This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജന്തുപ്ലവങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജന്തുപ്ലവങ്ങള്‍
Zoo Planktons
ജലാശയങ്ങളുടെ ഉപരിതലത്തില്‍ സദാ ഒഴുകി നടക്കുന്ന ചെറുജീവികള്‍. സാമാന്യം വലുപ്പമുള്ള ചില ജീവികളെയും ജന്തുപ്ലവങ്ങളില്‍ ഉള്‍പ്പെടുത്തിക്കാണുന്നു. സമുദ്രങ്ങളില്‍ ഇവയുടെ നിലനില്പുതന്നെ വെള്ളത്തിന്റെ ഒഴുക്കിനെ ആശ്രയിച്ചിട്ടാണ്. 'എപ്പോഴും ഒഴുകി (അലഞ്ഞു) നടക്കുന്ന' എന്ന് അര്‍ഥം വരുന്ന പ്ലാങ്ക്റ്റന്‍ (planktons) എന്ന ഗ്രീക്കുപദം തന്നെയാണ് ഇംഗ്ളീഷിലും ഉപയോഗിച്ചു വരുന്നത്. വെള്ളത്തിന്റെ ഒഴുക്കിനെ ചെറുത്തുനില്ക്കുവാന്‍ കെല്പില്ലാത്ത ചെറുജീവികളാണ് പ്ലവങ്ങളില്‍ ഭൂരിഭാഗവും. ജന്തുപ്ലവങ്ങളെക്കൂടാതെ ബാക്റ്റീരിയ-സസ്യപ്ലവങ്ങളും ഇക്കൂട്ടത്തിലുണ്ട്. ക്രസ്റ്റേഷ്യ (crustacea) വിഭാഗത്തില്‍പ്പെട്ട കോപ്പിപോഡുകള്‍(copepods)ക്കാണ് ജന്തുപ്ലവങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം. ഒരു മില്ലിമീറ്ററില്‍ താഴെ മുതല്‍ അനേകം മി.മീ. വരെ വലുപ്പമുള്ള ഇവ ചലനശേഷിയുള്ളവയും സ്വതന്ത്രമായി വിഹരിക്കുവാന്‍ കഴിയുന്നവയുമാണ്. ഇവ മുഖ്യമായും സസ്യപ്ലവങ്ങളെയാണ് ആഹരിക്കുന്നത്. സമുദ്രജലത്തില്‍ അധികരിച്ചു കാണുന്ന കലനോയിഡ് (calanoid) കോപ്പിപോഡുകള്‍ ജന്തുപ്ലവങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേളയമാണ്. ഹാര്‍പ്പാക്റ്റികോയിഡ് (harpacticoid) കോപ്പിപോഡുകളുടെ എണ്ണം സമുദ്രജലത്തിന്റെ പ്രത്യേകതയനുസരിച്ച് കൂടിയും കുറഞ്ഞും കാണപ്പെടുന്നു. ലെര്‍നാകോപ്പോഡോയിഡ (lernacopodoida) ഗോത്രത്തില്‍പ്പെട്ട ചില ജന്തുപ്ലവങ്ങള്‍ കടല്‍ സസ്തനികളിലും മത്സ്യങ്ങളിലും പരജീവികളായി കഴിയുന്നു. ഉദാ. പെനെല്ല (Penella). ഇവയ്ക്കു സു. 30 സെ.മീ. വലുപ്പമുണ്ടാവും.
സ്വതന്ത്രമായി വിഹരിക്കുന്ന കലനോയിഡ് കോപ്പിപോഡുകള്‍ക്ക് ഖണ്ഡങ്ങളോടുകൂടിയ ശരീരഘടനയാണുള്ളത്. ഇവയുടെ ചെറുപെട്ടിയുടെ ആകൃതിയിലുള്ള വദനഭാഗത്തു കാണുന്ന ഹനുപാദങ്ങളുടെ (maxillipeds) ചലനത്തിനൊത്തു തലനാരിഴപോലുള്ള ഹനുഗുകകങ്ങളില്‍ (maxillary setules) കുടുങ്ങുന്ന ചെറുപദാര്‍ഥങ്ങളെ അരിച്ചെടുത്താണ് ഇവ ആഹരിക്കുന്നത്. അക്കാര്‍ഷ്യ (Acartia) ജന്തുപ്ലവങ്ങളില്‍ പൂര്‍വഹന്വസ്ഥികള്‍ (maxilli) ഇരുവശങ്ങളിലേക്കു പിളര്‍ന്ന് മുന്നറ്റം മടങ്ങി ഒരു കുടയുടെ ആകൃതി കൈക്കൊണ്ടിരിക്കുന്നു. ഇതു വെള്ളത്തിലൂടെ കടന്നുവരുന്ന പദാര്‍ഥങ്ങളെ കുടുക്കുവാനുള്ള അനുകൂലനമാണ്.
