This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിംനാസ്റ്റിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:27, 24 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിംനാസ്റ്റിക്സ്

കലയും കരുത്തും കരവിരുതും ഒത്തുചേരുന്ന അപൂര്‍വസുന്ദരമായ കായികകല. കായികകലകളുടെ 'റാണി' എന്ന് ഇതറിയപ്പെടുന്നു. നഗ്നമായ എന്നര്‍ഥമുള്ള ഗുംനോസ് (Gymnos), നഗ്നരായി പരിശീലിപ്പിക്കുക എന്നര്‍ഥമുള്ള ഗുംനാസൈന്‍ എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് ജിംനാസ്റ്റിക്സ് എന്ന സംജ്ഞ നിഷ്പന്നമായത്. മെയ്വഴക്കത്തിനും കരുത്തിനും ചടുലമായ ചലനങ്ങള്‍ക്കും ഈ കായിക കലയില്‍ ഒരുപോലെ പ്രാധാന്യമുണ്ട്. ഘടകങ്ങളെല്ലാം പരസ്പര പൂരകങ്ങളാണ്. നല്ലൊരു ജിംനാസ്റ്റിന് കിടയറ്റ അത്ലറ്റാവാനും കഴിയും. ഫുട്ബോള്‍ കളിയുടെ ചില പാഠങ്ങള്‍ ഹൃദിസ്ഥമാകുവാന്‍ ജിംനാസ്റ്റിക്സ് വൈദഗ്ധ്യം സഹായിക്കും. മെയ്വഴക്കത്തോടെ ഹൃദിസ്ഥമായാല്‍ ജിംനാസ്റ്റിക്സിന്റെ തന്ത്രങ്ങളില്‍ ആധിപത്യം നേടിയെന്ന് അഭ്യാസിക്ക് അഭിമാനിക്കാം.

ഹസ്തനില-ഉപകരണങ്ങള്‍ ഉപയോഗിക്കാതെയുള്ള പ്രകടനം

ജിംനാസ്റ്റിക്സിലെ പ്രധാന ഇനങ്ങളിലൊന്നായ ഫ്ലോര്‍ എക്സര്‍സൈസ് ഒട്ടുമിക്ക കായികകലകളുടെയും അടിസ്ഥാനപാഠമാണ്. കൈകാലുകളടക്കം ശരീരത്തിന്റെ എല്ലാഭാഗങ്ങളിലുമുള്ള പേശികള്‍ക്ക് അയവു വരുത്തുന്ന വ്യായാമം എല്ലാ കായിക കലകള്‍ക്കും അവശ്യം വേണ്ടതാണ്. മത്സരപ്രധാനമായ ജിംനാസ്റ്റിക്സ് സാധാരണ കായിക വ്യായാമത്തില്‍ നിന്ന് വ്യത്യസ്തമാണ്. ജിംനാസ്റ്റിക്സ് ഉപകരണങ്ങളുടെ സഹായത്തോടെ വെളിവാക്കപ്പെടുന്ന ചലനങ്ങളിലെ വൈവിധ്യവും താളവും മത്സരപ്രധാനമായ ജിംനാസ്റ്റിക്സിനെ അതീവ ഹൃദ്യമാക്കുന്നു. പങ്കെടുക്കുന്നവരുടെ കായിക കരുത്തും പ്രകടന നൈപുണ്യവും ഒത്തുചേരുമ്പോള്‍ കായിക പ്രേമികള്‍ക്ക് ജിംനാസിറ്റിക്സ് പ്രകടനങ്ങള്‍ വിരുന്നായി മാറും. സ്കൂള്‍തലം മുതല്ക്കേ ജിംനാസ്റ്റിക്സ് പാഠ്യവിഷയമാക്കിയിട്ടുള്ള രാജ്യങ്ങളാണ് റഷ്യ, ജപ്പാന്‍, യു.എസ്., ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ചെക്റിപ്പബ്ലിക്, സ്ലോവാക് റിപ്പബ്ലിക് എന്നിവ.

