This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍റിജ്, സാമുവല്‍ ടെയ്ലര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:43, 31 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോള്‍റിജ്, സാമുവല്‍ ടെയ് ലര്‍

Coleridge, Samuel Taylor (1772 - 1834)

സാമുവല്‍ ടെയ് ലര്‍ കോള്‍റിജ്

കവിയും നിരൂപകനും തത്ത്വചിന്തകനും, ഡെവോണ്‍ഷേറില്‍ ജനിച്ചു. 1781-ല്‍ പിതാവിന്റെ നിര്യാണത്തിനുശേഷം ലണ്ടനിലെ ക്രൈസ്റ്റ് ഹോസ്പിറ്റല്‍ എന്ന വിദ്യാലയത്തിലും 1791-ല്‍ കേംബ്രിജിലെ ജീസസ് കോളജിലും പഠിച്ചു. താമസിയാതെ ഇദ്ദേഹം ഫ്രഞ്ചുവിപ്ലവത്തിന്റെ ഒരു വക്താവായി മാറി. കടത്തില്‍ മുഴുകിയ കോള്‍റിജ് 1793-ല്‍ സൈന്യത്തില്‍ ചേര്‍ന്നുവെങ്കിലും താമസിയാതെ കേംബ്രിജില്‍ തിരിച്ചെത്തി. റോബര്‍ട്ട് സഥേ (Robert Southey)യെ പരിചയപ്പെട്ടു. ബ്രിട്ടനില്‍ വേണ്ടത്ര സാമൂഹിക പരിഷ്കാരങ്ങള്‍ ഉണ്ടാകാത്തതില്‍ അക്ഷമരായി, മൂല്യാധിഷ്ഠിതമായ ഒരു സമൂഹക്രമം പടുത്തുയര്‍ത്താന്‍ ഇവര്‍ ആഗ്രഹിച്ചു. ഈ ആശയം കോള്‍റിജിന്റെ ജീവിത വീക്ഷണത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തി. 1794-ല്‍ ബിരുദം നേടാതെ തന്നെ കോള്‍റിജ് കലാലയത്തോടു വിടപറഞ്ഞു.

1796-ല്‍ പോയംസ് ഓണ്‍ വേരിയസ് സബ്ജക്ട്സ് എന്ന കാവ്യസമാഹാരം കോള്‍റിജ് പ്രസിദ്ധീകരിച്ചു. ദ് വാച്ച്മാന്‍ (The Watchman) എന്നൊരു ആനുകാലികത്തിന്റെ പത്തുലക്കങ്ങള്‍ ഇറക്കി. 1797-ല്‍ വേഡ്സ്വര്‍ത്തുമായി ഉറ്റ ചങ്ങാത്തത്തിലായി. ചരിത്രപ്രസിദ്ധമായിത്തീര്‍ന്ന ഈ സൌഹൃദം ഇരു കവികളുടെയും സര്‍ഗശക്തിക്കു പരസ്പരം സഹായകമായി. ഇക്കാലത്താണ് 'ദ് റൈം ഒഫ് ദ ഏന്‍ഷ്യന്റ് മാരിനെര്‍' (The Rime ofthe Ancient Mariner), 'കുബ്ലാഖാന്‍' (Kubla Khan) എന്നീ കവിതകളും 'ക്രിസ്റ്റബെല്‍' (Christabel)ന്റെ ആദ്യഭാഗവും കോള്‍റിജ് രചിച്ചത്. ഈ കൃതികളില്‍ പ്രകൃത്യതീതരായ കഥാപാത്രങ്ങളിലൂടെ മനുഷ്യവികാരത്തെ യാഥാര്‍ഥ്യബോധത്തോടെ പകര്‍ത്തുന്നു. മിഥ്യയും തഥ്യയും ഇവിടെ സമ്മേളിക്കുന്നു.