കലാനസ് (calanus) ഗോത്രത്തില്‍പ്പെട്ട പെണ്‍പ്ലവങ്ങള്‍ 10-14 ദിവസത്തിന്റെ ഇടവേളയില്‍ അമ്പതോളം മുട്ടകളിടുന്നു. ആഹാരപദാര്‍ഥങ്ങളുടെ ലഭ്യത അനുസരിച്ച് മുട്ടയുടെ എണ്ണത്തിനും ഇടവേളയ്ക്കും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. അന്റാര്‍ട്ടിക്ക കടലുകളില്‍ ധാരാളമായി കണ്ടുവരുന്ന ചുവപ്പുനിറമുള്ള ചെറിയ യുഫാസിഡുകള്‍ (euphausids)ബലീന്‍ തിമിംഗലങ്ങളുടെ ഇഷ്ടഭോജ്യമാണ്. സു. 5 സെ.മീ. വലുപ്പമുള്ള ഇവയുടെ ശിരോവത്സത്തില്‍ (cephalothorax) കാണപ്പെടുന്ന നീളമുള്ള ആറു പാദങ്ങള്‍ ഒരു കുടയുടെ രൂപം പൂണ്ട് വെള്ളത്തിലൂടെ കടന്നുവരുന്ന പദാര്‍ഥങ്ങളെ അരിച്ചെടുക്കാന്‍ സഹായകമാകുന്നു.
ചിലയിനം യൂഫാസിഡ്സ് പ്ലവയിനങ്ങള്‍ ജൈവദീപ്തി പ്രസരിപ്പിക്കുന്നു.
ശുദ്ധജലത്തടാകങ്ങളിലും അഴിമുഖങ്ങളിലും ധാരാളമായി കണ്ടുവരുന്ന സുലഭമായ ഒരിനം ജന്തുപ്ലവമാണ് ക്ലാഡോസിറ (cladocera). പോഡോന്‍ (podon) ഗോത്രത്തില്‍പ്പെട്ട അഴിമുഖ ഇനങ്ങള്‍ മറ്റു ജന്തുപ്ലവങ്ങളെ ആഹരിക്കുന്നു. മൈസിഡ്, ഓസ്ട്രാകോഡ് (astracod), കുമേഷ്യന്‍ (cumacean) എന്നീ പ്ലവങ്ങളും പ്രധാനികളാണ്.
സമുദ്രപ്ലവങ്ങളുടെ കൂട്ടത്തില്‍ പ്രോട്ടിസ്റ്റന്‍ (protistan) വിഭാഗത്തില്‍പ്പെട്ട ഫൊറാമിനിഫെറയ്ക്കാണ് പ്രഥമസ്ഥാനം. ഒന്നോ അതിലധികമോ അറകളോടുകൂടിയ കാത്സ്യം കാര്‍ബണേറ്റ് തോടുകള്‍ സ്രവിപ്പിച്ചെടുക്കാനുള്ള ഇവയുടെ കഴിവ് മറ്റു ജന്തുപ്ലവങ്ങളില്‍ നിന്നും ഇവയെ വേറിട്ടു നിര്‍ത്തുന്നു. ആവശ്യാനുസരണം നീട്ടാനും ഉള്ളിലേക്കു വലിക്കുവാനും കഴിയുന്ന ഇവയുടെ കപടപാദങ്ങള്‍ ആഹാരസമ്പാദനത്തിനു പ്രയോജനകരമാണ്. ഇവയ്ക്ക് ലൈംഗിക, അലൈംഗിക പ്രജനന മാര്‍ഗങ്ങളുണ്ട്.
