകാരുടെ ഇത്തരത്തിലുള്ള അവകാശവാദം, നൂറ്റാണ്ടുകളായി കേരളത്തില്‍ വിദേശവ്യാപാരം നടത്തിവന്ന മുസ്ലിങ്ങളുമായി ഒരേറ്റുമുട്ടലിനു കളമൊരുക്കി. ഈ അവകാശവാദം, പ്രായോഗികമാക്കുവാന്‍ ശ്രമിച്ചതിനു പുറമേ കേരളത്തിലെ വിവിധ രാജ്യങ്ങളിലെ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും തമ്മില്‍ ശത്രുക്കളാക്കിമാറ്റുന്നതിനും അവര്‍ പരിശ്രമിച്ചു. കൊച്ചിയെയും കോലത്തുനാടിനെയും സാമൂതിരിക്കെതിരായി തിരിച്ചുവിടുന്നതില്‍ അവര്‍ വിജയിച്ചു. കൊച്ചി രാജാവിന് പോര്‍ച്ചുഗീസ് സഹായത്തോടുകൂടി സാമൂതിരിക്കെതിരായി പടപൊരുതാന്‍ സാധിച്ചുവെങ്കിലും പോര്‍ച്ചുഗീസ് അതിക്രമത്തിന്‍കീഴില്‍ വളരെയേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. താനൂര്‍ രാജാവിനെ സാമൂതിരിക്കെതിരായി തിരിക്കാനും അവര്‍ മടിച്ചില്ല.
പോര്‍ച്ചുഗീസുകാരുടെ വ്യാപാരക്കുത്തകശ്രമവും അവരുടെ മനുഷ്യത്വഹീനമായ ക്രൂരതകളും സാമൂതിരിയെ അവര്‍ക്കെതിരായി യുദ്ധംചെയ്യാന്‍ പ്രേരിപ്പിച്ചു. പോര്‍ച്ചുഗീസുകാരുമുണ്ടായ ആദ്യനാവികസമരങ്ങളില്‍ സാമൂതിരി പരാജയപ്പെട്ടു; എന്നാല്‍ കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നേതൃത്വത്തില്‍ പുനഃസംഘടിക്കപ്പെട്ട കോഴിക്കോടു നാവികപ്പട പോര്‍ച്ചുഗീസ് നാവികപ്പടയ്ക്ക് ഒരു പേടിസ്വപ്നമായി മാറി. പതിനാറാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ കേരളം സന്ദര്‍ശിച്ച റാല്‍ഫ്ഫിച്ച്, പൈറാര്‍ഡ് ദ ലവാല്‍ തുടങ്ങിയ സന്ദര്‍ശകന്മാരെല്ലാം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ലവാലിന്റെ അഭിപ്രായത്തില്‍ കോഴിക്കോടുനാവികപ്പടയെ പേടിച്ച് പോര്‍ച്ചുഗീസുകപ്പലുകള്‍ നാവികസേനയുടെ സഹായത്തോടുകൂടിയല്ലാതെ ഇന്ത്യാസമുദ്രത്തിലെവിടെയും സഞ്ചരിച്ചിരുന്നില്ല. ഇങ്ങനെ സഞ്ചരിക്കുന്ന കപ്പല്‍സമൂഹങ്ങള്‍തന്നെ കോഴിക്കോടുനാവികപ്പടയില്‍ നിന്നും സുരക്ഷിതമായിരുന്നില്ല.
പോര്‍ച്ചുഗീസ് അതിക്രമങ്ങളെ നേരിടാന്‍ സാമൂതിരിയുടെ മറ്റൊരു പദ്ധതി പോര്‍ച്ചുഗീസ് സിരാകേന്ദ്രമായ കൊച്ചി ആക്രമിച്ച് അവരെ അവിടെനിന്നും തുരത്തുക എന്നതായിരുന്നു. അതേസമയം മലബാര്‍നാവികര്‍ ചോളമണ്ഡലത്തിലും സിലോണിലും ഉള്ള പോര്‍ച്ചുഗീസ്കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ചെയ്തു. അതിനും പുറമേ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ തങ്ങളുടെ വ്യാപാരാഭിവൃദ്ധിക്കു തടസ്സമാണെന്നു കണ്ട രാജ്യങ്ങള്‍(ഈജിപ്ത്, ഗുജറാത്ത്, കോഴിക്കോട്) അവര്‍ക്കെതിരായി ഒത്തൊരുമിച്ചു നീക്കങ്ങള്‍ ആരംഭിച്ചുവെങ്കിലും അവയൊന്നും വിജയിച്ചില്ല. ഈ ശ്രമങ്ങളില്‍ ഉണ്ടായ ആകെയൊരു വിജയം സാമൂതിരി പോര്‍ച്ചുഗീസുകാരുടെ കൈയില്‍ നിന്നും ചാലിയംകോട്ട പിടിച്ചെടുത്തതാണ്.
തങ്ങളുടെ വ്യാപാരവും നാവികഗതാഗതവും തകരാറിലായെന്നുകണ്ട പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മില്‍ തെറ്റിക്കുകയും മലബാര്‍ നാവികശക്തിയുടെ കേന്ദ്രബിന്ദുവായ കുഞ്ഞാലിമരയ്ക്കാരുടെ കോട്ടയ്ക്കല്‍കോട്ട സാമൂതിരിയുടെ സഹായത്തോടുകൂടി 1600-ല്‍ ആക്രമിക്കുകയും ചെയ്തു. എന്നാല്‍ കോട്ടയ്ക്കലിന്റെ പതനം പോര്‍ച്ചുഗീസുകാര്‍ക്ക് ഒരു ഗുണവും ചെയ്തില്ല. ഇക്കാലത്ത് കേരളത്തിലേക്കു വന്ന ഡച്ചുകാരും ഇംഗ്ലീഷുകാരുമായി കൂടിച്ചേര്‍ന്ന് കേരളനാവികര്‍ പോര്‍ച്ചുഗീസ് ശക്തിക്കെതിരായി നിരന്തരം പോരാടിയതു കാരണം 17-ാം ശതകത്തിന്റെ ആരംഭത്തില്‍ത്തന്നെ അവരുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി.
b. ഡച്ചുകാര്‍. 1529-ല്‍ ഡച്ച് ഈസ്റ്റ്ഇന്ത്യാ കമ്പനി സ്ഥാപിതമായി. 1604 ന. 11-ന് കോഴിക്കോട് എത്തിയ ഡച്ചുകാര്‍ സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കി. പോര്‍ച്ചുഗീസുകാരെ പുറന്തള്ളാന്‍ സാധിക്കാതെ വിഷമിച്ചിരുന്ന സാമൂതിരിക്ക് ഡച്ചുകാരുടെ വരവ് ശക്തിപകര്‍ന്നു. 1608-ല്‍ സാമൂതിരി ഡച്ചുകാര്‍ക്ക് കോഴിക്കോട് കച്ചവടം നടത്താന്‍ ഒരു പണ്ടകശാല വിട്ടുകൊടുത്തി. തുടര്‍ന്ന് പോര്‍ച്ചുഗീസുകാരെ എതിര്‍ക്കുന്നതില്‍ ഡച്ചുകാര്‍ സാമൂതിരിയെ സഹായിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കെതിരായ വ്യാപാരമത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡച്ചുകാര്‍ കേരളക്കരയിലെ മറ്റു രാജാക്കന്മാരുമായും സൌഹൃദബന്ധം സ്ഥാപിച്ചു. കൊച്ചിയിലെ മൂത്തതായ്വഴിത്തമ്പുരാന്‍ പോര്‍ച്ചുഗീസുകാര്‍ക്കും അവരുടെ താളത്തിനൊത്തു തുള്ളുന്ന ഇളയതായ്വഴിക്കും എതിരായി ഡച്ചു സഹായം തേടിയപ്പോള്‍ അവര്‍ അത് സസന്തോഷംസ്വീകരിച്ചു. പാലിയത്തച്ചന്‍ തുടങ്ങിയ കൊച്ചിപ്രഭുക്കന്മാരും സാമൂതിരിയും ഡച്ചുകാരെ സഹായിച്ചു. സംഖ്യകക്ഷികള്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിക്കോട്ടയില്‍ നിന്നു പുറത്താക്കി (1663 ജനു. 9). മൂത്തതായ്വഴി വീരകേരളന്‍തമ്പുരാനെ കൊച്ചിരാജാവായി വാഴിക്കുകയും ചെയ്തു. എന്നാല്‍ ഡച്ചുകാരുടെയും ഉദ്ദേശ്യം കേരളക്കരയിലെ വാണിജ്യം കുത്തകയാക്കുകയാണെന്നു വളരെവേഗം വ്യക്തമായി. കൊച്ചിരാജാവിന്റെ സ്ഥിതി വറചട്ടിയില്‍ നിന്നു എരിതീയിലേക്കു വീണ നിലയിലായി. രാജ്യഭരണത്തില്‍ മാത്രമല്ല, രാജകുടുംബത്തിലെ പിന്തുടര്‍ച്ചക്കാര്യത്തില്‍പ്പോലും അവര്‍ ഇടപ്പെട്ടു. ഈ ഇടപെടലിനെ കൊച്ചിയിലെ രാജകുടുംബാംഗങ്ങളും പ്രഭുക്കന്മാരും എതിര്‍ത്തതുമൂലം രാജ്യത്ത് അസമാധാനവും കുഴപ്പങ്ങളും നടമാടി.
പോര്‍ച്ചുഗീസുകാര്‍ക്കെതിരായി സഹായിച്ചതിനു പ്രതിഫലമായി ചേറ്റുവായ് സാമൂതിരിക്കു വിട്ടുകൊടുത്തുവെങ്കിലും ഡച്ചുകാര്‍ അതു വീണ്ടും പിടിച്ചെടുത്ത് കോട്ടകൊത്തളങ്ങള്‍ പണിചെയ്തു. സാമൂതിരി 1715-ല്‍ ചേറ്റുവായ് തിരിച്ചുപിടിച്ചു. ഡച്ചുകാര്‍ വളരെയേറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് അതു തിരിച്ചുപിടിച്ചെങ്കിലും അവരുടെ മുന്‍തോല്‍വി അവര്‍ അജയ്യന്മാരല്ലെന്നു തെളിയിച്ചു. തുടര്‍ന്നും അവര്‍ കേരളരാജാക്കന്മാരെ വരുതിയില്‍ നിര്‍ത്തുവാന്‍ ശ്രമിച്ചിരുന്നു. കായംകുളവും കൊല്ലവുമായി യോജിച്ചുകൊണ്ട് വേണാടിന്റെ വളര്‍ന്നുവരുന്ന ശക്തിയെ നിയന്ത്രിക്കാനായി ശ്രമിച്ചു. അവരുടെ സംയുക്തശക്തിക്കെതിരായി വേണാട് ഒറ്റയ്ക്ക് പൊരുതുകയും 1741 ആഗ. 10-ലെ കുളച്ചല്‍യുദ്ധത്തില്‍ നിര്‍ണായകമായ വിജയം കൈവരിക്കുകയും ചെയ്തു (നോ. കുളച്ചല്‍യുദ്ധം). കുളച്ചല്‍യുദ്ധത്തിന്റെ ഫലമായുണ്ടായ മാവേലിക്കര ഉടമ്പടി (1753) പ്രകാരം ഡച്ചുകാര്‍ കേരളരാജാക്കന്മാര്‍ക്കിടയില്‍ അഭിനയിച്ചിരുന്ന മധ്യസ്ഥഭാവം മാറ്റേണ്ടിവന്നു. തിരുവിതാംകൂറില്‍നിന്നു ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന കുറച്ചു കുരുമുളകിനുവേണ്ടി തങ്ങളുടെ മുന്‍കാല സംഖ്യകക്ഷികളെയെല്ലാം ഡച്ചുകാര്‍ക്ക് ഉപേക്ഷിക്കേണ്ടതായും വന്നു. ഇക്കാലത്തുതന്നെ സാമൂതിരിയില്‍ നിന്നും ശക്തമായ എതിര്‍പ്പു നേരിടേണ്ടിവന്നതുകൊണ്ട് ആവശ്യമായ കുരുമുളകും സുഗന്ധദ്രവ്യങ്ങളും കിട്ടാതെ വന്നതും ഇംഗ്ലീഷ് കമ്പനിയില്‍നിന്നും ഉണ്ടായ വ്യാപാര മത്സരവും ഡച്ചുകാരുടെ കച്ചവടത്തെയും ശക്തിയെയും ചോര്‍ത്തിക്കളഞ്ഞു.
ഡച്ചുകാര്‍ക്കുണ്ടായ ശക്തിക്ഷയം മുതലെടുത്ത് സാമൂതിരി ചേറ്റുവായും കൊച്ചിരാജ്യത്തിന്റെ വടക്കുഭാഗവും പിടിച്ചെടുക്കുകയുണ്ടായി. ഡച്ചുകാരില്‍നിന്നും യാതൊരുവിധ സഹായവും ലഭിക്കുകയില്ലെന്നു കണ്ട കൊച്ചിരാജാവ് സാമൂതിരിക്കെതിരായി തിരുവിതാംകൂര്‍ രാജാവിന്റെ സഹായംതേടി. കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും സംയുക്തസൈന്യം കോഴിക്കോടു സൈന്യത്തെ കൊച്ചിയില്‍ നിന്നും തുരത്തി; സാമൂതിരി സന്ധിചെയ്ത് സമാധാനം സ്ഥാപിച്ചു. 1766-ല്‍ ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍, ഡച്ചുകാരില്‍ നിന്നും സഹായം ലഭിക്കുകയില്ലെന്നു തീര്‍ച്ചയായ കൊച്ചിരാജാവ്, ഹൈദരാലിയുടെ സാമന്തപദവി സ്വീകരിച്ചു സ്വയം രക്ഷപ്പെട്ടു. മൈസൂര്‍ പടയോട്ടത്തിന്റെ കാലഘട്ടത്തില്‍, കൊച്ചിയുടെ മേല്‍ ഡച്ചുകാര്‍ക്ക് ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. മൈസൂര്‍ഭരണം പിന്‍വാങ്ങിയപ്പോള്‍ ഇംഗ്ലീഷുകാര്‍ മലബാറില്‍ അധികാരം പിടിച്ചെടുത്തു; ഡച്ചുകാരുടെ സ്വാധീനത പൂര്‍ണമായും അസ്തമിക്കുകയും ചെയ്തു.
c. ഇംഗ്ലീഷുകാര്‍. 1583-ല്‍ റാല്‍ഫ് ഫിച്ച് എന്ന ഇംഗ്ലീഷുകാരനാണ് ആദ്യമായി കേരളത്തിലെത്തിയത്. കേരളത്തില്‍ ഇംഗ്ലീഷുകാര്‍ ആദ്യകാലങ്ങളില്‍ കച്ചവടക്കാര്യത്തില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. 1615-ല്‍ കോഴിക്കോട്ടെത്തിയ സര്‍ തോമസ് റോ പൊന്നാനിയിലും കോഴിക്കോടും പണ്ടകശാലകള്‍ തുറന്നു. 1664-ല്‍ കോഴിക്കോട് ഇംഗ്ലീഷുകാര്‍ ഒരു ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ പ്രത്യേകരാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജകുടുംബങ്ങള്‍ തമ്മിലും രാജകുടുംബാംഗങ്ങള്‍ തമ്മിലും ഉള്ള അധികാര വടംവലികളില്‍ അവര്‍ കക്ഷിപിടിക്കാന്‍ തുടങ്ങി. ഈ നയംകൊണ്ടുമാത്രമേ സ്വന്തം വ്യാപാരതാത്പര്യങ്ങള്‍ പുലര്‍ത്താന്‍ സാധ്യതയുള്ളൂവെന്ന് അവര്‍ മനസ്സിലാക്കി. തിരുവിതാംകൂറില്‍ ഡച്ചുകാര്‍ക്കും ഇടപ്രഭുക്കന്മാര്‍ക്കും എതിരായി മാര്‍ത്താണ്ഡവര്‍മയെ സഹായിച്ചത് ഈ നയത്തിന്റെ ഭാഗമായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ തന്നെ നടന്ന ആദ്യകലാപങ്ങളില്‍ ഒന്നായിരുന്നു 1721-ലെ ആറ്റിങ്ങല്‍ കലാപം. മദ്രാസിലെ താവളത്തില്‍ നിന്നും യൂറോപ്യന്‍ കച്ചവടക്കാര്‍ കേരള തീരത്ത് എത്തിയതു മുതല്‍ അഞ്ചുതെങ്ങ് കേന്ദ്രമാക്കി ഒരു കോട്ട പണിതുയര്‍ത്തുകയും അവിടെ കച്ചവടം ആരംഭിക്കുകയും ചെയ്തു. ഇത്തരത്തില്‍ തിരുവിതാംകൂറിലെ കച്ചവടത്തിന്റെ കുത്തക നേടിയെടുക്കാനായതോടെ പരമ്പരാഗത കച്ചവടക്കാര്‍ക്കും ഇടത്തരം കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടു. ആറ്റിങ്ങല്‍ ഭരണാധികാരിയുടെ സഹായത്തോടെയാണ് ബ്രിട്ടീഷുകാര്‍ ഇത്തരം അവകാശങ്ങള്‍ നേടിയിരുന്നത്. ഇതോടെ അഞ്ചുതെങ്ങ് കോട്ട ബ്രിട്ടീഷുകാരുടെ ഭരണപ്രദേശമായി മാറി. 1721 ഏ. 15-ന് ആറ്റിങ്ങല്‍ റാണിക്കുള്ള ഉപഹാരങ്ങള്‍ നല്‍കുന്നതിനായി യാത്രതിരിച്ച 140 പേരടങ്ങുന്ന ഇംഗ്ലീഷ് ഗൈ ഫോഴ്സ് സംഘത്തെ തദ്ദേശീയര്‍ ആക്രമിക്കുകയും പട്ടാളക്കാരെ വധിക്കുകയും ചെയ്തു. പ്രസ്തുത സംഭവം ആറ്റിങ്ങല്‍ കലാപം എന്ന പേരില്‍ അറിയപ്പെടുന്നു. നോ. ആറ്റിങ്ങല്‍ കലാപം
ഹൈദരാലി 1766-ല്‍ മലബാര്‍ ആക്രമിച്ചുകീഴടക്കിയത് അവരുടെ കച്ചവടതാത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. അതുകൊണ്ട് മൈസൂര്‍ സുല്‍ത്താന്മാര്‍ മലബാറില്‍ കാലുകുത്തിയതു മുതല്‍ അവര്‍ക്കെതിരായി പണവും ആയുധങ്ങളും നല്കി മലബാര്‍ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ഇളക്കിവിട്ടു രാജ്യത്ത് അസമാധാനം സൃഷ്ടിക്കുകയായിരുന്നു അവരുടെ ആസൂത്രിതപരിപാടി. മൈസൂറിനെതിരായി ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന തിരുവിതാംകൂറിനെ തന്റെ സ്വാധീനതയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ടിപ്പുവും തിരുവിതാംകൂറുമായി ഉണ്ടായ യുദ്ധം കാരണമാക്കി ഇംഗ്ലീഷുകാര്‍ ടിപ്പുവിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍(1790-92) ടിപ്പു പരാജിതനായപ്പോള്‍ ടിപ്പു ബ്രിട്ടീഷുകാര്‍ക്കു വിട്ടുകൊടുത്ത പ്രദേശങ്ങളില്‍ മലബാറും ഉള്‍പ്പെട്ടിരുന്നു.
ടിപ്പുവിന്റെ പതനത്തിനുശേഷം ബ്രിട്ടീഷുകാര്‍ ടിപ്പുവിനെതിരായി തങ്ങളെ സഹായിച്ച രാജാക്കന്മാരെയും നാടുവാഴികളെയും അധികാരത്തില്‍ പുനഃപ്രതിഷ്ഠിച്ചു. എന്നാല്‍ റവന്യൂകുടിശ്ശിക വരുത്തിയെന്നതിന്റെ പേരില്‍ അഞ്ചുകൊല്ലത്തിനകം അവരെ പുറത്താക്കി കമ്പനിയുടെ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയാണുണ്ടായത്. ഈ ഭരണമാറ്റം കടുത്ത എതിര്‍പ്പുകള്‍ക്കു വഴിതെളിച്ചു. കോട്ടയംരാജാവായിരുന്ന പഴശ്ശിരാജാവ് 1794-1805 വരെയുള്ള കാലത്ത് പലപ്പോഴും ബ്രിട്ടീഷുകാര്‍ക്കെതിരായി ശക്തമായ എതിര്‍പ്പു സംഘടിപ്പിച്ചു. ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുത്ത് പഴശ്ശിയെ പാട്ടിലാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, ശക്തമായ തിരിച്ചടിനല്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ഈ ആവശ്യത്തിനായി പ്രസിദ്ധ സേനാനായകനായ വെല്ലിങ്ടണ്‍ പ്രഭുവിന്റെ സഹായം പോലും അവര്‍ തേടി; ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല. എന്നാല്‍ മറ്റു മലബാര്‍രാജാക്കന്മാര്‍ ഇംഗ്ളീഷ് സ്വാധീനതാവലയില്‍പ്പെട്ടതും പുറത്തുനിന്നും സഹായം കിട്ടാതെ വന്നതും പഴശ്ശിയുടെ ശക്തിക്ഷയത്തിനിടയാക്കി. അങ്ങനെ പഴശ്ശി കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷാധിപത്യത്തിനെതിരെയുണ്ടായിരുന്ന സംഘര്‍ഷങ്ങളും അവസാനിച്ചു. നോ. പഴശ്ശിരാജാവ്
ടിപ്പുവിന്റെ യുദ്ധഭീഷണി ആയുധമാക്കി ബ്രിട്ടീഷുകാര്‍ അതുവരെ സംഖ്യകക്ഷിയായി കരുതിയിരുന്ന തിരുവിതാംകൂറിനെ ഒരു സാമന്തരാജ്യമായി തരംതാഴ്ത്തി. തിരുവിതാംകൂറിനെ സഹായിക്കാനാണ് ടിപ്പുവിനോടു യുദ്ധം ചെയ്തത് എന്ന കാരണം പറഞ്ഞ് വമ്പിച്ച യുദ്ധബാധ്യത തിരുവിതാംകൂറിന്റെ മേല്‍ കെട്ടിവച്ചു; കപ്പം വര്‍ധിപ്പിച്ചു. ഈ കാരണങ്ങളാല്‍ രാജ്യത്തിന്റെ സാമ്പത്തികബാധ്യത വര്‍ധിച്ചപ്പോള്‍ അതിനുകാരണക്കാരായ ബ്രിട്ടീഷുകാര്‍ക്കെതിരായി ജനരോഷം തിളച്ചുമറിഞ്ഞു. തിരുവിതാംകൂറില്‍ വേലുത്തമ്പിയുടെയും കൊച്ചിയില്‍ പാലിയത്തച്ചന്റെയും നേതൃത്യത്തില്‍ നടന്ന സമരം, പാലിയത്തച്ചന്റെ പിന്‍വാങ്ങലും വന്‍തോതിലുള്ള ബ്രിട്ടീഷ് സൈനികവിന്യാസവും കാരണം പരാജയമടഞ്ഞു. 1809-ല്‍ വേലുത്തമ്പിയുടെ ആത്മഹത്യയോടുകൂടി സമാപിച്ച സമരത്തിനു ശേഷം തിരുവിതാംകൂറിനെയും കൊച്ചിയെയും ബ്രിട്ടീഷ്മേല്ക്കോയ്മയുടെ പരമാധികാരത്തിന്‍കീഴിലുള്ള രണ്ടുസാമന്തരാജ്യങ്ങളാക്കിത്തീര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
താഴ്വാരങ്ങള്‍ക്കുള്ള ഭൂനികുതി കുന്നിന്‍ പ്രദേശങ്ങള്‍ക്കും ബാധകമാക്കിയ അനീതിയെ ചോദ്യം ചെയ്തുകൊണ്ട് 1812-ല്‍ വയനാട്ടിലെ കുറിച്യര്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെതിരായി സമരം നടത്തി; എന്നാല്‍ വളരെവേഗം ഈ സമരം അടിച്ചമര്‍ത്തപ്പെട്ടു. കുറിച്യരുടെ സമരത്തിന്റെ അന്ത്യത്തോടുകൂടി കേരളത്തിലെ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ മൂന്നു ഭൂവിഭാഗങ്ങളിലും ബ്രിട്ടീഷ് ആധിപത്യം നിര്‍ണായകമായി സ്ഥാപിതമായി.
സാമൂഹികസ്ഥിതി
ഹിന്ദുസമുദായത്തില്‍ നിലവിലിരുന്ന ജാതിവ്യവസ്ഥിതി സമുദായത്തെ വ്യത്യസ്തവിഭാഗങ്ങളായി തിരിച്ചിരുന്നു. പുരോഹിതന്മാരുടെ സ്ഥാനം വഹിച്ചിരുന്ന ബ്രാഹ്മണര്‍ മതനിയമങ്ങളെ വ്യാഖ്യാനിക്കുന്നവരും നടപ്പിലാക്കുന്നവരും ആയിരുന്നതുകൊണ്ട് അവര്‍ക്ക് സമുദായത്തില്‍ ഒരു നിര്‍ണായകസ്ഥാനം ഉണ്ടായിരുന്നു. യോദ്ധാക്കളെന്ന നിലയും ബ്രാഹ്മണരുമായുള്ള വിവാഹബന്ധവും നായന്മാരെ പ്രബലമായ ഒരു സമുദായമാക്കി മാറ്റി. ബഹുഭര്‍ത്തൃത്വവും മരുമക്കത്തായവും അവരുടെ പ്രത്യേകതകളായിരുന്നു. മറ്റു ജാതികള്‍ തീണ്ടിക്കൂടാത്തവരും തൊട്ടുകൂടാത്തവരുമായ അധമജാതികളായി കരുതപ്പെട്ടിരുന്നു. ഇവര്‍ക്ക് യാതൊരുവിധ അവകാശങ്ങളും അനുവദിച്ചിരുന്നില്ല. കര്‍ശനമായ ഈ ജാതിവ്യവസ്ഥിതി സമുദായത്തെ അന്യോന്യം യാതൊരു ബന്ധവുമില്ലാത്ത പല വിഭാഗങ്ങളായി തരംതിരിക്കുകയും സാമൂഹികമായ ഉദ്ഗ്രഥനത്തിന് ശൈഥില്യം ഉണ്ടാക്കുകയും ചെയ്തു.
മക്കത്തായ സമ്പ്രദായത്തില്‍ നിന്ന് മരുമക്കത്തായ രീതിയിലേക്ക് കേരളം മാറിയത് ചേര-ചോളയുദ്ധകാലത്തായിരിക്കണമെന്നു കരുതാന്‍ ന്യായമുണ്ട്. ഫ്രയര്‍ജൊര്‍ഡാനസ് (1321-24) ആണ് രാജകുടുംബങ്ങളില്‍ നിലനിന്ന മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് ആദ്യമായി ചൂണ്ടിക്കാണിച്ച വിദേശീയ സന്ദര്‍ശകന്‍.
ഇക്കാലത്ത് നമ്പൂതിരിമാര്‍ക്ക് സമുദായത്തിലുണ്ടായ പ്രാമാണ്യം കേരളത്തില്‍ ക്ഷേത്രങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കു കാരണമായി. രാജാക്കന്മാരും നാട്ടുകാരും ക്ഷേത്രങ്ങള്‍ക്കു ധാരാളം സമ്പത്ത് ദാനം ചെയ്തിരുന്നു. ബ്രാഹ്മണര്‍ക്കു നിര്‍ണായക സ്വാധീനതയുണ്ടായിരുന്ന സഭകളായിരുന്നു ഈ ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിച്ചിരുന്നത്. നാട്ടുക്കൂട്ടങ്ങള്‍ക്കും നാടുവാഴികള്‍ക്കും ക്ഷേത്രങ്ങളുടെ ഭരണത്തില്‍ മേല്‍നോട്ടാവകാശം ഉണ്ടായിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നതായി കാണുന്നില്ല. ക്ഷേത്രസ്വത്തുക്കള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കും പൂജകള്‍ മുടക്കുന്നവര്‍ക്കുമെതിരായി മൂഴിക്കളം കച്ചം മാതൃകയില്‍ വ്യക്തമായ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നതുതന്നെ അപ്രകാരമുള്ള ആചാരഭ്രംശങ്ങള്‍ കൂടിക്കൂടിവരുന്നതു കണ്ടിട്ടായിരിക്കണം.
സാംസ്കാരികരംഗം
രാജ്യത്തിന്റെ സാംസ്കാരികവളര്‍ച്ചയില്‍ ക്ഷേത്രങ്ങള്‍ക്കു നിര്‍ണായക സ്വാധീനതയുണ്ടായിരുന്നതായി കാണാം. അവ പൂജയ്ക്കുള്ള സ്ഥലങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസം, കലകള്‍ എന്നിവയ്ക്കുള്ള കേന്ദ്രങ്ങളും വിദേശീയ ആക്രമണകാലങ്ങളില്‍ ജനങ്ങള്‍ക്കുള്ള അഭയസ്ഥലങ്ങളുമായിരുന്നു. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളുടെ വളര്‍ച്ചയില്‍ ക്ഷേത്രങ്ങള്‍ പ്രമുഖമായ പങ്കുവഹിച്ചിരുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ച ശാലകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യമായ ശിക്ഷണത്തിനും താമസത്തിനുമുള്ള ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ഈ ശാലകള്‍ക്കു വേണ്ട വസ്തുവകകള്‍ പരോപകാരിയായ വ്യക്തികളും രാജാക്കന്മാരും ദാനം നല്കിയിരുന്നു. ഇപ്രകാരമുള്ള ശാലകളില്‍ കാന്തളൂര്‍ശാല, പാര്‍ഥിവപുരംശാല, തിരുവല്ലാശാല, മൂഴിക്കളംശാല എന്നിവ വളരെ പ്രസിദ്ധി നേടി. ക്ഷേത്രവാസ്തുശില്പത്തിലും ശില്പകലകളിലും വമ്പിച്ച വളര്‍ച്ച ഇക്കാലത്തുണ്ടായി.
സാഹിത്യത്തിലും വിവിധ വിഷയങ്ങളിലും ഉണ്ടായ നിര്‍ണായകപുരോഗതി ഈ കാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്നു. സാമൂതിരിമാര്‍ ഇക്കാലത്തു നടത്തിവന്ന വിദ്വത്സദസ്സ് 'രേവതിപട്ടത്താനം' എന്ന പേരില്‍ പ്രസിദ്ധമായിരുന്നു. ഓരോ കൊല്ലവും കോഴിക്കോട്ടെ തളിക്ഷേത്രത്തില്‍ നടത്തിവന്ന ഈ സദസ്സില്‍ നാലു വേദങ്ങളിലും പ്രഗല്ഭന്മാരായിരുന്ന വിദ്വാന്മാര്‍ക്ക് സമ്മാനങ്ങളും പട്ടത്താനവും ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോടു ഭരിച്ചിരുന്ന മാനവിക്രമ(1460-71)ന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന'പതിനെട്ടരക്കവി'കളില്‍ പയ്യൂര്‍ പട്ടേരിമാര്‍, ഉദ്ദണ്ഡശാസ്ത്രികള്‍, കാക്കശ്ശേരി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, പുനം നമ്പൂതിരി എന്നിവര്‍ പ്രസിദ്ധന്മാരാണ്. പുനംനമ്പൂതിരിയാണ് അരക്കവി എന്നറിയപ്പെട്ടിരുന്നത്.
16-ാം ശ. കേരളത്തില്‍ സാഹിത്യാഭിവൃദ്ധിയുടെ സുവര്‍ണകാലമായിരുന്നു. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തുരാമാനുജന്‍ എഴുത്തച്ഛന്‍ ഇക്കാലത്താണ് ജീവിച്ചിരുന്നത്. ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായ എഴുത്തച്ഛന്‍ അധ്യാത്മരാമായണം, മഹാഭാരതം, ഹരിനാമകീര്‍ത്തനം എന്നീ കൃതികള്‍ മുഖേന ജനങ്ങളെ ഭക്തിമാര്‍ഗത്തിലേക്ക് ആകര്‍ഷിച്ചു. നാരായണീയം രചിച്ച മേല്പുത്തൂര്‍ ഭട്ടതിരിയും സന്താനഗോപാലം, ജ്ഞാനപ്പാന, ശ്രീകൃഷ്ണകര്‍ണാമൃതം തുടങ്ങിയ കൃതികളുടെ കര്‍ത്താവായ പൂന്താനംനമ്പൂതിരിയും കേരളീയ ഭക്തിപ്രസ്ഥാനത്തിലെ പ്രധാന കവികളായിരുന്നു.
ഇക്കാലത്ത് കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍, ജൂതസമുദായങ്ങള്‍ വിദേശങ്ങളുമായി നടത്തിയിരുന്ന കച്ചവടം മുഖാന്തരം നാട്ടില്‍ വമ്പിച്ച സാമ്പത്തികപുരോഗതി കൈവന്നിരുന്നു. ഈ പുരോഗതിക്കു കാരണക്കാരായ സമുദായങ്ങള്‍ക്ക് സൗജന്യങ്ങളും സ്ഥാനമാനങ്ങളും നല്കുന്നതില്‍ രാജാക്കന്മാര്‍ വലിയ ഉത്സാഹം കാണിച്ചു. ഷൈഖ് സെയ്നുദ്ദീന്‍ രേഖപ്പെടുത്തിയതുപോലെ' മുസ്ലിങ്ങളും അവരുടെ വ്യാപാരവും പുരോഗമിച്ചത് അവരുടെ ഭരണകര്‍ത്താക്കള്‍ അവരോടു കാണിച്ച താത്പര്യം കൊണ്ടായിരുന്നു.' വിദേശവ്യാപാരവിഷയത്തില്‍ അവര്‍ നല്കിയ വമ്പിച്ച സഹായസഹകരണങ്ങള്‍ നാടിന്റെ സാമ്പത്തികപുരോഗതിക്കും രാഷ്ട്രീയഭദ്രതയ്ക്കും വഴിതെളിച്ചു. മുസ്ലിം വ്യാപാരികള്‍ നല്കിയ സഹായംകൊണ്ടായിരുന്നു സാമൂതിരിക്ക് രാജ്യവിസ്തൃതിയും പോര്‍ച്ചുഗീസ് ആക്രമണത്തില്‍ നിന്ന് ഒരു ഘട്ടം വരെ രക്ഷയും നേടാന്‍ കഴിഞ്ഞത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് അഭിമുഖീകരിക്കേണ്ടിവന്ന രാഷ്ട്രീയക്കുഴപ്പങ്ങളില്‍-ഉമയമ്മറാണിയുടെ കാലത്തുണ്ടായ മുകിലന്റെ ആക്രമണം, മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തന്റെ എതിരാളികളായിരുന്ന തമ്പിമാരില്‍നിന്നും മാടമ്പിമാരില്‍നിന്നും ഉണ്ടായ എതിര്‍പ്പ് എന്നിവയില്‍നിന്നെല്ലാം രക്ഷപ്പെടുവാന്‍ കഴിഞ്ഞത് ഒരു പരിധിവരെ ഇവരുടെ സഹായത്താലായിരുന്നെന്നു പറയുന്നതില്‍ പിശകില്ല.
യൂറോപ്യന്‍ സ്വാധീനത
കേരളത്തില്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഇടയില്‍ നിലവിലിരുന്ന ഭിന്നതകളും തര്‍ക്കങ്ങളും ഉപയോഗിച്ച് അവരുടെ മേല്‍ സ്വാധീനത നേടാനാണ് യൂറോപ്യന്മാര്‍ ശ്രമിച്ചത്. പോര്‍ച്ചുഗീസുകാര്‍ തുടങ്ങിവച്ച ഈ പദ്ധതി ഡച്ചുകാരും ഇംഗ്ലീഷുകാരും തുടര്‍ന്നു. ഒരു കക്ഷിയെ മറ്റൊരു കക്ഷിക്കെതിരായി സഹായിച്ച്, കേരളത്തിലെ കക്ഷികള്‍ക്കിടയിലുണ്ടായിരുന്ന ഭിന്നതകള്‍ക്ക് ആഴം വര്‍ധിപ്പിച്ച് അവരുടെ ശക്തി ക്ഷയിപ്പിച്ചു. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയ ഇംഗ്ലീഷുകാര്‍ 19-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി കേരളത്തിലെ രാജാക്കന്മാരെയെല്ലാം തങ്ങളുടെ ചൊല്‍പ്പടിയിലാക്കിത്തീര്‍ത്തു.
സുപ്രധാനമായ മാറ്റങ്ങള്‍ക്കു വിധേയമായ ഒരു പ്രമുഖ സമുദായം നായന്മാരുടേതായിരുന്നു. സമൂഹത്തില്‍ പ്രധാന സൈനികവിഭാഗവും ഭരണനിര്‍വാഹകവിഭാഗവും അവരായിരുന്നു. സൈനികസേവനത്തിനുവേണ്ടി കളരികളില്‍ വളരെനാളത്തെ പരിശീലനം അവര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി ഉപയോഗത്തില്‍വന്ന തോക്കും വെടിമരുന്നും, വാളും പരിചയും ഉപയോഗിച്ചുള്ള അവരുടെ നീണ്ട പരിശീലനം വ്യര്‍ഥമാക്കി. ക്രിസ്ത്യാനികളും മുസ്ലിങ്ങളും യോദ്ധാക്കളായിരുന്ന അശ്വവിഭാഗവും പീരങ്കിപ്പടയും രാജാക്കന്മാര്‍ക്ക് അഭികാമ്യമായപ്പോള്‍ നായര്‍ യോദ്ധാക്കള്‍ ജോലിയില്ലാത്തവരായി. മൈസൂര്‍ കാലഘട്ടം മുതല്‍ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഉണ്ടായ അധികാരഭ്രംശം സൈനിക-ഭരണനിര്‍വാഹകവിഭാഗങ്ങളല്ലാതെയുള്ള തൊഴിലുകള്‍ ഇഷ്ടപ്പെടാതിരുന്ന നായന്മാരുടെ ഇടയില്‍ തൊഴിലില്ലായ്മ രൂക്ഷതരമാക്കി.
മാറ്റങ്ങള്‍ക്കു വിധേയമാവാതെ നിന്ന മറ്റൊരു വിഭാഗം സമുദായം അസ്പൃശ്യരായി കണക്കാക്കിയിരുന്ന അധഃസ്ഥിതരായിരുന്നു. അവരുടെ സാമീപ്യം ഉയര്‍ന്ന ജാതിക്കാര്‍ക്കു തീണ്ടല്‍ ഉണ്ടാക്കുമെന്നു വിശ്വസിക്കപ്പെട്ടു. മൈസൂര്‍ ആക്രമണക്കാലത്ത് അവര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് ആക്രമണകാരികളുടെ സമുദായത്തില്‍ ചേര്‍ന്നു. ഈ മതപരിവര്‍ത്തനം അവര്‍ക്ക് ക്രൂരമായ ജാതിവ്യവസ്ഥിതിയില്‍ നിന്നു മോചനം നേടാനുള്ള അവസരം ഒരുക്കി.
ഇക്കാലത്ത് കേരളത്തില്‍ സാമൂഹികമായി ഗുരുതരമായ പല പരിവര്‍ത്തനങ്ങളും ഉടലെടുത്തു. അവയില്‍ ഏറ്റവും അര്‍ഥവത്തായത് കേരളത്തില്‍ മധ്യകാലഘട്ടത്തില്‍ നിലവിലിരുന്ന ഫ്യൂഡല്‍ സാമ്പത്തിക-രാഷ്ട്രീയ ക്രമത്തില്‍ വന്ന മാറ്റമാണ് ഫ്യൂഡലിസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവവിശേഷം, രാജസ്ഥാനത്തിനുണ്ടായ കഴിവുകേടും നാടുവാഴികളുടെയും പ്രഭുക്കന്മാരുടെയും അനിയന്ത്രിതമായ സ്വേച്ഛാചാരിത്വവുമായിരുന്നു. ഈ സ്ഥിതിവിശേഷം രാജ്യത്തില്‍ കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുകയും രാഷ്ട്രീയമായ അനിശ്ചിതത്വത്തിനും വ്യാപാരത്തിന്റെ തകര്‍ച്ചയ്ക്കും കളമൊരുക്കുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യത്തില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് ഈ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ നല്ല സൗകര്യം ലഭിച്ചു. ഈ ഫ്യൂഡല്‍ വ്യവസ്ഥിതിക്ക് ഏറ്റ ആദ്യത്തെ പ്രഹരം തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ (1729-58) യില്‍ നിന്നായിരുന്നു. പാരമ്പര്യമായി ഉദ്യോഗം ഭരിച്ചിരുന്ന വേണാട്ടിലെ കുഴപ്പക്കാരായ പിള്ളമാരെയും കാര്യക്കാരന്മാരെയും തായ് വഴി അംഗങ്ങളെയും അമര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. അതിനുശേഷം ദീര്‍ഘദര്‍ശിയും ഭരണനിപുണനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ദളവ രാമയ്യന്റെ സഹായത്തോടെ വേണാടിനു വടക്കു ഭാഗത്തുണ്ടായിരുന്ന ചെറിയ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ചു; രാജ്യം തൃപ്പടിദാനമായി ശ്രീപദ്മനാഭനു സമര്‍പ്പിച്ച് 'ശ്രീപദ്മനാഭദാസ'നായി രാജ്യഭാരം നടത്തി (നോ. തൃപ്പടിദാനം). ഈ ശ്രമത്തിനിടയില്‍ കുളച്ചല്‍യുദ്ധത്തില്‍ ഡച്ചുകാരെ അടിയറ പറയിക്കുകയും ഇംഗ്ലീഷ് കമ്പനിക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇങ്ങനെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മറ്റൊരു കേരളീയ രാജാവിനും കഴിഞ്ഞിട്ടില്ലാത്ത ശാശ്വത രാജ്യസ്ഥാപനപ്രശസ്തി നേടി. ഇദ്ദേഹം 'തിരുവിതാംകൂര്‍ രാജപരമ്പരയിലെ മഹിഷ്ഠനായ ഭരണാധികാരി'(Greatest Ruler of the Travancore line - Kerala District Gazetteers Trivandrum District, 1962) ആയിരുന്നുവെന്നു ചരിത്രകാരന്മാര്‍ പ്രസ്താവിക്കുന്നു (നോ. മാര്‍ത്താണ്ഡവര്‍മ). മാര്‍ത്താണ്ഡവര്‍മ അനുവര്‍ത്തിച്ച പദ്ധതി കൊച്ചിരാജാവായിരുന്ന ശക്തന്‍തമ്പുരാനും(1790-1805) പിന്തുടര്‍ന്നു. രാജശക്തിയെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ പുരോഹിതന്മാരെയും നാടുവാഴിപ്രഭുക്കന്മാരെയും നിയന്ത്രിച്ച് രാജ്യഭരണം ഉറപ്പിക്കുകയും ചെയ്തു. മൈസൂര്‍ പടയോട്ടക്കാലത്ത് നിര്‍ണയപ്പെടുത്തിയ ജന്മികുടിയാന്‍ ബന്ധം, ഭൂസര്‍വേസമ്പ്രദായം, സാമൂഹികപരിഷ്കാരങ്ങള്‍ മുതലായവ ഈ രീതിയിലുള്ള പ്രത്യേക നിയോഗങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ സ്വന്തം താത്പര്യം പരിരക്ഷിക്കാന്‍ വേണ്ടി പ്രഭുക്കന്മാരെയും നാടുവാഴികളെയും പുനഃപ്രതിഷ്ഠിക്കുകയാല്‍ സമൂഹത്തിനു ഹാനികരങ്ങളായ ഈ നടപടികള്‍ ഏതാനും ദശകങ്ങള്‍കൂടി നീണ്ടുനിന്നു.
(ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്; സ.പ.)
ആധുനിക കാലഘട്ടം
ആധുനിക തിരുവിതാംകൂര്‍
a. മാര്‍ത്താണ്ഡവര്‍മ (1729 - 58). 1729-ല്‍ സ്ഥാനാരോഹണം ചെയ്ത അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്പി. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ചെറിയൊരു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിനെ പുരോഗതിയിലേക്ക് നയിച്ചതും വലിയൊരു രാജ്യമായി വികസിപ്പിച്ചതും മാര്‍ത്താണ്ഡവര്‍മയായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് വേണാട് തിരുവിതാംകൂര്‍ എന്ന പേരില്‍ പ്രശസ്തിനേടുന്നത്. തിരുവിതാംകോട് അഥവാ തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ അംഗമായിരുന്നു മാര്‍ത്താണ്ഡവര്‍മ. തിരുവിതാംകോട് എന്ന സ്വരൂപനാമത്തില്‍ നിന്നാണ് തിരുവിതാംകൂര്‍ എന്ന രാജ്യനാമം നിഷ്പന്നമായത്.
രാജ്യത്തുടനീളം തികഞ്ഞ അരാജകത്വം നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു മാര്‍ത്താണ്ഡവര്‍മ അധികാരമേറ്റത്. എട്ടുവീട്ടില്‍ പിള്ളമാരുടെ പാവ മാത്രമായിരുന്നു മാര്‍ത്താണ്ഡവര്‍മയ്ക്കു മുമ്പുള്ള രാജാക്കന്മാര്‍. ഇതിന് അറുതിവരുത്താന്‍ മാര്‍ത്താണ്ഡവര്‍മ തമിഴ്നാട്ടില്‍ നിന്നും മറവപ്പടയെ കൂലിക്കുകൊണ്ടുവന്നു അരാജകവാദികളായ തമ്പിമാരെയും എട്ടുവീട്ടില്‍പ്പിള്ളമാരെയും ഉന്മൂലനം ചെയ്യുകയും രാജ്യവിസ്തൃതി വര്‍ധിപ്പിക്കാന്‍ സ്വന്തം സൈന്യത്തെ സജ്ജീകരിക്കുകയും ചെയ്തു. യുദ്ധത്തില്‍ തോല്‍ക്കുന്ന ചെറുകിട നാട്ടുരാജ്യങ്ങളും ദേശങ്ങളും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. പരാജിതരായ നാടുവാഴികളെ സാമന്തന്മാരായി അവരവരുടെ നാട് ഭരിക്കുവാന്‍ അനുവദിക്കുകയായിരുന്നു രീതി.
ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിപ്രകാരമായിരുന്നു ആറ്റിങ്ങല്‍ തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്തത്. തലശ്ശേരിയിലെയും മാഹിയിലെയും നാടുവാഴികളെ നേരിടാന്‍ മാര്‍ത്താണ്ഡവര്‍മ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരുമായി ധാരണ ഉണ്ടാക്കിയെങ്കിലും 1734-ല്‍ നടന്ന യുദ്ധത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. കൊട്ടാരക്കരയിലെ രാജാവ് മരിച്ചപ്പോള്‍ രാജാവിന്റെ പത്നിയെ ഭരണാധികാരിയാക്കാന്‍ മാര്‍ത്താണ്ഡവര്‍മ അനുവദിച്ചില്ല. രാജ്ഞി ഫ്രഞ്ചുകാരുടെ സഹായം തേടിയെങ്കിലും മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കൊട്ടാരക്കര പിടിച്ചെടുക്കുകയും തിരുവിതാകൂറിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തത്ഫലമായി ഫ്രഞ്ചുകാരുടെ കുരുമുളക് വ്യാപാരം തകര്‍ച്ചയിലേക്ക് നീങ്ങി. ഇതില്‍ അസംതൃപ്തരായ ഡച്ചുകാര്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ സഹായത്തോടെ തെക്കുനിന്ന് തിരുവിതാംകൂറിനെ ആക്രമിക്കാന്‍ പുറപ്പെട്ടു. വേണാടിന്റെ തലസ്ഥാനമായ കല്‍ക്കുളത്ത് വച്ച് തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ നേരിട്ടു. 1741 ആഗസ്റ്റില്‍ കുളച്ചലില്‍ വച്ച് തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പൂര്‍ണമായി പരാജയപ്പെടുത്തിയതോടെ ഡച്ചു ആധിപത്യം കേരളത്തില്‍ പൂര്‍ണമായും അവസാനിച്ചു.
തടവുകാരനായി പിടിച്ച ഡച്ചു സേനാനായകന്‍ ഡിലനോയിയെ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ സൈന്യത്തിന്റെ പരിശീലകനാക്കി. തുടര്‍ന്ന് നടന്ന പല യുദ്ധങ്ങളിലും തിരുവിതാംകൂറിനെ നയിച്ചത് ഡിലനോയിയായിരുന്നു. 1742-56 വര്‍ഷത്തില്‍ മാര്‍ത്താണ്ഡവര്‍മ കായംകുളം, കൊല്ലം, അമ്പലപ്പുഴ, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളെ ആക്രമിച്ചു പരാജയപ്പെടുത്തുകയും ആ രാജ്യങ്ങള്‍ തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളും മാര്‍ത്താണ്ഡവര്‍മയുടെ കാലഘട്ടത്തില്‍ ഉണ്ടായി. അണക്കെട്ടുകള്‍, ജലസംഭരണികള്‍, തോടുകള്‍, റോഡുകള്‍ എന്നിവ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നിര്‍മിച്ചു. പദ്മനാഭപുരം കൊട്ടാരവും പദ്മനാഭസ്വാമിക്ഷേത്രവും കൃഷ്ണപുരം കൊട്ടാരവും അദ്ദേഹം പുതുക്കിപ്പണിതു. ഭരണസൌകര്യത്തിനായി രാജ്യത്തെ തെക്കേ മുഖം, വടക്കേ മുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ മൂന്നായി തിരിക്കുകയും പിന്നീട് അവയെ കാര്യങ്ങളുടെ കീഴില്‍ മണ്ഡപത്തും വാതിലുകളായി വിഭജിക്കുകയും ഓരോന്നിനും പ്രത്യേകം കാര്യക്കാരെ നിയമിക്കുകയും ചെയ്തു. ഈ മണ്ഡപത്തുംവാതിലുകളാണ് പില്ക്കാലത്ത് താലൂക്കുകളായി മാറിയത്. മണ്ഡപത്തും വാതിലുകളെ പിന്നെ പകുതികളായും വിഭജിച്ചു. പകുതികളാണ് പിന്നീട് വില്ലേജുകളായി മാറിയത്. സുശക്തമായൊരു കേന്ദ്രീകൃത ഭരണം വ്യവസ്ഥാപിതമാക്കിയതോടൊപ്പം നികുതി സംഭരണത്തിലും മാര്‍ത്താണ്ഡവര്‍മ ശ്രദ്ധ പതിപ്പിച്ചു. 1739-ല്‍ നിലംപുരയിടങ്ങളുടെ കണ്ടെഴുത്തു നടത്താന്‍ അദ്ദേഹം വ്യവസ്ഥയുണ്ടാക്കി. ഈ വ്യവസ്ഥ പ്രകാരം വസ്തുക്കളെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ നാലായി വിഭജിച്ചു. ഇരുപ്പൂകൃഷിക്ക് പാട്ടം ഇരട്ടിയാക്കുകയും കൈവശക്കാരന് കരം നിശ്ചയിച്ചുകൊണ്ട് പട്ടയം നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ വ്യാപാരസംവിധാനത്തെയും മാര്‍ത്താണ്ഡവര്‍മ പുനഃസംവിധാനം ചെയ്തു. കുരുമുളക്, പുകയില, കാട്ടുകൊന്ന, അടയ്ക്ക മുതലായ ചരക്കുകളുടെ കച്ചവടവും ഉപ്പുനിര്‍മാണവും സര്‍ക്കാരിന്റെ കുത്തകയാക്കുകയും രാജ്യത്ത് സംഭരണശാലകള്‍ തുറക്കുകയും ചെയ്തു. കയറ്റുമതിയിലും ഇറക്കുമതിയിലും ചുങ്കംപിരിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.
രാമയ്യന്‍ ദളവയായിരുന്നു മാര്‍ത്താണ്ഡവര്‍മയുടെ പ്രധാന ഉപദേശകന്‍. 1750 ജനു. 3-ന് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനമായി സമര്‍പ്പിച്ചു. അതുമുതല്‍ മാര്‍ത്താണ്ഡവര്‍മയും പിന്‍ഗാമികളും ശ്രീപദ്മനാഭദാസരായിട്ടാണ് ഭരണം നടത്തിയത്. രാമപുരത്തുവാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നീ കവികള്‍ ഏറെക്കാലം മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു. നോ. മാര്‍ത്താണ്ഡവര്‍മ
b. ധര്‍മരാജാവ് (1758 - 98). മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്നത് ധര്‍മരാജാവ് എന്ന പേരില്‍ ഭരണം നടത്തിയ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവായിരുന്നു. സിംഹാസനാരോഹണാനന്തരം ഇദ്ദേഹം സാമൂതിരിമാരുടെ ആക്രമണത്തിനെതിരെ കൊച്ചിയുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയുടെ ചില സാമന്തപ്രദേശങ്ങള്‍ തിരുവിതാംകൂറിനു ലഭിച്ചു. എന്നാല്‍ മൈസൂറിന്റെ ആക്രമണത്തെ ഭയന്ന് വളരെപ്പെട്ടെന്നു സാമൂതിരി ധര്‍മരാജാവുമായി ധാരണ ഉണ്ടാക്കി (1763). അങ്ങനെ കോഴിക്കോട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയ്ക്കിടയില്‍ സമാധാനം നിലവില്‍ വന്നു.
ധര്‍മരാജാവിന്റെ ഭരണകാലത്തുണ്ടായ മറ്റൊരു പ്രധാന സംഭവം തിരുവിതാംകൂറിന്റെ കിഴക്കന്‍ മേഖലയിലൂടെ ഉണ്ടായ കര്‍ണാട്ടിക് നവാബിന്റെ കടന്നുകയറ്റമായിരുന്നു. നവാബിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ധര്‍മരാജാവ് കര്‍ണാട്ടിക് ഗവര്‍ണറുമായി സമാധാന ഉടമ്പടി ഉണ്ടാക്കി. പക്ഷേ ഇത് തിരുവിതാംകൂറിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കി. ഈ കാലഘട്ടത്തിലാണ് (1766) ഹൈദരാലിയും ടിപ്പുവും വടക്കന്‍ കേരളം (മലബാര്‍) ആക്രമിക്കുന്നതും മലബാറില്‍ അവരുടെ ആധിപത്യം ഉറപ്പിക്കുന്നതും. 1744-ല്‍ കോഴിക്കോട് കീഴടക്കിയ മൈസൂര്‍ സൈന്യം കൊച്ചിയിലേക്ക് നീങ്ങി. 1790-ല്‍ ടിപ്പുവിന്റെ സൈന്യം ആലുവ വരെ എത്തി. എന്നാല്‍ ബ്രിട്ടീഷ് സൈന്യം മൈസൂര്‍ ആക്രമിച്ചതിനാല്‍ ടിപ്പുവിന് മൈസൂറിലേക്ക് പിന്മാറേണ്ടിവന്നു. തുടര്‍ന്ന് മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു പരാജയപ്പെടുകയും 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിക്കുകയും ചെയ്തു. മൈസൂറിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷുകാരുടെ സഹായംതേടിയ രാജാവ് തിരുവിതാംകൂറിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നെടുങ്കോട്ട നിര്‍മിക്കുകയും ഡച്ചുകാരില്‍ നിന്നും കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം എന്നീ കോട്ടകള്‍ വിലയ്ക്കുവാങ്ങുകയും ചെയ്തു.
1795-ല്‍ രാജാവ് ബ്രിട്ടീഷുകാരുമായി മറ്റൊരു ഉടമ്പടിയുണ്ടാക്കുകയും തിരുവിതാംകൂറില്‍ കൊടിമരം നിര്‍മിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. നിയതാര്‍ഥത്തില്‍ ഈ ഉടമ്പടിയാണ് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് ആരംഭം കുറിച്ചത്.
c.ബാലരാമവര്‍മ (1798 - 1810). ധര്‍മരാജയെത്തുടര്‍ന്ന് 1798-ല്‍ ബാലരാമവര്‍മ രാജാവായി. അശക്തനായ ഒരു ഭരണാധികാരിയായിരുന്നു ബാലരാമവര്‍മ. ഇക്കാലത്ത് ഭരണനിര്‍വഹണം നടത്തിയിരുന്നത് ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ ചെട്ടി, മാത്തു തരകന്‍ എന്നിവരായിരുന്നു. ഇവര്‍ ജനങ്ങളില്‍ നിന്നും നിയമവിരുദ്ധമായി ധനശേഖരണം നടത്തിയിരുന്നു. ഇതിനെതിരെ വേലുത്തമ്പി നടത്തിയ പ്രക്ഷോഭം വിജയിച്ചു. തുടര്‍ന്ന് 1800-ല്‍ ബ്രിട്ടീഷ് റസിഡന്റായ മെക്കാളെയുടെ സമ്മതത്തോടെ വേലുത്തമ്പി തിരുവിതാംകൂര്‍ ദിവാനായി. 1805-ല്‍ ഉണ്ടാക്കിയ മറ്റൊരു സന്ധിയിലൂടെ തിരുവിതാംകൂറിന് അതിന്റെ രാഷ്ട്രീയസ്വാതന്ത്ര്യം നഷ്ടമാവുകയും രാജാവ് കേവലം നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തി മാത്രമാവുകയും ചെയ്തു. ഈ സന്ധി, ബ്രിട്ടീഷുകാര്‍ക്ക് നല്‍കേണ്ടിയിരുന്ന കപ്പം എട്ടു ലക്ഷമാക്കി വര്‍ധിപ്പിക്കുകയും രാജ്യത്തെ ദൈനംദിന കാര്യങ്ങളില്‍പ്പോലും ഇടപെടാന്‍ ബ്രിട്ടന് അവസരമൊരുക്കുകയും ചെയ്തു. തിരുവിതാംകൂര്‍ ഭരണത്തിന്മേലുള്ള ബ്രിട്ടീഷുകാരുടെ ഈ കൈകടത്തല്‍ ദിവാനും മെക്കാളയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഉലച്ചു. ക്രമേണ വേലുത്തമ്പി മെക്കാളെക്കും ബ്രിട്ടനും എതിരെ തിരിഞ്ഞു.
കപ്പം കൃത്യമായി കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ദിവാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെക്കാളെ കോര്‍ട്ട് ഒഫ് ഡയറക്ടേഴ്സിനു എഴുതി. ഇതില്‍ പ്രകോപിതനായ വേലുത്തമ്പി സര്‍വശക്തിയും സമാഹരിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാലിയത്തച്ചന്റെ സഹായവും വേലുത്തമ്പിക്ക് ലഭിച്ചിരുന്നു. മെക്കാളെക്കും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ ഒരു ജനകീയ കലാപമായിരുന്നു വേലുത്തമ്പിയുടെ ലക്ഷ്യം. 1808 ഡി. 29-ന് കൊച്ചിയില്‍ താമസിച്ചിരുന്ന മെക്കാളെയെ വധിച്ചുകൊണ്ടാരംഭിക്കാന്‍ പദ്ധതിയിട്ട ബ്രിട്ടീഷ് വിരുദ്ധകലാപം ആരംഭത്തിലേ പാളിപ്പോവുകയായിരുന്നു. ബ്രിട്ടീഷ് പട്ടാളം രംഗത്തെത്തിയതോടെ കലാപകാരികള്‍ പിന്‍വാങ്ങി. തുടര്‍ന്ന് ജനങ്ങളുടെ മനോവീര്യം വര്‍ധിപ്പിക്കുവാന്‍ 1809-ല്‍ കൊല്ലത്തെ കുണ്ടറ വച്ച് വേലുത്തമ്പി ഒരു വിളംബരം നടത്തി (കുണ്ടറ വിളംബരം). ഈ വിളംബരത്തില്‍ ബ്രിട്ടീഷുകാരെ വിശ്വാസത്തിലെടുക്കാന്‍ തിരുവിതാംകൂര്‍ സ്വമേധയാ സഹിച്ച കഷ്ടനഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞിരുന്നു. തിരുവിതാംകൂര്‍ യഥാര്‍ഥത്തില്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാലത്തെ സമൂഹം ആദരിച്ചിരുന്ന ബ്രാഹ്മണരുടെ താത്പര്യങ്ങളും ഹിന്ദുക്കളുടെ ആരാധനാകേന്ദ്രങ്ങളും വര്‍ധിച്ചുവരുന്ന ബ്രിട്ടീഷ് ശക്തിയില്‍ തട്ടിത്തകരുമെന്ന ഒരു മുന്നറിയിപ്പും ഹിന്ദുക്കളെ ആവേശഭരിതരാക്കാന്‍ ഇദ്ദേഹം വിളംബരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നോ. കുണ്ടറവിളംബരം
എന്നാല്‍ യുദ്ധഗതി തിരുവിതാംകൂറിന് എതിരായിരുന്നു. പുറത്തു നിന്നു പ്രതീക്ഷിച്ചിരുന്ന സഹായമൊന്നും ദിവാനു ലഭിക്കുകയുണ്ടായില്ല. പാലിയത്തച്ചനാകട്ടെ യുദ്ധാരംഭത്തിനുശേഷം വേലുത്തമ്പിയുമായുള്ള ധാരണയ്ക്കു വിരുദ്ധമായി ബ്രിട്ടീഷുകാരോടു ചേര്‍ന്നു. ബ്രിട്ടീഷ് സൈന്യം മൂന്നു വശത്തുനിന്നായി തിരുവിതാംകൂറിനെ വളയുകയും പദ്മനാഭപുരം കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ഒളിത്താവളങ്ങളിലൂടെ സഞ്ചരിച്ച വേലുത്തമ്പി ദളവ 1809 മാ. 29-ന് മണ്ണടിയില്‍ വച്ച് ആത്മഹത്യ ചെയ്തു. ദളവയുടെ ശവശരീരം ജനങ്ങള്‍ക്ക് താക്കീതായി തിരുവനന്തപുരത്തെ കണ്ണമ്മൂലയില്‍ ബ്രിട്ടീഷുകാര്‍ കെട്ടിത്തൂക്കി. ഹ്രസ്വമെങ്കിലും ശ്രദ്ധേയമായിരുന്നു വേലുത്തമ്പിയുടെ ബ്രിട്ടീഷ് വിരുദ്ധനീക്കങ്ങള്‍. ഇദ്ദേഹത്തിന്റെ തിരോധാനത്തോടെ തിരുവിതാംകൂറിന്റെ മേലുള്ള ബ്രിട്ടീഷ് നിയന്ത്രണം പൂര്‍ണമായി.
d. രണ്ടു റാണിമാര്‍. വേലുത്തമ്പിക്കുശേഷം ഉമ്മിണിത്തമ്പി ദിവാനായി; മെക്കാളെക്കു പകരം കേണല്‍ മണ്‍ട്രോ റസിഡന്റായും നിയമിക്കപ്പെട്ടു. 1809-ലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവങ്ങള്‍ക്കുശേഷം പരിക്ഷീണനായിരുന്ന ബാലരാമവര്‍മരാജാവ് അധികനാള്‍ കഴിയുന്നതിനു മുമ്പുതന്നെ അന്തരിച്ചു- 1810 ന. 7-ന്. ഇദ്ദേഹത്തിനുശേഷം, അധികാരമേല്‍ക്കാന്‍ രാജകുടുംബത്തില്‍ പുരുഷന്മാരില്ലാതിരുന്നതിനാല്‍ ഗൗരിലക്ഷ്മീഭായി സിംഹാസനസ്ഥയായി. അതേസമയം ലക്ഷ്മീഭായിയുടെ മൂത്ത സഹോദരിയുടെ പുത്രനായിരുന്ന കേരളവര്‍മ, രാജാധികാരത്തിനുള്ള അവകാശം തനിക്കാണെന്നു വാദിച്ചു; പണ്ഡിതന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ചചെയ്തശേഷം കേരളവര്‍മയുടെ അവകാശവാദത്തെ മണ്‍ട്രോ നിരാകരിച്ചു. എങ്കിലും കേരളവര്‍മയുടെ അവകാശവാദം ഇന്നും ഒരു വിവാദവിഷയമായി തുടരുന്നു.
പുതിയ ദിവാനായ ഉമ്മിണിത്തമ്പി ഭരണപരമായ പല പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തിയിരുന്നു. കാടായിക്കിടന്നിരുന്ന ഇന്നത്തെ ബാലരാമപുരവും മറ്റും വെട്ടിത്തെളിച്ച് അവിടെ നെയ്ത്തുകാരെ കൊണ്ടുവന്ന് പാര്‍പ്പിച്ചതും ഒരു കച്ചവടകേന്ദ്രമായി ക്രമേണ വളര്‍ന്നുവരാനിടയായ ഈ പ്രദേശത്തിനു നാടുവാഴിയോടുള്ള ആദരസൂചകമായി ബാലരാമപുരം എന്നു പേരിട്ടതും ഇദ്ദേഹമായിരുന്നു. ഒരു തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിച്ചെടുക്കുവാനുള്ള പദ്ധതിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ ഉമ്മിണിത്തമ്പിയെ റാണി ഉദ്യോഗത്തില്‍നിന്നും പിരിച്ചയയ്ക്കുകയും റസിഡന്റായ കേണല്‍ മണ്‍റോയ്ക്ക് ദിവാന്‍ പദവികൂടി നല്‍കുകയും ചെയ്തു (നോ. ഉമ്മിണിത്തമ്പി). 1812-ല്‍ ഉമ്മിണിത്തമ്പി കൊല്ലം കേന്ദ്രമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരായി ഒരു കലാപത്തിനൊരുങ്ങിയെങ്കിലും ആ ശ്രമം വിഫലമായി. തുടര്‍ന്ന് തമ്പി നെല്ലൂരിലേക്കു നാടുകടത്തപ്പെട്ടു.
