This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളസ്റ്റിറോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:16, 9 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊളസ്റ്റിറോള്‍

Cholesterol

കശേരുകികളുടെ ശരീരകോശങ്ങളില്‍ അടങ്ങിയിട്ടുള്ള ഒരു മുഖ്യസ്റ്റിറോള്‍. കശേരുകികളുടെ കോശങ്ങള്‍ വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ കൊളസ്റ്റിറോള്‍ ഉത്പാദിപ്പിക്കുന്നു. കുടല്‍, കരള്‍, ത്വക്ക് എന്നീ ഭാഗങ്ങളിലാണ് പ്രായപൂര്‍ത്തിയായവരില്‍ മുഖ്യമായും കൊളസ്റ്റിറോള്‍ സംശ്ലേഷണം നടക്കുന്നത്. ശരീരത്തിലെ നാഡീകലകള്‍ പ്രത്യേകിച്ചും കൊളസ്റ്റിറോള്‍ കൊണ്ട് സമ്പന്നമാണ്. ഇത് ഒരു ക്രിസ്റ്റലീയ ആള്‍ക്കഹോളാണ്. ഫോര്‍മുല C27H45OH.

സംരചന. ഒരു സങ്കീര്‍ണ ലിപ്പോപ്രോട്ടീനായ മൈലിന്റെ (Mylin) ഘടകാംശമാണ് കൊളസ്റ്റിറോള്‍. മൈലീന്‍ ഒരു ശീതോഷ്ണ സംതുലനഘടകം ആയിട്ടാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ശരീരകലകളിലായാലും ദ്രവത്തിലായാലും പ്രോട്ടീനുകളോടു ചേര്‍ന്നാണ് കൊളസ്റ്റിറോള്‍ കാണപ്പെടുന്നത്. ഈ സ്റ്റിറോളില്‍ ഒരുഭാഗം സ്വതന്ത്ര ഹൈഡ്രോക്സിന്‍ ഗ്രൂപ്പുള്ളവയും (സ്വതന്ത്ര കൊളസ്റ്റിറോള്‍) മറ്റൊരു ഭാഗം ഉന്നത കൊഴുപ്പമ്ലങ്ങളുടെ എസ്റ്ററുകളുമാണ് (എസ്റ്റര്‍ കൊളസ്റ്റിറോള്‍). വിവിധ ശരീരകലകള്‍ വിവിധരീതികളിലാണ് ഇവ ഉള്‍ക്കൊണ്ടിരിക്കുന്നത്. മനുഷ്യരുടെ രക്തത്തിലെ പ്ലാസ്മയില്‍ സ്വതന്ത്ര കൊളസ്റ്റിറോളിന്റെയും എസ്റ്റര്‍ കൊളസ്റ്റിറോളിന്റെയും അനുപാതം ഏകദേശം 1:3 ആണ്. സാധാരണഗതിയില്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ 100 മില്ലിലിറ്റര്‍ പ്ലാസ്മയില്‍ 150 മുതല്‍ 250 വരെ മില്ലിഗ്രാം കൊളസ്റ്റിറോള്‍ അടങ്ങിയിരിക്കും. ഒരു വ്യക്തിയില്‍ സ്വതന്ത്ര കൊളസ്റ്റിറോളിന്റെയും എസ്റ്റര്‍ കൊളസ്റ്റിറോളിന്റെയും അനുപാതവും പ്ലാസ്മയിലെ മൊത്തം കൊളസ്റ്റിറോളിന്റെ അളവും സ്ഥിരമായിരിക്കും.രക്തകോശങ്ങളിലും നാഡീകോശങ്ങളിലും സ്വതന്ത്ര കോളസ്റ്റിറോളാണ് അടങ്ങിയിട്ടുള്ളത്. അഡ്രിനല്‍ കോര്‍ട്ടക്സിലും ജനനഗ്രന്ഥിയിലും ധാരാളം എസ്റ്റര്‍ കൊളസ്റ്റിറോള്‍ കാണപ്പെടുന്നു.

