This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജലസംഭരണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജലസംഭരണി
ആവശ്യാനുസരണം ഉപയോഗിക്കാനായി ജലം സംഭരിച്ചു സൂക്ഷിച്ചുവയ്ക്കുന്ന അറ. ഇത് പ്രകൃതിദത്തമോ കൃത്രിമമായി നിര്‍മിക്കുന്നതോ ആകാം.
നദികളിലെയും അരുവികളിലെയും ഒഴുക്ക് കാലാവസ്ഥയ്ക്കനുസരണമായി കൂടിയും കുറഞ്ഞും ആയിരിക്കും. ചില വേളകളില്‍ ശക്തിയേറിയ ഒഴുക്കും വെള്ളപ്പൊക്കവുമാണ് അനുഭവപ്പെടുന്നതെങ്കില്‍ കടുത്ത വരള്‍ച്ചയും നാമമാത്രമായ ഒഴുക്കുമായിരിക്കും മറ്റവസരങ്ങളിലെ അവസ്ഥ. നല്ല ഒഴുക്കുള്ള അവസരങ്ങളില്‍ ഒഴുക്കു തടഞ്ഞ് ജലം ശേഖരിച്ചുവയ്ക്കുന്നതിലൂടെ വെള്ളപ്പൊക്കം തടയാനും ജലദൌര്‍ലഭ്യമനുഭവപ്പെടുമ്പോള്‍ ആവശ്യാനുസരണം ജലം പുറത്തേക്കു വിടാനും ജലസംഭരണി സഹായകമാകുന്നു.
ചരിത്രാരംഭകാലം മുതല്ക്കേ കുടിവെള്ളം ലഭ്യമാക്കാനും ജലസേചനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി സ്റ്റോറേജ് ജലസംഭരണികള്‍ നിര്‍മിച്ചുവന്നിരുന്നു. തെക്കെ ഏഷ്യ, വടക്കെ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് യൂറോപ്പിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കും ജലസംഭരണിയുടെ ഉപയോഗം വ്യാപിച്ചു തുടങ്ങിയത്.
പൊതു സ്വഭാവവും മാനദണ്ഡങ്ങളും.
മിക്കപ്പോഴും നദികള്‍ക്കു കുറുകെ അണക്കെട്ടുകള്‍ നിര്‍മിച്ചാണ് ജലസംഭരണികള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ നദീജലം തോടുകളിലൂടെയോ കുഴലുകളിലൂടെയോ ഗര്‍ത്തങ്ങളിലേക്കു (ഇവ പ്രകൃതിദത്തമായി ലഭിച്ചവയോ കൃത്രിമമായി പണിതവയോ ആകാം) തിരിച്ചുവിട്ടും ജലസംഭരണികള്‍ നിര്‍മിക്കാറുണ്ട്. ഇവ 'ഓഫ്-ചാനല്‍' ജലസംഭരണി എന്നറിയപ്പെടുന്നു.
ജലസംഭരണിയുടെ വലുപ്പം 'ക്യുബിക് മീറ്ററിലാണ്' സൂചിപ്പിക്കാറുള്ളത്. ഒരു മീറ്റര്‍ താഴ്ചയും ഒരു ച.മീ. വിസ്തീര്‍ണവുമുള്ള ഗര്‍ത്തത്തില്‍ ഒരു ക്യു. മീ. ജലം നിറയ്ക്കാവുന്നതാണ്.
ജലസംഭരണികള്‍ വിവിധ വലുപ്പത്തില്‍ നിര്‍മിക്കപ്പെടുന്നു. ഏറ്റവും ചെറിയവയ്ക്ക് ഏതാനും ക്യു.മീ. വലുപ്പം മാത്രമേ കാണൂ. ഇവയെല്ലാം ഏക-ലക്ഷ്യ ജലസംഭരണികളുമായിരിക്കും. എന്നാല്‍ സങ്കീര്‍ണവും ഭീമാകാരവുമായ വിവിധോദ്ദേശ്യ ജലസംഭരണികള്‍ക്കു ദശലക്ഷക്കണക്കിനു ക്യു. മീ. വ്യാപ്തി കാണും. വെള്ളത്തിന്റെ ആവശ്യകത, തടഞ്ഞു നിര്‍ത്തിയിട്ടുള്ള നദിയുടെ ഒഴുക്കിന്റെ വേഗത, പില്ക്കാലത്തു വരാവുന്ന വരള്‍ച്ചയുടെ കാഠിന്യം എന്നിവ കണക്കിലെടുത്താണ് ജലസംഭരണിയുടെ വലുപ്പം നിശ്ചയിക്കുന്നത്. ജലസംഭരണിയുടെ വലുപ്പവും നിര്‍മാണരീതിയും ജലസംഭരണിയുടെ ജലനിരപ്പിന്റെ ഉയരവും നിശ്ചയിക്കുന്നതു ജലസംഭരണി സ്ഥിതിചെയ്യുന്ന അണക്കെട്ടിന്റെ നിര്‍മാണോദ്ദേശ്യത്തെ ആശ്രയിച്ചാണ്.
ജലസേചനാര്‍ഥമുള്ള ജലസംഭരണിയാണെങ്കില്‍ മഴ ലഭിക്കുന്ന മുറയ്ക്ക് അതില്‍ ജലം സംഭരിച്ചുവച്ചശേഷം വേനല്‍ക്കാലത്തും വരള്‍ച്ച സമയത്തും കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം തുറന്നുവിടുന്നു. നല്ല മഴ ലഭിക്കുന്ന പ്രദേശത്തെ ജലസംഭരണികളില്‍ വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളോ ആഴ്ചകളോ മാത്രം ജലം കെട്ടി നിര്‍ത്തിയാല്‍ മതിയാകും. എന്നാല്‍ വരണ്ടതോ അര്‍ധശുഷ്കമോ ആയ ഭൂപ്രദേശങ്ങളിലെ ജലസംഭരണികളില്‍ അനേക മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ തന്നെ ജലം ശേഖരിച്ചുവയ്ക്കുന്നതിനാവശ്യമായ സംഭരണശേഷി വേണം.