ചരിത്രം. പുരാതന ഗ്രീസാണ് ജിംനാസ്റ്റിക്സിന്റെ ജന്മഗൃഹം. ഗ്രീക്ക് ദേശീയ ഗെയിംസിനോടനുബന്ധിച്ചു നടത്താറുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക കായിക പരിശീലന പരിപാടികള്‍ നടത്തിപ്പോന്നു. അത്ലറ്റിക്സ്, ഗുസ്തി, വാള്‍പ്പയറ്റ്, ബോക്സിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കു മുന്‍പുള്ള ശരീരവ്യായാമം എന്ന പൊതുവായ അര്‍ഥത്തിലാണ് ജിംനാസ്റ്റിക്സ് തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്. ബി.സി. 776-ലായിരുന്നു ഇത്.

മത്സര പ്രധാനമായ ജിംനാസ്റ്റിക്സ്. ഒളിംപിക് പ്രസ്ഥാനത്തിന്റെ പുനരുത്ഥാനത്തോടെയാണ് മത്സര പ്രധാനമായ ജിംനാസ്റ്റിക്സിന് പ്രാധാന്യം കൈവന്നത്. ആധുനിക ഒളിംപിക്സിന്റെ ആദ്യമേളയില്‍ ഏഥന്‍സ് ജിംനാസ്റ്റിക്സ് പ്രധാന ഇനങ്ങളിലൊന്നായിരുന്നു. അതിനും പതിനഞ്ചു വര്‍ഷം മുന്‍പ് യു.എസ്സില്‍ ഒട്ടനവധി ജിംനാസ്റ്റിക്സ് ക്ലബ്ബുകള്‍ ആരംഭിക്കുകയും പരിശീലനപരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. 1881-ല്‍ നിലവില്‍ വന്ന 'ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ജിംനാസ്റ്റിക്' എന്ന അന്താരാഷ്ട്ര സംഘടനയില്‍ അറുപത് അംഗരാജ്യങ്ങളുണ്ടായിരുന്നു. ഈ സംഘടന വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ക്കു പ്രത്യേകം പ്രത്യേകം ഇനങ്ങളും നിയമങ്ങളും നടപ്പിലാക്കി. ആധുനിക ജിംനാസ്റ്റിക്സ് രൂപപ്പെട്ടത് രണ്ടു പ്രധാന ധാരകളിലുള്ള ജിംനാസ്റ്റിക്സ് ഒന്നിച്ചുചേര്‍ന്നതോടെയാണ്. സ്വീഡിഷ് രീതി എന്നറിയപ്പെട്ടിരുന്ന, വെറും തറയില്‍ നടത്തപ്പെടുന്ന താളാധിഷ്ഠിത ചലനങ്ങളും ജര്‍മന്‍ രീതി എന്നറിയപ്പെട്ടിരുന്ന ഉപകരണ പ്രധാനമായ ജിംനാസ്റ്റിക്സും ഒട്ടേറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഒത്തുചേര്‍ന്നതോടെ 1920-ല്‍ മത്സരപ്രധാനമായ ജിംനാസ്റ്റിക്സ് രൂപംകൊണ്ടു. അതിനുമുന്‍പുതന്നെ ഒളിംപിക്സില്‍ ജിംനാസ്റ്റിക്സ് മത്സരങ്ങളാരംഭിച്ചിരുന്നു.

പരിണാമഘട്ടം. മത്സരപ്രധാനമായതോടെ ജിംനാസ്റ്റിക്സില്‍ ഒട്ടനവധി മാറ്റങ്ങളുണ്ടായി. കായികശേഷിയും ബുദ്ധിയും ഭാവനയും ഒത്തുചേര്‍ന്നതോടെ ജിംനാസ്റ്റിക്സിന്റെ ബാഹ്യരൂപത്തിലും ആകര്‍ഷണീയമായ മാറ്റങ്ങള്‍ സംഭവിച്ചു. ഇത് ഈ കായികകലയെ അന്താരാഷ്ട്രതലത്തില്‍ വന്‍ വളര്‍ച്ചയിലേക്കാണ് നയിച്ചത്. 1881-ല്‍ 60 അംഗരാജ്യങ്ങളാണുണ്ടായിരുന്നതെങ്കില്‍ 1920-ല്‍ അത് ഇരട്ടിയിലേറെയായി ഉയര്‍ന്നു. ഒളിംപിക്സ്, ലോകകപ്പ് എന്നിവയ്ക്കു പുറമേ പ്രാദേശിക ഗെയിമുകളായ കോമണ്‍ വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ആഫ്രിക്കന്‍ ഗെയിംസ് തുടങ്ങിയ കായിക മാമാങ്കങ്ങളിലും ജിംനാസ്റ്റിക്സ് പ്രധാന ഇനമായി മാറി.

