This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബുല്‍ മുസാഫിര്‍ അലാവുദ്ദീന്‍ ബാമന്‍ഷാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:45, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബുല്‍ മുസാഫിര്‍ അലാവുദ്ദീന്‍ ബാമന്‍ഷാ (1291-1358)

ഡെക്കാണിലെ ബാമിനി (ബാഹ്മിനി) രാജവംശസ്ഥാപകന്‍. ഡല്‍ഹി സുല്‍ത്താന്മാരുടെ ഭരണം ക്ഷയിച്ച ഡെക്കാണിലെ രാജ്യങ്ങള്‍ സ്വതന്ത്രമാകാന്‍ തുടങ്ങി. മുഹമ്മദുബിന്‍ തുഗ്ളക്കിന്റെ ഭരണകാലത്ത് (1325-51) തന്നെ ദൌലത്താബാദിലെ അമീര്‍മാര്‍ ഒരു കലാപമുണ്ടാക്കി സ്വതന്ത്രരാകാന്‍ ശ്രമിക്കുകയും ഇസ്മായില്‍ മാലിക്കിനെ സുല്‍ത്താനായി വാഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഹമ്മദുബിന്‍ തുഗ്ളക്ക് യഥാസമയം ദൌലത്താബാദില്‍ എത്തി, കലാപം അടിച്ചമര്‍ത്തി, കലാപനേതാക്കന്മാരെ കാരാഗൃഹത്തിലടച്ചു. ഇതേസമയം, ഹസന്‍ ഗാന്‍ഗു (സഫര്‍ഖാന്‍) എന്നൊരു വിപ്ളവകാരി ജയില്‍ചാടി രക്ഷപ്പെട്ടു; മറ്റൊരു വിപ്ളവം അഴിച്ചുവിട്ട് ഡെക്കാണില്‍ സ്വാതന്ത്യ്രം പ്രാപിച്ചു. ഇദ്ദേഹം 1347 ആഗ. 3-ന് സിക്കന്തരേസാനി അബുല്‍ മുസാഫിര്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഫസന്‍ ബാമന്‍ അല്‍വലി അല്‍ബാമിനി എന്ന പേരില്‍ ഡെക്കാണിലെ സുല്‍ത്താനായി. പേര്‍ഷ്യയിലെ അര്‍ധേതിഹാസപുരുഷനായിരുന്ന ബാമന്റെ വംശജനാണ് താനെന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇസ്മായില്‍ മാലിക്കും മറ്റു നേതാക്കന്മാരും പുതിയ സുല്‍ത്താനെ പിന്‍താങ്ങി. ഇദ്ദേഹം സ്ഥാപിച്ച വംശമാണ് ബാമിനി രാജവംശം. ഇദ്ദേഹം സ്ഥാനാരോഹണം ചെയ്ത ഉടന്‍തന്നെ ഗുല്‍ബര്‍ഗയെ അഹ്സനാബാദ് എന്ന പേരില്‍ തലസ്ഥാനമാക്കി. നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ച് അവിടം മനോഹരമാക്കി. തുടര്‍ന്ന് ദക്ഷിണഭാഗത്തുള്ള വാറങ്കലിലെ കാപായ നായ്ക്കന്മാരെ തോല്പിച്ച് ഭോണ്‍ഗീര്‍ പിടിച്ചെടുത്തു. 1349-ല്‍ വിജയനഗരം ആക്രമിച്ച് കരെയ്ച്ചൂര് കീഴടക്കി. വിജയനഗറിലെ ഹരിഹരന്‍ കാമനുമായി രണ്ടു യുദ്ധങ്ങള്‍ വിജയകരമായി നടത്തി. സാമ്രാജ്യ വിസ്തൃതി വര്‍ധിപ്പിച്ചു. ഇദ്ദേഹത്തിന്റെ സാമ്രാജ്യം വ. വെയിന്‍ ഗംഗാനദി മുതല്‍ തെക്ക് കൃഷ്ണാനദി വരെയും, പ. ദൌലത്താബാദ് മുതല്‍ കി. ഭോണ്‍ഗീര്‍ വരെയും വ്യാപിച്ചു. ഈജിപ്തിലെ ഖലീഫാ ഇദ്ദേഹത്തെ, 'രണ്ടാം അലക്സാണ്ടര്‍' എന്ന ബിരുദം നല്കി ബഹുമാനിച്ചു. ഇദ്ദേഹത്തിന്റെ നാണയങ്ങളില്‍ 'രണ്ടാം അലക്സാണ്ടര്‍' എന്ന് ആലേഖനം ചെയ്യപ്പെട്ടിരുന്നു. സാമ്രാജ്യത്തെ ഭരണസൌകര്യാര്‍ഥം നാല് 'തരഫു'കള്‍ (പ്രോവിന്‍സുകള്‍) ആക്കി തിരിച്ചു: ഗുല്‍ബര്‍ഗ, ദൌലത്താബാദ്, ബീറാര്‍, ബീഡാര്‍ എന്നിങ്ങനെ. ഓരോ തരഫും ഓരോ തരഫ്ദാറുടെ (ഗവര്‍ണറുടെ) കീഴിലാക്കി. ബുര്‍ഹാനിമാ അസീര്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ബാമന്‍ ഷായുടെ ഭരണനൈപുണ്യത്തെയും നീതിനിഷ്ഠയെയും പ്രകീര്‍ത്തിച്ചിട്ടുണ്ട്. ജസിയ നികുതി നിര്‍ത്തലാക്കിയ ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം സുല്‍ത്താനായ ബാമന്‍ഷാ, കാര്‍ഷികോത്പന്നങ്ങള്‍ രാജ്യത്തിനകത്തേക്കു കടത്തിക്കൊണ്ടു വരുന്നതില്‍ ചുങ്കം ഈടാക്കിയിരുന്നില്ല. 1358 ഫെ. 11-ന് 67-ാം വയസ്സില്‍ സുല്‍ത്താന്‍ അന്തരിച്ചു. നോ: ബാമിനി രാജവംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