വെള്ളപ്പൊക്കം നിയന്ത്രിക്കാനായി പണിത അണക്കെട്ടിലെ ജലസംഭരണിയും പ്രത്യേക രീതിയിലായിരിക്കണം. അതിലെ ജലനിരപ്പ് കഴിയുന്നിടത്തോളം താഴ്ന്നിരിക്കാന്‍ ശ്രദ്ധിക്കുന്നു. വെള്ളപ്പൊക്ക സമയത്തുണ്ടാകുന്ന അധിക നീരൊഴുക്കു തടുത്തു നിര്‍ത്തത്തക്കതുമായിരിക്കണം ജലസംഭരണിയുടെ വലുപ്പം. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഒഴുകിവരുന്ന വെള്ളം ഏറിയഭാഗവും ജലസംഭരണിയില്‍ തന്നെ തടുത്തു നിര്‍ത്താനാണീ സംവിധാനം. തടുത്തുനിര്‍ത്തിയ വെള്ളം പിന്നീട് വെള്ളപ്പൊക്കമുണ്ടാക്കാത്ത രീതിയില്‍ ജലസംഭരണിയില്‍ നിന്നു തുറന്നുവിടുന്നു.
വെള്ളപ്പൊക്കം കൊണ്ടു ജലസംഭരണി ഏറെക്കുറെ നിറഞ്ഞാലും അതൊരു സുരക്ഷാവാല്‍വായി പ്രവര്‍ത്തിക്കും. 500 മീ. വീതിയുള്ള ഒരു നദിയില്‍ ജലനിരപ്പ് 10 മീ. ഉയര്‍ന്നു എന്നു കരുതുക. ഈ അധികജലം മുഴുവനും 5,000 മീ. വീതിയുള്ള ജലസംഭരണിയില്‍ എത്തിയാല്‍ അതിലെ ജലവിതാനം ഒരു മീ. മാത്രമേ ഉയരുകയുള്ളു. നദിയുടെ ഇടുങ്ങിയ പ്രതലത്തിലുണ്ടാകുന്നതിനെക്കാള്‍ കൂടിയ തോതില്‍ ബാഷ്പീകരണം വിസ്താരമേറിയ ജലസംഭരണിയില്‍ നടക്കുന്നു. ഇത് ജലസംഭരണിയില്‍ നിന്നും വെള്ളം കവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ജലവൈദ്യുത പദ്ധതിക്കുവേണ്ട ജലസംഭരണി കഴിയുന്നിടത്തോളം നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുന്നു; കഴിയുന്നത്ര ഉയരത്തില്‍ നിന്നു വെള്ളം കുത്തനെ വീഴ്ത്തി വൈദ്യുതോത്പാദനത്തിനാവശ്യമായ ഊര്‍ജം സൃഷ്ടിക്കാനാണിത്. മിക്ക ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലും കീഴ്ചാല്‍ ഭാഗത്ത് 'സഹായക ജലസംഭരണികള്‍' (auxiliary reservoirs) പണിയാറുണ്ട്. കൂടുതല്‍ ജലശക്തി ലഭിക്കാനായി ഇവയിലെ ജലം പമ്പ് ചെയ്തു മുകളിലുള്ള മുഖ്യ ജലസംഭരണിയില്‍ നിറയ്ക്കുന്നു.
മുഖ്യ ജലസംഭരണിയിലെ ജലനിരപ്പ് ഒരേ ഉയരത്തില്‍ സ്ഥിരമായി നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നു. വൈദ്യുതോത്പാദനത്തിനാവശ്യമായ ഒരു സ്ഥിരജലശീര്‍ഷം സൃഷ്ടിക്കാനാണീ സംവിധാനം.
ഒരു ജലസംഭരണിയില്‍ നിന്നും പരമാവധി പ്രയോജനം ലഭിക്കണമെങ്കില്‍, ജലസംഭരണിയിലേക്കുള്ള നീരൊഴുക്കും അതില്‍ നിന്നും പുറത്തേക്കുള്ള ജലപ്രവാഹനിരക്കും നിയന്ത്രിക്കേണ്ടതുണ്ട്. നദീജലത്തിന്റെ ഒഴുക്ക് ജലസംഭരണിയില്‍ വച്ചു തടസ്സപ്പെടുന്നതുകൊണ്ട് ഒഴുക്കിന്റെ വേഗത കുറയുന്നു. തന്മൂലം മാലിന്യങ്ങളും എക്കലും അടിഞ്ഞുകൂടി ജലസംഭരണിയുടെ സംഭരണശേഷി കുറയാറുണ്ട്. എക്കല്‍ വാരിമാറ്റി ജലസംഭരണി വൃത്തിയാക്കുക ചെലവേറിയതും അപ്രായോഗികവുമാണ്. അതുകൊണ്ട് ജലനിയന്ത്രണച്ചീപ്പിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ചശേഷം മാത്രമേ സംഭരണിയില്‍ ജലം സംഭരിക്കാറുള്ളു.
ജലസംഭരണിയുടെ മേല്‍ചാല്‍ ഭാഗത്തെ ഒഴുക്കുനിയന്ത്രണ കവാടങ്ങളില്‍ ഘടിപ്പിക്കുന്ന പരുക്കന്‍ മറകള്‍ ഒഴുകിവരുന്ന ജലത്തില്‍ പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ജലസംഭരണിയിലേക്കു പ്രവേശിക്കുന്നതു തടയുന്നു.