രക്തത്തിലെ കൊളസ്റ്റിറോളിന്റ നിലയും ആര്‍ട്ടീറിയോസ് ക്ലിറോസിസ്, ഹൃദ്രോഗം എന്നിവയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രസമൂഹത്തിന്റെ ശ്രദ്ധ കൊളസ്റ്റിറോളിലേക്കു തിരിഞ്ഞിരിക്കുന്നു. സ്റ്റിറോളുകളുടെ കൂട്ടത്തില്‍ കൊളസ്റ്റിറോള്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണ്.

ശരീരത്തിന് രണ്ടുവിധത്തിലാണ് കൊളസ്റ്റിറോള്‍ ലഭ്യമാകുന്നത്; ആഹാരത്തിലൂടെയും ശരീരകലസംശ്ലേഷണത്തിലൂടെയും. കൊളസ്റ്റിറോള്‍ പ്രധാനമായും സംശ്ലേഷണം ചെയ്യപ്പെടുന്നത് കരളിലാണ്. ശരീരത്തിനു ലഭ്യമാകുന്ന മൊത്തം കൊളസ്റ്റിറോളിന്റെ 3/4 ഭാഗവും പിത്ത-അമ്ലമായി ശരീരം ബഹിഷ്കരിക്കുന്നു. ശേഷിക്കുന്നതില്‍ കുറച്ചുഭാഗം മലത്തിലൂടെ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.

മനുഷ്യരിലും മാംസഭോജികളിലും മാംസ്യവും സസ്യവും കഴിക്കുന്ന ജീവികളിലും ആഹാരത്തിലൂടെ നിരന്തരമായി കൊളസ്റ്റിറോള്‍ ഉള്ളില്‍ എത്തുന്നു. എങ്കിലും ഈ സ്റ്റിറോള്‍ മുഴുവനായും ആഗിരണം ചെയ്യപ്പെടാറില്ല. സസ്യസ്റ്റിറോളുകളെ മേല്പറഞ്ഞ ഇനം ജീവികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിവില്ല. എന്നാല്‍ സസ്യഭോജികള്‍ക്ക് ഈ കൊളസ്റ്റിറോള്‍ ആഗിരണം ചെയ്യാന്‍ കഴിയും. അമിതാഹാരംമൂലം ശരീരകലകളില്‍ കൊളസ്റ്റിറോള്‍ അടിഞ്ഞുകൂടുന്നതു നിയന്ത്രിക്കാനും ഇവയ്ക്കു സാധ്യമല്ല. കൊളസ്റ്റിറോള്‍ ധാരാളം അടങ്ങിയിട്ടുള്ള ആഹാരം നല്കി വളര്‍ത്തിയ മുയലുകളുടെ പ്ലാസ്മയിലും കോശങ്ങളിലും വലിയ അളവില്‍ ഈ സ്റ്റിറോള്‍ ശേഖരിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊളസ്റ്റിറോള്‍ ഘടന

