This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജല പക്ഷികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:09, 29 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജല പക്ഷികള്‍

ജലത്തില്‍ ജീവിക്കാനുതകുന്ന ശരീരഘടനയോടും സ്വഭാവ സവിശേഷതകളോടും കൂടിയ പറവകള്‍. കൂട്ടം ചേര്‍ന്ന് ജലാശയങ്ങളെ ആശ്രയിച്ചു ജീവിക്കുകയാണ് ജല പക്ഷികളുടെ പൊതുവായ ജീവിതശൈലി.

എമ്പറര്‍ പെന്‍ഗ്വിന്‍

സൂപ്പര്‍ ഓര്‍ഡര്‍ സ്ഫെനസി ഫോര്‍മിസിലെ നിയോനാതെ(Neognathe)യിലെ പക്ഷികളാണ് ജലപക്ഷികളായി അറിയപ്പെടുന്നത്. ഈ ഗണത്തില്‍പ്പെടുന്ന പെന്‍ഗ്വിന്‍ പക്ഷികള്‍ തെക്കന്‍ കടലുകളിലും ആന്റാര്‍ട്ടിക്കന്‍ ദേശത്തും, ദ്വീപുകളിലും കൂട്ടം ചേര്‍ന്നു ജീവിക്കുന്നു. തൂവലുകളുടെ ആകൃതി നഷ്ടപ്പെട്ടു ചെതുമ്പലുകളുടെ രൂപമുള്ള തൂവലുകള്‍ കൊണ്ടു മറയ്ക്കപ്പെട്ട ചിറകുകള്‍ തുഴയായി ഉപയോഗിച്ച് ഇവ നീന്തുകയും മുങ്ങാംകുഴിയിടുകയും ചെയ്യുന്നു. ചുണ്ടിന്റെ ആകൃതി, വലുപ്പം, ഘടന എന്നിവയുടെ അടിസ്ഥാനത്തില്‍ പെന്‍ഗ്വിനുകളെ വര്‍ഗീകരിച്ചിരിക്കുന്നു. അപ്റ്റിനൊഡൈറ്റ്സ് (Aptenodytes) പെന്‍ഗ്വിനുകള്‍ നീണ്ടു മെലിഞ്ഞു കൂര്‍ത്ത ചുണ്ടും, യൂഡിപ്റ്റെസ് (Eudypytes) പെന്‍ഗ്വിനുകള്‍ കുറുകി വീതികൂടിയ ചുണ്ടും സ്ഫെനിസ്കസ് (Spheniscus) പെന്‍ഗ്വിനുകള്‍ പരന്നു തടിച്ചു കുറിയ ചുണ്ടും ഉള്ളവയാണ്. കണവ, മത്സ്യങ്ങള്‍, ചിപ്പികള്‍ തുടങ്ങിയവയാണ് ഇവയുടെ ആഹാരം. എമ്പറര്‍ പെന്‍ഗ്വിന്‍ എന്നറിയപ്പെടുന്ന അപ്റ്റിനോഡൈറ്റ്സ് ഫോര്‍സ്റ്റെറി പെന്‍ഗ്വിനുകള്‍ ഒരു പ്രജനന ഘട്ടത്തില്‍ ഒരു മുട്ടയേ ഇടാറുള്ളു.

കൊളിംബിഫോര്‍മിസ് (Colymbiformes) ഓര്‍ഡറിലെ പക്ഷികള്‍ സൂപ്പര്‍ ഓര്‍ഡര്‍ നിയോനാതെയില്‍ (Super Order Neognathe) ഉള്‍പ്പെടുന്നു. വളരെ പുരാതന സ്വഭാവവും ഘടനയുമുള്ള പക്ഷികളാണ് ഈ ഗണത്തിലുള്ളത്. കാലിലെ വിരലുകള്‍ ചര്‍മം കൊണ്ടു ബന്ധിച്ചിരിക്കുന്നു. നീണ്ട കഴുത്തും ശരീരത്തിന്റെ പിന്‍ഭാഗത്തായി ഉറപ്പിച്ചിരിക്കുന്ന കാലും ഇതിന്റെ പ്രത്യേകതകളാണ്. വാലും ചിറകുകളും ചെറുതും അഗ്രം കൂര്‍ത്തതുമാണ്. മുങ്ങാംകുഴിയിടാന്‍ വിദഗ്ധരായ ഈ പക്ഷികള്‍ ആഹാരത്തിനായി മത്സ്യങ്ങളും ചിപ്പികളും മുങ്ങി സമ്പാദിക്കുന്നു. സമുദ്രത്തില്‍ പതിക്കുന്ന നദികളുടെ ഉദ്ഭവസ്ഥാനത്തേക്കു പറന്നു ചെന്ന് ഇണചേരുകയും മുട്ടയിടുകയുമാണ് ഇവയുടെ പതിവ്. മണല്‍ക്കുഴികളിലോ ചെടികളുടെ ചുവട്ടിലോ രണ്ടോ മൂന്നോ മുട്ട ഇട്ടശേഷം പെണ്‍പക്ഷികള്‍ അടയിരിക്കുന്നു. മുട്ടയില്‍ നിന്നു വിരിയുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങള്‍ വെള്ളത്തിലിറങ്ങാറുണ്ടെങ്കിലും മാതാപിതാക്കള്‍ കുറച്ചുകാലത്തേക്ക് അവയെ ചുമലിലേറ്റിയാണു നീന്തുക. വടക്കേ അമേരിക്കയിലും പസിഫിക് സമുദ്രതീരങ്ങളിലും ഇവയെ കാണാം.

ഒരിനം ഗ്രെബ്

നിയോനാതെ സൂപ്പര്‍ ഓര്‍ഡറിലെ പ്രോസെല്ലാറിഫോര്‍മിസ് (Procellariformes) ഗണത്തിലെ പക്ഷികളായ ആല്‍ബട്രോസ് (Albatross), പെട്രല്‍ (Petral), ഷിയര്‍ വാട്ടര്‍ (Shear water) എന്നിവ ട്യൂബിനേരികള്‍ (Tubinares) എന്നും അറിയപ്പെടുന്നു. വലുപ്പംകൂടിയ ഈ പക്ഷികള്‍ ശക്തരായ പറവകളുമാണ്. നാസാദ്വാരങ്ങള്‍ കുഴലുകള്‍പോലെ നീണ്ടു കാണപ്പെടുന്നു. ചുണ്ടിലെ ദന്താവരണങ്ങള്‍ പാളികളായിട്ടാണ് കാണപ്പെടുന്നത്. വലുപ്പമുള്ള തലയും നീണ്ട കഴുത്തും ഇവയുടെ പ്രത്യേകതയാണ്. കാലിലെ മൂന്നുവിരലുകള്‍ ചര്‍മബന്ധിതമാണ്. കണവയും മീനുകളുമാണ് ആഹാരം. പാറക്കൂട്ടങ്ങളും മലയിടുക്കുകളും ഉള്ള തുറസ്സായ സ്ഥലങ്ങളില്‍ ഇണചേര്‍ന്നു മുട്ടയിടുന്നു. ഒരു പ്രജനനകാലത്ത് ഒറ്റമുട്ട മാത്രമേ ഇടാറുള്ളൂ. ആണ്‍ പക്ഷിയും പെണ്‍ പക്ഷിയും മാറിമാറി അടയിരിക്കുന്നു.