പുതുമനിറഞ്ഞ രീതികളും ചടുലമായ നീക്കങ്ങളും ഈ കായിക ഇനത്തിന്റെ പരിണാമ പ്രക്രിയയ്ക്ക് ആക്കം വര്‍ധിപ്പിച്ചു. വിവിധതരം ശൈലികള്‍ ജിംനാസ്റ്റിക്സില്‍ ഉരുത്തിരിഞ്ഞു വന്നത് അങ്ങനെയാണ്. പുതുമ നിറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന മികച്ച കായികതാരങ്ങളുടെ പേരില്‍ ആ പ്രകടനങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങിയെന്നത് ഈ കായികകലയെ കൂടുതല്‍ വളര്‍ച്ചയിലേക്കു നയിച്ചു. സ്റ്റാല്‍ഡര്‍ ഷൂട്ട്, യെമഷിറ്റ, ദിയോമിഡോസ് തുടങ്ങിയ ജിംനാസ്റ്റിക്സ് ശൈലികള്‍ക്കു പിന്നില്‍ പ്രശസ്തരായ ജിംനാസ്റ്റുകളുടെ പ്രകടനങ്ങളായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ജോസഫ് സ്റ്റാല്‍ഡര്‍ ഹൊറിസോണ്ടല്‍ ബാറില്‍ അദ്ഭുതം കാട്ടിയതോടെ അത് സ്റ്റാല്‍ഡര്‍ ഷൂട്ട് രീതിയായി. ടോക്യോ ഒളിംപിക്സില്‍ (1964) ജപ്പാന്റെ വിരുഹിരോ യെമഷിറ്റ വോള്‍ട്ടിങ് ഹോഴ്സില്‍ തിളങ്ങിയപ്പോള്‍ 'യെമഷിറ്റ' ശൈലി രൂപംകൊണ്ടു. ജര്‍മനിയില്‍ നടന്ന ലോകകപ്പ് ജിംനാസ്റ്റിക്സിലാണ് (1966) 'ദിയോമിഡോന്‍' രീതി പ്രദര്‍ശിപ്പിക്കപ്പെട്ടത്. അന്ന് പാരലല്‍ ബാറില്‍ ചരിത്രം സൃഷ്ടിച്ചത് റഷ്യയുടെ സെര്‍ജി ദിയോമിഡോന്‍ ആയിരുന്നു. ഇത്തരം ശൈലികളിലൂടെ മത്സരപ്രധാനമായ ജിംനാസ്റ്റിക്സ് കാലാനുഗത പരിണാമങ്ങള്‍ക്കു വിധേയമായി വളര്‍ന്നുകൊണ്ടേയിരുന്നു.