കോശസ്തരങ്ങളുടെ ഒരു പ്രധാന ഘടകമാണ് കൊളസ്റ്റിറോള്‍. ഒരു നിര്‍മാണഘടകം, പിത്ത-അമ്ലങ്ങളുടെയും ഹോര്‍മോണുകളുടെയും പൂര്‍വഗാമി എന്നിവയ്ക്കുമപ്പുറം ശരീരത്തില്‍ കൊളസ്റ്റിറോളിന്റെ ശരിയായ പങ്ക് എന്താണെന്ന് പൂര്‍ണമായും ഇനിയും മനസ്സിലാക്കിയിട്ടില്ല. ചില പിത്താശയക്കല്ലുകളുടെ ഒരു ഘടകമാണ് കൊളസ്റ്റിറോള്‍. പിത്തവര്‍ണകത്തിനു ചുറ്റും കൊളസ്റ്റിറോള്‍ ക്രിസ്റ്റല്‍ രൂപപ്പെട്ടു വളരുന്നതിനാലാണ് പിത്താശയക്കല്ലുകള്‍ രൂപമെടുക്കുന്നത്. 'ഖരപിത്തരസാമ്ലം' എന്ന് അര്‍ഥമുള്ള കൊളസ്റ്റിറോള്‍ എന്ന പദത്തിന്റെ നിഷ്പത്തി തന്നെ കൊളസ്റ്റിറോളിന്റെ സ്വഭാവത്തെ ആധാരമാക്കിയാണ്. രക്തത്തില്‍ കൊളസ്റ്റിറോള്‍ വര്‍ധിക്കുമ്പോള്‍ ധമനികള്‍ക്കുള്ളില്‍ കൊഴുപ്പു ശേഖരിക്കപ്പെടുന്നതുമൂലം ധമനീഭിത്തികള്‍ക്കു കട്ടിയേറുകയും അതിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യും. ഈ അവസ്ഥയെ ആര്‍ട്ടീറിയോസ് ക്ലിറോസിസ് എന്നു പറയുന്നു. രക്തപ്ലാസ്മയിലെ ഉയര്‍ന്ന കൊളസ്റ്റിറോള്‍മൂലമാണ് ആര്‍ട്ടീറിയോസ് ക്ലിറോസിസിനു കാരണമെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. എന്നാല്‍ ധമനീഭിത്തിയിലെ കേടുകൊണ്ടാണ് ധമനികളില്‍ കൊളസ്റ്റിറോള്‍ കടന്നുകൂടുന്നതെന്ന് വാദിക്കുന്ന മറ്റൊരു വിഭാഗം ശാസ്ത്രകാരന്മാരും ഉണ്ട്. ഏതായാലും പ്ലാസ്മയിലെ കൊളസ്റ്റിറോളിന്റെ ഉയര്‍ന്ന നിലയും ധമനീഭിത്തിയിലെ ക്ഷതവും ധമനീപ്ലേക്കുകളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. മനുഷ്യരില്‍ ആര്‍ട്ടീറിയോസ് ക്ലിറോസിസ്മൂലമുള്ള മരണനിരക്ക് കൂടുതലായിരിക്കുന്നതിനാല്‍ കൊളസ്റ്റിറോളിന്റെ നിയന്ത്രണം പ്രാധാന്യം അര്‍ഹിക്കുന്നു. ആഹാരത്തിലെ കൊഴുപ്പില്‍ പൂരിതമല്ലാത്ത കൊഴുപ്പമ്ലങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നാല്‍ പ്ലാസ്മ കൊളസ്റ്റിറോള്‍ നില താഴ്ന്നുവരുന്നതായി കാണപ്പെട്ടിട്ടുണ്ട്. അതേസമയം പൂരിത കൊഴുപ്പമ്ലങ്ങള്‍ മുന്തിനിന്നാല്‍ കൊളസ്റ്റിറോള്‍ നിലവാരം ഉയരുകയും ചെയ്യും. ഇതിന്റെ യഥാര്‍ഥകാരണം അറിവായിട്ടില്ല. മുട്ടയുടെ ചുവന്ന കരു, വെണ്ണ, കൊഴുപ്പ്, ഇറച്ചി എന്നീ ഭക്ഷ്യവസ്തുക്കള്‍ കൊളസ്റ്റിറോള്‍ കൊണ്ട് സമ്പന്നമാണ്. നാളീകേരം ഒഴികെയുള്ള സസ്യഭക്ഷ്യവസ്തുക്കളില്‍ നിന്നും ഈ സ്റ്റിറോള്‍ നമുക്കു ലഭിക്കുന്നില്ല. ഭക്ഷ്യവസ്തുക്കളിലൂടെ നേരിടുന്നതിന്റെ മൂന്നിരട്ടി കൊളസ്റ്റിറോള്‍ ശരീരം സ്വയം ഉത്പാദിപ്പിക്കുന്നുണ്ട്. 60 കിലോഗ്രാം ഭാരമുള്ള ഒരു സാധാരണ മനുഷ്യനില്‍ 60 ഗ്രാം കൊളസ്റ്റിറോള്‍ അടങ്ങിയിരിക്കും, എല്ലാ ദിവസവും ഓരോ ഗ്രാം വിസര്‍ജിക്കുകയും ശേഖരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ ശരീരം 800 മില്ലിഗ്രാം കൊളസ്റ്റിറോള്‍ ഒരു ദിവസം സംശ്ലേഷണം ചെയ്യുകയും അയാളുടെ ഭക്ഷണത്തിലൂടെ 700 മില്ലിഗ്രാം ഉള്ളിലാകുകയും ചെയ്യുകയാണെങ്കില്‍ അയാള്‍ ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ കൊളസ്റ്റിറോള്‍ ശരീരത്തില്‍ ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നതെന്നു പറയാം. ശരീരഭാഗം കൂടുതലുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ വൈഷമ്യം ഉണ്ടാകുന്നു. ആവശ്യമുള്ളതിനെക്കാള്‍ 20 കിലോഗ്രാം ശരീരഭാരം അധികമുണ്ടായാല്‍ ശരീരം 75 ശതമാനം കൊളസ്റ്റിറോള്‍ അധികമായി ഉത്പാദിപ്പിക്കും. തടികൂടിയ ആളുകളുടെ കരള്‍ പ്രതിദിനം 1500 മില്ലിഗ്രാം കൊളസ്റ്റിറോള്‍ ഉത്പാദിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ കൊളസ്റ്റിറോളിന്റെ സന്തുലനം ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനവും ഉണ്ട്. കുടല്‍ കൂടുതല്‍ കൊളസ്റ്റിറോള്‍ ആഗിരണം ചെയ്യുകയാണെങ്കില്‍ കരള്‍ കൊളസ്റ്റിറോളിന്റെ ഉത്പാദനം കുറയ്ക്കും, ത്വക്കില്‍ ഉത്പാദിപ്പിക്കുന്ന കൊളസ്റ്റിറോള്‍ കുറെയൊക്കെ പുറന്തൊലിയിലെ നിര്‍ജീവകോശങ്ങള്‍ അടര്‍ന്നുപോകുന്നതിലൂടെ നഷ്ടപ്പെടാറുണ്ട്.

