This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജന്തുവ്യാപനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജന്തുവ്യാപനം
Animal distribution
ജന്തുക്കളുടെ ഭൂമിയിലെ വിന്യാസം. വിപുലമായ ഒരു പഠനമേഖലയാണ് ജന്തുവ്യാപനം. പരിസ്ഥിതിശാസ്ത്രം (Ecology), ജന്തുഭൂമിശാസ്ത്രം(Zoogeography), പരിണാമശാസ്ത്രം (Evolution), വര്‍ഗീകരണ പദ്ധതി(Systematics) എന്നീ ശാസ്ത്രശാഖകളുടെ സമന്വയം ജന്തുവ്യാപന പഠനത്തിന് ആവശ്യമാണ്. ജന്തുവ്യാപനത്തെ പ്രാദേശിക വ്യാപനം, വന്‍കര വ്യാപനം എന്നിങ്ങനെ രണ്ടായി തിരിക്കാം.
പ്രാദേശിക വ്യാപനം. ഒരു ജന്തുവിന്റെ ശരീരത്തിനു ഘടനയുള്ളതുപോലെ ജന്തുക്കളുടെ പറ്റങ്ങള്‍ക്കും ഘടനയുണ്ട്. ഒരു പ്രദേശത്തു വിന്യസിച്ചിരിക്കുന്ന ജന്തുക്കളെ അവലോകനം ചെയ്താല്‍ ആ വിന്യാസത്തിന് ഒരു ക്രമമുണ്ടെന്നു മനസ്സിലാകും. ആ വ്യാപനത്തിന് ജന്തുക്കള്‍ സ്വയം വഴി ഒരുക്കുകയും ചെയ്യുന്നു. കാലാവസ്ഥ, കാലഗതിക്കനുസൃതമായി പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ ജന്തുവിന്യാസത്തെ ബാധിക്കും. കാലാവസ്ഥ, ഭക്ഷണം, സുരക്ഷിതത്വം എന്നിവ അനുകൂലമായിട്ടുള്ള പ്രദേശത്ത് ജന്തുക്കള്‍ ഒരുപോലെ വാസസ്ഥലം കണ്ടെത്തുന്നത് സാധാരണമാണ്. പരന്ന പുല്‍മേടുകളില്‍ മാനുകളും കരണ്ടുതീനികളും, തടാകങ്ങളില്‍ ഏകകോശ ജീവികള്‍, പാറക്കെട്ടുകളില്‍ ഒച്ചുകള്‍ എന്നിവ കാണപ്പെടുന്നത് ഉദാഹരണങ്ങള്‍. എന്നാല്‍ കാലാവസ്ഥ, ഭക്ഷണലഭ്യത, സുരക്ഷിതത്വം എന്നിവ ഉറപ്പുവരാത്ത പ്രദേശങ്ങളില്‍ ഓരോ ജന്തുവിഭാഗവും തങ്ങള്‍ക്ക് അനുയോജ്യമായ ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിക്കൂടുന്നു. പ്ലവസസ്യങ്ങളും അവ ഭക്ഷിക്കുന്ന ജീവികളും കടലില്‍ ഒരിടത്തു വിന്യസിക്കുമ്പോള്‍ വ്യത്യസ്ത ശരീരപ്രകൃതിയും ഭക്ഷണരീതിയുമുള്ള ജീവികള്‍ മറ്റൊരിടത്തായിരിക്കും വിന്യസിക്കപ്പെടുക.
മറ്റു പ്രതിബന്ധമില്ലെങ്കില്‍ ദൃശ്യമേഖലയിലെവിടെയും ജന്തുക്കള്‍ ഇണകളായി തിരിഞ്ഞു താമസം ഉറപ്പിക്കുന്നു. ഇണചേരാന്‍ പ്രായമാകാത്തവ ഈ മേഖലയില്‍ നിരന്തരം വ്യാപരിക്കുന്നു. ഈ അവസ്ഥയിലും ജന്തുക്കളുടെ പരസ്പരാകര്‍ഷണത്തിനും വ്യാപനത്തിനും ക്രമമുണ്ട്. ഒരു ജന്തുപറ്റത്തിലെ അംഗങ്ങള്‍ തമ്മില്‍ ആകര്‍ഷണവും വികര്‍ഷണവും നിലനില്ക്കുന്നു. ഷട്പദങ്ങളുടെയും പക്ഷികളുടെയും കാര്യത്തില്‍ കൂട്ടമായി കഴിയുന്നതിന് പ്രാമുഖ്യമുണ്ട്. ഒരു ദൃശ്യമേഖലയില്‍ ഒരുപോലെ വിന്യസിച്ചു കഴിയുന്ന പക്ഷികള്‍ പ്രജനനകാലം അടുക്കുമ്പോള്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പറ്റം കൂടുന്നു. ജീവിതചക്രമനുസരിച്ചുള്ള വിന്യാസമാണിത്.