മത്സരങ്ങള്‍: പുരുഷന്മാര്‍. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളിലെ ഡെക്കാത്തലണ്‍ ഇനത്തിനു തുല്യമാണ് പുരുഷവിഭാഗത്തിലെ ജിംനാസ്റ്റിക്സ് ഇനങ്ങള്‍. ഹൊറിസോണ്ടല്‍ ബാര്‍, പാരലല്‍ ബാര്‍, പൊമ്മല്‍ഡ് ഹോഴ്സ്, വോള്‍ട്ടിങ് ഹോഴ്സ്, റിങ്, ഫ്ലോര്‍ എക്സര്‍സൈസ് ഇവയെല്ലാം ചേര്‍ന്നുള്ള ആള്‍റൗണ്ട് ഇനം, വ്യക്തിഗത ഫൈനല്‍ എന്നിങ്ങനെ എട്ടു വിഭാഗങ്ങളായിട്ടാണ് പുരുഷവിഭാഗം ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ആദ്യം ടീം ഇനമാണ്. ആറു വിഭാഗങ്ങളിലായി ഓരോ നിര്‍ബന്ധിത അഭ്യാസമുറകള്‍ ചെയ്യണം. പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പത്തില്‍ മാര്‍ക്കുകള്‍ നല്കുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം മാര്‍ക്കുണ്ട്. ആറു പേരടങ്ങുന്ന ഏറ്റവും കൂടുതല്‍ മാര്‍ക്കു ലഭിക്കുന്ന ടീമിനാണ് സ്വര്‍ണമെഡല്‍. ടീം മത്സരത്തില്‍ പങ്കെടുത്തവരില്‍ മികച്ച പ്രകടനം കാഴ്ചവച്ച 36 പേര്‍ക്കു വേണ്ടിയുള്ള ആള്‍ റൌണ്ട് മത്സരമാണടുത്തത്. ഓരോരുത്തരും വീണ്ടും ഓരോ നിര്‍ബന്ധിത ഐച്ഛിക അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഓരോ വിഭാഗത്തിനും വീണ്ടും പത്തില്‍ മാര്‍ക്കു ലഭിക്കും. നേരത്തേ ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ശരാശരി മാര്‍ക്കിനൊപ്പം ഈ മാര്‍ക്കും കൂട്ടി ചേര്‍ത്ത് ആള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച മികച്ച താരങ്ങളെ തെരഞ്ഞെടുക്കും. ഒരു പ്രത്യേക വിഭാഗത്തില്‍ (ഉദാ. പാരലല്‍ ബാര്‍) ടീം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആറുപേര്‍ ആ വിഭാഗത്തിലെ വ്യക്തിഗത ഫൈനലില്‍ മത്സരിക്കുന്ന ഇനമാണ് എട്ടാമത്തേത്. ഇക്കുറി ഐച്ഛിക അഭ്യാസം മാത്രം ചെയ്താല്‍ മതിയാവും. പത്തില്‍ മാര്‍ക്കും നല്കും. നേരത്തേ ലഭിച്ചിട്ടുള്ള വ്യക്തിഗത ശരാശരി മാര്‍ക്കിനൊപ്പം ഇതുംകൂടി ചേര്‍ത്ത് വ്യക്തിഗത ജേതാവിനെ നിശ്ചയിക്കുന്നു.

ഹൊറിസോണ്ടല്‍ ബാര്‍. ഇരുവശത്തും ഉയര്‍ന്നു നില്ക്കുന്ന ഇരുമ്പുദണ്ഡുകളില്‍, തറനിരപ്പിനു സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള സ്റ്റീല്‍ ദണ്ഡിന്മേലാണ് പ്രകടനം നടത്തുക.

നീളം : 2.35-2.50 മീ.

വ്യാസം : 28 മി.മീ.

ഉയരം : 2.40-2.50 മീ.

പാരലല്‍ ബാര്‍. 42-48 സെ.മീ. അകലത്തില്‍ തറനിരപ്പിനു സമാന്തരമായി ഘടിപ്പിച്ചിരിക്കുന്ന തടിയില്‍ തീര്‍ത്ത അര്‍ധവൃത്താകൃതിയിലുള്ള ദണ്ഡുകള്‍ ഉപയോഗിച്ചുള്ള പ്രകടനം.

നീളം : 3.50 മീ.

ഉയരം : 1.60-1.70 മീ.

പൊമ്മല്‍ഡ് ഹോഴ്സ്. തുകല്‍ നിര്‍മിതമായ ഉപകരണം. 12 സെ.മീ. പൊക്കമുള്ള തടിയില്‍ തീര്‍ത്ത മൊട്ടുകള്‍ 40-45 സെ.മീ. അകലത്തില്‍ മുകള്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു.

നീളം : 1.60 മീ.

വീതി : 35-37 സെ.മീ.

ഉയരം : 1.08 മീ.