അഡ്രിനല്‍ ഗ്രന്ഥികള്‍, ആമാശയം, വൃഷണങ്ങള്‍, ത്വക്ക് എന്നിവിടങ്ങളില്‍ കൊളസ്റ്റിറോള്‍ ശേഖരിക്കപ്പെടുന്നു. കോര്‍ട്ടിക്കോസ്റ്റീറോയ്ഡുകള്‍, ആന്‍ഡ്രോജനുകള്‍, ഈസ്ട്രൊജനുകള്‍, ജീവകം-ഡി എന്നിവ സംശ്ലേഷണ ചെയ്യുന്നതിനു ശരീരം ശേഖരിക്കപ്പെട്ട കൊളസ്റ്റിറോള്‍ ഉപയോഗിക്കുന്നു. കരളിലെ കോശങ്ങളില്‍വച്ച് കൊളസ്റ്റിറോള്‍ ഉപാപചയവിധേയമായി പിത്ത-അമ്ലങ്ങളാകുന്നു. പ്രധാന പിത്ത-അമ്ലങ്ങള്‍ കോളിക്അമ്ലവും കീനോ ഡി ഓക്സികോളിക് അമ്ലവുമാണ്. ഈ അമ്ലങ്ങളുടെ സോഡിയം ലവണങ്ങളാണ് ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പിനെ ആഗിരണം ചെയ്യുവാന്‍ സഹായിക്കുന്നത്.

ആഹരിക്കപ്പെട്ട കൊളസ്റ്റിറോളിന്റെ വളരെ ചെറിയ ഒരു അംശം മാത്രമേ കുടല്‍ ആഗിരണം ചെയ്യാറുള്ളൂ. ഗ്ലിസറോളിന്റെ കൊഴുപ്പമ്ല എസ്റ്ററുകളായ ട്രൈഗ്ലിസറൈഡുകളാണ് കുടല്‍ കൂടുതലായും ആഗിരണം ചെയ്യുന്നത്. കൊളസ്റ്റിറോളിനെപ്പോലെ ചെറു കണങ്ങളായാണ് ഇതും സ്ഥിതിചെയ്യുന്നത്. കുടല്‍ഭിത്തി ഗ്ലിസറൈഡുകളെ ആഗിരണം ചെയ്യുമ്പോള്‍ കൊളസ്റ്റിറോള്‍ അവശേഷിക്കും. ഒരു ദിവസം 700 മില്ലിഗ്രാമിലധികം കൊളസ്റ്റിറോള്‍ ആഹാരത്തിലൂടെ അകത്തു ചെല്ലുന്നുണ്ടെങ്കിലും വെറും ½ മില്ലിഗ്രാം മാത്രമേ ശരീരം ആഗിരണം ചെയ്യാറുള്ളു.