ദിവാന്‍ പദവിയിലേക്കു കൂടി ഉയര്‍ത്തപ്പെട്ട റസിഡന്റ് മണ്‍ട്രോ, പുതിയതായി ആര്‍ജിച്ച അധികാരവും സ്വാധീനതയും സ്ഥായിയായ പല പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും തിരുവിതാംകൂറില്‍ നടപ്പിലാക്കുന്നതിനായി വിനിയോഗിക്കുകയുണ്ടായി. റാണിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും പരസ്പരധാരണയും ആഭ്യന്തര ഭരണകാര്യങ്ങളിലും തിരുവിതാംകൂര്‍-ഇംഗ്ലീഷ് ബന്ധങ്ങള്‍ സമരസപ്പെടുത്തുന്നതിലും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഭരണപരമായ അധികാരം മുഴുവന്‍ തന്നില്‍ കേന്ദ്രീകരിക്കുക എന്നതായിരുന്നു മണ്‍ട്രോയുടെ നയം (നോ. മണ്‍ട്രോ, കേണല്‍). തിരുവിതാംകൂറിനെ ആധുനികീകരിക്കുന്നതില്‍ ബ്രിട്ടീഷ്-ഇന്ത്യയെയാണ് മണ്‍ട്രോ മാതൃകയാക്കിയിരുന്നത്. തങ്ങളില്‍ അര്‍പ്പിതമായിരുന്ന അനല്പമായ അധികാരത്തെ ദുര്‍വിനിയോഗം ചെയ്തിരുന്നവരായിരുന്നു സര്‍വാധികാര്യക്കാര്‍ തുടങ്ങിയ ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നവരില്‍ ബഹുഭൂരിപക്ഷവും. ഈ ഉദ്യോഗങ്ങള്‍ മണ്‍ട്രോ നിര്‍ത്തല്‍ ചെയ്തു. കുറവര്‍, പറയര്‍, പള്ളര്‍, മലയര്‍, വേടര്‍ തുടങ്ങിയ ജനവിഭാഗങ്ങളെ അടിമകളായി ക്രയവിക്രയം ചെയ്തിരുന്ന സമ്പ്രദായം 1812-ല്‍ റാണി പുറപ്പെടുവിച്ച ഒരു വിളംബരംമൂലം നിര്‍ത്തല്‍ ചെയ്തു. അതിന്റെ പിന്നിലെ പ്രേരണ മണ്‍ട്രോയുടേതായിരുന്നു. തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ചിരുന്ന അദ്ദേഹം ജാതിജന്യമായ അവശതകള്‍ അനുഭവിച്ചിരുന്നവരോടു കരുണയും അവരുടെ പ്രശ്നങ്ങളോട് അനുഭാവവും കാട്ടിയിരുന്നു. അഴിമതിയും കാര്യക്ഷമതാരാഹിത്യവും കാട്ടിയിരുന്ന ഒട്ടേറെ ദേവസ്വങ്ങളുടെ ഭരണം ഗവണ്‍മെന്റ് ഏറ്റെടുത്തു. 437 മേജര്‍ ക്ഷേത്രങ്ങളും 1,123 മൈനര്‍ ക്ഷേത്രങ്ങളും അങ്ങനെ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വളരെയധികം വിവാദമുയര്‍ത്തിയ ഒരു നടപടിയായിരുന്നു ഇത്. റവന്യൂ, വ്യാപാരം, നീതിന്യായം, പൊലീസ് തുടങ്ങി എല്ലാ മേഖലകളിലും ഇക്കാലത്ത് പരിഷ്കാരങ്ങള്‍ ദൃശ്യമായിരുന്നു. മണ്‍ട്രോയുടെ ഭരണപരിചയവും ദീര്‍ഘവീക്ഷണവും ലക്ഷ്മീഭായിയുടെ യശസ്സു വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായി സഹായിച്ചിട്ടുണ്ട്. 1814-ല്‍ അദ്ദേഹം ദിവാന്‍പദവിയില്‍ നിന്നും വിരമിച്ചു.
ലക്ഷ്മീഭായിയെത്തുടര്‍ന്ന് അനുജത്തിയായ ഗൗരി പാര്‍വതീഭായി (1815-29) അധികാരമേറ്റു. ലക്ഷ്മീഭായിയുടെ പുത്രനായ സ്വാതിതിരുനാള്‍ ബാലനായിരുന്നതിനാല്‍ അദ്ദേഹത്തിനു പ്രായപൂര്‍ത്തിയാകുന്നതുവരെ റീജന്റ് എന്ന നിലയിലാണ് പാര്‍വതീഭായി രാജ്യം ഭരിച്ചിരുന്നത്. പാര്‍വതീഭായിയെയും ഭരണകാര്യങ്ങളില്‍ മണ്‍ട്രോ ഉപദേശിച്ചിരുന്നു. പുതിയതായി നിയമിതനായ ദിവാന്‍ ശങ്കുഅണ്ണാവി അപ്രാപ്തനായിരുന്നതിനാല്‍ പത്തു മാസത്തിനുശേഷം അദ്ദേഹത്തെ പിരിച്ചയയ്ക്കുകയും ഹുസൂര്‍കോര്‍ട്ട് ജഡ്ജി ആയ രാമന്‍മേനോനെ ആ സ്ഥാനത്തു നിയമിക്കുകയും ചെയ്തു.
സാമൂഹിക പ്രാധാന്യമുള്ള അനേകം പരിഷ്കാരങ്ങള്‍ പാര്‍വതീഭായിയുടെ കാലത്തു നടപ്പില്‍ വരുത്തുകയുണ്ടായി. മാമൂല്‍ പ്രകാരമുള്ള അടിയറ കൂടാതെതന്നെ നായന്മാര്‍ക്കും ഈഴവര്‍ക്കും മറ്റും സ്വര്‍ണത്തിലും വെള്ളിയിലും ആഭരണങ്ങള്‍ അണിയുവാനുള്ള അവകാശം ഇക്കാലത്തു ലഭിച്ചു. ഈഴവര്‍, വണ്ണാന്മാര്‍, ചെട്ടികള്‍ തുടങ്ങിയവര്‍ നല്‍കിയിരുന്ന തലവരി (Poll tax) നിര്‍ത്തല്‍ ചെയ്തു. പല ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഗവണ്‍മെന്റില്‍ നിന്ന് അനേകം ആനുകൂല്യങ്ങള്‍ ഇക്കാലത്തു ലഭിച്ചിരുന്നു. ഇതിന്റെ പിന്നിലെ പ്രേരണാശക്തി മണ്‍ട്രോയുടേതായിരുന്നു.
1809-ല്‍ കലാപത്തിനു ശേഷം ഗണ്യമായി കുറഞ്ഞിരുന്ന തിരുവിതാംകൂര്‍ പട്ടാളത്തിന്റെ സംഖ്യ 2,100 ആയി ഉയര്‍ത്താനും അവരെ സായുധരാക്കാനുമുള്ള ഒരു നിര്‍ദേശം റാണി മുന്നോട്ടു വയ്ക്കുകയും മണ്‍ട്രോ തന്റെ പ്രത്യേക ശിപാര്‍ശയോടെ അത് മദ്രാസ് ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കയയ്ക്കുകയും ചെയ്തു. ഇത് പിന്നീട് അംഗീകരിക്കപ്പെട്ടു. നായര്‍ ബ്രിഗേഡിന്റെ ഉത്പത്തി ഇങ്ങനെയായിരുന്നു.
മണ്‍ട്രോയുടെ പ്രേരണയും നിര്‍ബന്ധവുംമൂലം റാണി ദിവാന്‍ പദവിയില്‍നിന്നും രാമന്‍ മേനോനെ നീക്കുകയും അദ്ദേഹത്തെ 'ദളകര്‍ത്താ' എന്ന ഉദ്യോഗത്തില്‍ നിയമിക്കുകയും ചെയ്തു. പകരം മണ്‍ട്രോയുടെ ആശ്രിതനായിരുന്ന റെഡ്ഡിറാവുവിനെ ദിവാനായി നിയമിച്ചു. 1819-ല്‍ മണ്‍ട്രോ റസിഡന്റ് പദവി ഒഴിഞ്ഞു; തുടര്‍ന്നു വന്ന കേണല്‍ മാക്ഡൊവന്‍, കേണല്‍ നെവാള്‍ തുടങ്ങിയ റസിഡന്റുമാരുടെ സഹായത്തോടെ റെഡ്ഡിറാവുവിനെ മാറ്റി ദിവാന്‍ പദവിയിലേക്കുയരാന്‍ വെങ്കിട്ടറാവുവിനു കഴിഞ്ഞു. 1829-ല്‍ റീജന്‍സി അവസാനിപ്പിച്ചുകൊണ്ട് സ്വാതിതിരുനാള്‍ രാമവര്‍മ അധികാരമേറ്റു.
e. സ്വാതിതിരുനാള്‍ (1829-47). അനേകം ഭാഷകളില്‍ വ്യുത്പത്തിയും പ്രാവീണ്യവും നേടിയിരുന്ന സ്വാതിതിരുനാള്‍ ഒരു ഭരണാധികാരി എന്നതിനു പുറമേ നല്ലൊരു കലാകാരന്‍ കൂടി ആയിരുന്നു. തന്റെ ഗുരുവായ സുബ്ബറാവുവിനെ ദിവാനാക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും കേണല്‍ നെവാളിനെത്തുടര്‍ന്ന് റസിഡന്റായി വന്ന കേണല്‍ മോറിസണ്‍ വെങ്കട്ടറാവുവിനെത്തന്നെ ദിവാനായി തുടരുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുകയും രാജാവ് അതിനു വഴങ്ങുകയും ചെയ്തു. എന്നാല്‍ മദ്രാസ് ഗവണ്‍മെന്റ് മോറിസണെ തിരിച്ചുവിളിച്ചതോടെ വെങ്കിട്ടറാവു ദിവാന്‍പദവിയില്‍ നിന്നൊഴിയുകയും സുബ്ബറാവു തത്സ്ഥാനമേറ്റെടുക്കുകയും ചെയ്തു. 1830-ല്‍ ആരുവാമൊഴിയിലും ഭൂതപ്പാണ്ടിയിലും പാര്‍പ്പിച്ചിരുന്ന കമ്പനിപ്പട്ടാളങ്ങളെ (Subsidiary force) മദ്രാസ് ഗവണ്‍മെന്റ് പിന്‍വലിച്ചു.
പാര്‍വതീഭായിയുടെ കാലത്ത് സജ്ജമാക്കിയ തിരുവിതാംകൂര്‍ സേനയ്ക്ക് 'നായര്‍ ബ്രിഗേഡ്' എന്ന പേരു നല്‍കിയത് 1830-ല്‍ സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു. നീതിന്യായഭരണത്തില്‍ സ്ഥായിയായ പരിഷ്കാരങ്ങള്‍ ഇക്കാലത്തുണ്ടായി. ഇതിനുവേണ്ട രൂപരേഖ തയ്യാറാക്കിയത് ഹുസൂര്‍ ദിവാന്‍ പേഷ്കാരായ കണ്ടന്‍ മേനോനായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യയിലെ നിയമസംഹിതയുടെ ചുവടു പിടിച്ചായിരുന്നു കണ്ടന്‍ മേനോന്റെ പരിശ്രമങ്ങള്‍. കുറ്റകൃത്യം തെളിയിക്കാന്‍ ശുചീന്ദ്രത്തു നിലവിലിരുന്ന തിളച്ച നെയ്യില്‍ കൈമുക്കുന്ന പ്രാകൃതമായ സമ്പ്രദായം സ്വാതിതിരുനാള്‍ നിര്‍ത്തല്‍ ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാരംഭം കുറിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു (1843). നക്ഷത്രബംഗ്ലാവിന്റെ സ്ഥാപനവും കാനേഷുമാരി കണക്കെടുപ്പും മറ്റുമായിരുന്നു സ്വാതിതിരുനാളിന്റെ കാലത്തെ ശ്രദ്ധേയമായ ഇതര പരിഷ്കാരങ്ങള്‍.
സ്വാതിതിരുനാളിന് സുബ്ബറാവുവില്‍ തനിക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതോടെ അദ്ദേഹത്തെ, റസിഡന്റായ കേണല്‍ ഫ്രേസറിന്റെ സമ്മതത്തോടെ പിരിച്ചയച്ചു. ഹ്രസ്വകാലത്തേക്കു രംഗറാവു ദിവാനായി; തുര്‍ന്ന് പഴയ ദിവാനായിരുന്ന വെങ്കട്ടറാവുവിനെത്തന്നെ ദിവാന്‍ സ്ഥാനത്ത് അവരോധിച്ചു; എന്നാല്‍ തുടക്കം മുതല്‍ പുതിയ റസിഡന്റായിവന്ന ക്യാപ്റ്റന്‍ ഡഗ്ലസ്സുമായി അദ്ദേഹത്തിന് രസച്ചേര്‍ച്ചയില്ലാതായി. ഡഗ്ലസ് സുബ്ബറാവുവിന്റെ ഒരഭ്യുദയകാംക്ഷിയായിരുന്നു. തുടര്‍ന്ന് വെങ്കിട്ടറാവു ദിവാന്‍ പദമുപേക്ഷിച്ചു. സ്വാതിതിരുനാള്‍ റസിഡന്റിന്റെ താത്പര്യപ്രകാരം സുബ്ബറാവുവിനെ വീണ്ടും ദിവാനായി നിയമിച്ചു.
1840-ല്‍ റസിഡന്റായി വന്ന ജനറല്‍ കല്ലന്‍ നയരഹിതനായ ഒരാളായിരുന്നു. തന്റെ ആശ്രിതനായി കൂട്ടത്തില്‍ വന്നിരുന്ന മസൂലി പട്ടണത്തുകാരനായ കൃഷ്ണറാവുവിനെ, കല്ലന്റെ ഇംഗിതപ്രകാരം രാജാവ് ഹുസൂരില്‍ ഡെപ്യൂട്ടി പേഷ്കാരായി നിയമിച്ചു. കൃഷ്ണറാവുവിന്റെ ലക്ഷ്യം ദിവാന്‍ പദവിയായിരുന്നു. കല്ലന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. എന്നാല്‍ ഡെപ്യൂട്ടി പേഷ്കാര്‍ എന്ന നിലയിലുള്ള കൃഷ്ണറാവുവിന്റെ സേവനംപോലും സ്വാതിതിരുനാളിനു തൃപ്തികരമായി തോന്നിയിരുന്നില്ല. എങ്കിലും കല്ലന്റെ നിര്‍ബന്ധപ്രകാരം കൃഷ്ണറാവുവിനെ ഹെഡ് ദിവാന്‍ പേഷ്കാര്‍ എന്ന ഉദ്യോഗത്തില്‍ നിയമിച്ചു: ഇതിനിടയ്ക്ക് തനിക്കിഷ്ടമുള്ളവരെ ഉദ്യോഗസ്ഥന്മാരായി നിയമിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു കത്തുവഴി മദ്രാസ് ഗവണ്‍മെന്റില്‍ നിന്നും രാജാവു സമ്പാദിച്ചു. തുടര്‍ന്ന് റെഡ്ഡിറാവു വീണ്ടും ദിവാനായി നിയമിക്കപ്പെട്ടു. ഇതിനിടയില്‍ കൃഷ്ണറാവുവിനെ രാജാവ് സര്‍വീസില്‍ നിന്നും പിരിച്ചയച്ചു. കല്ലനും രാജാവും തമ്മിലുള്ള ബന്ധം ഉലഞ്ഞുകൊണ്ടിരുന്നു. ഭരണകാര്യങ്ങളില്‍ കല്ലന്റെ അനാവശ്യമായ കൈകടത്തല്‍ രാജാവിനു ഹിതകരമായില്ല. എന്നാല്‍ റെഡ്ഡിറാവു രാജിവയ്ക്കാനിടയായപ്പോള്‍ കൃഷ്ണറാവുവിനെ ദിവാനായി നിയമിക്കുവാന്‍ രാജാവ് തീരുമാനിച്ചു. എങ്കിലും കല്ലനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മെച്ചപ്പെട്ടില്ല. രാജാധികാരത്തിനുമേല്‍ മറ്റൊരധീശ ശക്തിയെ അംഗീകരിക്കുവാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. കല്ലനാകട്ടെ 1805-ലെ ഉടമ്പടിയിലൂടെ തിരുവിതാംകൂറിലെ എല്ലാ ആഭ്യന്തരകാര്യങ്ങളിലും അധികാരപൂര്‍വം ഇടപെടുവാന്‍ കമ്പനിയുടെ പ്രതിനിധിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന പക്ഷക്കാരനായിരുന്നു. അഭിമാനിയായിരുന്ന സ്വാതിതിരുനാളിന് ഇത് സ്വീകാര്യമായിരുന്നില്ല. കല്ലന് എതിരായി ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് അദ്ദേഹം പല കത്തുകള്‍ എഴുതിയെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഭരണകാര്യങ്ങളില്‍ വിരക്തി തോന്നിയ അദ്ദേഹം ശിഷ്ടകാലം കലാസപര്യയ്ക്കായി വിനിയോഗിച്ചു. സംഗീതത്തിന്റെ മേഖലയില്‍ മൗലികമൂല്യമുള്ള പല സംഭാവനകളും അദ്ദേഹത്തില്‍നിന്ന് കലാലോകത്തിനു ലഭ്യമായിട്ടുണ്ട്. സുകുമാരകലകളുടെ പരിപോഷകനായിരുന്നു സ്വാതിതിരുനാള്‍.
സ്വാതിതിരുനാളിന്റെ ഭരണകാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ വൈകുണ്ഠസ്വാമികള്‍ എന്ന ഒരു സാമൂഹിക പരിഷ്കര്‍ത്താവ് ജാതി നശീകരണത്തിനായുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണ മേധാവിത്വത്തെ കര്‍ശനമായി വിമര്‍ശിച്ച അദ്ദേഹം അവര്‍ണഹിന്ദുക്കളുടെ ക്രിസ്തുമതത്തിലേക്കുള്ള പലായനത്തെ എതിര്‍ത്തു. ജാതി ഹിന്ദുക്കളുടെ പ്രേരണയും സമ്മര്‍ദവുംമൂലം സ്വാതിതിരുനാള്‍ ഇദ്ദേഹത്തെ കുറച്ചുകാലം തടങ്കലില്‍ പാര്‍പ്പിച്ചെങ്കിലും പിന്നീടദ്ദേഹത്തെ സ്വതന്ത്രനാക്കുകയാണ് ചെയ്തത്. ചാന്നാര്‍ സ്ത്രീകള്‍ക്ക് മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ മാറു മറയ്ക്കാന്‍ അനുവാദം ലഭിച്ചിരുന്നു. ഈ അനുവാദം മതപരിവര്‍ത്തനം ചെയ്യാത്ത ചാന്നാര്‍ സ്ത്രീകള്‍ക്കും മറ്റും ലഭിക്കണമെന്നും വൈകുണ്ഠസ്വാമികള്‍ വാദിച്ചു. ഇതിന്റെ പേരില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഒട്ടേറെ പ്രക്ഷോഭണങ്ങള്‍ ഇക്കാലത്തുണ്ടായി. 1829-ലെ ഒരു വിളംബരംമൂലം ചാന്നാര്‍ സ്ത്രീകള്‍ക്കും മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ചു. എന്നാല്‍, അവര്‍ ജാതി ഹിന്ദുസ്ത്രീകളെ ഒരു തരത്തിലും അനുകരിക്കാന്‍ പാടില്ലെന്ന് ഈ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്നു.
1847-ല്‍ സ്വാതിതിരുനാള്‍ അന്തരിച്ചു. തുടര്‍ന്ന് ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1847-60) ഭരണമേറ്റു. കല്ലനുമായി നല്ല വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാന്‍ വേണ്ടി ഇക്കാലത്ത് എല്‍.എം.എസ്. മിഷനറിമാര്‍ ശ്രമിച്ചിരുന്നു. പറയര്‍, പുലയര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ അക്കാലത്ത് അടിമകളായിരുന്നു. അവരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാമായിരുന്നു. സമ്പന്നരും ഭൂവുടമകളുമായിരുന്ന സവര്‍ണ ഹിന്ദുക്കള്‍ക്ക് ധാരാളം അടിമകളുണ്ടായിരുന്നു. സിലോണിലും മറ്റും ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന തോട്ടങ്ങളില്‍ പണിയെടുക്കുവാന്‍ ധാരാളം ആളുകളെ ആവശ്യമായിരുന്നു. കേരളത്തിലെ അടിമകള്‍ സവര്‍ണരുടെ വകയായിരുന്നതിനാല്‍ അവരെ അതില്‍നിന്നും മോചിപ്പിക്കേണ്ടതു ബ്രിട്ടീഷുകാരുടെ സാമ്പത്തികമായ ഒരാവശ്യമായിരുന്നു. ഇതിന് അവര്‍ മിഷനറിമാരെ കരുവാക്കി. മിഷനറിമാര്‍ പലതവണ മദ്രാസ് ഗവണ്‍മെന്റിനെഴുതി. കല്ലന്‍ വഴി മദ്രാസ് ഗവണ്‍മെന്റ് തിരുവിതാംകൂര്‍ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. അതിന്റെ ഫലമായി 1853-ല്‍ തിരുവിതാംകൂറിലും കൊച്ചിയിലും അടിമത്തം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരമുണ്ടായി.
1858-ല്‍ തെക്കന്‍തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ സവര്‍ണസ്ത്രീകളെപ്പോലെ മേല്‍മുണ്ട് ധരിക്കാന്‍ തുടങ്ങി. ഇത് സവര്‍ണരെ പ്രകോപിപ്പിച്ചു. ചാന്നാര്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. ചാന്നാന്മാരും ശക്തമായി തിരിച്ചടിച്ചു. കലാപം വിളവംകോട്, കല്‍ക്കുളം, ഇരണിയല്‍, അഗസ്തീശ്വരം, തോവാള എന്നിവിടങ്ങളില്‍ അതിരൂക്ഷമായി. ഗവണ്‍മെന്റിന് സായുധസേനയെ നിയോഗിക്കേണ്ടിവന്നു. 1859-ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളതുപോലെ മേല്‍മുണ്ട് ധരിക്കുവാനുള്ള അവകാശം നല്‍കിക്കൊണ്ട് രാജാവ് ഒരു വിളംബരം പുറപ്പെടുവിക്കുകയുണ്ടായി. നോ. ചാന്നാര്‍ ലഹള
തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റാഫീസ് 1847-ല്‍ ആലപ്പുഴ പട്ടണത്തില്‍ തുറക്കപ്പെട്ടു. പല യൂറോപ്യന്‍ കമ്പനികള്‍ക്കും പില്ക്കാലത്ത് ഈ പട്ടണത്തില്‍ കമ്പനികള്‍ സ്ഥാപിക്കുവാനുള്ള പ്രേരണ നല്‍കിയത് ജെയിംസ് ഡാറാ എന്ന അമേരിക്കക്കാരനായിരുന്നു.
ഉത്രംതിരുനാളിന്റെ കാലത്താണ് ഡാറാ തന്റെ കയര്‍ഫാക്ടറി ഇവിടെ സ്ഥാപിച്ചത്.
1858-ല്‍ ദിവാന്‍ കൃഷ്ണറാവു അന്തരിച്ചു. പുതിയ ദിവാനായി ടി. മാധവറാവു നിയമിക്കപ്പെട്ടു. 1860-ല്‍ ഉത്രംതിരുനാള്‍ അന്തരിച്ചു; അതേവര്‍ഷം തന്നെ കല്ലന്‍ റസിഡന്റ് പദവിയില്‍നിന്നു വിരമിക്കുയും ചെയ്തു. കല്ലന്റെ പിന്‍ഗാമിയായി എഫ്. എന്‍. മാള്‍ട്ട് ബി അധികാരമേറ്റു.
f. ആയില്യംതിരുനാളും വിശാഖംതിരുനാളും. 1860-ല്‍ ആയില്യം തിരുനാള്‍ രാമവര്‍മ രാജാവായി. ഭരണപരിഷ്കാരങ്ങളും ജനക്ഷേമകരങ്ങളായ അനേകം സംരംഭങ്ങളും ഇക്കാലത്തു ദൃശ്യമായിരുന്നു. കുരുമുളകിന്റെയും പുകയിലയുടെയുംമേല്‍ സര്‍ക്കാരിനുണ്ടായിരുന്ന കുത്തക പിന്‍വലിച്ചു. ശ്രദ്ധേയമായ ചില ഭൂപരിഷ്കാരങ്ങളും ഇക്കാലത്തു നടപ്പാക്കുകയുണ്ടായി. 1865-ലെ പണ്ടാരപ്പാട്ടം വിളംബരം ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. സര്‍ക്കാര്‍വക പാട്ടവസ്തുക്കളുടെ മേല്‍ കുടിയാന് അവകാശം സ്ഥിരപ്പെടുത്തിക്കൊടുക്കുവാന്‍ ഇതു സഹായിച്ചു. 1867-ലെ ജന്മി-കുടിയാന്‍ വിളംബരമാകട്ടെ വസ്തുവില്‍ കുടിയാനുള്ള അവകാശത്തിനു സ്ഥിരത നല്‍കി. വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും മറ്റും ശ്രദ്ധേയമായ പല സംരംഭങ്ങളും ആയില്യം തിരുനാളിന്റെ ഭരണകാലത്തു ദൃശ്യമായിരുന്നു. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.
ആയില്യം തിരുനാളിന്റെ കാലത്തെ എല്ലാ പരിഷ്കാരങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മസ്തിഷ്കം ദിവാനായ മാധവറാവുവിന്റേതായിരുന്നു. പ്രാപ്തനെങ്കിലും ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ഒരു ഭരണാധിപനുമായിരുന്നു അദ്ദേഹം. നാട്ടുരാജ്യങ്ങള്‍ക്കിടയില്‍ തിരുവിതാംകൂറിനെ ഒരു മാതൃകാസംസ്ഥാനമായി ഉയര്‍ത്തിയതിന്റെ ഖ്യാതി മാധവറാവുവിന് അവകാശപ്പെടാവുന്നതാണ്. 1872-ല്‍ ഇദ്ദേഹം ദിവാന്‍പദവി ഒഴിഞ്ഞു.പിന്നീടദ്ദേഹം മാര്‍ത്താണ്ഡവര്‍മയുടെയും ധര്‍മരാജാവിന്റെയും ഭരണകാലം മാത്രമുള്‍ക്കൊള്ളുന്ന ഒരു ചരിത്രകൃതി (A History of Travancore) രചിക്കുകയുണ്ടായി.
മാധവറാവുവിനെത്തുടര്‍ന്ന് ശേഷയ്യാശാസ്ത്രി ദിവാനായിത്തീര്‍ന്നു. ജനക്ഷേമകരങ്ങളായ പല പരിഷ്കാരങ്ങളും ഇദ്ദേഹത്തിന്റെ കാലത്തും തുടര്‍ന്നു നടപ്പാക്കിയിരുന്നു. ശേഷയ്യാശാസ്ത്രിയുടെ പിന്‍ഗാമി നാണുപിള്ളയായിരുന്നു. പൊതുമരാമത്ത്, ജലസേചനം, ആശുപത്രികളുടെ സ്ഥാപനം എന്നിവയില്‍ ഇദ്ദേഹം ശ്രദ്ധിച്ചു. ഇക്കാലത്താണ് പുനലൂര്‍ തൂക്കുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ ശുചീകരണത്തിന് ചില ചട്ടങ്ങള്‍ നിര്‍മിച്ചു. തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവിന്റെ പണിയും പൂര്‍ത്തിയായി.
1880-ല്‍ ആയില്യംതിരുനാള്‍ അന്തരിച്ചു. തുടര്‍ന്ന് വിശാഖംതിരുനാള്‍ രാജാവായി. പണ്ഡിതന്‍ എന്ന നിലയില്‍ കീര്‍ത്തിമാനായിരുന്ന ഇദ്ദേഹം തിരുവിതാംകൂര്‍ രാഷ്ട്രീയം സംബന്ധിച്ച് വിമര്‍ശനാത്മകമായി ഇംഗ്ലീഷ് ലേഖനങ്ങള്‍ മദ്രാസ് അത്തീനിയം, ദി ഇന്‍ഡ്യന്‍ സ്റ്റേറ്റ്സ്മാന്‍ എന്നീ പത്രങ്ങളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. കല്‍ക്കട്ടറിവ്യൂവില്‍ ഇദ്ദേഹം സര്‍ ടി. മാധവറാവുവിനെപ്പറ്റി എഴുതിയ ലേഖനം റസിഡന്റ് അത്തോള്‍മാക് ഗ്രിഗോറിന്റെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായി.
വിശാഖംതിരുനാള്‍ രാജാവായി അധികം കഴിയുന്നതിനു മുമ്പുതന്നെ ദിവാന്‍ നാണുപിള്ളയില്‍ എന്തോ അപ്രീതി തോന്നുകയാല്‍ അദ്ദേഹത്തെ പെന്‍ഷന്‍ നല്‍കി പിരിച്ചയച്ചു. പകരം വി. രാമയ്യങ്കാര്‍ ദിവാനായി. നികുതി കുടിശ്ശിക ഇളവു ചെയ്തുകൊടുത്തുകൊണ്ട് ജനങ്ങളുടെ കടബാധ്യതയ്ക്കു പരിഹാരം കണ്ടെത്തി; പൊലീസ് സേന പുനഃസംഘടിപ്പിച്ചു; പൊലീസും നീതിന്യായ നിര്‍വഹണവും വിഭജിച്ചു; കണ്ടെഴുത്തിനും ഭൂസര്‍വേക്കുമായി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. കാര്‍ഷിക-കന്നുകാലി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു കൃഷിക്കാര്‍ക്ക് ഉത്തേജനം നല്‍കി. പല കയറ്റുമതിച്ചരക്കുകളുടെയും തീരുവ നിര്‍ത്തല്‍ ചെയ്തു. കരകൗശലപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ധനസഹായംമൂലം പ്രോത്സാഹിപ്പിക്കപ്പെട്ടു. നെല്ലറയായ നാഞ്ചിനാടിന്റെ ജലസേചനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. കൊച്ചിയുമായുണ്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കവും കൊച്ചിയിലെ ഇരിങ്ങാലക്കുട ക്ഷേത്ത്രതിന്റെമേല്‍ തിരുവിതാംകൂറിനുണ്ടായിരുന്ന അവകാശവാദവും മറ്റും റസിഡന്റ് ഹാനിങ്ടന്റെ മധ്യസ്ഥതീര്‍പ്പിലൂടെ പരിഹരിക്കപ്പെട്ടു.
ജ്യോതിശ്ശാസ്ത്രം ഉള്‍പ്പെടെ ഭിന്നവിഷയങ്ങളെപ്പറ്റി അനേകം ലഘുലേഖകള്‍ വിശാഖംതിരുനാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണത്തിലും പാണ്ഡിത്യത്തിലും ഒരുപോലെ ശ്രദ്ധേയനായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലം അഞ്ചുവര്‍ഷം മാത്രമായിരുന്നു. 1885-ല്‍ വിശാഖം തിരുനാള്‍ അന്തരിച്ചു.
g. ശ്രീമൂലംതിരുനാള്‍ (1885-1924). വിശാഖം തിരുനാളിന്റെ മരണശേഷം അനന്തരവനായ ശ്രീമൂലംതിരുനാള്‍ അധികാരമേറ്റു. ഏകദേശം നാലു ദശാബ്ദക്കാലം നീണ്ടുനിന്ന സുദീര്‍ഘമായ ഒരു ഭരണമായിരുന്നു ഇദ്ദേഹത്തിന്റേത്. അടിസ്ഥാനപരമായ പല പരിഷ്കാരങ്ങളും ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്തു നടപ്പിലാക്കുകയുണ്ടായി. രാജ്യത്തെ മധ്യകാല സാമൂഹിക ബന്ധങ്ങളില്‍ നിന്നും വിമുക്തമാക്കുവാന്‍ കഴിയുന്ന ഒട്ടേറെ പരിഷ്കാരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ ഒരു നയമാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. 1888-ല്‍ അരുവിപ്പുറത്തെ ക്ഷേത്ര പ്രതിഷ്ഠയോടെ ശ്രദ്ധേയമായിത്തീര്‍ന്ന ശ്രീനാരായണഗുരുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങളുടെ ഏറിയകാലവും ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്തുതന്നെയായിരുന്നു. അങ്ങനെ ഭരണപരിഷ്കാരങ്ങള്‍കൊണ്ടും സാമൂഹിക പരിവര്‍ത്തനപ്രസ്ഥാനങ്ങള്‍കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം.
ഭൂനികുതിഭരണം, കൃഷി, വിദ്യാഭ്യാസം എന്നിവയിലെല്ലാം ഇക്കാലത്ത് ഗണ്യമായ പരിഷ്കാരങ്ങളുണ്ടായി. സാമൂഹികമായി അയിത്തജാതിക്കാരായി അകലെ നിര്‍ത്തപ്പെട്ടു പോന്നിരുന്ന പിന്നോക്കവിഭാഗത്തില്‍പ്പെട്ട സമുദായങ്ങളിലെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിച്ചത് ശ്രീമൂലംതിരുനാളിന്റെ കാലത്തായിരുന്നു. തിരുവനന്തപുരത്ത് സംസ്കൃതകോളജ്, ആയുര്‍വേദകോളജ്, ലാകോളജ്, പുരാവസ്തു ഗവേഷണവകുപ്പ് എന്നിവ സ്ഥാപിക്കപ്പെട്ടു. ദുശ്ശീലങ്ങള്‍ക്കടിമപ്പെട്ടുപോയ കുട്ടികളെ നേര്‍വഴിക്കാക്കാന്‍വേണ്ടി ഒരു ദുര്‍ഗുണപരിഹാര പാഠശാലയും സ്ഥാപിതമായി. ഗതാഗതം, ആശുപത്രികള്‍, നാട്ടുചികിത്സാവകുപ്പിന്റെ വികസനം, നഗരവികസനം എന്നിവയും ഇദ്ദേഹത്തിന്റെ ഭരണകാലത്തു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
'വിരുത്തി' സമ്പ്രദായം ക്രമാനുഗതമായി നിര്‍ത്തലാക്കപ്പെട്ടു. സര്‍ക്കാര്‍ ഊട്ടുപുരകള്‍, ക്ഷേത്രങ്ങള്‍, വിശേഷദിവസങ്ങളില്‍ കൊട്ടാരം എന്നിവിടങ്ങളിലേക്കു പച്ചക്കറികള്‍, പാല്‍, നെയ്യ് മുതലായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ 'വിരുത്തിക്കാര്‍' ബാധ്യസ്ഥരായിരുന്നു. ഇതിനുപകരമായി നിസ്സാര നികുതിയില്‍ ഇവര്‍ക്കു ഭൂമി നല്‍കിയിരുന്നെങ്കിലും മാറിയ പരിതഃസ്ഥിതിയില്‍ വിരുത്തിക്കാര്‍ക്ക് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിയിരുന്നു. ഷെഡ്ഡുകള്‍ കെട്ടുക, ചില പൊതുകെട്ടിടങ്ങള്‍ കെട്ടിമേയുക, രാജാക്കന്മാരുടെ ഊരുചുറ്റല്‍കാലത്ത് വേണ്ടതെല്ലാം എത്തിക്കുക തുടങ്ങി പല ചുമതലകളും വിരുത്തിക്കാര്‍ നിര്‍വഹിക്കേണ്ടിയിരുന്നു. ശ്രീമൂലംതിരുനാള്‍ ഒരു 'വിരുത്തിക്കമ്മിറ്റി'യെ നിയമിക്കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1909-ല്‍ ഒരു വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. ചരിത്രപരമായ കാരണങ്ങളാല്‍ അനിവാര്യമെന്നു തോന്നിയ അപൂര്‍വം ചില മേഖലകളിലൊഴികെ മറ്റെല്ലാ രംഗത്തും 'വിരുത്തി' സമ്പ്രദായം അവസാനിപ്പിക്കുകയുണ്ടായി.
ഭരണത്തില്‍ ജനപങ്കാളിത്തം എന്ന ആശയത്തിന് 1888-ല്‍ രൂപവത്കൃതമായ ലെജിസ്ലേറ്റീവ് കൌണ്‍സിലിലൂടെ ശ്രീമൂലം തിരുനാള്‍ പ്രായോഗികരൂപം നല്‍കി. എന്നാല്‍ വളരെ പരിമിതമായിരുന്നു ഇതിന്റെ പ്രാരംഭ ഘടന. ദിവാന്‍ അധ്യക്ഷനായുള്ള എട്ടംഗ കൗണ്‍സിലില്‍ മൂന്ന് അനൗദ്യോഗികാംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ഇദംപ്രഥമമായിരുന്നു ഇത്തരമൊരു സമിതിയുടെ രൂപവത്കരണം. അതിന്റെ പ്രാധാന്യവും അതുതന്നെയായിരുന്നു. 1904-ല്‍ ജനാഭിപ്രായം ആരായുവാനും കൂടുതല്‍ താത്പര്യങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കുവാനുമായി ശ്രീമൂലം പ്രജാസഭ സ്ഥാപിക്കപ്പെട്ടു. പിന്നീട് കൗണ്‍സിലിലെ അംഗസംഖ്യ വര്‍ധിപ്പിക്കുകയും അവരില്‍ നല്ല ഒരു വിഭാഗത്തെ തിരഞ്ഞെടുക്കുവാനുള്ള അവകാശം പ്രജാസഭാംഗങ്ങള്‍ക്കു നല്‍കുകയും ചെയ്തു. സ്ത്രീകള്‍ക്കും സമ്മതിദാനാവകാശം നല്‍കിയിരുന്നെങ്കിലും അഞ്ചു രൂപ എങ്കിലും കരം കൊടുത്തിരുന്നവര്‍ക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമായിരുന്നു വോട്ടര്‍മാര്‍. പരിമിതികള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും ഈ സമിതികളുടെ രൂപവത്കരണം രാഷ്ട്രീയപുരോഗതിയിലേക്കുള്ള പ്രധാനപ്പെട്ട ഒരു കാല്‍വയ്പായിരുന്നു.
1891-ല്‍ തിരുവിതാംകൂറിലെ സിവില്‍ സര്‍വീസില്‍ 'വിദേശ ബ്രാഹ്മണര്‍'ക്കുണ്ടായിരുന്ന അമിതപ്രാതിനിധ്യത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ഒരു നിവേദനം ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ചു. മലയാളി മെമ്മോറിയല്‍ അഥവാ ട്രാവന്‍കൂര്‍ മെമ്മോറിയല്‍ എന്നറിയപ്പെട്ടിരുന്ന ഈ നിവേദനത്തില്‍ വിദ്യാസമ്പന്നരായ മലയാളികള്‍ തൊഴില്‍രഹിതരായിക്കഴിയുമ്പോള്‍ തിരുവിതാംകൂറിലെ ഉദ്യോഗങ്ങളില്‍ 'വിദേശ ബ്രാഹ്മണ'രെക്കൊണ്ടു നിറയ്ക്കുന്നതില്‍ പ്രതിഷേധിച്ചു. നായര്‍ സമുദായാംഗങ്ങള്‍ മുന്‍കൈയെടുത്തു സമര്‍പ്പിച്ച ഈ നിവേദനത്തില്‍ ഡോ. പല്‍പ്പുവിനെപ്പോലുള്ള ചില അന്യജാതിക്കാരും ചേര്‍ന്നിരുന്നു. എന്നാല്‍ മലയാളി മെമ്മോറിയലിലെ എല്ലാ വാദങ്ങളെയും ഖണ്ഡിച്ചുകൊണ്ട് ഒരു 'കൗണ്ടര്‍ മെമ്മോറിയല്‍' ബ്രാഹ്മണരും മറ്റും ചേര്‍ന്നു മഹാരാജാവിനു സമര്‍പ്പിക്കുകയുണ്ടായി. 1895-96 കാലത്ത് ഈഴവരുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങളും മറ്റും നേടിയെടുക്കുവാനായി രണ്ടു നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. 1895 മേയില്‍ ഡോ. പല്‍പ്പു സ്വന്തംനിലയില്‍ ദിവാന്‍ ശങ്കരസുബ്ബയ്യര്‍ക്കും 13,176 ഈഴവര്‍ ഒപ്പിട്ട മറ്റൊരു നിവേദനം അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തില്‍ 1896 സെപ്തംബറില്‍ രാജാവിനും സമര്‍പ്പിക്കപ്പെട്ടു. 'ഈഴവ മെമ്മോറിയല്‍' എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഈ മെമ്മോറിയലുകള്‍ തിരുവിതാംകൂറിലെ രാഷ്ട്രീയമായ വളര്‍ച്ചയുടെയും ചലനത്തിന്റെയും പ്രതിഫലനങ്ങളായിരുന്നു.
കരംതീരുവ പ്രജാസഭയിലും കൗണ്‍സിലിലും മറ്റും അംഗത്വത്തിനുള്ള വ്യവസ്ഥയായിരുന്നതിനാല്‍ പാരമ്പര്യമായി ഭൂവുടമകളായിരുന്ന വിഭാഗങ്ങള്‍ക്കു മാത്രമേ ഇവയില്‍ അംഗമാകാന്‍ കഴിയുമായിരുന്നുള്ളൂ. ഇതര ജനവിഭാഗങ്ങള്‍ക്കു നാമനിര്‍ദേശത്തിലൂടെ അംഗത്വം നല്‍കണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍ നിന്നും പൊന്തിവരികയുണ്ടായി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയും വിവേകോദയത്തിന്റെ പത്രാധിപരുമായിരുന്ന എന്‍. കുമാരനാശാന്‍ വിവേകോദയത്തിലൂടെ ഇതിനായി നിരന്തരമായി വാദിച്ചുപോന്നു. ഇതിന്റെ ഫലമായി കുമാരനാശാന്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങി സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന പല സമുദായാംഗങ്ങള്‍ക്കും നാമനിര്‍ദേശം വഴി പ്രജാസഭയില്‍ അംഗത്വം ലഭിച്ചു.
ജാതീയമായ അനാചാരങ്ങളും അസമത്വം നിറഞ്ഞ ഒരു സമൂഹവും നിലനിന്നിരുന്ന അക്കാലത്ത് അവര്‍ണഹിന്ദുക്കള്‍ എന്നു വിവക്ഷിക്കപ്പെട്ടിരുന്ന കീഴാളജാതിക്കാര്‍ അസ്പൃശ്യരായിരുന്നു. ദേവസ്വങ്ങള്‍ അന്ന് റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്നു. ഇക്കാരണത്താല്‍ റവന്യൂ വകുപ്പില്‍ അഹിന്ദുക്കള്‍ക്കും അവര്‍ണ ഹിന്ദുക്കള്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരായി ഈഴവ-ക്രൈസ്തവ-മുസ്ലിം സമുദായങ്ങള്‍ ഒന്നിക്കുകയും ദേവസ്വങ്ങള്‍ റവന്യൂവകുപ്പില്‍ നിന്നും വേര്‍പെടുത്തിയശേഷം ആ വകുപ്പില്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 1919-22 കാലത്ത് ഈ ലക്ഷ്യത്തിലേക്കായി അവര്‍ ഒരു പ്രക്ഷോഭണം നടത്തുകയുണ്ടായി. 'പൌരാവകാശസമിതി' (Civil Right League) യുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭണത്തെത്തുടര്‍ന്ന് 1922-ല്‍ ദേവസ്വങ്ങള്‍ റവന്യൂ വകുപ്പില്‍ നിന്നു വേര്‍പെടുത്തുകയും അങ്ങനെ പ്രക്ഷോഭകരുടെ ആവശ്യം ഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു. അവര്‍ണഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം മാത്രമല്ല, ക്ഷേത്ര റോഡുകള്‍ പോലും അപ്രാപ്യമായിരുന്ന അക്കാലത്ത് വൈക്കം ക്ഷേത്രറോഡുകളില്‍ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് 1924 മാ. 30-ന് സുപ്രധാനമായ ഒരു സത്യഗ്രഹസമരമാരംഭിച്ചു. ടി.കെ. മാധവന്‍ മുന്‍കൈയെടുത്തു തുടങ്ങിയ വൈക്കം സത്യഗ്രഹത്തില്‍ കെ.പി. കേശവമേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ. കേളപ്പന്‍, ടി. ആര്‍. കൃഷ്ണസ്വാമി അയ്യര്‍, മന്നത്തു പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സത്യാഗ്രഹത്തിന്റെ ഒരു ഘട്ടത്തില്‍ പ്രസിദ്ധ സാമൂഹിക പരിഷ്കര്‍ത്താവായ ഈ. വി. രാമസ്വാമിനായ്ക്കരും തമിഴ്നാട്ടില്‍ നിന്നെത്തി പങ്കെടുക്കുകയുണ്ടായി. വൈക്കം സത്യഗ്രഹത്തിന്റെ ആരംഭം ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്തായിരുന്നെങ്കിലും അവസാനിച്ചത് തുടര്‍ന്നുവന്ന റീജന്‍സി കാലത്തായിരുന്നു.
ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്ത് അങ്ങിങ്ങായി ചില സാമൂഹിക അസ്വസ്ഥതകള്‍ പൊട്ടിപ്പുറപ്പെട്ടു. ഇവയെ പക്ഷേ ലഹളകള്‍ എന്നാണ് അക്കാലത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചുകാണുന്നത്. തിരുവനന്തപുരത്തെ ചാല ലഹള, ആലപ്പുഴ ലഹള, നെയ്യാറ്റിന്‍കരയിലെ പുലയ ലഹള, തലയോലപ്പറമ്പു ലഹള, കന്യാകുമാരി ലഹള എന്നിവയായിരുന്നു അവയില്‍ പ്രധാനം. ഇതില്‍ ചിലതിനു വര്‍ഗീയച്ഛായയും മറ്റു ചിലതിനു സാമൂഹിക പരിഷ്കരണപശ്ചാത്തലവുമാണുണ്ടായിരുന്നത്. എന്നാല്‍ 1908-ലെ ചാലലഹള കച്ചവടക്കാരും പൊലീസും തമ്മിലുളള ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായതായിരുന്നു.
ശ്രീമൂലംതിരുനാളിന്റെ ഭരണവിജയത്തിന്റെ പിന്നില്‍ പല ദിവാന്മാരുടെയും പ്രയത്നവും പ്രതിഭയും വ്യക്തമായിരുന്നു. രാമയ്യങ്കാര്‍, ടി. രാമറാവു, എസ്. ശങ്കരസുബ്ബയ്യര്‍, കൃഷ്ണസ്വാമി റാവു, വി. പി. മാധവറാവു, എസ്. രാജഗോപാലാചാരി, പി. രാജഗോപാലാചാരി, എം. കൃഷ്ണന്‍ നായര്‍, രാഘവയ്യാ എന്നിവരായിരുന്നു ദിവാന്മാര്‍. പി. രാജഗോപാലാചാരിയുടെ ഭരണകാലത്ത് തിരുവിതാംകൂറിലെ രാഷ്ട്രീയാന്തരീക്ഷം അത്യന്തം പ്രക്ഷുബ്ധമായി. വക്കം മൌലവിയുടെ ഉടമസ്ഥതയില്‍ നടന്നിരുന്ന സ്വദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ള മുഖപ്രസംഗങ്ങളിലൂടെയും മറ്റും ദിവാനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അഴിമതി, ഭരണപരമായ വൈകല്യങ്ങള്‍ എന്നിവയായിരുന്നു മുഖ്യാരോപണങ്ങള്‍. തിരുവിതാംകൂറില്‍ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടി ആദ്യമായി വാദിച്ചതും രാമകൃഷ്ണപിള്ളയായിരുന്നു. രാജ്യത്തിന്റെ ഉത്തമതാത്പര്യം പ്രത്യക്ഷത്തിലും വ്യക്തിപരമായ ചില പരിഭവങ്ങള്‍ പരോക്ഷത്തിലും ഈ വിമര്‍ശനത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നാടിന്റെ ഉത്തമതാത്പര്യങ്ങള്‍ക്കു വിരുദ്ധമെന്ന നിഗമനത്തിലാണ് ഗവണ്‍മെന്റ് എത്തിച്ചേര്‍ന്നത്. ഒടുവില്‍ (1910) സ്വദേശാഭിമാനി പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തു. എന്നാല്‍ രാജഗോപാലാചാരിയുടെ ഭരണം അയിത്ത ജാതിക്കാര്‍ക്ക് അനുകൂലമായ അനേകം സ്ഥായിയായ ഭരണപരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.
h. ഒരു ഇടവേള. 1924-ല്‍ ശ്രീമൂലംതിരുനാള്‍ അന്തരിച്ചു. കിരീടാവകാശിയായ ശ്രീചിത്തിരതിരുനാളിന് പ്രായപൂര്‍ത്തി എത്തിയിട്ടില്ലാതിരുന്നതിനാല്‍ സീനിയര്‍ റാണിയായിരുന്ന സേതുലക്ഷ്മീഭായി റീജന്റായി ഭരണഭാരമേറ്റു. രാഘവയ്യാ 1925-ല്‍ ദിവാന്‍ പദവിയില്‍ നിന്നും വിരമിച്ചപ്പോള്‍ എം. ഇ. വാട്സ് തത്സ്ഥാനം ഏറ്റെടുത്തു. 1925-ല്‍ പാസാക്കിയ നായര്‍ ആക്റ്റ്, നായന്മാര്‍ക്കിടയില്‍ നിലവിലിരുന്ന മരുമക്കത്തായത്തിനു പകരം മക്കത്തായം സ്വീകരിക്കുവാന്‍ വ്യവസ്ഥ ചെയ്തു. ഈ രീതിയില്‍ത്തന്നെ 1926-ല്‍ നാഞ്ചിനാട്ടു വെള്ളാള ആക്റ്റും പാസാക്കി ഊഴിയം സേവനം അവസാനിപ്പിച്ചു. ഗ്രാമങ്ങളില്‍ സ്വയംഭരണ സമ്പ്രദായം വികസിപ്പിക്കുവാനായി ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി. ദേവസ്വം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചു; ഗ്രാന്റ് നല്‍കിയിരുന്ന ഇതര ക്ഷേത്രങ്ങളില്‍ ഈ സമ്പ്രദായം നിരുത്സാഹപ്പെടുത്തി. ഭഗവതീക്ഷേത്രങ്ങളില്‍ ഭക്തിയുടെ പേരില്‍ നടത്തിയിരുന്ന ശക്തിപൂജയും തുടര്‍ന്നുള്ള അശ്ലീലച്ചുവയുള്ള പൂരപ്പാട്ടും പൊതുജനങ്ങളില്‍ നിന്നുതന്നെ ആവര്‍ത്തിച്ചുണ്ടായ നിവേദനങ്ങളുടെ ഫലമായി ഗവണ്‍മെന്റ് 1927-ല്‍ നിര്‍ത്തല്‍ ചെയ്തു. തെക്കന്‍ തിരുവിതാംകൂറിലെ ശുചീന്ദ്രം പോലുള്ള ചില ക്ഷേത്രങ്ങളില്‍ നിലവിലിരുന്ന ദേവദാസി സമ്പ്രദായം 1930-ല്‍ നിരോധിക്കുകയുണ്ടായി.
അഖിലേന്ത്യാ ശ്രദ്ധയാകര്‍ഷിച്ച 1924-ലെ വൈക്കം സത്യഗ്രഹത്തിനു തിരശ്ശീല വീണതു റീജന്‍സി ഭരണകാലത്തായിരുന്നു. ഇതിനായി മഹാത്മാഗാന്ധി വൈക്കം സന്ദര്‍ശിക്കുകയും തുടര്‍ന്ന് റീജന്റിനെ കാണുകയും ചെയ്തു. തെക്കു നാഗര്‍കോവിലില്‍ നിന്ന് ഡോ. എം. ഇ. നായിഡുവിന്റെയും വൈക്കത്തുനിന്ന് മന്നത്തു പദ്മനാഭന്റെയും നേതൃത്വത്തില്‍ സവര്‍ണസമുദായങ്ങളുടെ ഓരോ ജാഥ വൈക്കം സത്യഗ്രഹത്തിനു പിന്തുണ നല്‍കിക്കൊണ്ട് തിരുവനന്തപുരത്തേക്കു നീങ്ങി. അവര്‍ ഇക്കാര്യത്തിനായി റീജന്റിനെക്കണ്ടു നിവേദനം നല്‍കുകയും ചെയ്തു. അവസാനം കിഴക്കേനട റോഡൊഴികെ മറ്റു മൂന്നു റോഡുകളിലും അവര്‍ണര്‍ക്കു പ്രവേശനം നല്‍കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ശുചീന്ദ്രം സത്യഗ്രഹവും തിരുവാര്‍പ്പു സത്യഗ്രഹവും നടന്നത്.
1929-ല്‍ ദിവാന്‍ വാട്സ് ഉദ്യോഗത്തില്‍ നിന്നും വിരമിക്കുകയും പകരം വി. എസ്. സുബ്രഹ്മണ്യയ്യര്‍ ദിവാനായി നിയമിതനാവുകയും ചെയ്തു. പുതിയ നിയമനം നായര്‍ സമുദായത്തിന്റെ ശക്തമായ വിമര്‍ശനത്തിനും തുറന്ന പ്രക്ഷോഭണത്തിനും കാരണമായി. 'പട്ടര്‍ പ്രക്ഷോഭണം' എന്നറിയപ്പെട്ടിരുന്ന ഈ പ്രതിഷേധ പ്രകടനം മദ്രാസിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു നടത്തിയിരുന്നത്. 1932 ഫെബ്രുവരിയില്‍ സുബ്രഹ്മണ്യയ്യര്‍ ദിവാന്‍പദമൊഴിഞ്ഞു. ടി. ഓസ്റ്റിന്‍ ആയിരുന്നു അടുത്ത ദിവാന്‍.
i. ചിത്തിരതിരുനാള്‍. 1931 ന. 6-ന് റീജന്‍സി അവസാനിപ്പിച്ചുകൊണ്ട് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ രാജാവായി അധികാരമേറ്റു. ചെറുപ്പത്തില്‍ത്തന്നെ അനേകം ഭാഷകളിലും വിഷയങ്ങളിലും ഉറച്ച പാണ്ഡിത്യം നേടിയ ഇദ്ദേഹം അത്യന്തം വിനായാന്വിതനായിരുന്നു. സ്ഥാനാരോഹണവേളയില്‍ത്തന്നെ തന്റെ ജനങ്ങള്‍ക്ക് ഒരു പുതിയ ഭരണഘടനാപരിഷ്കാരം വാഗ്ദാനം ചെയ്തത് ഇദ്ദേഹം നിറവേറ്റി. ശ്രീമൂലം പോപ്പുലര്‍ അസംബ്ലി എന്ന അധോമണ്ഡലവും ശ്രീചിത്തിര സ്റ്റേറ്റ് കൌണ്‍സില്‍ എന്ന ഉപരിമണ്ഡലവുമുള്ള ഒരു ദ്വിമണ്ഡല നിയമസഭയ്ക്ക് ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. 1932-ല്‍ നിയമപരവും ഭരണഘടനാപരവുമായ കാര്യങ്ങളില്‍, തന്നെ ഉപദേശിക്കുവാനായി നിയുക്തനായ സര്‍ സി. പി. രാമസ്വാമി അയ്യരായിരുന്നു ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്. എന്നാല്‍ ഈ പരിഷ്കാരം വളരെ വലിയ ഒരു വിഭാഗം ജനങ്ങളെ തൃപ്തിപ്പെടുത്തിയില്ല. വോട്ടവകാശത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍മൂലം ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, ഈഴവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി നിയമനിര്‍മാണസഭയില്‍ ലഭിക്കേണ്ടിയിരുന്ന പ്രാതിനിധ്യം നഷ്ടപ്പെടുമായിരുന്നു. കൂടാതെ പബ്ലിക് സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം, നായര്‍ ബ്രിഗേഡില്‍ പ്രവേശനം തുടങ്ങി മറ്റാവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് ഈ വിഭാഗങ്ങള്‍ പ്രക്ഷോഭണമാരംഭിച്ചു. 1932 മുതല്‍ 1938 വരെ നീണ്ടുനിന്ന ഈ പ്രക്ഷോഭണം 'നിവര്‍ത്തന പ്രസ്ഥാനം' എന്ന പേരില്‍ അറിയപ്പെട്ടു. അനുരഞ്ജനത്തിനായി പുതിയ ദിവാന്‍ സര്‍ ഹബീബുള്ള (1932-34) ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുക എന്നതായിരുന്നു പ്രക്ഷോഭകരുടെ പ്രധാന തന്ത്രം. 1936-ല്‍ സി.പി. ദിവാനായി. ക്രമേണ ഇവരുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി ഗവണ്‍മെന്റ് അനുവദിച്ചുകൊടുക്കുകയും 1938 ഫെബ്രുവരിയില്‍ ഈ പ്രക്ഷോഭണത്തിനു നേതൃത്വം കൊടുത്തിരുന്ന 'സംയുക്തരാഷ്ട്രീയസമിതി' പിരിച്ചുവിടപ്പെടുകയും ചെയ്തു.
നിവര്‍ത്തന പ്രസ്ഥാനകാലത്തുതന്നെ അതില്‍ പങ്കെടുത്തിരുന്ന ഈഴവര്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും വാദിച്ചുപോന്നു. അവര്‍ണഹിന്ദുക്കളില്‍ ശക്തമായ ഒരു വിഭാഗത്തിന്റെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ഹിന്ദുക്കള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കുന്നില്ലെങ്കില്‍, മതപരിവര്‍ത്തനത്തെക്കുറിച്ചു ചിന്തിക്കുവാന്‍ അവരുടെ നേതാക്കള്‍ തുറന്ന ആഹ്വാനം നല്‍കി. ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിനു ജാതിയുടെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കീഴ്വഴക്കത്തോട് പുതിയ ദിവാനായ സര്‍ സി. പി. രാമസ്വാമി അയ്യര്‍ യോജിച്ചില്ല. ദിവാനായി അധികം കഴിയുന്നതിനുമുമ്പുതന്നെ അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം അനുവദിക്കുവാന്‍ അദ്ദേഹം രാജാവിനെ ഉപദേശിച്ചു. ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം ഇക്കാലത്ത് തിരുവിതാംകൂറില്‍ സൃഷ്ടിച്ചിരുന്നെങ്കിലും യാഥാസ്ഥിതികരുടെ മനോഭാവം പൊതുവേ ഈ പരിഷ്കാരത്തിനെതിരായിരുന്നു. 1936 ന. 12-ലെ ക്ഷേത്രപ്രവേശനവിളംബരം തിരുവിതാംകൂറിലെ സാമൂഹിക പരിവര്‍ത്തനചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഗാന്ധിജി ഇക്കാര്യത്തില്‍ രാജാവിനെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് ഒരു സന്ദേശമയയ്ക്കുകയുണ്ടായി.
1938 ഫെബ്രുവരിയില്‍ രൂപവത്കൃതമായ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രാജാവിന്റെ പരമാധികാരത്തിന്‍കീഴില്‍ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടി വാദിക്കുവാന്‍ തുടങ്ങി. അധികാരം ജനങ്ങളിലേക്കു കൈമാറുവാനും എക്സിക്യൂട്ടീവ് എന്ന നിലയില്‍ അമിതാധികാരങ്ങള്‍ കൈയടക്കിയിരുന്ന ദിവാന്‍ ഭരണമവസാനിപ്പിക്കാനും രൂപംകൊണ്ട ഈ ബഹുജനപ്രസ്ഥാനത്തെ നേരിടുവാന്‍ ഗവണ്‍മെന്റ് നിയമങ്ങളുണ്ടാക്കി പ്രക്ഷോഭണത്തെ വിവിധ തലങ്ങളില്‍ ശക്തമായി നേരിട്ടു. നെയ്യാറ്റിന്‍കര, ശംഖുംമുഖം, കല്ലറ-പാങ്ങോട്, ആറ്റിങ്ങല്‍ തുടങ്ങി പല സ്ഥലങ്ങളിലും വെടിവയ്പുണ്ടായി. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പോഷകഘടകമായിരുന്നെങ്കിലും തിരുവിതാംകൂര്‍ യൂത്ത്ലീഗ് കൂടുതല്‍ കര്‍ക്കശവും തീവ്രവാദപരവുമായ നിലപാടാണ് ഗവണ്‍മെന്റിനോടും ദിവാനോടും സ്വീകരിച്ചിരുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഉത്തരവാദിത്ത ഭരണപ്രക്ഷോഭണത്തിന് പട്ടംതാണുപിള്ള, സി. കേശവന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. ഇതിനിടെ തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനു ബദലായി ഒരു പാര്‍ട്ടിയും രൂപവത്കൃതമായി. ഇത് സര്‍ സി. പി. യുടെ സൃഷ്ടിയായിരുന്നു. എസ്. കൃഷ്ണയ്യര്‍, തര്യത് കുഞ്ഞിത്തൊമ്മന്‍, പി. എസ്. മുഹമ്മദ്, കോട്ടൂര്‍ കുഞ്ഞുകൃഷ്ണപിള്ള എന്നിവരായിരുന്നു ഇതിന്റെ നേതാക്കള്‍.
1946-ല്‍ ദിവാനില്‍ യഥാര്‍ഥാധികാരങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടും പ്രത്യക്ഷത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശവും മറ്റും ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്തുകൊണ്ടും ഒരു പുതിയ ഭരണഘടന നടപ്പില്‍വരുത്തുവാന്‍ ഗവണ്‍മെന്റ് ശ്രമിച്ചു.'അമേരിക്കന്‍ മോഡല്‍' ഭരണഘടന എന്നു വിശേഷിപ്പിച്ചിരുന്ന ഇതിനെതിരായി സ്റ്റേറ്റ് കോണ്‍ഗ്രസ് അഭിപ്രായം രേഖപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ പുതിയ ഭരണഘടനയെ നഖശിഖാന്തം എതിര്‍ത്തു. ആലപ്പുഴ കേന്ദ്രമാക്കി ശക്തമായ ഒരു തൊഴിലാളി പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തിരുന്നു. പുതിയ ഭരണഘടനയ്ക്കു മാത്രമല്ല രാജവാഴ്ചയ്ക്കു തന്നെ എതിരായ ഒരു നിലപാടിലേക്കാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്നു നീങ്ങിയിരുന്നത്.
രാഷ്ട്രീയ പ്രശ്നങ്ങളും തൊഴിലാളി പ്രശ്നങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രേഡ് യൂണിയനുകള്‍ 1946 ഒ. 20 മുതല്‍ പണിമുടക്കുവാന്‍ തീരുമാനിച്ചു. അഖിലതിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ആലപ്പുഴ, ചേര്‍ത്തല പ്രദേശങ്ങള്‍ പണിമുടക്കിയ തൊഴിലാളികളുടെ ശക്തികേന്ദ്രങ്ങളായിരുന്നു. ജന്മിമാരും മുതലാളിമാരും ഗവണ്‍മെന്റിനെ പിന്താങ്ങി. പണിമുടക്കിയ കര്‍ഷകത്തൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും ജന്മി-മുതലാളിമാരുടെ പിണിയാളുകളുമായി ഏറ്റുമുട്ടി. പൊലീസ് തൊഴിലാളികള്‍ക്കെതിരായ നില സ്വീകരിക്കുകയും ചെയ്തതോടെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സ്വയം രക്ഷിക്കുവാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി. 1946 ഒ. 26-ന് പുന്നപ്രയില്‍ പൊലീസും തൊഴിലാളികളുമായി ഏറ്റുമുട്ടി. ഏതാനും പൊലീസുകാരും അസംഖ്യം തൊഴിലാളികളും ഈ ഏറ്റുമുട്ടലില്‍ മരണമടഞ്ഞു. ഒ. 25-ന് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളില്‍ പട്ടാളഭരണം ഏര്‍പ്പെടുത്തി; ദിവാന്‍തന്നെ സുപ്രീം കമാന്‍ഡര്‍ പദവി ഏറ്റെടുത്തു. ഒ. 27-ന് വയലാറിലും വെടിവയ്പുണ്ടായി. ഇവിടെ മരണമടഞ്ഞ തൊഴിലാളികളുടെ യഥാര്‍ഥ സംഖ്യ എത്രയെന്ന് ആര്‍ക്കും നിശ്ചയമില്ലാതായി. കേരളചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് പുന്നപ്ര-വയലാര്‍ സമരം.
ഇന്ത്യയില്‍ നിന്ന് ഇംഗ്ലീഷുകാര്‍ വിട്ടൊഴിയുവാനും അധികാരം ഇന്ത്യന്‍ നേതാക്കള്‍ക്കു കൈമാറാനും വേണ്ട വ്യവസ്ഥകളെയും മാര്‍ഗങ്ങളെയും പറ്റി ചര്‍ച്ച നടക്കുമ്പോള്‍ തിരുവിതാംകൂറിന് ഒരു സ്വതന്ത്രപരമാധികാര പദവി വിഭാവന ചെയ്തുകൊണ്ട് 'സ്വതന്ത്രതിരുവിതാംകൂര്‍' എന്ന ആശയം 1947 മാ. 16-ന് ഒരു പ്രസ്താവനയിലൂടെ സര്‍ സി.പി. പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചു. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയോടോ പാകിസ്താനോടോ ലയിക്കുന്ന പ്രശ്നം തീരുമാനിക്കാനുള്ള അധികാരാവകാശങ്ങള്‍ അതത് രാജ്യത്തെ ജനങ്ങള്‍ക്കായിരുന്നില്ല; നാട്ടുരാജാക്കന്മാര്‍ക്കായിരുന്നു എന്ന വാദത്തെ ആയുധമാക്കിക്കൊണ്ട് തിരുവിതാംകൂര്‍ സ്വതന്ത്രപദവി ആര്‍ജിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ ഈ നീക്കത്തെ രാജ്യത്തിലെ സകല രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും നിശിതമായി എതിര്‍ത്തു. ഈ എതിര്‍പ്പിന്റെ വേലിയേറ്റക്കാലത്താണ് 1947 ജൂലായ് 25-ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ഒരു ചടങ്ങില്‍ സംബന്ധിച്ചശേഷം മടങ്ങിപ്പോകവേ സര്‍ സി. പി. രാമസ്വാമി അയ്യര്‍ കൈയേറ്റത്തിന് ഇരയായത്. 1947 ആഗ. 19-ന് അദ്ദേഹം തിരുവിതാംകൂര്‍ വിട്ടു. തുടര്‍ന്ന് പി.ജി. നാരായണന്‍ ഉണ്ണിത്താന്‍ ഒഫീഷ്യേറ്റിങ് ദിവാനായി അധികാരമേറ്റു. 1947 സെപ്. 24-ന് ഉത്തരവാദിത്തഭരണം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജാവ് വിളംബരം പുറപ്പെടുവിച്ചു.
