This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്രിനര്‍ജിക് ഔഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:11, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡ്രിനര്‍ജിക് ഔഷധങ്ങള്‍

Adrenergic drugs

അഡ്രിനല്‍ മെഡുല്ലയില്‍നിന്ന് സ്രവിക്കുന്ന അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളെ അനുകരിച്ചുകൊണ്ടു ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള രാസപദാര്‍ഥങ്ങള്‍. ഇവയ്ക്ക് 'സിംപഥോമിമറ്റിക്' ഔഷധങ്ങള്‍ എന്നും പറയും. അനുകമ്പിനാഡികളുടെ (sympathetic nerves) പരിധീയാഗ്രങ്ങളെ (peripheral endings) ഉത്തേജിപ്പിക്കുക എന്നതാണ് ഇവയുടെ സാമാന്യമായ പ്രവര്‍ത്തനസ്വഭാവം. രക്തസമ്മര്‍ദം, ഹൃദയസ്പന്ദനം, ഉപശ്വാസനാളങ്ങളുടെ വികാസശക്തി എന്നിവ വര്‍ധമാനമാകുക, കൃഷ്ണമണി വികസിക്കുക, കുടലിന്റെയും മറ്റു ആന്തരികമാംസപേശികളുടെയും ചലനം മന്ദീഭവിക്കുക, രക്തധമനികള്‍ സങ്കോചിക്കുക, വിയര്‍ക്കുക എന്നിവയാണ് പ്രവര്‍ത്തനഫലങ്ങള്‍.

പ്രധാനപ്പെട്ട ചില അഡ്രിനര്‍ജിക് ഔഷധങ്ങളുടേയും അവയുടെ സംരചനാഫോര്‍മുലകളുടേയും പട്ടിക അടുത്ത പേജില്‍ ചേര്‍ത്തിരിക്കുന്നു.

സംരചനയും പ്രവര്‍ത്തനശേഷിയും. മിക്ക അഡ്രിനര്‍ജിക് മരുന്നുകളിലും ഫിനൈല്‍ എഥിലമീന്‍ ഗ്രൂപ്പ് ഉണ്ടായിരിക്കും; പലപ്പോഴും ബെന്‍സീന്‍ വലയത്തിലും α,β കാര്‍ബണ്‍ അണുക്കളിലും പ്രതിസ്ഥാപകങ്ങളുമുണ്ടായിരിക്കും. (ഉദാ. പട്ടികയില്‍ 1-12). സംരചനയില്‍ അഡ്രിനാലിനോടു സാമ്യം കൂടുന്തോറും മരുന്നിനു പ്രവര്‍ത്തനശേഷി കൂടും. N-മെഥില്‍ യൌഗികങ്ങള്‍ക്ക് പ്രൈമറി അമീനുകളെക്കാള്‍ പ്രവര്‍ത്തനശേഷി കുറയും. എന്നാല്‍ N-പ്രൊപില്‍ യൌഗികങ്ങള്‍ക്ക് ഉപശ്വാസവികസനശേഷി വര്‍ധമാനമായി കാണുന്നു. βകാര്‍ബണ്‍ അണുവില്‍ ആല്‍ക്കൈല്‍ഗ്രൂപ്പ് ഉണ്ടെങ്കില്‍ ആ യൌഗികത്തിന്, എന്‍സൈം പ്രവര്‍ത്തനം കൊണ്ട് എളുപ്പം ശൈഥില്യം സംഭവിക്കാത്തതുകൊണ്ട്, സ്ഥിരതയും പ്രവര്‍ത്തനസമയവും കൂടുതലായിരിക്കും.

Image:p294b.png

സ്റ്റീരിയൊ ഐസൊമറിസവും (sterio isomerism) ഔഷധവീര്യവും തമ്മിലും വലിയ ബന്ധം കാണുന്നുണ്ട്. D(-) അഡ്രിനാലിന്‍ അതിന്റെ L(+) ഐസൊമറിന്റെ 20 ഇരട്ടി ശക്തിയുള്ള ഔഷധമാണ്. L(+) ആംഫിറ്റമിന്‍ ആകട്ടെ D(-) ഐസോമറെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനശക്തി പ്രകടമാക്കുന്നു. D(-) എഫെഡ്രിന്‍ L(+) ഐസൊമറിനെ അപേക്ഷിച്ച് അധികം വീര്യമുള്ളതാണ്.

ശരീരത്തിനകത്തുള്ള പ്രവര്‍ത്തനതന്ത്രം (mechanism of action) അനുസരിച്ച് അഡ്രിനര്‍ജിക് ഔഷധങ്ങളെ മൂന്നായി തരംതിരിക്കാം.