തെക്കന്‍ സമുദ്രങ്ങളിലും പസിഫിക് സമുദ്രങ്ങളിലും ഗാലപാഗോസ് ദ്വീപുകളിലും കണ്ടുവരുന്ന വലുപ്പമേറിയ പക്ഷിയാണ് ആല്‍ബട്രോസ് (Albatross). ഇവയുടെ ചിറകുകള്‍ക്ക് സു. 120 സെ.മീ. നീളമുണ്ടായിരിക്കും. ചുണ്ട് കുറിയതാണ്. മേല്‍ച്ചുണ്ട് കൊളുത്തുപോലെ വളഞ്ഞിരിക്കും. കറുപ്പ്, ചാരം, വെളുപ്പ് എന്നീ നിറങ്ങളോ ഇവ കലര്‍ന്ന നിറങ്ങളോ ആയിരിക്കും ഈ പക്ഷികള്‍ക്ക്. ഇരപിടിച്ചു മടങ്ങുന്ന മറ്റു പക്ഷികളെ വിരട്ടി ആഹാരം തട്ടിയെടുക്കുക ആല്‍ബട്രോസ് പക്ഷികളുടെ നേരമ്പോക്കാണ്. പകുതി ദഹിച്ച ആഹാരം ഛര്‍ദിച്ചു നല്കിയാണു കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വാണ്ടറിങ് ആല്‍ബട്രോസ്, സൂട്ടി ആല്‍ബട്രോസ് എന്നീയിനങ്ങള്‍ ധാരാളമായി കണ്ടുവരുന്നു.

അരയന്നങ്ങളെപ്പോലെ വലുപ്പം കൂടിയതും കുറഞ്ഞതുമായ പെട്രല്‍ (Petral) പക്ഷികളുണ്ട്. ജയന്റ്പെട്രല്‍, സ്റ്റോം പെട്രല്‍, ഡൈവിങ് പെട്രല്‍ എന്നിവ സാധാരണ കാണപ്പെടുന്ന ജലപക്ഷികളാണ്. കണവയും മത്സ്യങ്ങളുമാണ് ഇവയുടെ ഭക്ഷണം. തിരമാലകള്‍ക്കു മുകളിലൂടെ തൊട്ടുതൊട്ടില്ലെന്നു തോന്നിക്കുംവിധം പറന്നുപോകുന്നവയാണു ഷിയര്‍ വാട്ടറും പഫിന്‍സ് പക്ഷിയും. തെക്കന്‍ സമുദ്രങ്ങളാണ് ഇവയുടെ താവളങ്ങള്‍.

പോഡിസിപെഡിഫോര്‍മിസ് (Podicipediformes) ഓര്‍ഡറില്‍ പ്പെടുന്നവ ശുദ്ധജലപക്ഷികളാണ്. പെട്രലുകളെപ്പോലെ മുങ്ങാംകുഴിയിടാന്‍ വിദഗ്ധരാണെങ്കിലും കൊളിംബിഫോര്‍മിസ് ഓര്‍ഡറിലെ പക്ഷികളുമായി ബന്ധമില്ല. ഗ്രെബ് എന്നറിയപ്പെടുന്ന ഇവ ഈറ്റയും മുളയും വളരുന്ന പ്രദേശങ്ങളിലെ അരുവികളിലും തടാകങ്ങളിലും കണ്ടുവരുന്നു. മുന്‍ വിരലുകള്‍ ചര്‍മബന്ധിതമാണ്. ചുണ്ടുകള്‍ ഉള്ളിലേക്ക് അല്പം വളഞ്ഞിരിക്കും. കുറിയ ചിറകുകളും ശ്രദ്ധയാകര്‍ഷിക്കുന്ന വാലും ഇവയുടെ പ്രത്യേകതകളാണ്. മുങ്ങിപ്പിടിക്കുന്ന മത്സ്യങ്ങളാണു ഭക്ഷണം. മുങ്ങി ഉയരുമ്പോള്‍ തൂവലുകള്‍ നനയുന്നതിനാല്‍ വെള്ളത്തില്‍ നിന്നും പറന്നുയരാന്‍ പ്രയാസമായിരിക്കും. 3-6 മുട്ടകളിടും. വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ഈറ്റക്കൂടുകളിലാണ് മുട്ടയിടുക. കുഞ്ഞുങ്ങളെ ചുമലിലേറ്റി സഞ്ചരിക്കുക മാതാപിതാക്കളുടെ പതിവാണ്. പോഡിസിപെസ് റുഡിക്കോളിസ് (Podicepsrudicollis) എന്നറിയപ്പെടുന്ന ചെറിയ ഗ്രെബ് ഇന്ത്യയില്‍ കണ്ടുവരുന്നു. ഇവയ്ക്ക് സു. 22 സെ.മീ. നീളമേയുള്ളു. തലയില്‍ തൊപ്പിയുള്ള ഗ്രെബ് വ. ഇന്ത്യയില്‍ 1,500 മീ. ഉയരമുള്ള സ്ഥലങ്ങളില്‍ വരെ കാണാറുണ്ട്.

ഗാനെറ്റ്

പെലിക്കാനി ഫോര്‍മിസ് ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ് പെലിക്കണ്‍ (Pelican), നീര്‍ക്കാക്ക (Cormorant), ചേരക്കോഴി (Darter), ഫ്രിഗേറ്റ് (Fregatae), ഗ്രാനെറ്റ് (Gannet) എന്നിവ. ജലപക്ഷികളില്‍ വലുപ്പം കൂടിയ ഇനങ്ങളായ ഇവ വെള്ളത്തില്‍ മുങ്ങി മത്സ്യം പിടിച്ചാണ് ആഹരിക്കുന്നത്. നീര്‍ക്കാക്ക, തിമ്മന്‍, തീറ്റമാടന്‍, ജലപാദി എന്നെല്ലാം ഇവ പൊതുവേ അറിയപ്പെടുന്നു.

