This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിഡ്ഡിങ്സ്, ഫ്രാങ്ളിന്‍ ഹെന് റി (1855 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:45, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗിഡ്ഡിങ്സ്, ഫ്രാങ്ളിന്‍ ഹെന് റി

Giddings, Franklin Henri

അമേരിക്കന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍. ക്രമനിബദ്ധസാമൂഹിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഇദ്ദേഹം 1855 മാ. 23-ന് കണെക്റ്റിക്കട്ടിലെ ഷെര്‍മാനില്‍ ജനിച്ചു. ഷെനെക്റ്റാഡിലെ (ന്യൂയോര്‍ക്ക്) യൂണിയന്‍ കോളജില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ (1877) ശേഷം കുറച്ചുകാലം സ്പ്രിങ് ഫീല്‍ഡില്‍ (മാസച്ചുസെറ്റ്സ്) പത്രപ്രവര്‍ത്തകനായി ജോലി നോക്കി. പിന്നീട് വുഡ്റോ വില്‍സന്റെ പിന്‍ഗാമിയായി ബ്രിന്‍മൂര്‍ കോളജില്‍ രാഷ്ട്രതന്ത്രവിഭാഗ പ്രൊഫസറായി (1888-94). പിന്നീട് കൊളംബിയാ സര്‍വകലാശാലയില്‍ സാമൂഹികശാസ്ത്ര പ്രൊഫസറായി നിയമിതനായ ഇദ്ദേഹം 34 വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. സാമൂഹിക പരിണാമ സിദ്ധാന്തം ഇദ്ദേഹത്തിന്റെ സാമൂഹിക ചിന്തകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ആഡംസ്മിത്തിന്റെ സാമ്പത്തിക ശാസ്ത്രസിദ്ധാന്തത്തില്‍ നിന്നു കടംകൊണ്ടാണ് ഇദ്ദേഹം തന്റെ 'വംശബോധം' എന്ന സിദ്ധാന്തം രൂപപ്പെടുത്തിയത്. വ്യക്തികള്‍ പൊതുവായ ഉത്തേജനം അനുസരിച്ചു പ്രതികരിക്കുകയും നിര്‍ദേശം, മാതൃക, അനുകരണം എന്നിവ വഴി മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്യുന്നതിലൂടെ സമാനമനോഭാവത്തിന്റെ ഒരു സാമൂഹികബോധം വളര്‍ത്തുന്നു എന്നതാണ് 'വംശബോധം' കൊണ്ട് ഇദ്ദേഹം അര്‍ഥമാക്കുന്നത്. വംശബോധം എന്ന ആശയത്തെ വീണ്ടും വികസിപ്പിച്ചതിന്റെ ഫലമാണ് ഇദ്ദേഹത്തിന്റെ 'സാമൂഹിക വൃഷ്ടിവാദ'മെന്ന ആശയം. എ. കോംറ്റെ, എല്‍.എഫ്. വാര്‍ഡ്, ചാള്‍സ് ഡാര്‍വിന്‍, ലുഡ്വിഗ് ഗുംപ്ലോവീസ്, ഗബ്രിയേല്‍ ടാര്‍ഡേ, എമില്‍ ദുര്‍ഖ്ഹൈം, കാള്‍ പിയേഴ്സണ്‍ എന്നിവരുടെ സിദ്ധാന്തങ്ങള്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. 1896-ല്‍ പ്രസിദ്ധീകരിച്ച പ്രിന്‍സിപ്പിള്‍സ് ഒഫ് സോഷ്യോളജി ആണ് പ്രധാന കൃതി. ഇദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങള്‍ ഡെമോക്രസി ആന്‍ഡ് എംപയര്‍ (1900), വെസ്റ്റേണ്‍ ഹെമിസ്ഫിയര്‍ ഇന്‍ ദ വേള്‍ഡ് ഒഫ് ടുമോറോ (1915), ദ റെസ്പോണ്‍സിബിള്‍ സ്റ്റേറ്റ് (1918), സ്റ്റഡീസ് ഇന്‍ ദ തിയറി ഒഫ് ഹ്യൂമന്‍ സൊസൈറ്റി (1922), ദ മൈറ്റി മെഡിസിന്‍ (1930), സിവിലിസേഷന്‍ ആന്‍ഡ് സൊസൈറ്റി (1932) എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