1798 സെപ്തംബറില്‍ വേഡ്സ്വര്‍ത്തും കോള്‍റിജും ചേര്‍ന്ന് ലിറിക്കല്‍ ബാലഡ്സ് പ്രസിദ്ധീകരിച്ചു. ഈ കാവ്യസമാഹാരത്തിന് വേഡ്സ്വര്‍ത്ത് എഴുതിയ ആമുഖലേഖനം കാല്പനിക കവിതയുടെ തുടക്കത്തെ സംബന്ധിച്ച ഒരു ചരിത്രരേഖയായിത്തീര്‍ന്നു.

കോള്‍റിജും വേഡ്സ്വര്‍ത്തും അദ്ദേഹത്തിന്റെ സഹോദരി ഡോറോഫി വേഡ്സ്വര്‍ത്തുംകൂടി ജര്‍മനി സന്ദര്‍ശിച്ചു. അവിടെ കോള്‍റിജ് ജര്‍മന്‍ ഭാഷ പഠിക്കുകയും ജീവിതാവസാനംവരെ തുടര്‍ന്നുപോന്ന ജര്‍മന്‍ തത്ത്വശാസ്ത്രപഠനം ആരംഭിക്കുകയും ചെയ്തു.

1799 ജൂണില്‍ കോള്‍റിജ് ജര്‍മനിയില്‍ നിന്നു തിരിച്ചെത്തി. അക്കാലത്ത് വേഡ്സ്വര്‍ത്തിന്റെ ഭാവിവധുവിന്റെ സഹോദരിയായ സാറാഹച്ചില്‍സനില്‍ കോള്‍റിജ് അനുരുക്തനായിത്തീര്‍ന്നു. ഈ പ്രേമബന്ധവും അതില്‍ തോന്നിയ പശ്ചാത്താപവും കോള്‍റിജിന്റെ മനഃശാന്തി നഷ്ടപ്പെടുത്തി. മനഃശാന്തിക്കുവേണ്ടി കറുപ്പുതിന്നുന്നത് ഒരു ശീലമായി മാറി. 1798-ല്‍ ആരോഗ്യസംരക്ഷണത്തിനായി മാള്‍ട്ടായിലേക്കു പോയി; അവിടത്തെ മിലിട്ടറി ഗവര്‍ണറുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. റോമില്‍ പര്യടനം നടത്തിയശേഷം 1806-ല്‍ ബ്രിട്ടനില്‍ തിരിച്ചെത്തി. 1808-ല്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ കവിതയെപ്പറ്റി ഇദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരയുണ്ടായി.

1809 ജൂണില്‍ ദ് ഫ്രണ്‍ഡ് (The Friend) എന്നൊരു വാരിക തുടങ്ങി. ഒരു കൊല്ലത്തിനകം ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. രോഗിയും ദരിദ്രനുമായിത്തീര്‍ന്നുവെങ്കിലും കോള്‍റിജ് ഇക്കാലത്തും സാഹിത്യപരമായ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. 'റിമോഴ്സ്' എന്ന നാടകം പരിഷ്കരിക്കുകയും പിന്നീട് വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ബയോഗ്രാഫിയ ലിറ്ററേറിയ എന്ന നിരൂപണഗ്രന്ഥം രചിക്കുകയും ചെയ്തു.

1816-ല്‍ ഹൈഗേറ്റില്‍ ഗില്‍മാന്‍ എന്ന ഒരു ഡോക്ടറുടെ വീട്ടില്‍ അതിഥിയായി താമസമാക്കിയ കോള്‍റിജ് മരണംവരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. ഗില്‍മാന്റെ സംരക്ഷണയില്‍ ആരോഗ്യം മെച്ചപ്പെട്ടു. എയിഡ്സ് ടു റിഫ്ളക്ഷന്‍ (1825), രാജ്യത്തിന്റെയും ക്രൈസ്തവസഭയുടെയും ഭരണഘടന (1830), എന്നിവയാണ് അന്ത്യകാലകൃതികള്‍. 1824-ല്‍ റോയല്‍ സൊസൈറ്റി ഒഫ് ലിറ്റ്റെച്ചറിന്റെ ഫെലോഷിപ്പ് ലഭിച്ചു.