സുതാര്യതയും വഴുവഴുപ്പും അണ്ഡാകൃതിയുമുള്ളതാണ് കോമ്പ് ജെല്ലികള്‍ (comb jellies). മുട്ടയുടെ ആകൃതിയുള്ള ഇവ സമുദ്രത്തില്‍ 3000 മീ. വരെ താഴ്ചയില്‍ ചെന്നെത്തുന്നു. ശരീരത്തിന്റെ ബാഹ്യഭാഗത്തു കാണപ്പെടുന്ന എട്ട് രേഖാംശിക തലങ്ങള്‍ ഇവയെ ഇതരപ്ലവങ്ങളില്‍ നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്നു. കോമ്പ് ജെല്ലികള്‍ ഉള്‍ക്കൊള്ളുന്ന റ്റീനോഫോറ (cteno-phora) എന്ന പ്ലവവിഭാഗം മുഖ്യമായും കോപ്പിപോഡുകളെയാണ് ആഹരിക്കുന്നത്.
തീരെ ആഴംകുറഞ്ഞ തലങ്ങളിലും അഗാധഗര്‍ത്തങ്ങളിലും ജീവിക്കാന്‍ ശേഷിയുള്ള കീത്തോനാറ്റുകള്‍ക്ക് (chaetognaths) പേശികളുടെ സങ്കോചവികാസത്തിന്റെ ഫലമായാണ് നീന്തിപ്പോകുവാന്‍ സാധിക്കുന്നത്. മറ്റു പ്ലവങ്ങളെ പിടികൂടുന്നതിനും ഈ അനുകൂലനം സഹായകമാണ്. സാങ്കിറ്റ (sangitta) പ്ലവങ്ങള്‍ക്ക് അവയുടെ ശരീരത്തിന്റെ അത്രതന്നെ വലുപ്പമുള്ള ഇരകളെ ആഹരിക്കാനാകും.
സീലന്ററേറ്റ് ഫൈലത്തിലെ സ്കൈഫോസോവ (scyphozoa) വിഭാഗത്തിലുള്ള ജെല്ലി മത്സ്യങ്ങളെ (കടല്‍ ചൊറികള്‍) ജന്തുപ്ലവങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഗ്രാഹികളും തന്തുശരങ്ങളും അടങ്ങിയ ആഹാരസമ്പാദനോപാധികള്‍ ഇവയുടെ പ്രത്യേകതയാണ്.
സൈഫനോഫോള്‍ വിഭാഗത്തിലെ 'പോര്‍ച്ചുഗീസ് പടക്കപ്പല്‍' എന്നറിയപ്പെടുന്ന ഫൈസേലിയയും പ്ലവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. കടല്‍ക്കുളിക്കാര്‍ക്ക് ഭീകരസ്വപ്നമായ ഇത് യഥാര്‍ഥത്തില്‍ ഒറ്റ ജീവിയല്ല. അനേകം ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹമാണ്. 10 മുതല്‍ 30 വരെ സെ.മീ. നീളത്തില്‍ കാറ്റു നിറച്ച ബലൂണ്‍പോലെ പൊന്തിക്കിടക്കുന്ന ഒരു 'പൊന്തി'ന്നടിയിലായിരിക്കും സംഘാതത്തിലെ അംഗങ്ങള്‍. കാറ്റ് വേണ്ടപ്പോള്‍ നിറയ്ക്കാനും ഒഴിക്കാനുമുള്ള ഉപായം പൊന്തിലുണ്ട്. മൂര്‍ച്ചയേറിയ തന്തുശരങ്ങള്‍ പ്രയോഗിക്കാന്‍ കഴിവുള്ളവര്‍, ഭക്ഷണപ്രശ്നം കൈകാര്യം ചെയ്യുന്നവര്‍, പ്രജനനത്തില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങി വിവിധ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ ഈ സമൂഹത്തിലുണ്ട്. ചില അവസരങ്ങളില്‍ ആയിരക്കണക്കിനായാണ് ഇവ കടലില്‍ പ്രത്യക്ഷപ്പെടുക. കുങ്കുമപ്പൊട്ടണിഞ്ഞ്, നീല നിറത്തിലുള്ള പൊന്തിന്റെ സഹായത്തോടെ നീന്തിനീങ്ങുന്ന ഇവ ചിലപ്പോള്‍ കാറ്റില്‍പ്പെട്ട് കൂട്ടത്തോടെ കരയ്ക്കടിയും. നല്ല നീളമുള്ള ഇതിന്റെ ഗ്രാഹികള്‍ ഏറ്റാല്‍ മനുഷ്യര്‍ക്കുപോലും അസ്വാസ്ഥ്യമുണ്ടാകും. 06.6 സെ.മീ. മുതല്‍ 26.4 സെ.മീ. വരെ നീളം വയ്ക്കുന്ന ഒരു മത്സ്യം ഈ മാരകമായ ഗ്രാഹികള്‍ക്കിടയില്‍ സര്‍വദാ ജീവിക്കുന്നു. മറ്റൊരിടത്തും ഈ മത്സ്യത്തെ ആരും കണ്ടിട്ടില്ല. വിട്ടുപിരിയാതെ നില്ക്കുന്ന ഈ മത്സ്യവും 'പോര്‍ച്ചുഗീസ് പടക്കപ്പലും' തമ്മിലുള്ള ബന്ധം സമുദ്രജീവി ഗവേഷകര്‍ക്കുപോലും വിസ്മയമായി തുടരുന്നു.
