This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂള്‍ നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:25, 29 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജൂള്‍ നിയമം

ഒരു ചാലകത്തിലൂടെ പ്രവഹിക്കുന്ന വിദ്യുദ്ധാരയെയും അത് ഉത്പാദിപ്പിക്കുന്ന താപപരിമാണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിയമം. ചാലകത്തില്‍ ഉത്പാദിതമാകുന്ന താപം അതിന്റെ രോധത്തിന്റെയും വിദ്യുദ്ധാരയുടെ വര്‍ഗത്തിന്റെയും ഗുണനഫലത്തോട് ആനുപാതികമായിരിക്കും എന്ന് ജൂള്‍ നിയമം അനുശാസിക്കുന്നു. ചാലകത്തിന്റെ രോധം (resistance) R-ഓമും അതിലൂടെ ഒഴുകുന്ന കറന്റ് I-ആംപിയറും ആയാല്‍ ഉളവാകുന്ന താപനിരക്ക് വാട്സ്-ല്‍ H = RI2 എന്ന് ഗണിതശാസ്ത്രപരമായി ഈ നിയമം പ്രതിപാദിക്കാം. 1840-ല്‍ ജെയിംസ് പ്രെസ്കോട്ട് ജൂള്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഈ നിയമം പരീക്ഷണങ്ങളിലൂടെ നിര്‍ണയിച്ച് ആദ്യമായി പ്രഖ്യാപിച്ചത്. റഷ്യനില്‍ ഇത് ജൂള്‍-ലെന്റ്സ് (Joule-Lentz) നിയമം എന്ന പേരിലും അറിയപ്പെടുന്നു.

വൈദ്യുത ദീപങ്ങള്‍, വൈദ്യുത താപോപകരണങ്ങള്‍ എന്നിവയെല്ലാം നല്കുന്ന ഊര്‍ജം കണക്കാക്കുന്നത് ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ ചലിക്കുന്ന ചാര്‍ജുകളുടെ സ്ഥിതിജ ഊര്‍ജം (potential energy)ക്ഷയിച്ച് താപോര്‍ജമായി രൂപാന്തരപ്പെട്ടാണ് ജൂള്‍ തപനം (Joule heating) നടക്കുന്നത്. വൈദ്യുതോര്‍ജത്തെ താപോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താന്‍ നാം ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഈ ശക്തിനഷ്ടം( power loss) പല സന്ദര്‍ഭങ്ങളിലും അഭിലഷണീയമല്ല. ഇത് 'I2R നഷ്ടം (Joule heating loss)' എന്നറിയപ്പെടുന്നു. വൈദ്യുതപ്രേഷണ ലൈനുകളില്‍ സംഭവിക്കുന്ന ഊര്‍ജശോഷണം ഇത്തരത്തിലുള്ള ഒരു നഷ്ടമാണ്. എന്നാല്‍ ജൂള്‍ തപനത്തിന് പ്രായോഗിക തലത്തില്‍ പല ഉപയോഗങ്ങളുമുണ്ട്. ഉദാഹരണമായി വൈദ്യുത സ്റ്റൗവുകള്‍, ടോസ്റ്ററുകള്‍ എന്നിവയുടെ ബര്‍ണറുകള്‍ ചൂടാകുന്നത് ജൂള്‍ തപനഫലമായാണ്.

ജൂള്‍ നിയമം അടിസ്ഥാനപ്പെടുത്തി കംപ്യൂട്ടര്‍, ഡിജിറ്റല്‍ കണ്‍വെര്‍ട്ടര്‍ എന്നിവ നിര്‍മിക്കാറുണ്ട്. 1K-നു താഴെയുള്ള കേവല താപനിലകള്‍ അളക്കുന്നതിന് ഈ നിയമം സഹായിക്കുന്നു. മെട്രോളജി, മാഗ്നറ്റോമെട്രി എന്നീ മേഖലകളിലും ഈ നിമയത്തിന് പല ഉപയോഗങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