തിരുവിതാംകൂറിലെ ദിവാന്മാരില്‍ ബുദ്ധിശക്തിയിലും ദീര്‍ഘവീക്ഷണത്തിലും ഭരണപരിചയത്തിലും അസാധാരണമായ വ്യക്തിത്വം പ്രകടിപ്പിച്ച ഒരാളായിരുന്നു സര്‍ സി.പി. രാമസ്വാമി അയ്യര്‍. തിരുവിതാംകൂറിന്റെ പുരോഗതിയില്‍ ഇദ്ദേഹത്തിനു നിര്‍ണായകമായ ഒരു പങ്കുണ്ട്. തിരുവിതാംകൂറിലെ പല അടിസ്ഥാന വ്യവസായങ്ങളും സി.പി. യുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേയുടെ ബ്ലൂ പ്രിന്റ് ഇദ്ദേഹത്തിന്റെ കാലത്തുതന്നെ തയ്യാറാക്കിയിരുന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ ഇദ്ദേഹം വളരെയേറെ ശ്രദ്ധിച്ചു. വനം കൈയേറ്റത്തെ അതിശക്തമായി എതിര്‍ത്തിരുന്നു. വനത്തിന്റെ സംരക്ഷണം നാടിന്റെ ഭദ്രതയ്ക്ക് അത്യാവശ്യമെന്നു മനസ്സിലാക്കിയ ഇദ്ദേഹം വനം കൈയേറ്റക്കാരെ നാടിന്റെ ശത്രുക്കളായി കാണുകയും ആ വിധത്തില്‍ത്തന്നെ അവരെ നേരിടുകയും ചെയ്തു.
തിരുവിതാംകൂറില്‍ ഒരു സര്‍വകലാശാല രൂപവത്കരിക്കാനും പ്രൈമറി വിദ്യാഭ്യാസം ദേശസാത്കരിക്കാനും നടപടികള്‍ സ്വീകരിച്ചത് സര്‍ സി. പി. ആയിരുന്നു. ക്ഷേത്രപ്രവേശന വിളംബരം പോലുള്ള സാമൂഹിക പരിഷ്കരണ നടപടികളും തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇദ്ദേഹത്തെ അവിസ്മരണീയനാക്കി. ഭരണപരമായ കെട്ടുറപ്പും സാമ്പത്തിക ഭദ്രതയും കൈവരിക്കുന്നതില്‍ തിരുവിതാംകൂറിനുവേണ്ടി ഇദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമായിരുന്നു. ശ്രീചിത്തിരതിരുനാളിന്റെ വാഴ്ചക്കാലത്തെ നാനാവിധമായ പുരോഗതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ധിഷണ സി. പി. യുടേതായിരുന്നു. എന്നാല്‍ ബഹുജനപ്രസ്ഥാനങ്ങളെ അസഹിഷ്ണുതയോടെയാണ് ഇദ്ദേഹം വീക്ഷിച്ചിരുന്നത്. അതുതന്നെയായിരുന്നു പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ പതനത്തിനു വഴിയൊരുക്കിയതും.
കൊച്ചി
a. ശക്തന്‍ തമ്പുരാന്‍. കൊച്ചിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് രാമവര്‍മ ശക്തന്‍ തമ്പുരാന്റെ ഭരണകാല(1790-1805) ത്തോടുകൂടിയാണ്. പ്രാരംഭത്തില്‍ മൈസൂറുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ശക്തന്‍ തമ്പുരാന്‍ പിന്നീട് ആ രാജ്യവുമായി ശത്രുതയിലായി. ടിപ്പുവിന്റെ തിരുവിതാംകൂര്‍ ആക്രമണത്തിനുവേണ്ട സൈന്യത്തെ കൊച്ചിയിലൂടെ നയിക്കുന്നതിനെ ഇദ്ദേഹം എതിര്‍ത്തു. തുടര്‍ന്ന് ടിപ്പു കൊച്ചിയുടെ ശത്രുവായി. അവസാനം ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ നിശ്ശേഷം പരാജയപ്പെടുത്തിയപ്പോള്‍ ശക്തന്‍ തമ്പുരാന്‍ ബ്രിട്ടീഷുകാരുമായി സഖ്യത്തിലേര്‍പ്പെട്ടു. 1791 ജനു. 6-ന് കൊച്ചിയും ബ്രിട്ടീഷുകാരും തമ്മില്‍ ഒപ്പുവച്ച കരാര്‍, പില്ക്കാലത്ത് ആ രാജ്യത്ത് ബ്രിട്ടീഷ് മേല്‍ക്കോയ്മ സ്ഥാപിക്കുവാനിടവരുത്തി.
ഡച്ചുകാരോടു മമതയില്‍ കഴിഞ്ഞിരുന്ന ലത്തീന്‍ കത്തോലിക്കര്‍, ഗൗഡസാരസ്വതര്‍ എന്നീ ജനവിഭാഗങ്ങളോട് ശക്തന്‍ തമ്പുരാന്‍ അസഹിഷ്ണുതയോടെ പെരുമാറി. എന്നാല്‍ സിറിയന്‍ ക്രിസ്ത്യാനികളാകട്ടെ ഇദ്ദേഹത്തില്‍നിന്നും ഉദാരമായ പല ആനുകൂല്യങ്ങളും നേടുകയുണ്ടായി. അവര്‍ണരോടുള്ള ഇദ്ദേഹത്തിന്റെ മനോഭാവം ശ്ലാഘനീയമായിരുന്നു. അരയര്‍, ഈഴവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് ശക്തന്‍ തമ്പുരാന്‍ പ്രദര്‍ശിപ്പിച്ച വിശാലവീക്ഷണത്തിന്റെ ഗുണഫലങ്ങളനുഭവിക്കുവാന്‍ കഴിഞ്ഞു. ഈഴവരുടെ സേനയെത്തന്നെ ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു.
ഭരണരംഗത്ത് ഇദ്ദേഹം നടപ്പാക്കിയ ജനക്ഷേമകരങ്ങളായ പല പരിഷ്കാരങ്ങളും നാടിനെയും നാട്ടുകാരെയും സ്ഥായിയായി സ്വാധീനിച്ചു. ബ്രാഹ്മണമേധാവിത്വത്തെയും അതിന്റെ മറവില്‍ നിലനിന്നിരുന്ന അധര്‍മങ്ങളെയും അഴിമതികളെയും ഇദ്ദേഹം ശക്തമായി നേരിട്ടു. ജനനന്മ ലക്ഷ്യമാക്കി ഭരണം നടത്തിയ പ്രഗല്ഭനായ ഒരു സ്വേച്ഛാധിപതിയായിരുന്നു ശക്തന്‍ തമ്പുരാന്‍.
1805 സെപ്തംബറില്‍ ശക്തന്‍തമ്പുരാന്‍ അന്തരിക്കുകയും അനന്തരവനായ രാമവര്‍മ (1805-09) സിംഹാസനസ്ഥനാവുകയും ചെയ്തു. മാധ്വമതാനുയായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍ തിരുവിതാംകൂറിലെ ദിവാനായ വേലുത്തമ്പിയുമൊത്ത് ബ്രിട്ടീഷുകാര്‍ക്കെതിരായി കലാപത്തിനൊരുങ്ങിയത്. റസിഡന്റായിരുന്ന മെക്കാളെയെ വധിക്കുവാനുള്ള വിഫലശ്രമത്തിനുശേഷം പാലിയത്തച്ചന്‍ 1809 ഫെ. 27-ന് ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങുകയും തുടര്‍ന്നു നാടുകടത്തപ്പെടുകയും ചെയ്തു. അധികം താമസിയാതെ രാമവര്‍മരാജാവും അന്തരിച്ചു.
തുടര്‍ന്ന് 1809-ല്‍ രാമവര്‍മയുടെ സഹോദരനായ വീരകേരളവര്‍മ (1809-28) രാജാവായി. 1809 മേയില്‍ ബ്രിട്ടീഷുകാര്‍ കൊച്ചിയുമായി ഒരു പുതിയ കരാറില്‍ ഒപ്പുവച്ചു. യുദ്ധച്ചെലവിനായി ആറു ലക്ഷം രൂപയ്ക്കു പുറമേ പ്രതിവര്‍ഷം കപ്പവും ബ്രിട്ടീഷുകാര്‍ക്കു നല്‍കുവാന്‍ കൊച്ചി ബാധ്യസ്ഥമായി. മറ്റു യൂറോപ്യന്‍ ശക്തികളുമായി സ്വതന്ത്രമായി ബന്ധപ്പെടുന്നതില്‍ നിന്നും കൊച്ചി വിലക്കപ്പെട്ടു. കൊച്ചിയില്‍ ബ്രിട്ടീഷ് മേധാവിത്വം പൂര്‍ണമായും സ്ഥാപിതമായി. പാലിയത്തച്ചനുശേഷം ഇദ്ദേഹത്തിന്റെ ശത്രുവും മെക്കാളെയുടെ മിത്രവുമായ നടവരമ്പത്തു കുഞ്ഞുകൃഷ്ണമേനോന്‍ പ്രധാനമന്ത്രിയായി നിയമിതനായി. ഉന്നതമായ ഈ പദവിക്കു അയോഗ്യനെന്നു തെളിയിച്ച മേനോനെ 1812-ല്‍ പിരിച്ചയച്ചു. മെക്കാളെയെത്തുടര്‍ന്ന് റസിഡന്റായ മണ്‍ട്രോതന്നെ പിന്നീട് കൊച്ചിയിലെ ദിവാന്‍ പദമേറ്റെടുത്തു. തിരുവിതാംകൂറിലെന്നപോലെ സ്ഥായിയായ ചില പരിഷ്കാരങ്ങള്‍ കൊച്ചിയിലും മണ്‍ട്രോ നടപ്പാക്കുകയുണ്ടായി. ക്രൈസ്തവതാത്പര്യം സംരക്ഷിക്കുവാന്‍ ഓരോ കോടതിയിലും ഒരു ക്രിസ്ത്യന്‍ ജഡ്ജിയെ നിയമിക്കുവാന്‍ വ്യവസ്ഥ ചെയ്തത് ഇദ്ദേഹമായിരുന്നു. 1818-ല്‍ മണ്‍ട്രോ ദിവാന്‍സ്ഥാനമൊഴിഞ്ഞു.
b. ചില ഭരണപരിഷ്കാരങ്ങള്‍. മണ്‍ട്രോയ്ക്കുശേഷം ദിവാനായി നിയമിക്കപ്പെട്ട കോയമ്പത്തൂര്‍കാരനായ നഞ്ചപ്പയ്യന്‍ ശ്രദ്ധേയമായ അനേകം പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. അടിമകളെ ഉടമകള്‍ ശിക്ഷിക്കുന്നതില്‍നിന്നും വിലക്കിക്കൊണ്ട് 1821-ലെ വിളംബരവും നിലം കണ്ടെഴുത്തും മറ്റും ഇവയില്‍ ചിലതു മാത്രമായിരുന്നു. 1825-ല്‍ നഞ്ചപ്പയ്യന്‍ അന്തരിക്കുകയും ശേഷഗിരിരായര്‍ ദിവാന്‍പദമേറ്റെടുക്കുകയും ചെയ്തു.
1828-ല്‍ വീരകേരളവര്‍മ അന്തരിക്കുകയും രാമവര്‍മ (1828-37) രാജാവായിത്തീരുകയും ചെയ്തു. ശേഷഗിരിരായര്‍ അധികം താമസിയാതെ രാജിവച്ചുപോയപ്പോള്‍ പകരം എടമന ശങ്കരമേനോന്‍ ദിവാനായിത്തീര്‍ന്നു. കൈക്കൂലിക്കുറ്റം ചുമത്തപ്പെട്ട മേനോന്‍ തടവുശിക്ഷയ്ക്കു വിധേയനായി. മേനോനുശേഷം വെങ്കിടസുബ്രഹ്മണ്യയ്യര്‍ ദിവാന്‍ പദമേറ്റു. സമര്‍ഥനായ ഇദ്ദേഹം ഭരണസമ്പ്രദായം ബ്രിട്ടീഷ് മാതൃകയില്‍ പരിഷ്കരിച്ചു. നാണ്യവിളകളുടെ കൃഷിയും വിദ്യാഭ്യാസമേഖലയും ഇദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയ്ക്കു വിധേയമായി.
c. ദിവാന്‍ ശങ്കരവാര്യര്‍. 1837-ല്‍ രാമവര്‍മ അന്തരിച്ചു. തുടര്‍ന്ന് രാമവര്‍മ ഇളയതമ്പുരാന്‍ (1837-44) രാജാവായി. ദിവാന്‍ വെങ്കിടസുബ്ബയ്യരോട് അപ്രീതി തോന്നുകയാല്‍ രാമവര്‍മ അദ്ദേഹത്തെ ഉദ്യോഗത്തില്‍നിന്നു പിരിച്ചയച്ചശേഷം തത്സ്ഥാനത്തേക്ക് ശങ്കരവാര്യരെ നിയമിച്ചു. കൊച്ചിയിലെ പ്രഗല്ഭരായ ദിവാന്മാരില്‍ ഒരാളായിരുന്നു ശങ്കരവാര്യര്‍. കൊച്ചിയില്‍ സമൃദ്ധിയും സാമ്പത്തികഭദ്രതയും കൈവന്നത് ശങ്കരവാര്യരുടെ ഭരണകാലത്തായിരുന്നു. മുതലെടുപ്പ് ഗണ്യമായി വര്‍ധിച്ചു. ജനോപകാരപ്രദങ്ങളായ അനേകം പരിഷ്കാരങ്ങള്‍ നടപ്പാക്കി. ജലഗതാഗതം, കൃഷി എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
1844-ല്‍ രാമവര്‍മ അന്തരിച്ചു. ഭാഗിനേയനായ രാമവര്‍മ ഇളയതമ്പുരാന്‍ ആ വര്‍ഷംതന്നെ രാജാവായി. 1851 വരെ രാജ്യം ഭരിച്ച ഇദ്ദേഹം ശങ്കരവാര്യരെ പിരിച്ചയയ്ക്കാന്‍ ബ്രിട്ടീഷുകാരുടെ അനുമതി തേടിയെങ്കിലും അവര്‍ അതിനനുവദിക്കുകയുണ്ടായില്ല. ശങ്കരവാര്യര്‍ തന്നെ അര്‍ഹിക്കുന്നവിധം ബഹുമാനിക്കുന്നില്ല എന്നതായിരുന്നു രാമവര്‍മയുടെ പരാതിക്കു കാരണം.
രാമവര്‍മയ്ക്കുശേഷം സഹോദരനായ വീരകേരളവര്‍മ (1851-53) രാജാവായി. വിദ്വാനും പ്രാപ്തനുമായിരുന്നു ഇദ്ദേഹം. എന്നാല്‍ 1853-ല്‍ കാശിയാത്രയ്ക്കിടയില്‍ രോഗാതുരനായ വീരകേരളവര്‍മ അകാലചരമമടയുകയാണുണ്ടായത്. തുടര്‍ന്ന് സഹോദരനായ രവിവര്‍മ (1853-64) അധികാരമേറ്റു. ഇദ്ദേഹം ഭരണകാര്യങ്ങള്‍ പൂര്‍ണമായും പ്രാപ്തനായ ശങ്കരവാര്യരെ ഏല്പിച്ചു. 1853-ല്‍ അടിമസമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരമുണ്ടായി. 1856-ല്‍ ശങ്കരവാര്യര്‍ അന്തരിച്ചു. പകരം വെങ്കിട്ടരായര്‍ ദിവാനായി. ജനങ്ങളുടെ അപ്രീതി നേടിയ ഇദ്ദേഹത്തെ മൂന്നു വര്‍ഷത്തിനുശേഷം ഉദ്യോഗത്തില്‍നിന്നും പിരിച്ചയച്ചു.
വെങ്കിട്ടരായര്‍ക്കുശേഷം ശങ്കരവാര്യരുടെ പുത്രന്‍ ശങ്കുണ്ണിമേനോന്‍ ദിവാന്‍ പദമേറ്റു. പത്തൊമ്പതു വര്‍ഷക്കാലം അധികാരത്തിലിരുന്ന ഇദ്ദേഹം കൊച്ചിയുടെ നാനാവിധമായ പുരോഗതിക്കുവേണ്ടി പ്രയത്നിച്ചു. ഇതിനിടയ്ക്കു രവിവര്‍മ അന്തരിച്ചു. ഭാഗിനേയനായ രാമവര്‍മ ഇളയതമ്പുരാന്‍ (1864-88) രാജാവായി. ശങ്കുണ്ണിമേനോന്റെ ദിവാന്‍ വാഴ്ചക്കാലത്ത് ഭരണത്തിന്റെ എല്ലാ മേഖലകളിലും പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും ദൃശ്യമായിരുന്നു. 'ഊഴിയം' നിര്‍ത്തലാക്കുകയും അടിമവ്യാപാരം കുറ്റകരമാക്കുകയും ചെയ്തു. 1879-ല്‍ ഇദ്ദേഹം ഉദ്യോഗമൊഴിഞ്ഞു.
ശങ്കുണ്ണിമേനോനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഗോവിന്ദമേനോന്‍ ദിവാനായി. ഇരിങ്ങാലക്കുട, എളങ്കുന്നപ്പുഴ, പെരുമനം എന്നീ ക്ഷേത്രങ്ങളുടെ ഭരണത്തെച്ചൊല്ലി തിരുവിതാംകൂറുമായുണ്ടായിരുന്ന തര്‍ക്കം അവസാനിപ്പിച്ചത് ഗോവിന്ദമേനോന്റെ ഭരണകാലത്തായിരുന്നു. 1888-ല്‍ രാമവര്‍മ അന്തരിച്ചു; ഇദ്ദേഹത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കെ. സി. എസ്. ഐ. സ്ഥാനം നല്‍കി ആദരിക്കുകയുണ്ടായി.
രാമവര്‍മയുടെ പിന്‍ഗാമി വീരകേരളവര്‍മ(1888-95)യായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പ്രിയങ്കരനായിരുന്ന ഇദ്ദേഹത്തെ ഇളമുറയായിരിക്കുമ്പോള്‍ത്തന്നെ കെ. സി. ഐ. ഇ. സ്ഥാനം നല്‍കി അവര്‍ അംഗീകരിക്കുകയുണ്ടായി. 1889-ല്‍ ഗോവിന്ദമേനോന്‍ ദിവാന്‍സ്ഥാനമൊഴിഞ്ഞപ്പോള്‍ സി. വെങ്കിടാചാര്യരും തുടര്‍ന്നു വി. സുബ്രഹ്മണ്യപിള്ളയും ദിവാന്‍പദമേറ്റു.
d. സ്ഥാനത്യാഗം ചെയ്ത രാജാവ്. 1895-ല്‍ വീരകേരളവര്‍മ അന്തരിച്ചതോടെ പിന്‍ഗാമിയായി രാമവര്‍മ (1895-1914) അധികാരമേറ്റു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിപുണരായ പലരും ദിവാന്‍പദമേറ്റിരുന്നു. സുബ്രഹ്മണ്യപിള്ളയെ തുടര്‍ന്ന് ദിവാനായ പി. രാജഗോപാലാചാരി(1896-1901)യുടെ കാലത്താണ് ഷൊര്‍ണൂര്‍-എറണാകുളം തീവണ്ടിപ്പാത നിര്‍മാണം നടന്നത്. ആഡിറ്റ് അക്കൌണ്ട് സമ്പ്രദായം കൊച്ചിയില്‍ നടപ്പാക്കിയതും ഇക്കാലത്തായിരുന്നു. ജയില്‍ പരിഷ്കരണത്തിലും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. രാജഗോപാലാചാരിക്കുശേഷം എന്‍. ലോക്ക് (1901-02), എന്‍. പട്ടാഭിരാമറാവു (1902-07), എന്‍. ആര്‍. ബാനര്‍ജി (1907-14) എന്നിവര്‍ ദിവാന്മാരായി സേവനമനുഷ്ഠിച്ചു. ഇതില്‍ ബാനര്‍ജിയുടെ ഭരണകാലത്ത് നീതിന്യായം, പൊതുജനാരോഗ്യം, കൃഷി, മത്സ്യബന്ധനം, സാങ്കേതിക വിദ്യാഭ്യാസം, ദേവസ്വം, തദ്ദേശസ്വയംഭരണം, ശുദ്ധജലവിതരണം, ഭൂനിയമം, തുറമുഖവികസനം തുടങ്ങി വിവിധ മേഖലകളില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. 1914-ല്‍ ബാനര്‍ജി അധികാരമൊഴിഞ്ഞു. തുടര്‍ന്ന് ജെ. ഡബ്ള്യു. ഭോര്‍ (1914-19) ദിവാന്‍ സ്ഥാനമേറ്റു.
1914-ല്‍ ബ്രിട്ടീഷുകാരുമായുള്ള ചില അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാമവര്‍മ രാജാധികാരം സ്വയം ഉപേക്ഷിച്ചു. പകരം രാമവര്‍മ (1914-32) രാജപദവിയിലേക്കുയര്‍ന്നു. കൊച്ചിയിലെ ബഹുജനപ്രസ്ഥാനത്തിനു പ്രാരംഭം കുറിച്ചത് രാമവര്‍മയുടെ ഭരണകാലത്തായിരുന്നു. 1919-ല്‍ ഭോര്‍ ഉദ്യോഗമൊഴിഞ്ഞപ്പോള്‍ തത്സ്ഥാനത്ത് അവരോധിക്കപ്പെട്ട ടി. വിജയരാഘവാചാരി (1919-22) പല സുപ്രധാന പരിഷ്കാരങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയുണ്ടായി. അവര്‍ണരുടെ ഉദ്ധാരണം, വ്യവസായം, നായര്‍ റഗുലേഷന്‍, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെല്ലാം പരിഷ്കാരങ്ങള്‍ ദൃശ്യമായിരുന്നു.
e. ദേശീയസമരത്തില്‍. ഇക്കാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ അലകള്‍ കൊച്ചിയിലും ദൃശ്യമായി. 1919-ല്‍ തൃശൂരിലും എറണാകുളത്തും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കു വ്യക്തമായ രൂപവും ബഹുജനപ്രീതിയും നേടാന്‍ കഴിഞ്ഞിരുന്നില്ല. പില്ക്കാലത്ത് ടി. ആര്‍. കൃഷ്ണസ്വാമി അയ്യരുടെ ശ്രമഫലമായി തൃശൂരില്‍ ചേര്‍ന്ന കൊച്ചിയിലെ കോണ്‍ഗ്രസ് അനുഭാവികളുടെ യോഗത്തില്‍വച്ച് കൊച്ചി ജില്ലാകോണ്‍ഗ്രസ് രൂപവത്കൃതമായി. മൂത്തേടത്തു നാരായണമേനോനായിരുന്നു സെക്രട്ടറി. 1921 ഫെ. 20-ന് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ഥം സി. രാജഗോപാലാചാരി തൃശൂര്‍ സന്ദര്‍ശിച്ചു. തേക്കിന്‍കാടു മൈതാനത്തു ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കവേ പൊലീസ് കമ്മിഷണറായിരുന്ന എം.എ. ചാക്കോയുടെ നിര്‍ദേശപ്രകാരം ഏതാനും ക്രിസ്ത്യാനികള്‍ യോഗത്തില്‍ ബഹളമുണ്ടാക്കുവാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ്സുകാര്‍ രാജ്യദ്രോഹികളായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന അക്കാലത്ത്, ക്രിസ്ത്യാനികള്‍ രാജഭക്തരും രാജ്യ സ്നേഹികളുമാണെന്ന് സ്ഥാപിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ള ഈ കരുനീക്കത്തിനുശേഷം രാജഭക്തന്മാരുടെ ഒരു ജാഥയും തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ടു. ഈ തന്ത്രം ക്രമേണ ഒരു ഹിന്ദു-ക്രൈസ്തവ സംഘട്ടനത്തിനു വഴിതെളിച്ചു. ഇത് 'തൃശൂര്‍ ലഹള' എന്ന പേരിലറിയപ്പെട്ടിരുന്നു. അവസാനം ഇതിനെ അമര്‍ച്ച ചെയ്യുവാന്‍ ഗവണ്‍മെന്റ്തന്നെ മുന്നിട്ടിറങ്ങി.
ടി. വിജയരാഘവാചാരിക്കുശേഷം പി. നാരായണമേനോന്‍ (1922-25) ദിവാനായി. 1925-ല്‍ അനുദ്യോഗസ്ഥ ഭൂരിപക്ഷമുള്ള ഒരു നിയമസഭ രൂപവത്കരിക്കപ്പെട്ടു. വോട്ടവകാശം നികുതിദായകര്‍ക്കു മാത്രമായിരുന്നു. ടി.എസ്. നാരായണയ്യര്‍ (1925-30) സി. ജി. ഹെര്‍ബര്‍ട്ട് (1930-35) എന്നിവരായിരുന്നു അടുത്ത ദിവാന്മാര്‍.
f. ഷണ്‍മുഖംചെട്ടിയുടെ ഭരണം. രാമവര്‍മരാജാവിന്റെ കാലശേഷം അനന്തരാവകാശിയായ രാമവര്‍മ (1932-41) അധികാരമേറ്റു. 1935 മുതല്‍ 41 വരെ ദിവാനായിരുന്ന സര്‍ ആര്‍. കെ. ഷണ്‍മുഖംചെട്ടി അനേകം പരിഷ്കാരങ്ങളിലൂടെ രാമവര്‍മയെ കൊച്ചി രാജ്യചരിത്രത്തില്‍ അനശ്വരനാക്കുകയും സ്വയം അനശ്വരത കൈവരിക്കുകയും ചെയ്തു. രാഷ്ട്രീയമായി കൊച്ചി ഇക്കാലത്ത് വളരെയേറെ വളര്‍ച്ച പ്രാപിക്കുകയും അധികാരം ജനങ്ങളിലേക്കു കൈമാറുവാനുള്ള ശ്രമത്തില്‍ ചില സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. 1932-ല്‍ കൊച്ചിയിലെ കര്‍ഷകത്തൊഴിലാളികള്‍ ഉത്പന്നങ്ങളുടെ വിലയിടിവില്‍ അസംതൃപ്തരായി പ്രക്ഷോഭണത്തിലേക്കു നീങ്ങി. കെ. എം. ഇബ്രാഹിം, മത്തായി മാഞ്ഞൂരാന്‍ തുടങ്ങി പലരും ഇതിനു നേതൃത്വം നല്‍കി. അറസ്റ്റും മര്‍ദനവും മറ്റും സഹിക്കേണ്ടിവന്നെങ്കിലും ഒടുവില്‍ കരംപിരിവിന്റെ കാലാവധി നീട്ടിക്കൊടുത്തുകൊണ്ട് രാജാവ് വിളംബരം പുറപ്പെടുവിച്ചു. ഇക്കാലത്ത് അനേകം തൊഴിലാളിസംഘടനകള്‍ രൂപപ്പെട്ടുവന്നു. കണ്ണന്തേടത്തു വേലായുധമേനോന്‍, വി.കെ. കുട്ടിസാഹിബ്, പി.കെ. ഡീവര്‍, എം.ഐ. പോള്‍, കെ.കെ. വാര്യര്‍, പി. ഗംഗാധരന്‍, പി.എസ്. നമ്പൂതിരി, ജോര്‍ജ് ചടയംമുറി തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രമുഖ തൊഴിലാളിനേതാക്കള്‍.
1936-ല്‍ തൃശൂരിലെ വൈദ്യുതിവിതരണം തമിഴ്നാട്ടിലെ ഒരു സ്വകാര്യക്കമ്പനിയെ ഏല്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ചു ശക്തമായ ബഹുജനാഭിപ്രായവും പ്രക്ഷോഭണവും ഉടലെടുത്തു. തൃശൂരിലെ പൌരമുഖ്യര്‍ രൂപവത്കരിച്ച 'ട്രിച്ചൂര്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍' എന്ന കമ്പനിയെ ഇതിന്റെ ചുമതല ഏല്പിക്കുവാനുള്ള ബഹുജനാവശ്യത്തിന് ദിവാന്‍ ഷണ്‍മുഖംചെട്ടി വഴങ്ങിയില്ല. ഡോ. എ. ആര്‍. മേനോന്‍, സി. ആര്‍. ഇയ്യുണ്ണി, ഇ. ഇക്കണ്ടവാര്യര്‍, സി. കുട്ടന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഈ പ്രക്ഷോഭണം ക്രമേണ കെട്ടടങ്ങി. വൈദ്യുതിവിതരണം മദ്രാസിലെ ചാന്ദ്രികക്കമ്പനിയെത്തന്നെ ഏല്പിച്ചു. എന്നാല്‍ പിന്നീട് ഇതിനുള്ള അവകാശം തൃശൂര്‍ മുനിസിപ്പാലിറ്റിക്കു നല്‍കുകയുണ്ടായി. വമ്പിച്ച ബഹുജനപങ്കാളിത്തമുണ്ടായിരുന്ന ഒരു പ്രക്ഷോഭണമെന്ന നിലയില്‍ വൈദ്യുതിസമരം പ്രാധാന്യമര്‍ഹിക്കുന്നു.
കൊച്ചിയില്‍ ഉത്തരവാദഭരണസ്ഥാപനത്തിനായി 1936-ല്‍ 'കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്' എന്ന ഒരു സംഘടന രൂപവത്കൃതമായി; ടി. കെ. നായരായിരുന്നു ഇതിന്റെ സ്ഥാപകന്‍. പി. കുമാരനെഴുത്തച്ഛന്‍, സി. വി. ഇയ്യുണ്ണി, കെ. എസ്. പണിക്കര്‍, കെ. ബാലകൃഷ്ണമേനോന്‍, കെ. അയ്യപ്പന്‍, കെ. എം. ഇബ്രാഹിം തുടങ്ങിയവര്‍ ഇതിന്റെ പ്രമുഖ നേതാക്കളായിരുന്നു.
ഇക്കാലത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമായി തുടങ്ങിയിരുന്നു. വി. ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, കെ. എന്‍. നമ്പീശന്‍, ജി. എസ്. ധാരാസിങ്, സി. അച്യുതമേനോന്‍ തുടങ്ങി പലരും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കൊച്ചിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉത്തരവാദിത്തഭരണ പ്രക്ഷോഭണമാരംഭിക്കുവാന്‍ തീരുമാനിച്ചെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഹരിപുരസമ്മേളനത്തിലെ നാട്ടുരാജ്യങ്ങളെക്കുറിച്ചുള്ള തീരുമാനം, ഈ വഴിക്കുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി.
1938 ആഗ. 4-ന് കൊച്ചിയില്‍ 'ദ്വിഭരണം' ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വിളംബരം രാജാവ് പുറപ്പെടുവിച്ചു. ഗവണ്‍മെന്റിന്റെ ഏതാനും വകുപ്പുകള്‍ നിയമസഭാംഗങ്ങളില്‍നിന്നു തിരഞ്ഞെടുക്കുന്ന ഒരു മന്ത്രിയെ ഏല്പിക്കുക എന്നതായിരുന്നു ഈ പരിഷ്കാരത്തിന്റെ കാതല്‍. ഈ വിളംബരത്തിനു രാജാവിനെ പ്രേരിപ്പിച്ചത് ദിവാനായിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനു പുറമേ കൊച്ചിന്‍ കോണ്‍ഗ്രസ് എന്ന പുതിയൊരു രാഷ്ട്രീയ കക്ഷിയും രംഗത്തുവന്നു. കൊച്ചിന്‍ കോണ്‍ഗ്രസ് പതിമൂന്നും കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പന്ത്രണ്ടും സീറ്റുകള്‍ നേടി. ഏതാനും സ്വതന്ത്രരുടെ പിന്തുണകൂടി ലഭിച്ച കൊച്ചിന്‍ കോണ്‍ഗ്രസ്സിലെ അമ്പാട്ടു ശിവരാമമേനോന്‍ കൊച്ചിയിലെ ആദ്യത്തെ മന്ത്രിയായി നിയമിക്കപ്പെട്ടു. അങ്ങനെ 1938 ജൂണ്‍ 17-ന് കൊച്ചിയില്‍ ദ്വിഭരണസമ്പ്രദായത്തിനു പ്രാരംഭം കുറിച്ചു. ഇദ്ദേഹത്തിന്റെ ആകസ്മികമായ മരണശേഷം ഡോ. എ. ആര്‍. മേനോന്‍ മന്ത്രിയായി. എന്നാല്‍ അവിശ്വാസപ്രമേയംമൂലം മേനോന്‍ രാജിവച്ചപ്പോള്‍, പ്രതിപക്ഷമായിരുന്ന കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ടി. കെ. നായര്‍ മന്ത്രിയായി അവരോധിക്കപ്പെട്ടു.
1938-ലെ പരിഷ്കാരം പരിമിതമായ പങ്കാളിത്തം മാത്രമേ ഭരണത്തില്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നുള്ളൂ. പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഉത്തരവാദഭരണത്തിനുമായി കുറേ യുവാക്കള്‍ വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തില്‍ 'കൊച്ചി രാജ്യ പ്രജാമണ്ഡലം' എന്ന ഒരു സംഘടനയ്ക്കു രൂപം നല്‍കി. എഴുത്തച്ഛന്‍ തന്നെയായിരുന്നു ഇതിന്റെ ഒന്നാമത്തെ പ്രസിഡന്റ്. 1947 വരെ നീണ്ടുനിന്ന ഒരു പ്രക്ഷോഭണത്തിലൂടെ ലക്ഷ്യത്തിലെത്തുവാന്‍ ഈ സംഘടനയ്ക്കു കഴിഞ്ഞു. നോ. കൊച്ചി രാജ്യപ്രജാമണ്ഡലം
1941-ല്‍ രാമവര്‍മ നിര്യാതനായി. തുടര്‍ന്ന് കേരളവര്‍മ (1941-43) അധികാരമേറ്റു. അധികം താമസിയാതെതന്നെ ഷണ്‍മുഖംചെട്ടി ദിവാന്‍ സ്ഥാനമൊഴിഞ്ഞു. പിന്‍ഗാമിയായി കോമാട്ടില്‍ അച്യുതമേനോന്‍ (1941 ജൂണ്‍ മുതല്‍ ഒ. വരെ) ദിവാന്‍ പദമേറ്റു. പിന്നീട് എ. എഫ്. ഡബ്ല്യു. ഡിക്സണ്‍ തത്സ്ഥാനത്ത് അവരോധിക്കപ്പെട്ടു. 1943 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.
കേരളവര്‍മയ്ക്കുശേഷം രവിവര്‍മ (1943-46) രാജാവായി. 1943 നവംബര്‍ മുതല്‍ 1944 ആഗസ്റ്റു വരെ ദിവാന്‍ സര്‍ ജോര്‍ജ്ബോഗായിരുന്നു. ബോഗിനുശേഷം സി. പി. കരുണാകരമേനോന്‍ (1944-47) ദിവാനായി നിയമിതനായി; ഇദ്ദേഹം കൊച്ചിയിലെ അവസാനത്തെ ദിവാന്‍ ആയിരുന്നു.
g. തിരു-കൊച്ചി സംയോജനം. രവിവര്‍മയ്ക്കുശേഷം കേരളവര്‍മ രാജാവായി (1946-48). 'ഐക്യകേരളം' എന്ന ആശയത്തിന്റെ ഒരു പ്രമുഖ വക്താവായിരുന്നു ഇദ്ദേഹം. 1947 ഏപ്രില്‍ മാസത്തില്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനത്തില്‍ സന്നിഹിതനായ ഇദ്ദേഹം ഇതിനെ അനുകൂലിച്ചുകൊണ്ട് ഒരു പ്രഭാഷണം ചെയ്തു. ഭരണഘടനാപരമായി പല സുപ്രധാനമാറ്റങ്ങളും ഇദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി. 1948-ല്‍ കേരളവര്‍മ അന്തരിച്ചു. പണ്ഡിതനും ഋജുമതിയുമായ രാമവര്‍മ പരീക്ഷിത്തു തമ്പുരാന്‍ തുടര്‍ന്ന് രാജാവായി. ഇദ്ദേഹത്തിന്റെ കാലത്ത് (1949 ജൂലായ്) തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള സംയോജനം നടന്നു. അതോടെ കൊച്ചിരാജാവിന് അധികാരം നഷ്ടമായി; തിരുവിതാംകൂറിലെ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ തിരു-കൊച്ചിയുടെ രാജപ്രമുഖനായി. 1964-ല്‍ പരീക്ഷിത്തു തമ്പുരാന്‍ നിര്യാതനായി.
രാഷ്ട്രീയ ഉത്പതിഷ്ണുത്വം പ്രകടിപ്പിച്ചിരുന്ന കൊച്ചി രാജാക്കന്മാര്‍ സാമൂഹിക കാര്യങ്ങളിലാകട്ടെ തികഞ്ഞ യാഥാസ്ഥിതികത്വമാണ് സ്വീകരിച്ചിരുന്നത്. 1936-ല്‍ ക്ഷേത്രപ്രവേശനമനുവദിച്ച തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ശാന്തി ചെയ്തിരുന്ന നമ്പൂതിരിമാരെ കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ ശാന്തിക്ക് അനുവദിച്ചിരുന്നില്ല; 1947 വരെ കൊച്ചിയില്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നില്ല. 1948-ല്‍ പാലിയം റോഡിലൂടെ അവര്‍ണര്‍ക്കു വഴിനടക്കുവാനുള്ള അവകാശം നേടിയെടുക്കുവാന്‍ സത്യഗ്രഹമനുഷ്ഠിക്കേണ്ടിവന്നു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ ചില തമ്പുരാട്ടിമാര്‍ വരെ ഈ സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. എങ്കിലും കൊച്ചിയിലെ ഭരണാധികാരികള്‍ സത്യഗ്രഹത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചിരുന്നത്. ഈ സത്യഗ്രഹത്തില്‍ പങ്കെടുത്ത എ.ജി. വേലായുധന്‍ എന്നൊരാള്‍ രക്തസാക്ഷിയാവുകയും ചെയ്തു.
മലബാര്‍
a. മലബാര്‍ മൈസൂര്‍ ആധിപത്യത്തിന്‍ കീഴില്‍. 19-ാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ ഹൈദര്‍ അലിയും ടിപ്പുസുല്‍ത്താനും മലബാറില്‍ നടത്തിയ കടന്നുകയറ്റം മലബാറിന്റെ പില്ക്കാല ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാരെ പുറത്താക്കുകയായിരുന്നു മൈസൂര്‍ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം. 1766 ഫെബ്രുവരിയില്‍ ഹൈദരാലി വടക്കന്‍ കേരളം ആക്രമിച്ചു. ഈ യുദ്ധത്തില്‍ കോലത്തിരിയെ പരാജയപ്പെടുത്തിയ ഹൈദരാലി ചിറയ്ക്കലും കോട്ടയവും (വടക്ക്) കൈവശപ്പെടുത്തി. യുദ്ധത്തില്‍ പരാജയപ്പെട്ട കോലത്തിരി തിരുവിതാംകൂറില്‍ അഭയംതേടി. കോലത്തിരിയുടെ അധീനപ്രദേശങ്ങള്‍ കീഴടക്കിയ മൈസൂര്‍ സൈന്യം തുടര്‍ന്ന് സാമൂതിരിയുടെ കീഴിലുള്ള പ്രദേശങ്ങളെ ആക്രമിക്കാന്‍ ആരംഭിച്ചു. 1766 ഏ. 20-ന് സാമൂതിരി കീഴടങ്ങി. ഇതോടെ മലബാര്‍ ഹൈദരാലിയുടെ സൈന്യത്തിന്‍ കീഴിലായി. തുടര്‍ന്ന് ഹൈദരാലിക്കെതിരെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടെങ്കിലും താമസിയാതെ പ്രസ്തുത കലാപം അടിച്ചമര്‍ത്തപ്പെട്ടു. 1768-ല്‍ ഹൈദരാലി മലബാറില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ മലബാറിലെ നാട്ടുരാജാക്കന്മാര്‍ യുദ്ധത്തിനൊടുവില്‍ ഉണ്ടാക്കിയ ഉടമ്പടിപ്രകാരം കപ്പം കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍ 1773-ല്‍ വീണ്ടും ഹൈദരാലി മലബാര്‍ ആക്രമിച്ചു. 1774-ല്‍ കോഴിക്കോട് പൂര്‍ണമായും മൈസൂര്‍ ആധിപത്യത്തിന്‍ കീഴിലാവുകയും സാമൂതിരിയും കുടുംബവും വീണ്ടും തിരുവിതാംകൂറില്‍ അഭയം തേടുകയും ചെയ്തു. തുടര്‍ന്ന് മലബാറിലെ നാടുവാഴികള്‍ ഓരോന്നായി ഹൈദറിന് മുന്നില്‍ കീഴടങ്ങി. മലബാറിന്റെ ഭരണനിര്‍വഹണത്തിനായി ഹൈദരാലി ശ്രീനിവാസറാവുവിനെയും സര്‍ദാര്‍ഖാനെയും (സൈനിക മേധാവി) നിയമിച്ചു.
മലബാര്‍ പൂര്‍ണമായും അധീനതയിലാക്കിയശേഷം ഹൈദര്‍ തന്റെ ശ്രദ്ധ കൊച്ചിയിലേക്ക് തിരിച്ചു. ഹൈദരാലി, കൊച്ചി രാജാവിനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും അതു കരസ്ഥമാക്കുകയും ചെയ്തു. 1776-ല്‍ സര്‍ദാര്‍ ഖാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വൈകിയപ്പോള്‍ മൈസൂര്‍ സൈന്യം കൊച്ചിയെ ആക്രമിക്കുകയും തൃശൂര്‍ പിടിച്ചടക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കൊച്ചി രാജാവ് ഹൈദരാലിയുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. തുടര്‍ന്ന് ഹൈദരാലി തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ഒരുങ്ങി. ഡച്ച് അധീനമേഖലകളിലൂടെ തിരുവിതാംകൂറിലേക്ക് നീങ്ങാന്‍ മൈസൂര്‍ സൈന്യം ഡച്ചുകാരുടെ അനുമതി തേടിയെങ്കിലും ഡച്ചുകാര്‍ അതു നിഷേധിച്ചു. തുടര്‍ന്ന് ഡച്ചുകാരുടെ അധീനതയിലായിരുന്ന ചേറ്റുവായ് മൈസൂര്‍ സൈന്യം പിടിച്ചെടുത്തു. മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തിരുവിതാംകൂര്‍ അതു നിഷേധിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ഹൈദരാലി പദ്ധതി ആവിഷ്കരിച്ചെങ്കിലും മൈസൂര്‍യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആ ശ്രമം ഉപേക്ഷിച്ച് ഹൈദര്‍ മൈസൂറിലേക്ക് തിരിച്ചു.
ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ ഭാഗമായി മലബാറിലെ മൈസൂര്‍ സൈന്യം, ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന തലശ്ശേരി ഉപരോധിച്ചു (1780 ഒക്ടോബറില്‍). തുടര്‍ന്നു നടന്ന യുദ്ധത്തിനൊടുവില്‍ (1782) മൈസൂര്‍ സൈന്യം കീഴടങ്ങുകയും മൈസൂര്‍ സൈന്യാധിപന്‍ സര്‍ദാര്‍ഖാന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. തത്ഫലമായി വടക്കന്‍ മലബാര്‍ മുഴുവന്‍ ബ്രിട്ടീഷ് കമ്പനി മൈസൂര്‍ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമാക്കുകയും കമ്പനിയുമായി സൗഹൃദത്തിലായിരുന്ന നാടുവാഴികളെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതേ അവസരത്തില്‍ സാമൂതിരി സൈനികശക്തി സമാഹരിക്കുകയും തെക്കന്‍ മലബാറിനെ മൈസൂര്‍ ആധിപത്യത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ഇതോടെ മൈസൂര്‍ ആധിപത്യം പാലക്കാട് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. 1782 ഡിസംബറില്‍ ഹൈദരാലി അന്തരിച്ചു.
1782-ല്‍ ടിപ്പു മലബാര്‍ ആക്രമിച്ചു. യുദ്ധമധ്യേ ഹൈദരാലിയുടെ മരണവാര്‍ത്തയറിഞ്ഞ ടിപ്പു മൈസൂറിലേക്ക് മടങ്ങി. ഈയവസരത്തില്‍ കമ്പനിപ്പട്ടാളം പാലക്കാട് കോട്ട പിടിച്ചെടുക്കുകയും ചുറ്റുമുള്ള പ്രദേശങ്ങള്‍ സാമൂതിരിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ 1784-ലെ മൈസൂര്‍ ഉടമ്പടി പ്രകാരം രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധം അവസാനിക്കുകയും മലബാര്‍ പ്രദേശത്തിന്റെ മൈസൂര്‍ മേല്‍ക്കോയ്മ അംഗീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഒരിക്കല്‍ക്കൂടി മലബാര്‍ മൈസൂറിന്റെ ആധിപത്യത്തിന്‍ കീഴിലായി. അര്‍ഷദ്ബഗ്ഖാന്‍ മൈസൂര്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടു. എന്നാല്‍ 1784-ല്‍ ഇദ്ദേഹം അഴിമതി ആരോപണത്തിനുവിധേയനായി. തുടര്‍ന്ന് ഇബ്രാഹിം റവന്യൂ ഓഫീസറായി നിയമിതനായി. ഇദ്ദേഹം നടപ്പിലാക്കിയ റവന്യൂ പരിഷ്കാരങ്ങള്‍ മലബാറിലെ കര്‍ഷകര്‍ക്കിടയില്‍ നിരവധി അസ്വസ്ഥതകള്‍ക്ക് വഴിതെളിച്ചു. ഈ അസ്വസ്ഥതകള്‍ ഒടുവില്‍ കലാപമായി പരിണമിച്ചു (1785-86). 1788-ല്‍ ടിപ്പു മലബാറില്‍ എത്തുകയും ഫറൂഖ് തന്റെ ആസ്ഥാനമാക്കുകയും നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഈ പരിഷ്കാരങ്ങള്‍ പരാജയപ്പെടുകയും അസ്വസ്ഥതകള്‍ നിലനില്ക്കുകയും ചെയ്തു. തുടര്‍ന്ന് ടിപ്പു ചിറയ്ക്കല്‍ പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ മകനെക്കൊണ്ട് അറയ്ക്കല്‍ ബീവിയുടെ പുത്രിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ടിപ്പുവിന്റെ ശ്രദ്ധ തിരുവിതാംകൂറിലേക്ക് തിരിഞ്ഞു. മലബാറിലെ നാടുവാഴികള്‍ക്ക് തിരുവിതാംകൂര്‍ അഭയം നല്‍കിയത് ടിപ്പുവിനെ പ്രകോപിപ്പിച്ചിരുന്നു. കൊച്ചിയില്‍ പ്രവേശിച്ച ടിപ്പുവിന്റെ സൈന്യം നെടുങ്കോട്ട തകര്‍ക്കാന്‍ തിരുവിതാംകൂറിനോട് ആവശ്യപ്പെട്ടെങ്കിലും തിരുവിതാംകൂര്‍ രാജാവ് അതു നിഷേധിച്ചു. ഡച്ചുകാരില്‍ നിന്നും തിരുവിതാംകൂര്‍ രാജാവ് പള്ളിപ്പുറം, കൊടുങ്ങല്ലൂര്‍ കോട്ടകള്‍ വിലയ്ക്കുവാങ്ങിയതും ടിപ്പുവിനെ പ്രകോപിപ്പിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം ഉറപ്പുവരുത്തിയ തിരുവിതാംകൂര്‍ രാജാവ് പക്ഷേ ടിപ്പുവിന്റെ എല്ലാ ആവശ്യങ്ങളും നിരാകരിച്ചു. 1789 ഡിസംബറില്‍ ടിപ്പു സൈന്യസമേതം തിരുവിതാംകൂറിനെ ആക്രമിക്കാന്‍ പുറപ്പെട്ടു. നെടുങ്കോട്ട ആക്രമിച്ചെങ്കിലും തിരുവിതാംകൂര്‍ സൈന്യത്തിന്റെ പ്രതിരോധത്തെ മറികടന്നു മുന്നേറാന്‍ ടിപ്പുവിന്റെ സൈന്യത്തിനു കഴിഞ്ഞില്ല. എങ്കിലും 1790 ഏപ്രിലില്‍ നെടുങ്കോട്ടയുടെ ചില ഭാഗങ്ങള്‍ ടിപ്പുവിന്റെ സൈന്യം തകര്‍ക്കുകയും കൊടുങ്ങല്ലൂര്‍, ആലങ്ങാട്, പറവൂര്‍ എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഈയവസരത്തില്‍ ബ്രിട്ടീഷ് കമ്പനിപ്പട്ടാളം മൈസൂര്‍ ആക്രമിച്ചതിന്റെ ഫലമായി ടിപ്പുവിന് മൈസൂറിലേക്ക് മടങ്ങേണ്ടിവന്നു. ടിപ്പു മൈസൂറിലേക്ക് പിന്‍വാങ്ങിയപ്പോള്‍ അധികാരം നഷ്ടപ്പെട്ട മലബാറിലെ നാടുവാഴികള്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ തങ്ങളുടെ പ്രദേശങ്ങളില്‍ അധികാരം വീണ്ടെടുത്തു. കുറുമ്പ്രനാട്, കടത്തനാട്, കോട്ടയം എന്നീ നാട്ടുരാജ്യങ്ങള്‍ മൈസൂര്‍ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമായി. ആദ്യം പ്രതിഷേധം രേഖപ്പെടുത്തിയ അറയ്ക്കല്‍ ബീവി കൂടി ബ്രിട്ടീഷ് കമ്പനിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചതോടെ മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് ആധിപത്യത്തിന്‍കീഴിലായി. ഇതേസമയം മൂന്നാം ആംഗ്ളോ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു പരാജയപ്പെടുകയും 1792 മാര്‍ച്ചിലെ ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയിലൂടെ യുദ്ധം അവസാനിക്കുകയും ഉടമ്പടി പ്രകാരം മലബാറിന്റെ അധികാരം പൂര്‍ണമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് ലഭിക്കുകയും ചെയ്തു. മലബാറില്‍ ആധിപത്യമുറപ്പിച്ച ഈസ്റ്റ് ഇന്ത്യാക്കമ്പനി നിരവധി ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കി. ഇവയെല്ലാം തന്നെ നാട്ടുരാജാക്കന്മാരെയും കര്‍ഷകരെയും അസ്വസ്ഥരാക്കുകയും അവരെ ഒരു കലാപത്തിലേക്ക് നയിക്കുകയും ചെയ്തു.
മലബാറിന്റെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള ആദ്യകലാപത്തിന് നേതൃത്വം നല്‍കിയത് പടിഞ്ഞാറേ കോവിലകത്തെ സാമൂതിരിക്കുടുംബമായിരുന്നു. 1792-ല്‍ തിരുവിതാംകൂറില്‍ നിന്നും മടങ്ങിയെത്തിയ സാമൂതിരിക്കുടുംബം കമ്പനിയുടെ അംഗീകാരത്തോടെ രണ്ടാംതവണ സ്ഥാനാരോഹണം നടത്തിയശേഷം തങ്ങളുടെ അധികാരപരിധിയെ സംബന്ധിച്ച് ബ്രിട്ടീഷുകാരുമായി ചില ധാരണകളില്‍ എത്തിയെങ്കിലും അവയൊന്നുംതന്നെ പാലിക്കാന്‍ കമ്പനിഭരണാധികാരികള്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതരായ സാമൂതിരിക്കുടുംബം കമ്പനിക്കെതിരെ ഒരു കലാപത്തിന് മുതിര്‍ന്നു. എന്നാല്‍ കമ്പനിപ്പട്ടാളം കലാപം അടിച്ചമര്‍ത്തുകയും കലാപത്തിന് നേതൃത്വം നല്‍കിയ രാജകുടുംബാംഗങ്ങളെ ജയിലിലാക്കുകയും ചെയ്തു. കലാപകാരികളില്‍ ചിലര്‍ തിരുവിതാംകൂറിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം അവര്‍ മലബാറിലേക്ക് തിരിച്ചുവരികയും കമ്പനിയുമായി പുതിയൊരു കരാറില്‍ ഒപ്പുവയ്ക്കുകയും തത്ഫലമായി കമ്പനിയില്‍ നിന്നും പ്രതിഫലം കൈപ്പറ്റുകയും മലബാറില്‍ സ്ഥിരതാമസം ഉറപ്പിക്കുകയും ചെയ്തു.
ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് മധ്യമലബാറിലെ മാപ്പിളമാര്‍ ഇളംപുലിശ്ശേരി ഉണ്ണിമൂസയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മറ്റൊരു കലാപം സംഘടിപ്പിക്കുന്നത്, കമ്പനിയുടെ ഒത്താശയോടെ പ്രാദേശിക ഭൂപ്രഭുക്കന്മാരും ഭരണത്തലവന്മാരും നടപ്പിലാക്കിയ അമിതമായ പാട്ടപ്പണത്തിനും ആയത് വസൂലാക്കിയിരുന്ന ക്രൂരമായ രീതിക്കുമെതിരെയായിരുന്നു മാപ്പിളമാരുടെ പ്രതിഷേധം. ഗറില്ലാ യുദ്ധമുറകളിലൂടെയായിരുന്നു കലാപകാരികള്‍ കമ്പനി സൈന്യത്തെ നേരിട്ടത്. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട കമ്പനി 1794-ല്‍ ഉണ്ണിമൂസയുമായി ഒരു കരാര്‍ ഉണ്ടാക്കി. പ്രസ്തുത കരാര്‍ പ്രകാരം ഇളംപുലിശ്ശേരി ഗ്രാമത്തിലെ പാട്ടപ്പണം പിരിക്കാനുള്ള അവകാശം ഉണ്ണിമൂസയ്ക്കു നല്‍കിയതിനു പുറമേ വര്‍ഷന്തോറും വേതനമായി ആയിരം രൂപ നല്‍കാനും ധാരണയായി.
1800 മേയ് 21-ന് മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിത്തീര്‍ന്നു. ഭരണനിര്‍വഹണത്തിനായി ഒരു കളക്ടറും ഒമ്പത് ഡെപ്യൂട്ടി കളക്ടര്‍മാരും നിയുക്തരായി; 1801 ഒ. 1-ന് അധികാരമേറ്റ മേജര്‍ മക്ളിയോഡ് ആയിരുന്നു പ്രഥമ കളക്ടര്‍. ഇക്കാലം മുതല്‍ മദ്രാസ് പ്രസിഡന്‍സിയിലെ ഭരണപരിഷ്കാരങ്ങള്‍ മലബാറിനും ബാധകമായി.
കേരളവര്‍മ പഴശ്ശിരാജ. മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ വിപ്ലവം നയിച്ചവരില്‍ പ്രധാനിയായിരുന്നു കേരള വര്‍മ പഴശ്ശിരാജ. വടക്കന്‍ മലബാറിന്റെ ഭാഗമായിരുന്ന കോട്ടയത്തെ ഭരണാധികാരിയായിരുന്നു പഴശ്ശിരാജ. മലബാറിലെ മൈസൂര്‍ അധിനിവേശത്തിനെതിരെ ബ്രിട്ടീഷുകാരുമായി സഖ്യത്തിലേര്‍പ്പെട്ട പഴശ്ശിരാജയ്ക്ക് മൈസൂര്‍ അധിനിവേശം അവസാനിച്ചാല്‍ കോട്ടയം തിരിച്ചുനല്‍കാമെന്ന് കമ്പനി വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിക്ക് ശേഷം മലബാറിലെ പ്രാദേശിക ഭരണാധികാരികളും ജനങ്ങളും ബ്രിട്ടീഷ് കമ്പനിയുടെ നിയന്ത്രണത്തിലാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനവും കമ്പനി നടപ്പിലാക്കിയ നികുതി സമ്പ്രദായവും മലബാറിലെ കര്‍ഷകരെ പ്രതിഷേധത്തിലേക്ക് നയിച്ചു. പഴശ്ശിരാജയുമായി ഉണ്ടാക്കിയ ഉടമ്പടി നിരാകരിച്ച കമ്പനി കോട്ടയത്ത് നികുതി പിരിക്കാനുള്ള അംഗീകാരം കുറുമ്പ്രനാട് ഭരണാധികാരിക്ക് നല്‍കിയത് പഴശ്ശിരാജയെ പ്രകോപിതനാക്കുകയും താമസിയാതെ അദ്ദേഹം കമ്പനിക്കെതിരെ കലാപത്തിന് ഒരുങ്ങുകയും ചെയ്തു. പഴശ്ശിരാജയെ സ്നേഹിച്ചിരുന്ന കോട്ടയത്തെ ജനങ്ങളുടെ പിന്തുണയോടെയായിരുന്നു അദ്ദേഹം കമ്പനിക്കെതിരെ യുദ്ധത്തിനൊരുങ്ങിയത്. 1793 ജൂണില്‍ അദ്ദേഹം ബ്രിട്ടീഷ് കമ്പനിക്ക് ഭൂനികുതി നല്‍കരുതെന്ന് കോട്ടയത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല മുന്‍കാലഘട്ടത്തിലേതുപോലെ കോട്ടയത്തിന്റെ ഭരണസാരഥ്യം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പഴശ്ശിരാജയുമായുള്ള ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി 1793 ഡിസംബറില്‍ കമ്പനി പഴശ്ശിരാജാവുമായി തന്ത്രപ്രധാനമായൊരു കരാറില്‍ ഒപ്പുവയ്ക്കുകയും അതിന്റെ ഭാഗമായി കര്‍ഷകരില്‍ നിന്നും വസൂലാക്കുന്ന ഭൂനികുതിയുടെ അഞ്ചിലൊന്ന് പഴശ്ശിരാജയ്ക്ക് നല്‍കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു. ദേവസ്വം ഭൂമിയില്‍ നിന്നും കരംപിരിക്കാനുള്ള അവകാശവും കമ്പനി പഴശ്ശിരാജയ്ക്ക് നല്‍കി. ഈ ഉടമ്പടിപ്രകാരം കോട്ടയത്ത് താത്കാലിക സമാധാനം നിലവില്‍ വന്നു.
എന്നാല്‍ പഴശ്ശിരാജയും കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി അംഗീകരിക്കുവാന്‍ ഗവര്‍ണര്‍ ജനറല്‍ തയ്യാറായില്ല. അദ്ദേഹം അഞ്ചുവര്‍ഷത്തേക്ക് കോട്ടയം കുറുമ്പ്രനാട് രാജാവിന് പാട്ടത്തിനു നല്‍കി (1794). കമ്പനി തീരുമാനത്തെ വെല്ലുവിളിച്ച പഴശ്ശിരാജ കോട്ടയത്തിന്റെ ഭരണാധികാരിയായിത്തുടര്‍ന്നും ഭരണം നടത്തി. ഇതോടെ പഴശ്ശിരാജയ്ക്ക് കമ്പനിയുമായുള്ള ശത്രുത പാരമ്യതയിലെത്തി. മാത്രമല്ല, കമ്പനി ശത്രുവായി പ്രഖ്യാപിച്ച ഇരവിനാടിലെ ഒരു നമ്പൂതിരിക്ക് പഴശ്ശിരാജ കോട്ടയത്ത് അഭയം നല്‍കിയതും കമ്പനിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കുറുമ്പ്രനാട് രാജാവിന്റെ കോട്ടയത്തെ ഭൂനികുതി പിരിക്കാനുള്ള അവകാശം റദ്ദാക്കിയ കമ്പനി ഭൂനികുതി പിരിവിനെ സഹായിക്കാന്‍ കമ്പനി പട്ടാളത്തെ കോട്ടയത്തേക്ക് നിയോഗിച്ചു. എന്നാല്‍ പഴശ്ശിരാജയുടെ സൈന്യം കമ്പനിപ്പട്ടാളത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന്, 1796 ഏപ്രിലില്‍ ജയിംസ് ഗോര്‍ഡണിന്റെ നേതൃത്വത്തിലുള്ള കമ്പനിപ്പട്ടാളം പഴശ്ശിരാജയെ അറസ്റ്റുചെയ്യാന്‍ കോട്ടയത്ത് എത്തി. കമ്പനിപ്പട്ടാളം പഴശ്ശിരാജയെ വളഞ്ഞെങ്കിലും അദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടു. വയനാട് എത്തിയ പഴശ്ശിരാജ വയനാട്ടിലെ ഗോത്രവിഭാഗക്കാരായ കുറിച്യരുടെയും കുറുമ്പരുടെയും സഹായത്തോടെ തന്ത്രപ്രധാനമായ കുറ്റ്യാടിചുരം പിടിച്ചെടുത്തു. പഴശ്ശിരാജ വയനാട്ടിലായിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിരോധത്തെ അതിജീവിച്ച് കോട്ടയത്തുനിന്നും നികുതി പിരിക്കാന്‍ കമ്പനി അധികാരികള്‍ക്ക് കഴിഞ്ഞില്ല.
ഈ സംഭവവികാസങ്ങള്‍ കമ്പനിയെ പഴശ്ശിരാജയ്ക്കെതിരെയുള്ള ഒരു തുറന്ന യുദ്ധത്തിലേക്കു നയിച്ചു. 1797 ജനുവരിയില്‍ കമ്പനിപ്പട്ടാളം വയനാട്ടില്‍ എത്തി. ഏറ്റുമുട്ടലുകള്‍ തുടര്‍ന്നെങ്കിലും പഴശ്ശിയെയും സൈന്യത്തെയും പരാജയപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞില്ല. 1797 ഏപ്രിലില്‍ കോട്ടയത്തെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനി ഒരു കമ്മിഷനെ കോട്ടയത്തേക്ക് അയച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം കുറുമ്പ്രനാട് രാജാവിനെ കോട്ടയത്തിന്റെ ഭരണത്തില്‍ നിന്നും ഒഴിവാക്കുകയും കേണല്‍ ഡോവിനെ കോട്ടയത്തിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് 1797-ലെ മറ്റൊരു ഉടമ്പടി പ്രകാരം പഴശ്ശിയുടെ കൊട്ടാരത്തില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍ അദ്ദേഹത്തിന് നല്‍കുകയും ചെലവിനായി പ്രതിവര്‍ഷം 8000 രൂപ നല്‍കാനും തീരുമാനിച്ചു. മാത്രമല്ല, പഴശ്ശിരാജയ്ക്ക് കോട്ടയത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ താമസിക്കുവാന്‍ അനുവാദം നല്‍കുകയും കോട്ടയത്തിന്റെ ഭരണനിര്‍വഹണത്തിനായി പഴശ്ശിയുടെ സഹോദരനായ രവിവര്‍മയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ ഉടമ്പടിക്ക് ദീര്‍ഘായുസ്സുണ്ടായില്ല. 1799-ലെ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലായി. ഇതോടെ മലബാറില്‍ നിന്നും പഴശ്ശിയെ പുറന്തള്ളാന്‍ ബ്രിട്ടീഷുകാര്‍ നീക്കം ആരംഭിച്ചു. മാനന്തവാടിയില്‍ തമ്പടിച്ച പഴശ്ശി നായര്‍, മാപ്പിള, ഗോത്രവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയോടെ കമ്പനിക്കെതിരെ സൈനിക നീക്കം നടത്തി. 1801-ല്‍ കേണല്‍ സ്റ്റീവണ്‍സണിന്റെ നേതൃത്വത്തിലുള്ള കമ്പനിപ്പട്ടാളം വയനാട്ടില്‍ എത്തുകയും തന്ത്രപ്രധാനമായ പെരിയ ചുരം പിടിച്ചെടുക്കുകയും ചെയ്തു. പഴശ്ശിരാജ ഗറില്ലായുദ്ധതന്ത്രത്തിലൂടെ കമ്പനിപ്പട്ടാളത്തെ നേരിട്ടു. ഇതിനിടയില്‍ മേജര്‍ ഇന്നസ്സിന്റെ നേതൃത്വത്തിലുള്ള മറ്റൊരു കമ്പനിപ്പട്ടാളവിഭാഗവും വയനാട്ടില്‍ എത്തി. ഇതോടെ പഴശ്ശി സൈന്യം പ്രതിരോധത്തിലായി. മാത്രമല്ല പഴശ്ശി സൈന്യത്തിലെ നിരവധി പ്രമുഖരെ കമ്പനിപ്പട്ടാളം പിടികൂടി പരസ്യമായി വധിക്കുകയും ചെയ്തു. ഇത് പഴശ്ശിയെ പിന്തുണച്ചിരുന്ന നിരവധി പേരെ ഭയവിഹ്വലരാക്കി.