വളരെ വലുപ്പം കൂടിയവയാണ് പെലിക്കണ്‍ (Pelican). നീളം കൂടിയ ചുണ്ടുകള്‍ക്കു ബോട്ടിന്റെ ആകൃതിയും വളഞ്ഞ അഗ്രവും ആയിരിക്കും. ഉയരത്തില്‍ പറക്കാനും വായുവില്‍ ഒഴുകി നടക്കാനും പെലിക്കനുള്ള കഴിവ് അപാരമാണ്. പെലിക്കാനസ് ഫിലിപ്പെന്‍സിസ് (Pelicanus philippensis) എന്നയിനം ചുണ്ടില്‍ പൊട്ടുകളുള്ള പെലിക്കണ്‍ പക്ഷികളെ ഭാരതത്തിലെമ്പാടും കണ്ടു വരുന്നു. പെലിക്കാനസ് ഒനോക്രൊക്കൊട്ടാലസ് (Pelicanus onocrocotalus) വ.-പടിഞ്ഞാറന്‍ ഇന്ത്യയിലും പെലിക്കാനസ് ക്രിസ്പസ് (Pelicanus crispus) വ. ഇന്ത്യയിലും നാമമാത്രമായി കാണാന്‍ സാധിക്കും.

നീര്‍ക്കാക്കകള്‍ (കോര്‍മോറന്റ് പക്ഷികള്‍) മുങ്ങാംകുഴിയിടുന്നതില്‍ വിദഗ്ധരാണ്. മുങ്ങി മീന്‍പിടിക്കാന്‍ കഴിവുള്ള ഈ പക്ഷികളെ ചൈനക്കാരും ജപ്പാന്‍കാരും മീന്‍ പിടിക്കാനായി ഉപയോഗിക്കാറുണ്ട്. ഇവയ്ക്കു കറുപ്പോ വെളുപ്പു കലര്‍ന്ന കറുപ്പു നിറമോ ആയിരിക്കും. ഇവ നീണ്ടു കൂര്‍ത്ത് അഗ്രം വളഞ്ഞ ചുണ്ടുകൊണ്ടു ഇരയെ കൊരുത്തെടുക്കുന്നു. വാല്‍മാക്രികള്‍, മത്സ്യങ്ങള്‍, ഞണ്ടുകള്‍, ഷട്പദങ്ങള്‍ എന്നിവയാണ് ആഹാരം. ദക്ഷിണാര്‍ധഗോളത്തിലാണ് കോര്‍മോറന്റ് പക്ഷികള്‍ ധാരാളമായി കണ്ടുവരുന്നത്. കടലിലെ പ്ലവസസ്യങ്ങള്‍ കൊണ്ടു കൂടു മെനയുന്ന ഇവ കൂട്ടം ചേര്‍ന്നാണു വംശവര്‍ധനവ് നടത്തുന്നത്.

ചാട്ടുളിപോലെ കുതിച്ചും തെന്നിയും നീങ്ങുന്ന പക്ഷിയാണു ചേരക്കോഴി. വളരെ നേര്‍ത്ത് അറ്റം കൊളുത്തുപോലെ വളഞ്ഞ ചുണ്ട് നീളമുള്ളതാണ്. ഇരയെ കൊരുത്തു പിടിക്കുകയാണു പതിവ്. ഉഷ്ണമേഖലകളിലെ കടലുകളില്‍ കണ്ടുവരുന്ന ഫ്രിഗേറ്റ് (Fregatae) പക്ഷികളും ഈ ഗണത്തില്‍ പെടുന്നവയാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും കടലില്‍ ചെലവഴിക്കുന്ന ഇവ ഇണചേരാനും മുട്ടയിടാനും മാത്രമാണ് കരയ്ക്കെത്തുന്നത്. കുറിയകാലുകള്‍, നീളം കൂടിയ ചിറകുകള്‍, വകപ്പുള്ള വാല്, നീളം കൂടിയ അഗ്രം വളഞ്ഞ ചുണ്ടുകള്‍ എന്നിവ ഇവയുടെ പ്രത്യേകതയാണ്. വെള്ളത്തിന്റെ ഉപരിതലത്തിലെത്തുന്ന മത്സ്യങ്ങളും ചിപ്പികളുമാണു പ്രധാന ആഹാരം. മറ്റു കടല്‍പ്പക്ഷികള്‍ ഇര പിടിച്ചു മടങ്ങുമ്പോള്‍ അവയുടെ വഴിമുടക്കി ബലമായി ആഹാരം കൈക്കലാക്കാന്‍ ഫ്രിഗേറ്റ് പക്ഷികള്‍ക്കു പ്രത്യേക വാസനയുണ്ട്. ഇക്കാരണത്താല്‍ ഇവ 'മാന്‍-ഒ-വാര്‍ഹാക്ക്' (Man-O-Warhawk) എന്നും അറിയപ്പെടുന്നു. സാധാരണയായി ഇവ ഒരു മുട്ടയേ ഇടാറുള്ളു. ഈ ഗണത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന മറ്റൊരു പക്ഷിയാണ് ഗാനെറ്റ്. കടലില്‍ ജീവിക്കാനിഷ്ടപ്പെടുന്ന ഇവയ്ക്കു കോണാകൃതിയിലുള്ള ബലവത്തായ ചുണ്ടുകളും കുറിയ കഴുത്തും തടിച്ചുരുണ്ട ശരീരവുമാണ്. ആപ്പിന്റെ ആകൃതിയുള്ള വാല് ഇതിന്റെ പ്രത്യേകതയാണ്. മുങ്ങി മീന്‍ പിടിച്ചാണ് ആഹാരം സമ്പാദിക്കുന്നത്. പ്രജനനത്തിനായി പാറയിടുക്കുകളുള്ള കടല്‍ത്തീരങ്ങള്‍ തെരഞ്ഞെടുക്കുന്നു. മൂന്നു മുട്ടകള്‍ ഇടുന്നു. സുല (Sula) എന്ന ഗാനെറ്റ് പക്ഷിയാണ് ഏറെയുള്ളത്.

