This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകിലസന്ദേശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:49, 18 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോകിലസന്ദേശം

പതിനാലാം ശതകത്തില്‍ കേരളത്തില്‍ രചിക്കപ്പെട്ട സംസ്കൃത സന്ദേശകാവ്യം. മല്ലികാമാരുതകര്‍ത്താവെന്ന് പ്രഥിതനായ ഉദ്ദണ്ഡശാസ്ത്രികളാണ് ഇതിന്റെ രചയിതാവ്. നായകന്‍ കവിയും നായിക തൃശൂരിനടുത്ത് ചേന്ദമംഗലത്ത് മാരക്കര വീട്ടിലെ ഒരു യുവതിയുമാണ്. മാരക്കരവീട് ഉദ്ദണ്ഡശാസ്ത്രികളുടെ ഭാര്യാഗൃഹമാണെന്ന് പറയപ്പെടുന്നു.

ഭാര്യാഗൃഹത്തില്‍ ഉറങ്ങിക്കിടന്ന നായകനെ വരുണപുരത്തുനിന്നും കാഞ്ചിയില്‍ ദേവാര്‍ച്ചനയ്ക്കുപോയ ഗന്ധര്‍വന്മാര്‍ എടുത്തുകൊണ്ടുപോകുന്നു. കമ്പയാറിന്റെ കരയിലുള്ള കാഞ്ചിയില്‍ എത്തിയപ്പോഴേക്കും പാര്‍വതീദേവിയുടെ കിങ്കരന്മാര്‍ ആജ്ഞാപിക്കുകയാല്‍ അവര്‍ നായകനെ അവിടെ ഉപേക്ഷിക്കുന്നു. അഞ്ചുമാസക്കാലം ദേവീഭജനം നടത്തിയാല്‍ പത്നീസമാഗമം ലഭിക്കുമെന്ന ഒരശരീരി അപ്പോള്‍ കേള്‍ക്കായി. അതനുസരിച്ച് നായകന്‍ അടുത്തുള്ള ദേവീക്ഷേത്രത്തില്‍ ഭജനം പാര്‍ത്തു കഴിഞ്ഞുകൂടി. വിയോഗവ്യഥ ദുസ്സഹമായപ്പോള്‍ അവിടെ കണ്ടുമുട്ടിയ ഒരു കോകിലത്തെ സന്ദേശവുമായി നായികയുടെ സമീപത്തേക്ക് അയയ്ക്കുന്നതാണ് കഥ.

കേരളത്തിന്റെ ഭൂപ്രകൃതി, ക്ഷേത്രങ്ങള്‍, രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍ എന്നിവയെല്ലാം കാവ്യത്തില്‍ വര്‍ണിതമായിട്ടുണ്ട്. കാഞ്ചിയില്‍ നിന്നും പുറപ്പെട്ട് കര്‍ണാടക സംസ്ഥാനത്തിലെ വില്വക്ഷേത്രം, കാവേരി, ശ്രീരംഗനാഥക്ഷേത്രം, ലക്ഷ്മീനാരായണപുരം എന്നിവ കടന്ന് സഹ്യപര്‍വതത്തിലെത്തി മലബാറില്‍ പ്രവേശിക്കുന്ന കോകിലം തിരുനെല്ലി, കോലത്തുനാട്, വടക്കന്‍കോട്ടയം, കോഴിക്കോട്, വെട്ടം, മുക്കോല, പോര്‍ക്കളം, തൃശ്ശിവപേരൂര്‍, പെരുമനം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, തിരുവഞ്ചിക്കുളം, പെരിയാര്‍ എന്നീ സ്ഥലങ്ങളിലൂടെയാണ് ചേന്ദമംഗലത്തെത്തുന്നത്.