കുടല്‍ കൊളസ്റ്റിറോളിനെ ആഗിരണം ചെയ്തുകഴിഞ്ഞാല്‍ അതിനെ കൊഴുപ്പമ്ലത്തോടു ചേര്‍ത്ത് എസ്റ്റര്‍ ആക്കിമാറ്റുന്നു. പിന്നീട് പ്രോട്ടീന്‍, ഫോസ്ഫറസ് ചേര്‍ന്ന ലിപ്പിഡുകള്‍ എന്നിവയുമായി ചേര്‍ന്ന് കൈലോമൈക്രോണുകള്‍ എന്ന പദാര്‍ഥമായി മാറുന്നു. കുടലിലെ ലിംഫ് നാളിവഴി ഇത് രക്തത്തില്‍ കലരുന്നു. 15 മിനിട്ടിനുശേഷം രക്തപ്ലാസ്മയില്‍ നിന്നും കൈലോമൈക്രോണുകളുടെ പകുതിയോളം കരള്‍ മാറ്റുകയും വീണ്ടും ഉപയോഗിക്കുന്നതിനായി കൊളസ്റ്റിറോള്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. കൊഴുപ്പു കലര്‍ന്ന ഭക്ഷണം കഴിച്ച ഉടനെ രക്തം പരിശോധിച്ചാല്‍ കൈലോമൈക്രോണുകള്‍ കണ്ടെത്താനാവും. എന്നാല്‍ 16 മണിക്കൂറിനുശേഷമാണെങ്കില്‍ ഇതു കാണാറുമില്ല.

പ്രായമാകുന്നതോടെ രക്തത്തിലെ കൊളസ്റ്റിറോളിന്റെ അളവ് വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നവജാതശിശുക്കളുടെ രക്തത്തില്‍ 100 മില്ലിലിറ്ററിന് 50മില്ലിഗ്രാം എന്ന തോതില്‍ കൊളസ്റ്റിറോള്‍ അടങ്ങിയിരിക്കും, കൗമാരപ്രായത്തില്‍ ഇത് 180 മില്ലിഗ്രാമും പ്രായപൂര്‍ത്തിയായവരില്‍ 200 മില്ലിഗ്രാമും ആയി വര്‍ധിക്കുന്നു. കൊളസ്റ്റിറോളിന്റെ അളവ് 100 മില്ലി ലിറ്ററിനു 300 മില്ലിഗ്രാമില്‍ അധികമായാല്‍ അത് അപകടകരമായി കണക്കാക്കപ്പെടുന്നു. ഗ്രൂപ്പ് A രക്തമുള്ളവരില്‍ അല്പം കൂടുതല്‍ കൊളസ്റ്റിറോള്‍ കാണാറുണ്ട്. ആര്‍ത്തവം നിലയ്ക്കുന്നതിനു മുമ്പു വരെ സ്ത്രീകളിലെ കൊളസ്റ്റിറോള്‍ നില പുരുഷന്മാരെ അപേക്ഷിച്ചു താണനിലയിലാണ്. ആര്‍ത്തവം നിലച്ചു കഴിഞ്ഞാല്‍ കൊളസ്റ്റിറോള്‍ നില പുരുഷന്മാര്‍ക്കൊപ്പമോ ചിലപ്പോള്‍ അവരെക്കാള്‍ ഏറിയോ കാണാറുണ്ട്.

രക്തത്തില്‍ കൊളസ്റ്റിറോളിന്റെ അളവ് കൂടുന്നതും കുറയുന്നതും ശരീരഭാഗങ്ങളില്‍ കൊളസ്റ്റിറോള്‍ അടിഞ്ഞുകൂടുന്നതും രോഗകാരണമായിത്തീരാറുണ്ട്.

