This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍, കലാമണ്ഡലം (1936 - 2009)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:14, 19 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേശവന്‍, കലാമണ്ഡലം (1936 - 2009)

ആട്ടക്കഥാകൃത്തും നടനും സാഹിത്യകാരനുമായ ചെണ്ടവാദനവിദഗ്ധന്‍. കുറുങ്കാട്ടു മനയ്ക്കല്‍ വാമനന്‍നമ്പൂതിരിയുടെയും മുല്ലമ്പത്ത് നീട്ടിയത്തു ജാനകിയമ്മയുടെയും മകനായി 1936 മേയ് 18-ന് പാലക്കാടു താലൂക്കില്‍ പെരിങ്ങോട്ടുകരയില്‍ ജനിച്ചു. പിതാമഹന്‍, ജ്യേഷ്ഠന്‍ തുടങ്ങിയവര്‍ കഥകളിക്കൊട്ടിലും പാട്ടിലും പ്രസിദ്ധന്മാരായിരുന്നു. എസ്.എസ്.എല്‍.സിയും ഹിന്ദിയില്‍ പ്രവേശിക പരീക്ഷയും പാസായിട്ടുണ്ട്.

കലാമണ്ഡലം കേശവന്‍

ഇദ്ദേഹം സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ചെണ്ടുകൊട്ടു പഠിക്കാന്‍ തുടങ്ങി. 10-ാം വയസ്സില്‍ തായമ്പകയില്‍ അരങ്ങേറ്റം നടന്നു. തായമ്പകവിദഗ്ധനായ അമ്മാവന്‍, നീട്ടിയത്തു ഗോവിന്ദന്‍നായരായിരുന്നു ഗുരു. കൊട്ടില്‍നിന്നുള്ള വരുമാനം പഠിത്തത്തിനു ഉപകരിച്ചു. ഒമ്പതാംക്ളാസില്‍ പഠിക്കുമ്പോള്‍ പൂമള്ളിമനയ്ക്കല്‍വച്ചു ആദ്യമായി മൂത്തമന കേശവന്‍നമ്പൂതിരിയില്‍നിന്നും കഥകളിക്കൊട്ടിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ പാസായി ജോലിക്കു അലഞ്ഞുനടക്കുന്നതിനിടയില്‍ വീട്ടുകാരുടെ വിലക്കു വകവയ്ക്കാതെ സ്വമേധയാ, 1954-ല്‍ കലാമണ്ഡലത്തില്‍ ചെണ്ട കൊട്ടഭ്യസിക്കുവാന്‍ ചേര്‍ന്നു. ഒരു വര്‍ഷം കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ കീഴിലും ചെണ്ടകൊട്ട് അഭ്യസിച്ചു. 1955-ല്‍ കലാമണ്ഡലംവിട്ടശേഷം ഗുരുകുഞ്ചുക്കുറുപ്പിന്റെ കൂടെ കുറച്ചുകാലം ചാലക്കുടിയിലും രണ്ടുകൊല്ലം ചുനങ്ങാട് കലാസദനത്തിലും 1960 മുതല്‍ 63 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. ഫൈന്‍ ആര്‍ട്സ് സ്കൂളിലും ചെണ്ട അധ്യാപകനായി ജോലിനോക്കി. 1963 മുതല്‍ എഫ്.എ.സി.റ്റി. കഥകളിസംഘത്തില്‍ പ്രവര്‍ത്തിച്ചു. കഥകളിപ്പാട്ടും ആട്ടവും വശമാക്കിയ ഇദ്ദേഹം പൊന്നാനിയായും ചിലപ്പോള്‍ ശിങ്കിടിയായും പാടിയിട്ടുണ്ട്. എറണാകുളം കഥകളി ക്ളബ്ബില്‍ കീചകന്റെ ഭാഗം ഭംഗിയായി അഭിനയിക്കുകയുണ്ടായി. കഥകളിമേളത്തിലെ ഇന്നത്തെ ത്രിമൂര്‍ത്തികളായ കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍മാരാര്‍, ചന്ദ്രമന്നാടിയാര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും തലയെടുപ്പുണ്ടായിരുന്നത് കേശവനാണ്.

വിദേശപര്യടനം നടത്തിയ കഥകളി ട്രൂപ്പുകളുടെ കൂട്ടത്തില്‍ ചെണ്ടവാദ്യക്കാരനായി 1967-ല്‍ ആറുമാസക്കാലം കാനഡയില്‍ വച്ചുനടന്ന എക്സ്പോയില്‍ പങ്കെടുത്തു. കൂട്ടത്തില്‍ ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലണ്ട്, യൂഗോസ്ളാവിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും പര്യടനം നടത്തി. 1970, 72, 74, 78 എന്നീ വര്‍ഷങ്ങളിലായി വീണ്ടും യൂറോപ്യന്‍ രാജ്യങ്ങളിലും തെക്കേ അമേരിക്കയിലെ വെനിസ്വേലായിലും പോയി.

കാര്‍ക്കോടകന്‍, അമ്മേ കനിയൂ എന്നീ രണ്ടു കവിതാഗ്രന്ഥങ്ങളും ദശപുഷ്പങ്ങള്‍ എന്ന ഒരു കഥാസമാഹാരവും അരങ്ങിനു പിന്നില്‍, കമലദളം എന്നീ കഥകളി ലേഖനസമുച്ചയങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആട്ടക്കഥകളായി ശാകുന്തളം, രഘുവിജയം, ഏകലവ്യചരിതം, ഭീമബന്ധനം, സതിസുകന്യ, അശ്വത്ഥാമാവ്, രൂസ്തവും സോറാബും, വിചിത്രവിജയം, മൃതസഞ്ജീവനി എന്നിവയും രചിച്ചിട്ടുണ്ട്. ശബരിമല ധര്‍മശാസ്താ, ഭസ്മാസുരമോഹിനി, ഉഷാപരിണയം, അഹല്യാമോക്ഷം, അമ്പാടിക്കണ്ണന്‍, കര്‍ണന്‍, ദേവീ കന്യാകുമാരി, തിലോത്തമ, ഖാണ്ഡവദാഹം, ശാകുന്തളം, സര്‍പ്പസത്രം, ഉലൂപി, മഹാബലി, പാശുപതം, നവനീതം, കുമാരസംഭവം, രാജാചന്ദ്രഹാസന്‍, ഇന്ദ്രജിത്ത്, ശിഷ്യനും മകനും, സൗപര്‍ണം എന്നിങ്ങനെ 40-ഓളം നൃത്തസംഗീതികകളും സാളഗ്രാമം എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു നോവലും എഴുതിയിട്ടുണ്ട്. തേന്‍തുള്ളി എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കഥകളിയെന്നപോലെ നാടകത്തിലും സിനിമയിലും കേശവന്‍ തന്റെ അഭിനയ മിഴിവു തെളിയിച്ചിട്ടുണ്ട്. ജി. അരവിന്ദന്റെ 'മാറാട്ടം', മുഖ്യധാരാ സിനിമയായ 'കഥാനായകന്‍' തുടങ്ങി നിരവധി സിനിമകളിലും ടി.വി. സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കേരള സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സിലില്‍ അംഗമായിരുന്നിട്ടുള്ള ഇദ്ദേഹം 2009 ഏ. 25-ന് അന്തരിച്ചു.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