This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാംഷഡ്ജി ടാറ്റാ (1839 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:35, 21 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാംഷഡ്ജി ടാറ്റാ (1839 - 1904)

ജാംഷഡ്ജി ടാറ്റാ

ഇന്ത്യന്‍ വ്യവസായി. 8-ാം ശ.-ല്‍ പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ പാഴ്സി ഗോത്രത്തിലെ ടാറ്റാ കുടുംബാംഗമായ നുസര്‍ വന്‍ജി ടാറ്റായുടെ ഏക മകനായി നവ്സാരിയില്‍ 1839 മാ. 3-ന് ജനിച്ചു. പിതാവിനോടൊപ്പം ബോംബെയിലെത്തി (1852). ഇദ്ദേഹം എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ പഠനം തുടര്‍ന്നു (1856-58). ഇക്കാലത്തു തന്നെ ഹീരാബായിയെ വിവാഹം കഴിച്ചു.

ബിരുദം നേടിയ (1858) ശേഷം ഇദ്ദേഹം ഒരു വക്കീലാഫീസില്‍ ജോലിക്കു ചേര്‍ന്നു. ജാംഷഡ്ജി പിന്നീട് പിതാവിന്റെ നെയ്ത്തു വ്യാപാരത്തില്‍ പങ്കാളിയായി. ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വാണിജ്യ വ്യാപാര തന്ത്രങ്ങള്‍ ഇദ്ദേഹം മനസ്സിലാക്കി. പില്ക്കാലത്ത് ഇന്ത്യന്‍ നെയ്ത്തു വ്യാപാരത്തിന്റെ ശില്പിയായി ഇദ്ദേഹം അറിയപ്പെട്ടു. നെയ്ത്തു വ്യവസായത്തോടൊപ്പം പട്ടുനൂല്‍ ഉത്പാദനം, കൃഷികള്‍, ജലവൈദ്യുത പദ്ധതികള്‍, ഹോട്ടല്‍ നിര്‍മാണം, ചരക്കുകപ്പല്‍ ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ ജാംഷഡ്ജി ശ്രദ്ധേയനായി. 20-ാം ശ.-ന്റെ തുടക്കത്തിലാണ് ടാറ്റാ, ഇരുമ്പ്-ഉരുക്ക് വ്യവസായ മേഖലയിലേക്കു ശ്രദ്ധ തിരിച്ചത്. ഇദ്ദേഹം രൂപംകൊടുത്ത സ്ഥാപനത്തില്‍ നിന്നാണ് ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി (റ്റിസ്കോ TISCO) വികസിതമായത് (1911) റ്റിസ്കോയ്ക്ക് ചുറ്റുമായാണ് ഇദ്ദേഹത്തോടുള്ള ആദരസൂചകമായി പിന്നീട് 'ജാംഷഡ്പൂര്‍' നഗരം രൂപം കൊണ്ടത്. ബാംഗ്ളൂരില്‍ സ്ഥാപിതമായ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ്' ജാംഷഡ്ജിയുടെ ശാസ്ത്ര രംഗത്തെ വികസന താത്പര്യത്തിനു നിദാനമാണ്.

ബോംബെയില്‍ ആദ്യമായി മോട്ടോര്‍ കാര്‍ ഓടിച്ചവരില്‍ പ്രമുഖനാണ് ഇദ്ദേഹം. നഗരത്തില്‍ ആദ്യമായി വൈദ്യുതി എത്തിയതും ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്ര പ്രദര്‍ശനം നടന്നതും ഇദ്ദേഹത്തിന്റെ ഭവനത്തിലാണ്. ക്ലബ്ബ് ജീവിതരീതിയോട് ബോംബെ നിവാസികള്‍ക്ക് ആഭിമുഖ്യം ഉണ്ടാകാന്‍ സഹായകമായ എല്‍ഫിന്‍സ്റ്റണ്‍ ക്ലബ്ബ് (1868), റിപ്പണ്‍ ക്ലബ്ബ് (1883) എന്നിവ സ്ഥാപിക്കുന്നതിന് ഇദ്ദേഹം മുന്‍കൈയെടുത്തു. ഇന്ത്യയിലെ നക്ഷത്ര ഹോട്ടലുകള്‍ക്കു തുടക്കം കുറിച്ച ബോംബെയിലെ 'താജ് ഹോട്ടല്‍' ഇദ്ദേഹമാണ് പണികഴിപ്പിച്ചത് (1903). കര്‍മനിരതമായ ഈ ജീവിതത്തിനിടയിലും വിദ്യാലയങ്ങള്‍, പാര്‍ക്ക്, വന്യമൃഗസങ്കേതം തുടങ്ങിയവ സ്ഥാപിച്ച് തന്റെ ജന്മദേശമായ നവ്സാരിയെ പരിഷ്കരിക്കുവാനും ഇദ്ദേഹം ശ്രദ്ധിച്ചു. രാഷ്ട്രീയമായ കാഴ്ചപ്പാടുണ്ടായിരുന്ന ജാംഷഡ്ജി നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായിരുന്നു. മനുഷ്യ സ്നേഹിയായിരുന്ന ടാറ്റാ തന്റെ വ്യവസായ സംരംഭങ്ങളില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് ഗവേഷണങ്ങള്‍ക്കും അര്‍ഹരായ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനുംവേണ്ടി നീക്കിവച്ചിരുന്നു.

1904 മേയ് 19-ന് ജര്‍മനിയിലെ ബാറ്റ് നൗഹൈമില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