ഗാസ്ട്രോപോഡ് (gastropod) വിഭാഗത്തില്‍ ഏറ്റവുമധികം രൂപാന്തരണം സംഭവിച്ച പ്ലവങ്ങളാണ് ടെറോപോഡുകള്‍ (pteropods). ശക്തമായ ഒഴുക്കുള്ളപ്പോള്‍പ്പോലും ഇവയുടെ ആധിക്യത്തിന് ഒട്ടും കുറവില്ലായെന്നത് ഏറെ ശ്രദ്ധേയമാണ്. പൂര്‍ണവികാസം പ്രാപിച്ച സംവേദക അംഗങ്ങളുള്ള പോളിക്കീറ്റ് (polychaete) കുടുംബത്തില്‍പ്പെട്ട പ്ലവങ്ങളും ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സ്വതന്ത്രമായി വിഹരിക്കുന്ന റ്റൂണിക്കേറ്റ് (tunicat) വിഭാഗത്തില്‍പ്പെട്ട സാള്‍പ്പകളും (slaps) ലാര്‍വേസി (larvacea)കളും പ്ലവങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്.
ഒഴുക്കിനെ ആശ്രയിച്ചാണ് പ്ലവങ്ങള്‍ ചലിക്കുന്നതെങ്കിലും ചിലയിനം പ്ലവങ്ങള്‍ക്ക് ചലന സഹായിയായി കശ (flagellum), സിലിയകള്‍ (silia) എന്നിവ വര്‍ത്തിക്കുന്നു. സുതാര്യമായ ശരീരം ജന്തുപ്ലവങ്ങളുടെ ഒരു പ്രത്യേകതയാണ്. വലുപ്പം കുറഞ്ഞ ശരീരം 'പൊന്തി', ചങ്ങലപോലെ ഇണങ്ങിച്ചേര്‍ന്നു കൂട്ടമായി കാണുന്ന അവസ്ഥ, ആപേക്ഷിക ഘനത്വം കുറയ്ക്കുന്നതിനായി ജീവദ്രവ്യത്തില്‍ ശേഖരിച്ചിട്ടുള്ള എണ്ണത്തുള്ളികള്‍ എന്നിവയൊക്കെ ജലത്തില്‍ പൊങ്ങിക്കിടക്കുവാനുള്ള അനുകൂലനങ്ങളാണ്. ശരീരത്തിനു പുറത്തു കാണുന്ന മുള്ളുപോലുള്ള പ്രവര്‍ധങ്ങള്‍, രക്ഷാകവചം പോലുള്ള തോട് എന്നിവ ശത്രുക്കളില്‍ നിന്നും രക്ഷനേടുവാന്‍ പ്ലവങ്ങളെ പ്രാപ്തരാക്കുന്നു.
ഏറെ പ്രധാനപ്പെട്ട ഒരിനമാണ് ഡൈനോഫ്ലജല്ലേറ്റുകള്‍ (Dinoflagellates). ഏകദേശം 90 ശ.മാ. ഡൈനോഫ്ലജല്ലേറ്റുകളും സമുദ്രപ്ലവങ്ങളുടെ ഗണത്തില്‍പ്പെടുന്നവയാണ്. സമുദ്രജലത്തിലും ശുദ്ധജലത്തിലും മഞ്ഞില്‍പ്പോലും വളര്‍ന്നു പെരുകാനുള്ള ശേഷി ചിലയിനം ഡൈനോഫ്ലജല്ലേറ്റുകള്‍ക്കുണ്ട്. ആഹാരം നിര്‍മിക്കാന്‍ കഴിയുന്നവയും കഴിവില്ലാത്തതുമായ പ്ലവങ്ങള്‍ ഡൈനോഫ്ലജല്ലേറ്റുകളുടെ കൂട്ടത്തിലുണ്ട്. കശ (flagella)കളുടെ സഹായത്താല്‍ സ്വതന്ത്രമായി വിഹരിക്കുവാന്‍ കഴിവുള്ള ഇവ മറ്റു പ്ലവങ്ങളെ ആഹരിക്കുന്നതിലും പിന്നിലല്ല. സസ്യശാസ്ത്രജ്ഞന്മാര്‍ ഡൈനോഫ്ലജല്ലേറ്റുകളെ സസ്യപ്ലവങ്ങളുടെ കൂട്ടത്തിലും ഉള്‍പ്പെടുത്താറുണ്ട്.