വിവിധതരം കവാടങ്ങളുണ്ട്. കുത്തനെ എടുത്തുമാറ്റാവുന്നവയാണ് ഏറ്റവും ലളിതവും പഴക്കം ചെന്നതും. ആദ്യകാല ജലസംഭരണികളില്‍ ഇവയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ത്രിജ്യീയ കവാടം, ചരിയും കവാടം എന്നിവയും വികസിപ്പിച്ചെടുത്തു. ജലവിതാനം നിയന്ത്രിക്കാന്‍ ഉത്തമം ഡ്രം കവാടങ്ങളാണ്. ജലസംഭരണിയുടെ മേല്‍ചാല്‍ ഭാഗത്തെ ജലനിരപ്പ് സ്വചലനസംവിധാനമുള്ള ഡ്രം കവാടങ്ങളുപയോഗിച്ചു കൃത്യമായി ക്രമീകരിച്ചു നിര്‍ത്താനാകും. പൊങ്ങിക്കിടക്കുന്ന 'റോളര്‍ കെയ്സ്സന്‍' കൊണ്ട് ഇവ പ്രവര്‍ത്തിക്കുന്നു. 'കെയ്സ്സന്‍' മുകളിലേക്കും താഴേക്കും ചലിപ്പിച്ച് പ്രവാഹം നിയന്ത്രിക്കുന്നു.
ഡ്രം കവാടങ്ങള്‍ പലവിധത്തില്‍ നിര്‍മിക്കാം. വാര്‍ത്തെടുത്ത ഉരുക്ക് കെയ്സ്സന്‍ ആണിതിന്റെ മുഖ്യഘടകം. അണക്കെട്ടിന്റെ ശിഖരത്തിനു തൊട്ടു താഴെ കീഴ്ചാല്‍ ഭാഗത്തു നിര്‍മിച്ചിട്ടുള്ള പ്ലവ അറയാണ് കെയ്സ്സനുകളെ താങ്ങിനിര്‍ത്തുന്നത്. പ്ലവ അറയെ നിലനിര്‍ത്തുന്നത് അണക്കെട്ടിന്റെ ശിഖരത്തില്‍ സ്ഥാപിച്ചിട്ടുള്ള വിജാഗിരികളാണ്. ജലസംഭരണിയിലെ ജലമര്‍ദവും പ്ലവ അറയിലെ കെയ്സ്സന്റെ ഉത്പ്ലവതയും കെയ്സ്സനെ ഒരു ഘൂര്‍ണാത്മക സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നു. പ്ലവ അറയിലെ ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതിനനുസൃതമായി അതേ ദിശയിലേക്കു കെയ്സ്സന്‍ ഭ്രമണം ചെയ്യുന്നു. ഇത് യഥാക്രമം കവാടത്തിലൂടെ ജലസംഭരണിയിലേക്കുള്ള ജലപ്രവാഹത്തെ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നു.
വിവിധോദ്ദേശ്യ ജലസംഭരണി.
ഓരോ ആവശ്യത്തിനും പ്രത്യേകം ജലസംഭരണികള്‍ വേണം. അണക്കെട്ടിന്റെ ഓരോ ആവശ്യവും പരമാവധി മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ കഴിയുന്ന വിധത്തിലാണ് വിവിധോദ്ദേശ്യ ജലസംഭരണികളില്‍ നിന്നും വെള്ളം പുറത്തുവിടുന്നത്.
വിവിധോദ്ദേശ്യ അണക്കെട്ടുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന് ഒരു കംപ്യൂട്ടര്‍ സംവിധാനം വേണം. നദിയിലെ ഒഴുക്കിന്റെ നിരക്ക്, ജലസംഭരണിയിലെ ജലനിരപ്പിന്റെ ഉയരം; ജലസേചനം, വൈദ്യുതോത്പാദനം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി ജലം പുറത്തുവിടേണ്ട നിരക്ക് എന്നിവ കണക്കാക്കിയശേഷം അതിനനുസൃതമായി കംപ്യൂട്ടറുകള്‍ അണക്കെട്ടിനെ പ്രവര്‍ത്തനക്ഷമമാക്കുന്നു.
നിസ്സരണം.
ജലസംഭരണിയില്‍ നിന്നുള്ള നിസ്സരണം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. വെള്ളപ്പൊക്ക സമയത്തു ജലസംഭരണിയിലേക്കുള്ള ജലപ്രവാഹനിരക്ക് അതില്‍ നിന്നുള്ള നിസ്സരണ നിരക്കിനെക്കാള്‍ കൂടിയാല്‍ ജലസംഭരണിയിലെ ജലനിരപ്പ് ഉയരുകയും സംഭരണി കവിഞ്ഞൊഴുകുകയും ചെയ്യും. ഇതു തടയാനായി ഉത്പ്ലാവം പണിയുന്നു. അണക്കെട്ടിന്റെ ശിഖരത്തിനു തൊട്ടുതാഴെ വരത്തക്ക ഉയരമുള്ള അവയ്ക്കു കവാടങ്ങള്‍ ഉണ്ടാകില്ല. അധികജലം പുറത്തേക്ക് ഒഴുകിപ്പോകാന്‍ സൗകര്യമായ തരത്തിലാണ് ഉത്പ്ലാവങ്ങളുടെ രൂപകല്പന. അണക്കെട്ടിനു താഴെ നിര്‍മിച്ചിട്ടുള്ള ഉത്പ്ലാവങ്ങള്‍ക്കു കവാടങ്ങള്‍ കാണും. കവാടങ്ങളുടെ മുകള്‍ഭാഗത്തിന് അണക്കെട്ടിന്റെ ശിഖരത്തെക്കാള്‍ ഉയരം കുറവുമാണ്. ഈ കവാടങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഒരു നിയന്ത്രണസംവിധാനം ഉപയോഗിച്ചാണ്.