ചില ജീവികളില്‍ വിന്യാസം സമയാധിഷ്ഠിതമാണ്. പ്ലവസസ്യങ്ങള്‍ സൂര്യപ്രകാശത്തിന്റെ തീവ്രതയനുസരിച്ച് ജലവിതാനത്തിന്റെ മുകളിലും അടിയിലും ആയി വിന്യസിക്കപ്പെടുന്നു. പ്രഭാത-മധ്യാഹ്ന-സായാഹ്നങ്ങളില്‍ ഇവയുടെ വിന്യാസത്തിനു വ്യത്യാസമുണ്ടാകുന്നു.
ആഹാരസമ്പാദനം, വളര്‍ച്ച, വാസം എന്നിവയ്ക്ക് തെരഞ്ഞെടുക്കുന്ന പ്രദേശത്തുനിന്നും പ്രജനനം നടത്തുന്നതിനു മറ്റൊരു പ്രദേശത്തേക്കു ജന്തുക്കള്‍ നടത്തുന്ന ദേശാന്തരഗമനം (migration) ഒരു വിന്യാസരീതിയാണ്. സാല്‍മണ്‍ മത്സ്യങ്ങളും അമേരിക്കന്‍ താറാവുകളും ഇത്തരം വിന്യാസങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്.
പരിസര സ്വാധീനം. പരിസരങ്ങളിലുണ്ടാകുന്ന താപവ്യതിയാനം ജന്തുക്കളെ ബാധിക്കും. ഉയര്‍ന്ന താപനിലയില്‍ ജീവന് ആധാരമായ പ്രോട്ടോപ്ലാസം നശിച്ചുപോകും; വെള്ളം ഉറയുന്ന താപനിലയില്‍ ജീവന്‍ നിലനിര്‍ത്താനാകാതെ വരും. ജന്തുക്കള്‍ ഇത്തരം ഘട്ടങ്ങള്‍ തരണം ചെയ്യുന്നത് ദേശാന്തരഗമനം, ശിശിര നിദ്ര (hybernation) എന്നിവ വഴിയാണ്. പരിസരത്തിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാലക്രമേണയും ചെറിയതോതിലുംആകുമ്പോള്‍ മാത്രമാണ് ഇതു സാധ്യമാവുക.
പ്രജനനത്തിലൂടെ ഒരു വിന്യാസക്രമം ഉണ്ടാകുന്നുണ്ട്. കടല്‍ത്തീരങ്ങളില്‍ വസിക്കുന്ന ജന്തുക്കള്‍ ജലത്തില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. അവ ഉള്‍ക്കടലില്‍ വിരിഞ്ഞശേഷം വേലിയേറ്റ സമയത്ത് മണ്‍തിട്ടകളില്‍ വാസമുറപ്പിക്കുന്നു. കാറ്റിന്റെയും വെള്ളത്തിന്റെയും ഗതികള്‍ വിന്യാസത്തിന് ഉപയോഗിക്കുന്നത് സാധാരണമാണ്. ഇവയ്ക്കു പുറമേയാണ് ജന്തുക്കളുടെ വിന്യാസത്തിന് മറ്റു ജന്തുക്കള്‍ വഴിയൊരുക്കുന്നത്. ഷട്പദങ്ങള്‍, ചെള്ളുകള്‍ എന്നിവ ആതിഥേയ മൃഗങ്ങളിലേറി വിന്യാസം സാധ്യമാക്കുന്നുണ്ട്. ഒരു ജന്തുവര്‍ഗത്തിന്റെ വ്യാപനത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് സഹവാസികളായ ഇതര ജന്തുവര്‍ഗങ്ങളുമായുള്ള സഹവര്‍ത്തിത്വം. സസ്യഭുക്കുകളായ രണ്ടു ജന്തുവര്‍ഗങ്ങള്‍ ഒരേ മേച്ചില്‍സ്ഥലം ഉപയോഗിക്കുമ്പോള്‍ ഒരു വര്‍ഗം നിലത്തു വളരുന്ന പുല്ലുമാത്രം തിന്നുകയും മറ്റേവര്‍ഗം കുറ്റിച്ചെടികള്‍ മാത്രം ഭക്ഷിക്കുകയും ചെയ്യുന്നു. ഈ ക്രമീകരണത്താല്‍ ഒരേ മേച്ചില്‍സ്ഥലത്തെ പുല്‍പ്പരപ്പുകളില്‍ ഒരു വര്‍ഗവും കുറ്റിച്ചെടികള്‍ സുലഭമായുള്ളിടത്ത് മറ്റേ വര്‍ഗവും വിന്യസിക്കപ്പെട്ടു കാണും. വിന്യാസരീതികള്‍ മൂന്നാണ്. (i) ഒരു ഭാഗത്തായി കേന്ദ്രീകരിച്ച്, (ii) ഒരു പ്രദേശത്ത് മുഴുവനും സമാനമായി വിന്യസിച്ച്, (iii) ഒരു പ്രദേശത്ത് പല ഭാഗത്ത് പല ഭാഗങ്ങളിലായി കേന്ദ്രീകരിച്ച്. ഈ വിന്യാസങ്ങള്‍ക്കടിസ്ഥാന കാരണം കാലാവസ്ഥ, ഭക്ഷണം, സുരക്ഷിതത്വം എന്നിവയില്‍ ഏതെങ്കിലും ഘടകമാണ്.