ആസ്ട്രേലിയന്‍ പെലിക്കണ്‍

സിക്കോണിഫോര്‍മിസ് ഓര്‍ഡറില്‍ (Order Ciconiformes) ഉള്‍പ്പെടുന്ന ജലപക്ഷികളാണ് സ്റ്റോര്‍ക്കുകളും (Strokes) ഹെറണുകളും (Herons). വലുപ്പവും പറക്കാന്‍ നല്ല ശക്തിയുമുള്ള ഇവ പൊതുവേ ചതുപ്പുനിലങ്ങളിലാണു വസിക്കുക. നീളമുള്ള കാലുകളും വിരലുകളും ചതുപ്പുനിലങ്ങളില്‍ നടന്നു നീങ്ങാന്‍ സഹായകമാകുന്നു. നീണ്ട കഴുത്തും ചുണ്ടും ദേശാടനപ്പക്ഷികളുടെ പ്രത്യേകതകളാണ്. മത്സ്യങ്ങളാണ് പ്രധാന ആഹാരം. സാധാരണയായി കണ്ടുവരുന്ന ഹെറണ്‍ പക്ഷിയാണ് ആര്‍ഡിയ സിനേറിയ (Ardea cinerea). ഹെറണുകള്‍ ഒറ്റയ്ക്കാണ് ഇര തേടുന്നത്. ധ്യാനനിരതരായ സന്ന്യാസികളെപ്പോലെ വെള്ളത്തില്‍ കണ്ണും നട്ട് അനങ്ങാതെ ഇരയെ കാത്തിരിക്കുന്ന ഹെറണ്‍ പക്ഷികളെ ചതുപ്പുനിലങ്ങളിലും വയലേലകളിലും ചെറുകുളങ്ങളിലും കാണാന്‍ കഴിയും. മത്സ്യങ്ങള്‍, തവള, ഷട്പദങ്ങള്‍ എന്നിവ ലഭ്യമാകുന്നതനുസരിച്ചു ഭക്ഷിക്കുന്നു. ഭാരതത്തില്‍ സാധാരണയായി കാണപ്പെടുന്ന ഒരു ഇനമാണ് ബുബുള്‍ക്കസ് ഇബിസ് (Bubulcus Ibis) എന്നറിയപ്പെടുന്ന കാറ്റില്‍ ഹെറണ്‍ (Cattle Heron), അര്‍ഡിയോല ഗ്രായി (Ardeola Grayi) എന്നറിയപ്പെടുന്ന പാഡി ബേര്‍ഡ് (Paddy Bird), നിക്ടിക്കോറസ് എന്നറിയപ്പെടുന്ന നൈറ്റ് ഹെറണ്‍ (Night Heron) എന്നിവ.

തൂവെള്ള നിറമുള്ള പ്ലാറ്റലിയ (Platalea) പക്ഷി ഈ ഗണത്തില്‍പ്പെടുന്നു. കറുത്ത കാലുകളും നീണ്ടു പതിഞ്ഞു ചെറുകോരിയുടെ ആകൃതിയുള്ള ചുണ്ടുകളും മൃദുല പടലം കൊണ്ട് ആവൃതമായ കാല്‍വിരലുകളും ഇവയുടെ പ്രത്യേകതയാണ്. ഇവ സ്പൂണ്‍ ബില്‍ (Spoon bill) എന്നും അറിയപ്പെടുന്നു. മത്സ്യങ്ങള്‍, ചിപ്പികള്‍, നത്തുകള്‍, ഷട്പദങ്ങള്‍ തുടങ്ങിയവയെ നീണ്ട് കോരിപോലുള്ള ചുണ്ടുകള്‍ ഇരു പാര്‍ശ്വങ്ങളിലേക്കും ചലിപ്പിച്ചു ശേഖരിക്കുകയാണ് ഇവയുടെ സ്വഭാവം. പ്ലാറ്റലിയ ല്യൂക്കോര്‍ഡിയ (Platalea leucorodia) എന്നയിനമാണ് ഇന്ത്യയില്‍ കണ്ടുവരുന്നത്. സിക്കോണിയ എന്നറിയപ്പെടുന്ന വെള്ള സ്റ്റോര്‍ക്കുപക്ഷികള്‍ (White stork) ശൈത്യകാലങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലും എത്തുന്നു. വെറ്റ് നെക്കഡ് സ്റ്റോര്‍ക്ക് എന്നറിയപ്പെടുന്ന ഡിസ്സോറോ എപിസ്കോപ്സും (Dissoura episcopus), ബ്ലാക്ക് നെക്ക്ഡ് സ്റ്റോര്‍ക്ക് എന്നറിയപ്പെടുന്ന സെനോറിങ്കസ് ഏഷ്യാറ്റിക്കസും (Xenorthynchus asiaticus) ഇന്ത്യയിലുടനീളം കണ്ടുവരുന്ന സ്റ്റോര്‍ക്ക് ഇനത്തില്‍പ്പെടുന്നവയാണ്. പ്രജനന കാലമാകുമ്പോള്‍ മരങ്ങളിലോ പാറക്കെട്ടുകളിലോ വെള്ളത്തില്‍ വളരുന്ന ഈറച്ചെടികളുടെ ചില്ലകളിലോ വെറും തറയിലോ കൂടുണ്ടാക്കി ഇവ ഒന്നോ രണ്ടോ മുട്ട ഇടും. പിടയും പൂവനും അടയിരിക്കലും കുഞ്ഞുങ്ങളുടെ പരിപാലനച്ചുമതലകളും പങ്കിടുന്നു. ആഫ്രിക്കയിലും അമേരിക്കയിലും ഇവയെ കാണാം.

ഫ്ളമിംഗോകള്‍ (Flamaingoes) ഫൊയെനിക്കോപ് റ്റെറിഫോര്‍മിസ് (Order Phoenicopteriformes) ഓര്‍ഡറില്‍പ്പെടുന്ന പക്ഷികളാണ്. വലുപ്പം കൂടിയ ഈ പക്ഷികള്‍ നീളം കൂടിയ കാലുകളുള്ളവയാണ്. ഇവ ചതുപ്പുനിലങ്ങള്‍ വാസസ്ഥലങ്ങളാക്കുന്നു. നീണ്ടു തടിച്ച ചുണ്ടിനു മധ്യഭാഗത്തായി ഒരു വളവുണ്ടായിരിക്കും. വെള്ളവും ചെളിയും അരിച്ച് മീന്‍ പിടിക്കാനുതകുന്ന വിധം ചുണ്ടുകള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. തെ. അമേരിക്ക, അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവയെക്കാണാം. പ്രജനനത്തിനായിട്ടല്ലെങ്കിലും ഇന്ത്യയിലെത്തുന്ന ഒരിനം ഫ്ളമിംഗോ പക്ഷിയാണ് ഫൊയെനിക്കോപ്റ്റെറസ് ഹ്യൂബര്‍ (Phoenicopterus huber). ഒരു മുട്ടയേ ഇടാറുള്ളൂ. മുട്ടയില്‍ നിന്നു വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഇരകളെ അരിച്ചു പിടിക്കാനാകും വിധം ചുണ്ടുകളിലെ സംവിധാനങ്ങള്‍ വളര്‍ച്ചയെത്തും വരെ മാതാപിതാക്കള്‍ പകുതി ദഹിച്ച ആഹാരം നല്കി അവയെ വളര്‍ത്തുന്നു.