1802-ല്‍ മലബാര്‍ ജില്ലാ കളക്ടറായ വില്യം മെക്ക്ലോയ്ഡ് മലബാറില്‍ നിരായുധീകരണനിയമം പ്രഖ്യാപിച്ചു. ഈ ഉത്തരവ് പ്രതീക്ഷച്ചതില്‍ നിന്നും വിഭിന്നമായി പഴശ്ശിക്ക് അനുകൂലമായ തരംഗമാണ് മലബാറില്‍ സൃഷ്ടിച്ചത്. ഏതാനും മാസത്തെ സമാധാന അന്തരീക്ഷത്തിനുശേഷം വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1802 ഒക്ടോബറില്‍ എടച്ചേന കുങ്കന്റെ നേതൃത്വത്തിലുള്ള നായര്‍ പടയാളികളും തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യ പടയാളികളും സംയുക്തമായി പനമരത്തെ കമ്പനിപ്പട്ടാള ക്യാമ്പ് ആക്രമിക്കുകയും പനമരം കോട്ട പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരില്‍ നല്ലൊരു ശതമാനംപേര്‍ പഴശ്ശിയുടെ സൈന്യത്തില്‍ച്ചേരുകയും കമ്പനിക്കെതിരെയുള്ള യുദ്ധം ശക്തിപ്പെടുത്തുകയും ചെയ്തു. 1803 ജനുവരിയില്‍ വയനാട്ടില്‍ സൈനികഭരണം പ്രഖ്യാപിക്കപ്പെട്ടു. ഇതേവര്‍ഷം മാര്‍ച്ചില്‍ വിപ്ലവകാരികള്‍ കോഴിക്കോട് സബ്ജയില്‍ ആക്രമിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ജയില്‍ മോചിതരായവര്‍ പഴശ്ശി സൈന്യത്തില്‍ ചേര്‍ന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ വില്യം മെക്ക്ലോയ്ഡ് രാജിവച്ചു. തുടര്‍ന്ന് തോമസ് വാര്‍ഡറും ഹാര്‍വെ ബാബെറും മലബാര്‍ കളക്ടറും വടക്കന്‍ മലബാര്‍ സബ് കളക്ടറുമായി നിയമിതരായി. ബ്രിട്ടീഷ് കമ്പനിയോട് കൂറുപുലര്‍ത്തിയിരുന്ന ഒരുവിഭാഗം തദ്ദേശീയ ജന്മിമാരുടെ സഹായത്തോടെ ഇവര്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കങ്ങള്‍ വീണ്ടും പഴശ്ശിരാജയെ പ്രതിരോധത്തിലും സമ്മര്‍ദത്തിലുമാഴ്ത്തി. കമ്പനിപ്പട്ടാളവും പഴശ്ശിസൈന്യവും തമ്മില്‍ വയനാടിന്റെ പല ഭാഗങ്ങളില്‍ വച്ച് ഏറ്റുമുട്ടലുകള്‍ നടന്നു. തുടരെത്തുടരെ നടത്തിയ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ കുറിച്യര്‍ പടയാളികളുടെ നേതാവായ തലയ്ക്കല്‍ ചന്തുവിനെ ബ്രിട്ടീഷ് സൈന്യം പിടിക്കുകയും വധിക്കുകയും ചെയ്തത് പഴശ്ശിസൈന്യത്തിന് കനത്ത പ്രഹരം ഏല്പിച്ചു. 1805 ന. 30-ന് കമ്പനിപ്പട്ടാളം കേരള-മൈസൂര്‍ അതിര്‍ത്തിയിലെ പഴശ്ശിരാജയുടെ ഒളിസങ്കേതം ആക്രമിക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു. മാനന്തവാടിയിലേക്ക് കൊണ്ടുവന്ന പഴശ്ശിരാജയുടെ മൃതദേഹം ആചാരവിധിപ്രകാരം സംസ്കരിച്ചു. പഴശ്ശിരാജയുടെ അന്ത്യത്തോടെ അദ്ദേഹത്തിന്റെ അനുയായികളായ വിപ്ലവകാരികള്‍ പിടിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തു. 1806-ന്റെ ആരംഭത്തോടെ പഴശ്ശിവിപ്ലവം പൂര്‍ണമായും ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.
b. കുറിച്യകലാപം. 1812-ലെ 'കുറിച്യകലാപ'ത്തിന്റെ മൌലിക കാരണം ഗോത്രവിഭാഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റമായിരുന്നു. പഴശ്ശിരാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ വിപ്ലവവും കുറിച്യര്‍ക്ക് പ്രചോദനം നല്‍കി. കുറിച്യര്‍ പഴശ്ശിരാജയുടെ സഹായികളായിരുന്നതിനാല്‍, ബ്രിട്ടീഷുകാര്‍ അവര്‍ക്കെതിരെ പ്രതികാരാത്മകമായ ഒരു നയമാണ് പഴശ്ശി വിപ്ളവത്തിനുശേഷം സ്വീകരിച്ചിരുന്നത്. മലബാര്‍ ജില്ലാകളക്ടറായ തോമസ് വാര്‍ഡന്റെ റവന്യൂസെറ്റില്‍മെന്റ് കുറിച്യരെ പ്രതികൂലമായി ബാധിച്ചു. റവന്യൂ പിരിവുകാരായ ഉദ്യോഗസ്ഥന്മാരുടെ പീഡനങ്ങളും അസഹ്യമായിരുന്നു. പിരിച്ചെടുത്ത തുകയാകട്ടെ അവരുടെ പേരില്‍ പലപ്പോഴും കണക്കില്‍ ചേര്‍ക്കാതെയുമിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവര്‍ കലാപത്തിനൊരുങ്ങിയത്. ഏതാനും നായന്മാരും തീയരും കുറിച്യരെ പിന്തുണച്ചു. 1812 മാ. 25-ന് കുറിച്യര്‍ ഇംഗ്ലീഷുകാര്‍ക്കെതിരായ തുറന്ന കലാപമാരംഭിച്ചു. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഒരേ സമയത്ത് ബ്രിട്ടീഷുകാര്‍ക്കെതിരായി കലാപമാരംഭിക്കുവാന്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ വയനാട്ടില്‍ മാത്രമേ എന്തെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കുറിച്യര്‍ക്കു കഴിഞ്ഞിരുന്നുള്ളൂ. വയനാട്ടിലേക്കുള്ള റോഡുകളില്‍ കലാപകാരികള്‍ കാവല്‍ നിന്നു. പൊലീസുകാരെയും ബ്രിട്ടീഷുകാരെയും കലാപകാരികള്‍ ആക്രമിച്ചു. എന്നാല്‍ കാനറ, മൈസൂര്‍, മലബാര്‍, ശ്രീരംഗപട്ടണം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ബ്രിട്ടീഷ് സൈന്യം വയനാട്ടിലേക്കു നീങ്ങുകയും കലാപം അടിച്ചമര്‍ത്തുകയും ചെയ്തു. 1812 മേയ് മാസത്തോടെ കലാപകാരികളില്‍ പലരും കീഴടങ്ങി. ശേഷിച്ചവര്‍ വയനാടന്‍ വനങ്ങളില്‍ അഭയംതേടി.
c. കോണ്‍വാലീസ് കോഡ്. നീതിന്യായഭരണത്തിന് വ്യക്തമായ രൂപവും വ്യവസ്ഥയും നല്‍കാന്‍ ബ്രിട്ടീഷുകാര്‍ നിഷ്കര്‍ഷിച്ചിരുന്നു. ജോയിന്റ് കമ്മിഷണര്‍മാര്‍ ഇതിനായി ഒരു രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് സിവില്‍-ക്രിമിനല്‍ നീതിന്യായഭരണം ഉത്തര-ദക്ഷിണമേഖലകളിലെ സൂപ്രണ്ടുമാരില്‍ നിക്ഷിപ്തമായി. 1802-ലെ 'കോണ്‍വാലിസ്കോഡ്' നീതിന്യായഭരണത്തിലെ ഒരു സുപ്രധാന കാല്‍വയ്പായിരുന്നു. ഇതോടെ നീതിന്യായ-ഭരണനിര്‍വഹണസമിതികളുടെ അധികാരങ്ങള്‍ വേര്‍തിരിക്കപ്പെട്ടു. കീഴ്ക്കോടതികളില്‍ നിന്നും അപ്പീല്‍ സ്വീകരിക്കാന്‍ ഉയര്‍ന്ന കോടതികള്‍ക്ക് അധികാരം നല്‍കി. സിവില്‍ കോടതികള്‍ 'അദാലത്ത്' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഉയര്‍ന്ന സിവില്‍ കോടതികളെ 'സദര്‍ അദാലത്ത്' എന്നും ക്രിമിനല്‍ കോടതികളെ 'ഫൗജ്ദാരി അദാലത്ത്' എന്നും വ്യവഹരിച്ചിരുന്നു. മുസ്ലിങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ഖാസിമാരുടെയും, ഹിന്ദുക്കള്‍ കക്ഷികളായുള്ള കേസുകള്‍ക്ക് ഹിന്ദു പണ്ഡിതന്മാരുടെയും സഹായത്തോടെയാണ് തീര്‍പ്പു കല്പിച്ചിരുന്നത്. എന്നാല്‍ ഇതു പലവിധ ന്യൂനതകള്‍ക്കും വഴിതെളിച്ചതോടെ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെ ബാധകമാകുംവിധം കുറ്റകൃത്യങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള ക്രിമിനല്‍ ശിക്ഷാരീതി പിന്നീടു സ്വീകരിക്കപ്പെട്ടു. ചെറുതരം കുറ്റകൃത്യങ്ങള്‍ക്കു വിധി പറയുവാന്‍ മാത്രമേ നാട്ടുകാരായ മജിസ്ട്രേറ്റന്മാര്‍ക്ക് അധികാരം നല്‍കിയിരുന്നുള്ളൂ. പ്രൊവിന്‍ഷ്യല്‍ കോടതികള്‍ സിവില്‍കേസുകളും സര്‍ക്യൂട്ട് കോടതികള്‍ ക്രിമിനല്‍ കേസുകളുമാണ് തീരുമാനിച്ചിരുന്നത്.
1827 വരെ കോണ്‍വാലിസ്കോഡിന്റെ വ്യവസ്ഥ കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമാകാതെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം കേണല്‍ മണ്‍ട്രോ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഈ നിലയ്ക്കു മാറ്റം വന്നു. ക്രിമിനല്‍ കേസുകളില്‍ ജൂറികളെ നിയമിക്കുവാനുള്ള വ്യവസ്ഥയായിരുന്നു മാറ്റങ്ങളില്‍ പ്രധാനം. 1843-ല്‍ സര്‍ക്യൂട്ട് കോടതികള്‍ നിര്‍ത്തലാക്കുകയും അതിനു പകരമായി ജില്ലാക്കോടതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
1843-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ അടിമത്തം അവസാനിപ്പിക്കുകയുണ്ടായി. ഇത്, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിനും ബാധകമായിരുന്നു. ഒരു ദശവര്‍ഷക്കാലത്തിനുള്ളില്‍ ഇതിന്റെ സ്വാധീനത തിരുവിതാംകൂറിലും കൊച്ചിയിലും ദൃശ്യമായി. 1853-ല്‍ ഈ രണ്ടു നാട്ടുരാജ്യങ്ങളിലും അടിമത്തം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരങ്ങളുണ്ടായി.
d. വിവിധ മേഖലകളിലെ പുരോഗതി. ബ്രിട്ടീഷ്ഭരണത്തിന്‍കീഴില്‍ ഗതാഗതം, റോഡുനിര്‍മാണം, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായി. അതുപോലെ വിദ്യാഭ്യാസമേഖലയിലും ശ്രദ്ധേയമായ ചില നേട്ടങ്ങള്‍ മലബാര്‍ കൈവരിച്ചു. ബാസല്‍മിഷന്റെ ശ്രമഫലമായി 1848-ല്‍ കല്ലായിയിലും 1862-ല്‍ തലശ്ശേരിയിലും ഓരോ സ്കൂള്‍ സ്ഥാപിതമായി. കല്ലായിസ്കൂള്‍ പില്ക്കാലത്ത് മലബാര്‍ ക്രിസ്ത്യന്‍കോളജും തലശ്ശേരി സ്കൂള്‍ ബ്രണ്ണന്‍ കോളജുമായി രൂപാന്തരപ്പെട്ടു. 1866-ല്‍ ഒരു സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് പിന്നീട് പാലക്കാട് വിക്ടോറിയാ കോളജായിത്തീര്‍ന്നത്. 1877-ല്‍ കോഴിക്കോട്ടാരംഭിച്ച മറ്റൊരു സ്കൂള്‍ പിന്നീട് സാമൂതിരിക്കോളജായി ഉയര്‍ന്നു. അനേകം മാപ്പിളസ്കൂളുകളും ഇക്കാലത്തു രൂപം കൊണ്ടിട്ടുണ്ട്.
e. ദേശീയസമരത്തില്‍. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതിനാല്‍ വളരെ നേരത്തേതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ അലകള്‍ മലബാറിലും ദൃശ്യമായി. 1910-ല്‍ കേരളപത്രികയുടെ പത്രാധിപരായിരുന്ന സി. കുഞ്ഞുരാമന്‍ സെക്രട്ടറിയായി മലബാറില്‍ ഒരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് 'ഹോംറൂള്‍' പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ അതിന്റെ പ്രതികരണങ്ങള്‍ മലബാറിലുമുണ്ടായി. 1916 മാ. 4, 5 തീയതികളില്‍ പാലക്കാട്ടു ചേര്‍ന്ന മലബാര്‍ ജില്ലാ കോണ്‍ഫറന്‍സില്‍ ആനിബസന്റ് അധ്യക്ഷത വഹിച്ചു. കെ. പി. കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ മലബാറില്‍ ഹോംറൂളിന്റെ പ്രധാന പ്രചാരകരായിരുന്നു.
1920-ല്‍ ഖിലാഫത്ത് നേതാവായ ഷൗക്കത്താലിയുമൊത്ത് ഗാന്ധിജി മലബാര്‍ സന്ദര്‍ശിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറില്‍ ഖിലാഫത്ത് കമ്മിറ്റികള്‍ സംഘടിപ്പിക്കപ്പെട്ടു. ഹിന്ദുക്കളും മുസ്ലിങ്ങളും സജീവമായി പങ്കെടുത്തുകൊണ്ടാരംഭിച്ച മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് ഹിന്ദു-മുസ്ലിം വിദ്വേഷത്തില്‍ കലാശിക്കുകയാണുണ്ടായത്.
1920-ല്‍ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ആയി വികസിപ്പിക്കപ്പെട്ടു. 1921-ല്‍ കെ.പി.സി.സി.യുടെ പ്രഥമ കോണ്‍ഫറന്‍സ് ഒറ്റപ്പാലത്തുവച്ച് ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു.
കെ.പി.സി.സി.യുടെ രണ്ടാമതു കോണ്‍ഫറന്‍സ് 1923 മേയ് 6-ന് സരോജിനി നായിഡുവിന്റെ അധ്യക്ഷതയില്‍ പാലക്കാട്ട് ചേര്‍ന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രണ്ടാം പകുതിയോടെ നഷ്ടമായ ഹിന്ദു-മുസ്ലിം മൈത്രി പുനഃസ്ഥാപിക്കുവാന്‍ ഈ കോണ്‍ഫറന്‍സില്‍ ബോധപൂര്‍വമായ ശ്രമം നടന്നു. മേയ്മാസത്തില്‍ നടന്ന 'നാഗപ്പൂര്‍ പതാകാസത്യഗ്രഹ'ത്തില്‍ മലബാര്‍-തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചിരുന്നു.
1928-ല്‍ സൈമണ്‍ കമ്മിഷനെ ബഹിഷ്കരിക്കുവാന്‍ മലബാറിലെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതിനായി ഒരു 'ബഹിഷ്കരണക്കമ്മിറ്റി' രൂപവത്കരിക്കുകയും പ്രതിഷേധപ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്തു.
1930-ലെ സിവില്‍ നിയമലംഘനത്തില്‍ മലബാറും പങ്കുചേര്‍ന്നു. പയ്യന്നൂര്‍-കോഴിക്കോട് കടലോരങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ഉപ്പുനിയമലംഘനങ്ങളില്‍ കെ. കേളപ്പന്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍, പി. കൃഷ്ണപിള്ള, കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടങ്ങി അനേകം നേതാക്കള്‍ പങ്കെടുത്തു.
ക്ഷേത്രപ്രവേശനത്തിനായി 1931 ഒക്ടോബറില്‍ ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിന് കെ. കേളപ്പന്‍ നേതൃത്വം നല്‍കി. എ.കെ. ഗോപാലന്‍, പി. കൃഷ്ണപിള്ള തുടങ്ങിയവര്‍ ഈ സമരകാലത്ത് പ്രത്യേകം ശ്രദ്ധേയരായിത്തീര്‍ന്നു. ക്ഷേത്രത്തില്‍ക്കയറി മണിയടിച്ച കൃഷ്ണപിള്ളയ്ക്കു സവര്‍ണരില്‍ നിന്നും കഠിനമായ മര്‍ദനമേല്‍ക്കേണ്ടിവന്നു.
ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ സന്ദേശത്തിനും ലക്ഷ്യത്തിനും കേരളമാകെ പ്രചാരണം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സവര്‍ണജാഥയുടെ നേതാവ് ഒരു നമ്പൂതിരിയുവാവായിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍ഗുരുവായൂരില്‍നിന്നും തിരുവനന്തപുരത്തേക്കു തിരിച്ച സവര്‍ണജാഥ കേരളത്തിന്റെ സാമൂഹികചരിത്രത്തിലെ ഒരു സുപ്രധാന ഏടായിത്തീര്‍ന്നു. ക്ഷേത്രപ്രവേശനത്തിനായി കേളപ്പന്‍ നിരാഹാരവ്രതമാരംഭിച്ചെങ്കിലും ഗാന്ധിജിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് നിരാഹാരവ്രതമവസാനിപ്പിക്കുകയുണ്ടായി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ സാമൂതിരിയാകട്ടെ പഴമയുടെയും പാരമ്പര്യത്തിന്റെയും വാദഗതികളുന്നയിച്ചുകൊണ്ട് ക്ഷേത്രപ്രവേശനസമാരംഭത്തെ താത്കാലികമായി തടഞ്ഞുനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.
f. മാപ്പിള കലാപങ്ങള്‍. മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലായതോടെ കമ്പനി ഭരണാധികാരികള്‍ നിരവധി കാര്‍ഷിക പരിഷ്കാരങ്ങള്‍ മലബാറില്‍ ഏര്‍പ്പെടുത്തി. മലബാറിലെ ഹിന്ദു ഭൂവുടമകളുമായുണ്ടാക്കിയ ഒരു കരാര്‍ പ്രകാരം കര്‍ഷകരില്‍നിന്നും കൃഷിഭൂമിയുടെ കരം പിരിക്കാനുള്ള അവകാശം കമ്പനി ഭൂവുടമകള്‍ക്കു നല്‍കി. ജന്മികളാകട്ടെ ഉയര്‍ന്ന നിരക്കിലായിരുന്നു കര്‍ഷകരില്‍നിന്നും കരം പിരിച്ചിരുന്നത്. 1803-ലെ റവന്യൂ കണക്കുപ്രകാരം മലബാറിലെ ജന്മിമാരില്‍ 95 ശതമാനവും ഹിന്ദുക്കളായിരുന്നു; മാപ്പിളമാരാകട്ടെ ജന്മിമാരുടെ കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും. ഇതിനെതിരെയായിരുന്നു മാപ്പിളമാര്‍ കലാപത്തിനൊരുങ്ങിയത്.
19-ാം നൂറ്റാണ്ടില്‍ മലബാറില്‍ ഉണ്ടായ മാപ്പിള കലാപങ്ങള്‍ എല്ലാംതന്നെ മലബാറിന്റെ തെക്കന്‍ഭാഗങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. 1852-ല്‍ മട്ടന്നൂരില്‍ ഉണ്ടായ കലാപം മാത്രമായിരുന്നു ഇതിനൊരു അപവാദം. മാപ്പിള കലാപങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ച ടി.എല്‍. സ്ട്രയ്ഞ്ചിന്റെ അഭിപ്രായത്തില്‍ ആദ്യത്തെ കലാപം നടന്നത് 1836-ല്‍ പന്തല്ലൂരിലാണ്. എന്നാല്‍ ഇതിനുമുമ്പുതന്നെ മലബാറില്‍ മാപ്പിളമാര്‍ നേതൃത്വം നല്‍കിയ കലാപങ്ങള്‍ അരങ്ങേറിയിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1836-ല്‍ പന്തല്ലൂരില്‍ ഉണ്ടായ കലാപമായിരുന്നു ഇത്തരത്തിലുള്ള കലാപങ്ങളില്‍ ആദ്യത്തേത്. 1841-ല്‍ പള്ളിപ്പുറം (വള്ളുവനാട് വില്ലേജ്), മണ്ണൂര്‍ (ഏറനാട് വില്ലേജ്) എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങള്‍ ജന്മിമാര്‍ക്കെതിരെയായിരുന്നു. 1843-ല്‍ തിരൂരങ്ങാടിയിലും പാണ്ടിക്കാട്ടിലുമുണ്ടായ കലാപങ്ങള്‍ വളരെപ്പെട്ടെന്ന് അധികാരികള്‍ അടിച്ചമര്‍ത്തി. 1849-ല്‍ മഞ്ചേരിയില്‍ ആതന്‍ മോയന്‍ കുരിക്കളുടെ നേതൃത്വത്തില്‍ നടന്ന കലാപം ജനപിന്തുണയാല്‍ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. തെക്കന്‍ മലബാറിലെ നിലമ്പൂര്‍ രാജയ്ക്ക് എതിരെയായിരുന്നു ഈ കലാപം. ബ്രിട്ടീഷ് അധികാരികളാല്‍ അടിച്ചമര്‍ത്തപ്പെട്ട കലാപത്തില്‍ 65-ഓളംപേര്‍ കൊല്ലപ്പെട്ടു. 1851-ല്‍ മറ്റൊരു കലാപവും പൊട്ടിപ്പുറപ്പെട്ടു. കലാപത്തില്‍ ഒരു ജന്മി കൊല്ലപ്പെട്ടു. 1852-ല്‍ വീണ്ടും ഒരു കലാപം ഉണ്ടായി. ഇത്തരത്തില്‍ 1836-നും 53-നും മധ്യേ ചെറുതും വലുതുമായ 12 മാപ്പിള കലാപങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1854-ല്‍ കലാപകാരികളെ നേരിടാന്‍ മലബാര്‍ സ്പെഷ്യല്‍ പൊലീസ് എന്ന പേരില്‍ ഒരു പ്രത്യേക സേന രൂപീകരിച്ചു. എങ്കിലും കലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 1855-ല്‍ മാപ്പിളമാര്‍ മലബാര്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്.വി. കനോലിയെ വധിച്ചു. തുടര്‍ന്ന് 1881-ല്‍ മലബാറിലെ കാര്‍ഷിക അസ്വാസ്ഥ്യങ്ങളെപ്പറ്റി പഠിക്കാന്‍ വില്യം ലോഗനെ നിയോഗിച്ചു. 1887-ല്‍ മലബാര്‍ കുടിയാന്‍ കുഴിക്കൂര്‍ ചമയ ആക്റ്റ് നിലവില്‍ വന്നു. എന്നാല്‍ ഈ ആക്റ്റ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയും 20-ാം നൂറ്റാണ്ടിന്റെ ആരംഭംവരെ മാപ്പിളമാരുടെ കലാപങ്ങള്‍ തുടരുകയും ചെയ്തു.
1836-നും 1921-നും മധ്യേ മലബാറിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായ കലാപങ്ങളെ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് പ്രധാനമായും 'മാപ്പിളലഹള' എന്നു പേരിട്ടു വിളിച്ചത്. സാമ്പത്തികവും സാമൂഹികവും സാമുദായികവും ചിലപ്പോള്‍ രാഷ്ട്രീയവും ആയ പല പ്രശ്നങ്ങളും ഈ ലഹളയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ കലാപങ്ങള്‍ നടന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളായിരുന്നു എന്നത് ഒരു വസ്തുതയാണ്; ഏറ്റുമുട്ടലിന്റെ ഒരു പകുതി മുഴുവന്‍ ഇവരെക്കൊണ്ടു തന്നെയാണ് നിറഞ്ഞിരുന്നതും; അതിനെ അടിച്ചമര്‍ത്താന്‍ വന്ന ബ്രിട്ടീഷ് ശക്തിയുടെ പിന്നില്‍ അണിനിരന്നിരുന്നതു ഭൂരിഭാഗവും ഹിന്ദുജന്മിമാരും. ഈ ചേരിതിരിവ് ഈ കലാപത്തിന് വര്‍ഗീയമായ ഒരു നിറപ്പകര്‍ച്ച നല്‍കുകയും അങ്ങനെ ഇതു 'മാപ്പിളലഹള' എന്ന് അറിയപ്പെടുകയും ചെയ്തു. ഒരു ഭാഗത്തു ചൂഷകന്മാരും മര്‍ദകന്മാരും നേതൃത്വം നല്‍കിയ ഒരു സവര്‍ണഹിന്ദു ന്യൂനപക്ഷവും മറുവശത്ത് സാമ്പത്തികമായ അടിമത്തത്തിന്‍കീഴില്‍ ഞെരിഞ്ഞിരുന്ന ചൂഷിതരായ ഒരു മുസ്ലിം ഭൂരിപക്ഷവുമാണുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം ഏതായാലും അവഗണിക്കുക സാധ്യമല്ല.
ബ്രിട്ടീഷധികാരം മലബാര്‍ പ്രദേശങ്ങളില്‍ രൂഢമൂലമാകാന്‍ തുടങ്ങിയ 18-ാം ശതകത്തിന്റെ അവസാനഘട്ടം മുതല്‍ നിയമനിര്‍മാണം വഴിയായും മറ്റും അവര്‍ നടപ്പില്‍വരുത്താനുദ്ദേശിച്ച ഭൂവുടമാബന്ധങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങള്‍ നിരവധി ആളുകള്‍ക്ക് ഭൂമിയിലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടവരുത്തി. ബഹുഭൂരിപക്ഷം ജനങ്ങളും അധ്വാനിച്ചുണ്ടാക്കുന്ന ഫലങ്ങളനുഭവിക്കാന്‍ ഒരു ചെറുവിഭാഗം ജന്മികള്‍ മാത്രമാണെന്ന സാമൂഹികനില ഈ കാലങ്ങളില്‍ രൂപംകൊണ്ടു. രണ്ടു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാകുമ്പോഴെല്ലാം ജന്മിമാരുടെ സഹായത്തിനാണ് ബ്രിട്ടീഷ് പട്ടാളങ്ങളെത്തുന്നതെന്നു ജനങ്ങള്‍ക്ക് ബോധ്യം വന്നു. അതുകൊണ്ടു മര്‍ദിതരായ ഭൂരഹിതരുടെ പകപോക്കലിനിരയായത് ജന്മികള്‍ മാത്രമല്ല; ബ്രിട്ടീഷുദ്യോഗസ്ഥന്മാര്‍ കൂടിയായിരുന്നു. ഇവയെല്ലാം സ്വാതന്ത്യ്രാവേശം നിറഞ്ഞ ദേശീയ സമരങ്ങളാണെന്നു വിളിക്കാന്‍ പ്രയാസമുണ്ട്. അടിമത്തത്തിലും ചൂഷണത്തിലും നിന്നു മോചനം നേടാനുള്ള ഒരു ആവേശത്വര ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാമെന്നതിന് സംശയമില്ല. പക്ഷേ, അവയെല്ലാം വിദേശാധിപത്യത്തിന്റെ നേര്‍ക്കുള്ള സംഘടിത വിദ്വേഷപ്രകടനമൊന്നും ആയിരുന്നില്ല. മേലാളരുടെ പീഡനങ്ങളില്ലാതെ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ തയ്യാറില്ല എന്ന ദൃഢനിശ്ചയത്തിന്റെ ബഹിര്‍സ്ഫോടനങ്ങളായിരുന്നു ഈ കലാപങ്ങള്‍. ഇവയില്‍ രണ്ടു ഭാഗത്തും അണിനിരന്നിരുന്നത് രണ്ടു മതവിശ്വാസികളായിരുന്നു എന്നത് ചരിത്രത്തിലെ വിലക്ഷണ പ്രതിഭാസങ്ങളിലൊന്നായിരുന്നു എന്നു കരുതുകയാവും ഭേദം. 1880-ല്‍ മലബാര്‍ കളക്ടറായിരുന്ന മഗ്രിഗര്‍ ഇവയെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. 'വസ്തു സംബന്ധമായ വൈരത്തില്‍ നിന്നാണ് ലഹളകളുണ്ടാകുന്നത്... ജന്മിമാരുടെ ദ്രോഹാചാരത്തെ നശിപ്പിക്കാന്‍ പ്രയോജനപ്പെടുത്തപ്പെട്ട ഒരായുധം മാത്രമാണ് മതഭ്രാന്ത്'.
g. ഭരണപരിഷ്കാരങ്ങള്‍. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ മലബാറില്‍ ആധിപത്യം ഉറപ്പിച്ച ബ്രിട്ടീഷുകാര്‍ അവരുടെ ഭരണകാലഘട്ടത്തില്‍ നിരവധി ഭരണപരിഷ്കാരങ്ങള്‍ മലബാറില്‍ നടപ്പിലാക്കുകയുണ്ടായി. ഇതേവര്‍ഷം കമ്പനി നിയോഗിച്ച കമ്മിഷണര്‍മാര്‍ മലബാറിലെ ഭൂപ്രഭുക്കന്മാരുമായി ചര്‍ച്ച നടത്തുകയും അവര്‍ കമ്പനിക്കു നല്‍കേണ്ട നികുതിയെ സംബന്ധിച്ചും ഭരണപരിഷ്കാരങ്ങളെ സംബന്ധിച്ചും വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. ഈ വ്യവസ്ഥകള്‍ പ്രകാരം കുരുമുളക് ഒഴികെയുള്ള ചരക്കുകളുടെ സ്വതന്ത്രവാണിജ്യം മലബാറില്‍ അനുവദിച്ചു. മാത്രമല്ല, അടിമവ്യാപാരം മലബാറില്‍ നിരോധിക്കുകയും ചെയ്തു. പ്രാദേശിക നാടുവാഴികള്‍ കമ്പനിയുടെ നിര്‍ദേശപ്രകാരം ഭരണം നടത്തണം എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. 1793-ല്‍ മലബാറിനെ ഭരണസൌകര്യാര്‍ഥം രണ്ടായി വിഭജിക്കുകയും ഇവയുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേകം സൂപ്രണ്ടുമാരെ നിയമിക്കുകയും ചെയ്തു. 1800-ല്‍ മലബാര്‍ പ്രവിശ്യയെ ബോംബെ പ്രസിഡന്‍സിയില്‍ നിന്നും വേര്‍പെടുത്തുകയും മദ്രാസ് പ്രസിഡന്‍സിയോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. 1801-ല്‍ ഒരു പ്രിന്‍സിപ്പല്‍ കളക്ടറെയും മൂന്ന് സബോര്‍ഡിനേറ്റ് കളക്ടര്‍മാരെയും നിയമിച്ചു. നിയമവ്യവസ്ഥയെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും തലശ്ശേരിയിലും ജില്ലാ കോടതികളും തലശ്ശേരിയില്‍ ഒരു പ്രവിശ്യാ കോടതിയും സ്ഥാപിച്ചു. 1865-ലെ പ്രത്യേക ആക്റ്റ് പ്രകാരം കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് എന്നിവ മുനിസിപ്പാലിറ്റികളായി പ്രഖ്യാപിച്ചു.
1887-ലെ പ്രത്യേക ആക്റ്റ് കുടിയാന്മാരെ ഒഴിപ്പിക്കുന്നതില്‍നിന്നും ജന്മിമാരെ വിലക്കിയെങ്കിലും കുടിയാന്മാരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഈ ആക്റ്റിലൂടെ സാധിച്ചില്ല. ഭരണപരിഷ്കാരങ്ങള്‍ക്കൊപ്പം നിരവധി സാമൂഹിക പരിഷ്കാരങ്ങളും ബ്രിട്ടീഷുകാര്‍ മലബാറില്‍ നടപ്പിലാക്കി. 1792-ലെ അടിമവ്യാപാര നിരോധന പ്രഖ്യാപനമായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. 1836-ലെ മറ്റൊരു പ്രഖ്യാപനത്തിലൂടെ കാര്‍ഷിക അടിമകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞില്ല. പ്രാകൃതരീതിയിലുള്ള ശിക്ഷാനടപടികള്‍ നിര്‍ത്തലാക്കിയ കമ്പനി നിര്‍ബന്ധിത തൊഴില്‍ സമ്പ്രദായമായ ഊഴിയം വേലയും മലബാറില്‍ നിര്‍ത്തലാക്കി.
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍
19-ാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ സാമുദായികതയില്‍ കേന്ദ്രീകൃതമായി നിരവധി സാമൂഹിക പരിഷ്കരണ- നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ രൂപംകൊള്ളുകയുണ്ടായി. നിയതാര്‍ഥത്തില്‍ കൊളോണിയല്‍ ഭരണാധികാരികളുടെ സഹകരണവും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ സന്നിവേശവും ബ്രിട്ടീഷ് ഭരണാധികാരികളുടെ സ്വാധീനത്തില്‍ ഭരണതലത്തിലുണ്ടായ പരിഷ്കാരങ്ങളും അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനവും മറ്റുമായിരുന്നു കേരളത്തിലെ സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത്.
കേരളത്തിന്റെ സാമൂഹിക രംഗത്ത് പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആരംഭത്തിന് നിര്‍ണായകമായിരുന്നു. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും വിവേചനങ്ങളെയും അംഗീകരിക്കാന്‍ കഴിയാതിരുന്ന മിഷനറിമാര്‍ അടിമക്കച്ചവടം നിര്‍ത്തലാക്കുന്നതിനും ഊഴിയംവേല അവസാനിപ്പിക്കുന്നതിനുംവേണ്ടി നടത്തിയ ഇടപെടലുകളും നിര്‍ണായകമായിരുന്നു. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും സ്വാധീനിച്ചത് നാടാര്‍, പുലയര്‍, കുറവര്‍, അയ്യനവര്‍ തുടങ്ങിയ വിഭാഗങ്ങളെയായിരുന്നു. നാടാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതിനുവേണ്ടി 1822-ല്‍ നടത്തിയ കലാപം (മേല്‍ശീലകലാപം) തിരുവിതാംകൂറിലെ നാടാര്‍ വിഭാഗം ഉള്‍പ്പെടെയുള്ള അധഃസ്ഥിതവിഭാഗങ്ങളെ ഒന്നാകെ സ്വാധീനിച്ചു. അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയില്‍ മിഷനറിമാര്‍ നടത്തിയ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ഇവരെ പൗരാവകാശബോധമുള്ളവരും ആത്മാഭിമാനബോധമുള്ളവരുമാക്കിത്തീര്‍ത്തു. 1847-മുതല്‍ തിരുവിതാംകൂറില്‍ അടിമസമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മിഷനറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അടിമജാതികളുടെ പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി അവര്‍ നടത്തിയ ഇടപെടലുകളും കീഴാളജാതികളെ ഒന്നാകെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിക്കുന്നതില്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. ഹൈന്ദവസമൂഹത്തില്‍ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ കീഴാളവിഭാഗങ്ങള്‍ സംഘടിതമായി സടകുടഞ്ഞെഴുന്നേറ്റ ഈ കാലഘട്ടത്തില്‍ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും പലരൂപത്തില്‍ നവോത്ഥാനത്തിന്റെ അലയൊലികള്‍ ദൃശ്യമായി.
വൈകുണ്ഠസ്വാമികളും സമത്വസമാജവും. സാമുദായികതയില്‍ കേന്ദ്രീകൃതമായി വികസിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളില്‍ ആദ്യത്തേത് 1836-ല്‍ രൂപീകൃതമായ സമത്വസമാജമായിരുന്നു. പില്ക്കാലത്ത് വൈകുണ്ഠസ്വാമികള്‍ (1809-1851) എന്ന പേരില്‍ അറിയപ്പെട്ട മുടിചൂടും പെരുമാള്‍ ആയിരുന്നു (സവര്‍ണരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മുടിചൂടും പെരുമാള്‍ എന്ന പേര്‍ മുത്തുക്കുട്ടി എന്നതാക്കി) സമത്വസമാജത്തിന്റെ സ്ഥാപകന്‍. ഹിന്ദു സാമൂഹികവ്യവസ്ഥയില്‍ കീഴാളസമുദായമായി കണക്കാക്കപ്പെട്ടിരുന്ന നാടാര്‍ സമുദായത്തില്‍ ജനിച്ച വൈകുണ്ഠസ്വാമികള്‍ ഹിന്ദുമതത്തിലെ ജാതിവിവേചനത്തെയും രാജവാഴ്ചയെയും വൈദേശികാധിപത്യത്തെയും തുറന്നു വിമര്‍ശിച്ചുകൊണ്ടായിരുന്നു സമുദായ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായത് (നോ. മേല്‍മുണ്ട് സമരം, ചാന്നാര്‍ ലഹള). ജാതിവ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ച വൈകുണ്ഠസ്വാമികള്‍ പന്തിഭോജനത്തെ പ്രോത്സാഹിപ്പിക്കുകയും വിഗ്രഹാരാധനയെ നിഷേധിക്കുകയും ചെയ്തുകൊണ്ട് നാട്ടിലുടനീളം 'പതികള്‍' (ആരാധനാ കേന്ദ്രങ്ങള്‍) സ്ഥാപിച്ച് കണ്ണാടിപ്രതിഷ്ഠ നടത്തുകയും ചെയ്തു. അധഃസ്ഥിതവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക സമത്വത്തിനുംവേണ്ടി പ്രവര്‍ത്തിച്ച വൈകുണ്ഠസ്വാമികളുടെ പല ആദര്‍ശങ്ങളും മാതൃകകളും പില്ക്കാല നവോത്ഥാനപ്രസ്ഥാനങ്ങള്‍ പിന്തുടരുകയുണ്ടായി.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (1825-1874). വൈകുണ്ഠസ്വാമിയുടെ കാലഘട്ടത്തില്‍ കേരളീയ നവോത്ഥാനത്തിന് വഴിയൊരുക്കിയ മറ്റൊരു നവോത്ഥാന നായകനായിരുന്നു മധ്യതിരുവിതാംകൂറിലെ ആറാട്ടുപുഴയിലെ കല്ലശ്ശേരിയില്‍ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. മധ്യതിരുവിതാംകൂറിലെ, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഈഴവര്‍ക്കിടയിലാണ് ഇദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. സവര്‍ണാധിപത്യത്തിനും ജാതീയമായ അനാചാരങ്ങള്‍ക്കുമെതിരെ ധീരമായി പോരാടിയ പണിക്കര്‍ 49-ാം വയസ്സില്‍ ചതിയില്‍ വധിക്കപ്പെടുകയായിരുന്നു. 1852-ല്‍ എല്ലാ ജാതിമതസ്ഥര്‍ക്കും വേണ്ടി സ്വന്തം തറവാട്ടിന് സമീപം മംഗലത്ത് കേരളീയ ശൈലിയില്‍ ഒരു ക്ഷേത്രം നിര്‍മിച്ച് ശിവപ്രതിഷ്ഠ നടത്തി ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിച്ചതോടെയാണ് വേലായുധപ്പണിക്കര്‍ ശ്രദ്ധേയനാവുന്നത്. തുടര്‍ന്ന് പണിക്കരുടെ മാതൃക ചേര്‍ത്തല താലൂക്കിലെ തണ്ണീര്‍മുക്കം ചെറുവാരണംകരയില്‍ ആവര്‍ത്തിക്കപ്പെട്ടു (1853). അവര്‍ണര്‍ക്കുവേണ്ടി ക്ഷേത്രം നിര്‍മിച്ച് ശിവപ്രതിഷ്ഠ നടത്തിയ പണിക്കര്‍ അതുവരെ സവര്‍ണരുടെ മാത്രം കുത്തകയായിരുന്ന കഥകളി പഠനത്തിലും വിപ്ലവം സൃഷ്ടിച്ചു. ഈഴവ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക കഥകളിയോഗം സ്ഥാപിച്ചതിലൂടെയായിരുന്നു പണിക്കര്‍ ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്. മധ്യതിരുവിതാംകൂറിലെ അധഃസ്ഥിതര്‍ സവര്‍ണരെപ്പോലെ വസ്ത്രം ധരിക്കാനും ആഭരണം ധരിക്കാനുമുള്ള അവകാശം നേടിയെടുക്കുന്നതും വേലായുധപ്പണിക്കരുടെ ധീരമായ ഇടപെടലുകളിലൂടെയായിരുന്നു.
നാരായണഗുരുവും എസ്.എന്‍.ഡി.പി.യും. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പി എന്നും പിതാവ് എന്നും വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്കര്‍ത്താവാണ് നാരായണഗുരു. നാരായണഗുരു തന്റെ കര്‍മമണ്ഡലത്തില്‍ സജീവമാവുന്നതിനു മുമ്പുതന്നെ വൈകുണ്ഠ സ്വാമികളും, ആറാട്ടുപുഴ വേലായുധപ്പണിക്കരും മറ്റും കേരളീയ നവോത്ഥാനത്തിന് വിത്തുപാകിയിരുന്നെങ്കിലും, നാരായണഗുരുവിന്റെ (1856-1928) രംഗപ്രവേശത്തോടെയാണ് കേരളീയ നവോത്ഥാന പ്രസ്ഥാനം സജീവവും സമ്പൂര്‍ണവുമാവുന്നത്. കേരളീയ സമൂഹത്തില്‍ നൂറ്റാണ്ടുകളോളം അയിത്തജാതിക്കാരായി മുദ്രകുത്തപ്പെട്ടിരുന്ന ഈഴവര്‍ക്കിടയില്‍ നാരായണഗുരു നടത്തിയ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സവര്‍ണ- അവര്‍ണ സമുദായങ്ങളെ ഒരുപോലെ സ്വാധീനിക്കാന്‍ പര്യാപ്തമായിരുന്നു. 1856-ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തിയില്‍ ജനിച്ച നാരായണഗുരു ബാല്യം മുതല്‍ ഭക്തിയോടും ആത്മീയതയോടും താത്പര്യം പ്രകടിപ്പിച്ചിരുന്നു. സംസ്കൃതത്തിലും തത്ത്വചിന്തയിലും പാരമ്പര്യ വിദ്യാഭ്യാസം നേടിയ ഗുരു ജാതിവ്യവസ്ഥയെയും ബ്രാഹ്മണ മേധാവിത്വത്തെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു വ്യതിരിക്തമായ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായത്.
1888-ല്‍ ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് നാരായണഗുരു അരുവിപ്പുറത്ത് നടത്തിയ ശിവലിംഗപ്രതിഷ്ഠ കേരളത്തിലെ കീഴാളവിഭാഗങ്ങളെ, പ്രത്യേകിച്ചും ഈഴവരെ പൗരാവകാശബോധമുള്ളവരാക്കുകയും സാമൂഹികപരിഷ്കരണത്തിന്റെ പുതിയൊരു പന്ഥാവിലേക്ക് നയിക്കുകയും ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയുടെ പിന്തുടര്‍ച്ചയായി കേരളത്തിലുടനീളം ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ഗുരു അവിടങ്ങളിലെല്ലാം ജാതിഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്തു. മുരുക്കുംപുഴയില്‍ സത്യം, ധര്‍മം, ദയ സ്നേഹം എന്ന മുദ്രാവാക്യമാണ് പ്രതിഷ്ഠ. കാരമുക്ക് ക്ഷേത്രത്തില്‍ കെടാവിളക്കും കളവംകോട് ക്ഷേത്രത്തില്‍ കണ്ണാടിയും പ്രതിഷ്ഠിച്ചു. ആലുവയില്‍ പ്രതിഷ്ഠയേ ഇല്ലായിരുന്നു. 1917-ല്‍ ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുതെന്ന നിര്‍ദേശവുമായി അധഃസ്ഥിതരുടെ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കി. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്റെ സന്ദേശം കേരളീയ നവോത്ഥാനത്തിന്റെ മുദ്രാവാക്യമായി മാറി എന്നുതന്നെ പറയാം. 1924-ല്‍ ആലുവയില്‍ വച്ച് സര്‍വമത സമ്മേളനം സംഘടിപ്പിക്കുന്നതിനും ഗുരു നേതൃത്വം നല്‍കി. ഈഴവര്‍ക്കിടയില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിലും ഉപജാതി വിഭാഗീയതകള്‍ക്കതീതമായി ഈഴവരെ ഒരു സമുദായമായി ഏകീകരിക്കുന്നതിലും ഗുരു ശ്രദ്ധപതിപ്പിച്ചിരുന്നു. തന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഡോ. പല്‍പ്പുവിന്റെ സഹകരണത്തോടെ 1903-ല്‍ അദ്ദേഹം ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപീകരിച്ചു. നാരായണഗുരുവായിരുന്നു യോഗത്തിന്റെ സ്ഥിരാധ്യക്ഷന്‍; സെക്രട്ടറി, മഹാകവി കുമാരനാശാനും. ഡോ. പല്‍പ്പു, മഹാകവി കുമാരനാശാന്‍ തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും ഉത്പതിഷ്ണുക്കളുടെയും പിന്തുണ ലഭിച്ചതോടെ വളരെപ്പെട്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ഈഴവരുടെ ഏകീകൃത സമുദായ സംഘടനയായി വികസിക്കുകയും ഈഴവ സമുദായം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ ആഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുകയും ചെയ്തു. നോ. നാരായണഗുരു, ശ്രീനാരായണധര്‍മപരിപാലനയോഗം
സാധുജനപരിപാലനവും അധഃസ്ഥിതമുന്നേറ്റവും. നാരായണഗുരുവിന്റെ സമകാലികനും കേരളീയ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ശ്രദ്ധേയനുമായ അയ്യന്‍കാളി 1907-ല്‍ സ്ഥാപിച്ച സാധുജനപരിപാലന സംഘം പ്രവര്‍ത്തന സജ്ജമാവുന്നതോടെയാണ് ഈഴവേതര അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ അലയൊലികള്‍ ദൃശ്യമാവുന്നത്. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി 1893-ല്‍ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്രയും 1907-08 കാലഘട്ടത്തില്‍ അദ്ദേഹം നേതൃത്വം നല്‍കിയ കര്‍ഷകത്തൊഴിലാളികളുടെ ഐതിഹാസികമായ പണിമുടക്ക് സമരവും തിരുവിതാംകൂറിലെ പുലയരാദി അധഃസ്ഥിതവിഭാഗങ്ങളെ അവകാശബോധമുള്ളവരും സമരസജ്ജരുമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പുലയര്‍ ഉള്‍പ്പെടെയുള്ള അയിത്തജാതിക്കാര്‍ക്ക് തിരുവിതാംകൂറില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍, സ്വന്തമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചും സംഘടിതമായി വിദ്യാലയങ്ങളില്‍ പ്രവേശിച്ചും കീഴാളരുടെ വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹം പ്രയത്നിച്ചു. 1911-ല്‍ അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരിക്കവേ അയ്യന്‍കാളി നടത്തിയ പ്രസംഗങ്ങള്‍ അധഃസ്ഥിതരുടെ അവകാശങ്ങളെ സംബന്ധിക്കുന്ന രജതരേഖയാണ്. ഉപജാതിവിഭാഗീയതകള്‍ക്കതീതമായി അധഃസ്ഥിതവിഭാഗങ്ങളെ ഏകീകരിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പതിപ്പിച്ച അയ്യന്‍കാളി അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉന്മൂലനം ചെയ്യുന്നതിലും ഈ ജനവിഭാഗത്തെ അച്ചടക്കവും അവകാശബോധവുമുള്ള ഒരു സമുദായമായി സംഘടിപ്പിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ഇദ്ദേഹം നടത്തിയ ധീരമായ ഇടപെടലുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ശ്രമഫലമായാണ് പില്ക്കാലത്ത് തിരുവിതാംകൂറിലെ അധഃസ്ഥിതവിഭാഗങ്ങള്‍ വിദ്യാഭ്യാസ-ഉദ്യോഗരംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. നോ. അയ്യന്‍കാളി, സാധുജനപരിപാലനസംഘം
പണ്ഡിറ്റ് കറുപ്പനും അരയസമുദായോദ്ധാരണവും. ഈഴവര്‍, അധഃസ്ഥിതര്‍, നായര്‍, ബ്രാഹ്മണര്‍ തുടങ്ങിയ സമുദായങ്ങള്‍ക്കൊപ്പം കേരളത്തിലെ സാമൂഹിക നവോത്ഥാനപ്രസ്ഥാനത്തിന് ഊടും പാവും നല്‍കിയ മറ്റൊരു പ്രബലവിഭാഗം അരയസമുദായരായിരുന്നു. കേരളത്തിന്റെ കടലോരപ്രദേശങ്ങളില്‍ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ച് ഉപജീവനം സാധ്യമാക്കിയിരുന്ന അരയര്‍, ഫ്യൂഡലിസത്തിന്റെയും ജാതിവ്യവസ്ഥയുടെയും കാലഘട്ടത്തില്‍ വിവിധ ഉപജാതികളായി വിഭജിക്കപ്പെടുകയും ജാതീയമായ വിവേചനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തു. 20-ാം ശതകത്തിന്റെ ആദ്യദശാബ്ദങ്ങളില്‍പ്പോലും അരയര്‍ക്കിടയില്‍ ഉപജാതിബോധവും മേലാളര്‍-കീഴാളര്‍ വിഭജനവും ശക്തമായിരുന്നു. കൊച്ചിയിലെ നവോത്ഥാന നായകരില്‍ പ്രമുഖനും സാഹിത്യത്തില്‍ ശക്തമായി ജാതിയെ പ്രമേയവത്കരിക്കുകയും ചെയ്ത പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ രംഗപ്രവേശത്തോടെയാണ് അരയസമുദായം സാമുദായിക പരിഷ്കരണത്തിന്റെയും നവോത്ഥാനത്തിന്റെയും പാതയിലേക്ക് പ്രവേശിക്കുന്നത്. പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ ജാതിക്കുമ്മി, ഉദ്യാനവിരുന്ന്, ബാലാകലേശം തുടങ്ങിയ കൃതികള്‍ ജാതീയമായ വിവേചനങ്ങള്‍ക്കെതിരെയുള്ള തുറന്ന പോരാട്ടത്തിനുള്ള ആഹ്വാനമായിരുന്നു. സമാനതകളില്ലാത്ത സാഹിത്യ ഇടപെടലുകളിലൂടെ ജാതീയമായ വിവേചനങ്ങളെയും സവര്‍ണാധിപത്യത്തെയും കടന്നാക്രമിച്ച കറുപ്പന്‍ മാസ്റ്റര്‍ ഉപജാതി, മേലാള- കീഴാളവിഭാഗീയതയ്ക്കതീതമായി അരയസമുദായത്തെ ഏകീകരിപ്പിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ഉജ്ജ്വലമായ പ്രഭാഷണങ്ങളിലൂടെയും കവിതകളിലൂടെയും പാട്ടുകളിലൂടെയും കറുപ്പന്‍ മാസ്റ്റര്‍ അരയരുടെ ആത്മാഭിമാനത്തെയും സ്വത്വബോധത്തെയും തൊട്ടുണര്‍ത്തുകയും വിഭാഗീയതയ്ക്കതീതമായി അരയരെ ഒരു സമുദായമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ധൈഷണികമായ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട തേവരയിലെ വാലസമുദായ പരിഷ്കാരിണിസഭ, ആനാപ്പുഴയിലെ കല്യാണദായിനി സഭ, വൈക്കത്തെ വാലസേവാസമിതി, പറവൂരിലെ സമുദായസേവിനി സഭ തുടങ്ങിയ സമുദായ സഭകളായിരുന്നു അരയസമുദായത്തിന്റെ നവോത്ഥാനത്തിന് കൊച്ചിയില്‍ വെളിച്ചം വീശിയത്. അരയസമുദായാംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ദുഷിച്ച ആചാരങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനും, ഉപജാതികള്‍ക്കിടയില്‍ വിവാഹബന്ധം സ്ഥാപിക്കുന്നതിനും ധൂര്‍ത്തും ആര്‍ഭാടവും ഉപേക്ഷിക്കുന്നതിനും മുന്‍ചൊന്ന സഭകളുടെ പ്രവര്‍ത്തനങ്ങള്‍ വഴിതെളിച്ചു. പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ സമകാലികരായ അരയസമുദായ പരിഷ്കര്‍ത്താക്കളായിരുന്നു വേലുക്കുട്ടി അരയന്‍, ആലപ്പുഴ കൊടിവീട്ടില്‍ രാമന്‍ കുഞ്ഞായി, കറുപ്പന്‍ മാസ്റ്ററുടെ സഹോദരനും ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യനുമായ ആനന്ദയോഗി, റാവു ബഹുദൂര്‍ ഗോവിന്ദന്‍ എന്നിവര്‍.
കൊച്ചിയിലും തിരുവിതാംകൂറിന്റെ വടക്കന്‍ഭാഗങ്ങളും കേന്ദ്രീകരിച്ച് പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്റര്‍ നടത്തിയ സമുദായോദ്ധാരണ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ അരയര്‍ക്കൊപ്പം, കൊച്ചിയിലെ പുലയരാദി അധഃസ്ഥിത വിഭാഗങ്ങളെയും സാമൂഹിക മുന്നേറ്റത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായിരുന്നു. നിയതാര്‍ഥത്തില്‍ കറുപ്പന്‍ മാസ്റ്റര്‍ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് കൊച്ചിയിലെ പുലയര്‍ കൃഷ്ണേതിയുടെയും കെ. പി. വള്ളോന്റെയും നേതൃത്വത്തില്‍ കൊച്ചി കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും കൊച്ചി പുലയമഹാജനസഭ രൂപീകരിക്കുന്നതും, അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ സമരസജ്ജരാവുന്നതും. കെ. പി. വള്ളോന്‍, പി. സി. ചാഞ്ചന്‍ എന്നിവരായിരുന്നു കൊച്ചിയിലെ പുലയരുടെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍. നോ. കറുപ്പന്‍ കെ.പി., കൃഷ്ണേതി ആശാന്‍, കേരള പുലയമഹാസഭ, വേലുക്കുട്ടി അരയന്‍.
അധഃസ്ഥിത വിഭാഗങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിതരായതോടെ ദേശീയ പ്രസ്ഥാനവും ഈ വിഭാഗങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയുണ്ടായി. 1927-ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കോഴിക്കോട് വച്ച് അധഃസ്ഥിത വിഭാഗങ്ങളുടെ ഒരു സമ്മേളനം സംഘടിപ്പിക്കുകയും വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഈ കാലയളവില്‍ പറയര്‍, കുറവര്‍, അയ്യനവര്‍, അരയര്‍ തുടങ്ങിയ വിഭാഗങ്ങളും സമുദായ പരിഷ്കരണ സംഘടനകള്‍ക്ക് രൂപംനല്‍കി. ഇത്തരത്തില്‍ രൂപപ്പെട്ട സാമൂഹിക സംഘടനകളില്‍ പ്രധാനപ്പെട്ടവയായിരുന്നു 1928-ല്‍ വര്‍ക്കല എസ്. കെ. രാഘവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സത്യവിലാസിനി സംഘവും 1929-ല്‍ കല്ലട രാമന്‍ നാരായണന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട അറുമുഖവള്ളി വിലാസവും പാമ്പാടി ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ചേരമര്‍ മഹാസഭയും (1921). 1929-ല്‍ കല്ലട രാമന്‍ നാരായണന്‍ പ്രജാസഭാ മെമ്പറായി. 1936-ല്‍ കുറവര്‍ മഹാസഭ രൂപീകരിക്കപ്പെടുകയും സംഘടനയെ പ്രതിനിധീകരിച്ച് പി.സി. ആദിച്ചന്‍ പ്രജാസഭാ മെമ്പര്‍ ആവുകയും ചെയ്തു.
പൊയ്കയില്‍ യോഹന്നാന്‍ (കുമാരഗുരുദേവന്‍) (1879-1939). അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയില്‍ ജാതി/സമുദായ സംഘടനകള്‍ പ്രാബല്യം നേടുന്ന 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഹിന്ദു മതത്തിലെയും ക്രിസ്തു മതത്തിലെയും ജാതീയമായ വിവേചനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് അധഃസ്ഥിതരുടെ സ്വത്വത്തിലും സംസ്കാരത്തിലും അടിയാളത്ത ചരിത്രത്തിലും ഊന്നി അവരുടെ ആത്മീയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്നവരില്‍ അഗ്രഗാമിയാണ് പൊയ്കയില്‍ യോഹന്നാന്‍. വിശ്വാസികള്‍ക്കിടയില്‍ പൊയ്കയില്‍ അപ്പച്ചന്‍ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ഇദ്ദേഹം പില്ക്കാലത്ത് പൊയ്കയില്‍ കുമാരഗുരുദേവന്‍ എന്നറിയപ്പെട്ടു. ഉപജാതി വിഭാഗീയതകള്‍ക്കതീതമായി ദലിതരെ സമുദായവത്കരിച്ച് ആത്മീയതയുടെ പുതിയൊരു വിതാനത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1910-ല്‍ ഇദ്ദേഹം പ്രഖ്യാപിച്ച പ്രത്യക്ഷരക്ഷാദൈവസഭ ഹിന്ദുമതത്തിലെയും ക്രിസ്തുമതത്തിലെയും ദലിതരെ ഒരുപോലെ ആകര്‍ഷിച്ചു. കേരളത്തിലെ അധഃസ്ഥിതരെ 'അടിമസന്തതികള്‍' എന്നു വിശേഷിപ്പിച്ച ഇദ്ദേഹം ഹിന്ദുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും വിശ്വാസപ്രമാണങ്ങളെ ഒരുപോലെ നിരാകരിച്ചുകൊണ്ടായിരുന്നു പി.ആര്‍.ഡി.എസ്. സ്ഥാപിച്ചതും അധഃസ്ഥിതരുടെ ഏകീകരണത്തിനും നവോത്ഥാനത്തിനുംവേണ്ടി പ്രവര്‍ത്തിച്ചതും.
ചട്ടമ്പിസ്വാമികള്‍. കേരളത്തിലെ സാമുദായിക പരിഷ്കരണപ്രസ്ഥാനങ്ങളില്‍ ഹിന്ദുസമൂഹത്തിന്റെ പരിഷ്കരണത്തിന് പ്രാമുഖ്യം നല്‍കിയ പരിഷ്കര്‍ത്താവായിരുന്നു കുഞ്ഞന്‍പിള്ള എന്ന ചട്ടമ്പിസ്വാമികള്‍. ഹിന്ദുസാമൂഹിക വ്യവസ്ഥയില്‍ ബ്രാഹ്മണര്‍ക്ക് താഴെയായിരുന്നു നായരുടെ സ്ഥാനമെങ്കിലും ബ്രിട്ടീഷ് ആധിപത്യകാലഘട്ടത്തില്‍ സന്നിവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാരങ്ങള്‍ നായര്‍സമുദായത്തിന്റെ അധഃപതനത്തിന് വഴിതെളിച്ചിരുന്നു. തറവാട്, കൂട്ടുകുടുംബം എന്നീ സമ്പ്രദായങ്ങളുടെ തകര്‍ച്ചയും പാശ്ചാത്യവിദ്യാഭ്യാസം, പുതിയ മൂല്യങ്ങളുടെ ഒഴുക്ക് എന്നിവയും നായര്‍ സമുദായത്തിന്റെ പരിഷ്കരണം അനിവാര്യമാക്കിത്തീര്‍ത്ത കാലഘട്ടത്തിലാണ് ചട്ടമ്പിസ്വാമികള്‍ (1853-1924) ഹൈന്ദവ സമൂഹത്തിന്റെ പരിഷ്കരണദൌത്യം ഏറ്റെടുക്കുന്നത്. ജാതിവ്യവസ്ഥയെ പരിഹസിച്ച ഇദ്ദേഹം ആചാരാനുഷ്ഠാനങ്ങളില്‍ ബ്രാഹ്മണരുടെ അപ്രമാദിത്വത്തെയും ചോദ്യം ചെയ്തു. വ്യാകരണത്തിലും സംസ്കൃതത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമികള്‍ സാമൂഹിക പരിഷ്കരണശ്രമങ്ങളില്‍ സമകാലികനായ ശ്രീനാരായണഗുരുവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ഹിന്ദുക്കളുടെ ഏകീകരണത്തിനും പരിഷ്കരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച ചട്ടമ്പിസ്വാമികളുടെ ആശയങ്ങളെ പിന്തുടര്‍ന്നാണ് പില്ക്കാലത്ത് (1914) നായര്‍ സര്‍വീസ് സൊസൈറ്റി രൂപംകൊള്ളുന്നത്. നോ. ചട്ടമ്പിസ്വാമികള്‍; നായര്‍ സര്‍വീസ് സൊസൈറ്റി
യോഗക്ഷേമസഭ. 1908-ല്‍ പ്രവര്‍ത്തനം ആരംഭിച്ച നമ്പൂതിരി യോഗക്ഷേമസഭയായിരുന്നു നവോത്ഥാന കാലഘട്ടത്തില്‍ നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നമ്പൂതിരി സമുദായത്തെ സമൂലമായ പരിഷ്കരണത്തിന് വിധേയമാക്കിയത്. അക്കാലത്ത് നമ്പൂതിരിമാര്‍ക്കിടയില്‍ നിരവധി അനാചാരങ്ങള്‍ നിലനിന്നിരുന്നു. സ്ത്രീകളെ അടിമകളായി കാണുന്ന രീതിയിലുള്ള മനോഭാവമാണ് അക്കാലത്ത് നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്നത്. വൃദ്ധവിവാഹം, ബഹുഭാര്യാത്വം എന്നിവയ്ക്കുപുറമേ ജന്മിത്വം സൃഷ്ടിച്ച ജീര്‍ണതകളും സമുദായത്തെ മലീമസമാക്കിയിരുന്നു. ഈ കാലഘട്ടത്തിലാണ് ഉത്പതിഷ്ണുക്കളായ ഒരു സംഘം നമ്പൂതിരി യുവാക്കള്‍ ആലുവയില്‍ സമ്മേളിച്ച് സമുദായപരിഷ്കരണപ്രസ്ഥാനമായ യോഗക്ഷേമസഭയ്ക്ക് രൂപം നല്‍കുന്നത്. ദേശമംഗലം ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു അധ്യക്ഷന്‍. സഭ ആരംഭിക്കുമ്പോള്‍ ആധുനിക വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് അതിന്റെ പ്രവര്‍ത്തനത്തില്‍ പ്രാമുഖ്യം നല്‍കിയത്. തുടര്‍ന്ന് ബഹുഭാര്യാത്വത്തെ നിരോധിക്കുക, വൃദ്ധവിവാഹം തടയുക, വിധവാവിവാഹം പ്രോത്സാഹിപ്പിക്കുക, ഒരു കുടുംബത്തിലെ മൂത്തമകന്‍ മാത്രം വിവാഹം കഴിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക എന്നിവയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1911-ല്‍ സഭയുടെ മുഖപത്രമായ യോഗക്ഷേമസഭ പ്രസിദ്ധീകരണം ആരംഭിച്ചു. 1915-ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നമ്പൂതിരിമാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ നിവേദനം നല്‍കി. 1920-കളില്‍ ദേശീയപ്രസ്ഥാനം ശക്തിയാര്‍ജിച്ചതോടെ യോഗക്ഷേമസഭയ്ക്കുള്ളില്‍ പുരോഗമനവാദികളായ യുവാക്കളുടെ ഒരു ചേരി രൂപപ്പെടുകയും ഇവരുടെ നേതൃത്വത്തില്‍ ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. 1920-കളുടെ അവസാനത്തോടെ ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട്, മൂത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പുരോഗമന വാദികളായ യുവാക്കള്‍ സഭയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉണ്ണിനമ്പൂതിരി നമ്പൂതിരി സമുദായത്തിനുള്ളിലെ പരിഷ്കരണവാദികളുടെ ജിഹ്വയായി മാറി. 1945-ല്‍ ഓങ്ങല്ലൂരില്‍ നടന്ന യോഗക്ഷേമസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തിയ 'നമ്പൂതിരിയെ മനുഷ്യനാക്കാന്‍' എന്ന പ്രക്ഷോഭജനകമായ പ്രസംഗം 1930-കളില്‍ നമ്പൂതിരി സമുദായത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തന പ്രക്രിയയുടെ ശക്തി പ്രകടമാക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നായര്‍ സര്‍വീസ് സൊസൈറ്റിയും മന്നത്തു പദ്മനാഭനും. കേരളത്തിലെ നായര്‍ സമുദായത്തിനുള്ളില്‍ നടന്ന പരിഷ്കരണ, ഏകീകരണ പ്രവര്‍ത്തനങ്ങളായിരുന്നു നവോത്ഥാന കാലഘട്ടത്തിലെ ശ്രദ്ധേയമായ മറ്റൊരു അധ്യായം. നാടുവാഴിത്തത്തിന്റെയും ജന്മിത്തത്തിന്റെയും കാലഘട്ടത്തില്‍ പഴയ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഭൂസ്വത്തിലും ഭരണാധികാരസ്ഥാനങ്ങളിലും ഉയര്‍ന്ന സ്ഥാനമുണ്ടായിരുന്ന നായന്മാര്‍ ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ പിന്തള്ളപ്പെട്ടതോടുകൂടിയാണ് അവര്‍ക്കിടയില്‍ സംഘബോധവും സമുദായബോധവും ഉടലെടുക്കുന്നത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസിലെ പരദേശി ബ്രാഹ്മണരുടെ ആധിപത്യത്തെ ചോദ്യം ചെയ്തും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നായര്‍, ക്രിസ്ത്യന്‍, ഈഴവ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടും സമര്‍പ്പിക്കപ്പെട്ട 1891-ലെ മലയാളി മെമ്മോറിയല്‍ ആണ് നിയതാര്‍ഥത്തില്‍ നായര്‍ സമുദായത്തിന്റെ സംഘടിത മുന്നേറ്റത്തിന് വഴിതെളിച്ചത്. തുടര്‍ന്ന് 1907-ല്‍ കേരളീയ സമാജം രൂപീകരിക്കപ്പെടുകയും നായന്മാരുടെ കൂട്ടുകുടുംബവ്യവസ്ഥ, ബ്രാഹ്മണസംബന്ധ സമ്പ്രദായം, പുലകുളി, കെട്ടുകല്യാണം, തിരണ്ടുകുളി, കാരണവന്മാരുടെ സ്വേച്ഛാധിപത്യം മുതലായവയ്ക്കെതിരെ എതിര്‍പ്പുകള്‍ ഉടലെടുക്കുകയും ചെയ്തു. ഉദ്യോഗനിയമനങ്ങളില്‍ പ്രാതിനിധ്യം ലഭിക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ഇക്കാലത്ത് നടന്നുവന്നു. 1912-ല്‍ നമ്പൂതിരിമാരുടെയും പരദേശി ബ്രാഹ്മണരുടെയും എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് നായര്‍ റെഗുലേഷന്‍ ആക്റ്റ് പാസ്സാവുകയും കൂട്ടുകുടുംബവ്യവസ്ഥയുടെയും മാതൃദായക്രമത്തിന്റെയും സ്ഥാനത്ത് ആളോഹരിഭാഗവും പിതൃദായകക്രമവും നിലവില്‍ വരികയും ചെയ്തത് നായര്‍ സമുദായത്തിനുള്ളിലെ പരിഷ്കരണ ശ്രമങ്ങള്‍ക്ക് ഗതിവേഗം വര്‍ധിപ്പിച്ചു. തുടര്‍ന്ന് 1914-ല്‍ മന്നത്തു പദ്മനാഭന്റെ ധൈഷണികമായ നേതൃത്വത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകരിക്കപ്പെടുകയും നായന്മാര്‍ക്കിടയിലെ അവാന്തരവിഭാഗങ്ങളെ ഏകീകരിച്ചുകൊണ്ട് സമുദായ ഘടനയില്‍ പരിഷ്കരണം ഉണ്ടാകുകയും ചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിലും കാര്യശേഷിയിലും വളരെപ്പെട്ടെന്നു തന്നെ നായര്‍ സമുദായം കേരളത്തിന്റെ സാമൂഹിക പുരോഗതിയും സാമ്പത്തിക വളര്‍ച്ചയും നേടിയെടുക്കാനുള്ള പ്രക്രിയ ത്വരിതപ്പെടുത്തി. ചട്ടമ്പിസ്വാമികള്‍ ഔപചാരികമായി എന്‍.എസ്.എസ്സുമായി ബന്ധം പുലര്‍ത്തിയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നവോത്ഥാന ആശയങ്ങളും ആത്മീയചിന്തയും എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു.