ഹൈപ്പര്‍ കൊളസ്റ്റ്രീമിയ (വര്‍ധിച്ച കൊളസ്റ്റോറോള്‍ നില) ഉണ്ടാകുമ്പോള്‍ ട്രൈഗ്ലിസറൈഡുകളുടെയും ഫോസ്ഫോലിപ്പിഡുകളുടെയും അളവ് ഉയരുന്നതായി കാണാം. കൊളസ്റ്റിറോളും പ്രോട്ടീനും മറ്റു കൊഴുപ്പമ്ലങ്ങളും ശരീരത്തില്‍ വര്‍ധിക്കുന്നതുകൊണ്ട് മറ്റ് അനവധി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. മിക്കവാറും എല്ലാംതന്നെ പാരമ്പര്യമയി കാണപ്പെടുന്ന അപൂര്‍വ രോഗങ്ങളാണ്. ത്വക്കിന്റെ ഉപരിതലത്തിലും സ്നായു(tendon)ക്കളിലും കൊളസ്റ്റിറോള്‍ ശേഖരിക്കപ്പെടുന്ന അവസ്ഥയെ ക്സാന്തോമാറ്റാ (xanthomata) എന്നാണ് പറയുക. നെഫ്രോട്ടിക് സ്ന്‍ഡ്രോം എന്ന രോഗാവസ്ഥയുള്ളപ്പോഴും കൊളസ്റ്റിറോള്‍ നില വര്‍ധിക്കുന്നു. കാരണം കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൃക്കാരോഗമുള്ളപ്പോള്‍ മൂത്രത്തിലൂടെ ധാരാളം ആല്‍ബുമിന്‍ നഷ്ടപ്പെടുന്നു. ഇതുമൂലം രക്തത്തിലെ പ്ലാസ്മയില്‍ ആല്‍ബുമിന്‍ കുറയുകയും ശരീരകലകളില്‍ നീരുകെട്ടുകയും ചെയ്യുന്നു. ഹൈപ്പര്‍ കൊളസ്റ്റ്രീമിയ ഉള്ളപ്പോള്‍ കരള്‍ രോഗങ്ങളും ഉണ്ടാകുന്നു. പിത്തനാളിയിലെ തടസ്സവും അതുമൂലമുണ്ടാകുന്ന മഞ്ഞപിത്തവും ഉദാഹരണമാണ്. സിറോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയുള്ളപ്പോള്‍ പ്ലാസ്മാ-കൊളസ്റ്റിറോളിന്റെയും മറ്റു ലിപ്പിഡുകളുടെയും അളവ് സാധാരണ നിലയിലും താഴ്ന്നു കാണപ്പെടുന്നു.

തൈറോയിഡ് ഹോര്‍മോണിന്റെ ഉത്പാദനം നില്ക്കുന്നതുമൂലമുണ്ടാകുന്ന മിക്സെഡിമ ഉള്ളപ്പോള്‍ കൊളസ്റ്റിറോളിന്റെയും ഫോസ്ഫോ ലിപ്പിഡുകളുടെയും അളവ് വര്‍ധിക്കുന്നു: എന്നാല്‍ ട്രൈഗ്ലിസറൈഡിന്റെ നില സാധാരണമായി തുടരും. ഹോര്‍മോണ്‍ ചികിത്സയിലൂടെ കൊളസ്റ്റിറോള്‍ നില സാധാരണഗതിയിലാക്കാം. പ്രമേഹം ഉള്ളപ്പോഴും രക്തത്തിലെ ലിപ്പിഡുകളുടെ നിലയില്‍ വര്‍ധനവുണ്ടാകുന്നു. കോശസ്തരത്തില്‍ കൂടുതല്‍ കൊളസ്റ്റിറോള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ കോശങ്ങളില്‍ ജലാംശം കൂടുതല്‍ സംഭരിക്കപ്പെടും. ശരീരദ്രവത്തില്‍ കൊളസ്റ്റിറോള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് എമള്‍ഷനുകളുടെ (സാധാരണഗതിയില്‍ വേര്‍തിരിയുന്ന സ്വഭാവമുള്ള മിശ്രിതങ്ങള്‍) സ്ഥായീഭാവം നിലനില്‍ക്കുന്നത്. നോ. കൊഴുപ്പ്, കൊഴുപ്പമ്ലങ്ങള്‍; ഹൃദ്രോഗം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