This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോ(വാ)ന്‍ ഒഫ് ആര്‍ക്ക് (സു. 1412-31)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:44, 24 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജോ(വാ)ന്‍ ഒഫ് ആര്‍ക്ക് (സു. 1412-31)

Joan of Arc

ജോ(വാ)ന്‍ ഒഫ് ആര്‍ക്ക്

ബ്രിട്ടീഷ് അധീനതയില്‍ നിന്നും ഫ്രാന്‍സിനെ മോചിപ്പിക്കാന്‍ നേതൃത്വം നല്കിയ വനിതയും വിശുദ്ധയും. 'ഡോംറെമിയിലെ കന്യക' എന്ന് പില്ക്കാലത്തു പ്രസിദ്ധയായി. ലൊറെയ്നടുത്തുള്ള ഡോംറെമിയില്‍ ജാക്വസ് ദാര്‍ക്കിന്റെയും ഇസബെല്ലയുടെയും മകളായി ഒരു ഇടത്തരം ഗ്രാമീണ കുടുംബത്തില്‍ 1412 ജനു. 6-ന് ജനിച്ചു. കൃഷിയിലും കാലിമേയ്ക്കലിലും മാതാപിതാക്കളെ സഹായിച്ചിരുന്ന ജോ(വാ)ന്‍ എഴുത്തും വായനയും അഭ്യസിച്ചിരുന്നില്ല. ഈശ്വരചിന്തയില്‍ മുഴുകിയിരുന്ന ഈ കുട്ടിക്ക് പലപ്പോഴും ദൈവദര്‍ശനം ഉണ്ടായിട്ടുണ്ടെത്രെ. നൂറുവര്‍ഷയുദ്ധം മൂലം രാജാവാകാന്‍ കഴിയാതിരുന്ന ഫ്രാന്‍സിലെ കിരീടാവകാശി   ചാള്‍സിനെ റീംസില്‍ എത്തിച്ച് കിരീടധാരണം നടത്തിക്കുവാനും ഇംഗ്ലീഷുകാരില്‍ നിന്നും ഫ്രാന്‍സിനെ രക്ഷിക്കുവാനും ജോ(വാ)ന് ദൈവികമായി നിര്‍ദേശം ലഭിച്ചുവത്രെ. ഇക്കാലത്ത് ഫ്രാന്‍സിന്റെ ഏറെ ഭാഗവും ബ്രിട്ടീഷുകാരുടെയും (ഹെന്റി VI) ബര്‍ഗണ്ടിക്കാരുടെയും അധീനതയിലായിരുന്നു. രാജാവാകാന്‍ സാധിക്കാതെ ചാള്‍സ് ചിനോനില്‍ കഴിയുകയായിരുന്നു. ചാള്‍സിനെ അനുകൂലിക്കുന്ന വൌവ്കോളിലെ ഭരണാധിപനായിരുന്ന റോബര്‍ട്ട് ബോഡ്രിയുടെ സഹായത്തോടെ ജോ(വാ)ന്‍ 1429 ഫെബ്രുവരിയില്‍ ചാള്‍സിനെ സമീപിച്ചു. ഓര്‍ലിയന്‍സിനെ രക്ഷിക്കുന്നതിനും ചാള്‍സിനെ രാജാവാക്കുന്നതിനും ദൈവം തന്നെ നിയോഗിച്ചിരിക്കുകയാണെന്ന് ജോ(വാ)ന്‍ ചാള്‍സിനെ ബോധ്യപ്പെടുത്തി. ഏപ്രിലില്‍ ചാള്‍സ് ജോ(വാ)ന് സൈന്യത്തെ നല്കി. പുരുഷവേഷം ധരിച്ച് ഇംഗ്ലീഷുകാര്‍ക്കെതിരെ സൈന്യത്തെ നയിച്ച ജോ(വാ)ന്‍ 1429 മേയില്‍ ഓര്‍ലിയന്‍സ് പിടിച്ചടക്കി. തുടര്‍ന്ന് ചില ചെറു യുദ്ധങ്ങള്‍ക്കുശേഷം ചാള്‍സിനെ റീംസിലെത്തിച്ച് ജൂല. 17-ന് കിരീടധാരണം നടത്തി (ചാള്‍സ് VII). 1429 മേയില്‍ കൊമ്പയില്‍ ആക്രമിച്ച ജോ(വാ)നെ ബര്‍ഗണ്ടിക്കാര്‍ തടവുകാരിയാക്കി. ബ്രിട്ടീഷുകാരുടെ താത്പര്യപ്രകാരം ജോ(വാ)നെ റൂയിനില്‍ കൊണ്ടുപോയി പളളി വിചാരണയ്ക്കു വിധേയമാക്കി. മന്ത്രവാദം, വിശ്വാസധ്വംസനം, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് പിയറി കൗച്ചന്റെ നേതൃത്വത്തില്‍ വിചാരണ നടത്തി ജോ(വാ)നെ 1431 മേയ് 30-ന് ജീവനോടെ ദഹിപ്പിച്ചു. ഇതു സംബന്ധിച്ച് ചാള്‍സ് VII 1450-ല്‍ പുതിയൊരു തെളിവെടുപ്പു നടത്തി ജോ(വാ)ന്‍ നിരപരാധിയായിരുന്നുവെന്ന തീരുമാനത്തിലെത്തി. 1456-ല്‍ ജോ(വാ)നെതിരെയുള്ള ആദ്യ വിധി റദ്ദു ചെയ്തു. 1920 മേയ് 16-ന് പോപ്പ് ബെനഡിക്റ്റ് XV ജോ(വാ)നെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1920 ജൂണ്‍ 24-ന് ഫ്രഞ്ച് പാര്‍ലമെന്റ് ജോ(വാ)നെ ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