This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖോസ് ല, എ.എന്‍.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 31 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഖോസ് ലെ, എ.എന്‍.

Khosla, A.N. (1892 - 1984)

ഇന്ത്യന്‍ എന്‍ജിനീയര്‍. അജുധ്യനാഥ് ഖോസ് ല എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമധേയം. 1892 ഡി. 11-ന് പഞ്ചാബിലെ ജലന്ധര്‍ നഗറില്‍ ജനിച്ചു. ജലന്ധറിലെ ആംഗ്ലോ-സാന്‍സ്ക്രിറ്റ് ഹൈസ്കൂളില്‍നിന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ലാഹോര്‍ ഡി.എ.വി. കോളജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. തുടര്‍ന്ന് റൂര്‍ക്കി തോംസണ്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് 1916-ല്‍ സിവില്‍ എന്‍ജിനീയറിങ് ബിരുദവും സമ്പാദിച്ചു. ആ വര്‍ഷം തന്നെ പൊതുമരാമത്തുവകുപ്പു ജലസേചനവിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഭക്രാപദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ജോലികള്‍ക്കാണ് ഇദ്ദേഹം ആദ്യമായി നിയോഗിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം ഈ വന്‍കിടപദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഒന്നാം ലോകയുദ്ധത്തില്‍ ഒരു കമ്മീഷന്‍ഡ് ആഫീസറായി സേവനമനുഷ്ഠിച്ചു ഇദ്ദേഹം. 1920 മുതല്‍ സത്ലജ് നദീതടപദ്ധതിയില്‍ എന്‍ജിനീയറായി. ഹൈഡ്രോളിക സംരചനകളെ (Hydraulic structures) സംബന്ധിച്ച് 1936-ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധം ഇദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കി. 1941 മുതല്‍ രണ്ടുവര്‍ഷക്കാലത്തെ ഗവേഷണഫലമായി ഇദ്ദേഹം തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വികസനപദ്ധതികളിലേറെയും പിന്നീട് ഇന്ത്യയുടെ ജലസേചനമേഖലയില്‍ പ്രയോഗത്തില്‍ വന്നിട്ടുണ്ട്.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ എന്‍ജിനീയറിങ് വിഭാഗം ചെയര്‍മാനായി 1944-ല്‍ ഖോസ് ല തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാഗവണ്‍മെന്റ് 1945-ല്‍ കേന്ദ്ര ജലഗതാഗത-ജലസേചന വിഭാഗത്തിലെ കണ്‍സള്‍ട്ടിങ് എന്‍ജിനീയറായി ഖോസ് ലെയെ നിയമിച്ചു. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സെന്‍ട്രല്‍ വാട്ടര്‍വേയ്സ് ആന്‍ഡ് ഇറിഗേഷന്‍ കമ്മിഷന്റെ ചെയര്‍മാനായും ഇദ്ദേഹം നിയമിതനായി. ഇന്ത്യന്‍ നദീതടപദ്ധതികളുടെ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കമ്മിഷനു കഴിഞ്ഞു. ഖടക്വാസ്ലയിലെ കേന്ദ്ര ജല-വൈദ്യുത ഗവേഷണകേന്ദ്രത്തിന്റെ സ്ഥാപനത്തിനും വികസനത്തിനും മേല്‍നോട്ടം വഹിച്ചതും ഖോസ് ലയായിരുന്നു. ഇന്ത്യയിലെ പ്രമുഖ നദീതടപദ്ധതികളായ ഭക്രാ, ചംബല്‍, ദാമോദര്‍ വാലി, ഹിരാക്കുഡ്, താപ്തി, നര്‍മദ തുടങ്ങിയ ഒട്ടേറെ പ്രമുഖ പദ്ധതികളുടെ നിര്‍വഹണത്തില്‍ നിര്‍ണായകമായ പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലിരുന്ന നദീജലതര്‍ക്കം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1953-54-ല്‍ നടന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത് ഇന്ത്യാഗവണ്‍മെന്റിന്റെ സ്പെഷ്യല്‍ സെക്രട്ടറികൂടിയായിരുന്ന ഖോസ് ലയായിരുന്നു. ഈ ദൌത്യം ഇദ്ദേഹം വിജയകരമായി നിര്‍വഹിക്കുകയും ഇരു രാജ്യങ്ങളും യോജിച്ച് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. 1954-ല്‍ റൂര്‍ക്കി സര്‍വകലാശാല വൈസ്ചാന്‍സലറായി നിയമിതനായ ഖോസ് ല അഞ്ചുവര്‍ഷക്കാലം ആ പദവിയില്‍ തുടര്‍ന്നു. റൂര്‍ക്കി യൂണിവേഴ്സിറ്റിയുടെ അഭൂതപൂര്‍വമായ വികസനത്തിന് നേതൃത്വം നല്കാന്‍ ഈ കാലഘട്ടത്തില്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1956-ല്‍ യു.എസ്സിലെ റെനെസ്സെലേയര്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഖോസ് ലയ്ക്ക് ഡോക്ടര്‍ ഒഫ് എന്‍ജിനീയറിങ് (ഓണററി) ബിരുദം നല്കി. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമുള്ള മറ്റു ചില സര്‍വകലാശാലകളും ഓണററി ഡോക്ടര്‍ ബിരുദം നല്കി ഖോസ് ലയെ ആദരിക്കുകയുണ്ടായി.

1957-ല്‍ സുഡാന്‍ ഗവണ്‍മെന്റിന്റെ ജലവിഭവ-വികസന ഉപദേഷ്ടാവ്, 1958 മുതല്‍ ഒരു വര്‍ഷത്തിലേറെക്കാലം രാജ്യസഭാംഗം, 1959-ല്‍ കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ അംഗം, ഒഡിഷാ ഗവര്‍ണര്‍ (1962-68) തുടങ്ങിയ പദവികളില്‍ നിയമിതനായിട്ടുള്ള ഇദ്ദേഹം ഗവര്‍ണര്‍ പദവിയില്‍നിന്നു വിരമിച്ചശേഷം ഒഡിഷയിലെ ഹരിജനങ്ങള്‍, ഗിരിജനങ്ങള്‍ തുടങ്ങിയ പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹികോന്നമനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി (1918-20). ശാന്തിസ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് (1974), പത്മവിഭൂഷണ്‍ (1977) എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

1984 മെയ് 29-ന് ഖോസ് ലെ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