ഒരു ബഹുമുഖപ്രതിഭയായിരുന്നു കോള്‍റിജ്. ബുദ്ധിപരമായ സര്‍ഗകൗതുകം മനുഷ്യയത്നത്തിന്റെ സമസ്തമേഖലകളിലും ഇദ്ദേഹത്തെ കൊണ്ടെത്തിച്ചു. 18-ാം ശതകത്തിന്റെ കാവ്യപാരമ്പര്യത്തെ തിരുത്തിയെഴുതിയ ഇദ്ദേഹത്തിന്റെ കൃതികള്‍ തടവില്ലാത്ത ഭാവന, അനുഭൂതി, തീവ്രത, നാടകീയത, എന്നിവയാല്‍ വിശ്വോത്തരമായിത്തീര്‍ന്നു. നഷ്ടബോധത്തില്‍ മനം നൊന്തെഴുതിയ ആത്മവിശകലനമാണ് ഡിജക്ഷന്‍: ആന്‍ ഓഡ്. സൗന്ദര്യം രചനാത്മകമായി ദര്‍ശിക്കാന്‍ തനിക്കു കഴിയാതായിരിക്കുന്നു എന്ന് കവി വിലപിക്കുന്നു.

ഒരു ദാര്‍ശനികന്‍ കൂടിയായിരുന്ന കോള്‍റിജ് ബര്‍ക്കലിയുടെ ആശയവാദത്തില്‍ ആകൃഷ്ടനാവുകയും ഇമാന്വല്‍ കാന്റിന്റെ ദര്‍ശനപദ്ധതിയോടു യോജിക്കുകയുമുണ്ടായി. കോള്‍റിജിന്റെ ചിന്താപദ്ധതിയുടെ അടിവേരുകള്‍ പ്ലേറ്റോയുടെയും പ്ലോട്ടിനസിന്റെയും ദര്‍ശനങ്ങളിലാണ്; ഏറ്റവും കടപ്പാട് ജര്‍മന്‍ തത്ത്വചിന്തയോടാണ്.

പ്രാമാണിക നിരൂപണഗ്രന്ഥമാണ് ബയോഗ്രാഫിയാ ലിറ്ററേറിയ (Biographia Literaria). അനുഭൂതിജന്യമായ വൈദഗ്ധ്യവും സന്തുലിത മൂല്യനിര്‍ണയനവും ദാര്‍ശനിക നീരീക്ഷണവും ഈ കൃതിയുടെ പ്രത്യേകതകളാണ്.

ഷേയ്ക്സ്പിയര്‍ കൃതികളുടെ വിമര്‍ശനം കോള്‍റിജ് എന്ന സാഹിത്യനിരൂപകന്റെ ക്രാന്തദര്‍ശിത്വം വെളിപ്പെടുത്തുന്നു. ഷേയ്ക്സ്പിയറുടെ ജീവിതമൂല്യനിര്‍ണയനത്തോടു യോജിക്കെത്തന്നെ, നാടകത്തിന്റെ സ്ഥലകാലകര്‍മൈക്യത്തെ കോള്‍റിജ് രൂക്ഷമായി എതിര്‍ക്കുന്നു.

19-ാം ശതകത്തിലെ കാല്പനിക പ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയില്‍ കോള്‍റിജിന്റെ സ്ഥാനം സമുന്നതമാണ്. നിരൂപണമായാലും കവിതയായാലും പലപ്പോഴും അപൂര്‍ണമാണെങ്കിലും ഭാവനാധനനായ ഒരു ദാര്‍ശനികന്റെ ഉള്‍ക്കാഴ്ചയും ഉന്മിഷിത പ്രജ്ഞയും വ്യക്തിപ്രഭാവവുംകൊണ്ട് അവ ഉജ്ജ്വലങ്ങളാണ്.

1834 ജൂല. 25-ന് കോള്‍റിജ് അന്തരിച്ചു.

(എന്‍.ആര്‍. കുറുപ്പ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