This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലീവ് ലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:55, 18 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Cleveland

അമേരിക്കയില്‍ (യു.എസ്.) ഓഹായോ സ്റ്റേറ്റിലെ ഏറ്റവും വലിയ നഗരം. കയാഹോഗാ കൗണ്ടിയുടെ ആസ്ഥാനവും ക്ലീവ് ലന്‍ഡ് ആണ്. കയാഹോഗാ നദീമുഖത്തെ 'ഏറീ' തടാകത്തിന്റെ തെക്കേ കരയില്‍ സ്ഥിതി ചെയ്യുന്നു. 22.5 കി.മീ. നീളമുള്ള ഒരു തടാകതീരം ഈ നഗരത്തിനുണ്ട്.

കുടിയേറിപ്പാര്‍പ്പിനും മറ്റും മാര്‍ഗനിര്‍ദേശകനായിരുന്ന മോസസ് ക്ലീവ് ലന്‍ഡ് സ്ഥാപിച്ചതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഇവിടത്തെ വൃക്ഷബാഹുല്യത്താല്‍ ഇതിനെ 'വനനഗരം' (Forest city) എന്നും വിശേഷിപ്പിക്കാറുണ്ട്. 1836-ലാണ് നഗരപദവി കൈവന്നത്. നഗരത്തിന്റെ മൊത്തം വിസ്തീര്‍ണം: 213.4 ച.കി.മീ.; ജനസംഖ്യ: 3,96,815 (2010).

നഗരത്തിന് പ്രധാനമായി രണ്ടു ഭാഗങ്ങളുണ്ട്; വ്യവസായകേന്ദ്രമായ ഫ്ളാറ്റസ്-നദിയോടു തൊട്ടുള്ള താരതമ്യേന താഴ്ന്ന പ്രദേശം-ആദ്യത്തെതാണ്; ഉന്നതതടത്തിലായി ശേഷം ഭാഗം സ്ഥിതി ചെയ്യുന്നു. നഗരത്തിലെ പ്രധാന പാതകളെല്ലാം എത്തിച്ചേരുന്നത് 'പബ്ലിക് സ്ക്വാറി'ലാണ്. 52 നിലകളുള്ള 'ടെര്‍മിനല്‍ ടവറും' മറ്റു പ്രധാന കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ ഗ്രൂപ്പും യൂണിയന്‍ റെയില്‍വേ ടെര്‍മിനലും ഇവിടെത്തന്നെ. മുമ്പ് ജനങ്ങള്‍ ധാരാളമായി പാര്‍ത്തിരുന്ന ഒരു പ്രധാന കേന്ദ്രമായിരുന്ന യൂക്ലിഡ് അവന്യൂ, പബ്ലിക് സ്ക്വാറിന്റെ തെക്കുകിഴക്കേയറ്റത്തു നിന്നാണാരംഭിക്കുന്നത്. ഇന്ന് ഇത് പാര്‍പ്പിട കേന്ദ്രമല്ല; മുഖ്യ വാണിജ്യകേന്ദ്രമാണ്.

വികസനത്തില്‍ 45-ാം സ്ഥാനമാണ് യു.എസ്സില്‍ ക്ലീവ് ന്‍ഡിനുള്ളത്. ഇത് യു.എസ്സിലെ പ്രധാനപ്പെട്ട വ്യവസായ നഗരങ്ങളിലൊന്നാണ്. ഇരുമ്പുരുക്കുത്പന്നങ്ങളാണ് കൂട്ടത്തില്‍ മുഖ്യം. ഹെവി മെഷീനറികള്‍, ട്രക്കുകള്‍, റോഡു നിര്‍മാണത്തിനും കയറ്റിറക്കുമതികള്‍ക്കുമുള്ള യന്ത്രങ്ങള്‍, ഇലക്ട്രിക്കലുപകരണങ്ങള്‍, ഹാര്‍ഡ്-വെയര്‍ വസ്തുക്കള്‍ എന്നിവ ഇവിടത്തെ ഫാക്ടറികളിലുത്പാദിപ്പിക്കുന്നു. പല പ്രധാന വസ്ത്രനിര്‍മാണശാലകളും എയര്‍ക്രാഫ്റ്റ് ഫാക്ടറികളും ഇവിടെയുണ്ട്. യു.എസ്സിലെ ആദ്യത്തെ ഓയില്‍ റിഫൈനറി 1862-ല്‍ ജോണ്‍ റോക്ഫെലര്‍ ഇവിടെ നിര്‍മിച്ചതാണ്.

