This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്ഡാശയ ഹോര്‍മോണുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:40, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അണ്ഡാശയ ഹോര്‍മോണുകള്‍

Ovarian Hormones

അണ്ഡാശയത്തില്‍നിന്ന് സ്രവിക്കുന്ന ഹോര്‍മോണുകള്‍. അണ്ഡാശയം ഒരു അന്തഃസ്രാവിഗ്രന്ഥി (endocrine gland) ആണെന്ന് എമില്‍ നോയര്‍ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സമര്‍ഥിച്ചത് (1896). പക്ഷേ, 26 വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ അതില്‍ നിന്നു ഹോര്‍മോണ്‍ വേര്‍പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. അല്ലന്‍, ഡോയിസി എന്നീ ശാസ്ത്രജ്ഞരാണ് അക്കാര്യത്തില്‍ വിജയം വരിച്ചവര്‍. അവര്‍ അതിനെ 'അടിസ്ഥാനപരമായ ഹോര്‍മോണ്‍' എന്നു വിളിച്ചു. യഥാര്‍ഥത്തില്‍ അത് ഈസ്റ്റ്രോണ്‍ (Estrone), ഈസ്റ്റ്രിയോള്‍ (Estriol), ഈസ്റ്റ്രാഡൈയോള്‍ (Estradiol) എന്നിങ്ങനെ മൂന്നു രാസവസ്തുക്കളുടെ മിശ്രിതമാണെന്നു പിന്നീടു മനസ്സിലായി. ഈസ്റ്റ്രൊജനുകള്‍ (oestrogens) എന്നാണ് ഈ മൂന്നിനും കൂടിയുള്ള പേര്. Image:p364a.png

അണ്ഡം നീക്കിയതിനുശേഷം അണ്ഡാശയത്തില്‍ അവശേഷിക്കുന്ന കോര്‍പസ് ലൂട്ടിയ (പീതപിണ്ഡം)ത്തിന് ഗര്‍ഭധാരണം സാധിപ്പിക്കുന്നതിനും ഭ്രൂണം സംരക്ഷിക്കുന്നതിനും കഴിവുണ്ടെന്നു മനസ്സിലായപ്പോള്‍ അതിനുള്ള കാരണം ഗവേഷണവിഷയമായി. കോര്‍പസ് ലൂട്ടിയത്തില്‍ നിന്ന് പ്രത്യേകമായി ഉണ്ടാകുന്ന ഒരു ഹോര്‍മോണ്‍ ആണ് അതിനു കാരണമെന്ന് 1929-ല്‍ കോര്‍ണര്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു. ഈ ഹോര്‍മോണിന്റെ പേര് പ്രൊജസ്റ്റിറോണ്‍ (Progesterone) എന്നാണ്. Image:p364b.png

കോര്‍പസ് ലൂട്ടിയത്തില്‍ നിന്ന് പ്രൊജസ്റ്റിറോണിനു പുറമേ റിലാക്സിന്‍ (Relaxin) എന്ന ഒരു ഹോര്‍മോണ്‍കൂടി ഉണ്ടാകുന്നുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. രാസപരമായി ഇത് ഒരു പോളിപെപ്റ്റൈഡ് ആണ്. തന്‍മാത്രാഭാരം ഏകദേശം 9000 ആയിരിക്കും. ഗര്‍ഭിണികളായ എലികളിലും ഗിനിപന്നികളിലും ആണ് ഈ ഹോര്‍മോണ്‍ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് പ്ളാസന്റയിലും കാണാം. പ്രസവകാലത്ത് മാംസപേശികള്‍ക്ക് അയവുവരുത്തുകയാണ് ഇതിന്റെ ധര്‍മം. Image:p364c.png

ഈസ്റ്റ്രൊജനുകള്‍, പ്രൊജസ്റ്റിറോണ്‍, റിലാക്സിന്‍ എന്നിവയാണ് അണ്ഡാശയ ഹോര്‍മോണുകള്‍.

സംശ്ളേഷിത-ഈസ്റ്റ്രൊജനുകള്‍. പ്രകൃതിയിലുള്ളവയെക്കാള്‍ കൂടുതല്‍ വീര്യമുള്ള ഈസ്റ്റ്രൊജനുകള്‍ സംശ്ളേഷണം ചെയ്തുണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഡൈ ഈതൈല്‍ സ്റ്റില്‍ ബിസ്റ്റിറോള്‍ ഒരു ഉദാഹരണമാണ്. വായ്വഴി കൊടുക്കാമെന്നത് ഇതിന്റെ മറ്റൊരു മേന്‍മയാണ്. ഇതിന്റെ സംരചനയില്‍ വ്യതിയാനങ്ങള്‍ വരുത്തി ഹെക്സെസ്റ്റ്രോള്‍, ബെന്‍സെസ്റ്റ്രോള്‍, ഡൈ ഈന്‍സ്റ്റ്രോള്‍ എന്നിങ്ങനെ വേറെയും സംശ്ളേഷിത-ഈസ്റ്റ്രൊജനുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

അണ്ഡാശയങ്ങള്‍ നീക്കിയ എലികളില്‍ കുത്തിവച്ചാണ് അണ്ഡാശയ ഹോര്‍മോണുകളുടെ വീര്യം (potency) തിട്ടപ്പെടുത്തുന്നത്.

(പ്രൊഫ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