നായര്‍ സമുദായത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന അനവധി അനാചാരങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും ധൂര്‍ത്തിനുമെതിരെ എന്‍.എസ്.എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിദ്യാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ച് അന്യായമായി നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടു പ്രവര്‍ത്തിച്ച എന്‍.എസ്.എസ് 1924-ലെ വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ചുനടന്ന സവര്‍ണജാഥയ്ക്ക് നേതൃത്വം നല്കിയതോടെ നവോത്ഥാന പാരമ്പര്യത്തിന്റെ വക്താവ് എന്ന പ്രശസ്തിയും വര്‍ധിപ്പിച്ചു.
വാഗ്ഭടാനന്ദന്‍. കേരളത്തിലെ സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളുടെ കാലഘട്ടത്തില്‍ ഹിന്ദുമത പരിഷ്കരണത്തിന് പ്രാമുഖ്യം നല്‍കിയ പരിഷ്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു വാഗ്ഭടാനന്ദന്‍. 1885-ല്‍ കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ച ഇദ്ദേഹത്തിന്റെ പൂര്‍വനാമം കുഞ്ഞിക്കണ്ണന്‍ എന്നായിരുന്നു. ചുരുങ്ങിയ കാലത്തെ അധ്യാപകവൃത്തിക്കുശേഷം ഇദ്ദേഹം കോഴിക്കോട് എത്തുകയും ആലത്തൂര്‍ ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യനാവുകയും വാഗ്ഭടാനന്ദന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1898-ല്‍ കോഴിക്കോട് സംസ്കൃത വിദ്യാലയം ആരംഭിച്ച ഇദ്ദേഹം ഇക്കാലത്ത് ശിവയോഗവിലാസം എന്നപേരില്‍ ഒരു മാസികയും ആരംഭിച്ചു. 1917-ല്‍ ഇദ്ദേഹം ആത്മവിദ്യാസംഘം സ്ഥാപിക്കുകയും 1929-ല്‍ ആത്മവിദ്യാകാഹളം എന്നമാസികയും തുടര്‍ന്ന് അഭിനവകേരളം എന്ന പ്രസിദ്ധീകരണവും ആരംഭിക്കുകയും ചെയ്തു. ഹിന്ദുമതദര്‍ശനത്തിന് പുതിയവ്യാഖ്യാനം നല്‍കിയ ഇദ്ദേഹം ബഹുദൈവവിശ്വാസത്തെ ശക്തിയായി എതിര്‍ക്കുകയും ഒരേയൊരു ദൈവം മാത്രമേ ഉള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ക്കിടയിലെ ജാതി വ്യത്യാസത്തെ എതിര്‍ത്ത വാഗ്ഭടാനന്ദന്‍ ജാതിവ്യവസ്ഥ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നു പ്രഖ്യാപിക്കുകയും മതപരിവര്‍ത്തനത്തെ വിമര്‍ശിക്കുകയും ചെയ്തു. വിഗ്രഹാരാധനയുടെ നിരര്‍ഥകതയെ തുറന്നുകാട്ടിക്കൊണ്ട് നിരവധി ലേഖനങ്ങളും അക്കാലത്ത് ഇദ്ദേഹം എഴുതി.
ശുഭാനന്ദസ്വാമികള്‍. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പ്രത്യേകിച്ചും ജാതിജടിലമായ ഹിന്ദുമതത്തിന്റെ സമൂലമായ പരിഷ്കരണത്തിന് നിര്‍ണായകമായ സംഭാവന നല്‍കിയ മറ്റൊരു സാമൂഹിക പരിഷ്കര്‍ത്താവാണ് ശുഭാനന്ദസ്വാമികള്‍ (1882-1950). 1932-ല്‍ ഇദ്ദേഹം രൂപംനല്‍കിയ ആത്മബോധിനി സംഘം, സവര്‍ണരെയും അവര്‍ണരെയും ഒരുപോലെ ആകര്‍ഷിച്ചു. ശുഭാനന്ദസ്വാമികള്‍ പ്രധാനമായും സ്വാധീനിച്ചത് ദലിതരെയായിരുന്നെങ്കിലും ആരംഭം മുതല്‍തന്നെ സവര്‍ണര്‍ ഉള്‍പ്പെടെ നാനാജാതിക്കാര്‍ അദ്ദേഹത്തിന്റെ അനുയായികളായിത്തീര്‍ന്നിരുന്നു. ഹിന്ദുമതത്തിലെ ജാതീയമായ വിവേചനങ്ങളെ എതിര്‍ത്ത ശുഭാനന്ദസ്വാമികള്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ആശയത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു. പൊതുവേ ഹൈന്ദവ പാരമ്പര്യത്തില്‍ അധിഷ്ഠിതമായിരുന്നു സ്വാമികളുടെ അധ്യയനങ്ങളെങ്കിലും ഏകദൈവവിശ്വാസത്തിനാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയത്. വിഗ്രഹാരാധനയെ സ്വാമി അനുകൂലിച്ചിരുന്നില്ല. ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും പ്രാകൃതമായ ആരാധനാസമ്പ്രദായങ്ങള്‍ക്കും എതിരായിരുന്ന സ്വാമികള്‍ ജാതിരഹിത സമൂഹത്തിന്റെ ഏറ്റവും ശക്തനായ വക്താവ് കൂടിയാണ്. നോ. ശുഭാനന്ദസ്വാമികള്‍
നവോത്ഥാനം മുസ്ലിങ്ങള്‍ക്കിടയില്‍. 19-ാം ശതകത്തിന്റെ അന്ത്യത്തില്‍ മുസ്ലിം ജനസംഖ്യയില്‍ മുന്നില്‍ നിന്നിരുന്ന മലബാര്‍ പ്രദേശം കേന്ദ്രീകരിച്ചാണ് മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ പിറവി കൊള്ളുന്നത്. ഇസ്ലാമിക പണ്ഡിതന്മാരായ സെയ്ദ് സനാ ഉള്ള മക്തി തങ്ങള്‍ (1847-1921), ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (?-1919), ഷെയ്ഖ് മുഹമ്മദ് മഹീന്‍ ഹമദാനി തങ്ങള്‍ (?-1922) എന്നിവരായിരുന്നു ആദ്യഘട്ടത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിച്ചവരില്‍ പ്രധാനികള്‍. വക്കം മുഹമ്മദ് അബ്ദുള്‍ ഖാദര്‍ മൗലവിയുടെ മുന്‍ഗാമികളായ ഇവര്‍ മുസ്ലിങ്ങളുടെ മതവിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലുമാണ് പ്രധാനമായും നവീകരണ ആശയങ്ങള്‍ സന്നിവേശിപ്പിച്ചത്. അക്കാലത്തെ ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ കടന്നു കൂടിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൂരീകരിക്കാന്‍ പരിശ്രമിച്ച മക്തിതങ്ങള്‍ ചന്ദനക്കുടം, ശവകുടീരപൂജ എന്നിവയെയും നിശിതമായി എതിര്‍ത്തു. ആധുനിക വിദ്യാഭ്യാസം നേടി പരിഷ്കൃതരാവാന്‍ മുസ്ലിങ്ങളെ ഉദ്ബോധിപ്പിച്ച തങ്ങള്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും അറബിയിലും മലയാളത്തിലും അറബി-മലയാളത്തിലും കാലികങ്ങള്‍ക്കൊപ്പം പുസ്തകങ്ങളും ലഘുരേഖകളും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍ നിന്നും വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാന്‍ പരിശ്രമിച്ചു എന്നതിലാണ് ചാലിലകത്ത് ഹാജിയുടെ പ്രസക്തി. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഇദ്ദേഹം പ്രാധാന്യം നല്‍കി. അക്കാലത്ത് മലബാറില്‍ പ്രചാരത്തിലിരുന്ന അറബി-മലയാളം ലിപിവിന്യാസവും ശബ്ദവ്യവസ്ഥയും പരിഷ്കരിക്കുന്നതിലും ഇദ്ദേഹം നിര്‍ണായകമായ സംഭാവന നല്‍കി. ഇസ്ലാമിക വിദ്യാഭ്യാസം പരിഷ്കരിക്കുന്നതിന് പ്രാമുഖ്യം നല്‍കിയ പരിഷ്കര്‍ത്താവായിരുന്നു എറണാകുളത്തുകാരനായ ഷെയ്ഖ് മുഹമ്മദ് ഹമദാനി തങ്ങള്‍. കേരളത്തിലെ മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുസ്ലിം ഐക്യസംഘത്തിന്റെ മുന്നോടിയായിരുന്ന മുസ്ലിം നിഷ്പക്ഷ സംഘം എന്ന പുരോഗമനപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് കൂടിയായിരുന്നു ഹമദാനി.
കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയിലുണ്ടായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനത്തില്‍ മുസ്ലിങ്ങളുടെ സാമൂഹികപരിഷ്കരണശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മറ്റൊരു പരിഷ്കര്‍ത്താവായിരുന്നു വക്കം അബ്ദുല്‍ഖാദര്‍ മൗലവി (1873-1932). നാരായണഗുരുവുമായി ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തിയിരുന്ന മൗലവി നാരായണഗുരുവിനെപ്പോലെ വിദ്യയഭ്യസിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും ജനങ്ങളെ പ്രത്യേകിച്ചും മുസ്ലിങ്ങളെ ആഹ്വാനം ചെയ്തു. തന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച മുസ്ലിം (1918) എന്ന വാര്‍ത്താപത്രികയില്‍ ഇതു ലക്ഷ്യമാക്കി നിരന്തരം ലേഖനങ്ങള്‍ എഴുതിക്കൊണ്ട് അദ്ദേഹം മുസ്ലിങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥയെ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. അക്കാലത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നിരവധി അന്ധവിശ്വാസങ്ങളെയും അനിസ്ലാമികമായ അനാചാരങ്ങളെയും ഉന്മൂലനം ചെയ്യുന്നതിലും മൌലവി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മൗലവി നല്‍കിയ പ്രത്യേക ഊന്നലും ശ്രദ്ധേയമായിരുന്നു. മൗലവിയുടെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ട കേരള മുസ്ലിം ഐക്യസംഘമാണ് തിരുവിതാംകൂറിലെ മുസ്ലിം സമുദായത്തിനുള്ളില്‍, പരിഷ്കാരങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായി നിലനിന്നിരുന്ന നിരവധി മുസ്ലിം സമുദായ പരിഷ്കരണ സംഘടനകളുമായും മൗലവി സഹകരിച്ചു പ്രവര്‍ത്തിക്കുകയുണ്ടായി. മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കിയ മൗലവി പ്രസിദ്ധീകരണരംഗത്തും വിപ്ലവകരമായ ചുവടുവയ്പുകള്‍ നല്‍കി. 1904-ല്‍ അഞ്ചുതെങ്ങില്‍ ഒരു പ്രസ് സ്ഥാപിച്ച ഇദ്ദേഹം രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ സ്വദേശാഭിമാനി എന്ന പേരില്‍ ഒരു പത്രവും ആരംഭിച്ചു. തിരുവിതാംകൂര്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചതിനാല്‍ 1910-ല്‍ സര്‍ക്കാര്‍ പ്രസ് അടച്ചുപൂട്ടി. തുടര്‍ന്ന് ഇദ്ദേഹം ഇസ്ലാം ധര്‍മപരിപാലനസംഘം എന്നപേരില്‍ ഒരു സംഘടനയും അല്‍ ഇസ്ലാം (1918) എന്ന പേരില്‍ ഒരു അറബി-മലയാളം മാഗസിനും ആരംഭിക്കുകയും ചെയ്തു. 1932-ല്‍ അന്തരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇദ്ദേഹം ആരംഭിച്ച ദീപിക എന്ന കാലികവും എടുത്തുപറയത്തക്കതാണ്. നോ. അബ്ദുല്‍ ഖാദര്‍ മൗലവി, വക്കം
ക്രിസ്ത്യന്‍ നവോത്ഥാനം. ഹൈന്ദവ, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സമാന്തരമായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും ഇക്കാലത്ത് കാലോചിതമായ ചില പരിഷ്കരണശ്രമങ്ങള്‍ അരങ്ങേറുകയുണ്ടായി. പാലക്കുന്നത്ത് അബ്രഹാം മല്‍പ്പാനാണ് ഈ പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍. പരമ്പരാഗത വിശ്വാസപ്രമാണങ്ങളെ പിന്തള്ളി ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ടായിരുന്നു ഇദ്ദേഹം ക്രിസ്തീയസമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ചത്. യാക്കോബായ സഭയുടെ യാഥാസ്ഥിതിക സമ്പ്രദായങ്ങള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ പാലക്കുന്നത്ത് അബ്രഹാം മല്‍പ്പാനും സഹോദരപുത്രനായ പാലക്കുന്നത്ത് മാത്യുസ് മാര്‍ അത്താനാസിയോസും തുടക്കത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടത് പ്രൊട്ടസ്റ്റന്റുകാരില്‍ നിന്നായിരുന്നെങ്കിലും പിന്നീട് പുതിയൊരു കേരളീയ സഭതന്നെ അവര്‍ സ്ഥാപിച്ചു. 1843-ല്‍ മാര്‍ത്തോമസഭ ഒരു നവീകരണ സഭയായി രൂപംകൊണ്ടു. ആംഗ്ലിക്കന്‍ സമ്പ്രദായങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മല്‍പ്പാന്‍ യാക്കോബായ സഭയില്‍ നിലനിന്നിരുന്ന പരമ്പരാഗത ആചാരക്രമങ്ങളെയും ആരാധനാസമ്പ്രദായങ്ങളെയും സമൂലമായി പരിഷ്കരിക്കാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു നിയതാര്‍ഥത്തില്‍ പുതിയൊരു സഭയ്ക്ക് ജന്മം നല്‍കിയത്. പള്ളിയിലെ പ്രാര്‍ഥനകളും ശുശ്രൂഷകളും മലയാളത്തിലാക്കുകയായിരുന്നു ഈ പരിഷ്കരണത്തിന്റെ ആദ്യപടി. തുടര്‍ന്ന് പ്രാര്‍ഥനാക്രമത്തിലും (തസ്ക) ആചാരത്തിലും അദ്ദേഹം പരിഷ്കാരം വരുത്തി. ചുരുക്കത്തില്‍ മതനവീകരണത്തിനും ആചാര പരിഷ്കാരങ്ങള്‍ക്കും വേണ്ടിയായിരുന്നു ഇദ്ദേഹം ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നവോത്ഥാനനായകര്‍ പ്രാധാന്യം നല്‍കിയതെന്ന് വ്യക്തമാണ്.
ചിത്രം:Sahodaran Ayyappan-svk.png
സഹോദരന്‍ അയ്യപ്പന്‍ |
മുന്‍ചൊന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കുപുറമേ ചെറുതും വലുതുമായ നിരവധി സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളും 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ കേരളത്തില്‍ രൂപംകൊള്ളുകയുണ്ടായി. ജാതിവ്യവസ്ഥ സൃഷ്ടിച്ച ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സഹോദരപ്രസ്ഥാനമായിരുന്നു ഇവയില്‍ ശ്രദ്ധേയമായത്. സഹോദരന്‍ അയ്യപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ട കെ. അയ്യപ്പനായിരുന്നു (1889-1968) ഈ പ്രസ്ഥാനത്തിന്റെ സാരഥി. 1917-ല്‍ എറണാകുളം ജില്ലയിലെ ചെറായിയില്‍ ഇദ്ദേഹം സംഘടിപ്പിച്ച പന്തിഭോജനം ജാതിവ്യത്യാസത്തിന്റെ നിരര്‍ഥകതയെ തുറന്നുകാട്ടി. ആത്മവിദ്യാസംഘവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച സഹോദരന്‍ അയ്യപ്പന്‍ വിദ്യാപോഷിണി എന്ന സാഹിത്യസംഘത്തിനും സഹോദരന്‍ എന്ന പത്രത്തിനും ആരംഭം കുറിച്ചു. 1928-ല്‍ ഇദ്ദേഹം യുക്തിവാദി മാഗസിന്റെ എഡിറ്ററായി. തുടര്‍ന്ന് ഇദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും കൊച്ചി നിയമനിര്‍മാണസഭ ഉള്‍പ്പെടെയുള്ള നിയമസഭകളില്‍ അംഗമാവുകയും ചെയ്തു.
മിതവാദി ജേര്‍ണലിന്റെ എഡിറ്ററായ സി. കൃഷ്ണനായിരുന്നു ഈ കാലഘട്ടത്തിലെ ശ്രദ്ധേയനായ മറ്റൊരു സാമൂഹിക പരിഷ്കര്‍ത്താവ്. ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനുവേണ്ടി ഇദ്ദേഹം തൂലിക ചലിപ്പിച്ചു. അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തിനെതിരെ നിലകൊണ്ടു എന്നതാണ് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി. അധഃസ്ഥിതവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും പ്രാമുഖ്യം നല്‍കിയ സാമൂഹിക പ്രസ്ഥാനങ്ങള്‍ കേരളീയരുടെ സാമൂഹികാവബോധം വര്‍ധിപ്പിക്കുന്നതിലും സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ഉന്മൂലനം ചെയ്യുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ചെങ്കിലും അവ പില്ക്കാലത്ത് ജാതിസംഘടനകള്‍ക്കും ജാതികേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രൂപം നല്‍കി എന്നതും വസ്തുതയാണ്.
വൈക്കം സത്യഗ്രഹം. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഭാരതമാകെ ഇരമ്പിക്കയറിയ അയിത്തോച്ചാടനം, അധഃസ്ഥിതരുടെ ഉദ്ധാരണം തുടങ്ങിയ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ അലയടി ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളില്‍ തിരുവിതാംകൂറിലും തീവ്രമായി അനുഭവപ്പെട്ടു തുടങ്ങി. മനുഷ്യജാതിയില്‍ നിന്നുതന്നെ അകറ്റിനിര്‍ത്തി അമര്‍ത്തപ്പെട്ടുവന്നിരുന്ന അധഃസ്ഥിത ജനവിഭാഗങ്ങള്‍ സാമൂഹികാധ്യാത്മിക മണ്ഡലങ്ങളില്‍ നാരായണഗുരുവിന്റെയും മഹാത്മാ അയ്യന്‍കാളിയുടെയും പ്രബോധനാഹ്വാനങ്ങള്‍ കേട്ട് ഉണര്‍ന്നെഴുന്നേറ്റു കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് അധീനതയിലായിരുന്ന മലബാര്‍ പ്രദേശത്തെന്നപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുവിതാംകൂറിലോ കൊച്ചിയിലോ സംഘടിതമായ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. എങ്കിലും സാമൂഹിക പരിഷ്കാരത്തോടൊപ്പം അധഃസ്ഥിതോദ്ധാരണം, വിദേശവസ്ത്രബഹിഷ്കരണം, ക്ഷേത്രപ്രവേശനം തുടങ്ങിയ പരിപാടികള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്കിയിരുന്നു.
ക്ഷേത്രപ്രവേശനമെന്നതിനെക്കാള്‍ ക്ഷേത്രപരിസരങ്ങളിലുള്ള പൊതുനിരത്തുകളില്‍ അവര്‍ണസമുദായങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1924-ല്‍ ആരംഭിച്ച സത്യഗ്രഹം ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. ഗവണ്‍മെന്റില്‍ നിന്നുണ്ടായ നിരോധനാജ്ഞകളെ മാത്രമല്ല, ഗവണ്‍മെന്റും യാഥാസ്ഥിതിക ഹിന്ദുക്കളും ചേര്‍ന്നു സംഘടിതമായി അഴിച്ചുവിട്ട മര്‍ദനമുറകളെയും സത്യഗ്രഹികള്‍ക്കു നേരിടേണ്ടിവന്നു. വൈക്കം ക്ഷേത്രത്തില്‍ നിന്നു മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ കാല്‍നടയായി തിരിച്ച ഒരു സവര്‍ണജാഥ തിരുവനന്തപുരത്തെത്തി അന്ന് റീജന്റായി ഭരണം നടത്തിയിരുന്ന സേതുലക്ഷ്മീഭായിക്ക് 20,000 പേര്‍ ഒപ്പിട്ട ഒരു നിവേദനം സമര്‍പ്പിച്ചു. സത്യഗ്രഹം ഒരു വര്‍ഷം പിന്നിട്ടതോടുകൂടി ഗാന്ധിജിതന്നെ വൈക്കത്തെത്തുകയും അധികാരികളുമായി സന്ധിസംഭാഷണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള പൊതുനിരത്തുകളില്‍ അവര്‍ണര്‍ക്കു സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. കിഴക്കേ നടയിലുള്ള സത്യഗ്രഹം കുറച്ചുനാള്‍ കൂടി തുടര്‍ന്നെങ്കിലും ഗാന്ധിജിയുടെ നിര്‍ദേശത്തെ മാനിച്ച് അധികം താമസിയാതെ അതു നിര്‍ത്തിവയ്ക്കപ്പെട്ടു. വൈക്കം സത്യഗ്രഹത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നെന്നു പറയുകവയ്യെങ്കിലും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഒരു ജനകീയ സമരമെന്ന നിലയില്‍ പില്ക്കാലത്ത് അധഃസ്ഥിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും സാമൂഹികമായ മുന്നേറ്റങ്ങള്‍ക്കും പ്രചോദനമാകുവാനും വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞു. വൈക്കം സത്യഗ്രഹത്തിന് മുമ്പ് 1893-ല്‍ മഹാത്മാ അയ്യന്‍കാളി വില്ലുവണ്ടി സമരത്തിലൂടെ അധഃസ്ഥിതര്‍ക്ക് തിരുവിതാംകൂറില്‍ സഞ്ചാരസ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ജനനത്താലോ വിശ്വാസത്താലോ ഹിന്ദുവായ ഏതൊരാളിനും തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ നിരുപാധികം കടന്നുചെല്ലാം എന്ന് അനുശാസിക്കുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം 1936 ന. 12-ന് പുറത്തുവന്നപ്പോള്‍ ആ വിഷയത്തില്‍ ജനങ്ങള്‍ ചിരകാലമായി പുലര്‍ത്തിവന്ന പ്രതീക്ഷ പൂവണിയുകയാണുണ്ടായത്.
സ്വാതന്ത്ര്യസമരം
വിദേശാധിപത്യത്തില്‍നിന്നും നാടുവാഴിഭരണത്തില്‍നിന്നും മോചനം നേടാനും ജനപ്രതിനിധിഭരണം നടത്താനുമുള്ള സമരം ബ്രിട്ടീഷ്മലബാറില്‍ കൂടുതലായിട്ടും തിരുവിതാംകൂറിലും കൊച്ചിയിലും അതിനോടൊപ്പം നടന്നിട്ടുണ്ട്. പക്ഷേ, ആവിര്‍ഭാവകാലത്തിന്റെയോ പുരോഗതിയുടെയോ കാര്യത്തില്‍ മൂന്നു പ്രദേശങ്ങളിലും നടന്ന പ്രക്ഷോഭണങ്ങള്‍ക്കു തമ്മില്‍ ആസൂത്രിതമായ ഒരു ഏകോപനമില്ലായിരുന്നു. സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ക്കു തികച്ചും വ്യത്യസ്തരായ പ്രതിയോഗികളെയാണ് നേരിടേണ്ടിവന്നത് എന്നതാണ് ഇതിനുള്ള പ്രധാന നിദാനം. അധീശശക്തിയോടുള്ള വിധേയത്വത്തിന്റെ കാര്യത്തില്‍-ഉള്ളടക്കത്തിലും ബാഹ്യരൂപത്തിലും- മൂന്നു പ്രദേശങ്ങള്‍ക്കും സാരമായ ഭേദങ്ങളുണ്ടായിരുന്നു എന്നതും ഓര്‍മിക്കേണ്ട ഒരു കാര്യമാണ്. ഏതായാലും ഫലപ്രാപ്തി ഇന്ത്യയുടെ ഇതരഭാഗങ്ങളോടൊപ്പം ഏതാണ്ട് ഒരു കാലത്തുതന്നെയായിരുന്നു.
വ്യാപാര വാണിജ്യലക്ഷ്യങ്ങള്‍ മുന്നില്‍വച്ചുകൊണ്ടു പാശ്ചാത്യശക്തികള്‍ ആദ്യമായി ഇന്ത്യയിലെത്തിയത് കേരളത്തിലായിരുന്നു. ചരിത്രാരംഭകാലത്തോ ഒരുവേള അതിനും മുമ്പുതന്നെയോ റോമാക്കാരും ഗ്രീക്കുകാരും ഫിനീഷ്യന്മാരും അറബികളും കേരളവുമായി വ്യാപാരവിനിമയങ്ങള്‍ നടത്തിവന്നിരുന്നുവെങ്കിലും അവര്‍ക്കു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലാത്തതുകൊണ്ട് ആധിപത്യത്തെച്ചൊല്ലി അവരും കേരളീയരുമായി സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ല. എ.ഡി. 52-ല്‍ കേരളത്തില്‍ വന്നു ചേര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹയുടെ പ്രവര്‍ത്തനങ്ങള്‍ മതപ്രചാരണത്തില്‍ ഒതുങ്ങി നിന്നതേയുള്ളൂ. എന്നാല്‍ 15-ാം ശ. മുതല്‍ ഒന്നിനു പുറമേ മറ്റൊന്നായി കച്ചവടത്തിനായി ഈ നാട്ടിലെത്തിയ പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ അതിര്‍വരമ്പുകള്‍ കടന്ന് ഭരണകാര്യങ്ങളിലിടപെടാന്‍ തുടങ്ങി. കേരളത്തിലെ നാടുവാഴികളെ തമ്മില്‍ത്തമ്മില്‍ കലഹിപ്പിച്ച് ഓരോ പക്ഷം പിടിച്ചു തങ്ങളുടെ കാലുകള്‍ ഇവിടെ ഉറപ്പിക്കാനായിരുന്നു ഇവരെല്ലാം ആദ്യം മുതല്‍തന്നെ ശ്രമിച്ചുവന്നത്. നാട്ടുകാരുടെ ചെറുത്തുനില്‍പ്പും ഇതോടുകൂടി ആരംഭിച്ചുവെന്നു പറയാം. ഇതിനിടയ്ക്കും ആഭ്യന്തരമായ കിടമത്സരങ്ങളെയും നാടുവാഴിയുടെ ദൗര്‍ബല്യങ്ങളെയും അവര്‍ പരമാവധി മുതലെടുത്തു. വിദേശീയാധിപത്യത്തില്‍ നിന്നു മോചനം നേടണമെന്നുള്ള ബോധപൂര്‍വമായ നിശ്ചയദാര്‍ഢ്യം ഈ ചെറുത്തുനില്പുകള്‍ക്കു പിന്നില്‍ സ്ഥിരമായി ഉണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം സംശയഗ്രസ്തമാണെങ്കിലും അടിമത്തത്തെ വെറുക്കുന്ന കേരളീയര്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട ഏറ്റുമുട്ടലുകള്‍ ഇവരുമായി നടത്തിയ സംഭവങ്ങള്‍ 19-ാം ശതകത്തിന്റെ ആരംഭകാലം മുതലുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ യൂറോപ്യന്‍-പ്രത്യേകിച്ചും ബ്രിട്ടീഷ്-ആധിപത്യത്തെ പുറന്തള്ളാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഭാരതീയ വിമോചനസമരത്തിന്റെ ആരംഭം കേരളത്തില്‍ത്തന്നെയായിരുന്നു എന്നു കാണാം.
തിരുവിതാംകൂര്‍
ഡച്ചുകാര്‍ക്കെതിരായി വേണാട്ടിലെ മാര്‍ത്താണ്ഡവര്‍മ 1741 ആഗ. 10-നു കുളച്ചല്‍ വച്ചു നടന്ന യുദ്ധത്തില്‍ നേടിയ വിജയം ഈ സ്വാതന്ത്ര്യത്തിന്റെ ഉദ്ഘാടനം കുറിച്ചുവെന്നു കരുതുന്നതിനോട് എല്ലാവരും യോജിച്ചുവെന്ന് വരികയില്ല. ശക്തിയിലും വ്യാപ്തിയിലും വര്‍ധിച്ചുവരുന്ന ഈ കൊച്ചു രാജ്യത്തെ ചെറുക്കാന്‍ കൊല്ലത്തെയും കായംകുളത്തെയും നാടുവാഴികള്‍ക്കു പിന്തുണ നല്‍കിക്കൊണ്ടാണ് ഡച്ച് സേനാപതി ഡിലനോയ് കുളച്ചല്‍ യുദ്ധത്തില്‍ വേണാട്ടു പടയുമായി ഏറ്റുമുട്ടിയത്. ഏതായാലും ഇന്ത്യയുടെ മണ്ണില്‍വച്ച് ഒരു വിദേശ ശക്തിയെ ആദ്യമായി മുട്ടുകുത്തിച്ചത് കുളച്ചല്‍ യുദ്ധമായിരുന്നു എന്ന ചരിത്രസത്യം അവശേഷിക്കുന്നു.
വേലുത്തമ്പി. സംഘടിത ജനകീയശക്തിയുടെ ആദ്യത്തെ വക്താവും യോദ്ധാവുമായി തിരുവിതാംകൂറില്‍ ആദ്യം ഉയര്‍ന്നുവന്ന ധീരനേതാവ് തലക്കുളത്തു വേലുത്തമ്പിയായിരുന്നു. ദുര്‍ബലനായ ഒരു രാജാവിനെ സ്വഹിതാനുവര്‍ത്തിയാക്കി ജനങ്ങളെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത ഒരു ഉപദേശകസംഘത്തെ അദ്ദേഹത്തെക്കൊണ്ടുതന്നെ ബഹിഷ്കരിപ്പിച്ച് തമ്പി അധികാരത്തില്‍ പ്രവേശിക്കുകയും എട്ടു കൊല്ലക്കാലം തിരുവിതാംകൂറിലെ ദളവാപദം വഹിക്കുകയും ചെയ്തു (1801-09). ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് തിരുവിതാംകൂര്‍ നല്‍കിവന്ന കപ്പം വര്‍ധിപ്പിക്കണമെന്നുള്ള റസിഡന്റ് മെക്കാളെയുടെ ആവശ്യത്തിന്റെ പേരിലാണ് തമ്പി ആദ്യമായി അധീശശക്തിയുമായി ഇടയാന്‍ തുടങ്ങിയത്. തിരുവിതാംകൂറും കമ്പനിമേല്ക്കോയ്മയും തമ്മിലുള്ള ബന്ധം അതുവരെ പരസ്പര സഹകരണത്തിലാണ് കഴിഞ്ഞുവന്നതെങ്കിലും കപ്പത്തുകയുടെ പേരിലുള്ള തര്‍ക്കവും അവിടെ നിന്നാരംഭിച്ച വര്‍ധമാനമായ സംഘര്‍ഷ മനോഭാവവും അനിയന്ത്രിതമാംവണ്ണം തിളച്ചുമറിയാന്‍ തുടങ്ങിയപ്പോഴേക്കും ഇംഗ്ലീഷുകാരെ ഇവിടെ നിന്നു തുരത്തുന്നതിനും മെക്കാളെയെ വധിക്കുന്നതിനും തമ്പി കൊച്ചി ദിവാനായിരുന്ന പാലിയത്തച്ചന്റെയും കോഴിക്കോടു സാമൂതിരിയുടെയും പിന്തുണ നേടി. ജനങ്ങളെ വിളിച്ചുകൂട്ടി അവരുടെ ദേശീയബോധം ആളിക്കത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു; തമ്പിയുടെ പിന്നില്‍ വമ്പിച്ച ജനസമൂഹം അണിനിരക്കുകയും ചെയ്തു. കൊല്ലത്തിനു സമീപമുള്ള കുണ്ടറ എന്ന സ്ഥലത്തുവച്ച് തന്റെ ആഹ്വാനമനുസരിച്ച് തടിച്ചുകൂടിയ ജനതതിയെ അഭിസംബോധന ചെയ്തുകൊണ്ട് 984 മകരം 1-ന് (1809 ജനു.11) തമ്പി നടത്തിയ പ്രഖ്യാപനം കുണ്ടറവിളംബരം എന്ന പേരില്‍ ചരിത്രത്തിന്റെ ഒരു ഭാഗമായി തീര്‍ന്നിട്ടുണ്ട്. 'ചതിവു മാര്‍ഗത്തില്‍ രാജ്യം അവരുടെ കൈവശമാക്കുന്നത് അവരുടെ വംശപാരമ്പര്യമാകകൊണ്ടും, അതിന്‍വണ്ണം രാജ്യം അവരുടെ കൈവശത്തിലായാല്‍... സകല ചട്ടവട്ടങ്ങളും നാട്ടുക്കൂട്ടവും നിര്‍ത്തി ഉപ്പു മുതല്‍ സര്‍വസ്വവും കുത്തകയാക്കിത്തീര്‍ത്തും തരിശുകിടക്കുന്ന നിലവും പുരയിടവും അളന്ന് കുടികുത്തകയായിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉള്‍പ്പെട്ട അധികാരങ്ങളും കുടികളില്‍ കൂട്ടിവച്ച് അല്പം പിഴക്ക് നീചന്മാരെക്കൊണ്ട് ശിക്ഷയും കഴിപ്പിച്ച്... അധര്‍മങ്ങളാക്കി തീര്‍ക്കുന്നത്' ഒന്നും 'ഈ രാജ്യത്തില്‍ സംഭവിക്കാതെ രാജധര്‍മത്തെ നടത്തി നാട്ടിലുള്ള മര്യാദയ്ക്ക് അഴിവുവരാതെ ഇരിക്കേണ്ടതിന് മനുഷ്യ യത്നങ്ങളില്‍ ഒന്നു കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഉണ്ടാവാതെ ഇരിക്കാന്‍ ആവുന്നിടത്തോളമുള്ള പ്രയത്നങ്ങള്‍ ചെയ്യുകയും അവര്‍ ഇടഞ്ഞുനില്‍ക്കുന്നതിന് പ്രതിക്രിയയായി ചെയ്യേണ്ടിവരുകയും' ചെയ്തു. നോ. കുണ്ടറ വിളംബരം
പക്ഷേ, അവസാനം ഭീരുവായ ഒരു രാജാവിനാല്‍ ഉപേക്ഷിക്കപ്പെട്ട്, ബ്രിട്ടീഷ് ശക്തിയാല്‍ വേട്ടയാടപ്പെട്ട വേലുത്തമ്പി തന്റെ ഉദ്യമത്തില്‍ പരാജയഭീതിമൂലം ആത്മഹത്യയിലാണ് അഭയം കണ്ടെത്തിയത്. തമ്പിയുടെ കുടുംബാംഗങ്ങളോടു മാത്രമല്ല, അദ്ദേഹത്തിന്റെ ശവശരീരത്തോടും അധികാരികള്‍ ബീഭത്സമാംവിധം പകപോക്കി. തിരുവിതാംകൂറിലെ-ഒരുവേള ഇന്ത്യയിലെ തന്നെ - ആദ്യത്തെ സ്വാതന്ത്ര്യസമരത്തിലെ ധീരസേനാനി ചോരപ്പുഴയില്‍ വീരസ്വര്‍ഗം പൂകി.
നിശ്ശബ്ദമായ ഇടവേള. തുടര്‍ന്നുവന്ന മുക്കാല്‍ നൂറ്റാണ്ടോളംകാലം തിരുവിതാംകൂറിന്റെ അന്തരീക്ഷം ആപേക്ഷികമായി ശാന്തമായിരുന്നുവെന്നു പറയാം. 1857-ല്‍ ഉത്തരേന്ത്യയെ ഇളക്കിമറിച്ച 'ശിപായിലഹള'യോ 1885-ല്‍ ബോംബെയില്‍ ഉടലെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സോ തെക്കേ ഇന്ത്യയില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ആയില്യംതിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ കാലത്ത് (1861-80) പരിമിതമായ ചില സ്ഫോടനങ്ങള്‍ക്കു വഴിത്തിരിവിട്ട കൊട്ടാരവിപ്ലവത്തില്‍ പൊതുവേ സാധാരണ ജനങ്ങള്‍ക്കു വലിയ താത്പര്യമൊന്നും ഉണ്ടായില്ല.
രാഷ്ട്രീയ മുന്നേറ്റങ്ങള്‍. 1891-ലെ മലയാളി മെമ്മോറിയലോടെയാണ് തിരുവിതാംകൂറില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ സജീവമാകുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ പരദേശി ബ്രാഹ്മണരുടെ ആധിപത്യത്തെ ചോദ്യം ചെയ്തും വിദ്യാഭ്യാസമുള്ള മലയാളികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടും പതിനായിരത്തിലധികം പേര്‍ ഒപ്പിട്ടു സമര്‍പ്പിച്ച ഭീമഹര്‍ജിയായിരുന്നു മലയാളി മെമ്മോറിയല്‍. 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്' എന്നതായിരുന്നു മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം. വിവിധ ജാതിക്കാര്‍ മലയാളി മെമ്മോറിയലില്‍ ഒപ്പുവച്ചിരുന്നെങ്കിലും നായന്മാരായിരുന്നു ഭൂരിപക്ഷവും. മലയാളി മെമ്മോറിയലിന് വളരെപ്പെട്ടെന്ന് ഫലം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരുവിതാംകൂറിലെ ജനങ്ങളുടെ രാഷ്ട്രീയാവബോധം വികസിപ്പിക്കുന്നതിന് മെമ്മോറിയല്‍ സഹായകമായി. തുടര്‍ന്ന് 1895 മേയ് 13-ന് 13,176 ഈഴവര്‍ ഒപ്പിട്ട മറ്റൊരു മെമ്മോറിയലും സമര്‍പ്പിക്കപ്പെട്ടു. വിദ്യാലയപ്രവേശനം, ഉദ്യോഗലബ്ധി തുടങ്ങിയ പ്രശ്നങ്ങളില്‍ ഈഴവര്‍ അനുഭവിക്കുന്ന അവശതയ്ക്കും അവഗണനയ്ക്കും അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഈ മെമ്മോറിയല്‍ ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. നോ. ഈഴവ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍
സ്വദേശാഭിമാനി. സ്വേച്ഛാധികാരത്തെ എതിര്‍ക്കുകയും ഉന്നത വൃത്തങ്ങളിലെ അഴിമതികളെ തുറന്നുകാണിക്കുകയും പൗരാവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്ത രണ്ടു സ്വാതന്ത്ര്യപ്രേമികളാണ് സ്വന്തം പത്രപംക്തികളെ സമരവേദികളാക്കിയ ജി. പി. പിള്ളയും കെ. രാമകൃഷ്ണപിള്ളയും. മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തില്‍ ജി. പി. പിള്ള പരമപ്രധാനമായ ഒരു പങ്കുവഹിച്ചിരുന്നു. ദിവാന്‍ഭരണം വച്ചു നീട്ടിയ പ്രലോഭനങ്ങളിലൊന്നും കുടുങ്ങാതെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ ധീരഭടനായി രംഗത്തുവന്ന 'സ്വദേശാഭിമാനി' രാമകൃഷ്ണപിള്ള രാജകുടുംബത്തില്‍ ദിവാന്‍ രാജഗോപാലാചാരിയും അന്തേവാസികളും നിര്‍ബാധം നടത്തുന്ന ഹീനകൃത്യങ്ങളെ നഗ്നമായി വെളിച്ചത്തു കാട്ടിയതിന്റെ ഫലമായി 1910 സെപ്. 25-ന് രാജ്യത്തുനിന്നു ബഹിഷ്കൃതനായി. അക്രമം, അഴിമതി, അധര്‍മം, അസാന്മാര്‍ഗികത എന്നിവയോടു നിര്‍ദാക്ഷിണ്യം പോരാടിയ ധീരനായിരുന്നു രാമകൃഷ്ണപിള്ള. കാറല്‍ മാര്‍ക്സിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും ഒരു പുസ്തകത്തിലൂടെ ആദ്യമായി മലയാളികള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്ത രാമകൃഷ്ണപിള്ള സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഒന്നാംസ്ഥാനത്ത് അല്ലെങ്കിലും, രാജധര്‍മത്തെയും പൗരധര്‍മത്തെയും കുറിച്ചുള്ള ആവേശോഷ്മളമായ അവധാരണ നാട്ടില്‍ രൂഢമൂലമാക്കിയവരില്‍ പ്രഥമഗണനീയനാണ്.
രാജവാഴ്ചക്കാലത്ത് പ്രലോഭനങ്ങളുടെയും ഭീഷണികളുടെയും മുന്നില്‍ തലകുനിക്കാതെ ജനങ്ങള്‍ക്കുവേണ്ടി നിര്‍ഭയം വാദിച്ചിട്ടുളള മറ്റൊരു പത്രാധിപര്‍ (സമദര്‍ശി, പ്രബോധകന്‍) കേസരി ബാലകൃഷ്ണപിള്ളയാണ്.
നിയമസഭയുടെ ആവിര്‍ഭാവം. ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തില്‍ ആദ്യമായി ഒരു ജനപ്രതിനിധിസഭാസ്ഥാപനം രൂപംകൊള്ളുന്നത് തിരുവിതാംകൂറിലാണ് (1888). ഗവണ്‍മെന്റ് നാമനിര്‍ദേശം ചെയ്യുന്ന ആറ് ഉദ്യോഗസ്ഥന്മാരും രണ്ടു അനുദ്യോഗസ്ഥന്മാരുമടങ്ങിയതായിരുന്നു ഈ സ്ഥാപനം. ഇതില്‍ എട്ടുമുതല്‍ പതിനഞ്ചുവരെ അംഗങ്ങള്‍ ആകാമെന്നും അതില്‍ അഞ്ചില്‍ രണ്ടുഭാഗം അനുദ്യോഗസ്ഥരായിരിക്കണമെന്നും വ്യവസ്ഥചെയ്തുകൊണ്ട് 1898-ല്‍ ഇതിന്റെ ഘടന പരിഷ്കരിക്കപ്പെട്ടു. 1920-ലുണ്ടായ നിയമസഭാപരിഷ്കരണമനുസരിച്ച് ആകെ 23 അംഗങ്ങള്‍ ഇതിലാകാമെന്ന് രാജകീയവിളംബരമുണ്ടായി. അതില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് 12-ഉം ജനപ്രതിനിധികള്‍ക്ക് ബാക്കി 11-ഉം സ്ഥാനങ്ങളാണുണ്ടായിരുന്നത്; അനുദ്യോഗസ്ഥരില്‍ മൂന്നുപേരെ ന്യൂനപക്ഷസമുദായത്തില്‍ നിന്നും മറ്റു മൂന്നുപേരെ ചില പ്രത്യേക പ്രാതിനിധ്യക്രമം അനുസരിച്ചും ഗവണ്‍മെന്റ് നാമനിര്‍ദേശം ചെയ്യും. ബാക്കി അഞ്ചുപേര്‍ പൊതുനിയോജക മണ്ഡലങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടും. പൗരബോധം ഉള്ളില്‍ ജ്വലിക്കാന്‍ തുടങ്ങിയിരുന്ന ജനങ്ങളെ സംതൃപ്തരാക്കാന്‍ ഈ പരിഷ്കാരം തീരെ പര്യാപ്തമായില്ല. അങ്ങിങ്ങ് ചില പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയതോടുകൂടി അവയെ നിരോധനാജ്ഞകൊണ്ട് നേരിടാമെന്നാണ് ഗവണ്‍മെന്റ് കരുതിയത്. ഒടുവില്‍ പ്രക്ഷോഭണനേതാക്കള്‍ ഒരു ഭീമഹര്‍ജിയുമായി ദിവാനെ സമീപിച്ചു നിവേദനം നടത്തിയതിന്റെ ഫലമായി 1922-ല്‍ ഒരു നിയമസഭാപരിഷ്കാരം കൂടി ഉണ്ടായി. ആകെയുള്ള 50 സ്ഥാനങ്ങളില്‍ 28 എണ്ണം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു നീക്കിവച്ചുകൊണ്ടുള്ള ഒരു നിയമസഭയാണ് തിരുവിതാംകൂറില്‍ അനുദ്യോഗസ്ഥഭൂരിപക്ഷമുള്ള ആദ്യത്തെ ജനപ്രതിനിധിസഭാസ്ഥാപനം.
നിവര്‍ത്തന പ്രക്ഷോഭം. 1931-ല്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ രാജാവായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍ എന്നും പ്രതിനിധിസഭയെ ദ്വിമണ്ഡലമാക്കിക്കൊണ്ടുള്ള ഒരു വിളംബരം പുറപ്പെടുവിച്ചു. നിയമനിര്‍മാണമേഖലയുടെ അധികാരസീമയെ പരിമിതപ്പെടുത്തുന്ന ഒന്നാണ് ഈ ഭരണപരിഷ്കാരം എന്നതിനുപരി ഇതനുസരിച്ചുള്ള നിയോജക മണ്ഡല നിര്‍ണയനം തങ്ങളുടെ സമുദായതാത്പര്യങ്ങള്‍ക്കു ഹാനികരമാണെന്നു കണ്ട ഈഴവ-ക്രൈസ്തവ-മുസ്ലിം ജനങ്ങള്‍ പ്രക്ഷുബ്ധരായി. ഈ മൂന്നു സമുദായങ്ങളും ഒത്തുചേര്‍ന്ന് അവകാശവാദങ്ങള്‍ ഉന്നയിക്കാനും സമരം ചെയ്യാനുംവേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനത്തിന് അവര്‍ 'സംയുക്തരാഷ്ട്രീയ സഭ' എന്നാണ് പേരിട്ടത്. സഭ അഴിച്ചുവിട്ട പ്രക്ഷോഭണത്തിന് ശക്തി കൂടിയപ്പോള്‍ നിയോജകമണ്ഡലങ്ങള്‍ പുനഃസംഘടിപ്പിക്കാമെന്ന് ഗവണ്‍മെന്റ് സമ്മതിച്ചെങ്കിലും അതുകൊണ്ടുമാത്രം സഭാനേതാക്കള്‍ സംതൃപ്തരായില്ല. ജനസംഖ്യാനുപാതികമായി നിയമസഭയില്‍ സ്ഥാനങ്ങളും സര്‍ക്കാരുദ്യോഗങ്ങളും തങ്ങള്‍ക്കു കിട്ടണം എന്ന് അവര്‍ വീറോടെ വാദിച്ചു. ഈ അവകാശവാദങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഗവണ്‍മെന്റ് പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ സംയുക്തസഭ അതിനെ ബഹിഷ്കരിക്കാനാണ് തീരുമാനിച്ചത്. ഈ തിരഞ്ഞെടുപ്പു ബഹിഷ്കരണ പരിപാടിക്ക് അവര്‍ നല്‍കിയ പേരാണ് 'നിവര്‍ത്തനം'. ഈ നിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ ആവേശപൂര്‍വം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നപ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ പ്രലോഭനങ്ങളിലും വാഗ്ദാനങ്ങളിലും കുടുങ്ങി പ്രസ്തുത സമുദായങ്ങളിലുള്‍പ്പെട്ട ചിലര്‍, മറ്റ് സമുദായാംഗങ്ങള്‍ വിജയിച്ചാലും വേണ്ടില്ല ഇവരെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പല ഗുപ്തതന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും, 'നിവര്‍ത്തന' നേതാക്കള്‍ ജയിച്ച് ഏതാനും സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി.
ഈ സംയുക്ത രാഷ്ട്രീയ പ്രക്ഷോഭണത്തിന്റെ ഉച്ചകോടിയില്‍, അതിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരിയില്‍ കൂടിയ ഒരു യോഗത്തില്‍ വച്ച് സി. കേശവന്‍ ഗവണ്‍മെന്റിനെ നിശിതമായി പരിഹസിച്ചും ശകാരിച്ചും കൊണ്ടുള്ള ഒരു പ്രസംഗം ചെയ്തു. അതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടരക്കൊല്ലത്തെ തടവുശിക്ഷയ്ക്ക് വിധേയനാക്കി ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കാലാവധിയുടെ അവസാനത്തില്‍ ജയില്‍മോചിതനായി പുറത്തുവന്ന കേശവന് രാജ്യവ്യാപകമായി ബഹുജനസ്വീകരണങ്ങള്‍ ലഭിച്ചു. അത്തരമൊരു സ്വീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച നിവര്‍ത്തനപ്രക്ഷോഭണത്തിന്റെ ഒരു സമുന്നതനേതാവും, അപ്പോഴേക്കും ശ്രീമൂലം അസംബ്ലിയുടെ ഉപാധ്യക്ഷനായി (ഡെപ്യൂട്ടി പ്രസിഡന്റ്) തിരഞ്ഞെടുക്കപ്പെട്ടിരുന്ന ടി.എം. വര്‍ഗീസിന്റെ മേല്‍ നിയമസഭ അവിശ്വാസപ്രമേയം പാസാക്കി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയുണ്ടായി.
സംയുക്ത രാഷ്ട്രീയസഭയ്ക്കും അതു നേതൃത്വം നല്‍കിയ നിവര്‍ത്തനപ്രക്ഷോഭണത്തിനും സര്‍ക്കാരുദ്യോഗത്തില്‍ പ്രാതിനിധ്യമില്ലാതിരുന്ന സമുദായങ്ങള്‍ക്ക് അക്കാര്യത്തില്‍ ചില സൌജന്യങ്ങള്‍ നേടാനും ഉദ്യോഗനിയമനക്കാര്യത്തില്‍ കാര്യക്ഷമതയ്ക്കു ഭംഗം വരാതെ പരീക്ഷകള്‍ നടത്താന്‍ ഒരു പബ്ലിക് സര്‍വീസ് കമ്മിഷനെ നിയമിക്കാമെന്ന് സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനും അവശ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഉദ്യോഗനിയമനങ്ങളില്‍ സംവരണവ്യവസ്ഥ ഉള്‍പ്പെടുത്തുവാനും കഴിഞ്ഞു എന്നത് ഒരു നേട്ടമാണ്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു ശാഖ 1938-ല്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കപ്പെട്ടു. അതിന്റെ ആഭിമുഖ്യത്തിലും പട്ടാഭിസീതാരാമയ്യയുടെ അധ്യക്ഷതയിലും അവിടെ ഒരു യോഗം കൂടുകയുണ്ടായെങ്കിലും നാട്ടുരാജ്യങ്ങളില്‍ നടക്കുന്ന ഉത്തരവാദ ഭരണപ്രക്ഷോഭണങ്ങളില്‍ കോണ്‍ഗ്രസ് ഇടപെട്ടുകൂടാ എന്നു ഹരിപുരം സമ്മേളന തീരുമാനത്തിന്റെ ഫലമായി ആ ശാഖയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം നിര്‍ജീവമായിത്തീര്‍ന്നു. സി. കേശവന്റെ ബന്ധനം, ടി. എം. വര്‍ഗീസിന്റെ സ്ഥാനചലനം എന്നിവയെല്ലാം നടന്നത് ഏതാണ്ട് ഈ കാലത്തായിരുന്നു. 'മഹാരാജാവ് തിരുമനസ്സിന്റെ പരമാധികാരത്തിന്‍കീഴില്‍ ഉടനടി ഉത്തരവാദഭരണം സ്ഥാപിച്ചു തരേണ്ടതിന്റെ ആവശ്യകത'യെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു അടിയന്തരപ്രമേയം ടി. എം. വര്‍ഗീസ് ഇതിനിടയ്ക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. അധീശശക്തിയുമായുള്ള ബന്ധത്തിന് ഊനം തട്ടാനിടയാക്കുന്നതാണ് ഈ പ്രമേയമെന്ന് സഭാധ്യക്ഷന്‍ കൂടിയായ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുന്നറിയിപ്പു നല്‍കിയശേഷമാണ് ഇതേപ്പറ്റിയുള്ള ചര്‍ച്ച ആരംഭിച്ചത്. ഏതായാലും പ്രമേയം വോട്ടിനിട്ടില്ല. സര്‍ക്കാര്‍ അനുകൂലികള്‍ ഒരുഭാഗത്തും ബാക്കിയുള്ളവര്‍ മറുചേരിയിലും നിലയുറപ്പിച്ചുകൊണ്ട് വാശിയേറിയ വിവാദങ്ങളാണ് സഭയില്‍ നടന്നത്.
ഇതിനെത്തുടര്‍ന്ന് നിയമസഭാനടപടികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് 'നായരും പബ്ളിക്സര്‍വീസും' എന്ന ശീര്‍ഷകത്തില്‍ അഭിഭാഷകനായ എ. നാരായണപിള്ള ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ട് നാരായണപിള്ളയെ കോടതി ശിക്ഷിച്ചു ജയിലിലാക്കി. ഗവണ്‍മെന്റ് പൗരാവകാശങ്ങളെ ധ്വംസിക്കുകയും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഭീഷണിപ്പെടുത്തുകയും ജനപ്രതിനിധികളെ പ്രലോഭനംമൂലം പാര്‍ശ്വവര്‍ത്തികളാക്കുകയും ചെയ്യുന്നു എന്ന വിമര്‍ശനങ്ങള്‍ സാര്‍വത്രികമായി ഉയരുകയും ജനങ്ങള്‍ പ്രക്ഷോഭണത്തിന്റെ പാതയിലേക്കു തിരിയുകയും ചെയ്തു. സ്വാഭാവികമായും ഗവണ്‍മെന്റ് ഇതിനെ നേരിട്ടത് മര്‍ദനമുറകള്‍ കൊണ്ടാണ്.
ഈ പശ്ചാത്തലത്തിലാണ് 1938 ഫെ. 23-ന് പത്തോളം പൊതുപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ ഒരു ചെറിയ ഹോട്ടല്‍ മുറിയില്‍ സി. വി. കുഞ്ഞുരാമന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച് തിരുവിതാംകൂര്‍ 'സ്റ്റേറ്റ് കോണ്‍ഗ്രസ്' എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ദിവാന്റെ സ്വേച്ഛാധിപത്യഭരണത്തിനും ജനമര്‍ദനത്തിനും അദ്ദേഹത്തിന്റെ പാദസേവകരായ പാര്‍ശ്വവര്‍ത്തികള്‍ നിര്‍ബാധം നടത്തുന്ന അഴിമതികള്‍ക്കും ഏറ്റ ആദ്യത്തെ ആഘാതമായിരുന്നു സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവം. നീതിയുക്തവും സമാധാനപരവുമായ മാര്‍ഗങ്ങളില്‍ക്കൂടി പ്രായപൂര്‍ത്തി വോട്ടവകാശത്തോടും ന്യൂനപക്ഷസംരക്ഷണ വ്യവസ്ഥയോടുംകൂടി രാജാവിന്റെ കീഴില്‍ ഉത്തരവാദ ഭരണം സ്ഥാപിക്കുക എന്നതായിരുന്ന അതിന്റെ ലക്ഷ്യം. പ്രാദേശികമോ സാമുദായികമോ ആയ താത്പര്യങ്ങള്‍ക്ക് അതീതമായി രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നില്‍ വച്ചുകൊണ്ടുള്ള സമാധാനപരമായ പ്രക്ഷോഭണങ്ങള്‍ രാജ്യവ്യാപകമായി ഉടലെടുത്ത ആദ്യത്തെ ജനകീയ പ്രസ്ഥാനത്തെ വിജയപരിസമാപ്തിയിലെത്തിക്കുക എന്നതായിരുന്നു തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം.
മുളയിലേ നുള്ളിക്കളയാനുള്ള പരിപാടികളുമായിട്ടാണ് ഗവണ്‍മെന്റ് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ അവകാശവാദങ്ങളെ നേരിട്ടത്. പ്രലോഭനങ്ങള്‍ക്കു വിധേയരാവുകയും ഭീഷണികള്‍ക്കു മുന്നില്‍ അസ്തധൈര്യരാവുകയും ചെയ്ത അപൂര്‍വം ചില നേതാക്കളെ അതില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ അധികാരികള്‍ക്കു കഴിഞ്ഞെങ്കിലും സമരത്തിനു ദിവസം ചെല്ലുന്തോറും ശക്തി വര്‍ധിച്ചതേയുള്ളൂ. പ്രലോഭനങ്ങളും ഭീഷണികളും മര്‍ദനത്തിനു വഴിമാറിക്കൊടുത്തു. മദ്യപാനികളെയും സാമൂഹിക വിരുദ്ധരെയും അക്രമികളെയും പറഞ്ഞുവിട്ട് യോഗങ്ങള്‍ കലക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളാക്രമിച്ച് കവര്‍ച്ച ചെയ്യുകയും നേതാക്കളില്‍ ചിലരെത്തന്നെ തെരഞ്ഞെടുത്ത് ദേഹോപദ്രവമേല്പിക്കുകയും അങ്ങനെ ജനങ്ങള്‍ക്ക് സ്വൈരജീവിതം അസാധ്യമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ സദാ മുഴുകി. കോണ്‍ഗ്രസ് നേതാവായ കെ. പി. നീലകണ്ഠപ്പിള്ളയെ ഗുണ്ടകള്‍ ഇരുമ്പുകമ്പികള്‍ കൊണ്ടടിച്ച് അവശനാക്കി. നിര്‍ഭയനായ ഒരു പത്രാധിപര്‍ എന്നു പേരുകേട്ട എം. ആര്‍. മാധവവാര്യരും ശാരീരിക പീഡനങ്ങള്‍ക്കു വിധേയനാകേണ്ടിവന്നു. പ്രവര്‍ത്തനസമിതി അംഗമായ ആനിമസ്ക്രീന്‍ എന്ന അഭിഭാഷക ഒറ്റയ്ക്ക് താമസിച്ചിരുന്ന വസതിയില്‍ അക്രമികള്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ചു കയറി അവരുടെ ഉടുതുണി തൊട്ടുള്ള സകലതും കവര്‍ന്നെടുത്തുകൊണ്ടുപോയി.
നാടൊട്ടുക്ക് രൂക്ഷമായ പ്രതിഷേധവും പ്രക്ഷോഭണവും ആളിക്കത്തി. യോഗങ്ങളും പ്രകടനങ്ങളും നിരോധനാജ്ഞാ ലംഘനങ്ങളും നിത്യസംഭവങ്ങളായി. ആളുകളെ പിരിച്ചുവിടാന്‍ ലാത്തിപ്രയോഗവും വെടിവയ്പും പല സ്ഥലങ്ങളിലും നടന്നു. ദേശീയവാദികളായ നിയമസഭാംഗങ്ങള്‍ക്ക് ജയ് വിളിച്ചും ദിവാന്റെ പാര്‍ശ്വവര്‍ത്തികളെ കൂകിവിളിച്ചും എതിരേല്ക്കാന്‍ യൂണിവേഴ്സിറ്റി കോളജിനുള്ളിലും പുറത്തും തടിച്ചുകൂടിയിരുന്ന വിദ്യാര്‍ഥികളെ കുതിരപ്പട്ടാളത്തെ വിട്ടു ചവിട്ടിച്ചതച്ചു. നെയ്യാറ്റിന്‍കര, കല്ലറ, കടയ്ക്കല്‍, പാങ്ങോട്, ശംഖുംമുഖം, കൊല്ലം, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് വെടിവച്ചതിന്റെ ഫലമായി അവിടങ്ങളില്‍ നടന്ന യോഗങ്ങളില്‍ സംബന്ധിക്കാനെത്തിയിരുന്ന നിരപരാധികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ മരണമടഞ്ഞു.
ദേശീയ സമരത്തില്‍ അഖിലേന്ത്യാതലത്തില്‍ നേതൃത്വം നല്‍കിയിരുന്ന കമലാദേവി ചതോപാധ്യായ, കെ.എഫ്. നരിമാന്‍ തുടങ്ങിയവരെ തീവണ്ടിയില്‍നിന്നിറങ്ങി തിരുവിതാംകൂറിന്റെ അധികാരസീമയ്ക്കകത്തുള്ള മണ്ണില്‍ കാലുകുത്തിയ നിമിഷംതന്നെ കൗശലപൂര്‍വം പിടികൂടി രാജ്യത്തിനു പുറത്തുകൊണ്ടുപോയി വിടുക എന്ന പരിപാടിയും ഇതിനിടയ്ക്ക് നടന്നുവന്നു. അയല്‍പ്രദേശങ്ങളായ മലബാര്‍, മധുര, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു സമരത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂറിലെത്തുന്ന സന്നദ്ധഭടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ് ലോക്കപ്പിലിട്ടു മര്‍ദിക്കുകയും ചിലരെല്ലാം ഇക്കൂട്ടത്തില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്ഥലങ്ങളില്‍ മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് പല തൊഴിലാളിപ്പണിമുടക്കങ്ങളും നടന്നു.
ദിവാന്റെ പേരില്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ടും സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം രാജാവിന് ഒരു നിവേദനം നല്‍കിയിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയം ജനിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് ഇതിന്റെ പേരില്‍ ദിവാന്‍ ഗാന്ധിജിയുമായി ചില കത്തിടപാടുകള്‍ നടത്തി. ഒരു നിവേദക സംഘത്തെ നയിച്ചുകൊണ്ട് തിരുവിതാംകൂറിലെ യഥാര്‍ഥസ്ഥിതിഗതികള്‍ ഗാന്ധിജിയെ ധരിപ്പിക്കുവാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ള വാര്‍ധയില്‍ പോയി. ദിവാന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ വേറൊരു ദൗത്യസംഘവും അവിടെ എത്താതിരുന്നില്ല. ദിവാനെതിരായ ആരോപണങ്ങളടങ്ങുന്ന മെമ്മോറാണ്ടം പിന്‍വലിക്കണമെന്ന ഉപദേശമാണ് ഗാന്ധിജിയില്‍ നിന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് കിട്ടിയത്. ഇതിനിടയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ രൂപംകൊണ്ടിരുന്ന പുരോഗമനവാദികള്‍ നയിച്ച യൂത്ത്ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഈ നിവേദനം കോണ്‍ഗ്രസ് നേതൃത്വം പിന്‍വലിക്കുകയുണ്ടായി.
തന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ഒരു ദേശീയാഘോഷമായി കൊണ്ടാടാന്‍ ദിവാന്‍ രാമസ്വാമി അയ്യര്‍ ഏതാനും സേവകരുടെ ഒത്താശയോടെ നടത്തിയ ശ്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തിരുവനന്തപുരത്തു നടത്തിയ യോഗത്തെത്തുടര്‍ന്ന് പട്ടംതാണുപിള്ള ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. 1942-ലെ ക്വിറ്റിന്ത്യാസമരം നേതാക്കന്മാരുടെ അഭാവത്തില്‍, ബ്രിട്ടീഷിന്ത്യയിലെപ്പോലെ തിരുവിതാംകൂറില്‍ പറയത്തക്ക ശക്തി ആര്‍ജിച്ചില്ല.
അടുത്ത രണ്ടുമൂന്നു വര്‍ഷക്കാലത്തേക്ക്- ഏതാണ്ട് 1946 മധ്യംവരെ-യുവജന-വിദ്യാര്‍ഥി വിഭാഗങ്ങളില്‍ നിന്ന് ഇടയ്ക്കിടയ്ക്കുണ്ടായ സ്ഫോടനങ്ങളൊഴിച്ചാല്‍ ദിവാന്റെ വിദ്യാഭ്യാസ പരിഷ്കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും തിരഞ്ഞെടുപ്പു രംഗത്തെ മത്സരങ്ങളിലും ഒതുങ്ങിനിന്നതേയുള്ളു സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തന പരിപാടികള്‍.
ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വളര്‍ച്ച. 1934-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കൃതമായി. ഈ വര്‍ഷംതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പില്ക്കാലത്ത് പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കന്മാരായിത്തീര്‍ന്ന പലരും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1939-ല്‍ പിണറായിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളുടെ യോഗം യഥാര്‍ഥത്തില്‍ ഒരു കമ്യൂണിസ്റ്റ് സമ്മേളനമായി പരിണമിക്കുകയാണുണ്ടായത്. മുപ്പതുകളില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അനേകം തൊഴിലാളി സംഘടനകള്‍ രൂപവത്കൃതമായി; അതോടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള തൊഴിലാളിസമരങ്ങളും രൂപപ്പെട്ടുവന്നു. 1936 ജൂലായില്‍ കണ്ണൂരില്‍ നിന്നും ഒരു പട്ടിണിജാഥ എ. കെ. ഗോപാലന്റെ നേതൃത്വത്തില്‍ മദ്രാസിലേക്കു പുറപ്പെട്ടു. തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കുമെതിരായ ബഹുജനരോഷം പ്രകടമാക്കുകയും ഗവണ്‍മെന്റിന്റെ ശ്രദ്ധ ഇതിലേക്കു തിരിക്കുകയുമായിരുന്നു ജാഥയുടെ ലക്ഷ്യം. 1936 അവസാനത്തില്‍ മദ്രാസ് നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മിക്ക കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വിജയികളായി. 1937 ജൂലായില്‍ സി. രാജഗോപാലാചാരി രൂപവത്കരിച്ച മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ച് കൊണ്ടോട്ടില്‍ രാമന്‍മേനോന്‍ മന്ത്രി ആയി.
രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ ഇന്ത്യയെക്കൂടി ഏകപക്ഷീയമായി പങ്കുചേര്‍ത്തതില്‍ ദേശീയനേതാക്കന്മാര്‍ ശക്തമായി പ്രതിഷേധിച്ചു. യുദ്ധത്തെത്തുടര്‍ന്നുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാര്‍ക്കു ദുസ്സഹമായി. 1940 സെപ്. 15-ന് പ്രതിഷേധദിനമായി ആചരിക്കുവാന്‍ കെ.പി.സി.സി. തീരുമാനിച്ചു. ഗവണ്‍മെന്റിന്റെ നിരോധനാജ്ഞയെ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ മൊറാഴ, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്നു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ മരണമടഞ്ഞു. മൊറാഴയില്‍ ജനക്കൂട്ടവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സബ് ഇന്‍സ്പെക്ടറും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. പില്ക്കാലത്ത് പ്രമുഖ കമ്യൂണിസ്റ്റ് നേതാവായുയര്‍ന്ന കെ.പി.ആര്‍. ഗോപാലനുള്‍പ്പെടെ അനേകം പേര്‍ അറസ്റ്റിലായി. തൂക്കിക്കൊല്ലുവാന്‍ വിധിക്കപ്പെട്ട കെ.പി.ആര്‍. ഗോപാലന്റെ ശിക്ഷ ഗാന്ധിജിയും മറ്റും ഇടപെട്ടതിനെത്തുടര്‍ന്ന് ജീവപര്യന്തമായി ഇളവുചെയ്തു.
മലബാറില്‍ കാര്‍ഷികരംഗത്തെ അസ്വസ്ഥതള്‍ക്കു പരിഹാരം കാണുവാനായി കര്‍ഷകര്‍ കിസാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിച്ചു. ജന്മിമാരുടെ അക്രമപ്പിരിവുകളെ അവര്‍ ചെറുത്തുതുടങ്ങി. വന്‍കിട ഭൂവുടമകള്‍ കര്‍ഷകത്തൊഴിലാളികളെ നേരിടുവാന്‍ തീരുമാനിച്ചു. കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. 1941 മാര്‍ച്ചില്‍ കയ്യൂരിലെ തൊഴിലാളികളെ മര്‍ദിച്ച പൊലീസുകാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കയ്യൂര്‍ സമരത്തോടനുബന്ധിച്ചുണ്ടായ കേസില്‍ നാലുപേരെ തൂക്കിക്കൊല്ലുകയുണ്ടായി. നോ. കയ്യൂര്‍ സമരം
രണ്ടാം ലോകയുദ്ധകാലത്ത് സംജാതമായ പട്ടിണിയുടെ നാളുകളില്‍ ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പിനെതിരെ 1946 ഡിസംബറില്‍ കരിവെള്ളൂരില്‍ നടന്ന ജനമുന്നേറ്റം, 1946-ലെ പുന്നപ്ര-വയലാര്‍ സമരം, ചീമേനിയില്‍ നടന്ന തോല്‍-വിറക് സമരം, ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ 1947-ല്‍ നടന്ന കാവുമ്പായി സമരം തുടങ്ങിയവയും ആധുനിക കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭൂപടത്തില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് നിര്‍ണായകമായ ഇടം നേടിക്കൊടുത്തു.
പുന്നപ്ര-വയലാര്‍ സമരങ്ങള്‍. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുകയോ ഭാഗഭാക്കാവുകയോ ചെയ്ത സമരങ്ങളുടെ ഒരു ഭാഗമെങ്കിലും, 1946 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ആലപ്പുഴയിലും അതിന് തെക്കും വടക്കും കിടക്കുന്ന പുന്നപ്രയിലും വയലാറിലും നടന്ന സംഘടിതമായ തൊഴിലാളി മുന്നേറ്റങ്ങള്‍ ദിവാന്റെ ആകാശക്കോട്ടകളെ തകര്‍ക്കാനും രാജ്യത്തെ ഉത്തരവാദ ഭരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനും കഴിഞ്ഞ ഉഗ്രസമരങ്ങളായിരുന്നു. നാടന്‍ ആയുധങ്ങളേന്തിയ തൊഴിലാളികള്‍, പുന്നപ്ര വച്ച് പൊലീസുമായി ഏറ്റുമുട്ടി ഒരു ഇന്‍സ്പെക്ടറുള്‍പ്പെടെ പലരെയും കൊലപ്പെടുത്തിയതിന്റെ തിരിച്ചടി വയലാറില്‍ പട്ടാളക്കാര്‍ കണ്ണുമടച്ചു നടത്തിയ മനുഷ്യക്കുരുതിയായിരുന്നു. വയലാറില്‍ നടന്ന ക്രൂരമായ സൈനിക പ്രവര്‍ത്തനങ്ങളില്‍ നൂറുകണക്കിനാളുകള്‍ രക്തസാക്ഷിത്വം വരിച്ചെങ്കിലും ജനകീയാവേശ മുന്നേറ്റത്തെ മര്‍ദനമുറകള്‍കൊണ്ട് അണകെട്ടി നിര്‍ത്തുക സാധ്യമല്ലെന്ന് ഈ സമരം ദിവാനെ ബോധ്യപ്പെടുത്തിയിരിക്കണം.
സ്വതന്ത്ര തിരുവിതാംകൂര്‍. 1947 ജനു. 27-ന് 'അമേരിക്കന്‍ മോഡല്‍' എന്ന് (കു) പ്രസിദ്ധമായ ഭരണപരിഷ്കാരത്തിന്റെ പൂര്‍ണരൂപം ദിവാന്‍ രാമസ്വാമി അയ്യര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 17-ന് തിരുവനന്തപുരത്തു കൂടിയ അഖിലതിരുവിതാംകൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഈ ഭരണപരിഷ്കരണത്തെ ഒന്നടങ്കം തിരസ്കരിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുള്ള തീയതിയും മുഹൂര്‍ത്തവുംവരെ നിശ്ചയിച്ച്, അധികാരക്കൈമാറ്റ പ്രക്രിയയുടെ വിശദാംശങ്ങളെപ്പറ്റിയുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ സഫലമായ പരിസമാപ്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന മര്‍മപ്രധാനമായ ദിവസങ്ങളില്‍, തിരുവിതാംകൂറിന്റെ പുരാതന മഹിമയെയും തിരുവിതാംകൂര്‍ രാജാവിന്റെ അധൃഷ്യമായ പരമാധികാരത്തെയും പ്രകീര്‍ത്തനം ചെയ്തുകൊണ്ട്, ഈ രാജ്യം സ്വതന്ത്രമായി നിലനില്‍ക്കാന്‍തന്നെയാണ് ഭാവമെന്നു രാമസ്വാമി അയ്യര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു (1947 ജൂണ്‍ 11). ഇങ്ങനെ പ്രഖ്യാപനം നടത്തുക മാത്രമല്ല, ഇന്ത്യയ്ക്കു വെളിയില്‍ നിന്ന് നാടിനാവശ്യമുള്ള അരിയും മറ്റു വിഭവങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള കൂടിയാലോചനകള്‍ ആരംഭിക്കുകയും ഇവിടെ പൊലീസ് വകുപ്പുമേധാവി ആയിരുന്ന ഒരു ഉദ്യോഗസ്ഥനെ പാകിസ്താനിലെ തിരുവിതാംകൂര്‍ സ്ഥാനപതിയായി നിയമിക്കുകയും ചെയ്തു. ഈ ഭ്രാന്തമായ പരാക്രമങ്ങള്‍ ജാതി-കക്ഷിപരിഗണനകള്‍ കൂടാതെ ജനങ്ങളെ രോഷാകുലരാക്കി. സ്റ്റേറ്റ് കോണ്‍ഗ്രസ് തിരുവിതാംകൂറിലുടനീളം ഉത്തരവാദ ഗവണ്‍മെന്റിനുവേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു.
യോഗങ്ങള്‍ ചേരുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടു; അവയെല്ലാം ലംഘിക്കപ്പെടുകയും ചെയ്തു. പ്രമുഖനേതാക്കള്‍ മുതല്‍ വെറും സാധാരണക്കാര്‍ വരെ തടവറകളിലായി. മര്‍ദനങ്ങളും വെടിവയ്പുകളും ദൈനംദിന നിയമമായിത്തീര്‍ന്നു. ഇതിനിടയ്ക്ക് 1947 ജൂല. 15-ന് സന്ധ്യയ്ക്ക് ഒരു പൊതുചടങ്ങില്‍ സംബന്ധിച്ചശേഷം മടങ്ങാനൊരുങ്ങവേ സര്‍ സി.പി. രാമസ്വാമി അയ്യരെ മാരകമായ ലക്ഷ്യം വച്ചുകൊണ്ട്, സ്വന്തം ജീവനെ അവഗണിച്ച് ഒരു യുവാവ് വെട്ടി പരുക്കേല്പിച്ചു. അതിനുശേഷവും സമരം തുടര്‍ന്നു നടന്നുവെങ്കിലും ഉച്ചകോടിയില്‍നിന്നും അപരകോടിയിലേക്കുള്ള രാമസ്വാമി അയ്യരുടെ പതനം ആരംഭിച്ചുകഴിഞ്ഞിരുന്നു. വ്രണിത ശരീരനായി ആഗസ്റ്റ് 19-ന് അദ്ദേഹം സംസ്ഥാനം വിടുന്നതിന് ആറുദിവസം മുമ്പു തന്നെ 13-ന് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനുമായുള്ള സംയോജന പ്രമാണത്തില്‍ ഒപ്പുവച്ചുകഴിഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു മംഗളമാശംസിച്ചുകൊണ്ട് രാജാവ് ബാലരാമവര്‍മയുടെ ഒരു പ്രസ്താവനയും ആഗ. 15-ന് പുറത്തുവന്നിരുന്നു. സാര്‍വത്രികമായി പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണം അനുവദിച്ചുകൊണ്ടും അതു നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ വിവരിച്ചുകൊണ്ടും 1947 സെപ്. 4-ന് രാജാവ് വിളംബരം പുറപ്പെടുവിച്ചു. 1948 ആദ്യം പൊതുതിരഞ്ഞെടുപ്പു നടന്നു. ജനകീയ മന്ത്രിസഭ അധികാരത്തില്‍ വരുന്നതുവരെ ചീഫ്സെക്രട്ടറി ആയിരുന്ന പി. ജി. നാരായണന്‍ ഉണ്ണിത്താനാണ് ഒഫീഷ്യേറ്റിങ് ദിവാന്‍ എന്ന പദവി വഹിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവന്നത്. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് രൂപംകൊണ്ട ഭരണഘടനാ നിര്‍മാണസമിതി ഒരു പ്രമേയംവഴി നിയമനിര്‍മാണ സഭയായി രൂപാന്തരപ്പെടുകയും അതിനോടുത്തരവാദിത്തമുള്ള ഒരു മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തു (1948 മാ. 20). പോപ്പുലര്‍ അസംബ്ലിയിലെ 120 സീറ്റുകളില്‍ 97 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. മാര്‍ച്ച് 24-ന് പട്ടം താണുപിള്ള തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി. കേശവനും ടി.എം. വര്‍ഗീസുമായിരുന്നു മറ്റു മന്ത്രിമാര്‍. ഇതോടെ തിരുവിതാംകൂറില്‍ ഉത്തരവാദിത്തഗവണ്‍മെന്റ് യാഥാര്‍ഥ്യമാവുകയും തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി എന്നിവയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനു ആരംഭം കുറിക്കുകയും ചെയ്തു. 1948 മാ. 24-ന് രാജകൊട്ടാരം, ദേവസ്വം എന്നിവമാത്രം വേര്‍പെടുത്തിക്കൊണ്ട് മറ്റെല്ലാ ഭരണവകുപ്പുകളും ജനകീയ ഗവണ്‍മെന്റിലേക്ക് കൈമാറിയതോടുകൂടി തിരുവിതാംകൂറില്‍ അതുവരെ നിലനിന്ന ദിവാന്‍ഭരണം അവസാനിച്ചു.
കൊച്ചി
തിരുവിതാംകൂറില്‍ ബ്രിട്ടീഷ്ശക്തിക്കെതിരായി വേലുത്തമ്പിദളവ നടത്തിയ സമരത്തില്‍ അദ്ദേഹത്തോടു സഹകരിച്ചുകൊണ്ട് കൊച്ചിരാജാവും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായ പാലിയത്തച്ചനും ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ തിരുവിതാംകൂറിലേതുപോലെ ഇതും പരാജയപ്പെടുകയാണുണ്ടായത്. കീഴടങ്ങുന്നതിനെക്കാള്‍ അഭികാമ്യം ആത്മഹത്യയാണെന്ന് വേലുത്തമ്പി തീരുമാനിച്ചപ്പോള്‍ ശത്രുവിന്റെ ശക്തിയില്‍ അസ്തപൗരുഷനായിപ്പോയ പാലിയത്തച്ചന്‍ ഒടുവില്‍ അവരെത്തന്നെ അഭയം പ്രാപിക്കുകയും അവരുടെ തടവറയില്‍ക്കിടന്ന് അന്ത്യശ്വാസം വലിക്കുകയുമാണുണ്ടായത്.
ദേശാഭിമാനപരമായ എന്തെങ്കിലും ചലനങ്ങള്‍ പിന്നീട് കൊച്ചിയിലുണ്ടാകുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകങ്ങളിലാണ്. ഗാന്ധിജിയുടെ സത്യഗ്രഹ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സി. രാജഗോപാലാചാരി തൃശൂരില്‍ 1921-ല്‍ സംബന്ധിച്ച ഒരു യോഗത്തില്‍, ഗവണ്‍മെന്റിന്റെ പ്രകടമായ പ്രേരണയോടുകൂടി, തങ്ങള്‍ അതിനെതിരാണെന്ന് കാണിക്കാന്‍ ചില തത്പരകക്ഷികള്‍ കല്ലേറു നടത്തുകയുണ്ടായി. അത് ഒരു ഹിന്ദു-ക്രിസ്ത്യന്‍ കലാപമായി വളരാന്‍ തുടങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് ആ പ്രവണതയ്ക്ക് അറുതിവരുത്തി.
1923-ല്‍ പുറപ്പെടുവിച്ച ഒരു രാജകീയ വിളംബരപ്രകാരം 1925-ല്‍ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ നിയമസഭയില്‍ 45 അംഗങ്ങളുള്ളതില്‍ 30 പേര്‍ പരിമിതമായ വോട്ടവകാശത്തിന്റെ പേരില്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ഇന്ത്യയില്‍ ഇദംപ്രഥമമായി ഒരു വനിതയെ നാമനിര്‍ദേശം ചെയ്ത് അംഗമാക്കിയ നിയമസഭയായിരുന്നു ഇതെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.
കര്‍ഷകസമരത്തിന്റെ ആരംഭം. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 1930-കളുടെ ആരംഭത്തില്‍ ഒരു കര്‍ഷകസമരം നടക്കുകയുണ്ടായി. അക്കാലത്ത് കൊച്ചി സന്ദര്‍ശനത്തിനെത്തിയ വൈസ്രോയി ഇര്‍വിന്‍ പ്രഭുവിന്റെ മുന്നിലും കര്‍ഷകത്തൊഴിലാളികള്‍ പ്രകടനം നടത്തി. ലാത്തിച്ചാര്‍ജ് ചെയ്ത് പൊലീസ് ഇവരെ തുരത്തി ഓടിച്ചെങ്കിലും അവരുടെ സമരം പരാജയപ്പെട്ടില്ല; അവരുടെ ഋണബാധ്യതകള്‍ക്കു ചില സൗജന്യങ്ങളനുവദിച്ചുകിട്ടിയത് ഈ പ്രക്ഷോഭണത്തിന്റെ ഫലമായിട്ടായിരുന്നു.
തൃശൂര്‍ പട്ടണത്തിലെ വൈദ്യുതി വിതരണത്തിന്റെ അവകാശം തന്റെ ഒരു സുഹൃത്തു നടത്തുന്ന കമ്പനിക്ക് കുത്തകയായി നല്‍കാന്‍ 1936-ല്‍ ദിവാന്‍ സര്‍ ഷണ്‍മുഖം ചെട്ടി തീരുമാനിച്ചതിനെത്തുടര്‍ന്ന് അതിനെ എതിര്‍ത്തുകൊണ്ട് അന്നാട്ടുകാര്‍ ഒരു പ്രക്ഷോഭണമാരംഭിച്ചു. തൃശൂരിലെ ചില പൊതുപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഒരു കമ്പനിക്ക് ഈ അവകാശം നല്‍കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. പ്രതിഷേധപ്രകടനങ്ങള്‍, ഹര്‍ത്താലുകള്‍, അറസ്റ്റുകള്‍ തുടങ്ങിയവ മുറയ്ക്കു നടന്നു. തൃശൂര്‍ക്കമ്പനിക്ക് വൈദ്യുതി വിതരണാവകാശം കിട്ടിയില്ലെങ്കിലും അതു നല്‍കപ്പെട്ട ദിവാന്‍ബന്ധുക്കള്‍ക്ക് ജനങ്ങളുടെ നിസ്സഹകരണംമൂലം അതു കൈയൊഴിഞ്ഞുപോകേണ്ടതായിവന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തനം. ഇതേത്തുടര്‍ന്ന് 1937 ഡിസംബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കൊച്ചിക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍വച്ച് പട്ടാഭിസീതാരാമയ്യയുടെ അധ്യക്ഷതയില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ സമ്മേളനത്തില്‍ കമലാദേവി ചതോപാധ്യായ തുടങ്ങിയ പ്രമുഖനേതാക്കള്‍ സംബന്ധിച്ചിരുന്നു. നാട്ടുരാജ്യങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ഹരിപുരപ്രമേയം വിലക്കിയിരുന്നതിനാല്‍ ഈ പ്രവര്‍ത്തനം ഊര്‍ജസ്വലമായി മുന്നോട്ടുപോയില്ല.
ഇന്ത്യയിലെ പ്രമുഖനാട്ടുരാജ്യങ്ങളിലെല്ലാം ഉത്തരവാദ ഭരണസ്ഥാപനം ലക്ഷ്യമാക്കിയുള്ള പ്രക്ഷോഭണങ്ങള്‍ കൊടുമ്പിരിക്കൊണ്ടുവരികയും അയല്‍രാജ്യമായ തിരുവിതാംകൂറിലുള്‍പ്പെടെ സ്വേച്ഛാധിപതികളായ ദിവാന്മാര്‍ അവയുടെ നേരെ വിട്ടുവീഴ്ചയില്ലാത്ത അടിച്ചമര്‍ത്തല്‍ നയം അഭംഗം തുടരുകയും ചെയ്തകാലത്ത്, 1938 ആഗ. 4-ന് അപ്രധാനമായ ചില വകുപ്പുകള്‍ ഒരു ജനകീയ മന്ത്രിയിലേക്ക് കൈമാറിക്കൊണ്ട് ഷണ്‍മുഖംചെട്ടി ഒരു ഭരണപരിഷ്കാര പ്രഖ്യാപനം നടത്തി. കൊച്ചിന്‍ കോണ്‍ഗ്രസ് നേതാവായ അമ്പാട്ടു ശിവരാമമേനോനായിരുന്നു അങ്ങനെ ആദ്യം നിയമിതനായ ജനകീയ മന്ത്രി. അദ്ദേഹത്തിന്റെ ചരമത്തിനുശേഷം പിന്തുടര്‍ന്നു വന്ന എ.ആര്‍. മേനോന് ഒരു അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷനേതാവായ കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ടി.കെ. നായരാണ് പിന്നീട് തത്സ്ഥാനത്തു വന്നത്.
പ്രജാമണ്ഡലം. ഈ ഘട്ടത്തിലാണ് പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ മാത്രമടങ്ങിയ നിയമസഭയോട് പൂര്‍ണോത്തരവാദിത്തമുള്ള ഒരു മന്ത്രിസഭയില്‍ ഭരണാധികാരം നിക്ഷിപ്തമാക്കുന്ന ഭരണഘടന നടപ്പിലാക്കണമെന്ന ആവശ്യവുമായി വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തില്‍ 1941 ജനു. 26-ന് കൊച്ചി രാജ്യപ്രജാമണ്ഡലം എന്ന പേരിലുള്ള പുതിയ ഒരു രാഷ്ട്രീയ സംഘടന നിലവില്‍ വന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഘടകമായി പ്രവര്‍ത്തിച്ചിരുന്ന കൊച്ചിന്‍ കോണ്‍ഗ്രസ്സാണ് പ്രജാമണ്ഡലമായി സ്വയം രൂപാന്തരപ്പെട്ടത്.
ഡിക്സണ്‍ കൊച്ചി ദിവാനായിരുന്നപ്പോള്‍, 1942 ജനുവരിയില്‍ പ്രജാമണ്ഡലത്തിന്റെ പ്രഥമ വാര്‍ഷികം ഇരിങ്ങാലക്കുട വച്ചു നടത്താന്‍ പരിപാടിയിട്ടു. യോഗം നിരോധിക്കപ്പെട്ടുവെങ്കിലും അതു ലംഘിക്കാനാണ് ഭാരവാഹികള്‍ തീരുമാനിച്ചത്. പ്രമുഖ നേതാക്കളെല്ലാം അറസ്റ്റിലായി; എങ്കിലും സമ്മേളനം നടക്കാതിരുന്നില്ല; വിവരമറിഞ്ഞ് പൊലീസ് സേന എത്തിയപ്പോഴേക്കും യോഗം അവസാനിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് ('ക്വിറ്റിന്ത്യ') സമരവും കൊച്ചിയില്‍ വ്യാപകമായി നടന്നു. തൊഴിലാളികളും വിദ്യാര്‍ഥികളും നിയമലംഘന പരിപാടികളില്‍ അന്ന് ആവേശപൂര്‍വം പങ്കെടുത്തിരുന്നു.
1945 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന പ്രജാമണ്ഡലത്തിന് 12 സ്ഥാനങ്ങളേ ലഭിച്ചുള്ളൂ. നിരോധനങ്ങള്‍ പലതും നിലവിലിരിക്കെത്തന്നെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അക്കൊല്ലം കൂടിയ പ്രജാമണ്ഡലം വാര്‍ഷിക സമ്മേളനം ഉത്തരവാദഭരണ ലബ്ധിക്കു വേണ്ടിയുള്ള പ്രത്യക്ഷസമരം ആരംഭിച്ചു. ജൂലായില്‍ എറണാകുളത്തുകൂടിയ പ്രസ്തുത സമ്മേളനത്തില്‍, നിയമസഭാ സമ്മേളനമാരംഭിക്കുന്ന (ആ മാസം) 29-ന് ഉത്തരവാദഭരണ ദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തു. അന്നു രാജ്യവ്യാപകമായ പ്രകടനങ്ങളും പ്രക്ഷോഭണങ്ങളുമുണ്ടായി. നിയമസഭയില്‍ അന്ന് എട്ടംഗങ്ങള്‍ മാത്രമാണ് ഹാജരുണ്ടായിരുന്നത്. അന്ന് നിയമസഭയ്ക്ക് കൊച്ചി രാജാവ് അയച്ച ഒരു സന്ദേശത്തില്‍ ഒരു ഐക്യകേരളം എത്രയും വേഗം ഉടലെടുക്കട്ടെ എന്ന ഒരാശംസ മാത്രമാണുണ്ടായിരുന്നത്.
പ്രജാമണ്ഡലം അധികാരത്തില്‍. ആ നിയമസഭയില്‍ പൊതുഭരണത്തിനുള്ള ധനാഭ്യര്‍ഥന പാസാകാതെ പോയതിനെത്തുടര്‍ന്ന് കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലുണ്ടായിരുന്ന ടി.കെ. നായരും കെ. ബാലകൃഷ്ണമേനോനും രാജി സമര്‍പ്പിച്ചു. അധികാരമേറ്റെടുക്കാന്‍ ദിവാന്‍ പ്രജാമണ്ഡലത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അപ്പോള്‍ അതിനു തയ്യാറായില്ല. ധനകാര്യവും നിയമസമാധാനപാലനവും ഒഴികെയുള്ള വകുപ്പുകളെല്ലാം ജനപ്രതിനിധികളിലേക്ക് കൈമാറാമെന്നുള്ള പുതിയ ഒരു സന്ദേശം രാജാവ് നിയമസഭയ്ക്കയച്ചതോടുകൂടി സ്ഥിതിഗതികള്‍ക്കു മാറ്റം വന്നു. ടി.കെ. നായരുടെ കക്ഷിയും കെ. അയ്യപ്പന്റെ എസ്.എന്‍.ഡി.പി. കക്ഷിയും പ്രജാമണ്ഡലത്തിന്റെ നേതൃത്വം സ്വീകരിച്ചു മന്ത്രിസഭയില്‍ ചേര്‍ന്നു; ഈ രണ്ടുപേര്‍ക്കു പുറമേ മന്ത്രിപദം ഏറ്റെടുത്തത് പ്രജാമണ്ഡലത്തെ പ്രതിനിധീകരിച്ച് പനമ്പിള്ളി ഗോവിന്ദമേനോനും സി.ആര്‍. ഇയ്യുണ്ണിയുമായിരുന്നു. ഈ മന്ത്രിസഭയുടെ കാലത്താണ് കൊച്ചിക്കുപുറമേ തിരുവിതാംകൂറിലും മലബാറിലും നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട് തൃശൂരില്‍ നടന്ന ഐക്യകേരള സമ്മേളനത്തില്‍ കൊച്ചി രാജാവ് സന്നിഹിതനായി ആ സമാരംഭത്തിന് ആശംസകള്‍ നേര്‍ന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്കു തൊട്ടു തലേന്നാള്‍, ആഗസ്റ്റ് 14-ന് നിയമസമാധാനം, ധനകാര്യം എന്നീ വകുപ്പുകളും രാജാവ് ജനകീയ മന്ത്രിമാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ടു വീണ്ടുമൊരു സന്ദേശം നിയമസഭയ്ക്ക് അയച്ചു; എന്നാല്‍, ഇതില്‍ നിയമസമാധാനപാലന വകുപ്പിന്റെ മന്ത്രിയായി താന്‍ ടി.കെ. നായരെയാണ് നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് തന്നോടു മാത്രമായിരിക്കും ഉത്തരവാദിത്തമെന്നും രാജാവ് ഒരു വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു; ധനകാര്യമന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോന്‍ നിയമസഭയോടുത്തരവാദി ആയിരിക്കുമെന്നും. ഈ പൊരുത്തക്കേടുകള്‍ക്കിടയില്‍ ഒരു അലങ്കാരമെന്നോണം താന്‍ നാമമാത്രമായി അധികാരത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നു കണ്ട ദിവാന്‍ കരുണാകരമേനോന്‍ തത്സ്ഥാനം രാജിവച്ചു. ഗോവിന്ദമേനോനായിരുന്നു പ്രധാനമന്ത്രി.
1947 സെപ്. 18-ന് എറണാകുളത്തുള്ള രാജേന്ദ്രമൈതാനത്തു നടന്ന ഒരു പൊതുയോഗത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ ജനങ്ങളാകെ പ്രക്ഷുബ്ധരായി. ഇതേപ്പറ്റി ഒരു പരസ്യാന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്‍ ആവശ്യപ്പെട്ടത് നിയമസമാധാന വകുപ്പുമന്ത്രി ടി.കെ. നായര്‍ തിരസ്കരിക്കുകയാല്‍, പ്രജാമണ്ഡലം മന്ത്രിമാരെല്ലാവരും മന്ത്രിസഭയില്‍നിന്ന് രാജിവച്ചു. ടി.കെ. നായര്‍ തന്റെ സഹമന്ത്രിമാരായി കെ. ബാലകൃഷ്ണമേനോനെയും പറമ്പിലോനപ്പനെയും നിയമിച്ച് പ്രധാനമന്ത്രി സ്ഥാനത്ത് അടുത്ത തിരഞ്ഞെടുപ്പുവരെ തുടര്‍ന്നു. 1948 ആഗസ്റ്റില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വമ്പിച്ച ഭൂരിപക്ഷം നേടുകയും ടി.കെ. നായര്‍ പുതിയതായി സംഘടിപ്പിച്ച പീപ്പിള്‍സ് കോണ്‍ഗ്രസ് മൂന്നു സീറ്റുകള്‍ മാത്രം നേടി പിന്‍നിരയിലേക്ക് തള്ളപ്പെടുകയും ഉണ്ടായി. അതേത്തുടര്‍ന്ന് ഇ. ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്ന പ്രജാമണ്ഡലം മന്ത്രിസഭയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. അയ്യപ്പന്‍, സി. എ. ഔസേപ്പ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു; എല്‍.എം. പൈലിയായിരുന്നു സ്പീക്കര്‍. 1949 ജൂല. 1-ന് തിരുവിതാംകൂര്‍-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ അധികാരത്തിലിരുന്നത് ഈ മന്ത്രിസഭയാണ്.
മലബാര്‍
നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടീഷ് അധികാരത്തിന്‍കീഴില്‍ പ്രത്യക്ഷമായ അടിമത്തം സഹിച്ചു കഴിഞ്ഞുകൂടിയിരുന്ന മലബാര്‍ പ്രദേശങ്ങളില്‍ ദേശീയാഭിമാനാവേശവും സ്വാതന്ത്ര്യാഭിവാഞ്ഛയും നേരത്തേ തന്നെ കൂടുതല്‍ ശക്തിയോടുകൂടി ഇളകിമറിയാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് മലബാറും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല.
ടിപ്പു സുല്‍ത്താനും ഇംഗ്ലീഷുകാരും തമ്മില്‍ ശ്രീരംഗപട്ടണത്തില്‍ വച്ച് 1792 ഫെ. 23-ന് ഒപ്പുവച്ച സന്ധിയിലെ വ്യവസ്ഥ അനുസരിച്ച് ടിപ്പുവിന്റെ അധീനതയില്‍ കേരളക്കരയിലുണ്ടായിരുന്ന പ്രദേശങ്ങള്‍ മുഴുവന്‍ ഇസ്റ്റിന്ത്യാക്കമ്പനിയുടെ കൈയിലായി. അന്നുമുതല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ പ്രവിശ്യ 1801-ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ അധികാരപരിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
ടിപ്പുവിന്റെ പടയോട്ടക്കാലത്തുതന്നെ മലബാറിന്റെ പല ഭാഗങ്ങളിലും ഏറ്റക്കുറച്ചിലുകളോടുകൂടി അധികാരം ചെലുത്തിയിരുന്ന നാടുവാഴികള്‍ പാരതന്ത്ര്യത്തില്‍ പതിച്ചുകഴിഞ്ഞിരുന്നു. മലബാര്‍ ബ്രിട്ടീഷാധിപത്യത്തിന്‍ കീഴില്‍ വന്നതോടുകൂടി ഇവര്‍ക്കു പുതിയ മേല്‍ക്കോയ്മയെ അംഗീകരിക്കാതെ ഗത്യന്തരമില്ലെന്നുവന്നു. മലബാറിലെ ഭൂരിഭാഗം നാടുവാഴികളും ബ്രിട്ടീഷ് ഭരണത്തെ അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ കേരളവര്‍മ പഴശ്ശിരാജ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി വീരചരമം പ്രാപിച്ചു. 1821-ലെ കുറിച്യര്‍ കലാപമായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ നടന്ന മറ്റൊരു പോരാട്ടം. പക്ഷേ ഈ കലാപവും ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.
മലബാര്‍ കലാപം. 1836-നും 1900-ത്തിനും മധ്യേ മലബാറില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ ഏറ്റവും ഒടുവിലത്തേതും ഏറ്റവും രൂക്ഷവും ഏറ്റവും കൂടുതല്‍ ചരിത്രപ്രസിദ്ധി നേടിയതും 1921-ലെ 'ലഹള' യാണ്. 1920 ഏപ്രില്‍ മാസത്തില്‍ മഞ്ചേരിയില്‍ കൂടിയ അഞ്ചാമത്തെ അഖിലമലബാര്‍ സമ്മേളനത്തില്‍ ജന്മിമാരുടെയും കൃഷിക്കാരുടെയും പ്രതിനിധികള്‍ തമ്മിലാരംഭിച്ച സംഘട്ടനം 1921 ഏപ്രിലില്‍ ഒറ്റപ്പാലത്ത് ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ കൂടിയ അഖിലകേരള കോണ്‍ഗ്രസ് സമ്മേളനത്തിലെ നടപടികളുടെ ഫലമായി കൂടുതല്‍ ചൂടാര്‍ജിച്ച് അക്കൊല്ലം ആഗസ്റ്റില്‍ നേരിട്ടുള്ള കൈയേറ്റങ്ങളില്‍ എത്തിച്ചേരുകയാണുണ്ടായത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നടന്ന ഖിലാഫത്ത് സമരത്തിന്റെയും നിസ്സഹകരണപ്രസ്ഥാനത്തിന്റെയും അലകള്‍ മലബാറിലും ആഞ്ഞടിച്ചു. പൊലീസ് മര്‍ദനത്തിനു വിധേയരായവര്‍ ഭൂരിപക്ഷവും മുസ്ലിങ്ങളായിരുന്നു. ജന്മിപീഡനങ്ങള്‍കൊണ്ട് നേരത്തേ അസംതൃപ്തരും പ്രക്ഷുബ്ധരുമായിക്കഴിഞ്ഞിരുന്ന മുസ്ലിങ്ങളുടെ മതവികാരത്തോടുള്ള വെല്ലുവിളിയായി പൊലീസ്മര്‍ദനം വ്യാഖ്യാനിക്കപ്പെട്ടു. മര്‍ദിതര്‍ ശക്തിയായി തിരിച്ചടിയും ആരംഭിച്ചു. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് ആയുധങ്ങളും ഖജനാവുകള്‍ കൈയേറി പണവും അവര്‍ കവര്‍ച്ച ചെയ്തു. കോടതികളില്‍ കയറി മുന്‍സിഫുമാരുടെയും മജിസ്ട്രേറ്റുമാരുടെയും പീഠങ്ങളില്‍ ഇരുപ്പുറപ്പിച്ച് ബ്രിട്ടീഷ് ഭരണം അവസാനിച്ചെന്നും ഖിലാഫത്ത് ഭരണം ആരംഭിച്ചുവെന്നും പ്രഖ്യാപനങ്ങള്‍ നടത്തി. കണ്ണില്‍പ്പെട്ട ഒരൊറ്റ സര്‍ക്കാരാഫീസിനെപ്പോലും അവര്‍ വെറുതെ വിട്ടില്ല. ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നീ താലൂക്കുകളിലായി ഇരുന്നൂറ്റി ഇരുപതിലേറെ 'അംശ'ങ്ങള്‍ കലാപകാരികളുടെ നിയന്ത്രണത്തിലായി.
ഒറ്റപ്പാലം സമ്മേളനത്തിനുശേഷം ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്രാപിച്ചിരുന്നു. ഇതിനെതിരെ ജാഗരൂഗരായ അധികാരികള്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നേരിടാന്‍ വിവിധങ്ങളായ നടപടികളും കൈക്കൊണ്ടു. വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊതുസമ്മേളനങ്ങള്‍ നിരോധിക്കുകയും നിരവധിപേരെ അറസ്റ്റുചെയ്തു ജയിലിലടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ ഖിലാഫത്ത് പ്രസ്ഥാനം വിജയിക്കുകയില്ലെന്ന് വിശ്വസിച്ച മാപ്പിളമാര്‍ കലാപത്തിന്റെ പാത സ്വീകരിച്ചു. ചില ഖിലാഫത്ത് നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ കലാപത്തിന്റെ മാര്‍ഗത്തിലേക്ക് വളരെപ്പെട്ടെന്ന് ജനങ്ങളെ അടുപ്പിച്ചു.
1921-ല്‍ ഏറനാട് താലൂക്കില്‍പ്പെട്ട പൂക്കോട്ടൂര്‍ വില്ലേജിലാണ് കലാപം ആരംഭിച്ചത്. ഇവിടത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. നിലമ്പൂര്‍ രാജാവായിരുന്നു ഇവിടത്തെ കൃഷിഭൂമിയുടെ ഭൂരിഭാഗവും കൈവശം വച്ചിരുന്നത്. കുടിയാന്മാരായ മുസ്ലിങ്ങള്‍ക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നില്ല. കോവിലകം രാജയുടെ മുന്‍ജോലിക്കാരനായ കളത്തിങ്കല്‍ മുഹമ്മദ് ആയിരുന്നു പൂക്കോട്ടൂര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറി. ഇതിനിടയില്‍ കോവിലകത്തുനിന്ന് ഒരു തോക്ക് നഷ്ടപ്പെടുകയും കോവിലകം രാജ മുഹമ്മദിനെ സംശയിക്കുകയും പൊലീസ് മുഹമ്മദിന്റെ വീട് പരിശോധിക്കുകയും ചെയ്തു. ഈ സംഭവം മുഹമ്മദിനും ഖിലാഫത്തിനും എതിരെയുള്ള ഒരു അപമാനമായി ഖിലാഫത്ത് പ്രവര്‍ത്തകര്‍ കണ്ടു. ഇതോടെ സാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമായി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദിനോട് നിലമ്പൂര്‍ രാജയുടെ കോവിലകത്ത് വച്ച് (1921 ആഗസ്റ്റ് 1) അദ്ദേഹത്തെ കാണാന്‍ ആവശ്യപ്പെട്ടു. ഖിലാഫത്ത് പ്രവര്‍ത്തകരാകട്ടെ ഇതിനെ ഖിലാഫത്തിനെതിരെയുള്ള ഒരു തുറന്ന ഭീഷണിയായി കണ്ടു. ആയുധധാരികളായ ഖിലാഫത്ത് പ്രവര്‍ത്തകരോടൊപ്പം കോവിലകത്ത് എത്തിയ മുഹമ്മദ് പൊലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം മദ്രാസില്‍ നിന്നും കൂടുതല്‍ പൊലീസ് മലബാറില്‍ എത്തുകയും ഖിലാഫത്ത് പ്രവര്‍ത്തകര്‍ വ്യാപകമായി അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. അലി മുസലിയാല്‍, കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാര്‍ എന്നീ മതനേതാക്കള്‍ക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. മതനേതാക്കളെ തിരൂരങ്ങാടി കിഴക്കേപള്ളിയില്‍വച്ച് അറസ്റ്റു ചെയ്യാന്‍ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല. ഇതില്‍ പ്രകോപിതരായ പൊലീസ് തൊട്ടടുത്തുണ്ടായിരുന്ന ഖിലാഫത്ത് കമ്മിറ്റി ഓഫീസ് തകര്‍ത്തു. ഇതിനിടയില്‍ പൊലീസ് തിരൂരങ്ങാടിപ്പള്ളി തകര്‍ത്തു എന്ന ഒരു കിംവദന്തി പ്രചരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും മാപ്പിളമാര്‍ കിട്ടിയ ആയുധങ്ങളുമായി തിരൂരങ്ങാടിയില്‍ എത്തി. താനൂരില്‍ നിന്നെത്തിയ സംഘം പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് വെടിവയ്പില്‍ ഒന്‍പത് മാപ്പിളമാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ തിരൂരങ്ങാടി കലാപം അനിയന്ത്രിതമായി. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ കലാപം പടര്‍ന്നുപിടിച്ചു. കലാപകാരികള്‍ സര്‍ക്കാര്‍ ഓഫീസുകളും പൊലീസ് സ്റ്റേഷനുകളും ആക്രമിക്കുകയും ഫയലുകള്‍ നശിപ്പിക്കുകയും ട്രഷറികള്‍ കൊള്ളയടിക്കുകയും റെയില്‍പ്പാളങ്ങളും റോഡുകളും പാലങ്ങളും നശിപ്പിക്കുകയും ചെയ്തു. തിരൂരങ്ങാടി, ഏറനാട്, വള്ളുവനാട് എന്നീ താലൂക്കുകള്‍ കലാപകാരികളുടെ നിയന്ത്രണത്തിന്‍ കീഴിലായി. ഇതിന്റെ ഭാഗമായി നിരവധി പ്രഖ്യാപനങ്ങളും കലാപകാരികള്‍ നടത്തി. എന്നാല്‍ കലാപകാരികളുടെ ഭരണത്തിന് ദീര്‍ഘായുസ്സുണ്ടായില്ല. ഗവണ്‍മെന്റും സൈന്യവും കലാപം അടിച്ചമര്‍ത്താന്‍ ഭീകരമായ മര്‍ദനം അഴിച്ചുവിട്ടു.
കലാപത്തില്‍ പതിനായിരം കലാപകാരികള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ശേഷിച്ചവര്‍ സൈന്യത്തിനുമുന്നില്‍ കീഴടങ്ങി. നാല്‍പ്പത്തിഅയ്യായിരം പേര്‍ കീഴടങ്ങിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 1921 ഡിസംബറില്‍ കലാപം പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടു.
1921-ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന ഒരു ദുരന്തസംഭവമാണ് നവംബര്‍ 10-ലെ വാഗണ്‍ട്രാജഡി. ബ്രിട്ടീഷ് സൈന്യത്തിനുമുന്നില്‍ കീഴടങ്ങിയ നൂറിലധികം കലാപകാരികളെ കാറ്റും വെളിച്ചവും കയറാത്ത ഒരു ഗുഡ്സ് വാഗണില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്നും പോത്തന്നൂരിലേക്ക് കൊണ്ടുപോകവേ നൂറില്‍ 65 പേര്‍ ശ്വാസം മുട്ടിമരിക്കുകയായിരുന്നു. തീവണ്ടി തമിഴ്നാട്ടിലെ പോത്തന്നൂരില്‍ എത്തി പരിശോധിച്ചപ്പോഴാണ് 65 പേര്‍ മരിച്ചതായി കണ്ടത്. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുകയോ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ ചെയ്തില്ല.
കോണ്‍ഗ്രസ്സും മലബാറും. 1885-ല്‍ പിറവിയെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതിമൂന്നാമത്തെ (അമരാവതി) വാര്‍ഷികസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ഒറ്റപ്പാലം സ്വദേശിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരായിരുന്നു. എങ്കിലും, കോണ്‍ഗ്രസ്സിന്റെ പേരിലോ അല്ലാതെയോ അക്കാലങ്ങളില്‍ കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും മലബാറില്‍ നടക്കുകയുണ്ടായില്ല.
1903-ല്‍ കോഴിക്കോട്ടുവച്ച് സേലം വിജയരാഘവാചാരിയുടെ അധ്യക്ഷതയില്‍ കൂടിയ രാഷ്ട്രീയസമ്മേളനത്തിനോ 1905-ല്‍ ബംഗാള്‍വിഭജനത്തെച്ചൊല്ലി ഇന്ത്യയിലാകെ തിളച്ചുമറിഞ്ഞ പ്രക്ഷോഭണത്തിന്റെ നേരിയ അലയടികള്‍ക്കോ 1910-ല്‍ രൂപവത്കൃതമായ മലബാര്‍ ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റിക്കോ ബഹുജനങ്ങളുടെ ഇടയില്‍ സജീവമായ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ലെങ്കിലും ഇന്ത്യന്‍ ദേശീയതയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും നിഴലാട്ടം സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
ഒന്നാംലോകയുദ്ധകാലമായപ്പോഴേക്കും വിദേശാധിപത്യത്തോടുള്ള ജനങ്ങളുടെ വിദ്വേഷവും സ്വദേശാഭിമാനബോധവും ഉണരാനാരംഭിച്ചുകഴിഞ്ഞിരുന്നു. യുദ്ധഫണ്ടിലേക്ക് ധനശേഖരണം നടത്താന്‍ മലബാര്‍ കളക്ടര്‍ ഇന്നിസ്സിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുജനങ്ങളുടെ വകയായി ഒരു പണക്കിഴി യുദ്ധാവശ്യത്തിനു നല്‍കണമെന്ന ഔദ്യോഗികപ്രമേയത്തെ എതിര്‍ത്തുകൊണ്ട് കെ. പി. കേശവമേനോന്‍ മലയാളത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രസംഗം ഇംഗ്ലീഷില്‍ വേണമെന്നു നിര്‍ബന്ധിച്ച കളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് മേനോനും കുറേ അനുയായികളും സഭവിട്ട് ഇറങ്ങിപ്പോയി; ബഹുജനവികാരം ഏതു ദിശയിലേക്കാണ് പ്രവഹിക്കുന്നത് എന്ന് അറിയാനുള്ള ഒരു സൂചികയായി ഈ സംഭവത്തെ കണക്കാക്കാം.
ഇക്കാലത്ത് ഹോംറൂള്‍ ലീഗിന്റെ (Home Rule League)ശാഖ മലബാറില്‍ രൂപംകൊണ്ടുകഴിഞ്ഞിരുന്നു. കേരളത്തില്‍ ശ്രദ്ധേയമായ ആദ്യത്തെ രാഷ്ട്രീയസമ്മേളനം നടക്കുന്നത് 1916-ല്‍ പാലക്കാട്ട് വച്ച് ആനിബസന്റിന്റെ അധ്യക്ഷതയിലാണ്. കോണ്‍ഗ്രസ് യോഗങ്ങളും ചില വാര്‍ഷികച്ചടങ്ങുകള്‍പോലെ ഇടയ്ക്കിടയ്ക്കു നടന്നുവന്നിരുന്നു. കൊല്ലങ്കോട് വാസുദേവ രാജാ, ഇ. കെ. ശങ്കരവര്‍മരാജാ തുടങ്ങിയ നാടുവാഴികളും ജന്മിപ്രഭുക്കളുമായിരുന്നു ഈ സമാരംഭങ്ങളില്‍ അക്കാലത്ത് മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചിരുന്നത്.
കോഴിക്കോട്, തലശ്ശേരി, വടകര തുടങ്ങിയ കേന്ദ്രങ്ങളില്‍ ചേര്‍ന്ന പ്രസ്തുത യോഗങ്ങളില്‍ സി. പി. രാമസ്വാമി അയ്യര്‍, ബംഗാനപ്പള്ളി സെമിന്ദാര്‍ മിര്‍ ആസാദ്, ആലിഖാന്‍ ബഹാദൂര്‍ തുടങ്ങിയവരെ അധ്യക്ഷസ്ഥാനത്തേക്കു ക്ഷണിച്ചുകൊണ്ടുവന്നിരുന്നു. രാജഭക്തി, യുദ്ധവിജയാശംസ, അതിലേക്കു പണപ്പിരിവിനാഹ്വാനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങള്‍ പാസാക്കുന്നതിലായിരുന്നു പ്രസ്തുത സമ്മേളനങ്ങള്‍ അധികം ശ്രദ്ധ പതിപ്പിച്ചത്. അന്നത്തെ ദേശീയബോധത്തിന്റെ അളവുകോലുകളായി പ്രസ്തുത സദുദ്യമങ്ങളെ കണക്കാക്കാം.
1919-ല്‍ പുറത്തുവന്ന മൊണ്ടേഗു-ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാരത്തെച്ചൊല്ലി പ്രക്ഷുബ്ധമായ വികാര സ്ഫോടനങ്ങള്‍ ഭാരതമൊട്ടാകെ ജ്വലിച്ചുനിന്ന പശ്ചാത്തലത്തില്‍ 1920 ഏപ്രിലില്‍ മഞ്ചേരിയില്‍ കൂടിയ അഖില മലബാര്‍ സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് ഏതു തരത്തിലുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നുള്ളതിന്റെ പേരിലുണ്ടായ ചൂടുപിടിച്ച സംവാദങ്ങളോടുകൂടി മലബാറിലെ രാഷ്ട്രീയാന്തരീക്ഷം ഇളകിമറിയാന്‍ തുടങ്ങി. സമ്മേളനം പ്രധാനമായും മൂന്നു കാര്യങ്ങളെപ്പറ്റിയാണ് ചര്‍ച്ച ചെയ്തത്; കുടിയാന്മാരുടെ പ്രശ്നം, ഭരണപരിഷ്കാരങ്ങള്‍, ഖിലാഫത്ത് എന്നിവ. ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തോട് ആനിബസന്റ്, നിലമ്പൂര്‍ ഇളയരാജ എന്നിവര്‍ വിയോജിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ ഖിലാഫത്ത് പ്രസ്ഥാനം, അതിന്റെകൂടി ഉപോത്പന്നമായ 'മാപ്പിളലഹള' എന്നിവയോടുകൂടി വസ്തു കൈവശമുള്ള കുടിയാന്മാര്‍ക്ക് അതിന്മേല്‍ സ്ഥിരമായ ഉടമാവകാശം വേണമെന്നും മേല്‍ച്ചാര്‍ത്തും പൊളിച്ചെഴുത്തും അവസാനിപ്പിക്കണമെന്നും വസ്തുവില്‍ തനിക്കുള്ള അവകാശം വില്‍ക്കാന്‍ കുടിയാനു സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങള്‍ മലബാറിലാകെ ഉയര്‍ന്നു. കോണ്‍ഗ്രസ് പ്രസ്ഥാനവും കുടിയാന്‍ പ്രക്ഷോഭണങ്ങളും പരസ്പരം ഇടചേര്‍ന്നാണ് മലബാറില്‍ മുന്നേറിയത്. അതോടുകൂടി ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന വക്താക്കളായി രംഗപ്രവേശം ചെയ്ത ജന്മിമാര്‍ മിക്കവരും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പാദസേവകരായിത്തീര്‍ന്നു. നിരവധി വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മഞ്ചേരി സമ്മേളനം കോണ്‍ഗ്രസ്സിലെ തീവ്രപക്ഷവാദികളുടെ വിജയമായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
ഖിലാഫത്തിനും നിസ്സഹകരണപ്രസ്ഥാനത്തിനും ജനപിന്തുണ ആവശ്യപ്പെട്ടുകൊണ്ട് 1920 ആഗസ്റ്റില്‍ ഗാന്ധിജിയും മൌലാനാ ഷൗക്കത്ത് അലിയും കോഴിക്കോട് സന്ദര്‍ശിച്ചത് ജനങ്ങളുടെ രാഷ്ട്രീയാവബോധത്തെ ശക്തിപ്പെടുത്തി. 1920 ഡിസംബറില്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം ഖിലാഫത്തിന് പിന്തുണ നല്‍കാനും അക്രമരാഹിത്യത്തിലൂടെ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കാനും തീരുമാനിച്ചു. നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാനും നാഗ്പൂര്‍ സമ്മേളനം തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനപ്രകാരം മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 1921-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു. കെ. മാധവന്‍ നായര്‍ ആയിരുന്നു സെക്രട്ടറി. ഇന്ത്യയിലെ ഇതരഭാഗങ്ങളില്‍ എന്നപോലെ മലബാറിലും നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചു. മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള തെക്കന്‍ മലബാറില്‍ ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും ശക്തിപ്പെട്ടു.
1920-ല്‍ കേരള ഖിലാഫത്ത് കമ്മിറ്റി സംഘടിപ്പിക്കപ്പെട്ടു. മുഹമ്മദ് അബ്ദുറഹ്മാന്‍ ആയിരുന്നു സെക്രട്ടറി; പ്രസിഡന്റ് കാട്ടിലശ്ശേരി മുഹമ്മദ് മൗലവിയും. കോണ്‍ഗ്രസും ഖിലാഫത്ത് കമ്മിറ്റിയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി. ജോയിന്റ് സെക്രട്ടറിയായ യു. ഗോപാലമേനോന്‍ ഖിലാഫത്ത് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും മലബാറില്‍ ശക്തിപ്പെട്ടതോടെ ഭരണാധികാരികള്‍ സമ്മര്‍ദത്തിലായി. ഈയവസരത്തിലാണ് (1921 ഫെബ്രുവരി) ഖിലാഫത്തിന്റെ ദേശീയ നേതാവായ യാക്കൂബ് ഹസ്സന്‍ മലബാര്‍ സന്ദര്‍ശിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചുകൊണ്ടു സമ്മേളനം നടത്തിയ യാക്കൂബ് ഹസ്സനെയും കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു.
1921 ഏ. 23-ന് ആദ്യത്തെ കേരള സ്റ്റേറ്റ് രാഷ്ട്രീയ സമ്മേളനം ഒറ്റപ്പാലത്ത് വച്ചുനടന്നു. ടി. പ്രകാശം ആയിരുന്നു അധ്യക്ഷന്‍. സമ്മേളനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഈ സമ്മേളനത്തോടെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേറ്റിലുടനീളം അംഗീകാരം ലഭിച്ചു. രാഷ്ട്രീയ സമ്മേളനത്തിന്റെ ഭാഗമായി കുടിയാന്‍, ഖിലാഫത്ത്, വിദ്യാര്‍ഥി സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. കേരളത്തെ രാഷ്ട്രീയമായി ഏകീകരിക്കുന്നതിനുള്ള അസ്തിവാരമിട്ടു എന്നതായിരുന്നു ഒറ്റപ്പാലം കെ.പി.സി.സി. സമ്മേളനത്തിന്റെ പ്രസക്തി. സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിനിധികള്‍ക്കു നേരെ ഉണ്ടായ ലാത്തിച്ചാര്‍ജ് വ്യാപകമായ പ്രതിഷേധത്തിനു വഴിയൊരുക്കി.
നിയമലംഘന പ്രസ്ഥാനവും ഉപ്പുസത്യഗ്രഹവും. 1929 ഡിസംബറില്‍ ലാഹോറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നാല്‍പ്പത്തിനാലാം സമ്മേളനം പൂര്‍ണസ്വാതന്ത്ര്യപ്രമേയം അംഗീകരിച്ചതിനെത്തുടര്‍ന്ന് സമൂര്‍ത്തമായ പല നിയമലംഘന പരിപാടികളും ഭാരതത്തിലാകെ ഉദ്ഘാടനം ചെയ്യപ്പെട്ടു. സമരപരിപാടിയില്‍ പ്രധാനപ്പെട്ട ഒരിനം ഉപ്പുനിയമലംഘനമായിരുന്നു. 1930 ഏ. 10-ന് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഒരു സന്നദ്ധഭടസംഘം കോഴിക്കോട്ടുനിന്നു പയ്യന്നൂര്‍വരെ കാല്‍നടയായി സഞ്ചരിച്ച് കടലില്‍നിന്നു വെള്ളം എടുത്തു കുറുക്കി ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു; ഇത് കോഴിക്കോട്ടും മറ്റു പല സ്ഥലങ്ങളിലുമുള്ള കടല്‍ത്തീരങ്ങളിലും ആവര്‍ത്തിച്ചു. കൊച്ചിയിലും തിരുവിതാംകൂറിലും നിന്നുള്ള സന്നദ്ധഭടന്മാരും ഇതില്‍ സജീവമായി പങ്കെടുത്തിരുന്നു. മര്‍ദനം, അറസ്റ്റ്, കഠിനതടവ് തുടങ്ങിയ നടപടികള്‍ പതിവുപോലെ നടന്നു. വിദേശനിര്‍മിതവസ്ത്രങ്ങള്‍ ചുട്ടെരിക്കുക, മദ്യഷോപ്പുകള്‍ പിക്കറ്റ് ചെയ്യുക തുടങ്ങിയവയും ഈ സമരത്തിന്റെ ഘടകങ്ങളായിരുന്നു. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ സംഘടിച്ച് 'യുവക്സംഘ'ങ്ങള്‍, 'ബാലഭാരതസംഘ' ങ്ങള്‍, 'കേരളവിദ്യാര്‍ഥിസംഘ'ങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ച് പ്രക്ഷോഭണം മുന്നോട്ടുകൊണ്ടുപോയി. ഇവയ്ക്കെല്ലാം നേതൃത്വം കൊടുക്കുന്നതിന് കോഴിക്കോട്ട് ഒരു 'യുദ്ധകൌണ്‍സി' ലും കണ്ണൂരില്‍ ഒരു 'സമരസമിതി' യും രഹസ്യമായി പ്രവര്‍ത്തനം നടത്തിവന്നു. അതിഭീകരമായ മര്‍ദനമുറകള്‍കൊണ്ട് അധികാരികള്‍ ഇവരെ നേരിടാന്‍ ഒരുമ്പെട്ടെങ്കിലും ജനകീയാവേശത്തെ തണുപ്പിക്കാന്‍ ഒന്നുകൊണ്ടും അവര്‍ക്കു കഴിഞ്ഞില്ല.
1931 മാ. 4-ന് ഒപ്പുവയ്ക്കപ്പെട്ട ഗാന്ധി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി നിയമലംഘനപ്രസ്ഥാനം പിന്‍വലിക്കപ്പെടുന്നതുവരെ മലബാര്‍ പ്രദേശമാകെ സമരപരിപാടികള്‍കൊണ്ടു തിളച്ചുമറിയുകയായിരുന്നു.
ഗുരുവായൂര്‍ സത്യഗ്രഹം. 1931 മേയില്‍ സെന്‍ഗുപ്തയുടെ അധ്യക്ഷതയില്‍ വടകര ചേര്‍ന്ന അഞ്ചാം കേരള സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ട പ്രമേയങ്ങളിലൊന്ന് 'എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണ'മെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു (ഈ സമ്മേളനത്തിന്റെ ഭാഗമായി കെ. എഫ്. നരിമാന്റെ അധ്യക്ഷതയില്‍ ഒരു അഖില കേരള വിദ്യാര്‍ഥിസമ്മേളനവും ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയത്തടവുകാരുടെ ഒരു സമ്മേളനവും കൂടിയിരുന്നു).
അക്കൊല്ലം സെപ്. 25-ന് ക്ഷേത്ര സത്യഗ്രഹദിനമായി കേരളമാകെ ആചരിക്കപ്പെട്ടു. തുടര്‍ന്ന് ന. 1-ന് ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ അവര്‍ണര്‍ക്കും ക്ഷേത്രപ്രവേശനം ലഭിക്കുന്നതിനായി സത്യഗ്രഹവും ആരംഭിച്ചു. പത്തു മാസക്കാലം സമാധാനപരമായി നടന്ന സത്യഗ്രഹം കൊണ്ട് ജനങ്ങളുടെ സാര്‍വത്രികമായ അനുഭാവവും പിന്തുണയും സമാഹരിക്കുകയെന്നതില്‍ക്കവിഞ്ഞ് ഉദ്ദിഷ്ടലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതിനാല്‍ 1932 സെപ്. 21-ന് കേളപ്പന്‍ ക്ഷേത്രനടയില്‍ ഉപവാസവ്രതമാരംഭിക്കാന്‍ തീരുമാനിച്ചു. യാഥാസ്ഥിതികരും പൊലീസുകാരും ചേര്‍ന്ന് സത്യഗ്രഹികളെ ഭീകരമായി മര്‍ദിച്ചു. വാളന്റിയര്‍ ക്യാപ്റ്റനായ എ. കെ. ഗോപാലനാണ് ഏറ്റവും കഠിനമായ പീഡനം അനുഭവിക്കേണ്ടിവന്നത്; അദ്ദേഹത്തെ അവര്‍ അടിക്കുകയും തൊഴിക്കുകയും കഴുത്തുപിടിച്ചു ഞെരിക്കുകയും മുള്ളുകമ്പിവേലിയില്‍ ചേര്‍ത്തു വലിച്ചുരയ്ക്കുകയും ചെയ്തു. ജനങ്ങള്‍ ക്ഷോഭിച്ച് മുള്ളുവേലി പൊളിച്ചുമാറ്റി മുന്നോട്ടാഞ്ഞു. ഒരു മാസത്തിലേറെക്കാലം അമ്പലം അടഞ്ഞുകിടന്നു. അക്രമപ്രവണത വര്‍ധിച്ചുവരുന്നതുകണ്ട് നിരാഹാരം അവസാനിപ്പിക്കാന്‍ ഗാന്ധിജി കമ്പി അടിച്ചതിനെത്തുടര്‍ന്ന് ഒ. 2-ന് കേളപ്പന്‍ ആ സമരപരിപാടിയില്‍ നിന്ന് പിന്‍വാങ്ങി. ഗുരുവായൂര്‍ ക്ഷേത്രം അവര്‍ണരുടെ പ്രവേശനത്തിനുവേണ്ടി തുറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയിത്തത്തിനെതിരായി ജനങ്ങളുടെ മനോവികാരത്തെ തട്ടിയുണര്‍ത്താനും അയിത്തമുള്‍പ്പെടെയുള്ള ദുരാചാരങ്ങളെ മുറുകെപ്പിടിച്ചുനിന്ന യാഥാസ്ഥിതിക നാടുവാഴി ജന്മികളുടെ സ്വാധീനശക്തി കുറയ്ക്കാനും അതിനു സാധിച്ചു.
ബഹുജനപങ്കാളിത്തം. 1932 മേയില്‍ കോഴിക്കോട്ടുവച്ച് സാമുവല്‍ ആറോണിന്റെ അധ്യക്ഷതയില്‍ ആറാം കേരള സംസ്ഥാനസമ്മേളനവും ജൂണ്‍ 15-ന് കണ്ണൂരില്‍ വടക്കേ മലബാര്‍ ജില്ലാസമ്മേളനവും മിക്ക താലൂക്കുകളിലും വില്ലേജുകളിലും പ്രാദേശിക യോഗങ്ങളും വിളിച്ചുകൂട്ടി ജനങ്ങളില്‍ കത്തിജ്ജ്വലിക്കാനാരംഭിച്ച ആവേശം തണുത്തുപോകാതെ നിലനിര്‍ത്തിയിരുന്നു. എല്ലാ മാസവും 4-ന് ഗാന്ധിദിനം, എല്ലാ ഞായറാഴ്ചയും പതാകദിനം, ജനു. 26-ന് സ്വാതന്ത്ര്യദിനം തുടങ്ങിയ പരിപാടികള്‍ മുടങ്ങാതെ നടന്നു. കോണ്‍ഗ്രസ് നേതാവായ എല്‍. എസ്. പ്രഭുവിന്റെ പത്നിയെ അറസ്റ്റ് ചെയ്തു ശിക്ഷിച്ചപ്പോള്‍ പിഴ വസൂലാക്കാന്‍ അവരുടെ കെട്ടുതാലിയും മംഗല്യവും ബലമായി പിടിച്ചെടുത്ത സംഭവം അധികാരികള്‍ ജനങ്ങളെ നേരിടാന്‍ എത്ര ഹീനമായ മാര്‍ഗങ്ങള്‍വരെയും കൈക്കൊള്ളാന്‍ തയ്യാറായിരുന്നുവെന്നു കാണിക്കുന്നു.
ഇടതുപക്ഷവും മലബാറും. 1928-ലെ റെയില്‍വേ പണിമുടക്കും 1930-32 കാലത്തെ സിവില്‍ നിയമലംഘന പ്രസ്ഥാനവും 1931 മാ. 5-ന് കോഴിക്കോട് കടല്‍പ്പുറത്തു നടത്തിയ പ്രകടനവും അക്കൊല്ലം സെപ്തംബറില്‍ 'വടക്കേ മലബാര്‍ തൊഴിലാളി സംഘടന' എന്ന ഒരു പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിലാണ് കലാശിച്ചത്. 1935-ല്‍ ഫറോക്കില്‍ ഒരു തൊഴിലാളിപ്പണിമുടക്കും നടന്നു. പത്തു ശതമാനം കൂലി കൂട്ടിക്കിട്ടാനും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും തുടര്‍ന്ന് ചെറുവണ്ണൂരിലെ തൊഴിലാളികളും പണിമുടക്കി. പാപ്പിനിശ്ശേരി തുടങ്ങിയ മറ്റു സ്ഥലങ്ങളിലേക്കും ഇതു വ്യാപിച്ചു. 1935 മേയ് 26-ന് മണിബെന്‍കാരായുടെ അധ്യക്ഷതയില്‍ കോഴിക്കോട്ടു സമ്മേളിച്ച 'സമസ്ത കേരളത്തൊഴിലാളിയോഗ' ത്തോടുകൂടി കേരളത്തിന്റെ രാഷ്ട്രീയസത്തയില്‍ തൊഴിലാളികള്‍ നിര്‍ണായകമായ ഒരു പങ്കുവഹിക്കാന്‍ തുടങ്ങി. പില്ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതനേതാക്കളായി ഉയര്‍ന്നുവന്നവരാണ് ഈ സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്.