മല്ലാര്‍ഡ് (അനാസ് പ്ലാറ്റിറിങ്കോ)
ചുവാനാ ചവാന്‍

താറാവുകളും വാത്തുകളും അരയന്നങ്ങളും അന്‍സറിഫോര്‍മിസ് (Anseriformes) ഓര്‍ഡറില്‍പ്പെടുന്നു. ഇതില്‍ 30-150 സെ.മീ. നീളവും 300 ഗ്രാം-18 കി.ഗ്രാം വരെ ഭാരവും വരുന്ന ദേശാടന പക്ഷികളുണ്ട്. മല്ലാര്‍ഡ് (Mallard) എന്നറിയപ്പെടുന്ന അനാസ് പ്ലാറ്റിറിങ്കോസ് (Anas Platyrthychos) ഈ വിഭാഗത്തില്‍പ്പെടുന്നു. ഭൂമിയുടെ വടക്കന്‍ തീരങ്ങള്‍, ഹാവായ്, മഡഗാസ്കര്‍, യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ ഈ വിഭാഗത്തിലെ പക്ഷികള്‍ കണ്ടുവരുന്നു. പതിഞ്ഞു വീതിയുള്ളതും വിവിധതരം ആഹാരം സ്വീകരിക്കുന്നതിനുതകുന്നതുമായ ചുണ്ടുകളാണ് ഇവയ്ക്കുള്ളത്. മേല്‍ച്ചുണ്ടിലും കീഴ്ച്ചുണ്ടിലുമുള്ള നേര്‍ത്ത പാളികള്‍ വായില്‍ കടക്കുന്ന ജലത്തില്‍ നിന്നും ഇരകളെ വേര്‍തിരിക്കാന്‍ സഹായിക്കുന്നു. തെ.അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ഒരു പക്ഷിയാണ് ചാവുനാ ചവാന്‍ (Chauna Chavan). പറവകളില്‍ കണ്ടുവരുന്ന വായുസഞ്ചികള്‍ വളരെയധികം വിപുലമായി ഈ പക്ഷികളില്‍ വിന്യസിച്ചു കാണുന്നു. ഭുജത്തിലെയും ചരണങ്ങളിലെയും അഗ്രാസ്ഥികളിലും ചര്‍മത്തിനടിയില്‍പ്പോലും വായുസഞ്ചികള്‍ നാളികളായി വിന്യസിച്ചിരിക്കുന്നതു ദേശാടനവേളയില്‍ ദീര്‍ഘദൂരം അനായാസം പറക്കാന്‍ ഇവയെ സഹായിക്കുന്നു. പറക്കുന്നതുപോലെ മുങ്ങാംകുഴിയിട്ട് ആഹാരം സമ്പാദിക്കുന്നതിനും ഈ പക്ഷികള്‍ മിടുക്കരാണ്. ഇന്ത്യയില്‍ കണ്ടുവരുന്ന വാത്ത് പക്ഷികള്‍ അന്‍സര്‍ ഇന്‍ഡിക്കസ് (Ansar Indicus) എന്നറിയപ്പെടുന്നു. ടീല്‍ (Teal), നുക്ത (Nukta) എന്നീ ഇന്ത്യന്‍ പക്ഷികളും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇണയെ തെരഞ്ഞെടുക്കുന്നതും കൂട് ഉണ്ടാക്കുന്നതും പിടപ്പക്ഷിയാണ്. ഒന്‍പതോളം മുട്ടകളിടുന്നു. സാധാരണ പിടപ്പക്ഷികളാണ് അടയിരിക്കുന്നത്. മുട്ട വിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ കൂട്ടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടുന്നു. നല്ല മാംസളമായ ശരീരമുള്ള ഇവയെ ആഹാരത്തിനായി മനുഷ്യനും ജന്തുക്കളും ഉപയോഗപ്പെടുത്തുന്നതിനാല്‍ ആയുസ്സെത്തുന്ന പക്ഷികള്‍ ചുരുക്കമാണെന്നു പറയപ്പെടുന്നു.

തിത്തിരിപ്പക്ഷി (Rail), കുളക്കോഴി (Water hen), മുണ്ടിക്കൊക്ക് (Coots), കൊക്ക് തുടങ്ങിയ തീരപ്രദേശത്തു വസിക്കുന്ന ജലപക്ഷികള്‍ ഓര്‍ഡര്‍ ഗ്രൂയിഫോര്‍മിസില്‍(Gruiformes)പ്പെടുന്നു. ആറ്റിന്‍കരയിലും കുളക്കരയിലും തടാകതീരത്തും പ്രത്യേകിച്ചു കണ്ടല്‍ച്ചെടികള്‍ വളരുന്ന സ്ഥലങ്ങളിലും ഇവയെ സുലഭമായി കാണാം. തീരെ വരണ്ട കാലാവസ്ഥയിലും ഈ പക്ഷികളെ കണ്ടെത്താനാവും. ഇരു പാര്‍ശ്വങ്ങളും ഉള്ളിലേക്ക് ഒതുങ്ങിയതുപോലുള്ളു ശരീര ആകൃതിയാണിവയ്ക്ക്. ഈ ആകൃതി ചെടികള്‍ക്കിടയിലൂടെ അനക്കമുണ്ടാക്കാതെ നീങ്ങാന്‍ സഹായിക്കുന്നു. ഇവയ്ക്കു നീണ്ട വിരലുകളുള്ള കാലുകളാണ്; പറക്കാന്‍ കഴിയില്ല. മത്സ്യം, ഉരഗജീവികള്‍, ചിപ്പികള്‍, സസ്യങ്ങള്‍ എന്നിവ ഭക്ഷിക്കുന്നു.