വോള്‍ട്ടിങ് ഹോഴ്സ്. പൊമ്മല്‍ഡ് ഹോഴ്സില്‍ ഉപയോഗിക്കുന്ന അതേ ഉപകരണം. തടിയില്‍ത്തീര്‍ത്ത മൊട്ടുകള്‍ ഉണ്ടാവില്ല.

ഉയരം : 1.35 മീ.

നീളത്തിലാണ് വോള്‍ട്ടിങ് സ്ഥാപിച്ചിരിക്കുന്നത്.

റിങ്. തടിയില്‍ തീര്‍ത്ത വൃത്താകൃതിയിലുള്ള ഉപകരണം.

തറനിരപ്പില്‍ നിന്ന് 5.50 മീ. ഉയരത്തില്‍ തൂങ്ങുന്ന തോല്‍കൊണ്ട് നിര്‍മിതമായ നാടകളില്‍ ഘടിപ്പിച്ചിരിക്കുന്ന റിങ് ഉപയോഗിച്ചുള്ള പ്രകടനം. റിങ്ങും തറനിരപ്പും തമ്മിലുള്ള അകലം 2.40-2.50 മീ. ആയിരിക്കണം.

വ്യാസം : 18 സെ.മീ. (ഉള്‍ഭാഗം)

ഘനം : 28 മി.മീ.

ഫ്ലോര്‍ എക്സര്‍സൈസ്. പ്രത്യേക ഉപകരണങ്ങളില്‍ തറയില്‍ വിരിച്ചിരിക്കുന്ന കമ്പിളി അല്ലെങ്കില്‍ ക്യാന്‍വാസിനു മുകളിലായിരിക്കും പ്രകടനം നടക്കുക.

നീളവും വീതിയും 12 മീ. വീതം.

മത്സരങ്ങള്‍: വനിതകള്‍. ആറു വിഭാഗങ്ങളിലായി മത്സരം നടക്കുന്ന വനിതകളുടെ ജിംനാസ്റ്റിക്സില്‍ വിജയികളെ നിശ്ചയിക്കുന്നത് പുരുഷവിഭാഗത്തിലെ വിജയികളെ നിശ്ചയിക്കുന്ന മാനദണ്ഡമനുസരിച്ചാണ്. വനിതാ വിഭാഗത്തില്‍ അണ്‍ ഈവന്‍ പാരലല്‍ ബാര്‍, വോള്‍ട്ടിങ് ഹോഴ്സ്, ബാലന്‍സ് ബീം, ഫ്ലോര്‍ എക്സര്‍സൈസ് എന്നീ ഇനങ്ങളില്‍ മത്സരം നടക്കുന്നു.

ബാലന്‍സ് ബീം. 5 മീ. നീളവും 10 സെ.മീ. വീതിയുമുള്ള തടിയില്‍ തീര്‍ത്ത ദണ്ഡിന്റെ ഉയരം തറനിരപ്പില്‍ നിന്ന് 120 സെ.മീ.

അണ്‍ ഈവന്‍ പാരലല്‍ ബാര്‍. പുരുഷവിഭാഗം പാരലല്‍ ബാറിന്റെ അതേ അളവുകള്‍. വ്യത്യാസം ഉയരത്തില്‍ മാത്രം. മുകളിലത്തെ ബാര്‍ 2.30 മീ. ഉയരത്തിലും താഴത്തെ ബാര്‍ 1.50 മീ. ഉയരത്തിലും ഘടിപ്പിച്ചിരിക്കുന്നു.

വോള്‍ട്ടിങ് ഹോഴ്സ്. പുരുഷവിഭാഗത്തിലെ അതേ അളവുകള്‍ നീളത്തില്‍ വച്ചിരിക്കുന്നതിനുപകരം കുറുകെയാണ് ഹോഴ്സ് വച്ചിരിക്കുന്നത്.

ഉയരം : 1.10 മീ.

പ്രമുഖര്‍. ഒളിംപിക്സ് ജിംനാസ്റ്റിക്സിലും ലോകകപ്പ് മത്സരങ്ങളിലും പുരുഷ-വനിതാ വിഭാഗങ്ങളില്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടിയിട്ടുള്ളത് റഷ്യയാണ്. ജപ്പാനും ജര്‍മനിയും തൊട്ടു പിറകില്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