1934-ല്‍ പി. കൃഷ്ണപിള്ള, ഇ. എം. എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. ഇവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഒരു പ്രത്യേക ഗ്രൂപ്പായാണ് പ്രവര്‍ത്തിച്ചത്. അതോടുകൂടി ഇടതുപക്ഷക്കാരും വലതുപക്ഷക്കാരുമായുള്ള അഭിപ്രായസംഘട്ടനങ്ങളുമാരംഭിച്ചു. 1934 ഒക്ടോബറില്‍ ഷൊര്‍ണൂരില്‍ ചേര്‍ന്ന സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഈ സംഘര്‍ഷം പ്രകടമായി തെളിഞ്ഞുവന്നു. 1935-മേയില്‍ സയദ് അബ്ദുല്ലാ ബ്രെന്‍വിയുടെ അധ്യക്ഷതയില്‍ കോഴിക്കോട്ടു കൂടിയ കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം ഇടതുപക്ഷക്കാരുടെ ഒരു വലിയ വിജയമായി കലാശിച്ചു. യോഗം കഴിഞ്ഞപ്പോള്‍ രണ്ടു വിഭാഗക്കാരും തമ്മിലുള്ള ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാനായി ബ്രെന്‍വി, പ്രകാശം, സാംബമൂര്‍ത്തി എന്നിവര്‍ ഒരു മധ്യസ്ഥശ്രമം നടത്തി. കെ. കേളപ്പന്‍, യു. ഗോപാലമേനോന്‍, കോങ്ങാട്ടില്‍ രാമന്‍മേനോന്‍, കെ. മാധവന്‍നായര്‍, പി. കെ. കുഞ്ഞിശങ്കരമേനോന്‍ എന്നിവര്‍ വലതു പക്ഷക്കാരുടെയും ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, മഞ്ജുനാഥറാവു എന്നിവര്‍ ഇടതുപക്ഷക്കാരുടെയും വക്താക്കളായിരുന്നു.
1936 ജൂലായില്‍ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ ഇരുപത്തിയെട്ടു പേരടങ്ങുന്ന ഒരു പട്ടിണിജാഥ കണ്ണൂരില്‍ നിന്ന് മദിരാശി വരെ കാല്‍നടയായിപ്പോയി അധികാരികളെക്കണ്ട് നിവേദനം നല്‍കി. ഇത്രയുമായപ്പോഴേക്കും മലബാര്‍ പ്രദേശത്ത് ഇടതുപക്ഷപ്രസ്ഥാനത്തിനുള്ള ബഹുജനാടിസ്ഥാനം ഏതാണ്ടു ഭദ്രമായി. കോണ്‍ഗ്രസ്സിനുള്ളിലെ സോഷ്യലിസ്റ്റുകാരുടെ ഒരു വിഭാഗം 1939 അവസാനം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകമായി സംഘടിച്ചു പ്രവര്‍ത്തനം തുടങ്ങി.
തിരഞ്ഞെടുപ്പ്. 1934 ഡിസംബറില്‍ കേന്ദ്രനിയമനിര്‍മാണസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാമുവല്‍ ആറോണ്‍ 10,801 വോട്ടുകള്‍ നേടി. 1790 വോട്ടുകള്‍ മാത്രം കിട്ടിയ ജന്മിസ്ഥാനാര്‍ഥി പ്രഭാകരന്‍ തമ്പാനെ പരാജയപ്പെടുത്തി; എന്നാല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ അബ്ദുല്‍സത്താര്‍ സേട്ടുവിനോട് കോണ്‍ഗ്രസ്സിലെ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ് 322 വോട്ടുകള്‍ക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. 1937 ജൂല. 15-ന് മദിരാശിയില്‍ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മലബാറിന്റെ പ്രതിനിധിയായി അംഗമായത് കോങ്ങാട്ടില്‍ രാമന്‍ മേനോനായിരുന്നു.
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ഭൂരിപക്ഷം കിട്ടി. കെ. കേളപ്പന്‍ പ്രസിഡന്റായിത്തീര്‍ന്നു.
1938 ഏപ്രിലില്‍ കോഴിക്കോട്ടുവച്ച് ജയപ്രകാശ് നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒമ്പതാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി.
ക്വിറ്റിന്ത്യാ സമരം. 1942-ലെ 'ക്വിറ്റിന്ത്യാ' സമരത്തിന്റെ അലകള്‍ മലബാറിലും ദൃശ്യമായി. ഡോ. കെ. ബി. മേനോന്റെയും മറ്റും നേതൃത്വത്തില്‍, ഒരു സംഘം യുവാക്കള്‍ ജയപ്രകാശ്നാരായണന്‍ തുടങ്ങിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കളുടെ ആഹ്വാനമനുസരിച്ച് വന്‍തോതിലുള്ള നശീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഗവണ്‍മെന്റു മന്ദിരങ്ങള്‍ തീവച്ചു നശിപ്പിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ത്തു. പാലങ്ങള്‍ ഡയനാമിറ്റ് വച്ചു തകര്‍ക്കാന്‍ ശ്രമമുണ്ടായി. തലശ്ശേരി ഗൂഢാലോചനക്കേസ്, കീഴരിയൂര്‍ ബോംബ് കേസ് തുടങ്ങി അനേകം കേസുകള്‍ ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
മലബാറിലെ ദേശീയസ്വാതന്ത്ര്യസമരത്തെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലൂടെ സഹായിക്കുവാന്‍ അനേകം സംഘടനകളും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നു. ഖാദി, സ്വദേശി, മദ്യവര്‍ജനം, 'ഹരിജനോദ്ധാരണം' എന്നീ മേഖലകളില്‍ നിസ്തുലമായ സേവനമാണ് അവയുടെ സംഘാടകര്‍ അനുഷ്ഠിച്ചിരുന്നത്. യുവജനവിദ്യാര്‍ഥി സംഘടനകള്‍, ബാലഭാരതസംഘം, ദേശീയമഹിളാസമിതി, സ്വദേശിസമിതി, ബൈ ഇന്ത്യന്‍ ലീഗ് എന്നീ സംഘടനകളുടെ ഈ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു. ചില സാഹിത്യകാരന്മാര്‍ അവരുടെ സര്‍ഗപ്രതിഭ സ്വാതന്ത്ര്യസമരത്തിനായി സമര്‍പ്പിച്ചു.
മഞ്ചേരി രാമയ്യര്‍, കെ. പി. കേശവമേനോന്‍, കെ. കേളപ്പന്‍, മൊയാരത്തു ശങ്കരന്‍, മൊയ്തു മൗലവി, വിഷ്ണുഭാരതീയന്‍, കെ. എ. കേരളീയന്‍, പി. കൃഷ്ണപിള്ള, എ. കെ. ഗോപാലന്‍, ഇ. എം. എസ്. നമ്പൂതിരിപ്പാട്, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി. ആര്‍. കൃഷ്ണസ്വാമി അയ്യര്‍ തുടങ്ങി അനേകം നേതാക്കള്‍ മലബാറിലെ ദേശീയ പ്രസ്ഥാനത്തിനും രാഷ്ട്രീയ വളര്‍ച്ചയ്ക്കും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ദേശീയധാരയുമായി നേരിട്ടു ബന്ധപ്പെടുവാന്‍ അവസരം ലഭിച്ചതും മലബാറിനു മാത്രമായിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനുശേഷവും ഭരണപരമായി മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തുടര്‍ന്നു. എന്നാല്‍ 1956-ല്‍ സംസ്ഥാനപുനസ്സംഘടന പ്രകാരം നിലവില്‍വന്ന ഐക്യകേരളത്തില്‍ മലബാറും ഉള്‍പ്പെട്ടു. അങ്ങനെ മദ്രാസുമായുണ്ടായിരുന്ന മലബാറിന്റെ രാഷ്ട്രീയബന്ധം അവസാനിച്ചു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം
ഉത്തരവാദഭരണത്തിന് ഉറപ്പുനല്‍കിയ തിരുവിതാംകൂര്‍ രാജാവ് അധികാരം ജനപ്രതിനിധികള്‍ക്കു കൈമാറുവാനും നടപടികളാരംഭിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വവും ഗവണ്‍മെന്റും തമ്മില്‍ നടന്ന കൂടിയാലോചനകളുടെ ഫലമായി ഒരു പതിനഞ്ചംഗ ഭരണപരിഷ്കാരക്കമ്മിറ്റി രൂപവത്കരിക്കപ്പെട്ടു. പ്രായപൂര്‍ത്തി വോട്ടവകാശം, ന്യൂനപക്ഷ താത്പര്യസംരക്ഷണത്തിനായി ബഹ്വംഗ നിയോജകമണ്ഡലത്തില്‍ അവര്‍ക്കു സംവരണം, പ്ലൂറല്‍ വോട്ടിങ്സമ്പ്രദായം-ഇവയായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ. ഗവണ്‍മെന്റ് ഇതംഗീകരിക്കുകയും രാജ്യത്തെ, പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തിലുള്ള പ്രഥമ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയും ചെയ്തു.
ഉത്തരവാദ ഭരണം തിരുവിതാംകൂറില്‍
ഭരണഘടനാ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 120-ല്‍ 96 സ്ഥാനങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനുമായി ലഭിച്ചു. ഭരണഘടനാസമിതിയെ നിയമസഭയായിക്കൂടി അംഗീകരിച്ചുകൊണ്ടു രാജാവിന്റെ ഉത്തരവുണ്ടായി. 1948 മാ. 24-ന് കൊട്ടാരം, രാജകുടുംബം, ദേവസ്വം എന്നിവ മാത്രം വേര്‍തിരിച്ചുനിര്‍ത്തുകയും മറ്റെല്ലാവകുപ്പുകളും ജനകീയ ഗവണ്‍മെന്റിനു വിട്ടുകൊടുക്കുകയും ചെയ്തു. അന്നുതന്നെ പട്ടംതാണുപിള്ള പ്രധാനമന്ത്രിയായും സി. കേശവനും ടി.എം. വര്‍ഗീസും സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1948 ജൂല. 13-ന് ജി. രാമചന്ദ്രന്‍, എ. അച്യുതന്‍, കെ.എം. കോര, പി.എസ്. നടരാജപിള്ള എന്നിവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ വികസിപ്പിക്കുകയുണ്ടായി. എന്നാല്‍ പട്ടംതാണുപിള്ളയുടെ പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തരായ കോണ്‍ഗ്രസ്സുകാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. 1948 ഒ. 10-ന് ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ 64 അംഗങ്ങള്‍ അദ്ദേഹത്തിന്റെ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള കത്തു നല്‍കിയതോടെ താണുപിള്ള പ്രധാനമന്ത്രിപദം രാജിവച്ചു. പിന്നീടദ്ദേഹം കോണ്‍ഗ്രസ് വിടുകയും പി.എസ്.പി. യുടെ നേതാവായിത്തീരുകയും ചെയ്തു.
തുടര്‍ന്ന് 1948 ഒ. 22-ന് ടി. കെ. നാരായണപിള്ളയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. കെ.ആര്‍. ഇലങ്കത്ത്, എന്‍. കുഞ്ഞുരാമന്‍, എ.ജെ. ജോണ്‍, കെ. മാധവന്‍, വി.ഒ. മാര്‍ക്കോസ് എന്നിവരായിരുന്നു മന്ത്രിമാര്‍. താമസിയാതെതന്നെ ഇ. ജോണ്‍ ഫിലിപ്പോസും മിസ് ആനി മസ്ക്രീനും മന്ത്രിസഭയില്‍ ചേര്‍ന്നു.
1949-ല്‍ തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു-കൊച്ചി സംസ്ഥാനം നിലവില്‍വന്നു. തിരുവിതാംകൂര്‍ രാജാവ് പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. തുടര്‍ന്ന് ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തില്‍ത്തന്നെ പുതിയൊരു മന്ത്രിസഭ അധികാരമേറ്റു. എ.കെ. ജോണ്‍, ഇ. ജോണ്‍ഫിലിപ്പോസ്, എന്‍. കുഞ്ഞുരാമന്‍, മിസ് ആനി മസ്ക്രീന്‍ എന്നിവര്‍ തിരുവിതാംകൂറിനെയും ഇക്കണ്ടവാരിയര്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. അയ്യപ്പന്‍ എന്നിവര്‍ കൊച്ചിയെയും പ്രതിനിധീകരിച്ചു മന്ത്രിമാരായി. അല്പകാലത്തിനുളളില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാനായി കോണ്‍ഗ്രസ്സുകാരനായിരുന്ന ടി.ഒ. അബ്ദുള്ളയെക്കൂടി മന്ത്രിസഭയിലെടുത്തു.
തെലുങ്കാന സമരത്തിന്റെ മാര്‍ഗവും സ്വാധീനതയും ഇക്കാലത്ത് തിരു-കൊച്ചിയില്‍ അങ്ങിങ്ങു ദൃശ്യമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഏതാനും പൊലീസുകാര്‍ രാത്രിയില്‍ വധിക്കപ്പെട്ടു. മാവേലിക്കരയില്‍ വള്ളിക്കുന്നത്ത് ഒരു പൊലീസ് ഇന്‍സ്പെക്ടറെ കമ്യൂണിസ്റ്റുകള്‍ പകല്‍സമയം വകവരുത്തി. തുടര്‍ന്ന് സംസ്ഥാനത്ത് കമ്യൂണിസ്റ്റ്പാര്‍ട്ടി നിരോധിക്കപ്പെട്ടു.
ഇക്കാലത്ത് മന്നത്തു പദ്മനാഭനും ആര്‍. ശങ്കറും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളായി. ഹിന്ദു-ക്രൈസ്തവ ബന്ധങ്ങള്‍ക്കു വളരെയേറെ ഉലച്ചില്‍ തട്ടിയ കാലമായിരുന്നു ഇത്. അവര്‍ 'ഹിന്ദുമണ്ഡലം' രൂപവത്കരിക്കുകയും ഹിന്ദുക്കളുടെ താത്പര്യസംരക്ഷണത്തിനായുള്ള പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ക്രൈസ്തവരും ഹിന്ദുവിരുദ്ധ പ്രചാരണത്തില്‍ മുഴുകി. മന്നവും ശങ്കറും ചേര്‍ന്ന് 'ഡെമോക്രാറ്റിക് കോണ്‍ഗ്രസ്' എന്ന ഒരു പുതിയ പാര്‍ട്ടിക്കു രൂപം നല്‍കി.
കെ. അയ്യപ്പന്‍ പ്രത്യേക കാരണങ്ങളൊന്നും പറയാതെ തന്നെ ടി.കെ. മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. തുടര്‍ന്ന് മന്ത്രിസഭാ പുനഃസംഘടന സുഗമമാക്കുവാന്‍ വേണ്ടി എല്ലാ മന്ത്രിമാരും രാജിക്കത്തു മുഖ്യമന്ത്രിക്കു നല്‍കി. പുനഃസംഘടിപ്പിക്കപ്പെട്ട മന്ത്രിസഭയില്‍ ഇക്കണ്ടവാര്യര്‍, ടി.ഒ. അബ്ദുള്ള, ആനി മസ്ക്രീന്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. മസ്ക്രീന്‍ അധികം താമസിയാതെ തന്നെ മന്ത്രി ജോണ്‍ ഫിലിപ്പോസിനെതിരായി അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു. ഈ ആരോപണത്തെ മുഖവിലയ്ക്കെടുത്തുകൊണ്ട് പനമ്പിള്ളി ഗോവിന്ദമേനോന്‍ ഫിലിപ്പോസിന്റെ രാജിക്കുവേണ്ടി നിലകൊണ്ടു. ഫിലിപ്പോസ് നിര്‍ദോഷിയെന്നു നിശ്ചയമുണ്ടായിരുന്ന ടി.കെ. പനമ്പിള്ളിയുടെ സമ്മര്‍ദത്തിനു വഴങ്ങുന്നതിനുപകരം തന്റെ മന്ത്രിസഭയുടെ രാജിസമര്‍പ്പിക്കുകയാണുണ്ടായത്. ഫിലിപ്പോസാകട്ടെ മസ്ക്രീനെതിരായി കേസ് ഫയല്‍ ചെയ്യുകയും മദ്രാസ് ഹൈക്കോടതി വരെ എത്തിയ ഈ കേസില്‍ അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
1951 ഫെ. 24-ന് സി. കേശവന്റെ നേതൃത്വത്തില്‍ പുതിയൊരു മന്ത്രിസഭ അധികാരമേറ്റു. ടി.കെ. നാരായണപിള്ളയും എ.ജെ. ജോണും ഈ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. എന്നാല്‍ പനമ്പിള്ളി ഗോവിന്ദമേനോനെ മന്ത്രിയാക്കണമെന്നുള്ള കൊച്ചിയില്‍ നിന്നുള്ള നിയമസഭാംഗങ്ങളുടെ സമ്മര്‍ദം മുഖ്യമന്ത്രി നിരാകരിച്ചു. പിന്നീട് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉപദേശപ്രകാരം ടി.കെ. നാരായണപിള്ളയെയും എ.ജെ. ജോണിനെയും മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. കൊച്ചിയില്‍ നിന്ന് പി.കെ. കുട്ടിക്കൃഷ്ണമേനോന്‍, എല്‍.എം. പൈലി എന്നിവരെയും തിരുവിതാംകൂറില്‍ നിന്ന് കെ.എം. കോര, ജി. ചന്ദ്രശേഖരപിള്ള എന്നിവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.
തെരഞ്ഞെടുപ്പുകള്‍
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനുശേഷമുള്ള പ്രഥമ തിരഞ്ഞെടുപ്പുകാലത്ത് കേശവന്‍ മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നിരുന്നു. 1951 ഡിസംബര്‍ മുതല്‍ 1952 മാര്‍ച്ച് വരെ തിരു-കൊച്ചിയിലെ തിരഞ്ഞെടുപ്പ് നീണ്ടുനിന്നു. കോണ്‍ഗ്രസ്സിനെതിരായി കമ്യൂണിസ്റ്റ് പാര്‍ട്ടി, ആര്‍.എസ്.പി., കെ.എസ്.പി., പി.എസ്.പി. എന്നീ രാഷ്ട്രീയ കക്ഷികള്‍ ഒരു ഐക്യമുന്നണിയുണ്ടാക്കി. കോണ്‍ഗ്രസ്സും ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സും പരസ്പരം ലയിച്ചുകൊണ്ട് ഐക്യമുന്നണിയെ നേരിട്ടു. 108 അംഗങ്ങളുണ്ടായിരുന്ന നിയമസഭയില്‍ കോണ്‍ഗ്രസ് 46 സ്ഥാനങ്ങള്‍ നേടി. തമിഴ്നാട് കോണ്‍ഗ്രസ് ഐക്യമുന്നണിയോടു ചേര്‍ന്നുകൊണ്ട് എട്ടു സ്ഥാനങ്ങള്‍ നേടി. എ.ജെ. ജോണിന്റെ മന്ത്രിസഭയില്‍ ടി. എം. വര്‍ഗീസ്, പനമ്പിള്ളി ഗോവിന്ദമേനോന്‍, വി. മാധവന്‍, കളത്തില്‍ വേലായുധന്‍ നായര്‍, കൊച്ചുകുട്ടന്‍, ചിദംബരനാഥ നാടാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. 18 മാസങ്ങള്‍ക്കുശേഷം തമിഴ്നാട് കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു; തുടര്‍ന്ന് എ. ജെ. ജോണ്‍ നിയമസഭയില്‍ ഒരു വിശ്വാസപ്രമേയം അവതരിപ്പിച്ചു. പ്രമേയം പരാജയപ്പെടുകയും 1953 സെപ്. 23-ന് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പുവരെ 'കെയര്‍ ടേക്കര്‍' ഗവണ്‍മെന്റായി തുടരുവാന്‍ ജോണ്‍ മന്ത്രിസഭ അനുവദിക്കപ്പെട്ടു.
1954-ലെ തിരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാര്‍ട്ടി, പി. എസ്. പി. അടക്കമുള്ള ഇടതുപക്ഷപ്പാര്‍ട്ടികളുമായി ഐക്യമുണ്ടാക്കി കോണ്‍ഗ്രസ്സിനെ നേരിട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 27-ഉം പി. എസ്. പി.ക്ക് 19-ഉം സ്ഥാനങ്ങള്‍ ലഭിച്ചു. 120 അംഗങ്ങളുണ്ടായിരുന്ന നിയമസഭയില്‍ ഇടതുപക്ഷപ്പാര്‍ട്ടികള്‍ക്കു ഒരു ഗവണ്‍മെന്റ് രൂപവത്കരിക്കാന്‍ കഴിയുമായിരുന്നെങ്കിലും ധാരണയ്ക്കു വിരുദ്ധമായി പി. എസ്. പി. കോണ്‍ഗ്രസ്സുമായി സഖ്യത്തിലെത്തുകയും ആ പാര്‍ട്ടിയുടെ പിന്തുണയോടെ പട്ടംതാണുപിള്ള മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. പി. എസ്. നടരാജപിള്ള, എ. അച്യുതന്‍, പി. കെ. കുഞ്ഞ് എന്നിവരായിരുന്നു മന്ത്രിമാര്‍. 45 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായി പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു.
തിരു-കൊച്ചിയില്‍ ഇദംപ്രഥമമായി ഒരു ഭൂനിയമമുണ്ടാക്കിയത് ഈ പി.എസ്.പി. ഗവണ്‍മെന്റായിരുന്നു. പരിമിതികളേറെയുണ്ടായിരുന്നുവെങ്കിലും ഈ രംഗത്തു നടത്തിയ ആദ്യത്തെ ചുവടുവയ്പെന്ന നിലയില്‍ ഈ നിയമം പ്രാധാന്യമര്‍ഹിക്കുന്നു. പി.എസ്. നടരാജപിള്ളയായിരുന്നു ഇതിന്റെ ശില്പി. ആദ്യത്തെ രണ്ടു യു.പി. ക്ളാസ്സുകളില്‍ ഫീസ് ഇളവ് അനുവദിച്ചതും പി. എസ്.പി. ഗവണ്‍മെന്റായിരുന്നു.
ഇക്കാലത്ത് തമിഴ്നാട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ തമിഴ്വിഭജനവാദം കൊടുമ്പിരികൊണ്ടിരുന്നു. തമിഴ് സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന തെക്കന്‍ തിരുവിതാംകൂറിലെ പ്രദേശങ്ങള്‍ തമിഴ്നാടിനോടു ചേര്‍ക്കണമെന്ന വാദവുമായി തുടങ്ങിയ ഈ പ്രക്ഷോഭണത്തിനു വര്‍ഷങ്ങളോളം പഴക്കമുണ്ട്. പ്രക്ഷോഭണം അക്രമത്തിലേക്കു കടക്കുകയും മാര്‍ത്താണ്ഡം, പുതുക്കട, തൊടുവെട്ടി എന്നീ സ്ഥലങ്ങളില്‍ പൊലീസ് വെടിവച്ചതിന്റെ ഫലമായി ഏതാനും പേര്‍ മരിക്കുകയും ചെയ്തു. ഈ വെടിവയ്പില്‍ പി. എസ്. പി. യുടെ അഖിലേന്ത്യാ നേതാവായിരുന്ന ഡോ. റാംമനോഹര്‍ ലോഹ്യ അത്യന്തം ക്ഷുഭിതനായി. താണുപിള്ളയുടെ രാജി അദ്ദേഹം ആവശ്യപ്പെട്ടു. ലോഹ്യയുടെ ഈ ആവശ്യം താണുപിള്ള നിരസിച്ചു. തുടര്‍ന്ന് ലോഹ്യ പി.എസ്.പി. വിടുകയും സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. തമിഴ്വിഭജനവാദത്തോട് പട്ടത്തിന് അനുഭാവമുണ്ടായിരുന്നില്ല.
കോണ്‍ഗ്രസ്-പി.എസ്.പി. ബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരുന്നു. 1954 ഡി. 12-നു കോണ്‍ഗ്രസ് പി.എസ്.പി. മന്ത്രിസഭയ്ക്കു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നിയമസഭയില്‍ അവിശ്വാസപ്രമേയം പാസായതോടെ പട്ടം താണുപിള്ള രാജിവച്ചു.
കോണ്‍ഗ്രസ്സും തമിഴ്നാട് കോണ്‍ഗ്രസ്സും വീണ്ടും ഒരു ധാരണയിലെത്തുകയും പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ 1955 ഫെ. 14-ന് ഒരു കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റെടുക്കുകയും ചെയ്തു. തമിഴ്നാട് കോണ്‍ഗ്രസ്സിന്റെയും പി.എസ്.പി. യില്‍നിന്നു കൂറുമാറിയ രണ്ടു നിയമസഭാംഗങ്ങളുടെയും പിന്തുണ പനമ്പിള്ളിക്കുണ്ടായിരുന്നു. കോണ്‍ഗ്രസ്സിലെ പനമ്പിള്ളിവിരോധികള്‍ അനന്തരകാലത്ത് അഖണ്ഡ കേരളവാദവുമായി മുന്നോട്ടുവരികയും ഇതിനായി ഒരു പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ മുതിരുകയും ചെയ്തു. പ്രമേയത്തെ എതിര്‍ക്കുവാന്‍ പനമ്പിള്ളിക്കു കഴിയുമായിരുന്നില്ല. എന്നാല്‍ പ്രമേയത്തെ തുറന്ന് പിന്തുണയ്ക്കുന്ന പക്ഷം ഗവണ്‍മെന്റിനുള്ള പിന്തുണ തമിഴ്നാട് കോണ്‍ഗ്രസ് പിന്‍വലിക്കുമായിരുന്നു. ഈ വിഷമസന്ധിയില്‍, ഇദ്ദേഹം പത്തുമാസത്തെ ഭരണത്തിനുശേഷം തന്റെ രാജി രാജപ്രമുഖനു സമര്‍പ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് സംസ്ഥാനത്ത് പ്രസിഡന്റുഭരണം ഏര്‍പ്പെടുത്തുകയും പി. എസ്. റാവു രാജപ്രമുഖന്റെ ഉപദേഷ്ടാവായി അധികാരമേല്ക്കുകയും ചെയ്തു.
ഐക്യകേരള പ്രസ്ഥാനം
ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലാണ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്നിരുന്ന കേരളത്തിന്റെ ഏകീകരണത്തെപ്പറ്റി മലയാളികള്‍ ഗൗരവമായി ചിന്തിച്ചുതുടങ്ങുന്നത്. ബ്രിട്ടീഷ് ആധിപത്യകാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്ന മലബാറില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ നേരിട്ടുള്ള ഭരണമായിരുന്നു നിലനിന്നിരുന്നത്; കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍ ബ്രിട്ടന്റെ പരോക്ഷനിയന്ത്രണത്തിലുള്ള രാജവാഴ്ചയും. ദേശീയ പ്രസ്ഥാനം സൃഷ്ടിച്ച രാഷ്ട്രീയ അവബോധവും 20-ാം ശതകത്തിന്റെ ആരംഭത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന ചരിത്രയാഥാര്‍ഥ്യങ്ങളുമാണ് കേരളത്തിന്റെ ഏകീകരണത്തിന് വഴിതെളിച്ച പ്രധാന ഘടകങ്ങള്‍.
1920-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നാഗ്പൂര്‍ സമ്മേളനം ഭാഷാ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ വ്യത്യസ്ത ഭരണസീമയില്‍ നിന്നിരുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. 1921-ല്‍ ഒറ്റപ്പാലത്ത് വച്ചുനടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1928-ലെ പ്രിന്‍സിലി സ്റ്റേറ്റ് പീപ്പിള്‍സ് കോണ്‍ഫറന്‍സും ആള്‍ കേരള കുടിയാന്‍ കോണ്‍ഫറന്‍സും 'ഐക്യകേരളം' ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക പ്രമേയങ്ങള്‍ പാസാക്കുകയുണ്ടായി.
1928-ല്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പയ്യന്നൂര്‍ സമ്മേളനം ഒരു പ്രമേയത്തിലൂടെ കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തോട് കേരളത്തെ ഒരു പ്രത്യേക സ്റ്റേറ്റായി പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ വിഷയം 1938-ല്‍ വാര്‍ധയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലും 1939-ലെ ബോംബെ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടു.
1930-കളിലെ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും കേരളത്തെ ഏകഘടകമായി കണ്ടുകൊണ്ടായിരുന്നു. മലബാറിലെ ജനങ്ങള്‍, കൊച്ചിയിലും തിരുവിതാംകൂറിലും നടന്ന ഉത്തരവാദ ഭരണപ്രക്ഷോഭങ്ങളെ പിന്തുണച്ചതും ശ്രദ്ധേയമായിരുന്നു. 1924-ലെ വൈക്കം സത്യഗ്രഹത്തിലും 1931-32 ലെ ഗുരുവായൂര്‍ സത്യഗ്രഹത്തിലും കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ജനങ്ങള്‍ പങ്കെടുക്കുകയുണ്ടായി. 1937-ലെ അഖിലകേരള വിദ്യാര്‍ഥി സമ്മേളനവും 1935-ലെ അഖിലകേരള ട്രേഡ് യൂണിയന്‍ സമ്മേളനവും കേരള സംസ്ഥാന രൂപീകരണ മുന്നേറ്റത്തെ ശക്തിപ്പെടുത്തി. ഇതേ കാലഘട്ടത്തിലാണ് കേരളത്തോട് കാസര്‍കോട് കൂട്ടിച്ചേര്‍ക്കുന്നതിനുവേണ്ടിയുള്ള ആവശ്യവും ശക്തിപ്പെടുന്നത്.
1945-ല്‍ ചേര്‍ന്ന കെ.പി.സി.സി. കൊച്ചിന്‍ സ്റ്റേറ്റ് പീപ്പിള്‍സ് കോണ്‍ഗ്രസ്, ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിവയുടെ സംയുക്തയോഗം കേരളം എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുകയും കേരള സംസ്ഥാനത്തിന്റെ രൂപീകരണാര്‍ഥം പ്രവര്‍ത്തിക്കാന്‍ ഒരു പ്രത്യേകകമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 1946-ല്‍ ചെറുതുരുത്തിയില്‍ യോഗം ചേര്‍ന്ന പ്രസ്തുത കമ്മിറ്റി കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 1947 ഏപ്രിലില്‍ തൃശൂരില്‍ ഐക്യകേരള കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കെ. കേളപ്പന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് കൊച്ചി രാജാവായിരുന്നു. തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് അധീനതയിലുള്ള മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും മാഹിയും സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരളം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച കണ്‍വെന്‍ഷന്‍ സംസ്ഥാന രൂപീകരണ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
1948 ഫെബ്രുവരിയില്‍ കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള പെറ്റിഷന്‍ കമ്മിറ്റി കേരള സംസ്ഥാന രൂപീകരണം സംബന്ധിച്ച നിവേദനം പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന് സമര്‍പ്പിച്ചു. ഇതിനെത്തുടര്‍ന്ന് ഭരണഘടനാനിര്‍മാണ സഭ സംസ്ഥാന രൂപീകരണത്തെ സംബന്ധിച്ചു പഠിക്കാന്‍ ഒരു കമ്മിഷനെ (ധാര്‍കമ്മിറ്റി) നിയമിച്ചു. 1948-ല്‍ കമ്മിഷന്‍ കേരളം സന്ദര്‍ശിക്കുകയും സംസ്ഥാന രൂപീകരണത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുകയും ചെയ്തു. 1949 ഫെബ്രുവരിയില്‍ ആലുവയില്‍ വച്ചുനടന്ന ഐക്യകേരള കോണ്‍ഫറന്‍സ് വീണ്ടും താമസംവിനാ കേരള സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ സമയം നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും ഇന്ത്യന്‍ യൂണിയനില്‍ ചേരുകയും ഉത്തരവാദ ഗവണ്‍മെന്റുകള്‍ രൂപീകരിക്കുകയും ചെയ്യുകയുണ്ടായി. ഇതോടൊപ്പം തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നു. 1949 ഏപ്രിലില്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനം കേന്ദ്രഗവണ്‍മെന്റ് അംഗീകരിക്കുകയും ജൂലായില്‍ തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വരികയും ചെയ്തു. തിരുവനന്തപുരം തിരു-കൊച്ചിയുടെ തലസ്ഥാനമായി നിലകൊണ്ടു. തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയായ ടി.കെ. നാരായണപിള്ള തിരു-കൊച്ചിയുടെ പ്രഥമ പ്രധാനമന്ത്രിയായി. 1950-ല്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി എന്ന പേര് മുഖ്യമന്ത്രി എന്നായി.
തിരു-കൊച്ചി സംസ്ഥാനം യാഥാര്‍ഥ്യമായതോടെ കേരള സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ധിച്ചു. 1949 നവംബറില്‍ പാലക്കാട് ചേര്‍ന്ന ഐക്യകേരള കോണ്‍ഫറന്‍സ് മലബാര്‍ ഭാവിയില്‍ രൂപീകരിക്കപ്പെടുന്ന കേരള സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് 1956-ലെ സംസ്ഥാനങ്ങളുടെ പുനഃസംഘടനാ ആക്റ്റ് പ്രകാരം മലബാര്‍ തിരു-കൊച്ചി സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കുകയും 1956 ന. 1-ന് കേരള സംസ്ഥാനം നിലവില്‍ വരികയും ചെയ്തു. സംസ്ഥാന രൂപീകരണാനന്തരം 1957 ഫെബ്രുവരിയില്‍ നടന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഐക്യകേരളം
1956 ന. 1-ന് ഐക്യകേരളം നിലവില്‍ വന്നു. സംസ്ഥാന പുനഃസംഘടനാക്കമ്മിഷന്റെ ശിപാര്‍ശ പ്രകാരം പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവംകോട് താലൂക്കുകള്‍; ചെങ്കോട്ടയുടെ ഏതാനും ഭാഗങ്ങള്‍ എന്നിവ മദ്രാസ് സംസ്ഥാനത്തോടും മദ്രാസിന്റെ ഭാഗമായിരുന്ന മലബാര്‍ തിരു-കൊച്ചിയോടും ചേര്‍ക്കുകയാണുണ്ടായത്. അങ്ങനെ തമിഴ്നാട് കോണ്‍ഗ്രസ്സിന്റെ (ടി. ടി. എന്‍. സി) ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു.
മന്ത്രിസഭകള്‍
ഇ.എം.എസ്. മന്ത്രിസഭയും വിമോചനസമരവും. 1957 ഏ. 5-ന് ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കേരളത്തില്‍ രൂപവത്കൃതമായി. 60 അംഗങ്ങളുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, കമ്യൂണിസ്റ്റ് സ്വതന്ത്രന്മാരായ അഞ്ച് അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെയാണ് ഭരിക്കുവാന്‍ വേണ്ട ഭൂരിപക്ഷമുണ്ടായത്. കേരളത്തില്‍ അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങള്‍ക്കു കാരണമായിത്തീര്‍ന്ന വിദ്യാഭ്യാസ നിയമവും കാര്‍ഷിക-ബന്ധനിയമവും പാസാക്കിയെടുക്കുവാന്‍ ഈ ഗവണ്‍മെന്റിനു കഴിഞ്ഞു. ജന്മിത്തം അവസാനിപ്പിക്കുവാനും കുടികിടപ്പുകാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുവാനും പര്യാപ്തമായ കാര്‍ഷിക-ബന്ധനിയമം ഒരു വിഭാഗത്തിന്റെ ഈര്‍ഷ്യയ്ക്കു കാരണമായി. കേരളത്തിലെ വിദ്യാഭ്യാസരംഗത്തു ഗണ്യമായ സ്വാധീനശക്തിയാര്‍ജിച്ച സ്വകാര്യ മാനേജ്മെന്റുകളും വിദ്യാഭ്യാസനിയമം പാസായതോടെ ഗവണ്‍മെന്റിനെതിരായി തിരിഞ്ഞു. ഈ വിഭാഗങ്ങള്‍ ചില സംഘടിതശക്തികളുമായിച്ചേര്‍ന്ന് ഗവണ്‍മെന്റിനെതിരായ സമരമാരംഭിച്ചു; 'വിമോചനസമരം' എന്ന് അവര്‍ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. 1959 മാ. 25-ന് ആരംഭിച്ച പ്രത്യക്ഷസമരം മാസങ്ങളോളം നീണ്ടുനിന്നു. 1957-ല്‍ ഭരണം ഏറ്റെടുത്ത ഈ മന്ത്രിസഭയെ ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശപ്രകാരം 1959 ജൂല. 31-ന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഡിസ്മിസ് ചെയ്തു.
കോണ്‍ഗ്രസ്-പി.എസ്.പി. മന്ത്രിസഭ. 1960-ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി കോണ്‍ഗ്രസ്-പി.എസ്.പി.- മുസ്ലിംലീഗ് മുന്നണി മത്സരിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 29 സ്ഥാനങ്ങള്‍ ലഭിച്ചു. തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിച്ചെങ്കിലും മന്ത്രിസഭയില്‍ പങ്കാളികളാകുവാന്‍ മുസ്ലിംലീഗിനെ കോണ്‍ഗ്രസ് അനുവദിച്ചില്ല. വര്‍ഗീയ കക്ഷിയായ ലീഗിനോടു ചേര്‍ന്നു ഭരിക്കുവാന്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനു കഴിയുമായിരുന്നില്ല. മുസ്ലിംലീഗിലെ സീതിസാഹിബ്ബിന് സ്പീക്കര്‍സ്ഥാനം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ്-പി.എസ്.പി. കക്ഷികള്‍ പി.എസ്.പി. നേതാവായ പട്ടംതാണുപിള്ളയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപവത്കരിച്ചു; കോണ്‍ഗ്രസ്സിലെ ആര്‍. ശങ്കര്‍ ആയിരുന്നു ഡെപ്യൂട്ടി മുഖ്യമന്ത്രി.
പി.എസ്.പി. യില്‍ പട്ടത്തിന്റെ നേതൃത്വത്തിനെതിരായി പ്രതിഷേധമുയര്‍ന്നു. ഏതാനും നേതാക്കള്‍ അച്ചടക്കനടപടിക്കു വിധേയരായി. സീതിസാഹിബ്ബിന്റെ മരണത്തെത്തുടര്‍ന്ന് സി.എച്ച്. മുഹമ്മദുകോയ സ്പീക്കറായെങ്കിലും ലീഗിനു ഭരണപങ്കാളിത്തം നല്‍കാത്ത കോണ്‍ഗ്രസ് നയത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചു.
കോണ്‍ഗ്രസ്-പി.എസ്.പി. ബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരുന്നു. മുഖ്യമന്ത്രിയായ പട്ടത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ കോണ്‍ഗ്രസ്സുകാര്‍ പൊതുവേ അസംതൃപ്തരായി. ഒരു രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാനായി അന്ന് കേന്ദ്ര-ആഭ്യന്തരമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി രഹസ്യമായ ഒരു നീക്കത്തിലൂടെ പട്ടത്തിനെ പഞ്ചാബ് ഗവര്‍ണറാക്കിയശേഷം കോണ്‍ഗ്രസ് നേതാവായ ആര്‍. ശങ്കറുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപവത്കരിക്കുവാന്‍ വേണ്ട പശ്ചാത്തലമൊരുക്കി. ഇതോടെ പി. എസ്. പി. ശിഥിലമായിത്തുടങ്ങി; ആ പാര്‍ട്ടി ഭരണത്തില്‍ നിന്നൊഴിഞ്ഞു നില്ക്കേണ്ട സ്ഥിതി സംജാതമായി.
ആര്‍. ശങ്കര്‍മന്ത്രിസഭാകാലത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി വിഭാഗവും കെ.പി.സി.സി. പ്രസിഡന്റായിരുന്ന സി. കെ. ഗോവിന്ദന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘടനാ വിഭാഗവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായി. മുഖ്യമന്ത്രിക്കും വ്യവസായമന്ത്രി കെ. എ. ദാമോദരമേനോനുമെതിരായി അഴിമതി ആരോപണങ്ങളുണ്ടായി. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ചശേഷം പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റു അവയെ നിസ്സാരമായി തള്ളിക്കളഞ്ഞു.
ഇക്കാലത്ത് തൃശൂര്‍ വച്ച് നടന്ന ഒരു അപകടത്തോട് അനുബന്ധിച്ചുണ്ടായ അപവാദത്തില്‍ അകപ്പെട്ട ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയ്ക്കെതിരായി പാര്‍ട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞു. ചാക്കോ രാജിവയ്ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു കോണ്‍ഗ്രസ് നിയമസഭാസാമാജികന്‍ നിയമസഭാകവാടത്തില്‍ സത്യഗ്രഹമാരംഭിച്ചു. ഗത്യന്തരമില്ലാതെ അദ്ദേഹം രാജി സമര്‍പ്പിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള ബന്ധങ്ങള്‍ അത്യന്തം ദുര്‍ബലമായതിനുശേഷമായിരുന്നു രാജി. പി.ടി. ചാക്കോയുടെ അനുയായികള്‍ അദ്ദേഹത്തിന്റെ രാജിയില്‍ അസന്തുഷ്ടരായി. തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസ്സിനും ശങ്കറിനുമെതിരായി തിരിഞ്ഞു. പതിനഞ്ചു കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കുവാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തെ എന്‍. എസ്.എസ്. നേതാവായ മന്നത്തു പദ്മനാഭന്‍ സ്വാഗതം ചെയ്തു. പി.എസ്.പി. ക്കാരനായ പി.കെ. കുഞ്ഞ് ശങ്കര്‍മന്ത്രിസഭയ്ക്കെതിരായി അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ കമ്യൂണിസ്റ്റുകാരോടൊപ്പം വിമതകോണ്‍ഗ്രസ്സുകാരും പിന്തുണച്ചു. ശങ്കര്‍ രാജി സമര്‍പ്പിച്ചു. ശങ്കറിന്റെ പതനത്തിനു വഴിതെളിച്ച വിമതകോണ്‍ഗ്രസ്സുകാര്‍ ഏതാനും ദിവസം 'കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേര് സ്വീകരിച്ചു. തുടര്‍ന്ന് ഇവര്‍ 'കേരളാ കോണ്‍ഗ്രസ്' എന്ന ഒരു പ്രാദേശിക പാര്‍ട്ടി രൂപവത്കരിച്ചു.
1962-ലെ ചൈനാ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിപ്പിനെ നേരിട്ടു. 1963-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്തുവന്ന ഏതാനും നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്)ക്കു രൂപം നല്‍കി. ചൈനാ പക്ഷപാതികളായി ചിത്രീകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.എം.) നേതാക്കളെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
1965-ല്‍ കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടു. ജയിലിലിരുന്നുകൊണ്ട് അനേകം സി.പി.എം. നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. സി.പി.എം. മുസ്ലിംലീഗുമായി ധാരണയിലെത്തിയാണ് മത്സരിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എങ്കിലും സി.പി.എം. 40 സ്ഥാനങ്ങള്‍ നേടി ഏറ്റവും പ്രമുഖ കക്ഷിയായിത്തീര്‍ന്നു. സി.പി.ഐ. ക്കു മൂന്നു സ്ഥാനങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടര്‍ന്ന് കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തപ്പെട്ടു.
കേരളത്തിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ കേന്ദ്രനേതാക്കള്‍ ശ്രമിച്ചു. കേരളാ കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ്സിലേക്കു തിരികെ കൊണ്ടുവരിക എന്നതായിരുന്നു തന്ത്രം. മന്നത്തു പദ്മനാഭന്‍ തന്റെ കോണ്‍ഗ്രസ് വിരോധം വിസ്മരിക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാനായി കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ കേരളാ കോണ്‍ഗ്രസ് അണികളോടാവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സിലേക്കു മടങ്ങി.
ആദ്യത്തെ ഐക്യമുന്നണിഭരണം. 1967-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചു. സി.പി.എം., സി.പി. ഐ., മുസ്ലിംലീഗ്, ആര്‍.എസ്.പി., എസ്.എസ്.പി., കെ.എസ്.പി., കെ.ടി.പി. എന്നീ കക്ഷികള്‍ ചേര്‍ന്നു രൂപവത്കരിച്ച സപ്ത കക്ഷിമുന്നണി കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി; ഒമ്പതു സ്ഥാനങ്ങള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തായി. കേരളാ കോണ്‍ഗ്രസ്സിന് അഞ്ചു സ്ഥാനങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് സപ്ത കക്ഷിമുന്നണിയുടെ നേതാവായി സി.പി.എമ്മിലെ ഇ.എം.എസ്. നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും പ്രമുഖ കക്ഷികളായ സി.പി.എം.-ഉം സി.പി.ഐ.-ഉം തമ്മിലുള്ള ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരുന്നു. ഇതിനിടയ്ക്കു ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകുമെന്നുള്ള ഒരു പ്രഖ്യാപനവും ഗവണ്‍മെന്റ് നടത്തി. പല മന്ത്രിമാരുടെ മേലും അഴിമതിയാരോപണങ്ങളുണ്ടായി. ഭരണത്തിന്റെ ഗുണനിലവാരത്തില്‍ കെ.പി.ആര്‍. ഗോപാലനെപ്പോലുള്ള സി.പി.എം. നേതാക്കള്‍ക്കുപോലും മതിപ്പുണ്ടായിരുന്നില്ല. ആര്‍.എസ്.പി. നേതാവായ എന്‍. ശ്രീകണ്ഠന്‍നായര്‍ മന്ത്രിമാര്‍ക്കെതിരായ അഴിമതിയാരോപണങ്ങളുടെ ഒരു പട്ടികതന്നെ ബഹുജനസമക്ഷം അവതരിപ്പിച്ചു. കൂട്ടുത്തരവാദിത്തം എന്ന ക്യാബിനറ്റ് സമ്പ്രദായത്തിലുള്ള ഭരണക്രമത്തിന്റെ മൌലികതത്ത്വംപോലും ഇക്കാലത്തു വിസ്മരിക്കപ്പെട്ടു. സി.പി. ഐ.ക്കാരനായ വ്യവസായമന്ത്രി ടി.വി. തോമസിന്റെ വ്യവസായ നയത്തെ സി.പി.എം. തുറന്നു വിമര്‍ശിച്ചു. വിവാദമുയര്‍ത്തിയ മലപ്പുറംജില്ലയുടെ രൂപവത്കരണം ഈ മന്ത്രിസഭയുടെ കാലത്തായിരുന്നു.
കച്ച് സമരത്തിന് അഖിലേന്ത്യാതലത്തില്‍ നേതൃത്വം നല്‍കിക്കൊണ്ടിരുന്ന സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്. എസ്. പി.) പ്രസ്തുത സമരത്തില്‍ പങ്കെടുക്കുവാനും കച്ചിലേക്കു മാര്‍ച്ചുചെയ്യുവാനുമായി മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുവാന്‍ പാര്‍ട്ടിയിലെ മന്ത്രിമാരോടു ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനമുപേക്ഷിക്കാന്‍ വിമുഖരായിരുന്ന പി.കെ. കുഞ്ഞും പി. ആര്‍. കുറുപ്പും കേന്ദ്ര നിര്‍ദേശം നിരാകരിച്ചുകൊണ്ട് മന്ത്രിമാരായി അധികാരത്തില്‍ തുടര്‍ന്നു. കേന്ദ്രനിര്‍ദേശം തിരസ്കരിച്ച സംസ്ഥാന എസ്. എസ്.പി. ക്കാര്‍ തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഐ. എസ്.പി.) രൂപവത്കരിച്ചു. എന്നാല്‍ അധികം താമസിയാതെ അഴിമതിയാരോപണത്തിനു വിധേയനായ പി.കെ. കുഞ്ഞിന്റെ മേല്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന നിഗമനത്തില്‍ മുഖ്യമന്ത്രി എത്തുകയും കുഞ്ഞിനോട് രാജിവയ്ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു; കുഞ്ഞ് രാജിവച്ചു പിരിഞ്ഞു.
കെ.എസ്.പി., കെ.ടി.പി. തുടങ്ങിയ ചെറിയ പാര്‍ട്ടികള്‍ സി. പി.എമ്മിനോട് അടുത്തബന്ധം പുലര്‍ത്തിയപ്പോള്‍ സി.പി.ഐ., ഐ.എസ്.പി., മുസ്ലിംലീഗ്, ആര്‍.എസ്.പി. എന്നീ കക്ഷികള്‍ കൂടുതല്‍ ധാരണയോടെ ഒന്നിച്ചു നീങ്ങുകയാണുണ്ടായത്. ആരോഗ്യമന്ത്രിയും കെ.ടി.പി. ക്കാരനുമായിരുന്ന ബി. വെല്ലിങ്ടനെതിരായി അഴിമതിയാരോപണങ്ങളുണ്ടായി. ഈ ആരോപണത്തെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഒരുക്കമായിരുന്നില്ല. ഈ നിലപാട് സി.പി.ഐ.യെയും മറ്റും പ്രകോപിപ്പിച്ചു. തുടര്‍ന്ന് സി.പി.ഐ.ക്കാരായ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ് എന്നീ മന്ത്രിമാര്‍ക്കെതിരായും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. ഈ ഘട്ടത്തില്‍ ഇവര്‍ക്കെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം വെല്ലിങ്ടനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുവാനും മുഖ്യമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ കെ.ആര്‍. ഗൗരി, എം.കെ. കൃഷ്ണന്‍, ഇ.കെ. ഇമ്പിച്ചിബാവ എന്നീ സി.പി.എം. മന്ത്രിമാര്‍ക്കും കെ.എസ്.പി. ക്കാരനായ മത്തായിമാഞ്ഞൂരാനുമെതിരായ അഴിമതിയാരോപണങ്ങള്‍കൂടി അന്വേഷണവിധേയമാക്കണമെന്നുള്ള സി.പി.ഐ. അംഗമായ ടി.എ. മജീദിന്റെ പ്രമേയം നിയമസഭയില്‍ പാസായതോടെ മുഖ്യമന്ത്രി രാജി സമര്‍പ്പിച്ചു.
നക്സല്‍ബാരി പ്രസ്ഥാനം. 1967-ല്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് അത്യന്തം തീവ്രവാദപരമായ ഒരു പ്രസ്ഥാനം രൂപപ്പെട്ടുവന്നു. 'നക്സല്‍ബാരി പ്രസ്ഥാനം' എന്ന് പില്ക്കാലത്ത് വിവക്ഷിക്കപ്പെട്ട ഇതിന്റെ ആദ്യസ്ഫുരണങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ബിഹാര്‍-ബംഗാള്‍ അതിര്‍ത്തിപ്രദേശമായ നക്സല്‍ബാരിയിലായിരുന്നു. ചൂഷകരും ജാതിഹിന്ദുക്കളുമായ ജന്മിമാര്‍ക്കെതിരായി, സായുധവും രക്തരൂഷിതവും ആയ ഒരു സമരമുറയാണ് നക്സല്‍ബാരിയില്‍ രൂപംകൊണ്ടത്. ചാരു മജുംദാരെപ്പോലുള്ള, ഇതിന്റെ ആദ്യകാലനേതാക്കള്‍ മുഴുവന്‍ അതിനുമുമ്പുവരെ സി.പി.എം.കാരായിരുന്നു. സി.പി.ഐ.യെപ്പോലെ സി.പി.എം.-ഉം പാര്‍ലമെന്ററി വ്യാമോഹത്തിലേക്കു മടങ്ങിയെന്നും സി.പി.എം. വിപ്ളവത്തെ ഒറ്റുകൊടുത്തെന്നും ആരോപിച്ചുകൊണ്ട്, 'ഉന്മൂലനം' മാര്‍ഗമാക്കി ജന്മിത്വത്തിനെതിരായ സമരമുറകളാണവര്‍ക്കുണ്ടായിരുന്നത്. ഇതിന്റെ അലകള്‍ ആന്ധ്ര, ഒഡിഷ, കേരളം എന്നീ സംസ്ഥാനങ്ങളിലുമുണ്ടായി. കേരളത്തില്‍ ഇതിനു നേതൃത്വം നല്‍കിയിരുന്നത് കുന്നിക്കല്‍ നാരായണന്‍, കെ.പി. നാരായണന്‍, മന്ദാകിനി നാരായണന്‍, അജിത തുടങ്ങിയവരായിരുന്നു. പൊലീസിനെ ഇവര്‍ മര്‍ദകരുടെ ഉപകരണമായി ചിത്രീകരിച്ചു. വയനാടന്‍ പ്രദേശത്തെ ആദിവാസികളുടെയും മറ്റും പിന്തുണ നേടാന്‍ ഇവര്‍ക്കു കഴിഞ്ഞു. തലശ്ശേരി, പുല്‍പ്പള്ളി, കുറ്റ്യാടി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് ആയുധങ്ങള്‍ കൈയടക്കുവാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ ഏതാനും പൊലീസുകാര്‍ വധിക്കപ്പെട്ടു. എന്നാല്‍ ഈ കലാപം വളരെ വേഗത്തില്‍ ഗവണ്‍മെന്റ് അടിച്ചമര്‍ത്തി. എങ്കിലും യുവാക്കള്‍ക്കിടയില്‍ ഏറെക്കുറെ സ്വാധീനത ചെലുത്തുവാന്‍ കഴിഞ്ഞ ഈ പ്രസ്ഥാനം പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) അഥവാ 'സി.പി.ഐ.എം.എല്‍.' എന്ന പേരില്‍ തുടര്‍ന്നും ഉന്മൂലനത്തിന്റെ മാര്‍ഗം സ്വീകരിക്കുകയും നഗരൂര്‍, കുമ്മിള്‍, ആലപ്പുഴ, കുമ്പളം തുടങ്ങി ചില സ്ഥലങ്ങളിലും കൊലയും അക്രമവും ആവര്‍ത്തിക്കുകയും ചെയ്തു.
1969 ന. 1-ന് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ അധികാരമേറ്റു. സി.പി.ഐ., മുസ്ലിംലീഗ്, ആര്‍.എസ്. പി., ഐ.എസ്.പി., കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ഈ ഐക്യമുന്നണി മന്ത്രിസഭയിലുണ്ടായിരുന്നത്. എന്നാല്‍ ഘടകകക്ഷിയായ ഐ.എസ്.പി.യിലെ മത്സരവും പിളര്‍പ്പും മന്ത്രിസഭയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ശിപാര്‍ശപ്രകാരം 1970 ജൂണ്‍ 26-ന് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു.
കോണ്‍ഗ്രസ്-സി.പി.ഐ. മുന്നണിയും അച്യുതമേനോന്‍ മന്ത്രിസഭയും. 1970-ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ., മുസ്ലിംലീഗ്, ആര്‍.എസ്.പി., പി.എസ്.പി. എന്നീ കക്ഷികളും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഭരിക്കുവാനാവശ്യമായ ഭൂരിപക്ഷം നേടി. കേരളാ കോണ്‍ഗ്രസ്, 1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെത്തുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസ് എന്നറിയപ്പെട്ട ഗ്രൂപ്പുമായിട്ടാണ് സഖ്യമുണ്ടാക്കിയിരുന്നത്. സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് ആദ്യകാലത്ത് വിട്ടുനിന്നെങ്കിലും പിന്നീട് അവരും മന്ത്രിസഭയില്‍ ചേര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച ആര്‍.എസ്.പി. യുടെ കേന്ദ്രനേതൃത്വം തങ്ങളുടെ മന്ത്രിമാരോടു രാജിവയ്ക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനൊരുക്കമായിരുന്നില്ല. ആര്‍. എസ്.പി. മന്ത്രിമാരായ ടി.കെ. ദിവാകരനും ബേബിജോണും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ ധിക്കരിച്ച് അധികാരത്തില്‍ തുടര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വത്തോട് കൂറുപുലര്‍ത്തിയ 'നാഷണല്‍ ആര്‍.എസ്.പി.' രൂപമെടുത്തത്. ആര്‍. എം. പരമേശ്വരനായിരുന്നു ഇതിന്റെ നേതാവ്.
സി. അച്യുതമേനോന്റെ ഭരണകാലത്ത് കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഭൂരഹിതര്‍ക്കു 10 സെന്റ് വീതം ഭൂമി സ്വന്തമായി ലഭിച്ചു. 1969-ലെ ഇ. എം. എസ്. ഗവണ്‍മെന്റ് പാസാക്കിയ ഈ നിയമം, തുടര്‍ന്നു വന്ന അച്യുതമേനോന്റെ കാലത്താണ് നടപ്പില്‍ വന്നത്. സ്വകാര്യകോളജുകളില്‍ ഫീസ് ഏകീകരണം, സ്വകാര്യകോളജധ്യാപകര്‍ക്കു നേരിട്ടു ശമ്പളം നല്‍കല്‍, അവരുടെ നിയമനത്തിന് നിയന്ത്രണങ്ങളും ചട്ടങ്ങളും രൂപവത്കരിക്കല്‍ എന്നീ കാര്യങ്ങളില്‍ ശക്തമായ ഒരു സമരത്തിനുശേഷം ഒത്തുതീര്‍പ്പുണ്ടായി. സ്വകാര്യ മാനേജ്മെന്റിനെ ഒരു പരിധിവരെ ചില നേട്ടങ്ങള്‍ക്കു വിധേയമാക്കുവാന്‍ സമരത്തിനും ഗവണ്‍മെന്റിനും കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ യുവ വിദ്യാര്‍ഥിസംഘടനകളാണ് പ്രധാനമായും സമരത്തിന്റെ മുന്നണിയില്‍ അവസാനംവരെ ഉറച്ചുനിന്നത്.
ഇക്കാലത്ത് 'മിച്ചഭൂമി സമരം' എന്നൊരു സംരംഭത്തിന് സി. പി. എം. നേതൃത്വം നല്‍കി. ജന്മിമാരുടെ കൈവശമിരുന്നതും മിച്ചഭൂമിയെന്നു പാര്‍ട്ടി കരുതിയിരുന്നതുമായ ഭൂമിയില്‍ കടന്നുകയറുകയും ചിലപ്പോള്‍ വിളവെടുക്കുകയുമായിരുന്നു സമരരീതി. എന്നാല്‍ ഗവണ്‍മെന്റ് ഈ സമരരീതിയോടു ശക്തമായി വിയോജിച്ചു.
ഉദ്യോഗ നിയമനത്തിലും മറ്റും സാമ്പത്തികാടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടതെന്ന ആവശ്യവുമായി നായര്‍ സമുദായത്തിന്റെ പേരില്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍. ഡി. പി.) എന്നൊരു പുതിയ സംഘടന 1974 ഫെബ്രുവരിയില്‍ രൂപംകൊണ്ടു. തുടര്‍ന്ന് ജാതിസംവരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈഴവരുടെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും പേരില്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും (എസ്. ആര്‍. പി) രൂപവത്കൃതമായി. ഈ രണ്ടു ഗ്രൂപ്പുകളും ഐക്യമുന്നണി രാഷ്ട്രീയത്തിലൂടെ പില്ക്കാലത്ത് അധികാരത്തിലേക്കുയര്‍ന്നു.
ഭരണപക്ഷത്തു ചേരുവാനുള്ള കേരളാ കോണ്‍ഗ്രസ് ശ്രമങ്ങള്‍ വിഫലമായതോടെ ആ പാര്‍ട്ടി സി. പി. എം. നേതൃത്വത്തിലുള്ള പ്രതിപക്ഷമുന്നണിയോടടുത്തു. കേരള കോണ്‍ഗ്രസ്സിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ചില നേതാക്കള്‍ 'ഒറിജിനല്‍ കേരളാ കോണ്‍ഗ്രസ്' എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നാല്‍ പില്ക്കാലത്ത് ഇത് കേരളാ കോണ്‍ഗ്രസ്സില്‍ത്തന്നെ ലയിക്കുകയുണ്ടായി.
1974-75 കാലത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിലെ കേരള ഘടകവും പിളര്‍പ്പിലേക്കു നീങ്ങി. വിമതവിഭാഗം പ്രതിപക്ഷത്തേക്കു നീങ്ങിയതോടെ അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ നില പരുങ്ങലിലായെങ്കിലും ഒറിജിനല്‍ കേരളാ കോണ്‍ഗ്രസ്സിന്റെയും മറ്റും പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ അച്യുതമേനോനു കഴിഞ്ഞു. വിമതലീഗ് പിന്നീട് അഖിലേന്ത്യാ മുസ്ലിംലീഗ് എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി.
അടിയന്തരാവസ്ഥ. ഇക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഗ്രസിച്ചിരുന്ന മൂല്യശോഷണത്തിനെതിരായി സര്‍വോദയ നേതാവായിരുന്ന ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെയും കോണ്‍ഗ്രസ്സിലെ ആദര്‍ശധീരരായ ചില യുവനേതാക്കളുടെയും പിന്തുണയോടുകൂടി ഒരു പ്രക്ഷോഭണം കൊടുമ്പിരിക്കൊള്ളുകയായിരുന്നു. സാമ്പത്തിക രാഷ്ട്രീയ- സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ 'സമ്പൂര്‍ണവിപ്ലവം' എന്ന ആശയം ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ബിഹാറില്‍ ആരംഭിച്ച ഈ പ്രക്ഷോഭണം പിന്നീട് അഖിലേന്ത്യാവ്യാപകമായി. തിരഞ്ഞെടുപ്പു ചെലവുകള്‍ നിയന്ത്രിക്കുവാനും തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ സ്വാധീനത ഇല്ലാതാക്കുവാനും വേണ്ട ഒരു മിനിമം പരിപാടി സ്വീകരിക്കുവാന്‍ അദ്ദേഹം രാഷ്ട്രീയപ്പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഇന്ത്യ മുഴുവന്‍ വമ്പിച്ച ജനാവലിയെ ആകര്‍ഷിച്ചുകൊണ്ട് അദ്ദേഹം തന്റെ വാദമുഖങ്ങള്‍ നിരത്തിവച്ചു. ജയപ്രകാശ് നാരായണന്റെ ഈ പുതിയ പ്രചാരണപരിപാടികളും പ്രവര്‍ത്തനങ്ങളും ഭരണനേതൃത്വത്തെ അസന്തുഷ്ടമാക്കി.
ഈ ഘട്ടത്തിലാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് സിന്‍ഹ, ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പിനെതിരായ ഒരു കേസില്‍ അവര്‍ക്കെതിരായ വിധി പ്രസ്താവിച്ചത്. ഇതിനെത്തുടര്‍ന്ന് 1975 ജൂണ്‍ 26-ന് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. കര്‍ശനമായ സെന്‍സറിങ് ഏര്‍പ്പെടുത്തി. ജയപ്രകാശും പ്രതിപക്ഷനേതാക്കളും അറസ്റ്റിലായി. കേരളത്തില്‍ സി. പി. ഐ. അടക്കമുള്ള ഭരണകക്ഷിയിലെ ഘടകപാര്‍ട്ടികള്‍ അടിയന്തരാവസ്ഥയെ സ്വാഗതം ചെയ്തു. അടിയന്തരാവസ്ഥ വരെ പ്രതിപക്ഷമുന്നണിയിലിരുന്ന കേരളാ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നെങ്കിലും കേന്ദ്രകോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് രണ്ടു ഗ്രൂപ്പുകളെയും ഒരുമിപ്പിച്ചു ഭരണപക്ഷത്താക്കി.
1977 മാര്‍ച്ചില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍നിന്നും ബഹിഷ്കരിക്കപ്പെട്ടു. ജയില്‍മോചിതനായ ജയപ്രകാശ് നാരായണന്‍ രൂപംകൊടുത്ത ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലേക്കുയര്‍ന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്ന ഐക്യമുന്നണിക്കു ഭൂരിപക്ഷം ലഭിച്ചു.
അഞ്ചാം കേരള നിയമസഭ. കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1977 മാ. 23-ന് ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റ് അധികാരത്തില്‍വന്നു. 140 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 38-ഉം സി.പി.ഐ. 23-ഉം കേരള കോണ്‍ഗ്രസ് 20 സീറ്റും കരസ്ഥമാക്കി. സി.പി.എമ്മിന് ലഭിച്ചത് 17 സീറ്റ്. ഐക്യമുന്നണിക്ക് 111 സീറ്റും 59.93 ശ.മാ. വോട്ടും കിട്ടി. എങ്കിലും അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍വച്ചു മരണമടഞ്ഞ രാജന്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഒരു ഹേബിയസ്കോര്‍പ്പസ് കേസിനോടനുബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ മാനിച്ച് 1977 ഏ. 25-ന് കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചു. തുടര്‍ന്ന് എ. കെ. ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റു.
തിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഴുവന്‍ ഉത്തരവാദിത്തവും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെമേല്‍ ചാരുവാനുളള വ്യഗ്രതയായിരുന്നു പൊതുവേ ദൃശ്യമായിരുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ചില നടപടികളോട് ജനങ്ങള്‍ ശക്തമായി പ്രതികരിക്കുകയാണുണ്ടായത്. 1978 ജൂണില്‍ ഇന്ദിരാഗാന്ധി ഒരു സമാന്തര എ.ഐ.സി.സി. ഡല്‍ഹിയില്‍ വിളിച്ചുകൂട്ടി. ഈ കണ്‍വെന്‍ഷന്‍ ഇന്ദിരാഗാന്ധിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അവര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസ് (ഐ) എന്നറിയപ്പെടാന്‍ തുടങ്ങി. കേരളത്തില്‍ കെ. കരുണാകരനും മറ്റും ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയോടായിരുന്നു കൂറുപുലര്‍ത്തിയത്. കരുണാകരനും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് (ഐ) വിഭാഗം കെട്ടിപ്പടുത്തു.
കോണ്‍ഗ്രസ്സിലെ പിളര്‍പ്പ്. ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തനായ സംസ്ഥാന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി കര്‍ണാടകത്തിലെ ചിക്കമംഗളൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച ഇന്ദിരാഗാന്ധിക്കു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 1978 ഒ. 28-ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. അടുത്ത ദിവസംതന്നെ സി.പി.ഐ. യിലെ പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിപദമേറ്റെടുത്തു.