ജലസംഭരണികളിലെ ജലനഷ്ടം.
ജലസംഭരണിയില്‍ നിന്ന് ജലം വിവിധരീതികളില്‍ നഷ്ടപ്പെടുന്നു. സംഭരണിയുടെ ചുറ്റുമുള്ള മണ്ണ്, പാറക്കെട്ട് എന്നിവയിലൂടെ ജലം കിനിഞ്ഞുപോകും. അണക്കെട്ടിന്റെ അടിത്തറയിലൂടെയും കിനിവു സംഭവിക്കുന്നു. ജലനിരപ്പില്‍ നിന്നുള്ള ബാഷ്പീകരണവും ജലനഷ്ടം ഉണ്ടാക്കുന്നു. ഭിത്തികള്‍, അടിത്തറ എന്നിവ പരമാവധി ജലരോധി ആക്കിയാല്‍ കിനിവ് മൂലമുള്ള നഷ്ടം കുറയ്ക്കാം.
ഉഷ്ണ-ശീതോഷ്ണ മേഖലകളിലെ ജലസംഭരണികളില്‍ നിന്നു ബാഷ്പീകരണം മൂലം പ്രതിവര്‍ഷം ഏതാനും മീ. ഉയരം ജലം നഷ്ടപ്പെടുന്നു. ഈര്‍പ്പ പ്രദേശങ്ങളില്‍ ഊറല്‍മൂലം ലഭിക്കുന്ന അധികജലം ബാഷ്പീകരണം മൂലമുള്ള ജലനഷ്ടത്തെ നികത്തുമെന്നതുകൊണ്ട് ജലനഷ്ടം മിതമോ വളരെ നേരിയതോ ആയിരിക്കും.
വളരെക്കുറച്ചു മഴ ലഭിക്കുന്ന വരണ്ട പ്രദേശങ്ങളിലെ ജലസംഭരണികളിലെ മൊത്തം ജലനഷ്ടം ഗണ്യമാണ്.
ജലസംഭരണികളിലെ ഈ ജലനഷ്ടത്തെ നേരിടാനായി പല പദ്ധതികളും പരീക്ഷിച്ചു വരുന്നു. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത് ആസ്റ്റ്രേലിയ, ആഫ്രിക്ക, യു.എസ്. എന്നീ രാജ്യങ്ങളിലാണ്. സീറ്റെല്‍ ആല്‍ക്കഹോള്‍ (C15H33OH) പോലെയുള്ള മെഴുക്കു പദാര്‍ഥങ്ങള്‍ മണ്ണെണ്ണയില്‍ ലയിപ്പിച്ച് ജലനിരപ്പിനു മുകളില്‍ അലേയമായ പാടയുണ്ടാക്കി ബാഷ്പീകരണം ഒരു പരിധിയോളം തടയാനാകും.
സ്റ്റോറേജ് ജലസംഭരണി.
വെള്ളപ്പൊക്കക്കാലത്തും മഴക്കാലത്തും വെള്ളം ലഭിക്കുന്ന മറ്റവസരങ്ങളിലും ജലം സംഭരിച്ചുവച്ചശേഷം വരള്‍ച്ചക്കാലത്തുപയോഗിക്കാനും വൈദ്യുതോത്പാദനത്തിനും മറ്റുമായി വിനിയോഗിക്കാനും സൗകര്യമുണ്ടാക്കുന്നവയാണ് ഈ സംഭരണികള്‍.
പ്രകൃതിദത്തമായ തടാകക്കരയിലാണിവ നിര്‍മിക്കാറുള്ളത്. അത്തരം തടാകങ്ങള്‍ ഇല്ലാത്തയിടങ്ങളില്‍ അപവാഹം ലഭിക്കുന്ന താഴ്വരയുടെ ഏതെങ്കിലുമൊരു ഭാഗത്തിനു കുറുകെ അണക്കെട്ടു നിര്‍മിക്കുന്നു. സമതല പ്രദേശങ്ങളില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെങ്കില്‍ അവയെ ജലസംഭരണി നിര്‍മിക്കുന്നതിനായി തെരഞ്ഞെടുക്കുന്നു.
സ്ഥലം തെരഞ്ഞെടുക്കുന്നതോടൊപ്പം ഏതെല്ലാം മാര്‍ഗത്തിലൂടെ സംഭരണിയിലേക്കു നീരൊഴുക്കു വരും എന്നതും മുന്‍കൂട്ടി തീരുമാനിക്കേണ്ടതുണ്ട്. ജലസംഭരണിയില്‍ എത്ര ജലം സംഭരിച്ചു നിര്‍ത്തണമെന്നതും ഉറപ്പിക്കണം.
വെള്ളപ്പൊക്കക്കാലത്ത് നദിയുടെ കീഴ്ചാല്‍ ഭാഗത്തു നാശം വിതയ്ക്കുന്ന വെള്ളപ്പൊക്ക ജലത്തെ തടുത്തു നിര്‍ത്തുന്നതോടൊപ്പം ആ വെള്ളം ക്രമമായി പുറത്തേക്കു വിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും സ്റ്റോറേജ് ജലസംഭരണികള്‍ സഹായകമാകുന്നു.
ജലസംഭരണിയില്‍ കെട്ടിനിന്നശേഷം പുറത്തേക്കു വരുന്ന ജലത്തില്‍ മാലിന്യങ്ങള്‍ കുറവായതിനാല്‍ സംഭരണജലത്തിന്റെ 'അപരദന ബലം' (erosive force) വളരെ ഉയര്‍ന്നതായിരിക്കും.