ഭൂമിശാസ്ത്രപരമായ സ്ഥാനം ക്ലീവ് ലന്‍ഡിനെ ഒരു സുപ്രധാന റെയില്‍-ജല-വ്യോമഗതാഗത കേന്ദ്രമാക്കിത്തീര്‍ത്തിരിക്കുന്നു. വിസ്തൃതമായ റെയില്‍വേ ടെര്‍മിനലും ഹാര്‍ബറും കൂടി 'ഗ്രേറ്റ് ലേക്സ്' പ്രദേശത്തെ ഉത്പന്നങ്ങളുടെ ഒരു നല്ല പങ്കും കൈകാര്യം ചെയ്യുന്നു. ലേക് സുപ്പീരിയര്‍ പ്രദേശത്തു നിന്നു വരുന്ന ഇരുമ്പയിരിന്റെ മുഖ്യഭാഗവും നഗരത്തിലെ പ്രധാന സ്റ്റീല്‍പ്ലാന്റുകളാണ് ഉപയോഗിക്കുന്നത്. കല്‍ക്കരി, തടി, ധാന്യങ്ങള്‍ എന്നിവ മറ്റു സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കുന്നതും ക്ലീവ് ലന്‍ഡിലൂടെതന്നെ. ഇവിടത്തെ 'ക്ലിവ്ലെന്‍ഡ് -ഹോപ്കീന്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' യു.എസ്സിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ്. 1968-ല്‍ ഇവിടത്തെ വ്യവസായസിരാകേന്ദ്രം വിമാനത്താവളവുമായി റാപ്പിഡ് ട്രാന്‍സിറ്റ് ലൈന്‍മൂലം ബന്ധിപ്പിച്ചതോടെ ഇത്തരത്തിലുള്ള പ്രഥമ അമേരിക്കന്‍ നഗരമായിത്തീര്‍ന്നു ക്ലീവ് ലന്‍ഡ്.

ഇരുവശവും മരങ്ങള്‍ തണല്‍ പരത്തുന്ന വീതിയേറിയ ഒരു പാത-ബൂല്‍വാര്‍-20 പാര്‍ക്കുകളെ ബന്ധിപ്പിച്ചുകൊണ്ടുപോകുന്നു. വൃത്താകൃതിയിലുള്ള ഇതിന്റെ ദൂരം 65 കി.മീ. ആണ്. നഗരത്തിലെ 23 ജനവര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനായി റോക്ഫെലര്‍ പാര്‍ക്കില്‍ 23 കള്‍ച്ചറല്‍ ഗാര്‍ഡനുകളുണ്ട്. ഗോര്‍ഡന്‍, വേഡ്, വാഷിങ്ടണ്‍, ബ്രൂക്സൈഡ് (ഇവിടെയാണ് നഗരത്തിലെ മൃഗശാല), മുനിസിപ്പല്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്ന ലീഗ് പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന പാര്‍ക്കുകള്‍. 'ദ ബ്രൗണ്‍സ്' എന്നറിയപ്പെടുന്ന ഒരു മുഖ്യ-ലീഗ് ഫുട്ബാള്‍ ടീമും നഗരത്തിന്റേതായിട്ടുണ്ട്.

ഫെഡറല്‍ ബില്‍ഡിങ്, കയാഹോഗാ കൗണ്ടി കോര്‍ട്ട് ഹൗസ്, സിറ്റിഹാള്‍, 'പബ്ലിക് ലൈബ്രറി', ഫെഡറല്‍ റിസര്‍വ് ബാങ്ക്, പബ്ലിക് ആഡിറ്റോറിയം എന്നിവ നഗരത്തിന്റെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നു; ട്രിനിറ്റി കത്തീഡ്രല്‍, ദ ക്ലീവ് ലന്‍ഡ് മ്യൂസിയം ഒഫ് നാച്വറല്‍ ഹിസ്റ്ററി, ക്ലീവ് ലന്‍ഡ് സിംഫണി ഓര്‍ക്കെസ്ട്രയുടെ കേന്ദ്രമായ സെവറന്‍സ് ഹാള്‍ എന്നിവയൊക്കെ യൂക്ലിഡ് അവന്യുവിലും. ക്ലീവ് ലന്‍ഡ് മ്യൂസിയം ഒഫ് ആര്‍ട്ട്, വേഡ് പാര്‍ക്കിലാണ്. ഇലൂമിനേഷനില്‍ ഗവേഷണം നടത്തുന്ന ദ യൂണിവേഴ്സിറ്റി ഒഫ് ലൈറ്റ് എന്ന ലബോറട്ടറി നേലാ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്നു. ജനറല്‍ ഇലക്ട്രിക് കമ്പനിയുടേതാണ് ഈ ലബോറട്ടറി.

കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റി, ക്ലീവ് ലന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോണ്‍ കാരള്‍ യൂണിവേഴ്സിറ്റി, അഴ്സുലൈന്‍ കോളജ് എന്നിവയാണ് ക്ലീവ് ലന്‍ഡിലെ പ്രധാന കോളജുകള്‍.

ചരിത്രം. കണക്റ്റിക്കട്ട് ലാന്‍ഡ് കമ്പനി, വെസ്റ്റേണ്‍ റിസര്‍വിലുള്ള അതിന്റെ സ്ഥലങ്ങള്‍ പരിശോധിക്കുന്നതിനും കുടിയേറ്റമുറപ്പിക്കുന്നതിനും മറ്റുമായി 1796-ല്‍ മോസസ് ക്ലീവ് ലന്‍ഡിനെ നിയോഗിച്ചു. പീറ്റ്സ്ബര്‍ഗില്‍ നിന്ന് ഡെറ്റ്രോയിറ്റിലേക്കുള്ള മാര്‍ഗമധ്യത്തിലെ ഒരു മുഖ്യ പോസ്റ്റ് എന്നതായിരുന്നു ക്ലീവ് ല ന്‍ഡിന്റെ പ്രാധാന്യം. പത്രവാര്‍ത്തകളില്‍ തലക്കെട്ട് കൊടുക്കുമ്പോള്‍ അസൗകര്യമാണെന്ന കാരണം പറഞ്ഞ് അന്നുവരെ ക്ലീവ് ലന്‍ഡിന്റെ (Cleaveland)പേരിലുണ്ടായിരുന്ന 'എ' (a) എന്ന അക്ഷരം 1832-ഓടെ വിട്ടുകളഞ്ഞു. പേരിന്റെ ഇപ്പോഴത്തെ രൂപം അന്നു ലഭിച്ചതാണ്.

1832-ല്‍ തുറന്ന ഓഹായോ കനാല്‍, ക്ലീവ് ലന്‍ഡിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കു നിദാനമായി. 1851-ല്‍ നഗരത്തെ കൊളംബസുമായി (ഓഹായോയുടെ തലസ്ഥാനനഗരം) ബന്ധിപ്പിക്കുന്ന ആദ്യത്തെ റെയില്‍വേ രൂപമെടുത്തു. ഇതോടൊപ്പം ലേയ്ക് സുപ്പീരിയര്‍ മൈനുകളില്‍ നിന്നുള്ള അയിരുകളും ഇവിടെ എത്തിത്തുടങ്ങി.

ക്ലീവ് ലന്‍ഡിലെ മേയര്‍ ഒന്നാം ലോകയുദ്ധത്തിലെ 'വാര്‍ സെക്രട്ടറി' ആയതോടെ നഗരം ദേശീയശ്രദ്ധ പിടിച്ചുപറ്റി. മാന്റിസ് ജയിംസ് വാന്‍ സ്വെറിങ്ഗന്‍, ഓറിസ് പാക്സ്റ്റന്‍ വാന്‍ സ്വെറിങ്ഗന്‍ എന്നീ സഹോദരന്മാര്‍ എട്ട് വന്‍വ്യൂഹങ്ങളെ നിയന്ത്രിക്കുന്ന ഒരു റെയില്‍-സാമ്രാജ്യം നിര്‍മിച്ചു. ക്ലീവ് ലന്‍ഡ് യൂണിയന്‍ ടെര്‍മിനലിന്റെ നിര്‍മാതാക്കളും ഇവര്‍ തന്നെ (1924).

1967-ല്‍ കറുത്തവംശജനായ കാള്‍ബി സ്റ്റോക്സ് ക്ലീവ് ലന്‍ഡിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കറുത്തവര്‍ഗക്കാരനായ ഒരു മേയറെ തിരഞ്ഞെടുത്ത പ്രഥമ യു.എസ്. നഗരമായിത്തീര്‍ന്നു ക്ലീവ് ലന്‍ഡ്. 1971 വരെ ഇദ്ദേഹം മേയറായിത്തുടര്‍ന്നു. നഗരത്തിലെ വ്യവസായ കേന്ദ്രപ്രദേശത്തിന്റെ പുരോഗതിക്കായി പല പദ്ധതികളും 70-കളില്‍ രൂപമെടുത്തിട്ടുണ്ട്. എന്നാല്‍ 70-കളുടെ അവസാനത്തോടെ നഗരത്തിന് പല കടബാധ്യതകളും വന്നുചേര്‍ന്നു.