സന്ദേശകാവ്യവൃത്തമെന്നു പ്രസിദ്ധി നേടിയ മന്ദാക്രാന്തയില്‍ രചിച്ചിട്ടുള്ള ഈ കാവ്യം പൂര്‍വഭാഗം, ഉത്തരഭാഗം എന്നു രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. പൂര്‍വഭാഗത്തില്‍ 93-ാം ഉത്തരഭാഗത്തില്‍ 69-ഉം ശ്ലോകങ്ങള്‍ ഉണ്ട്. ആശയഗാംഭീര്യം, രചനാസൗഷ്ഠവം, രസപൗഷ്കല്യം മുതലായ ഗുണങ്ങള്‍ കൊണ്ട് ഈ ശ്ലോകങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്. പെരുഞ്ചെല്ലൂര്‍ മഹാദേവനെ പ്രകീര്‍ത്തിക്കുന്നതായ ചുവടെ ചേര്‍ക്കുന്ന പദ്യം ഈ വസ്തുത വ്യക്തമാക്കുന്നു.

"ദിവ്യൈശ്വര്യം ദിശസി ഭജതാം, വര്‍ത്തസേ ഭിക്ഷമാണോ

ഗൗരീമങ്കേ വഹസി, ഭസിതം പഞ്ചബാണം ചകര്‍ത്ഥ;

കൃത്സ്നം വ്യാപ്യ സ്ഫുരസി ഭുവനം,

മൃഗ്യസേ ചാഗമാന്തൈഃ

കസ്തേ തത്ത്വം പ്രഭവതി പരിച്ഛേത്തുമാശ്ചര്യ സിന്ധോ

(ആശ്ചര്യങ്ങള്‍ക്കു ആശ്രയമായ ഭഗവാനേ! നിന്തിരുവടി ഭക്തന്മാര്‍ക്കു ദിവൈശ്വര്യം നല്കുന്നു. എന്നാല്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്നു; പാര്‍വതിയെ മടിത്തട്ടില്‍ വഹിക്കുന്നു, അതേസമയം പഞ്ചബാണനെ ചാമ്പലാക്കി; ലോകംമുഴുവന്‍ വ്യാപിച്ച് പ്രകാശിക്കുന്നുവെങ്കിലം ഉപനിഷത്തുക്കളാല്‍ അന്വേഷിക്കപ്പെടുന്നു. നിന്തിരുവടിയുടെ തത്ത്വം ആര്‍ക്കാണ് പരിച്ഛേദിക്കുവാന്‍ സാധിക്കുക).

കോഴിക്കോടിന്റെ വര്‍ണനയില്‍ കവിയുടെ രസാഭിവ്യഞ്ജനചാതുര്യം പ്രകടമായിക്കാണാം.

"ഗേഹേഗേഹേ നവനവസുധാക്ഷാളിതം യത്രസൗധം

സൗധേസൗധേ സുരഭികുസുമൈഃ കല്പിതം കേളിതല്പം;

തല്പേതല്പേ രസപരവശം കാമിനികാന്തയുഗ്മം

യുഗ്മേ യുഗ്മേ സ ഖലു വിഹരന്‍ വിശ്വവീരോ മനോഭൂഃ

(ഓരോ ഗൃഹത്തിലും പുതിയ സുധ(അമൃത്, കുമ്മായം)യാല്‍ ക്ഷാളിതമായ സൗധം, സൗധംതോറും സുരഭി കുസുമങ്ങളാല്‍ രചിതമായ കേളിശയ്യ, ശയ്യതോറും രസപരമായ കാമിനീകാന്തമിഥുനം, മിഥുനംതോറും വിഹരിക്കുന്ന വിശ്വവീരനായ മനോഭവന്‍ അതാണ് കുക്കുടക്രോഡ-കോഴിക്കോട്-നഗരത്തിന്റെ മഹത്ത്വം).

ലക്ഷ്മീദാസ വിരചിതമായ ശുകസന്ദേശത്തിന്റെ കനിഷ്ഠ സഹോദരസ്ഥാനമര്‍ഹിക്കുന്നതാണ് ഈ കോകിലസന്ദേശമെന്നതില്‍ പക്ഷാന്തരമില്ല. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഈ കൃതി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

(ഡോ. ചമ്പക്കുളം അപ്പുക്കുട്ടന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