വന്‍കര വ്യാപനം. വന്‍കര വ്യാപനത്തെക്കുറിച്ചാണ് വ്യാപകമായ തോതില്‍ പഠനങ്ങള്‍ നടത്തിയിട്ടുള്ളത്. വിന്യാസങ്ങള്‍ക്ക് ജന്തുക്കള്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ക്ക് നിര്‍ദിഷ്ട വിസ്തൃതിയുണ്ടാകണമെന്നില്ല. ഉദാ. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന പിക്കാ (Pika) എന്ന മുയലിനോടു സാമ്യമുള്ള ജന്തു റോക്കി പര്‍വതനിരകളിലും സമതലങ്ങളിലും ചില തടാകതീരങ്ങളിലും വിന്യസിച്ചു കാണുന്നു. ലിമുലിഡേ കുടുംബത്തില്‍പ്പെട്ട കിങ് ക്രാബുകള്‍ (King Crabs) യു.എസ്സിലെ മെയിന്‍സ് മുതല്‍ മെക്സിക്കോ വരെ സുലഭമാണ്. അമേരിക്കന്‍ വന്‍കരയുടെ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഇവ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളിലെ കടല്‍ത്തീരങ്ങളില്‍ സുലഭമായി കാണാം. ഇത് ഭിന്ന വ്യാപന(discontinuous distribution) ത്തിന് തെളിവാണ്.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വിന്യസിച്ചിട്ടുള്ള പറവകളാണ് ചെറുചെവിയന്‍ മൂങ്ങ (short eared Owl)യും ഓസ്പ്രേ (Osprey)യും. അന്റാര്‍ട്ടിക്കയില്‍ മാത്രമാണ് ഇവയില്ലാത്തത്. ലോകത്തിന്റെ പല കോണുകളിലായി നിര്‍ദിഷ്ട സ്ഥലങ്ങളിലും കാലാവസ്ഥയിലും മാത്രം വിന്യസിച്ചിട്ടുള്ള ജന്തുക്കളുമുണ്ട്. ഫ്ലോറിഡ(യു.എസ്.)യിലെ മെരിറ്റ് ദ്വീപുകളിലെ ചതുപ്പു നിലങ്ങളില്‍ കാണപ്പെടുന്ന കുരുവികളും (Ammospiza migrescens) ദക്ഷിണ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന കറ്റോപ്പസ് (Catops) വണ്ടുകളും ഈ സ്ഥലങ്ങളില്‍ മാത്രമായി ഒറ്റപ്പെട്ടു ജീവിക്കുന്നവരാണ്. നിയന്ത്രിത വിന്യാസത്തിനുദാഹരണമാണിത്.
