This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബുല്‍ അഅലാ മൌദൂദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബുല്‍ അഅലാ മൌദൂദി (1903 - 79)
മതപണ്ഡിതനും രാഷ്ട്രീയനേതാവും. ചിന്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഹൈദരാബാദിലെ ഒരു സയ്യദ് കുടുംബത്തില്‍ 1903 സെപ്. 24-ന് ജനിച്ചു. പൂര്‍ണനാമം മൌലാനാ സയ്യിദ് അബുല്‍ അഅലാ മൌദൂദി. ഇദ്ദേഹത്തിന്റെ മതഭക്തിയും കുശാഗ്രബുദ്ധിയും ഇന്ത്യയിലും വിദേശത്തും നിരവധി അനുയായികളെയും സുഹൃത്തുക്കളെയും ശത്രുക്കളെയും സമ്പാദിക്കാന്‍ സഹായകരമായിട്ടുണ്ട്.
പരിമിതമായ തോതില്‍ മാത്രം വിദ്യാഭ്യാസം ലഭിച്ച ഇദ്ദേഹം സ്വപരിശ്രമംമൂലം ഇംഗ്ളീഷ് പഠിക്കുകയും, ചരിത്രം, രാഷ്ട്രമീംമാസ, സാമ്പത്തികശാസ്ത്രം, തത്ത്വദര്‍ശനം എന്നീ വിഷയങ്ങളില്‍ അഗാധജ്ഞാനം നേടുകയും ചെയ്തു. വിവിധ വിഷയങ്ങളില്‍ അന്‍പത്തിരണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ചെറുപ്പത്തില്‍ തന്നെ മൌദുദി പാശ്ചാത്യവിരോധിയായിരുന്നു. പാശ്ചാത്യരുടെ രാഷ്ട്രീയാധിപത്യത്തോട് മാത്രമല്ല, അവരുടെ സംസ്കാരത്തോടും ഇദ്ദേഹത്തിന് കഠിനമായ വെറുപ്പായിരുന്നു. ഗാന്ധിജിയുടെയും മൌലാനാ മുഹമ്മദലിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ആദ്യകാലത്ത് ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. എങ്കിലും മൌദൂദി പൊതുജീവിതത്തില്‍ പ്രസിദ്ധനായത് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. പല ഉര്‍ദു പത്രങ്ങളുടെയും പത്രാധിപത്യം വഹിച്ച കൂട്ടത്തില്‍ ദേശീയ മുസ്ളിംമതപണ്ഡിത സംഘടനയായ 'ജംഇയ്യത്തുല്‍ ഉലമാ'യുടെ രണ്ടുപത്രങ്ങളും പെടുന്നു. ഉര്‍ദുവില്‍ കഴിവുറ്റ ഒരെഴുത്തുകാരനായ മൌദൂദി സ്വതസിദ്ധമായ ശൈലിയില്‍ മത-രാഷ്ട്രീയ പ്രശ്നങ്ങളെ ഒരു പുതിയ കാഴ്ചപ്പാടിലൂടെ അപഗ്രഥിച്ചെഴുതിയ ലേഖനങ്ങള്‍ പ്രസ്തുത പത്രങ്ങളുടെ പ്രചാരം വര്‍ധിക്കാന്‍ സഹായകമായി. 1932-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പരിഭാഷ) എന്ന പേരില്‍ ഒരു മാസിക സ്വന്തമായി ആരംഭിച്ചു.
മൌദൂദിയുടെ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം പ്രദര്‍ശിപ്പിച്ച അല്ലാമാ ഇഖ്ബാല്‍ പഞ്ചാബിലെ പത്താന്‍കോട്ടിലേക്കു പോകുവാന്‍ ഇദ്ദേഹത്തെ ഉപദേശിച്ചു. മൌദൂദിയുടെ ചിന്താഗതി, അന്ന് സംഘടിത രൂപം പ്രാപിച്ചിരുന്നില്ല. പത്താന്‍കോട്ട് ഒരു അച്ചുകൂടവും പ്രസിദ്ധീകരണാലയവും മറ്റ് ആധുനിക സൌകര്യങ്ങളും ഉള്ള ഒരു എസ്റ്റേറ്റ് മൌദൂദിയുടെ നിയന്ത്രണത്തില്‍ കിട്ടി. 