പ്രകാശസംശ്ലേഷണത്തിനു ശേഷിയുള്ള മിക്ക ഡൈനോഫ്ലജല്ലേറ്റുകളും മറ്റു ജീവികളില്‍ സഹജീവികളുമായി ഒത്തുകൂടാറുണ്ട്. ഇത്തരം ജന്തുപ്ലവങ്ങള്‍ കടല്‍സ്പോഞ്ചുകള്‍, പവിഴങ്ങള്‍, ജെല്ലി മത്സ്യം, പരാന്ന വിരകള്‍ തുടങ്ങി അകശേരുകികളിലും ചിലയിനം പ്രോട്ടിസ്റ്റുകളിലും സഹജീവനത്തിനായി ചേക്കേറാറുണ്ട്. ചിപ്പി തുടങ്ങിയ കവചമത്സ്യങ്ങള്‍ അരിച്ചെടുക്കുന്ന ജലത്തോടൊപ്പം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ഡൈനോഫ്ലജല്ലേറ്റുകള്‍ക്ക് ഒരു കോട്ടവും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, ആതിഥേയരായ ജന്തുകോശങ്ങളില്‍ ഇവ സമാവേശം ചെയ്യപ്പെടുകയും ചെയ്യുന്നു. അലൈംഗിക പ്രത്യുത്പാദനത്തിലൂടെ ഇവയ്ക്കു തുടര്‍ച്ചയായ വിഭജനം സംഭവിച്ച് എണ്ണത്തില്‍ പെരുകുകയും സ്വയം ആഹാരം നിര്‍മിക്കുവാനുള്ള ശേഷി ആര്‍ജിക്കുകയും ചെയ്യുന്നു. ഉത്പാദിപ്പിച്ചെടുക്കുന്ന ആഹാരം ആതിഥേയ ജീവികള്‍ക്ക് കൊടുക്കാനും ഇവയ്ക്കു മടിയില്ല ചിലയിനം പവിഴജീവികള്‍ അതിഥി ഡൈനോഫ്ലജെല്ലേറ്റുകള്‍ തയ്യാറാക്കുന്ന ആഹാരമാണ് ഉപയോഗിക്കുന്നത്. മഴയ്ക്കുശേഷം കടല്‍വെള്ളത്തിന്റെ താപനിലയ്ക്കു വ്യതിയാനം സംഭവിക്കുമ്പോള്‍ സമുദ്രാന്തര്‍ഭാഗത്ത് ഏറെനാള്‍ നിലകൊണ്ട പ്ലവങ്ങള്‍ പോഷക സമൃദ്ധിയോടൊപ്പം 'അപ്പ്വെല്ലിങ്' എന്ന പ്രതിഭാസത്തിലൂടെ സമുദ്രത്തിന്റെ മുകള്‍ത്തട്ടില്‍ എത്തുന്നു. ഇപ്രകാരം എത്തിച്ചേരുന്ന പോഷകങ്ങള്‍ പ്രകാശസംശ്ലേഷണ ശേഷിയുള്ള ഡൈനോഫ്ലജല്ലേറ്റുകളുടെ വംശവര്‍ധനയെ ഏറെ സഹായിക്കുന്നു. ഈ പ്രതിഭാസത്തെ 'ബ്ളും' (bloom) എന്നു പറയുന്നു.
