This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലെമന്റ് പാതിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:39, 31 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ക്ലെമന്റ് പാതിരി

Clement, Fr.(1714 -'82)

വിദേശ മിഷനറി. പ്രഗത്ഭനായ ഭാഷാപണ്ഡിതനാണ് ക്ലെമന്റ്. ജ്ഞാനസ്നാന നാമം ജോണ്‍ ജേക്കബ് പിയാനിയസ് എന്നാണ്. ഇറ്റലിയില്‍ പീദ്മോണ്ടില്‍ 1714 ഏ. 7-ന് ജനിച്ചു. 1749 ന. 27-ന് നിഷ്പാദുക കര്‍മലീത്താസഭയില്‍ ചേര്‍ന്ന ക്ലെമന്റ് 1755-ല്‍ വൈദികനായി. പ്രേഷിതവൃത്തിക്കായി 1756 ഡി. 6-ന് യൂറോപ്പില്‍ നിന്നു പുറപ്പെട്ട് 1757 ഏ. 6-ന് കേരളത്തിലെത്തി. ലത്തീന്‍, ഗ്രീക്, അറബി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നഇദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ചു. വാരാപ്പുഴയില്‍ വൈദികപഠനത്തിനായി ക്ലെമന്റ് സ്ഥാപിച്ച കേന്ദ്രമാണ്, ഇന്നത്തെ ആലുവ പോന്തിഫിക്കല്‍ സെമിനാരി. ഇദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങള്‍, സംക്ഷേപവേദാര്‍ഥം (1772), ആല്‍ഫബെറ്റം ഗ്രന്ഥാനിക്ക മലബാറിക്ക, ഇറ്റാലിയന്‍ ഭാഷയിലെഴുതിയ മലബാര്‍ റിപ്പോര്‍ട്ട്, മലയാള-ലത്തീന്‍ നിഘണ്ടു, ലത്തീനും സംസ്കൃതവും ഉപയോഗിച്ചുള്ള മലയാള ഭാഷാവ്യാകരണം എന്നിവയാണ്. വാരാപ്പുഴ ബിഷപ്പിന്റെ വികാരി ജനറലായിരുന്ന ക്ലെമന്റ് 1769-ല്‍ റോമില്‍ ചെന്ന് പോളിഗ്ലോട്ടുപ്രസ്സില്‍ നസ്രാണികള്‍ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവേദാര്‍ഥം അച്ചടിപ്പിച്ച് അതിന്റെ പ്രതികളുമായി 1774-ല്‍ കേരളത്തില്‍ തിരിച്ചെത്തി. ക്രൈസ്തവരുടെ ഇടയില്‍ കുമ്പേന്തി എന്നറിയപ്പെടുന്ന ഈ ഗ്രന്ഥമാണ് മലയാളത്തില്‍ ആദ്യം അച്ചടിച്ച പുസ്തകം. ആദ്യപതിപ്പിന് 276 പുറം ഉണ്ട്. മുഖവുര ലത്തീന്‍ ഭാഷയിലാണ്. 51 അക്ഷരങ്ങള്‍ ഉള്ള മലയാള ഭാഷയില്‍ അക്ഷരങ്ങളുടെ പെരുക്കങ്ങള്‍ക്കായി 1128 അച്ചുകള്‍ വേണ്ടിവന്നു. നമ്മുടെ അച്ചടിയുടെ ബുദ്ധിമുട്ടിനെപ്പറ്റി അന്നേ ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. 1782 ന. 9-ന് മട്ടാഞ്ചേരിയില്‍ ക്ലെമന്റ് പാതിരി അന്തരിച്ചു.

(എസ്.കെ. വസന്തന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