പമ്പ്ഡ് സ്റ്റോറേജ് ജലസംഭരണി.
1960-കളില്‍ ജല വൈദ്യുതോത്പാദന രംഗത്തു നടപ്പില്‍ വന്നതാണ് പമ്പ്ഡ് സ്റ്റോറേജ് (പമ്പ്-ബാക്ക്) പദ്ധതി.
ഒരു പമ്പ്ഡ് സ്റ്റോറേജ് യൂണിറ്റില്‍, ജലസംഭരണിക്കു താഴെ കീഴ്ചാല്‍ ഭാഗത്തു നിന്നു വെള്ളം മുകളിലുള്ള ജലസംഭരണിയിലേക്കു പമ്പ് ചെയ്ത് പിന്നീട് ആ ജലം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്നു; അല്ലെങ്കില്‍ താഴെ മറ്റൊരു ജലസംഭരണികൂടി നിര്‍മിച്ച് മുകളിലത്തെ ജലസംഭരണിയില്‍ നിന്നൊഴുകി വരുന്ന ജലം താഴത്തെ ജലസംഭരണിയില്‍ ശേഖരിച്ചു ജലത്തെ പമ്പുകളുപയോഗിച്ച് വീണ്ടും മുകളിലത്തെ ജലസംഭരണിയിലേക്കു വിടുന്നു. ഈ അധികജലം വീണ്ടും വൈദ്യുതോത്പാദനത്തിനായി ഉപയോഗപ്പെടുത്താം. വളരെയധികം വൈദ്യുതി സംഭരിച്ചു വയ്ക്കുക എന്ന സാങ്കേതികമായി പ്രയാസമേറിയ കാര്യം പ്രായോഗികമായി നടത്തുവാനുള്ള ഒരു ശ്രമമാണ് ഈ സംവിധാനം. ഇതിനായി 'പ്രതിക്രമ്യ പമ്പ് ടര്‍ബൈനുകള്‍' ഉപയോഗിക്കുന്നു. കാരണം, ആദ്യമായി ജലം മുകളിലേക്കു പമ്പു ചെയ്യാനും പിന്നീട് അധികജലമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും ഒരുപോലെ ഈ 'പമ്പ് ടര്‍ബൈനുകളെ' ഉപയോഗപ്പെടുത്താം.
മുകളിലത്തെ ജലസംഭരണിയിലേക്ക് താഴെ നിന്നു ജലം പമ്പുചെയ്യാന്‍ ആവശ്യമായി വരുന്ന ഊര്‍ജം അത്രതന്നെ അളവുജലം മുകളില്‍ നിന്നും താഴോട്ട് ഒഴുകി വരുമ്പോള്‍ ലഭിക്കുന്ന വൈദ്യുതോര്‍ജത്തെക്കാള്‍ ഒന്നര മടങ്ങ് കൂടിയതായിരിക്കും. നഷ്ടമെന്നു തോന്നാവുന്ന ഈ സംവിധാനത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ വൈദ്യുതി നിര്‍മാണത്തിന്റെ സാമ്പത്തികവശം കൂടി കണക്കാക്കണം. പമ്പ്ഡ്-സ്റ്റോറേജ് നടക്കുന്നതും ഈ പ്രക്രിയയ്ക്കാവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നതും വൈദ്യുതോപഭോഗ നിരക്കു കുറഞ്ഞ സമയത്താണ്. ഇത്തരം അവസരങ്ങളില്‍ വൈദ്യുതോത്പാദന സംവിധാനത്തില്‍ ഊര്‍ജോത്പാദനശേഷി കൂടുതലുമായിരിക്കും. ഈ അധികജലം കൊണ്ട് പമ്പ്-ടര്‍ബൈനുകള്‍ (സാമ്പ്രദായിക ഹൈഡ്രോ ജനറേറ്ററുകള്‍) പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്ന പീക്-ഡിമാന്‍ഡ് (ഓണ്‍-പീക്) സമയത്താണ്.
ഇങ്ങനെ പമ്പ്ഡ്-സ്റ്റോറേജ് സംവിധാനമുപയോഗിച്ച് ചെലവു കുറഞ്ഞ ഓഫ്-പീക് വൈദ്യുതോര്‍ജത്തെ ഓണ്‍-പീക് വൈദ്യുതോര്‍ജമാക്കി മാറ്റാവുന്നതാണ്. ഇത് പവര്‍ സിസ്റ്റത്തിന്റെ ദക്ഷതയെ ഉയര്‍ത്തുന്നു.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ രണ്ടു തരത്തിലുണ്ട്.
(i)സംയുക്ത പദ്ധതികള്‍.
ഇതില്‍ ഒരു മുഖ്യജലവൈദ്യുത പ്ലാന്റിനനുബന്ധമായി ഒരു പമ്പ്ഡ് സ്റ്റോറേജ് യൂണിറ്റും ഘടിപ്പിച്ചിരിക്കും. ഇത്തരം പദ്ധതികള്‍ക്കു സംഭരണശേഷി കൂടുതലായതുകൊണ്ട് കൂടുതല്‍ സമയം കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയും.
(ii)പമ്പ്ഡ് സ്റ്റോറേജ് യൂണിറ്റ് മാത്രമുള്ള പദ്ധതി.
