This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണ്‍ടു ദിസ് ലാസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:34, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അണ്‍ടു ദിസ് ലാസ്റ്റ്

Unto This Last

സാമൂഹ്യ ചിന്തകനും കലാനിരൂപകനും ആയിരുന്ന ജോണ്‍ റസ്കിന്‍ (1819-1900) എന്ന ബ്രിട്ടിഷ് ഗ്രന്ഥകാരന്‍, സമ്പത്തിന്റെ സ്വഭാവത്തെ അധികരിച്ചെഴുതിയ പ്രബന്ധസമാഹാരം. ദ് റൂട്സ് ഒഫ് ഓണര്‍ (The Roots of Honour), ദ് വെയ്ന്‍സ് ഒഫ് വെല്‍ത്ത് (The Veins of Wealth), ക്വിജൂഡികേറ്റ്സ് ടെറാം (Quijudicates Terram), അഡ്വാലൊറെം (Advalorem) - എന്നീ ശീര്‍ഷകങ്ങളില്‍ നാലു പ്രബന്ധങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സാമൂഹ്യ പരിഷ്കര്‍ത്താവും സ്ഥിതിസമത്വവാദിയും ആയിരുന്ന റോബര്‍ട്ട് ഓവന്റെ (1771-1858) സിദ്ധാന്തങ്ങളെ അവലംബമാക്കിക്കൊണ്ട് റസ്കിന്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ ജെറമിബെന്താം (1748-1832) നേതൃത്വം നല്കിയ 'ലെസേഫെര്‍' (ഘമLaissez - Faire) സിദ്ധാന്തത്തിന് (സ്വകാര്യവ്യവസായ സംരംഭങ്ങളില്‍ ഗവണ്‍മെന്റിന് ഇടപെടേണ്ട കാര്യമില്ലെന്നുള്ള വാദം) കടകവിരുദ്ധമായിരുന്നു. റസ്കിന്റെ ഉപന്യാസങ്ങള്‍, വില്യം-മേക്പീസ് താക്കറേയുടെ (1811-63) പത്രാധിപത്യത്തില്‍ പുറപ്പെട്ടിരുന്ന കോണ്‍ഹില്‍ (Corn -Hill) മാസികയിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നത്. വായനക്കാരുടെ ഇടയില്‍നിന്നുയര്‍ന്ന കഠിനമായ എതിര്‍പ്പു നിമിത്തം അവയുടെ പ്രസിദ്ധീകരണം തുടരാന്‍ പത്രാധിപര്‍ക്കു നിവൃത്തിയില്ലാതെവന്നു. തന്നിമിത്തം റസ്കിന്‍ തന്റെ പ്രബന്ധങ്ങള്‍ സമാഹരിച്ച് 'അണ്‍ടു ദിസ് ലാസ്റ്റ്' എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി (1862). 'I will give,unto this last, even as unto thee' ('നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാന്‍ എനിക്കു മനസ്സ്'-വി.മത്തായി) എന്ന ബൈബിള്‍ വാക്യമാണ് ഗ്രന്ഥനാമത്തിന് ആധാരം. പലരുടെയും എതിര്‍പ്പിന് ശരവ്യമായെങ്കിലും തന്റെ കൃതികളില്‍വച്ച് ഏറ്റവും ഉത്കൃഷ്ടമായിട്ടാണ് ഈ പ്രബന്ധങ്ങളെ റസ്കിന്‍ പരിഗണിച്ചത്. പ്രത്യേകിച്ചും അവസാനത്തെ ഉപന്യാസം പോലൊരു പ്രബന്ധം താന്‍ ഇനിമേല്‍ രചിക്കാന്‍ ഇടയില്ലെന്നുവരെ അദ്ദേഹം ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.

പ്ളേറ്റോയും സെനഫോണും ഗ്രീക്കിലും, സിസറോയും ഹോറേസും ലത്തീനിലും ചെയ്തതുപോലെ സമ്പത്തിന്റെ യുക്തിപൂര്‍വകമായ ഒരു നിര്‍വചനം ഇംഗ്ളീഷില്‍ നല്കുക എന്നുള്ളതായിരുന്നു ഗ്രന്ഥകാരന്റെ ഉദ്ദേശ്യം. സമ്പത്സമാര്‍ജനം ആത്യന്തികമായി സമൂഹത്തിന്റെ ചില സാന്‍മാര്‍ഗികോപാധികളെ ആശ്രയിച്ചായിരിക്കും സാധ്യമാകുക എന്നും ഈ ഉപാധികളില്‍ മുഖ്യം സത്യസന്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമൂഹക്ഷേമത്തിനും സാമ്പത്തികഭദ്രതയ്ക്കും സാധകമായി ചില പരിഷ്കാരങ്ങള്‍ കൂടി അദ്ദേഹം നിര്‍ദേശിച്ചു. ആ നിര്‍ദേശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: രാജ്യമൊട്ടുക്കു സര്‍ക്കാരിന്റെ ചെലവിലും മേല്‍നോട്ടത്തിലും പ്രയോജനകരമായ തൊഴിലുകള്‍ യുവജനങ്ങളെ പരിശീലിപ്പിക്കാനുള്ള വിദ്യാലയങ്ങള്‍ ഉണ്ടാക്കണം; ഇത്തരം വിദ്യാലയങ്ങളോടനുബന്ധിച്ച് അത്യാവശ്യസാധനങ്ങള്‍ നിര്‍മിക്കാന്‍ ഉതകുന്ന ഫാക്റ്ററികളും വര്‍ക്കുഷാപ്പുകളും വേണം; ഈ വക സ്ഥാപനങ്ങളില്‍ ആളുകള്‍ നല്ലതുപോലെ ജോലി ചെയ്യുകയും വേണം. തൊഴിലില്ലാത്ത ഏതൊരു പുരുഷനെയും സ്ത്രീയെയും അടുത്തുള്ള സ്കൂളില്‍ പ്രവേശിപ്പിച്ച് അവര്‍ക്കു ചെയ്യാവുന്നതെന്ന് പരീക്ഷണത്തില്‍ തെളിയുന്ന ജോലി ഒരു നിര്‍ദിഷ്ട പ്രതിഫലം നല്കി ചെയ്യിക്കണം. വൃദ്ധന്‍മാര്‍ക്കും നിരാശ്രയര്‍ക്കും രക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. ഉയര്‍ന്നവര്‍ക്കെന്നപോലെ താഴ്ന്നവര്‍ക്കും വാര്‍ധക്യകാലവേതനം നല്കണം. സമൂഹത്തിലെ ഇടത്തരക്കാരന്‍ വാളുകൊണ്ടോ പേനകൊണ്ടോ സേവനം അനുഷ്ഠിക്കുന്നതുപോലെ ഒരു തൊഴിലാളി, മണ്‍വെട്ടികൊണ്ടു രാജ്യത്തെ സേവിക്കുന്നവനാണ്. അതിനാല്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല. ചുരുക്കത്തില്‍, സ്ഥിതിസമത്വവാദിയുടെയും മനുഷ്യസ്നേഹിയുടെയും ദൃഢശബ്ദമാണ് ഈ ഗ്രന്ഥത്തിലെ പ്രബന്ധങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. അന്നത്തെ പശ്ചാത്തലത്തില്‍ അവ അത്യന്തം വിപ്ളവകരമായിരുന്നു. തന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഈ കൃതി ഗാന്ധിജി ഗുജറാത്തിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