1. അനുകമ്പിനാഡിഗ്രാഹിയില്‍ (sympathetic nerve receptor) നേരിട്ടു പ്രവര്‍ത്തിക്കുന്നവ. ഉദാ. അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍, ഐസൊപ്രിനലിന്‍. ഇവയില്‍ ആദ്യത്തെ രണ്ടും സമ്മര്‍ദാവസരങ്ങളില്‍ സ്വതവേതന്നെ അഡ്രിനല്‍ മെഡുല്ലയില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണുകളാണ്. അഡ്രിനാലിന്‍ പ്രയോഗശാലയില്‍ ഉദ്ഗ്രഥനംചെയ്തു ലഭ്യമാക്കാം. പക്ഷേ കിട്ടുന്നത് ഒരു റെസീമികമിശ്രമായിരിക്കും. പ്രകൃത്യാ ലഭിക്കുന്ന L-രൂപത്തിന് ഈ മിശ്രത്തിന്റെ 15 ഇരട്ടി ശക്തിയുണ്ട്. ആകയാല്‍ കന്നുകാലികളുടെ അഡ്രിനല്‍ മെഡുല്ലയില്‍നിന്നാണ് ഈ പദാര്‍ഥം വന്‍തോതില്‍ ഉണ്ടാക്കിവരുന്നത്. കുത്തിവെയ്പു വഴിയായും നസ്യം ചെയ്യിച്ചും ഇതു രോഗികള്‍ക്കു കൊടുക്കാം. മൌഖികമായിക്കൊടുത്താല്‍ ഫലപ്രദമല്ല. അതിരക്തസമ്മര്‍ദം (hypertension), അന്‍ജൈന പെക്റ്റൊറിസ്, കൊറോണറിധമനികളില്‍ രക്തം കട്ടപിടിക്കല്‍ (coronary thrombosis) എന്നീ അവസ്ഥകളില്‍ ഈ ഔഷധം കരുതലോടുകൂടിയേ പ്രയോഗിക്കാവൂ. രക്തസ്രാവം നിര്‍ത്തുക, സ്ഥാനീയനിശ്ചേതകങ്ങളുടെ പ്രവര്‍ത്തനസമയം (ശരീരത്തില്‍) ദീര്‍ഘിപ്പിക്കുക, ജലദോഷം മുതലായ അവസ്ഥകളില്‍ മൂക്കടപ്പ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ക്കായി അഡ്രിനാലിന്‍ ഉപയോഗിക്കാം. ചില സമ്മര്‍ദാവസരങ്ങളില്‍ നോര്‍ അഡ്രിനാലിന്‍ കൊടുക്കാറുണ്ട്. ഉപശ്വാസനാളങ്ങളെ വികസിപ്പിക്കുവാന്‍ കൂടുതല്‍ ശേഷിയുള്ള ഐസൊപ്രിനലിന്‍ ആസ്തമയ്ക്ക് നല്ല ഒരു പ്രതിവിധിയാണ്.

2. നാഡീഅഗ്രങ്ങളില്‍ സംഭരിക്കപ്പെട്ട നോര്‍ അഡ്രിനാലിനെ മോചിപ്പിക്കുന്നവ. ഉദാ. ആംഫിറ്റമീന്‍, മെഥാംഫിറ്റമീന്‍, മെഫന്റര്‍മീന്‍. ആംഫിറ്റമീന്‍ (ബെന്‍സെഡ്രിന്‍) നിറമില്ലാത്തതും ബാഷ്പശീലമുള്ളതുമായ ഒരു ദ്രവമാണ്. തുറന്നുവച്ചാല്‍ വായുവിലുള്ള കാര്‍ബണ്‍ഡൈഓക്സൈഡുമായി പ്രവര്‍ത്തിച്ച് കാര്‍ബണേറ്റായി മാറും. ഇതിന്റെ സള്‍ഫേറ്റ് ലവണമാണ് ഔഷധമായി ഉപയോഗിക്കപ്പെടുന്നത്. കേന്ദ്രനാഡീവ്യൂഹത്തെ (central nervous system) ഉത്തേജിപ്പിക്കലാണ് ഇതിന്റെ മുഖ്യമായ പ്രവര്‍ത്തനം. മനോരോഗചികിത്സയില്‍ ഇതിനെയും പ്രയോജനപ്പെടുത്താറുണ്ട്. അഡ്രിനാലിന്റെ വീര്യം ഇതിന്നില്ലെങ്കിലും ശരീരത്തില്‍ താരതമ്യേന ഇരട്ടി പ്രവര്‍ത്തനസമയമുണ്ടെന്നുള്ളതും, വിഷാലുത്വം (toxicity) വളരെ കുറവാണെന്നുള്ളതും ഇതിന്റെ ഉപയോഗത്തെ കൂടുതല്‍ ആശാസ്യമാക്കിയിട്ടുണ്ട്. മെഥാംഫിറ്റമീന്‍ (മെഥെഡ്രിന്‍) ആംഫിറ്റമിനെപ്പോലെതന്നെ ഒരു കോര്‍ട്ടിക്കല്‍ ഉത്തേജകമാണ്. മേരുരജ്ജുവിനെ (spinal cord) മരവിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ രക്തസമ്മര്‍ദം നിലനിര്‍ത്തുവാന്‍ ഈ ഔഷധത്തിന്റെ പ്രയോഗം വിശേഷിച്ചും ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നു. മെഫെന്റര്‍മീന്‍ എന്ന പദാര്‍ഥവും രക്തസമ്മര്‍ദത്തിന്റെ നിലസ്ഥിരമാക്കി നിര്‍ത്തുവാന്‍ - വിശേഷിച്ചും ശസ്ത്രക്രിയയ്ക്കുശേഷം സഹായകമായ ഒരു ഔഷധമാണ്.

