This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:55, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അട്ട

Leech

അനലിഡ ഫൈലത്തിലുള്‍പ്പെട്ട ഹിറുഡീനിയ (Hirudinea) വര്‍ഗത്തിലെ അംഗം. 290-ഓളം സ്പീഷീസുകള്‍ ഉണ്ട്. അട്ടകള്‍ പൊതുവേ ശുദ്ധജലജീവികളാണെങ്കിലും നനവുള്ള മണ്ണിലും കടലിലും കണ്ടുവരുന്നുണ്ട്. പരജീവന (parasitic) സ്വഭാവമുള്ളവയാണ് ഇവയിലധികവും. പുഴുക്കള്‍, ഒച്ചുകള്‍, ചെറിയ അകശേരുകികള്‍ എന്നിവയെ ഭക്ഷിക്കുന്ന ഇനങ്ങളുമുണ്ട്.

ശാരീരികഘടനയില്‍ അട്ടകളെല്ലാം തന്നെ മണ്ണിര (Earth-worm)യുമായി സാദൃശ്യം പുലര്‍ത്തുന്നു. അക്കാന്തോബ് ഡെല്ല (Acanthobdella) എന്ന ഒരിനം ഒഴികെ ബാക്കി എല്ലാ അട്ടകളുടെയും ശരീരം 33 പൂര്‍ണഖണ്ഡങ്ങളും പ്രോസ്റ്റോമിയം (prostomium) എന്ന ഒരപൂര്‍ണ ഖണ്ഡവും ചേര്‍ന്നുള്ളതാണ്. ഓരോ ഖണ്ഡത്തിലും കാണുന്ന പാത്തികളും ചുളിവുകളും അനവധി ഖണ്ഡങ്ങളുടെ പ്രതീതി ജനിപ്പിക്കുന്നു. ശരീരത്തെ വളരെയധികം വലിച്ചു നീട്ടാനുള്ള കഴിവ് അട്ടകള്‍ക്കുണ്ട്. ഇളംപച്ച മുതല്‍ കറുപ്പുവരെ വിവിധ നിറങ്ങളില്‍ ഇവയെ കണ്ടുവരുന്നു. ശരീരത്തിന്റെ രണ്ടറ്റത്തും കപ്പുകള്‍ പോലെയുള്ള ചൂഷകാംഗങ്ങളു(Suckers)ണ്ട്. ഇവയില്‍ പിന്നറ്റത്തു കാണുന്ന ചൂഷകാംഗമാണ് സാധാരണ പറ്റിപ്പിടിക്കുവാന്‍ ഉപയോഗിക്കുന്നത്. അഗ്രചൂഷകത്തിനു പുറകിലായി പൃഷ്ഠ (dorsal) ഭാഗത്ത് യുഗ്മദൃക്ബിന്ദുക്കള്‍ (eye spots) കാണാം.

അട്ടകള്‍ എല്ലാംതന്നെ ഉഭയലിംഗികളാണ്. കൊക്കൂണുകള്‍(cocoons)ക്കുള്ളില്‍ നിക്ഷേപിക്കപ്പെടുന്ന മുട്ടകള്‍ വിരിഞ്ഞ് പ്രൌഢജീവികളുമായി സാദൃശ്യമുള്ള ചെറുജീവികള്‍ പുറത്തുവരുന്നു.

ഹിറുഡോ മെഡിസിനാലിസ് (Hirudo medicinalis) എന്നയിനം അട്ടകളെ വീക്കങ്ങളില്‍ നിന്നും ദുഷിച്ച രക്തത്തെ വലിച്ചുമാറ്റുവാന്‍ ഉപയോഗപ്പെടുത്തുന്നു. രക്തം വലിച്ചെടുക്കുന്നതോടെ 'ഹിറുഡിന്‍' (Hirudin) എന്നൊരു വസ്തുവിനെ മുറിവിന്നുള്ളിലേയ്ക്കു പ്രവഹിപ്പിക്കുന്നതിനാല്‍ രക്തം കട്ടപിടിക്കുന്നില്ല. രക്തം കുടിക്കുന്നയിനം അട്ടകള്‍ മാസങ്ങളോളം ആഹാരം കഴിക്കാതെ കഴിഞ്ഞുകൂടും. ഹിമോപ്സിസ് മാര്‍മൊറേറ്റസ് (Haemo-psis marmoratus) എന്ന കുതിരയട്ടകള്‍ ചെളിയിലും ചെറിയ വെള്ളക്കുഴികളിലും കാണപ്പെടുന്നു. മണ്ണിരയെ ഇരയാക്കുന്ന ട്രോക്കീറ്റ (Trocheta) എന്നൊരിനം പൂന്തോട്ടങ്ങളിലും മറ്റും കാണാറുണ്ട്. എര്‍പൊബ്ഡെല്ല (Erpobdella) സ്പീഷിസ് യൂറോപ്പിലും വ.അമേരിക്കയിലും സുലഭമാണ്. നോ: ഹിറുഡീനിയ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