This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിഥി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അതിഥി
വിരുന്നുകാരന്‍. ഒരു തിഥി(ദിവസം)യില്‍ അധികം ആതിഥേയഗൃഹത്തില്‍ പാര്‍ക്കാത്തവന്‍ എന്നും പതിനഞ്ചുദിവസത്തിനുള്ളില്‍ വീണ്ടും വരാത്തവന്‍ എന്നും അതിഥിശബ്ദത്തിന് അര്‍ഥമുണ്ട്. ഗൃഹസ്ഥന്റെ അതേ ഗ്രാമത്തില്‍ സ്ഥിരമായി താമസിക്കാത്തവനും വീട്ടില്‍ വന്നാല്‍ ഒരു രാത്രി മാത്രം തങ്ങുന്നവനും സൂര്യന്‍ വൃക്ഷങ്ങളുടെ മുകളില്‍ ചാഞ്ഞുനില്ക്കുമ്പോള്‍ (രാവിലെയും വൈകുന്നേരവും) വരുന്നവനുമാണ് അതിഥി എന്ന് ഗൌതമധര്‍മസൂത്രത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. 'അസമാനഗ്രാമഃ അതിഥിഃ ഐകരാത്രികഃ അധിവൃക്ഷ സൂര്യോപസ്ഥായീ' എന്നാണ് അതിഥിക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന ലക്ഷണങ്ങള്‍.
പുരാതന ജര്‍മന്‍കാര്‍, അറബികള്‍, സെനിഗാളിലെ മൂര്‍വര്‍ഗം എന്നിവരുടെ ഇടയില്‍ രണ്ടുദിവസത്തേക്കാണ് അപരിചിതനെ അതിഥിയായി കണക്കാക്കിയിരുന്നത്. അയര്‍ലണ്ടില്‍ ഇതു മൂന്നു പകലും മൂന്നു രാത്രിയും ആയിരുന്നു. 'അതിഥിയും മീനും മൂന്നുദിവസം കഴിഞ്ഞാല്‍ ചീഞ്ഞുതുടങ്ങും' എന്നൊരു പഴഞ്ചൊല്ലുതന്നെ ഇവരുടെ ഇടയിലുണ്ട്. ആംഗ്ളോ-സാക്സണ്‍ ജനതയുടെ ഇടയില്‍ അപരിചിതനെ രണ്ടുദിവസം വരെ അതിഥിയായി കണക്കാക്കുകയും അതിനുശേഷം കുടുംബത്തിലെ സാധാരണ അംഗത്തെപ്പോലെ കണക്കാക്കുകയും ചെയ്യുകയാണ് പതിവ്.
അതിഥി ആരായാലും പൂജനീയനാണെന്നും ഒരു കാരണവശാലും അയാളെ ഭഗ്നാശനാക്കി അയയ്ക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ഗൃഹസ്ഥനു ദോഷമാണെന്നും ഹൈന്ദവ പുരാണങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഠോപനിഷത്തില്‍ മുനികുമാരനായ നചികേതസ്സ് യമന്റെ ആതിഥ്യം സ്വീകരിച്ച വിധത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. യമന്‍ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് മൂന്നു ദിവസം അവിടെത്തന്നെ പാര്‍ക്കുവാന്‍ മുനികുമാരന്‍ നിര്‍ബന്ധിതനായി. മടങ്ങിവന്നപ്പോള്‍ യഥാസമയം ആതിഥ്യം നല്കാന്‍ കഴിഞ്ഞില്ലെന്നത് തന്റെ ഒരു കൃത്യവിലോപമായി കരുതി യമന്‍ പ്രായശ്ചിത്തമെന്നവണ്ണം നചികേതസ്സിന് മൂന്നു വരങ്ങള്‍ കൊടുത്തു. യഥാര്‍ഥത്തില്‍ കുമാരനെ പിതാവായ ഉദ്ദാലകന്‍ യമന് കൊടുക്കാമെന്നാണ് പറഞ്ഞിരുന്നത്. എങ്കിലും തന്റെ അഭാവത്തില്‍ ഗൃഹത്തിലെത്തിയ അയാളെ ഭാര്യയുടെ വാക്ക് അനുസരിച്ച് അതിഥിയായിട്ടാണ് യമന്‍ കരുതിയതും പ്രസാദിപ്പിക്കാന്‍ ശ്രമിച്ചതും. അതിഥിയുടെ മാഹാത്മ്യവും ആതിഥേയധര്‍മവുമാണ് ഇവിടെ വിശദമാക്കപ്പെട്ടിരിക്കുന്നത്.
വരതന്തുശിഷ്യനായ കൌത്സന്‍ അതിഥിയായി തന്റെ ഗൃഹത്തിലെത്തിയപ്പോള്‍ രഘുമഹാരാജാവ് ഗുരുദക്ഷിണ നല്കാന്‍ പണം വേണമെന്ന അതിഥിയുടെ അഭിലാഷം സാധിപ്പിക്കാന്‍ വഴി കാണാതെ കുഴങ്ങുകയും അതിനുവേണ്ടി കുബേരനോടു യുദ്ധത്തിനു പുറപ്പെടുകയും ചെയ്തതായി കാളിദാസന്‍ രഘുവംശത്തില്‍ പ്രസ്താവിക്കുന്നുണ്ട്. അതിഥിപൂജയിലുള്ള രഘുവിന്റെ വ്യഗ്രതയാണ് ഇവിടെ പ്രകാശിതമായിട്ടുള്ളത്.
ആശ്രമത്തില്‍ അതിഥിയായി ചെന്ന ദുര്‍വാസാവിനെ ശ്രദ്ധിച്ചില്ലെന്നുള്ള കാരണത്താല്‍ ശകുന്തളയ്ക്ക് ശാപം ഏല്ക്കേണ്ടിവന്നു. അങ്ങനെ അതിഥിസല്കാരം അലംഘനീയമായ ഒരു ശിഷ്ടാചാരമാണെന്ന് കാളിദാസന്‍ അഭിജ്ഞാന ശാകുന്തളത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.
അതിഥി സല്ക്കാരത്തിനു വൈമുഖ്യം കാണിക്കുന്ന ആള്‍ ശിക്ഷാര്‍ഹനാണെന്ന് ചില വര്‍ഗക്കാര്‍ കരുതുന്നു. സ്ളാവ് വര്‍ഗക്കാരുടെ ഇടയ്ക്ക് അതിഥിയെ അനാദരിക്കുന്നവന്റെ സ്വത്തു കണ്ടുകെട്ടുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അതിഥിയെ ദ്രോഹിക്കുന്നവന് ദൈവകോപം ഉണ്ടാകുമെന്ന് ഹംഗറിക്കാരും പുരാതന ജര്‍മന്‍കാരും വിശ്വസിച്ചിരുന്നു.
(എം.എച്ച്. ശാസ്ത്രികള്‍)