This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീ അങ് കീ ഷെക് (1877 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:52, 24 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീ അങ് കീ ഷെക് (1877 - 1975)

ജീ അങ് കീ ഷെക്

റിപ്പബ്ലിക് ഒഫ് ചൈന(തൈവാന്‍)യുടെ ആദ്യ പ്രസിഡന്റും സൈനിക തലവനും. ജീ അങ് ജുങ് ജെങ് എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. 1887 ഒ. 31-ന് ചെക്യാങ്ങിലെ ചികുവിലുള്ള ഒരു വ്യാപാരികുടുംബത്തിലായിരുന്നു ജനനം. പാവോതിങ് സൈനിക അക്കാദമിയിലെ പരിശീലനം നിരവധി സൈനിക നേതാക്കളുമായി അടുത്തിടപഴകുന്നതിന് ഇദ്ദേഹത്തിന് അവസരം നല്കി. 1907-11 കാലത്ത് ജപ്പാനിലായിരിക്കെ ചെന്‍ ചി മീ നയിച്ചിരുന്ന ഷാങ് ഹായ് റെവല്യൂഷണറി ട്രൂപ്പില്‍ ഇദ്ദേഹം അംഗമായി. മഞ്ചു ഭരണകൂടത്തിനെതിരെ 1911-ല്‍ നടന്ന ചൈനീസ് വിപ്ലവത്തില്‍ ജി അങ് കീ ഷെക് ചെന്നിനോടൊപ്പമായിരുന്നു. 1916-ല്‍ ചെന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ജീ അങ് ഷാങ്ഹായിയില്‍ത്തന്നെ കഴിഞ്ഞു.

1918-ല്‍ സണ്‍-യാറ്റ്-സെന്നിന്റെ വിപ്ലവ സംഘടനയായ കുമിന്താങ്ങില്‍ (KMT) ഇദ്ദേഹം ഉള്‍പ്പെട്ടു. ജീ അങ്ങിന്റെ ഉപദേശപ്രകാരം കുമിന്താങ്ങിനെ റഷ്യന്‍ മാതൃകയില്‍ പുനഃസംഘടിപ്പിക്കാന്‍ സണ്‍-യാറ്റ്-സെന്‍ തീരുമാനിച്ചു. അതിനായി ബോള്‍ഷെവിക് സൈനിക സംഘടനയെക്കുറിച്ചു പഠിക്കാന്‍ വേണ്ടി 1923-ല്‍ റഷ്യയിലേക്കു പോയി. 1924-ല്‍ സൈനിക അക്കാദമിയുടെ തലവനായ ജീ അങ് കീ ഷെക് 1925-ല്‍ സണ്‍-യാറ്റ്-സെന്നിന്റെ മരണത്തോടെ കുമിന്താങ്ങിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു. കുമിന്താങ്ങിനോടൊപ്പം ചൈനീസ് കമ്യൂണിസ്റ്റുകളുടെയും പിന്തുണ ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ താമസിയാതെ അഭിപ്രായഭിന്നതമൂലം ജീ അങ് കമ്യൂണിസ്റ്റുകളില്‍ നിന്നകന്നു. 1926-ല്‍ നോര്‍തേണ്‍ എക്സ്പെഡിഷന്‍ ഫോഴ്സിന്റെ കമാന്‍ഡര്‍ ആയിത്തീര്‍ന്ന കീ ഷെക്, മഞ്ചു ഭരണകൂടത്തിന്റെ പതനത്തിനുശേഷം അധികാരവടംവലി നടത്തിക്കൊണ്ടിരുന്ന പ്രഭുക്കന്മാരെ നിയന്ത്രണ വിധേയരാക്കി. ജീ അങ്ങിന്റെ കീഴിലുള്ള സേന ഷാങ് ഹായിയിലെ കമ്യൂണിസ്റ്റു ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തു. 1928-ല്‍ നാങ്കിങ്ങില്‍ വിപ്ളവ ഗവണ്‍മെന്റ് സ്ഥാപിച്ച ജീ അങ് അതിന്റെ പ്രസിഡന്റായി. ചൈനീസ് ദേശീയ ഗവണ്‍മെന്റ് എന്ന് ഇതറിയപ്പെട്ടു. ഇത് പക്ഷേ അല്പായുസ്സായിരുന്നു. കുമിന്താങ്ങിലെ ഉള്‍പ്പോരും യുദ്ധക്കൊതിയന്മാരായ പ്രഭുക്കന്മാര്‍ ഉയര്‍ത്തിയ വെല്ലുവിളികളും നിമിത്തം കീഷെക്കിന് രാജിവയ്ക്കേണ്ടിവന്നു. എന്നിരുന്നാലും സൈന്യത്തിന്മേലുള്ള സ്വാധീനത്താല്‍ കീ ഷെക് രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തനായിത്തുടര്‍ന്നു.