ഇതില്‍ മുകളിലും താഴെയുമുള്ള ജലസംഭരണികളില്‍ ജലം പുനര്‍പരിസഞ്ചരണം ചെയ്തു വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സൗകര്യപ്രദമായ സ്ഥലത്തു ജലസംഭരണികള്‍ സ്ഥാപിക്കാമെന്നതും ജലസംഭരണികളില്‍ ഒരേജലം വീണ്ടും വീണ്ടും ചാക്രികമായി കടത്തിവിടാമെന്നതുകൊണ്ട് കുറഞ്ഞ തോതില്‍ ജലം ലഭിച്ചാല്‍ മതിയെന്നതും ഉയര്‍ന്ന ജലശീര്‍ഷം വലിയതും ഉയര്‍ന്ന ദക്ഷതയുള്ളതുമായ ഉത്പാദനയൂണിറ്റുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടാക്കുമെന്നതും ഇതിന്റെ മേന്മകളാണ്.
ജലവിതരണ സംഭരണി.
സംഭരണശേഷി കുറവായ ഇവ പ്രധാനമായും ഉപയോഗിക്കുന്നതു ജലവിതരണ ശൃംഖലയിലാണ്. ജലവിതരണത്തിനാവശ്യമുള്ള ജലമര്‍ദം സൃഷ്ടിക്കുന്നതിനും ആ മര്‍ദം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഇവ ഉപയോഗിക്കാറുള്ളത്. ജലവിതരണ പ്രദേശത്തുള്ള മറ്റു പൈപ്പുകള്‍ ഉയരത്തിലാണ് നിര്‍മിക്കാറുള്ളത്. ആവശ്യമുള്ളത്ര ഉയരത്തില്‍ അനുകൂലമായൊരു പ്രദേശത്തു ഭൂമിക്കടിയിലോ സമീപപ്രദേശത്ത് ഒരു നിര തൂണുകള്‍ക്കു മുകളിലോ ജലസ്തംഭം നിര്‍മിക്കുന്നു. ഇതില്‍ ആദ്യത്തെതിനാണ് സംഭരണശേഷി കൂടുതലുള്ളത്.
നീര്‍ത്തൊട്ടി.
വീട്ടാവശ്യങ്ങള്‍ക്കായി മഴവെള്ളം സംഭരിച്ചുവയ്ക്കുന്ന ജലസംഭരണിയാണിത്. ആവശ്യമായ വലുപ്പത്തില്‍ സമചതുരാകൃതിയിലോ വൃത്താകാരത്തിലോ ഭൂമിക്കടിയില്‍ കോണ്‍ക്രീറ്റുകൊണ്ട് ഒരു ബേസിന്‍ പണിയുന്നു. ജൈവ മാലിന്യങ്ങള്‍ അടങ്ങിയ ഭൂഗര്‍ഭജലം സമതലത്തില്‍ക്കൂടി ഒഴുകിയെത്തുന്ന മലിനജലം എന്നിവ നീര്‍ത്തൊട്ടിക്കകത്തു പ്രവേശിക്കുന്നതു തടയാനാണ് കോണ്‍ക്രീറ്റ് ബേസിന്‍. ഒരരിപ്പയിലൂടെ കടത്തിവിട്ട് അന്തരീക്ഷമാലിന്യങ്ങള്‍ മാറ്റിയ ശേഷമേ മഴവെള്ളം നീര്‍ത്തൊട്ടിയില്‍ സംഭരിക്കുന്നുള്ളു.
ഹോള്‍ഡിങ് ജലസംഭരണി.
ചെറിയ നഗരങ്ങളിലെ ജലവിതരണത്തിനു വേണ്ടിയുള്ള ജലസംഭരണിയാണിത്. ആവശ്യമായ ജലമര്‍ദം സൃഷ്ടിക്കാന്‍ മറ്റു കെട്ടിടങ്ങളെക്കാള്‍ ഉയരത്തില്‍ ചട്ടക്കൂട് ഉപയോഗിച്ചാണിവയെ താങ്ങിനിര്‍ത്തുന്നത്. ഇതേ ആവശ്യത്തിനു ടാങ്കുകളും പണിയാറുണ്ട്. 'സ്റ്റാന്‍ഡ് പൈപ്പുകള്‍' എന്നാണ് ഇവ അറിയപ്പെടുന്നത്.
പെന്‍സ്റ്റോക്കുകള്‍.
ജലസംഭരണിയില്‍ നിന്നും പവര്‍ഹൌസിലേക്കു ജലം കൊണ്ടുപോകുന്ന ഉരുക്കു കുഴലുകളോ കോണ്‍ക്രീറ്റു പാകിയ തുരങ്കങ്ങളോ ആണിവ. ഹൈഡ്രോളികറ്റ് ടര്‍ബൈനുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇവയില്‍ക്കൂടിയുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതു വാല്‍വുകളാണ്.
ജലസംഭരണിയിലെ ജലം സൃഷ്ടിക്കുന്ന ഭീമമായ മര്‍ദം താങ്ങാന്‍ ഈ പെന്‍സ്റ്റോക്കുകള്‍ക്കു കഴിയണം; ഈ ഭീമമര്‍ദം അനുഭവപ്പെടുമ്പോള്‍ പെന്‍സ്റ്റോക്കുകളെ തുറക്കാനും അടയ്ക്കാനും കഴിയണം.
ജനറേറ്ററുകളുടെ എണ്ണം, പുറത്തു വിടേണ്ട ജലത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചാണ് പെന്‍സ്റ്റോക്കുകളുടെ എണ്ണവും വലുപ്പവും നിശ്ചയിക്കുന്നത്. ഹൂവെര്‍ അണക്കെട്ടിലെ പ്രധാന പെന്‍സ്റ്റോക്കുകള്‍ 9 മീ. വ്യാസവും 76 മി.മീ. പരമാവധി കനവുമുള്ള ഉരുക്കുകുഴലുകളാണ്.