ഗല്ലിനുല ക്ലോറോപസ് (Gallinula chloropus) എന്ന ശാസ്ത്രനാമമുള്ള കുളക്കോഴി(Water hen)കളെ ഇന്ത്യയിലുടനീളം കാണാം. അമാവുറോര്‍ണിസ് ഫൊയെനിക്കുറ (Amauromis Phoenicura) എന്നറിയപ്പെടുന്ന കുളക്കോഴിയുടെ നെഞ്ചിലെ തൂവലുകള്‍ വെളുത്തതാണ്. ധൂമ്രവര്‍ണമുള്ള കുളക്കോഴികള്‍ പര്‍പ്പിള്‍ക്കൂട്ട് (Purplecoot) എന്നാണ് അറിയപ്പെടുക. ചതുപ്പു നിലങ്ങളും ചെടികള്‍ ഇടതൂര്‍ന്നു വളരുന്ന കുളക്കരയും തടാകക്കരയും കുളക്കോഴികള്‍ക്കു വളരാന്‍ അനുയോജ്യമായ പ്രദേശങ്ങളാണ്.

പ്ലാറ്റലിയ (സ്പൂണ്‍ ബില്‍)

നീണ്ടകാലുകളുപയോഗിച്ചു വെള്ളത്തിലൂടെ നടന്നു നീങ്ങാനും ശരീരം ചലിപ്പിക്കാതെ (നിശ്ചലമായി) വളരെ സമയം നില്‍ക്കാനും ഈ ഗണത്തിലെ കൊക്കുകള്‍(Cranes)ക്കു സാധിക്കും. സസ്യങ്ങളുടെ നാമ്പുകള്‍, തളിരുകള്‍, ധാന്യങ്ങള്‍, മത്സ്യങ്ങള്‍, ചിപ്പികള്‍, ഷട്പദങ്ങള്‍ എന്നിവ ഇവ ആഹരിക്കുന്നു. കൂട്ടംകൂടി നില്ക്കാനും സഞ്ചരിക്കാനും ഇവ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍ ജോടി തിരിഞ്ഞാല്‍ ജീവിതകാലം മുഴുവനും ജോടി പിരിയാതെ വിശ്വസ്തതയോടെ കഴിയുക ഈ പക്ഷികളുടെ സവിശേഷതയാണ്. മൂന്നു മുട്ട ഇടുന്നു. സരൂസ് കൊക്ക് (Sarus crane) എന്നറിയപ്പെടുന്ന ആന്റിഗോനെ ആന്റിഗോനെ (Antigone antigone) തെ.ഇന്ത്യയില്‍ കണ്ടുവരുന്നു. വിദേശങ്ങളില്‍ നിന്നും ദേശാടനവേളയില്‍ ഇന്ത്യയിലെത്തുന്ന കൊക്കാണ് ആന്ത്രപ്പോയിഡസ് വിര്‍ഗോ (Antropoides virgo). യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഇവയെ കാണാന്‍ സാധിക്കും. ഗ്രൂസ് ജാപ്പൊനെന്‍സിസ് (Grus japonensi) എന്ന കൊക്കിന്റെ ഓര്‍മയ്ക്കായി ഒരു 'കൊക്കുനൃത്ത'(Crane dance)ത്തിനു തന്നെ ജപ്പാന്‍കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

ബസ്റ്റാര്‍ഡ് (Bustard) എന്ന മറ്റൊരിനം കൊക്കും ഗ്രുയിഫൊര്‍മിസ് ഗണത്തില്‍പ്പെടുന്നു. പുല്‍ച്ചാടികള്‍, ചിതലുകള്‍, ഉരഗജീവികള്‍, സസ്യങ്ങള്‍ തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം. പരന്ന തലയും തടിച്ച കഴുത്തും ഇവയുടെ പ്രത്യേകതയാണ്. ചുണ്ട് ഓരോ ഇനത്തിലും വ്യത്യസ്തമായിരിക്കും. സൈഫ്യിറ്റിഡസ് ഇന്‍ഡിക്ക എന്ന ചെറിയ ബസ്റ്റാര്‍ഡും (Bustard) കോറിയോട്ടിസ് നിഗ്രിസെപ്സ് (Choriotis nigriceps) എന്ന വന്‍ ബസ്റ്റാര്‍ഡും ഇന്ത്യയില്‍ കണ്ടുവരുന്നു. കോറിയോട്ടിസ് നിഗ്രിസെപ്സ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് (Great Indian Bustard) എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഇവ പത്തോളം മുട്ടകള്‍ ഇടുന്നു. അടയിരിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും പിടപ്പക്ഷികളാണ്. തെ. അമേരിക്കയില്‍ മാത്രം കാണപ്പെടുന്ന സണ്‍ബിറ്റേണ്‍ (Sunbittern) എന്ന പക്ഷിയും ഈ ഗണത്തില്‍പ്പെടുന്നു.

