This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാരിറ്റി ഡോട്ടേഴ്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാരിറ്റി ഡോട്ടേഴ്സ്
കത്തോലിക്കാസഭയിലെ ചില സന്ന്യാസിനീ സമൂഹങ്ങള്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതേ പേരില്‍ അറിയപ്പെടുന്ന സന്ന്യാസിനീ സമൂഹങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം 1633-ല്‍ വിന്‍സെന്റ് ഡി പോള്‍ ഫ്രാന്‍സില്‍ സ്ഥാപിച്ച സന്ന്യാസിനീ സമൂഹവും 1808-ല്‍ ഇറ്റലിയിലെ വെറോണ എന്ന സ്ഥലത്ത് വാഴ്ത്തപ്പെട്ട ഗബ്രിയേല എന്ന മഹതി സ്ഥാപിച്ച സന്ന്യാസിനീ സമൂഹവുമാണ്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ ഭാഗഭാഗിത്വം സമാഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിന്‍സെന്റ് ഡി പോള്‍ ഡോട്ടേഴ്സ് ഒഫ് ചാരിറ്റി സമൂഹം സ്ഥപിച്ചത്. ഈ പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിനു ലൂയി ദെ മരില്ലാക്ക് (Louis de Marillac) എന്ന വിശുദ്ധ വനിത വിന്‍സെന്റ് ഡി പോളിനെ ഏറെ സഹായിച്ചിരുന്നു. നിരവധി യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഫ്രാന്‍സ് 17-ാം ശ.-ത്തില്‍ സാമ്പത്തികമായി തകര്‍ന്നിരുന്നു. ഈ കാലഘട്ടത്തില്‍ പലവിധ ദുരിതങ്ങളില്‍പ്പെട്ടു കഷ്ടപ്പെട്ടിരുന്ന ഫ്രാന്‍സിലെ ദരിദ്രരെ സംബന്ധിച്ചിടത്തോളം ഡോട്ടേഴ്സ് ഒഫ് ചാരിറ്റി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വലിയ ആശ്വാസമായിരുന്നു. അവര്‍ സ്ഥാപിച്ച ആശുപത്രികള്‍ അശരണരുടെ ആശ്വാസകേന്ദ്രങ്ങളായി മാറി. അവരുടെ പ്രവര്‍ത്തനശൈലി അനേകം യുവവനിതകളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു. കാലക്രമത്തില്‍ ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലും യൂറോപ്പിന്റെ ഇതരഭാഗങ്ങളിലും ഈ സന്ന്യാസിനീ സമൂഹത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചു. റോഡുവക്കിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന അശരണരായ ജനങ്ങളെ കൊണ്ടുപോയി ശുശ്രൂഷിക്കുന്നത് ഈ സമൂഹത്തിന്റെ ഒരു സവിശേഷതയായിരുന്നു. ഫ്രഞ്ചു വിപ്ളവകാലത്തെ ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം സ്മരണീയമാണ്. ഇന്നു ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഈ സമൂഹത്തില്‍പ്പെട്ട സന്ന്യാസിനീ സമൂഹങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാരിസ് ആസ്ഥാനമായുള്ള ഈ സമൂഹത്തിന്റെ മേധാവി സുപ്പീരിയര്‍ ജനറല്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഗബ്രിയേല വെറോണിയല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഒഫ് ചാരിറ്റി ആതുര സേവനം, ദരിദ്രരുടെ വിദ്യാഭ്യാസം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്കിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമേഖലകളുള്ള ഇവരുടെ ആസ്ഥാനം റോമാനഗരമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു സുപ്പീരിയര്‍ ജനറല്‍ ഈ സമൂഹത്തെ നയിക്കുന്നു. 'കനോഷ്യന്‍ സഹോദരിമാര്‍' എന്നും ഈ സമൂഹത്തിലെ അംഗങ്ങള്‍ അറിയപ്പെടുന്നു.
(പ്രൊഫ. നേശന്‍ റ്റി. മാത്യു)