ജലപ്രണാളി/ജലവാഹിക.
ഒരു ജലസംഭരണിയില്‍ നിന്നു ജലസേചനാവശ്യങ്ങള്‍ക്കായി വിദൂരസ്ഥലത്തേക്കോ കൃഷിഭൂമിയിലേക്കോ ജലം കൊണ്ടുപോകുന്ന പൈപ്പുകളോ തോടുകളോ ആണ് ജലപ്രണാളി (വാഹി)കള്‍.
ജലസംഭരണിയിലെ ജലത്തിന്റെ രാസസ്വഭാവം.
ജലസംഭരണിയിലെ ജലത്തിന്റെ രാസസ്വഭാവങ്ങള്‍, ജലത്തിന്റെ ഊഷ്മാവ്, അതിന്റെ പരിശുദ്ധി എന്നീ കാര്യങ്ങള്‍ നിരീക്ഷണവിധേയമാക്കണം. ജലത്തിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രത ഒരു പരിധിയില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ അതു ജലസേചനത്തിലും കൃഷിയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ജലത്തിന്റെ പരിശുദ്ധിയെ സ്വാധീനിക്കുന്ന രണ്ടു പ്രധാനഘടകങ്ങളാണ്, ജലസംഭരണി പണിതിട്ടുളള സ്ഥലത്തിന്റെ ഉയരവും ജനബാഹുല്യപ്രദേശങ്ങളില്‍ നിന്ന് ആ സ്ഥലത്തേക്കുള്ള അകലവും ഇവ കൂടുന്നതനുസരിച്ച് ജലത്തിന്റെ പരിശുദ്ധിയും വര്‍ധിക്കുന്നു.
ജലസംഭരണികളുടെ ഉപയോഗങ്ങള്‍.
നദി, നദീവ്യൂഹങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശേഷിയും ചൂഷണവിധേയമാക്കണമെങ്കില്‍ വലിയ ജലസംഭരണികള്‍, പ്രത്യേകിച്ച് വിവിധോദ്ദേശ്യ ജലസംഭരണികള്‍ കൂടിയേ കഴിയൂ. വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വലിയ ജലശീര്‍ഷം പ്രദാനം ചെയ്യാനും ജലസംഭരണികള്‍ വേണം. ജലപ്രവാഹത്തിലെ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാനും ഉയര്‍ന്ന ശേഷിയുള്ള ജലസംഭരണികളാനുയോജ്യം.
വെള്ളപ്പൊക്കനിവാരണവും നിയന്ത്രണവും; മണ്ണൊലിപ്പ് തടയല്‍, അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുള്ള നദികളിലൂടെയുള്ള ജലഗതാഗതം; അവയിലെ മത്സ്യകൃഷിയും മത്സ്യബന്ധനവും, വിനോദസഞ്ചാരവികസനം തുടങ്ങിയ കാര്യങ്ങള്‍ക്കും ജലസംഭരണികള്‍ പ്രയോജനപ്പെടുന്നു.
വൈദ്യുതിയുത്പാദനത്തില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ജലസംഭരണികള്‍ക്ക് വേലാരോധി (tide proof) വൈദ്യുതശക്തി ഉത്പാദനത്തിലും കാര്യമായ പങ്കുണ്ട്. വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന ജലശീര്‍ഷം ഉപയോഗിച്ചാണ് ഇത്തരം പ്ലാന്റുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വേലിയേറ്റ സമയത്ത് തുറന്ന കവാടങ്ങളിലൂടെ ജലം സംഭരണിയില്‍ നിറയുന്നു. കവാടങ്ങള്‍ അടച്ചശേഷം വേലിയിറക്കം മൂലം സമുദ്രം താഴ്ന്നു തുടങ്ങുമ്പോള്‍ സമുദ്രനിരപ്പിനും ജലസംഭരണിയിലെ ജലനിരപ്പിനും തമ്മില്‍ ഉണ്ടാകുന്ന ഉയരവ്യത്യാസം ആവശ്യമുള്ളത്ര ജലശീര്‍ഷം സൃഷ്ടിച്ചു കഴിഞ്ഞാല്‍ വൈദ്യുതോത്പാദനം ആരംഭിക്കുന്നു.
സംഭരണികളിലെ ജലം ഉപയോഗിച്ചു ഭൗമജല ഉറവകളെ പുനഃപൂരണം (recharging) ചെയ്യാം. വരണ്ട പ്രദേശങ്ങളില്‍ കുഴികളും കിടങ്ങുകളും കൃത്രിമമായുണ്ടാക്കി അതില്‍ ജലസംഭരണിയിലെ ജലം നിറയ്ക്കുകയാണിതിനൊരു മാര്‍ഗം. ചില അവസരങ്ങളില്‍ നദികളുടെ വരണ്ട ചാലുകളിലൂടെയും ജലം കടത്തിവിടുന്നു. അനുകൂല സാഹചര്യങ്ങളില്‍ നല്ല തോതില്‍ ജലം ഊറാന്‍ ഇത് സഹായിക്കുന്നു. ചില ചരല്‍ക്കുഴികളില്‍ (gravel pits) പ്രതിദിനം 100 സെ.മീ. എന്ന നിരക്കില്‍ കൂടുതല്‍ പുനഃപൂരണം സൃഷ്ടിക്കാന്‍ കഴിയും. ചില സമയത്ത് പുനഃപൂരണത്തിനാവശ്യമുള്ള ജലം വളരെ ചെലവേറിയ ഒരു വസ്തുവായിരിക്കും. അത്തരം അവസരങ്ങളില്‍ ശുദ്ധജലം അന്തഃക്ഷേപണ കിണറുകളിലൂടെ ജലവാഹിസ്തരത്തിലേക്ക് (മൂൌശളലൃ) നേരിട്ടു കടത്തിവിടുന്നു.
