This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിംസ് II (1633 - 1701)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:51, 24 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജെയിംസ് II (1633 - 1701)

ജെയിംസ് II

ഇംഗ്ലണ്ട് ഭരിച്ച സ്റ്റുവര്‍ട്ട് പരമ്പരയില്‍പ്പെട്ട രാജാവ് (ഭ.കാ. 1685-88). രക്തരഹിത വിപ്ലവത്തിന്റെ (1688) ഫലമായി സ്ഥാനത്യാഗം ചെയ്യേണ്ടിവന്ന രാജാവാണ് ഇദ്ദേഹം. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ചാള്‍സ് I-ന്റെയും ഹെന്റീറ്റ മറിയയുടെയും മകനായി 1633 ഒ. 14-നു ലണ്ടനില്‍ ജനിച്ചു. 1634 ജനുവരിയില്‍ ഇദ്ദേഹം യോര്‍ക്കിലെ പ്രഭുവായി. ആഭ്യന്തരയുദ്ധത്തില്‍ (1642) ചാള്‍സിന്റെ പരാജയത്തെത്തുടര്‍ന്ന് ഇദ്ദേഹം 1648-ല്‍ ഹോളണ്ടിലേക്കു രക്ഷപ്പെട്ടു. പിന്നീട് ജെയിംസ് ഫ്രഞ്ചു സൈന്യത്തിലും (1652-55) സ്പാനിഷ് സൈന്യത്തിലും (1658) ചേര്‍ന്നു. ഇംഗ്ലണ്ടില്‍ 1660-ല്‍ ചാള്‍സ് II-ന്റെ ഭരണം പുനഃസ്ഥാപിച്ചതോടെ മടങ്ങിയെത്തിയ ഇദ്ദേഹത്തിന് ലോഡ് ഹൈ അഡ്മിറല്‍ (നാവികസേനാമേധാവി) പദവി ലഭിച്ചു. 1660 സെപ്തംബറില്‍ ആന്‍ ഹൈഡിനെ വിവാഹം കഴിച്ചു. രണ്ടാം ഡച്ചു യുദ്ധത്തില്‍ ഇദ്ദേഹം ഇംഗ്ലീഷ് കപ്പല്‍ പടയ്ക്കു നേതൃത്വം നല്കി. ഇദ്ദേഹം കത്തോലിക്കാമതം സ്വീകരിച്ചത് ഇംഗ്ലണ്ടില്‍ എതിര്‍പ്പ് ഉളവാക്കി. കത്തോലിക്കര്‍ ഉദ്യോഗം വഹിക്കാന്‍ പാടില്ലെന്നുവ്യക്തമാക്കുന്ന ടെസ്റ്റ് ആക്റ്റ് (1673) ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയതിനെത്തുടര്‍ന്ന് ജെയിംസ്, അഡ്മിറല്‍ പദവി രാജിവച്ചു. ആദ്യഭാര്യ 1671-ല്‍ മരണമടഞ്ഞു. 1673 നവംബറില്‍ ഇദ്ദേഹം കത്തോലിക്കാമതക്കാരിയായ മേരിയെ വിവാഹം ചെയ്തു. ചാള്‍സ് II-ന്റെ പിന്‍ഗാമിയായി കത്തോലിക്കനായ ജെയിംസ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ബില്‍ (എക്സ്ക്ളൂഷന്‍ ബില്‍) പാസ്സാക്കാനുള്ള പാര്‍ലമെന്റിന്റെ ശ്രമം (1679-81) വിജയിച്ചില്ല. 1685 ഫെ. 5-നു ചാള്‍സ് മരണമടഞ്ഞതിനെത്തുടര്‍ന്ന് ഏ. 23-നു ജെയിംസ് ഇംഗ്ലണ്ടിലെ രാജാവായി. തുടക്കത്തില്‍ ജെയിംസിന് അനുകൂലമായിരുന്ന പാര്‍ലമെന്റ് കത്തോലിക്കര്‍ക്കനുകൂലമായ നയംമൂലം എതിരായി. 1685 നവംബറില്‍ ജെയിംസ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇദ്ദേഹം പല പ്രധാന ഉദ്യോഗങ്ങളിലും കത്തോലിക്കരെ നിയമിച്ചു. കത്തോലിക്കര്‍ക്കെതിരായ നിയമങ്ങള്‍ ഇല്ലാതാക്കാനും അവര്‍ക്ക് ഉന്നതസ്ഥാനങ്ങളില്‍ നിയമനം നല്കുന്നിനും ഉദ്ദേശിച്ച ജെയിംസ് 1687 ഏപ്രിലിലും 88-ഏപ്രിലിലും രണ്ട് ഔദാര്യപ്രഖ്യാപനങ്ങള്‍ (declaration of indulgance)പുറപ്പെടുവിച്ചു. ഇതിനെ എതിര്‍ത്ത ഏഴു ബിഷപ്പുമാരെ കുറ്റവിചാരണ നടത്തി (1688 ജൂണ്‍). ജെയിംസിന് ഇക്കാലത്ത് ഒരു മകന്‍ പിറന്നതോടെ ഇദ്ദേഹത്തിനു ശേഷവും ഇംഗ്ലണ്ടില്‍ ഒരു കത്തോലിക്കന്‍ രാജാവായിവരും എന്ന ഭയം ഇംഗ്ലീഷ് ജനതയെ അലട്ടി. ഇംഗ്ളണ്ടിനെ കത്തോലിക്കന്‍ ഭരണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി വിഗ് കക്ഷിയിലും ടോറി കക്ഷിയിലുംപെട്ട പ്രമുഖര്‍ 1688 ജൂണില്‍ പ്രൊട്ടസ്റ്റന്റു മതക്കാരും ജെയിംസിന്റെ മൂത്ത പുത്രിയുടെ ഭര്‍ത്താവുമായ ഓറഞ്ചിലെ വില്യമിനെ (ഹോളണ്ടിലെ ഭരണാധികാരി) ഇംഗ്ലണ്ടിലേക്കു ക്ഷണിച്ചു. വില്യം സൈന്യവുമായി 1688 നവംബറില്‍ ഇംഗ്ലണ്ടിലെത്തി. ഈ അവസരത്തില്‍ ജെയിംസിന്റെ അനുഭാവികള്‍ ശത്രുപക്ഷത്തേക്കു കൂറുമാറി. യുദ്ധത്തിനൊരുമ്പെടാതെ ജെയിംസ് ഫ്രാന്‍സിലേക്കു പലായനം ചെയ്തു (1688 ഡി.). അങ്ങനെ യുദ്ധം കൂടാതെ (രക്തരഹിത വിപ്ലവം) അധികാരമാറ്റം നടന്നു. 1689 മാര്‍ച്ചില്‍ ഫ്രഞ്ചു സഹായത്തോടെ ജെയിംസ് ഇംഗ്ലണ്ടിനെതിരെ നടത്തിയ ആക്രമണശ്രമം പരാജയപ്പെട്ടു. ഫ്രാന്‍സിലേക്കു മടങ്ങിയ ജെയിംസ് 1701 സെപ്. 6-നു മരണമടഞ്ഞു. നോ. ഗ്രേറ്റ് ബ്രിട്ടണ്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