1959-ലെ കാര്‍ഷിക-ബന്ധനിയമത്തിലും 1967-ലെ ഭൂപരിഷ്കരണനിയമത്തിലും ഇഷ്ടദാനത്തിനു വ്യവസ്ഥകളുണ്ടായിരുന്നു. 1974-ല്‍ ഈ വ്യവസ്ഥകളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതിയില്‍നിന്ന് ഇഷ്ടദാനത്തിനെതിരായ വിധിയുണ്ടാവുകയും ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ്സും ഇഷ്ടദാനത്തിനു വീണ്ടും നിയമപ്രാബല്യം നേടിയെടുക്കുന്ന കാര്യത്തില്‍ ഉറച്ചുനിന്നു. സി.പി.എം. ഈ നീക്കത്തെ എതിര്‍ത്തു. കോണ്‍ഗ്രസ് (ഐ) ഭരണപക്ഷത്തുനിന്നു പുറത്തുപോയതിനാല്‍ സി.പി.എമ്മിനെക്കൂടി ഭരണകക്ഷിയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള താത്പര്യം പ്രബലപ്പെട്ടിരുന്ന ഒരു ഘട്ടത്തിലാണ് ഇഷ്ടദാനത്തെപ്പറ്റിയുള്ള വിവാദമുണ്ടായത്. ഇഷ്ടദാനം പാസാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് എ.കെ. ആന്റണി വ്യക്തമാക്കി. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 1979 ഒ. 7-ന് പി.കെ. വാസുദേവന്‍നായര്‍ രാജി സമര്‍പ്പിച്ചു. ഒക്ടോബര്‍ 12-ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നേതാവായ സി.എച്ച്. മുഹമ്മദുകോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇഷ്ടദാന ബില്‍ കോയമന്ത്രിസഭയുടെ കാലത്തുതന്നെ പാസാക്കപ്പെട്ടു. എന്‍.ഡി.പി., പി.എസ്.പി എന്നീ ചെറിയ കക്ഷികളുടെ നേതാക്കള്‍മാത്രം കോയയുടെ മന്ത്രിസഭയില്‍ ചേര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ് (ഐ), കോണ്‍ഗ്രസ് (യു), കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ്സുകാര്‍, ജനതാപാര്‍ട്ടി എന്നിവ മന്ത്രിസഭയില്‍ ചേരാതെ കോയ ഗവണ്‍മെന്റിന് പിന്തുണ നല്‍കുകയാണുണ്ടായത്. കോണ്‍ഗ്രസ് (ഐ) യും കോണ്‍ഗ്രസ് (യു) വും തമ്മിലുള്ള കടുത്ത മത്സരം കോയമന്ത്രിസഭയുടെ നില ദുര്‍ബലമാക്കി. ഏതാണ്ട് നാല്പതുദിവസത്തെ ഭരണത്തിനുശേഷം നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോടഭ്യര്‍ഥിച്ചുകൊണ്ട് കോയ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ ജ്യോതിവെങ്കടചെല്ലം നിയമസഭ പിരിച്ചുവിട്ടു.
നായനാര്‍, കരുണാകരന്‍ മന്ത്രിസഭകള്‍. 1980-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം., സി.പി.ഐ. തുടങ്ങിയ കക്ഷികളുള്‍ക്കൊള്ളുന്ന 'ഇടതുജനാധിപത്യമുന്നണി' യില്‍ കോണ്‍ഗ്രസ് (യു) ചേര്‍ന്നു. ഈ മുന്നണി ഭൂരിപക്ഷം നേടുകയും സി.പി.എമ്മിലെ ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഒരു ഐക്യകക്ഷി ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും ചെയ്തു. ആര്‍.എസ്. പി., കേരളാ കോണ്‍ഗ്രസ് (എം), കേരളാകോണ്‍ഗ്രസ് (പിള്ളഗ്രൂപ്പ്) എന്നിവയായിരുന്നു ഇതര സഖ്യകക്ഷികള്‍. എന്നാല്‍ തുടക്കം മുതല്‍ തന്നെ സി.പി.എം.-കോണ്‍ഗ്രസ് (യു) ബന്ധങ്ങള്‍ ദുര്‍ബലമായിരുന്നു. ആര്‍.എസ്.പി.-സി.പി.എം. സംഘട്ടനങ്ങള്‍ കേരളത്തിന്റെ പല ഭാഗത്തും ദൃശ്യമായിരുന്നു. ഭരണകക്ഷികളിലൊന്നായ ആര്‍.എസ്.പി.യുടെ നേതാവ് എന്‍. ശ്രീകണ്ഠന്‍നായര്‍ ഗവണ്‍മെന്റിനെതിരായ തുറന്ന വിമര്‍ശനങ്ങള്‍ നടത്തി; ആര്‍.എസ്.പി. മന്ത്രിമാര്‍ രാജിവയ്ക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം തിരസ്കൃതമായതോടെ ആര്‍.എസ്.പി. പിളര്‍ന്നു. ഇതോടെ ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ആര്‍.എസ്.പി. (എസ്) എന്ന പേരില്‍ അറിയാന്‍ തുടങ്ങി.
1981 ഒ. 14, 15 തീയതികളില്‍ എ. കെ. ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇടതുജനാധിപത്യമുന്നണി വിടുവാന്‍ തീരുമാനിച്ചു. അധികം താമസിയാതെ കേരളാകോണ്‍ഗ്രസ് (എം)-ഉം, ഈ നില സ്വീകരിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട നായനാര്‍ രാജി സമര്‍പ്പിച്ചു. ആന്റണി നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിലെ ഒരു ന്യൂനവിഭാഗം തുടര്‍ന്നും ഇടതുമുന്നണിയില്‍ തുടരുവാന്‍ തീരുമാനിച്ചിരുന്നു. ഈ ഗ്രൂപ്പ് കോണ്‍ഗ്രസ് (എസ്) എന്നറിയപ്പെട്ടു. ഇക്കാലത്തിനിടയില്‍ അഖിലേന്ത്യാതലത്തില്‍ ദേവരാജ് അരശ് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി ശരത്പവാറിനെ തിരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് (യു) വിന്റെ തുടര്‍ച്ചയായിരുന്നു കോണ്‍ഗ്രസ് (എസ്). ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സും, കോണ്‍ഗ്രസ് (എ) എന്ന പേര് സ്വീകരിച്ചു.
നായനാര്‍ ഗവണ്‍മെന്റിന്റെ പതനത്തിനുശേഷം കോണ്‍ഗ്രസ് (ഐ) യും കോണ്‍ഗ്രസ് (എ) യും കൂടുതല്‍ അടുത്തുവര്‍ത്തിക്കുവാന്‍ തുടങ്ങി. ഈ രണ്ടു കോണ്‍ഗ്രസ് പാര്‍ട്ടികളും കേരളാ കോണ്‍ഗ്രസ്സും മറ്റും ചേര്‍ന്നുള്ള ഒരു പുതിയ മന്ത്രിസഭ കെ. കരുണാകരന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു (രാജന്‍ കേസിലെ അപ്പീലില്‍ കരുണാകരന്‍ നിര്‍ദോഷി എന്ന് വിധിക്കുകയുണ്ടായി). എന്നാല്‍ സ്പീക്കറുടെ കാസ്റ്റിങ് വോട്ടുകൊണ്ടു മാത്രമേ ഗവണ്‍മെന്റിനു നിലനില്ക്കാന്‍ കഴിയൂ എന്നതായിരുന്നു നില. ഈ ഘട്ടത്തില്‍ ഒരു കേരളാകോണ്‍ഗ്രസ് അംഗം പ്രതിപക്ഷത്തേക്കു പോവുകയും മന്ത്രിസഭാപതനത്തിനു വഴിയൊരുക്കുകയും ചെയ്തു. ഈ എം. എല്‍.എ. പിന്നീട് സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്ന ഒരു പുതിയ പാര്‍ട്ടി രൂപവത്കരിച്ചു.
കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രി. ഹ്രസ്വകാലത്തെ രാഷ്ട്രപതിഭരണത്തിനു ശേഷം വീണ്ടും കേരളം തിരഞ്ഞെടുപ്പിനെ നേരിട്ടു. കോണ്‍ഗ്രസ് (ഐ) നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണിയും സി. പി. എം. നേതൃത്വത്തിലുള്ള ഇടതുജനാധിപത്യമുന്നണിയും തമ്മിലായിരുന്നു മത്സരം. കോണ്‍ഗ്രസ് (ഐ)ക്കു പുറമേ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ്, എന്‍. ഡി. പി., എസ്. ആര്‍. പി., ആര്‍. എസ്. പി. (എസ്), ഡി. എല്‍. പി., ജനത (ജി), പി. എസ്. പി. എന്നീ കക്ഷികള്‍ ഐക്യജനാധിപത്യമുന്നണിയിലും സി. പി. എം., സി. പി. ഐ., ആര്‍. എസ്. പി., ജനത, അഖിലേന്ത്യാ മുസ്ലിംലീഗ് എന്നീ കക്ഷികള്‍ ഇടതുജനാധിപത്യമുന്നണിയിലും അണിനിരന്നു. തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി ഭൂരിപക്ഷം നേടുകയും 1982-മേയില്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും ചെയ്തു.
എന്‍.സി.പി., സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ജനതാപാര്‍ട്ടി (ഗോപാലന്‍) എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഏഴ് ഘടകകക്ഷികള്‍ ഈ മന്ത്രിസഭയുടെ ഭാഗമായിരുന്നു. 1982 ന. 20-ന് ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (എ) വിഭാഗം കോണ്‍ഗ്രസ് (ഐ)യില്‍ ലയിച്ചു. ഇ.കെ. നായനാരായിരുന്നു ഏഴാം നിയമസഭയുടെ പ്രതിപക്ഷനേതാവ്. കേന്ദ്രഗവണ്‍മെന്റിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള ഒരു പൊതുവേദിയില്‍ നടത്തിയ പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് പ്രസ്തുത വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ച് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവായപ്പോള്‍ 1985 ജൂണ്‍ 5-ന് ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. എന്നാല്‍ പ്രധാനമന്ത്രി നിയോഗിച്ച ഒരു സമിതിയുടെ റിപ്പോര്‍ട്ട് പിള്ളയ്ക്ക് അനുകൂലമായി വന്നതിനാല്‍ 1986 മേയ് 26-ന് ഇദ്ദേഹം വീണ്ടും മന്ത്രിയായി. ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നെങ്കിലും 1987 മാ. 25-ന് കരുണാകരന്‍ സര്‍ക്കാര്‍ തങ്ങളുടെ കാലാവധി പൂര്‍ത്തിയാക്കി. 1983-ലെ അഴിമതി നിരോധനബില്‍, 1984-ലെ ഗാന്ധിജി സര്‍വകലാശാലാ ബില്‍, 1986-ലെ കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലാ ബില്‍ ഉള്‍പ്പെടെ 118 ബില്ലുകള്‍ ഇക്കാലയളവില്‍ നിയമമായി. 1984 ഒ. 24-ന് ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് അതിക്രമം ഗവണ്‍മെന്റിന്റെ പ്രതിച്ഛായ തകര്‍ത്തു.
നായനാരുടെ പരീക്ഷണം. എട്ടാം നിയമസഭയ്ക്കായി 1987 മാ. 23-ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് 42-ഉം കോണ്‍ഗ്രസ്സിന് 33-ഉം സി.പി.ഐ.ക്ക് 17-ഉം മുസ്ലിം ലീഗിന് 15-ഉം കേരളാ കോണ്‍ഗ്രസിന് (ജോസഫ്) 5-ഉം കേരളാ കോണ്‍ഗ്രസ് (എസ്)ന് 6-ഉം ആര്‍.എസ്.പി.ക്ക് 1-ഉം കേരളാ കോണ്‍ഗ്രസ്സി(മാണി)ന് 4-ഉം ജനതാദളിന് 7-ഉം സ്വതന്ത്രര്‍ക്ക് 5-ഉം സീറ്റുകള്‍ ലഭിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി. പ്രാദേശിക-ജാതി-മത കക്ഷികളെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതുകൂടിയായി 1987-ലെ സര്‍ക്കാര്‍ രൂപീകരണം.
കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കാലഘട്ടം കൂടിയായിരുന്നു ഇത്. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ നായനാര്‍ മന്ത്രിസഭ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തി അധികാരത്തില്‍ തിരിച്ചുവരാമെന്നു കണക്കുകൂട്ടി രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയുണ്ടായി. എന്നാല്‍ രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടായ 'സഹതാപ' തരംഗത്തില്‍ ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ പാളിപ്പോയി. പ്രസ്തുത തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടുകയും അധികാരത്തിലെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 55, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് 30-ഉം കോണ്‍ഗ്രസ്സിന് (എസ്) 2-ഉം ആര്‍.എസ്.പി.ക്ക് 2-ഉം ജനതാദളിന് 3-ഉം, എന്‍.ഡി.പി.ക്ക് 2-ഉം സി.എം.പി.ക്ക് 1-ഉം കേരളാ കോണ്‍ഗ്രസ്സിലെ വിവിധ ഗ്രൂപ്പുകള്‍ക്ക് 12-ഉം സ്വതന്ത്രര്‍ക്ക് 2-ഉം സീറ്റുകള്‍ ലഭിച്ചു. കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1991 ജൂണ്‍ 24-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്ലിം ലീഗിനു പുറമേ കേരളാ കോണ്‍ഗ്രസ് (ജേക്കബ്, പിള്ള, മാണി) ഗ്രൂപ്പുകള്‍ക്കും എന്‍.ഡി.പി.ക്കും സി.എം.പി.ക്കും പ്രാതിനിധ്യം ലഭിച്ചു. നാലുവര്‍ഷത്തെ ഭരണത്തിനുശേഷം കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനവും തുടര്‍ന്ന് നിയമസഭാംഗത്വവും രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന്, 1995 മാ. 22 മുതല്‍ 96 മേയ് 9 വരെ എ.കെ. ആന്റണി മുഖ്യമന്ത്രിയായി മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കി. എ.കെ. ആന്റണിയുടെ ഭരണകാലത്താണ് സംസ്ഥാനത്ത് വനിതാ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടത്.
ജനകീയാസൂത്രണത്തിനു തുടക്കം. 1996 ഏ. 27-ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യമുന്നണി പരാജയപ്പെടുകയും 140-ല്‍ 80 സീറ്റുകള്‍ നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇടതുജനാധിപത്യമുന്നണിക്ക് നേതൃത്വം നല്‍കിയ സി.പി.ഐ.(എം.) നേതാവ് വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളം മണ്ഡലത്തില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് നിയമസഭാസാമാജികന്‍ അല്ലാതിരുന്ന ഇ.കെ. നായനാര്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും പിന്നീട് തൃക്കരിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു. സംസ്ഥാന രൂപീകരണത്തിനുശേഷം ഏറ്റവും കൂടുതല്‍ സ്ത്രീ സാമാജികര്‍ (13) തിരഞ്ഞെടുക്കപ്പെട്ടത് ഈ തിരഞ്ഞെടുപ്പിലാണ്. ജനകീയാസൂത്രണം നടപ്പിലാക്കപ്പെട്ടതും കുടുംബശ്രീ പദ്ധതിക്കു തുടക്കമിട്ടതും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ലോകായുക്ത എന്നിവ രൂപവത്കരിക്കപ്പെട്ടതും ഈ ഭരണകാലയളവിലാണ്.
ആന്റണിയുടെ തിരിച്ചുവരവും രാജിയും. 2001-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി 100 സീറ്റുകളോടെ അധികാരത്തിലെത്തി. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു പ്രതിപക്ഷനേതാവ്. 2002 ജനു. 3-ന് നടന്ന മാറാട് വര്‍ഗീയകലാപം, 2003 ഫെ. 19-ന് വയനാട് മുത്തങ്ങയില്‍ ആദിവാസി സമരത്തിനു നേരെ നടന്ന പൊലീസ് അതിക്രമം എന്നിവ ഗവണ്‍മെന്റിന്റെ പ്രതിച്ഛായ നഷ്ടമാക്കി. പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ പേരില്‍ 2004 ആഗ. 29-ന് എ.കെ. ആന്റണിക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന് ആഗ. 31-ന് ഉമ്മന്‍ചാണ്ടി കേരളത്തിന്റെ 19-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2001-ലെ കര്‍ഷക കടാശ്വാസ ബില്‍, 2005-ലെ കേരള കിസാന്‍ പാസ്ബുക്ക് ബില്‍, 2006-ലെ കേരള ജലസേചന-ജലസംരക്ഷണ ബില്‍ തുടങ്ങി 165 ബില്ലുകള്‍ക്ക് 11-ാം നിയമസഭ അംഗീകാരം നല്‍കി.
വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ. 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്പിച്ചുകൊണ്ട് 100 സീറ്റുകളുടെ വിജയത്തോടെ എല്‍.ഡി.എഫ്. വന്‍ വിജയം നേടുകയും വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായുള്ള പത്തൊന്‍പതംഗ മന്ത്രിസഭ 2006 മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമം, 2006-ലെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ബില്‍, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ബില്‍, വ്യവസായ വകുപ്പിനു കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍ തുടങ്ങി നിരവധി തീരുമാനങ്ങളെടുക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിനായി. എന്നാല്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതും സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതും മറ്റും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ പോരായ്മയായി വിലയിരുത്തപ്പെട്ടു.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭ. 2011 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും കനത്ത മത്സരം നടന്ന തിരഞ്ഞെടുപ്പായിരുന്നു. കേവലം 2 സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് (72 സീറ്റ്) ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയത്. യു.ഡി.എഫിലെ ഏകവനിതാ എം.എല്‍.എ. പി.കെ. ജയലക്ഷ്മി പട്ടിക ഗോത്രക്ഷേമ വകുപ്പ് മന്ത്രിയായി. മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായി. ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ടി. എം. ജേക്കബിന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് പിറവം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് വിജയിച്ചു. സി.പി.എം. വിട്ട നെയ്യാറ്റിന്‍കര എം.എല്‍.എ. ആര്‍. ശെല്‍വരാജിന്റെ രാജിയെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് വീണ്ടും നിയമസഭാംഗമായ ഇദ്ദേഹത്തിലൂടെ പ്രതിപക്ഷത്തിന് വിശേഷിച്ച് സി.പി.എമ്മിന് ഒരു സീറ്റ് നഷ്ടമായി. ഇതോടെ ഭരണകക്ഷിയുടെ ഭൂരിപക്ഷം നാല് ആയി ഉയര്‍ന്നു. കെ. ബി. ഗണേഷ്കുമാറിന് രാജിവയ്ക്കേണ്ടി വന്നതോടെ കേരള കോണ്‍ഗ്രസ്സി(ബി)ന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാതായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടതുപക്ഷവുമായി പ്രതിഷേധിച്ച് ആര്‍.എസ്.പി. മുന്നണിവിട്ട് യു.ഡി.എഫില്‍ ചേര്‍ന്നതോടെ കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണ ഈ ഗവണ്‍മെന്റിനു ലഭിച്ചു.
കേരളം ലോക്സഭയില്‍
1951-ല്‍ ഒന്നാം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരള സംസ്ഥാനം രൂപീകൃതമായിരുന്നില്ല. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പൊന്നാനി (ദ്വയാംഗം) എന്നീ അഞ്ചു മണ്ഡലങ്ങള്‍ മദ്രാസ് സംസ്ഥാനത്തിന്‍ കീഴിലും നാഗര്‍കോവില്‍, തിരുവനന്തപുരം, ചിറയിന്‍കീഴ്, കൊല്ലം, മാവേലിക്കര (ദ്വയാംഗം), ആലപ്പുഴ, തിരുവല്ല, മീനച്ചില്‍, കോട്ടയം, എറണാകുളം, കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്നീ പതിനൊന്നു മണ്ഡലങ്ങള്‍ തിരു-കൊച്ചി സംസ്ഥാനത്തുമായിരുന്നു. പിന്നീട് കേരളത്തിന്റെ ഭാഗമായി തീര്‍ന്ന കാസര്‍കോട് നിയമസഭാ മണ്ഡലം സൗത്ത് കാനറ (സൌത്ത്) ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു; മിനിക്കോയി, അമിന്‍ജിവി ദ്വീപുകള്‍ കോഴിക്കോട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗവും. ഈ മണ്ഡലങ്ങളില്‍ 1951 ഡി. 10-നും 1952 ജനു. അഞ്ചിനുമിടയില്‍ തിരഞ്ഞെടുപ്പ് നടന്നു. ആകെയുള്ള പതിനെട്ടു സീറ്റില്‍ ഏഴിടത്തു കോണ്‍ഗ്രസ് വിജയിച്ചു. തിരു-കൊച്ചിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്നതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായിട്ടാണ് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സീറ്റ് ലഭിച്ചു. തിരു-കൊച്ചിയിലെ പതിനൊന്ന് മണ്ഡലങ്ങളിലെ 12 സീറ്റില്‍ കോണ്‍ഗ്രസ് ആറു സീറ്റില്‍ ജയിച്ചു.
കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു 1957-ലേത്. രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പും നടന്നു. ആകെ രണ്ടു ദ്വയാംഗ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 18 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, ചിറയിന്‍കീഴ്, കൊല്ലം, അമ്പലപ്പുഴ, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, എറണാകുളം, മുകുന്ദപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മഞ്ചേരി, വടകര, തലശ്ശേരി, കാസര്‍കോട് എന്നിവയായിരുന്നു മണ്ഡലങ്ങള്‍. കൊല്ലം, പാലക്കാട് മണ്ഡലങ്ങള്‍ ദ്വയാംഗമണ്ഡലങ്ങളും. 15 സീറ്റില്‍ മത്സരിച്ച സി.പി.ഐ. ഒന്‍പതു സീറ്റു നേടി. കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിച്ചപ്പോള്‍ ആറിടത്തു വിജയംകണ്ടു.
1962 ഫെബ്രുവരിയില്‍ മൂന്നാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 ലോക്സഭാ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. കാസര്‍കോഡ്, പാലക്കാട്, പൊന്നാനി, തൃശൂര്‍, അമ്പലപ്പുഴ, കൊല്ലം, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുകുന്ദപുരം, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, തിരുവല്ല, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വിജയിച്ചു. കോഴിക്കോട്, മഞ്ചേരി എന്നീ മണ്ഡലങ്ങള്‍ മുസ്ലിം ലീഗ് നേടിയപ്പോള്‍, തലശ്ശേരി, വടകര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്വതന്ത്രരാണ് വിജയിച്ചത്. എ.കെ. ഗോപാലന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, എസ്.കെ. പൊറ്റെക്കാട്ട്, പി.കെ. വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയ പ്രമുഖര്‍ വിജയിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.
1967 ഫെബ്രുവരിയില്‍ നാലാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 19 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. കാസര്‍കോട്, തലശ്ശേരി, പൊന്നാനി, പാലക്കാട്, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, അമ്പലപ്പുഴ, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളില്‍ സി.പി.എം.-ഉം, തൃശൂര്‍, പീരുമേട്, അടൂര്‍ മണ്ഡലങ്ങളില്‍ എ.എസ്.പി.-യും വിജയിച്ചു. കോഴിക്കോടും മഞ്ചേരിയും മുസ്ലിം ലീഗ് നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് മുകുന്ദപുരത്ത് മാത്രമാണ് വിജയിക്കാനായത്; കൊല്ലത്ത് സ്വതന്ത്രസ്ഥാനാര്‍ഥിക്കായിരുന്നു വിജയം.
1971 മാര്‍ച്ചില്‍ അഞ്ചാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 19 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, സി.പി.ഐ. എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട ഐക്യമുന്നണി ഭൂരിപക്ഷം സീറ്റുകളും നേടി. കാസര്‍കോട്, വടകര, മുകുന്ദപുരം, എറണാകുളം, മൂവാറ്റുപുഴ, ചിറയിന്‍കീഴ് എന്നീ ആറ് മണ്ഡലങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തലശ്ശേരി, തൃശൂര്‍, അടൂര്‍ എന്നീ മണ്ഡലങ്ങളില്‍ സി.പി.ഐ.യും പൊന്നാനി, പാലക്കാട് മണ്ഡലങ്ങളില്‍ സി.പി.ഐ.എം-ഉം വിജയിച്ചു. കോഴിക്കോട്, മഞ്ചേരി സീറ്റുകള്‍ മുസ്ലിം ലീഗ് നേടിയപ്പോള്‍, പീരുമേട്, കോട്ടയം, മാവേലിക്കര മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസ് വിജയിച്ചു. കൊല്ലം ആര്‍.എസ്.പി.യും തിരുവന്തപുരത്ത് കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായ വി.കെ. കൃഷ്ണമേനോനും വിജയിച്ചു.
1977 മാര്‍ച്ചില്‍ ആറാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് (ഐ), സി.പി.ഐ., മുസ്ലിം ലീഗ്, ആര്‍.എസ്.പി., കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ഐക്യമുന്നണി മുഴുവന്‍ മണ്ഡലങ്ങളിലും വിജയം നേടി.
1980 ജനുവരിയില്‍ ഏഴാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ.(എം), സി.പി.ഐ. ഉള്‍പ്പെട്ട ഇടതുപക്ഷം ഭൂരിപക്ഷം സീറ്റുകളില്‍ വിജയിച്ചു. കാസര്‍കോട്, കോഴിക്കോട്, ഒറ്റപ്പാലം, മുകുന്ദപുരം, ഇടുക്കി, ആലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ സി.പി.ഐ.യും തിരുവനന്തപുരം, ചിറയിന്‍കീഴ്, കൊല്ലം, മാവേലിക്കര, എറണാകുളം, പാലക്കാട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വിജയിച്ചു. മൂവാറ്റുപുഴ, കോട്ടയം എന്നീ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസും മഞ്ചേരി, പൊന്നാനി മണ്ഡലങ്ങള്‍ മുസ്ലിം ലീഗും നേടി.
1984 ഡിസംബറില്‍ എട്ടാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, അടൂര്‍, കൊല്ലം, ചിറയിന്‍കീഴ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് (ഐ)യും വടകര ഐ.സി. എസ്സും, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങള്‍ മുസ്ലീം ലീഗും, മുകുന്തപുരം, മൂവാറ്റുപുഴ മണ്ഡലങ്ങള്‍ കേരളാകോണ്‍ഗ്രസ് (ജെ) ഉം വിജയം നേടി.
1989 നവംബറില്‍ ഒന്‍പതാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു. കണ്ണൂര്‍, കോഴിക്കോട്, ഒറ്റപ്പാലം, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, അടൂര്‍, കൊല്ലം, ചിറയിന്‍കീഴ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് ഇക്കുറി കോണ്‍ഗ്രസ് നേടിയത്. മൂവാറ്റുപുഴയില്‍ കേരളാകോണ്‍ഗ്രസ് മാണി വിഭാഗം വിജയിച്ചപ്പോള്‍, പാലക്കാടും കാസര്‍കോടും സി.പി.ഐ (എം) സ്ഥാനാര്‍ഥികള്‍ ജയിച്ചു. വടകര കെ.പി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഐ.സി.എസ്സും, മഞ്ചേരി, പൊന്നാനി സീറ്റുകള്‍ മുസ്ലിം ലീഗും നേടി.
1991 നവംബറില്‍ പത്താം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകളിലും വിജയം നേടി. കാസര്‍കോട്, ആലപ്പുഴ, ചിറയിന്‍കീഴ്, മണ്ഡലങ്ങളില്‍ മാത്രമാണ് സി.പി.ഐ (എം)-ന് വിജയിക്കാനായത്. സി.പി.ഐ സ്ഥാനാര്‍ഥികള്‍ ഒന്നുപോലും വിജയിച്ചില്ല.
1996 മേയ് മാസത്തില്‍ പതിനൊന്നാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.ഐ (എം), സി.പി.ഐ, ജനതാദള്‍, ആര്‍എസ്.പി. സഖ്യമായ ഐക്യമുന്നണിയും കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയും പത്തുസീറ്റുകള്‍ വീതം നേടി.
1998 ഫെബ്രുവരിയില്‍ പന്ത്രണ്ടാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിലും ഐക്യജനാധിപത്യമുന്നണിയും ഇടതുജനാധിപത്യമുന്നണിയും പത്തുസീറ്റുകള്‍വീതം വിജയിച്ചു. എന്നാല്‍ പന്ത്രണ്ടാം ലോക്സഭയുടെ ആയുസ്സ് കേവലം ഒന്നരവര്‍ഷം മാത്രമായിരുന്നു. തുടര്‍ന്ന് 1999 സെപ്തംബറില്‍ നടന്ന പതിമൂന്നാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റുകളില്‍ 12 എണ്ണത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇടതുപക്ഷം എട്ടുസീറ്റുകള്‍ നേടി.
2004 ഏപ്രിലില്‍ പതിനാലാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള 20 മണ്ഡലങ്ങളില്‍ 18 സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മുസ്ലിംലീഗ് സ്ഥാനാര്‍ഥി മത്സരിച്ച പൊന്നാനി മണ്ഡലം മാത്രമാണ് ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ തുണച്ചത്. മൂവാറ്റുപുഴയില്‍ നടന്ന ത്രികോണമത്സരത്തില്‍ ഐ.എഫ്.ഡി.പി.യുടെ പി.സി. തോമസ് വിജയിച്ചു.
2004-ല്‍ അഞ്ചു പുതിയ ലോക്സഭാമണ്ഡലങ്ങള്‍ നിലവില്‍ വരികയും അഞ്ചു മണ്ഡലങ്ങള്‍ ഇല്ലാതാകുകയുമുണ്ടായി. മഞ്ചേരി, ഒറ്റപ്പാലം, മുകുന്ദപുരം, മൂവാറ്റുപുഴ, അടൂര്‍ മണ്ഡലങ്ങളാണ് ഇല്ലാതായവ. വയനാട്, മലപ്പുറം, ആലത്തൂര്‍, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങല്‍ എന്നിവയാണ് പുതിയതായി രൂപീകൃതമായ മണ്ഡലങ്ങള്‍.
2009 ഏ. 16-ന് നടന്ന പതിനഞ്ചാം ലോക്സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 16 സീറ്റും എല്‍.ഡി.എഫ്. നാലു സീറ്റും നേടി. കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങള്‍ യു.ഡി.എഫ്. നേടിയപ്പോള്‍ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ സീറ്റുകള്‍ എല്‍.ഡി.എഫും സ്വന്തമാക്കി.
2014-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 12-ഉം എല്‍.ഡി.എഫ്. 8-ഉം സീറ്റുകള്‍ നേടി. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, മാവേലിക്കര, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വടകര, വയനാട്, മലപ്പുറം, പൊന്നാനി സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ സീറ്റുകളില്‍ എല്‍.ഡി.എഫ്. വിജയം നേടി.
രാഷ്ട്രീയകക്ഷികള്‍
രാഷ്ട്രീയ ബോധത്തിലും അതു പ്രതിഫലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ രൂപവത്കരണത്തിലും കേരളീയര്‍ വളരെ മുമ്പുതന്നെ അതിയായ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1891-ലെ മലയാളി മെമ്മോറിയലും 1896-ലെ ഈഴവ മെമ്മോറിയലുകളും കേരളീയരുടെ രാഷ്ട്രീയചിന്തയുടെ ഗതി വ്യക്തമാക്കുന്നു. 1910-ല്‍ മലബാര്‍ പ്രദേശത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു തുടങ്ങി. നാട്ടുരാജ്യങ്ങളായിരുന്ന കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും പില്ക്കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയുണ്ടായി. ഖിലാഫത്ത് പ്രസ്ഥാനത്തോടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും മലബാറില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
1932-ല്‍ 'നിവര്‍ത്തന' പ്രക്ഷോഭകര്‍ രൂപം നല്‍കിയ 'സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസ്' (Joint political congress) തിരുവിതാംകൂറിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലാണ്. നാട്ടുരാജ്യങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ ഹരിപുരയില്‍വച്ച് തീരുമാനമെടുത്തപ്പോള്‍, 1938 ഫെബ്രുവരിയില്‍ മഹാരാജാവിന്റെ പരമാധികാരത്തിന്‍കീഴില്‍ ഉത്തരവാദഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 'തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്' രൂപവത്കൃതമായി. 1928 ജൂലായില്‍ സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസ് പിരിച്ചുവിടുകയും അതിന്റെ നേതാക്കളും അനുയായികളും സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തു.
1930-കളില്‍ തിരുവിതാംകൂറിലെ യുവാക്കള്‍ അവരുടെ രാഷ്ട്രീയ പ്രബുദ്ധത, ട്രാവന്‍കൂര്‍ യൂത്ത്ലീഗ്, ബോള്‍ഷെവിക് ലീഗ്, കമ്യൂണിസ്റ്റ് ലീഗ് തുടങ്ങിയ രാഷ്ട്രീയ ഗ്രൂപ്പുകളുടെ രൂപവത്കരണത്തിലൂടെ വ്യക്തമാക്കി. പൊന്നറ ജി. ശ്രീധര്‍, എന്‍. പി. കുരുക്കള്‍, മാത്തൂര്‍ താണുപിള്ള, ഭാസ്കരന്‍ എന്നിവരായിരുന്നു ഇതിനായി മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ചിരുന്നവര്‍.
1934-ല്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടപ്പോള്‍ കേരളത്തിലും ഇതിനു നേതാക്കളും അണികളുമുണ്ടായി. ഇവരായിരുന്നു 1939-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവിര്‍ഭാവത്തിനും പരസ്യമായ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍. നോ. കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇന്ത്യയില്‍
തിരുവാതാംകൂറില്‍, സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഉത്തരവാദഭരണപ്രക്ഷോഭണത്തെ നേരിടുവാനും ആ കക്ഷിയെ ദുര്‍ബലമാക്കുവാനുമായി, ദിവാനായ സി.പി. രാമസ്വാമി അയ്യരുടെ പ്രേരണയോടെ ചിലര്‍ തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നൊരു കക്ഷിക്കു രൂപം നല്‍കി. എന്നാല്‍ ഈ കക്ഷിക്കു ബഹുജനപിന്തുണയാര്‍ജിക്കാന്‍ കഴിഞ്ഞില്ല.
തൊഴിലാളിവര്‍ഗ താത്പര്യങ്ങള്‍ക്ക് സംരക്ഷണവും കേരളത്തിന്റെ പൊതുവായ പ്രശ്നപരിഹാരങ്ങള്‍ക്ക് പ്രാമുഖ്യവും നല്‍കിക്കൊണ്ട് രൂപവത്കൃതമായ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (കെ.എസ്.പി) 'ഐക്യകേരളം' എന്ന ആശയത്തെ ശക്തമായി പിന്താങ്ങി. ഈ കക്ഷിയിലെ ചില പ്രമുഖര്‍ ചേര്‍ന്നാണ് പില്ക്കാലത്ത് റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി.)ക്ക് അടിത്തറ പാകിയത്.
കൊച്ചി രാജ്യത്ത് ഉത്തരവാദഭരണസ്ഥാപനത്തിനായി 1936-ല്‍ 'കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്' എന്ന കക്ഷി സംഘടിപ്പിക്കപ്പെട്ടു. പില്ക്കാലത്ത് 'കൊച്ചിന്‍ കോണ്‍ഗ്രസ്' എന്ന മറ്റൊരു രാഷ്ട്രീയക ക്ഷിയും നിലവില്‍ വന്നു. എന്നാല്‍ 'കൊച്ചിരാജ്യപ്രജാമണ്ഡലം' എന്ന സംഘടനയ്ക്കായിരുന്നു നീണ്ടുനിന്ന ഒരു പ്രക്ഷോഭണത്തി ലൂടെ കൊച്ചി രാജ്യത്ത് ഉത്തരവാദഭരണം സ്ഥാപിക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞത്.
1947 സെപ്തംബറില്‍ തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിതമായി. തുടര്‍ന്ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ പിന്നീട് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുകയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി.)യുടെ കേരളഘടകം രൂപവത്കരിക്കുകയും ചെയ്തു.
1951-52 കാലത്ത് ഹിന്ദുക്കളുടേതായ ഒരു രാഷ്ട്രീയപ്രസ്ഥാ നത്തിന് മന്നത്തുപദ്മനാഭനും ആര്‍. ശങ്കറും ചേര്‍ന്ന് രൂപം നല്‍കി-ഡെമോക്രാറ്റിക് കോണ്‍ഗ്രസ്. ഇതു പിന്നീട് കോണ്‍ഗ്രസ്സിന്റെ സംസ്ഥാനഘടകത്തില്‍ ലയിച്ചു.
1964 സെപ്തംബറില്‍ ആര്‍.ശങ്കറുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ, ഏതാനും കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ പ്രതിപക്ഷത്തോടു ചേര്‍ന്ന് വോട്ടുചെയ്തുകൊണ്ട് പുറത്താക്കി. പതിനഞ്ചുപേരടങ്ങിയ ഈ സംഘം 'കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേരില്‍ ഏതാനും ദിവസം നിലനില്ക്കുകയും പിന്നീട് കേരളാകോണ്‍ഗ്രസ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു. പില്ക്കാലത്ത് കേരളാ കോണ്‍ഗ്രസ് (ഒറിജിനല്‍), കേരളാകോണ്‍ഗ്രസ് (എം), കേരളാകോണ്‍ഗ്രസ് (പിള്ളഗ്രൂപ്പ് അഥവാ കേരളാ കോണ്‍ഗ്രസ്-ബി.), സോഷ്യലിസ്റ്റ് കേരളാകോണ്‍ഗ്രസ് അഥവാ കോണ്‍ഗ്രസ് (എസ്), കേരളാ കോണ്‍ഗ്രസ് (ജേക്കബ്), കേരളാ കോണ്‍ഗ്രസ് (ജോസഫ്) എന്നിങ്ങനെ പല ഗ്രൂപ്പുകളായി ഈ കക്ഷി പിരിയുകയുണ്ടായി. എന്നാല്‍ സോഷ്യലിസ്റ്റ് കേരളാകോണ്‍ഗ്രസ് ഒഴികെയുള്ള ഗ്രൂപ്പുകള്‍ പല കാലങ്ങളിലായി ഒന്നിച്ചുചേരുകയും വേര്‍പിരിയുകയും ഇടതു-വലതു മന്ത്രിസഭകളില്‍ പങ്കുചേരുകയും ചെയ്തുപോരുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്നും വേര്‍പിരിഞ്ഞ പി.സി. തോമസ് ഇന്‍ഡിപെന്‍ഡന്റ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കു (ഐ.എസ്.ഡി.പി.) രൂപം നല്‍കി.
1962-ല്‍ ഇന്ത്യയുടെ മേല്‍ ചൈന നടത്തിയ ആക്രമണത്തെ ത്തുടര്‍ന്ന് ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.ഐ.) ഒരു പിളര്‍പ്പി നെ നേരിട്ടു. ഒരു വിഭാഗം സി.പി.എം. അഥവാ കമ്യൂണിസ്റ്റ്പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) എന്ന പേരില്‍ അറിയുവാന്‍ തുടങ്ങി. 1964 ഏപ്രിലിനുശേഷം കേരളത്തിലും രണ്ടു കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ നിലവില്‍വന്നു. അറുപതുകളില്‍ സ്വതന്ത്രപാര്‍ട്ടിയും നാമമാത്രമായി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരിക്കല്‍ ഈ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും കേരളനിയമസഭയില്‍ അംഗമാവുകയും ചെയ്തു.
നാഷണല്‍ കോണ്‍ഗ്രസ് നേതാവായ ജെ. ബി. കൃപലാനിയും കൂട്ടരും കോണ്‍ഗ്രസ് വിടുകയും കിസാന്‍മസ്ദൂര്‍ പ്രജാപാര്‍ട്ടി (കെ.എം.പി.പി.) എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടിക്ക് രൂപം നല്കുകയും ചെയ്തു. കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഈ പാര്‍ട്ടിയുടെ ഒരു ഘടകം മലബാര്‍ഭാഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്നു. തുടര്‍ന്ന് അശോക്മേത്തയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും കെ.എം.പി.പി.യും സംയോജിച്ച് പ്രജാസോഷ്യലിസ്റ്റ്പാര്‍ട്ടി രൂപവത്കൃതമായി. അഖിലേന്ത്യാതലത്തില്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയും പരസ്പരം ലയിച്ച് സംയുക്തസോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി) നിലവില്‍ വന്നു. 1967-ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ., സി.പി.എം., എസ്.എസ്.പി., കെ.എസ്.പി., മുസ്ലിംലീഗ് എന്നീ കക്ഷികള്‍ക്ക് പുറമേ കേരള കര്‍ഷകത്തൊഴിലാളി പാര്‍ട്ടി (കെ.ടി.പി.) എന്ന ഒരു ചെറുകക്ഷിയും ചേര്‍ന്ന് ഐക്യമുന്നണിയായി മത്സരിച്ച് ഭൂരിപക്ഷം നേടി മന്ത്രിസഭ രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ എസ്.എസ്.പി. നേതൃത്വം നല്‍കി ദേശവ്യാപകമായി നടത്തിയിരുന്ന കച്ച് പ്രക്ഷോഭണത്തില്‍ പങ്കെടുക്കുവാനായി മന്ത്രിസ്ഥാനമുപേക്ഷിക്കുവാന്‍ കേരളത്തിലെ എസ്.എസ്.പി. മന്ത്രിമാരോട് ആ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം ഉപേക്ഷിക്കുവാന്‍ വിമുഖരായിരുന്ന മന്ത്രിമാരും ആ പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവുമായുള്ള ബന്ധമുപേക്ഷിക്കുകയും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഐ.എസ്.പി).ക്ക് രൂപം നല്കുകയും ചെയ്തു. ഇതൊരു പ്രാദേശിക കക്ഷിയായിരുന്നു.
നിയമസഭയില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന കെ.ടി.പി.യും പിളര്‍ന്നു. ഇതിലെ ഒരാള്‍ 1967-ലെ കേരളമന്ത്രിസഭയില്‍ അംഗമായിരുന്നു. അപരന്‍ പിന്നീട് കേരളകര്‍ഷകപാര്‍ട്ടി (കെ.കെ.പി.) എന്ന ഒരു പുതിയ കക്ഷി രൂപവത്കരിച്ചതായി പ്രഖ്യാപനം നടത്തിയെങ്കിലും പിന്നീട് ആ കക്ഷി തിരസ്കൃതമായി.
1967-ല്‍ നക്സല്‍ബാരിയിലെ ജന്മിമാര്‍ക്കെതിരായി പൊട്ടി പ്പുറപ്പെട്ട സായുധകലാപത്തിന്റെ അലകള്‍ കേരളത്തിലും ദൃശ്യമായി. ജന്മിമാര്‍ക്കും പൊലീസിനുമെതിരായി രൂപപ്പെട്ട ഈ സായുധസമാരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സി.പി.എമ്മില്‍ നിന്നു വിട്ടുപോന്നിരുന്ന ചില ബുദ്ധിജീവികളും അനുഭാവികളുമായിരുന്നു. അഖിലേന്ത്യാതലത്തില്‍ ഇത്തരം സമരമുറയോട് ആഭിമുഖ്യമുള്ളവര്‍ ചേര്‍ന്ന് 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)' അഥവാ സി.പി.ഐ. (എം.എല്‍.) എന്ന ഒരു കക്ഷിക്കു രൂപം കൊടുത്തു. കേരളത്തില്‍ ഒന്നിലധി കം സി.പി.ഐ. (എം. എല്‍.) ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1969-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭിന്നിക്കുകയും ഭരണകോണ്‍ഗ്രസ് (Congress-R) സംഘടനാകോണ്‍ഗ്രസ് (Congress- O) എന്നിങ്ങനെ രണ്ടു കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നിലവില്‍ വരികയും ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോടു കൂറുപുലര്‍ത്തിയിരുന്ന ഭരണവിഭാഗം കോണ്‍ഗ്രസ് പ്രസിഡന്റായി ജഗജ്ജീവന്‍ റാമിനെ തെരഞ്ഞെടുത്തു. സംഘടനാകോണ്‍ഗ്രസ് പ്രസിഡന്റായി അവിഭക്തകോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന എസ്. നിജലിംഗപ്പ തുടരുകയും ചെയ്തു. അഖിലേന്ത്യാതലത്തിലെ ഈ ഭിന്നിപ്പിനെത്തുടര്‍ന്ന് കേരളത്തിലും രണ്ടു കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രൂപപ്പെടുകയുണ്ടായി.
1974-75 കാലത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ കേരളഘടകം രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം അഖിലേന്ത്യാ മുസ്ലിം ലീഗ് എന്ന പേരില്‍ അറിയപ്പെട്ടു. എന്നാല്‍, 1985-ല്‍ രണ്ടു കക്ഷികളും ശരീഅത്ത് സംരക്ഷണത്തിനായി വീണ്ടും യോജിച്ച് ഒറ്റക്കക്ഷിയായിത്തീര്‍ന്നു.
1974-ല്‍ സാമ്പത്തികസംവരണം ലക്ഷ്യമാക്കിക്കൊണ്ട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയോടെ 'നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി' (എന്‍.ഡി.പി.) രൂപവത്കൃതമായി. അധികം താമസിയാതെ ജാതിസംവരണം അഭംഗുരം നിലനിര്‍ത്തുവാനായി പിന്നോക്കസമുദായ ഫെഡറേഷന്റെ പേരില്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി(എസ്. ആര്‍. പി.)യും രൂപംകൊണ്ടു.
1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിനെതിരായി, സര്‍വോദയനേതാവായിരുന്ന ജയപ്രകാശ് നാരായണന്റെ അനുഗ്രഹാശിസ്സുകളോടെ ജനതാപാര്‍ട്ടി എന്ന ഒരു പുതിയ കക്ഷി അഖിലേന്ത്യാതലത്തില്‍ നിലവില്‍ വന്നു. കോണ്‍ഗ്രസ് (ഒ), ഭാരതീയജനസംഘം, എസ്. എസ്. പി., ഭാരതീയ ക്രാന്തിദള്‍ (ബി. കെ. ഡി.), കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി എന്നീ കക്ഷികള്‍ ദേശീയതലത്തില്‍ പരസ്പരം ലയിച്ചപ്പോള്‍ 'കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി'യുടെ കേരളഘടകത്തിന്റെ നേതാവായിരുന്ന എ. നീലലോഹിതദാസിന്റെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി കേരളത്തിലും രൂപംകൊണ്ടു.
സംഘടനാ കോണ്‍ഗ്രസ് ഇന്ദിരാഗാന്ധിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് 1978 ജനുവരിയില്‍ ഇന്ദിരാഗാന്ധി ഒരു സമാന്തര എ. ഐ. സി. സി. ഡല്‍ഹിയില്‍ വിളിച്ചുകൂട്ടി. ഈ കണ്‍വെന്‍ഷനില്‍ വച്ച് രൂപീകൃതമായ സംഘടന കോണ്‍ഗ്രസ് (ഐ) എന്നറിയപ്പെടാന്‍ തുടങ്ങി. കെ. ബ്രഹ്മാനന്ദറെഡ്ഡിയും പിന്നീട് ചരണ്‍സിങ്ങും നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1980-ലെ പൊതുതെരഞ്ഞെടുപ്പുകാലത്ത് ദേവരാജ് അരശിന്റെ നേതൃത്വത്തിന്‍ കീഴിലായിരുന്നു. അന്ന് ആ കക്ഷി കോണ്‍ഗ്രസ് (യു) എന്നാണറിയപ്പെട്ടിരുന്നത്. കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും രണ്ടായിപ്പിരിഞ്ഞു; ഐ., യു. വിഭാഗങ്ങള്‍ക്ക് പ്രത്യേകം സംസ്ഥാനനേതൃത്വങ്ങളുമുണ്ടായി.
1979-ല്‍ ജനതാപാര്‍ട്ടി ആഭ്യന്തരശൈഥില്യത്തെ നേരിട്ടു. ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിവിടുകയും ജനത (സെക്കുലര്‍) എന്ന പേര് സ്വീകരിക്കുകയും ചെയ്തു. താമസിയാതെ ജനത (സെക്കുലര്‍) ലോക്ദള്‍ ആയി മാറി. കേരളത്തിലെ ലോക്ദളിന്റെ നേതൃത്വം കെ. എ. ശിവരാമഭാരതിക്കായിരുന്നു. എച്ച്. എന്‍. ബഹുഗുണയുടെ നേതൃത്വത്തില്‍ ഒമ്പത് പാര്‍ലമെന്റ് അംഗങ്ങള്‍ ജനതാപാര്‍ട്ടി വിട്ടതിനുശേഷം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഡി.എസ്.പി.) രൂപവത്കരിച്ചു. ഇതിന്റെ കേരളഘടകം എ. നീലലോഹിതദാസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടു. ജനതാപാര്‍ട്ടിയില്‍ ലയിച്ചു ചേര്‍ന്നിരുന്ന പഴയ ഭാരതീയ ജനസംഘക്കാര്‍ പാര്‍ട്ടിവിട്ടു പുറത്തുവന്നശേഷം ഭാരതീയ ജനതാപാര്‍ട്ടി(ബി.ജെ.പി.)ക്കു രൂപം നല്‍കി. പ്രാരംഭം മുതല്‍ കേരളത്തിലും ഇതിന്റെ ഘടകം പ്രവര്‍ത്തനമാരംഭിച്ചു. ക്ഷീണിതമായ ജനതാപാര്‍ട്ടി കെ. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും നിലനിന്നു; കേരളാഘടകവും പരിമിതമായ ജനപിന്തുണയോടെ തുടര്‍ന്നു. 1984-ല്‍ ലോക്ദള്‍, ഡി.എസ്.പി.യുമായി സംയോജിച്ച് ഡി.എം.കെ.പി. ആയിത്തീര്‍ന്നു. അതോടെ കേരളത്തിലും ഡി.എം.കെ.പി. പ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍ അഖിലേന്ത്യാതലത്തില്‍ ഈ പാര്‍ട്ടി വീണ്ടും ലോക്ദള്‍ എന്ന പേര് സ്വീകരിച്ചു. കേരളത്തിലും ലോക്ദളിന്റെ ഘടകം പ്രവര്‍ത്തിച്ചുവരുന്നു.
1980-ലെ തിരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ 'ഇടതുജനാധിപത്യമുന്നണി' അധികാരത്തില്‍ വന്നു. സി.പി.എം., സി.പി.ഐ.,കോണ്‍ഗ്രസ് (യു) എന്നീ കക്ഷികളോടൊത്ത് മത്സരിച്ചിരുന്ന ആര്‍. എസ്. പി. ക്കും മന്ത്രിസഭയില്‍ അംഗത്വമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആര്‍.എസ്.പി. നേതാവായ എന്‍. ശ്രീകണ്ഠന്‍ നായര്‍ മന്ത്രിസഭയുടെ നയവൈകല്യങ്ങളെ തുറന്നു വിമര്‍ശിക്കുകയും ആര്‍.എസ്.പി. മന്ത്രിമാരോട് രാജിവയ്ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ആര്‍.എസ്.പി. മന്ത്രിമാര്‍ ഈ ആവശ്യം നിരാകരിക്കുകയും തുടര്‍ന്ന് ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ആര്‍.എസ്.പി. (എസ്) എന്നൊരു കക്ഷി നിലവില്‍ വരികയും ചെയ്തു (എന്നാല്‍ അതിനുമുമ്പുതന്നെ നാഷണല്‍ ആര്‍. എസ്. പി. എന്ന പേരില്‍ ആര്‍.എം. പരമേശ്വരന്റെ നേതൃത്വത്തില്‍ ആ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തോട് കൂറുപുലര്‍ത്തിയിരുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. അധികാരത്തില്‍ നിന്ന് വിട്ടുനില്ക്കാനുള്ള ആര്‍.എസ്.പി. യുടെ കേന്ദ്രനിര്‍ദേശത്തെ സംസ്ഥാനഘടകം നിരാകരിച്ച ഘട്ടത്തിലായിരുന്നു നാഷണല്‍ ആര്‍.എസ്. പി. നിലവില്‍ വന്നത്. എന്നാല്‍ പിന്നീട് കേന്ദ്രനേതൃത്വം, ഇടഞ്ഞുനിന്നിരുന്നതും പ്രബലമായിരുന്നതുമായ, ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുണ്ടായിരുന്ന ആര്‍.എസ്.പി. യെ അംഗീകരിക്കുകയാണുണ്ടായത്. ഈ കക്ഷിയില്‍ നിന്നാണ് പുതുതായി ആര്‍.എസ്.പി. (എസ്) രൂപമെടുത്തത്.
ദേവരാജ്അരശിനുശേഷം അദ്ദേഹം നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി ശരത് പവാര്‍ തിരഞ്ഞെടുക്കപ്പെട്ടു; തുടര്‍ന്ന് ആ കക്ഷി കോണ്‍ഗ്രസ് (എസ്) എന്നറിയപ്പെടാന്‍ തുടങ്ങി. 1980-ല്‍ അധികാരത്തില്‍ വന്ന ഇടതു ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായിരുന്ന കോണ്‍ഗ്രസ് (എസ്) 1981 ഒ. 14-15 തീയതികളിലായി മുന്നണി വിടുവാനുള്ള തീരുമാനമെടുത്തു. എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷം ഈ തീരുമാനമെടുത്തപ്പോള്‍ ഒരു ന്യൂനപക്ഷം ഈ തീരുമാനത്തോട് വിയോജിക്കുകയാണുണ്ടായത്. ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ കുറച്ചുകാലം കോണ്‍ഗ്രസ് (എ) എന്നറിയപ്പെട്ടു. അവശിഷ്ടവിഭാഗം കോണ്‍ഗ്രസ് (എസ്) എന്ന പേരില്‍ തുടര്‍ന്നും അറിയപ്പെട്ടു. 1982-ലെ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് (എ) ഐ-യില്‍ ലയിച്ചു.
എഴുപതുകളില്‍ 'കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍' എന്ന പേരില്‍ കുറേ കോണ്‍ഗ്രസ്സുകാര്‍ എം.എ. ജോണിന്റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഒരു ഗ്രൂപ്പായി പ്രവര്‍ത്തിച്ചുപോന്നു. പില്ക്കാലത്ത് ഈ ഗ്രൂപ്പ് ദുര്‍ബലമായിത്തീര്‍ന്നു; എം. എ. ജോണ്‍ കോണ്‍ഗ്രസ്സി(ഐ)ല്‍ ചേരുകയും ചെയ്തു.
എഴുപതുകളില്‍ത്തന്നെ 'സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഒഫ് ഇന്ത്യ'(എസ്.യു.സി.ഐ.) യുടെ കേരളഘടകവും പ്രവര്‍ത്തനമാരംഭിച്ചു.
ഭാരതീയ ജനസംഘം 1951 ഒ. 21-ന് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും കേരളത്തില്‍ രൂപംകൊള്ളുന്നത് 1957 മാ. 31-നു മാത്രമാണ്. പില്‍ക്കാലത്ത് ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പഴയ ജനസംഘം പ്രവര്‍ത്തകര്‍ ബി.ജെ.പി.യിലേക്കു വന്നു. തുടര്‍ന്ന് 1980 ഏ. 16-ന് കൊച്ചിയില്‍ നടന്ന യോഗത്തിലാണ് ബി.ജെ.പി. കേരളത്തില്‍ രൂപംകൊണ്ടത്. തുടക്കത്തില്‍ മലബാറില്‍ മാത്രമായി ഒതുങ്ങിനിന്ന ഭാരതീയ ജനസംഘത്തിനെയും എണ്‍പതുകളുടെ ആദ്യഘട്ടത്തില്‍ തിരുവിതാംകൂര്‍ മേഖലയില്‍മാത്രം പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക സംഘടനയായ ഹിന്ദുമുന്നണിയേയും അപേക്ഷിച്ച് കേരളത്തിലെല്ലായിടത്തും വേരുകളുള്ള, പ്രാദേശിക കമ്മിറ്റികള്‍ ഉള്ള പാര്‍ട്ടിയാണ് ബി.ജെ.പി.
കെ.പി. ശങ്കരദാസിന്റെ നേതൃത്വത്തില്‍, തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റകഴക(ഡി.എം.കെ.)ത്തിന്റെ ഒരു കേരളഘടകം തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്നു. ഡി.എം.കെ. പിളര്‍ന്ന്, അഖിലേന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റകഴകം (എ.ഐ.എ.ഡി.എം.കെ.) രൂപവത്കൃതമായപ്പോള്‍ പഴയ ഡി.എം.കെ.യുടെ കേരളഘടകം മുഴുവനുമായി എ.ഐ.എ.ഡി.എം.കെ. ആയി മാറി.
എണ്‍പതുകളുടെ ആദ്യപകുതിയില്‍ കേരളത്തിലെ ചില ചെറിയ രാഷ്ട്രീയകക്ഷികള്‍ പിളര്‍പ്പിനെ നേരിട്ടു. എന്‍.ഡി.പി. രണ്ടായും എസ്.ആര്‍.പി. മൂന്നായും പിളര്‍ന്നു. ആര്‍.എസ്.പി. (എസ്) യില്‍ത്തന്നെ കെ.സി. വാമദേവന്റെ നേതൃത്വത്തില്‍ ആര്‍.എസ്.പി. (വി) എന്നൊരു ഗ്രൂപ്പ് പ്രത്യക്ഷമായി. പിന്നീട് ഇത് ആര്‍. എസ്.പി.യുടെ സംസ്ഥാനഘടകത്തില്‍ ലയിച്ചു: ജനതാപാര്‍ട്ടിയും ഭിന്നിപ്പിനെ നേരിട്ടു. കെ. ഗോപാലന്റെ നേതൃത്വത്തില്‍ ജനത (ജി) എന്നൊരു കക്ഷി രൂപംകൊണ്ടു. എന്നാല്‍ ഈ കക്ഷി വീണ്ടും പിളരുകയും ഡെമോക്രാറ്റിക് ജനതാപാര്‍ട്ടി (ഡി. ജെ. പി.) എന്ന പേരില്‍ ഒരു പുതിയ കക്ഷി നിലവില്‍വരികയും ചെയ്തു. ഇതില്‍ ഒരു വിഭാഗം പിന്നീട് കോണ്‍ഗ്രസ് (ഐ)-ല്‍ ലയിച്ചു. ലത്തീന്‍ കത്തോലിക്കരുടെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ്, ധീവരമഹാസഭയുടെ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി (ഡി. എല്‍.പി.), ദലിത് നേതാവ് കല്ലറ സുകുമാരന്‍ രൂപം നല്‍കിയ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി എന്നിവയും കേരളരാഷ്ട്രീയരംഗത്ത് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പി. കുഞ്ഞന്റെ നേതൃത്വത്തിലുണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ നിര്യാണത്തോടെ അപ്രത്യക്ഷമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) യില്‍ നിന്നും പുറത്താക്കപ്പെട്ട എം. വി. രാഘവന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി.) എന്ന പേരില്‍ പുതിയ ഒരു പാര്‍ട്ടിയും രൂപവത്കരിച്ചു. 1989 മുതല്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കേരളഘടകവും പ്രവര്‍ത്തിച്ചുവരുന്നു. മുമ്പ് കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഐ.എല്‍.പി. ഇതോടെ ബി.എസ്.പി.യില്‍ ലയിച്ചു.
1992-ല്‍ ഐക്യജനാധിപത്യമുന്നണിയിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലേക്കു ചേക്കേറി. അതേസമയം സി.പി.ഐ. (എം) പുറത്താക്കിയ ഗൌരിയമ്മ 1993-ല്‍ ജനാധിപത്യസംരക്ഷണസമിതി (ജെ.എസ്.എസ്.) എന്ന പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി. ദേശീയതലത്തില്‍ ജനതാദളിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ഇതിന്റെ കേരളഘടകം ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ (സെക്കുലര്‍) ജെ.ഡി.(എസ്) എന്ന ദേശീയ കക്ഷിക്കൊപ്പം നിലകൊണ്ടു. 2000-ത്തില്‍ ആര്‍.എസ്.പി. നെടുകെ പിളര്‍ന്നു. ബേബിജോണിന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി. (ബോള്‍ഷെവിക്) ഐക്യജനാധിപത്യ മുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. കെ. പങ്കജാക്ഷന്‍, ടി.ജെ. ചന്ദ്രചൂഡന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കക്ഷി ഇടതുമുന്നണിയില്‍ത്തന്നെ നിലനില്ക്കുകയും ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ ഗ്രൂപ്പുപോരുകളെത്തുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തില്‍ 2005 മേയ് 1-ന് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍) എന്ന പുതിയ പാര്‍ട്ടി രൂപമെടുത്തു. തുടക്കത്തില്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്നായിരുന്നു ഈ പാര്‍ട്ടിയുടെ പേര്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് 2005 ആഗസ്റ്റില്‍ പാര്‍ട്ടിയുടെ പേര് ഡി.ഐ.സി. (കെ) എന്നാക്കി മാറ്റിയത്. കെ. കരുണാകരന്റെ മകനും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായ കെ. മുരളീധരന്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.ഐ.സി.യെ ഇടതുമുന്നണിയില്‍ ചേര്‍ത്തില്ല. പിന്നീട് കരുണാകരനും മുരളീധരനും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി.)യില്‍ ലയിച്ചു. ഒരു ചെറിയ കാലയളവിനുശേഷം കരുണാകരന്‍ കോണ്‍ഗ്രസ്സിലേക്കു മടങ്ങി. 2010-ത്തില്‍ മാത്രമാണ് മുരളീധരന് കോണ്‍ഗ്രസ്സില്‍ ഇടം തിരികെ കിട്ടിയത്.
ബി.ജെ.പി.യില്‍ നിന്നു വേര്‍പിരിഞ്ഞ കെ. രാമന്‍പിള്ള 2007-ല്‍ കേരള ജനപക്ഷം എന്ന പാര്‍ട്ടിക്കു രൂപം നല്‍കിയെങ്കിലും കൂടുതല്‍ അണികളെ സംഘടിപ്പിക്കുവാനോ നിര്‍ണായക ശക്തിയാകാനോ സാധിച്ചില്ല.
1979 മുതല്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന കേരളാകോണ്‍ഗ്രസ് (ജോസഫ്) വിഭാഗം 2010-ല്‍ ഐക്യജനാധിപത്യ മുന്നണിയിലേക്കു മാറുകയുണ്ടായി. ജോസഫിന്റെ നേതൃത്വം അംഗീകരിക്കാതിരുന്ന പി.സി. ജോര്‍ജ് കേരളാകോണ്‍ഗ്രസ് (സെക്കുലര്‍) എന്ന കക്ഷിക്കു രൂപം നല്‍കി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേരളാകോണ്‍ഗ്രസ് മാണി, ജോസഫ്, ജോര്‍ജ് വിഭാഗങ്ങള്‍ ഒന്നായി ലയിച്ചു. ലയനത്തെ ജോസഫ് ഗ്രൂപ്പിലായിരുന്ന പി.സി. തോമസ് കേരളാകോണ്‍ഗ്രസ് (ലയനവിരുദ്ധവിഭാഗം) എന്ന പേരില്‍ ഇടതുമുന്നണിയോട് ആഭിമുഖ്യം പുലര്‍ത്തിപ്പോരുന്നു.
കുറച്ചുകാലം ഐക്യജനാധിപത്യ മുന്നണിയുമായി അകന്നു നിന്നിരുന്ന ടി.എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ ഡി.ഐ.സി.യുമായുള്ള ബന്ധം ഉപേക്ഷിച്ച് ഐക്യജനാധിപത്യ മുന്നണിയുമായുള്ള ബന്ധം തിരിച്ചുപിടിക്കുകയും തിരഞ്ഞെടുപ്പില്‍ പിറവം മണ്ഡലം സ്വന്തമാക്കുകയും ചെയ്തു.
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ജനതാദള്‍ (എസ്)നെ അനുവദിക്കുന്നതില്‍ സി.പി.ഐ.(എം) താത്പര്യക്കുറവ് കാട്ടിയതില്‍ പ്രതിഷേധിച്ച് 2010 ആഗസ്റ്റില്‍ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (എസ്) ഇടതുമുന്നണി വിടുകയും സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടിക്കു രൂപം നല്‍കി ഐക്യജനാധിപത്യമുന്നണിയില്‍ പ്രവേശനം നേടി. അതേസമയം മാത്യു ടി. തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതുമുന്നണിയില്‍ത്തന്നെ തുടരുകയും ചെയ്തു.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ അബ്ദുള്‍ നാസര്‍ മഅദ്നിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയപാര്‍ട്ടിയാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി. തീവ്രവാദപ്രവര്‍ത്തനം ആരോപിച്ച് മഅദ്നി ജയിലില്‍ അടയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് 2009-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതുമുന്നണിക്ക് അനുകൂലമായി നിലപാടെടുത്തു.
ഇന്ത്യയിലെ മുസ്ലിം ജനവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പിന്നോക്കവിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി 2009 ജൂണില്‍ ദേശീയതലത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഒഫ് ഇന്ത്യ (എസ്.ഡി.പി.ഐ.). 2010 നവംബറില്‍ തദ്ദേശീയ സ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് നഗരസഭകളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ ഈ പാര്‍ട്ടിക്കായിട്ടുണ്ട്. വിവിധ പ്രശ്നങ്ങളില്‍ മുസ്ലിം ലീഗുമായി ഭിന്നസ്വരം പുലര്‍ത്തുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍.), ജമാ അത്ത് ഇസ്ലാമി, സോഷ്യല്‍ വെല്‍ഫെയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ ചെറു പാര്‍ട്ടികളുടെ പ്രവര്‍ത്തനവും ഇന്ന് കേരളത്തില്‍ ദൃശ്യമാണ്.
കേരളത്തിലെ പ്രമുഖ ദേശീയ-പ്രാദേശിക കക്ഷികള്‍ക്കെല്ലാം തന്നെ യുവ-വിദ്യാര്‍ഥി-വനിത-എന്‍.ജി.ഒ. വിഭാഗങ്ങളുണ്ട്; അതുപോലെ ട്രേഡ് യൂണിയനുകളും.
(ഡോ. കെ.കെ. കുസുമന്‍; ഡോ.ജി.ഗോപകുമാര്‍; സ.പ.)