കരാഡ്രിഫോര്‍മിസ് വിഭാഗത്തിലെ പക്ഷികളാണ് കടല്‍പ്പാത്ത (Gulls), കടല്‍ക്കാക്ക (Tern), സ്നൈപ് (Snipe) എന്നിവ. കടല്‍പ്പാത്ത, കടല്‍ക്കാക്ക, കടല്‍പ്പുള്ള് എന്നും ഇവ അറിയപ്പെടുന്നു. വ്യത്യസ്ത പരിസ്ഥിതികളില്‍ താമസിക്കുകയും സ്വഭാവത്തിലും പെരുമാറ്റത്തിലും സവിശേഷതകള്‍ പങ്കു വയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടം ജലപക്ഷികളാണിവ. കര്‍ല്യൂ (Curlew), പ്ലവെഴ്സ് (Plovers), സ്നൈപ്സ് (Snipes), സ്റ്റില്‍സ് (Stills), ജക്കാനസ് (Jakanus) എന്നിവ നന്നായി പറക്കാന്‍ കഴിവുള്ളവയാണ്. വെള്ളത്തിലിറങ്ങി നടന്നു നീങ്ങാനും ഇരപിടിക്കാനും ഇവയ്ക്കു കഴിയും. മത്സ്യങ്ങള്‍, ചിപ്പികള്‍, മണ്ണിരകള്‍, ഷട്പദങ്ങള്‍ എന്നിവയാണ് ആഹാരം. പക്ഷികളില്‍ ചുണ്ടുകള്‍ക്കും കാലുകള്‍ക്കും സാരമായ വ്യത്യാസം പ്രകടമാണ്. കക്കകൊത്തി (Haematopus)എന്ന പക്ഷിയുടെ ചുണ്ടു കട്ടിയുള്ളതാണ്. മസന്‍ വിഭാഗത്തിലെ കക്കളാണ് ഇവയുടെ ആഹാരം. കരാഡ്രിയൂസ് (Charadrius), ലോബിവാനെല്ലൂസ് (Lobivanellus) എന്നീ പക്ഷികളില്‍ ചുണ്ടിന്റെ ചുവടുമുതല്‍ തടിച്ച ശരീരവും കുറിയ കാലുകളും നീണ്ട, കട്ടിയേറിയ ആപ്പിന്റെ ആകൃതിയിലുള്ള ചുണ്ടുകളുമാണ്. ട്രിഗാ (Triga) എന്നറിയപ്പെടുന്ന സാന്‍ഡ്പൈപ്പറി(Sand piper)ന്റെ ചുണ്ടിന്റെ ആഗ്രം മാര്‍ദവമേറിയതാണ്. നുമേനിയസ് (Numanius) പക്ഷിയുടെ ചുണ്ട് മധ്യഭാഗം തൊട്ടു കീഴോട്ടു വളഞ്ഞിരിക്കുന്നു. കോരിക പോലുള്ള ചുണ്ടാണ് യുറിനോറിങ്കസ് (Eurynorhynchus) പക്ഷിയുടേത്. ജക്കാനപക്ഷിക്കു (Hydropha sianus) കാലിലെ വളരെ നീണ്ട വിരലുകളുടെ സഹായത്താല്‍ ജലോപരിതലത്തില്‍ കിടക്കുന്ന സസ്യങ്ങളുടെ ഇലകള്‍ക്കു മീതെ നടന്നു നീങ്ങാന്‍ സാധിക്കും. ഇന്ത്യ, ഏഷ്യ, തെ.അമേരിക്ക, ആസ്റ്റ്രേലിയയുടെ ചില ഭാഗങ്ങള്‍, ഹോളണ്ട്, മംഗോളിയ, തെ.ആഫ്രിക്ക തുടങ്ങിയ ഭൂപ്രദേശങ്ങളിലെ ചതുപ്പുപ്രദേശങ്ങളിലും ചെറു ജലാശയങ്ങളിലും ഇവയെ കണ്ടുവരുന്നു. ട്രിഗാ എന്ന സാന്‍ഡ് പൈപ്പര്‍ ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്കും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും പ്രജനനകാലങ്ങളില്‍ ദേശാടനം നടത്താറുണ്ട്. കാപെല്ലാ സ്റ്റെനുറാ (Capella stenura) പക്ഷികള്‍ സൈബീരിയയില്‍ നിന്നും ദേശാടനം വഴി തെ. ഇന്ത്യയിലെത്തുക പതിവാണ്.

കടല്‍കാക്ക

തീരപ്പക്ഷികള്‍ (Shore birds) ആണെങ്കിലും കടല്‍പ്പാത്തകള്‍ (Gulls) വളരെ ദൂരം പറന്ന് ആഹാരസമ്പാദനം നടത്തുന്നവയാണ്. മത്സ്യങ്ങള്‍, ചെറുപക്ഷികള്‍, എലികള്‍, കീടങ്ങള്‍, സസ്യങ്ങള്‍, കടലില്‍ നിക്ഷേപിക്കപ്പെടുന്ന ചപ്പുചവറുകളും ചീഞ്ഞളിഞ്ഞ വസ്തുക്കളും ഇവ ആഹാരമാക്കുന്നു. തടാകതീരങ്ങളിലും ഉള്‍നാടന്‍ കായലോരങ്ങളിലും ഇണചേരാനും പ്രജനനത്തിനുമായി എത്തിച്ചേരുന്ന ഗള്‍ പക്ഷികള്‍ ഷട്പദങ്ങളെയും ആഹാരമാക്കാറുണ്ട്. തറയിലുള്ള വിടവുകളിലും പുനങ്ങളിലും രണ്ടോ മൂന്നോ മുട്ടകളിടുന്നു. പുല്ലുകള്‍ കൊണ്ടു മെനഞ്ഞാണ് കൂടുണ്ടാക്കുന്നത്. ലാറുസ് റിഡിബുന്‍ഡുസ് (Larus ridibundus) എന്ന യൂറോപ്യന്‍ ഗള്‍പക്ഷി തണുപ്പുകാലം ചെലവഴിക്കാനായി ഇന്ത്യയിലെത്തുന്നു. കാശ്മീര്‍, വ. ഇന്ത്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമല്ല തിരുവനന്തപുരം നഗരം വരെ ഇവ വന്നെത്താറുണ്ട്.

ഇരട്ടവാലെന്നു തോന്നിക്കുന്ന ചെറുവാലും നേര്‍ത്ത ചുണ്ടുകളും ഉടലിനെക്കാള്‍ നീളമുള്ള ചിറകുകളുമുള്ള പക്ഷികളാണ് കടല്‍ക്കാക്ക(Terns)കള്‍. വടക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇവയെ കാണാം. ചെറു മത്സ്യങ്ങളാണ് ആഹാരം. കടല്‍ത്തീരത്തോ പുഴയോരങ്ങളിലോ തറയിലുണ്ടാക്കുന്ന ചെറുകുഴികളിലാണ് ഇവ മുട്ടയിടുന്നത്. ഒരു മുട്ട മാത്രമേ ഇടാറുള്ളൂ. മഡഗാസ്കര്‍, ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഇവയെ ധാരാളമായി കാണാം.

കടല്‍ക്കാക്കകളെപ്പോലെ നീണ്ട ചിറകുകളുള്ള മറ്റൊരു ജലപക്ഷിയാണു സ്കിമ്മേഴ്സ് (Skimmers). നീളം കുറഞ്ഞ കീഴ്ച്ചുണ്ട് ഇവയുടെ പ്രത്യേകതയാണ്. കീഴ്ച്ചുണ്ട് ജലനിരപ്പിനു താഴെയായി പിടിച്ചുകൊണ്ടു തുറന്ന ചുണ്ടുകളോടെ നീന്തിയാണ് ഇവ ഇരപിടിക്കുന്നത്. നീന്തുമ്പോള്‍ തുറന്നിരിക്കുന്ന ചുണ്ടുകളിലെത്തുന്ന മത്സ്യങ്ങളാണ് ഇവയുടെ ആഹാരം. ഇവ സിസര്‍ ബില്‍ (Scissor bill) എന്നും അറിയപ്പെടുന്നു. കടലിനടുത്തുള്ള നദികളിലും തടാകങ്ങളിലും ഇവയെ കാണാറുണ്ട്. മണല്‍ തടങ്ങളിലാണിവ മുട്ടയിടുക. 3-5 മുട്ടകളിടും. റിങ്കോപ്സ് അല്‍ബികോളി (Rhynchops albicolli) എന്ന പറവയാണ് ഏഷ്യയില്‍ കാണപ്പെടുന്ന ഏക സ്കിമ്മര്‍ പറവ. ആഫ്രിക്കയിലും അമേരിക്കയിലും ഇവ ധാരാളമായുണ്ട്.