1941-ല്‍ 75 അംഗങ്ങളോടുകൂടി അവിടെവച്ച് 'ജമാഅത്തെ ഇസ്ലാമി' എന്ന സംഘടന രൂപവത്കരിച്ചു. മൌദൂദിയായിരുന്നു അതിന്റെ അമീര്‍ (പ്രസിഡന്റ്) 'പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി'യുടെ അമീറായിരുന്നു ഇദ്ദേഹം. ഇന്ത്യാ വിഭജനത്തിന് മൌദൂദി എതിരായിരുന്നു. മുസ്ളിംലീഗ് അവകാശപ്പെട്ടിരുന്നതുപോലെയുള്ള ഒരു ഇസ്ളാമിക ഭരണം, ജിന്നയുടേതുപോലെയുള്ള മതേതരനേതൃത്വത്തില്‍ സംഭവിക്കുക സാധ്യമല്ലെന്ന് ഇദ്ദേഹം വാദിച്ചു. എങ്കിലും പാകിസ്താന്‍ സ്ഥാപിതമായപ്പോള്‍ മൌദൂദി അങ്ങോട്ടുപോയി. മധ്യപൂര്‍വദേശത്തെ 'മുസ്ളിം ബ്രദര്‍ഹുഡ്' പോലെയുള്ള ഒരു വിപ്ളവപാര്‍ട്ടിയായി മൌദൂദിയുടെ സംഘടനയായ 'ജമാഅത്തെ ഇസ്ലാമി' ക്രമേണ രൂപാന്തരപ്പെട്ടു. പാകിസ്താന്റെ കാശ്മീര്‍നയത്തെ എതിര്‍ത്തുവെന്ന കുറ്റത്തിന് 1948-ല്‍ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. 'അഹമ്മദിയാ' വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതുകൊണ്ട് 1953-ല്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു; പട്ടാളക്കോടതി ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അഹമ്മദിയാക്കളെ അമുസ്ളിം ന്യൂനപക്ഷമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച ഈ പ്രക്ഷോഭം പഞ്ചാബില്‍ വ്യാപകമായ കൊലയിലും കൊള്ളിവയ്പിലും ആണ് കലാശിച്ചത്. പാകിസ്താന്റെ അകത്തും പുറത്തും മൌദൂദിയുടെ വധശിക്ഷയ്ക്കെതിരെ ഉഗ്രമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ സര്‍ക്കാര്‍, ശിക്ഷ ജീവപര്യന്തം തടവാക്കി ചുരുക്കി. ഹൈക്കോടതി വിധിയനുസരിച്ച് രണ്ടരവര്‍ഷത്തിനുശേഷം ഇദ്ദേഹം ജയില്‍വിമുക്തനായി. 1957-ല്‍ പാകിസ്താനില്‍ പ്രത്യേക നിയോജകമണ്ഡലത്തിനുവേണ്ടി രൂപവത്കൃതമായ 'മുസ്ളിം മുന്നണി'യുടെ സമുന്നത നേതാവായിരുന്നു ഇദ്ദേഹം. കിഴക്കന്‍ പാകിസ്താന്‍ സന്ദര്‍ശിച്ച മൌദൂദിക്കെതിരെ അവാമിലീഗുകാര്‍ ഉഗ്രമായ പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അയ്യൂബ്, പാകിസ്താനില്‍ പട്ടാളഭരണം നടപ്പിലാക്കിയപ്പോള്‍ മൌദൂദി വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1964-ലെ സുപ്രീംകോടതി വിധിയനുസരിച്ച് ഇദ്ദേഹം മോചിപ്പിക്കപ്പെട്ടു. 1964-ല്‍ അയ്യൂബ്ഖാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ മൌദൂദിയുടെ പാര്‍ട്ടി, ജനാധിപത്യ ഐക്യമുന്നണി സ്ഥാനാര്‍ഥിയായ ഫാത്തിമ ജിന്നയ്ക്ക് പിന്തുണ നല്കി. അയ്യൂബിന്റെ പതനത്തിനിടയാക്കിയ രാഷ്ട്രീയ പ്രക്ഷോഭണത്തില്‍ മൌദൂദിയുടെ പങ്ക് പ്രമുഖമായിരുന്നു. പാകിസ്താനിലെ ഏറ്റവും ജനസമ്മതനായ നേതാവ് മൌദൂദിയാണെന്ന് പലരും ധരിച്ചിരുന്നുവെങ്കിലും 1970-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ശക്തിയായ തിരിച്ചടി ലഭിച്ചു.
രാഷ്ട്രീയമായി മൌദൂദി ഒരു വിവാദപുരുഷനാണെങ്കിലും പണ്ഡിതനായ മൌദൂദിയെ ആദരിക്കുന്നവരായി ധാരാളം പേര്‍ ലോകത്തുണ്ട്. ഇദ്ദേഹത്തിന്റെ കൃതികള്‍ 17 വിവിധ ഭാഷകളിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്. കാനഡയിലെ ഫോര്‍ഡ് ഫൌണ്ടേഷന്‍ ഇദ്ദേഹത്തിന്റെ കൃതികളെ സംബന്ധിച്ച പഠനം നടത്തുവാന്‍ 6,000 ഡോളര്‍ മക്ഗില്‍ സര്‍വകലാശാലയ്ക്ക് അനുവദിക്കുകയുണ്ടായി. മൌദൂദിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി ഖുര്‍ആന്‍ വ്യാഖ്യാനം ആണ്. 1979 സെപ്. 22-ന് പെന്‍സില്‍വാനിയയില്‍ അന്തരിച്ചു.
(ടി. അബ്ദുല്‍ അസീസ്)