വ്യാപനത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍. ഭൂമിയുടെ കിടപ്പും ചുറ്റുപാടുമുള്ള പ്രദേശങ്ങളുമായുള്ള ബന്ധവും വിന്യാസത്തെ നിയന്ത്രിക്കുന്നു. അന്താരാഷ്ട്ര ഗതാഗതത്തിലുണ്ടായ പുരോഗതി ഈ നിയന്ത്രണത്തെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. ഇതര ജന്തുവര്‍ഗങ്ങളുടെ സഹകരണം, ഭക്ഷ്യലഭ്യത, സുരക്ഷിതത്വം, കാലാവസ്ഥ എന്നീ ഘടകങ്ങളും വ്യാപനത്തെ നിയന്ത്രിക്കുന്നു. ധ്രുവപ്രദേശങ്ങളിലെ അതിശൈത്യം മറ്റിടങ്ങളിലെ ജീവജാലങ്ങളെ അവിടേക്ക് വിന്യസിക്കുവാന്‍ അനുവദിക്കുന്നില്ല. താപനിലയിലെ വ്യതിയാനം പ്രജനനത്തെ ബാധിക്കുന്നതിനാല്‍ ജന്തുവിന്യാസത്തെ ബാധിക്കുന്ന ഘടകമായി കണക്കാക്കാം. തെക്കേ അമേരിക്കയിലെ മരുഭൂമിയില്‍ ജീവിക്കുന്ന ഉരഗജീവി (Uta stansburiana) ആ പ്രദേശത്തു ജീവിക്കുന്ന ഒരിനം എലി (Neotoma micropus) ഉപേക്ഷിച്ച മാളങ്ങളിലാണ് മുട്ടയിടുന്നത്. ഉരഗജീവിയുടെ വിന്യാസം ഈ എലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിന്യാസത്തിന് ജന്തുക്കള്‍ തമ്മില്‍ത്തമ്മിലും വഴിയൊരുക്കുന്നു. ഉദാ. പോക്കറ്റ് ഗോഫര്‍. വടക്കേ അമേരിക്കയിലെ വടക്കന്‍ സ്റ്റേറ്റുകളില്‍ തോമോമിസ് ബോട്ടേ (Thomomys bottae) എന്നയിനം ഗോഫറും തെക്കന്‍ സ്റ്റേറ്റുകളില്‍ തോമോമിസ് റ്റാല്‍പോയ്ഡെസ് (Thomomys talpoides) എന്നയിനവുമാണ് വസിക്കുന്നത്. ഈ വിന്യാസത്തിന്റെ കാരണം അവ്യക്തമാണ്. അടയാളപ്പെടുത്താത്ത ഒരു അതിര് ഈ ഗോഫര്‍ ഇനങ്ങള്‍ എങ്ങനെ പാലിക്കുന്നു എന്നത് വിസ്മയമാണ്.
വിന്യാസത്തിന്റെ പ്രസക്തി. വാസസ്ഥലം, ഭക്ഷണം, ഇണ എന്നിവ കണ്ടെത്തുന്നതിനുള്ള വാസന ജന്തുക്കള്‍ക്കു സഹജമായുള്ളതാണ്. ജന്തുക്കളുടെ പരിണാമസാധ്യത നിശ്ചയിക്കുന്നതും വിന്യാസചരിത്രങ്ങളാണ്. ഒരു കുടുംബത്തില്‍ നിന്നു വിഭിന്നങ്ങളായ സ്പീഷീകളുടെ പരിണാമവും വിന്യാസത്തിലധിഷ്ഠിതമാണ്. വിന്യാസത്തെ സക്രിയം (active), നിഷ്ക്രിയം (passive) എന്നിങ്ങനെ തിരിക്കാം. സക്രിയ വിന്യാസം പ്രജനനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇണയെത്തേടി ജന്മദേശത്തുനിന്ന് ദേശാന്തരഗമനം നടത്തുക, ഇണ തദ്ദേശീയമായുണ്ടെങ്കില്‍ത്തന്നെ പ്രജനനത്തിനനുയോജ്യമായ ഇടം ലഭിക്കാതെ മറ്റു പ്രദേശങ്ങളിലേക്കു നീങ്ങുക എന്നിങ്ങനെയാണ് സക്രിയ വിന്യാസം രൂപം കൊള്ളുന്നത്. ഈ രണ്ടവസരങ്ങളിലും അനുകൂലമല്ലാത്ത സാഹചര്യത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയാണെങ്കില്‍ വിന്യാസം വിജയിക്കുന്നു. ഈ വിജയ ലഭ്യതപോലും ജീവികളുടെ എണ്ണം, ആഹാരലഭ്യത, ഇതര ജീവികളുടെ സഹകരണം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സ്വപ്രയത്നത്തിലൂടെയല്ലാതെയുള്ള വിന്യാസത്തെ നിഷ്ക്രിയ വിന്യാസമെന്നു പറയുന്നു. കാറ്റ്, ജലം, മറ്റു ജന്തുക്കളുടെ സഹായം എന്നിവയിലൂടെയാണ് ഇവിടെ വിന്യാസം സാധ്യമാകുന്നത്. വൈറസ്, ഏകകോശ ജീവികള്‍, പറവ എന്നിവ കാറ്റിന്റെ സഹായത്തോടെ ആയിരക്കണക്കിനു കി.മീ. അകലെയെത്തുന്നു. ജലപ്രവാഹങ്ങള്‍ ജന്തുക്കളെ വിദൂരങ്ങളിലെത്തിക്കാറുണ്ട്.
