This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബൂ സുഫ്യാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:41, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബൂ സുഫ്യാന്‍ (564 - 652)

Abu Sufyan


ആദ്യകാലത്ത് ഇസ്ലാമിന്റെ കടുത്ത ശത്രുവും പില്ക്കാലത്ത് ഉറച്ച അനുയായിയും ആയിത്തീര്‍ന്ന വീരപുരുഷന്‍. മക്കയില്‍ ഒരു ധനികകുടുംബത്തിലാണ് ജനനം (564). ഖുറൈഷിവംശജനായ ഹര്‍ബാണ് പിതാവ്. ഇസ്ലാംമതപ്രവാചകനായ മുഹമ്മദുനബിയെക്കാള്‍ ഏഴു വയസ്സ് കൂടുതലുണ്ടായിരുന്നു അബൂ സുഫ്യാന്. ഇദ്ദേഹം പലപ്പോഴും മക്കയിലെ സാര്‍ഥവാഹകസംഘത്തിന്റെ നായകന്‍ ആയിരുന്നു. മുസ്ളീങ്ങളും അമുസ്ളീങ്ങളും തമ്മിലുണ്ടായ ബദര്‍ യുദ്ധത്തില്‍ ഭാഗഭാക്കായി. യുദ്ധത്തില്‍ അമുസ്ളീം പക്ഷത്തായിരുന്ന ഇദ്ദേഹത്തിന് കടുത്ത നഷ്ടം ഉണ്ടായി. മൂത്തമകന്‍ ഹന്‍സല വധിക്കപ്പെട്ടു. മറ്റൊരു മകന്‍ തടവുകാരനാക്കപ്പെട്ടു. തടവുകാരനാക്കപ്പെട്ട ഒരു മുസ്ളീമിനെ പകരം നല്കി ഈ മകനെ അദ്ദേഹം മോചിപ്പിച്ചു. മറ്റൊരു മുസ്ളിം-അമുസ്ളിം യുദ്ധക്കളമായിരുന്ന ഉഹ്ദില്‍ നേതൃത്വം വഹിച്ച അബൂ സുഫ്യാനും കൂട്ടുകാര്‍ക്കും വിജയമുണ്ടായി. എങ്കിലും ഈ താത്കാലിക വിജയത്തെതുടര്‍ന്നുണ്ടായത് പരാജയമായിരുന്നു. അതുകൊണ്ട് യുദ്ധനടപടികളില്‍നിന്ന് ഇദ്ദേഹം പിന്‍മാറി. ബക്കര്‍, കുസാത് എന്നീ ഗോത്രങ്ങള്‍ തമ്മിലുണ്ടായ ഉരസലില്‍ ഹുദൈബിയ സമാധാനസന്ധി ലംഘിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് സന്ധി പുനഃസ്ഥാപിക്കുവാന്‍ അബൂ സുഫ്യാന്‍ മദീനയില്‍ ചെന്ന് നബിയെ കാണാന്‍ ശ്രമിച്ചു. നബിയുടെ സഹധര്‍മിണിമാരില്‍ ഒരാളായ ഉമ്മുഹബീബ ഇദ്ദേഹത്തിന്റെ മകളാണ്. പക്ഷേ, ഉമ്മുഹബീബയും നബിയും ഇദ്ദേഹത്തെ അവഗണിച്ചുവെന്നാണ് പറയപ്പെടുന്നത്.


നബി പരിവാരസമേതം മക്കയിലേക്കു പുറപ്പെട്ടു. പ്രവാചകന്റെ അനുശാസനപ്രകാരം ഇങ്ങനെ വിളംബരം ചെയ്യപ്പെട്ടു: 'ആരെങ്കിലും അബൂ സുഫ്യാന്റെ വീട്ടില്‍ പ്രവേശിക്കുകയാണെങ്കില്‍ അവര്‍ക്ക് ആരേയും ഭയപ്പെടേണ്ടതില്ല. കൂടാതെ വീടുകള്‍ക്കുള്ളില്‍ ഇരിക്കുന്നവരും കഅ്ബയുടെ പരിസരത്ത് സമ്മേളിക്കുന്നവരും നിര്‍ഭയരായിരിക്കും'.


മക്കാവിജയത്തെ തുടര്‍ന്ന് അബൂ സുഫ്യാന്‍ ഇസ്ലാംമതം സ്വീകരിച്ചു. 88-ാമത്തെ വയസ്സില്‍ (652-ല്‍) ഇദ്ദേഹം അന്തരിച്ചു. ഉമയ്യാ ഭരണകൂടത്തിന്റെ സ്ഥാപകന്‍ മൂആവിയ ഇദ്ദേഹത്തിന്റെ മകനാണ്.


(ടി.കെ. അബ്ദുള്ളക്കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