1931-ല്‍ മഞ്ചൂറിയ കീഴടക്കിയ ജപ്പാന്‍ അതിനുശേഷം തുടര്‍ച്ചയായി ചൈനയെ ആക്രമിച്ചു. 1936-ല്‍ സിയാന്‍ സന്ദര്‍ശിച്ച കീഷെക്കിനെ മുന്‍ സൈനികമേധാവി ജാങ് തടവിലാക്കി. നാഷണലിസ്റ്റുകളും (കുമിന്താങ്) കമ്യൂണിസ്റ്റുകളും തമ്മിലുള്ള ശത്രുത മറന്ന് പൊതുശത്രുവായ ജപ്പാനെതിരെ പൊരുതാന്‍ ജാങ് ഇദ്ദേഹത്തെ ഉപദേശിച്ചു. കമ്യൂണിസ്റ്റുകള്‍ ജാങ്ങുമായി നടത്തിയ സുദീര്‍ഘ ചര്‍ച്ചകള്‍ക്കുശേഷം ജീ അങ് സ്വതന്ത്രനാക്കപ്പെട്ടു. തടവിലായിരിക്കെ കമ്യൂണിസ്റ്റുകളുമായി താന്‍ ഒരു ധാരണയിലെത്തി എന്ന വാര്‍ത്ത ജീ അങ് പിന്നീട് നിഷേധിക്കുകയുണ്ടായി. സത്യമെന്തായിരുന്നാലും ജപ്പാനെതിരെ കുമിന്താങ്ങുകളും കമ്യൂണിസ്റ്റുകളും ചേര്‍ന്നുള്ള ഒരു ഐക്യമുന്നണി ജന്മമെടുക്കുകയായിരുന്നു ഇതിന്റെ ഫലം. ചീന-ജപ്പാന്‍ യുദ്ധവേളയില്‍ (1937-45) കുമിന്താങ് കക്ഷിയുടെ അനിഷേധ്യ നേതാവായിരുന്നു ജീ അങ്. രണ്ടാം ലോക യുദ്ധത്തിന്റെ ഭാഗമെന്ന നിലയില്‍ 1941-ല്‍ സഖ്യകക്ഷികളുടെ സഹായവും ജീ അങ്ങിനു ലഭിച്ചു. സംയുക്തസേനയുടെ സുപ്രീം കമാന്‍ഡറായിരുന്നു ഇദ്ദേഹം. ജപ്പാന്റെ പതനത്തോടെ കമ്യൂണിസ്റ്റുകളും നാഷണലിസ്റ്റുകളും തമ്മിലുള്ള കിടമത്സരം രൂക്ഷമാകാന്‍ തുടങ്ങി. ചൈന ആഭ്യന്തരയുദ്ധത്തിലേക്കു വഴുതി വീണു. നാഷണല്‍ അസംബ്ലി ജീ അങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും (1948) ഈ ഭരണകൂടത്തിന് ദീര്‍ഘനാള്‍ പിടിച്ചുനില്‍ക്കാനായില്ല. 1949 ജനു. 21-ന് ഇദ്ദേഹം പ്രസിഡന്റ് പദം രാജിവച്ചു. ഇതിനിടെ മഞ്ചൂറിയ കൈവശപ്പെടുത്തിയ കമ്യൂണിസ്റ്റുകള്‍ യാങ്സീനദിക്കു തെക്കോട്ടു കടന്നു. ഇതോടെ നാഷണലിസ്റ്റുകളുടെ നില പരുങ്ങലിലായി. ഈ സമയത്ത് ജീ അങ് യു.എസ്സിന്റെ സാമ്പത്തിക-സൈനിക സഹായങ്ങള്‍ തേടുകയുണ്ടായെങ്കിലും ചൈനീസ് ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാന്‍ യു.എസ്. വിസമ്മതിച്ചു. 1949 മേയ് മാസത്തില്‍ ഹാന്കോ പിടിച്ചടക്കിയതോടെ കമ്യൂണിസ്റ്റുകളുടെ വിജയം ഏതാണ്ട് ഉറപ്പായതിനാല്‍ ജീ അങ് തൈവാനിലേക്കു കടന്നു. അവിടെ നാഷണലിസ്റ്റ് ഗവണ്‍മെന്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെങ്കിലും (1949) ചൈനീസ് വന്‍കര തിരിച്ചു പിടിക്കാനുള്ള ആഗ്രഹം ഇദ്ദേഹം ഉപേക്ഷിച്ചില്ല. ചീനാ-യു.എസ്. നയതന്ത്രബന്ധം നല്ല ദിശയിലേക്കു നീങ്ങിയതോടെ ജീ അങ്ങിന്റെ ഈ ആഗ്രഹത്തിനു ക്ഷതമേറ്റു. 1971 ഒക്ടോബറില്‍ തൈവാനു പകരം കമ്യൂണിസ്റ്റു ചൈനയെ അംഗീകരിച്ച യു.എന്‍. നടപടി ജീ അങ്ങിന് കനത്ത ആഘാതമായി. ജീവിതസായാഹ്നത്തില്‍ ശയ്യാവലംബിയായിത്തീര്‍ന്ന ജീ അങ്ങ് 1975 ഏ. 5-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