ഇതര ജന്തുക്കളുടെ സഹായത്തോടെ വിന്യസിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും പരാദജീവികളാണ്. പരാദജീവികളെ ഒരു ആതിഥേയനില്‍ നിന്നും മറ്റൊരു ആതിഥേയനിലേക്കു മാറ്റുന്ന വാഹകര്‍ക്കും ജന്തുവിന്യാസത്തില്‍ സ്ഥാനമുണ്ട്. ദേശാടനക്കിളികള്‍, ആധുനിക ഗതാഗതോപാധികള്‍ എന്നിവയ്ക്കു പുറമേ ജന്തുവ്യാപനത്തിനു പങ്കുവഹിക്കുന്നത് മനുഷ്യനാണ്. തനിക്കു താത്പര്യമുള്ള ജന്തുക്കളെ ഏതു പ്രതികൂലകാലാവസ്ഥയിലും വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍ മനുഷ്യന്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ബഹുദൂര സഞ്ചാരശേഷിയും പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിക്കാനുള്ള കഴിവും ഉള്ള ജന്തുക്കള്‍ക്കു മാത്രമേ കൂടുതല്‍ വ്യാപിക്കാനാവൂ. വ്യത്യസ്ത വന്‍കരകള്‍ തമ്മിലുള്ള ജന്തുവ്യാപനം പ്രകൃത്യാ വിഷമകരമാണ്.
എന്നാല്‍ ഒരേ കുടുംബത്തില്‍പ്പെട്ട ജീവികള്‍ ഒറ്റതിരിഞ്ഞു കിടക്കുന്ന വന്‍കരകളില്‍ വ്യാപിച്ചുകാണാനുമുണ്ട്. മീസോസോയിക് കല്പത്തിനുമുമ്പ് വന്‍കരകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നതിനു തെളിവാണ് ഈ വിന്യാസം. ജന്തുക്കളുടെ ഉദ്ഭവത്തിനുശേഷം പരിണാമപരമായ മാറ്റം വിന്യാസരൂപേണയുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. നിരന്തരമായ താപവ്യതിയാനങ്ങള്‍, ബാഷ്പീകരണം, മഞ്ഞുരുകല്‍, മലയിടിച്ചില്‍, അഗ്നിപര്‍വതങ്ങളുടെ ഉദ്ഭവം, ജീവജാലങ്ങളുടെ മണ്‍മറയല്‍, പുതിയ പ്രദേശങ്ങളുടെ ആവിര്‍ഭാവം തുടങ്ങി ചലനാത്മകമായ ഭൌതിക രാസഗുണങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ഇന്നു നിലവിലുള്ള ജീവജാലങ്ങളും അവയുടെ വ്യാപനസ്വഭാവങ്ങളും.
വിപുലമായ വിന്യാസശേഷിയുള്ള ജന്തുക്കള്‍ക്ക് അവ ചെന്നെത്തുന്ന സ്ഥലങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളാണ് നിലനില്ക്കുന്നതെങ്കിലും അവിടെ വിജയകരമായി വാസം ഉറപ്പിക്കാന്‍ കഴിയുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം കഴിവും ശേഷിയുമുള്ള രണ്ടുജാതി ജന്തുക്കള്‍ ഒരു സ്ഥലത്തുതന്നെ എത്തിച്ചേര്‍ന്നാലും വിന്യാസത്തിനു കോട്ടംതട്ടാം. വ്യാപനത്തിന് പ്രകൃതിതന്നെയൊരുക്കുന്ന തടസ്സങ്ങളും ഉണ്ട്. വന്‍കരയിലെ മൃഗങ്ങള്‍ തൊട്ടടുത്ത ദ്വീപിലേക്കു വ്യാപിക്കുന്നത് ചുറ്റുമുള്ള ജലംകൊണ്ട് പ്രകൃതി നിയന്ത്രിക്കുന്നു. ജന്തുക്കളുടെ മരുഭൂമിയിലേക്കുള്ള വ്യാപനത്തിന് അവിടത്തെ കാലാവസ്ഥയും താപനിലയും വിലങ്ങുതടിയാകുന്നു. കാലാവസ്ഥ, താപനില എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജന്തുവ്യാപനത്തെ കാര്യമായി ബാധിക്കുന്നു. നോ. ജന്തുഭൂമിശാസ്ത്രം
(ഡോ. എ.സി. ഫെര്‍ണാന്റസ്)