ഒരു മേയറും 56 കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് ഇപ്പോള്‍ നഗരഭരണം നടത്തുന്നത്. ഒറ്റയക്കം വരുന്ന എല്ലാ വര്‍ഷങ്ങളിലും ഇവിടെ തിരഞ്ഞെടുപ്പുനടത്തുന്നു.

2. മിസ്സിസ്സിപ്പിയിലെ ഒരു നഗരം. ബൊളീവര്‍ കൗണ്ടിയുടെ രണ്ട് ആസ്ഥാന നഗരങ്ങളില്‍ ഒന്നാണിത്. ജനസംഖ്യ: 12,334(2010). പരുത്തി, അരി, സോയാബീന്‍സ് തുടങ്ങി പല ധാന്യവിളകളുടെയും ഉത്പാദനകേന്ദ്രമായ ഒരു കാര്‍ഷിക മേഖലയുടെ വ്യവസായ-വാണിജ്യ കേന്ദ്രമാണ് ക്ലീവ് ലന്‍ഡ്. സെറാമിക് ഓടുകള്‍, ഔഷധങ്ങള്‍, ആട്ടോമൊബീല്‍ ട്രിം, വിവിധയിനം ടൂളുകള്‍, കമ്മട്ടങ്ങള്‍-അച്ചുകള്‍ ഇത്യാദിയുടെ നിര്‍മാണത്തിനുവേണ്ട ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.

ബൊളീവര്‍ കൗണ്ടിയിലെ പബ്ലിക് ലൈബ്രറി സംവിധാനത്തിന്റെ ആസ്ഥാനമാണ് ക്ലീവ് ലന്‍ഡ്. 1924-ല്‍ ഡെല്‍റ്റാസ്റ്റേറ്റ് കോളജ് എന്ന സഹവിദ്യാഭ്യാസസ്ഥാപനം ഇവിടെ ആരംഭിച്ചു. 1884-ലാണ് ആദ്യമായി കുടിയേറ്റക്കാര്‍ ഇവിടെയെത്തിയത്. 1930-ഓടെ നഗരപദവി കൈവന്നു. മേയറും സിറ്റി കൗണ്‍സിലും ചേര്‍ന്നതാണ് ഭരണസംവിധാനം.

3. ദക്ഷിണ-പൂര്‍വ ടെനസീയിലെ ഒരു വ്യവസായനഗരം. ബ്രാഡ്ലീ കൗണ്ടിയുടെ ആസ്ഥാനമായ ഇത് ചാറ്റനൂഗയില്‍ നിന്ന് ഉദ്ദേശം 42 കി.മീ. വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. പ്രധാനമായും ഒരു കാര്‍ഷിക മേഖലയാണിതിന്റെ സ്ഥാനം. ജനസംഖ്യ: 26,415. ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണം ഇവിടെ വന്‍തോതില്‍ നടക്കുന്നു. 1918-ല്‍ ചര്‍ച്ച് ഒഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ച ആര്‍ട്സ് ആന്‍ഡ് തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷനായ ലീ കോളജ് ക്ലീവ് ലന്‍ഡിലാണ്. ഗ്രേറ്റ് സ്മോക്കി മൗണ്ടന്‍സ് നാഷണല്‍ പാര്‍ക്കിനോടു തൊട്ടുകിടക്കുന്ന ചെറോകീ നാഷണല്‍ ഫോറസ്റ്റിന്റെ ആസ്ഥാനവും ക്ലീവ് ലന്‍ഡ് തന്നെ. കമ്മിഷന്റെ ഭരണകൂടമാണ് ഇവിടെയുള്ളത്. ജനസംഖ്യ: 41,285 (2010).

4. കിഴക്കന്‍ ടെക്സസിലെ ഒരു നഗരം. ഹൂസ്റ്റണില്‍ നിന്ന് ഉദ്ദേശം 64 കി.മീ. വടക്കുകിഴക്കായി, ലിബേര്‍ട്ടി കൗണ്ടിയിലാണ് ഇത്. കൗണ്ടിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ പെട്രോളിയം, തടി എന്നീ വ്യാവസായികോത്പന്നങ്ങളുടെ ഒരു വിതരണകേന്ദ്രം കൂടിയാണിത്. ജനസംഖ്യ: 7954 (2010). കൗണ്‍സിലും മാനേജര്‍മാരുമടങ്ങുന്നതാണ് ഇവിടത്തെ ഭരണസംവിധാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