ചില കടലോരങ്ങളില്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഒരു ലി. ജലത്തില്‍ സു. 20 ദശലക്ഷം ഡൈനോഫ്ലജല്ലേറ്റുകള്‍ വരെയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സാന്ദ്രത അധികരിക്കുമ്പോള്‍ മുകള്‍ത്തട്ടിലുള്ള വെള്ളത്തിന് സ്വര്‍ണവര്‍ണമോ ചുവപ്പുനിറമോ ഉണ്ടാകുന്നു. കടലോരപ്രദേശത്തിന്റെ പ്രത്യേകത, ഡൈനോഫ്ലജല്ലേറ്റുകളുടെ ഇനവും എണ്ണവും മറ്റു ജീവികളുടെ സാന്നിധ്യം എന്നിവയെ അടിസ്ഥാനമാക്കി വെള്ളത്തിന് ഇളം പച്ച കലര്‍ന്ന നീലനിറവും ഉണ്ടാകും.
സമുദ്രോപരിതലത്തില്‍ അധികരിക്കുന്ന ചിലയിനം ഡൈനോഫ്ലജല്ലേറ്റുകള്‍ കടലിലെ മത്സ്യങ്ങളിലും ചിപ്പി വര്‍ഗത്തില്‍പ്പെട്ട കവചമത്സ്യങ്ങളിലും ചേക്കേറുന്നു. നാഡീവ്യൂഹത്തെ താറുമാറാക്കിയാണ് ഇവയുടെ വിഷം സാക്സിടോക്സിന്‍ (saxitoxin) ജലജീവികളെ കൊന്നൊടുക്കുന്നത്. ജീവികളെ നശിപ്പിക്കാതെ അവയ്ക്കുള്ളില്‍ കഴിയുന്ന ഡൈനോഫ്ലജല്ലേറ്റുകളുണ്ട്. വിഷപ്ലവങ്ങള്‍ ഉള്‍ക്കൊള്ളുന്ന മത്സ്യങ്ങളെയും കവചമത്സ്യങ്ങളെയും ആഹരിക്കുന്നതിലൂടെ വിഷം ഉള്ളില്‍ കടന്നു മരണം സംഭവിക്കാറുണ്ട്.
പ്രകൃത്യാ സമുദ്രത്തില്‍ കാണപ്പെടുന്ന ഡൈനോഫ്ലജല്ലേറ്റുകള്‍ ആണ് സാക്സിടോക്സിന്റെ ഉത്പാദനത്തിനു മുഖ്യ പങ്കുവഹിക്കുന്നത്. നാഡികളെ ബാധിക്കുന്ന (ന്യൂറോടോക്സിന്‍) വിഷമാണ് സാക്സിടോക്സിന്‍. ഇതിന് കൊക്കെയിനെക്കാള്‍ ഒരു ലക്ഷം മടങ്ങ് വീര്യമുണ്ട്. ആഹാരപദാര്‍ഥങ്ങള്‍ അരിച്ചെടുത്തു കഴിക്കുന്ന ചിപ്പിവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍ ഡൈനോഫ്ലജല്ലേറ്റുകള്‍ അടിഞ്ഞുകൂടുക പതിവാണ്. ഇവ ഭക്ഷിക്കുന്നതിലൂടെ മനുഷ്യര്‍ക്കു വിഷബാധയേല്ക്കുന്നു. ഇരുപതോളം വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള മാരകവിഷമായ സാക്സിടോക്സിന്‍ പരാലെറ്റിക് ഷെല്‍ഫിസ് വിഷബാധയ്ക്കിടയാക്കുന്നു. സാക്സിടോക്സിനിലെ ഒട്ടുമിക്ക യൌഗികങ്ങളും വെള്ളത്തില്‍ ലയിക്കുന്നവയാണ്. വടക്കേ അമേരിക്കയില്‍ അലാസ്ക മുതല്‍ മെക്സിക്കോ വരെയും ന്യൂഫൌണ്ട്ലന്‍ഡ് മുതല്‍ ഫ്ളോറിഡവരെയും ചിപ്പിവര്‍ഗത്തിലുള്ള ജീവികള്‍മൂലം വിഷബാധ ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ തീരപ്രദേശങ്ങളില്‍ ചിപ്പിയിറച്ചി കഴിച്ചു നൂറുകണക്കിനാളുകള്‍ രോഗബാധിതരാവുകയും ഏഴുപേര്‍ മരിക്കാനിടയായതും (1997 സെപ്.) സാക്സിടോക്സിന്‍ മൂലമാണെന്ന് ജൈവ-വൈദ്യശാസ്ത്ര പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
(ഡോ. ആര്‍. രാജേന്ദ്രന്‍)