ജലസംഭരണികളിലെ അപകടങ്ങള്‍.
മനുഷ്യ നിര്‍മിതമായ ജലസംഭരണികളില്‍ ഭീമാകാരമായ അളവില്‍ ജലം സംഭരിക്കാറുണ്ട്. ദക്ഷിണാഫ്രിക്കയില്‍ കരിബ തടാകത്തിലെ ജലസംഭരണി മുഴുവനായി നിറഞ്ഞാല്‍ അതിലെ ജലത്തിന്റെ ഭാരം സു. 170 ദശലക്ഷം ടണ്‍ വരും. ഭൂമിയുടെ പുറംപോളയില്‍ ഈ ഭാരം സൃഷ്ടിക്കുന്ന മര്‍ദം അപകടകരമായ ഭൂകമ്പ സക്രിയതയ്ക്കു പ്രേരകമാകാറുണ്ട്.
വലിയ ജലസംഭരണികളില്‍ ബാഷ്പീകരണം മൂലമുണ്ടാകുന്ന ജലനഷ്ടം സംഭരണിയിലെ ലവണ സാന്ദ്രതയെ ഉയര്‍ത്തുന്നു. ഇത് സേചിതപ്രദേശങ്ങളിലെ കൃഷിക്ക് അനുഗുണമല്ല. വലിയ ജലസംഭരണികളുടെ സമീപപ്രദേശങ്ങളില്‍ ഉഷ്ണകാലത്ത് മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കു സാധ്യതയുണ്ട്.
ജലസംഭരണിയുടെ രൂപകല്പനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജലസംഭരണിയിലേക്ക് എല്ലാവിധത്തിലുമുള്ള നീരൊഴുക്കിന്റെ അളവ് കൃത്യമായി കണക്കാക്കണം. മഴ, മഞ്ഞുവീഴ്ച, ഗുരുത്വാകര്‍ഷണം, പമ്പ്ഡ് സ്റ്റോറേജ് എന്നിങ്ങനെ വിവിധരീതിയില്‍ ലഭിക്കുവാനിടയുള്ള ജലത്തിന്റെ അളവും അവയില്‍ വരുന്ന വ്യതിയാനങ്ങളും ശ്രദ്ധിച്ചു പഠിക്കണം.
നീരൊഴുക്കും ജലം പുറത്തേക്കു പ്രവഹിക്കുന്ന നിരക്കും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യണം. വെള്ളപ്പൊക്ക കാലങ്ങളില്‍ ജലസംഭരണിയില്‍ നിലനിര്‍ത്തേണ്ട ജലനിരപ്പ്, പെട്ടെന്നു ജലസംഭരണി നിറഞ്ഞുകവിയാനുള്ള സാധ്യത എന്നിവയെക്കുറിച്ചും പഠിക്കണം. കാറ്റിന്റെ വേഗത, സംഭരണിയിലെ വെള്ളത്തില്‍ കാറ്റിന്റെ അലകള്‍ സൃഷ്ടിക്കുന്ന അവസ്ഥ എന്നിവയെക്കുറിച്ചും ശരിയായി പഠിക്കണം. അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ജലസംഭരണിയുടെ സംഭരണശേഷിയില്‍ താത്കാലികമായി വരുത്തുന്ന കുറവു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തണം. ഇവയ്ക്കെല്ലാം ഇന്നു നിയമങ്ങള്‍ നിലവിലുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ച 'റിസര്‍വോയര്‍സ് (സേഫ്റ്റി പ്രൊവിഷന്‍സ്) ആക്റ്റ് 1930', 'ദ റിസര്‍വോയര്‍ ആക്റ്റ് 1975', യു.എസ്സിലെ 'ഫെഡറല്‍ ഗൈഡ്ലൈന്‍സ് ഫോര്‍ ഡാം സേഫ്റ്റി; (1979 ജൂണ്‍) എന്നിവ ഉദാഹരണങ്ങളാണ്. അണക്കെട്ടുകളുടെ രൂപകല്പനയെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാനും അവ കൈമാറാനുമായി 6 രാജ്യങ്ങള്‍ ചേര്‍ന്ന് ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓണ്‍ ലാര്‍ജ് ഡാംസ് (ICOLD)രൂപീകരിച്ചു (1928). പിന്നീട് മറ്റു ചില രാജ്യങ്ങളും ഈ സംഘടനയില്‍ അംഗങ്ങളായി. 1992-ലെ അംഗസംഖ്യ 76 ആണ്. അണക്കെട്ടുകളുടെയും അവയിലെ ജലസംഭരണികളുടെയും സുരക്ഷിതത്വത്തിനായി ഈ കമ്മിഷന്‍ പല ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. 1987-ല്‍ ICOLD പ്രസിദ്ധീകരിച്ച 'ഡാം സേഫ്റ്റി ഗൈഡ്ലൈന്‍സ്' എന്ന മാര്‍ഗരേഖപ്രകാരം എന്‍ജിനീയര്‍മാര്‍ കാലാകാലങ്ങളില്‍ അണക്കെട്ടും ജലസംഭരണികളും പരിശോധിച്ച് അവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. എന്‍ജിനീയര്‍മാരെ സഹായിക്കുന്ന ഒരു മാര്‍ഗരേഖയാണ് ലണ്ടനിലെ 'ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് സിവില്‍ എന്‍ജിനിയേഴ്സ്' പ്രസിദ്ധീകരണമായ ഫ്ളഡ്സ് ആന്‍ഡ് റിസര്‍വോയര്‍ സേഫ്റ്റി (3-ാം പതിപ്പ്, 1996).