കടല്‍പ്പാത

സ്ക്യൂവ (Skua) പക്ഷികള്‍ പിടിച്ചുപറിയന്മാരെന്നറിയപ്പെടുന്നു. ഷിയര്‍ വാട്ടര്‍ (Shear water), കടല്‍ക്കാക്കകള്‍ തുടങ്ങിയ പക്ഷികള്‍ ആഹാരം സമ്പാദിച്ചു മടങ്ങുമ്പോള്‍ അവയെ പിന്തുടര്‍ന്നു മല്ലിട്ട് ആഹാരം കൈക്കലാക്കാന്‍ സ്ക്യൂവകള്‍ക്ക് ഒരു മടിയുമില്ല. ഇക്കാരണത്താലാവാം ഇവ വേട്ടക്കാര്‍ (Jaegars) എന്നുമറിയപ്പെടുന്നു. കടലില്‍ മത്സ്യം പിടിച്ചും മറ്റു പക്ഷികളില്‍ നിന്നും ബലപ്രയോഗത്താല്‍ ആഹാരം കൈക്കലാക്കിയും കഴിയുന്ന ഇവ പ്രജനനത്തിനായി കരയിലെത്തുമ്പോള്‍ ചെറു സസ്തനികളെയും വന്‍ ഷട്പദങ്ങളെയും ഇരയാക്കാറുണ്ട്. ബലമുള്ള കാലുകള്‍, ഉറപ്പുള്ള നീണ്ട് അറ്റം കൂര്‍ത്തു വളഞ്ഞ ചുണ്ടുകള്‍, നീളം കൂടിയ ചിറക് എന്നിവ ഇവയുടെ പ്രത്യേകതയാണ്.

ഓക്പക്ഷി (Aukes) എന്നറിയപ്പെടുന്ന കടല്‍പ്പക്ഷിയും കരാഡ്രിഫോര്‍മിസില്‍ ഉള്‍പ്പെടുന്നു. ഒതുങ്ങിയതെങ്കിലും കൊഴുത്ത ശരീരത്തോടുകൂടിയ ഈ പക്ഷികള്‍ ധ്രുവ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ചിറക് ചെറുതാണെങ്കിലും ശക്തരായ പറവകളാണ് ഇവ. കുന്നിന്‍പുറങ്ങളിലും മലയിടുക്കുകളിലും ഇണചേരാനും മുട്ടയിടാനും ഇവ കൂട്ടം ചേരാറുണ്ട്. മെര്‍ഗാലസ് അല്ലെ (Margalius alle) എന്ന ചെറിയ പക്ഷിയും അല്‍ക ഇംപെനിസ് (Alca impennis) എന്ന വലിയ ഓക്പക്ഷിയും 1844-ഓടുകൂടി വംശനാശം സംഭവിച്ചവയാണ്. ഇവ രണ്ടില്‍ കൂടുതല്‍ മുട്ടയിടാറില്ല.

അല്‍സെഡൊ (Alcedo) എന്നറിയപ്പെടുന്ന പക്ഷി കരാഡ്രിഫോര്‍മിസ് ഓര്‍ഡറില്‍ ഉള്‍പ്പെടുന്നെങ്കിലും ഈ ഗണത്തിലെ മറ്റുപക്ഷികളുമായി ശരീരപ്രകൃതിയിലും ആകൃതിയിലും സ്വഭാവവിശേഷങ്ങളിലും പെരുമാറ്റത്തിലും ഭക്ഷണത്തിലും വളരെ വ്യത്യസ്തരാണ്. കിംഗ് ഫിഷര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവയെ മീന്‍കൊത്തിപ്പുള്ള് (പൊന്മാന്‍) എന്നാണു വിളിക്കുക. നിറപ്പകിട്ടാര്‍ന്ന തൂവലുകള്‍ ഇവയുടെ പ്രത്യേകതയാണ്. നീണ്ടു കൂര്‍ത്ത ചുണ്ടുകളും മാന്‍ഡിബിളി(Mandible)ന്റെ മുകള്‍ഭാഗത്തായി കാണുന്ന വരമ്പും ഇവയുടെ ആഹാരസമ്പാദനത്തിന് അനുയോജ്യമാണ്. വെള്ളത്തിനു മുകളില്‍ പറന്നു നിന്നോ ജലാശയങ്ങള്‍ക്കിരികിലുള്ള വൃക്ഷങ്ങളിലിരുന്നോ മത്സ്യങ്ങളെ ഉന്നം വച്ചു പറന്നു ചെന്നു മുങ്ങി കൊത്തിയെടുക്കുകയാണ് പതിവ്. കാലുകളിലെ രണ്ടാമത്തെയും മൂന്നാമത്തെയും വിരലുകള്‍ യോജിച്ചിരിക്കും. ഹാല്‍സിയോണ്‍ മൈര്‍നെന്‍സിസ് (Halcyon Smyrnensis) എന്ന മരംകൊത്തിപ്പുള്ളിന് നെഞ്ചില്‍ തൂവെള്ള തൂവലുകളാണുള്ളത്. കടും ചുവപ്പുനിറത്തിലെ ചുണ്ടുകളും ഇവയെ ഭംഗിയുള്ളവയാക്കുന്നു. വെള്ള നെഞ്ചുകാരന്‍ കിംഗ്ഫിഷര്‍ എന്ന ഓമനപ്പേരുള്ള ഈ പക്ഷി കായലരികത്തോ തടാകതീരത്തോ ജലനിരപ്പിനല്പം മുകളിലായി പ്രവേശനദ്വാരമുള്ള കൂടുകളാണ് മുട്ടയിടാനായി നിര്‍മിക്കുക; 5-7 മുട്ടകള്‍ ഇടും. പെണ്‍പക്ഷികളാണ് അടയിരിക്കുക. മിതോഷ്ണമേഖലകളിലും ശൈത്യപ്രദേശങ്ങളിലും ഒരുപോലെ ഇവയെ കാണാന്‍ കഴിയും.

(ഡോ. എ.സി. ഫെര്‍ണാന്റസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