Image:p295a.png

Image:p295b.png

3. രണ്ടു രീതിയിലും പ്രവര്‍ത്തിക്കുന്നവ. ഉദാ. എഫെഡ്രിന്‍, മെറ്റാറാമിനോള്‍. 'എഫെഡ്ര' എന്ന വര്‍ഗത്തില്‍പെട്ട ചെടിയില്‍ നിന്നു ലഭിക്കുന്ന ഒരു ആല്‍ക്കലോയ്ഡ് ആണ് എഫെഡ്രിന്‍. ചൈനയില്‍ ഈ ചെടിക്ക് 'മാഹ്വാങ്' എന്നാണു പേര്. അവിടെ ഇതു ബി.സി. 3000 മുതല്‍ക്കു തന്നെ ഔഷധമായി ഉപയോഗിച്ചുവന്നിട്ടുണ്ട്. ഇത് ചൈനയിലും ഉത്തരഭാരതത്തിലെ മലമ്പ്രദേശങ്ങളിലും സുലഭമാണ്. പ്രവര്‍ത്തനത്തില്‍ അഡ്രിനലിന്റെ മിക്കവാറും എല്ലാ സ്വഭാവവും എഫെഡ്രിന്‍ പ്രകാശിപ്പിക്കുന്നു. മൌഖികമായി കൊടുക്കാം എന്ന ഒരു പ്രത്യേക മെച്ചവും ഇതിനുണ്ട്. ചിലതരം ആസ്ത്മ, രക്തസമ്മര്‍ദക്കുറവ്, ഹേഫീവര്‍ (hay-fever), എന്നീ അവസ്ഥകളില്‍ ഈ ഔഷധം ഫലപ്രദമായിരിക്കും. മുഖം, ചുണ്ടുകള്‍, കണ്ണുകള്‍, നാവ് എന്നിവിടങ്ങളിലെ മാംസപേശികള്‍ക്കു ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്ന 'മയസ്തീനിയ ഗ്രാവിസ്' (Myasthenia gravis) എന്ന രോഗത്തിന് ഇതുകൈകണ്ട ഔഷധമാണ്, വിശേഷിച്ചും നിയോസ്റ്റിഗ്മൈന്‍ ചേര്‍ത്തു പ്രയോഗിക്കുന്നതായാല്‍. മെറ്റാറാമിനോള്‍ (അരാമീന്‍) എന്നത് മൂക്കടപ്പ് ഒഴിവാക്കുവാനും രക്തധമനികളെ സങ്കോചിപ്പിക്കുവാനും ഉതകുന്ന ഒരു ഔഷധമാണ്.

പട്ടികയിലെ ട്വാമീന്‍, പ്രൊപില്‍ ഹെക്സഡ്രിന്‍, ക്ളോപേന്‍ എന്നീ മൂന്ന് ഔഷധങ്ങള്‍ ആരൊമാറ്റിക വലയമില്ലാത്ത രാസപദാര്‍ഥങ്ങളാണ്. ഈ അഡ്രിനര്‍ജിക് ഔഷധങ്ങളെല്ലാംതന്നെ വിദഗ്ധമായ വൈദ്യോപദേശമനുസരിച്ചേ പ്രയോഗിക്കാവൂ.

(പ്രൊഫ. ഐ. രാമഭദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