This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോസര്‍, ജഫ്രി (സു. 1345 - 1400)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:48, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചോസര്‍, ജഫ്രി (സു. 1345 - 1400)

Chaucer, Geoffrey

ഇംഗ്ലീഷ് സാഹിത്യത്തിലെ ആദ്യത്തെ പ്രമുഖ കവി. ചോസര്‍ സു. 1345-നും 1400-നും ഇടയ്ക്കു ജീവിച്ചിരുന്നു. ലണ്ടനിലെ വീഞ്ഞുവില്പനക്കാരനായ ജോണ്‍ ചോസറും ആഗ്നസുമാണ് അച്ഛനമ്മമാര്‍ എന്നു കരുതപ്പെടുന്നു. എഡ്വേഡ് III-ന്റെ പുത്രനും ക്ലാരന്‍സിലെ ഡ്യൂക്കുമായിരുന്ന ലയണല്‍ പ്രഭുവിന്റെയും പത്നി അള്‍സ്റ്ററിലെ പ്രഭ്വിയുടെയും ആശ്രിതനായിരുന്ന ജഫ്രി 1368 ആയപ്പോഴേക്കും എഡ്വേഡ് III-ന്റെ എസ്ക്വയര്‍ പദവിയിലെത്തി. ഫ്രാന്‍സുമായുള്ള യുദ്ധത്തിലും മറ്റും രാജാവിന്റെ പോരാളിയായിരുന്നു. ഗോണ്ടിലെ പ്രഭുവായ ജോണിന്റെയും സേവകരായിരുന്നു ചോസറും പത്നി ഫിലിപ്പയും. റിച്ചാഡ് II രാജാവായപ്പോഴും ചോസര്‍ അദ്ദേഹത്തിന്റെ അംബാസഡറായും മറ്റും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുപതുകളില്‍ രാജാവിന്റെ ദൗത്യവുമായി ഫ്ളോറന്‍സ്, ഫ്രാന്‍സ്, ഫ്ളാന്‍ഡേഴ്സ് തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1374-ല്‍ ലണ്ടന്‍ പോര്‍ട്ടില്‍ കമ്പിളിയുടെയും തുകലിന്റെയും കസ്റ്റംസ് കണ്‍ട്രോളറായി നിയമിതനായി. 1386-ല്‍ 'നൈറ്റ് ഒഫ് ദ് ഷയര്‍' പദവിയിലൂടെ കെന്റില്‍നിന്നുള്ള പാര്‍ലമെന്റംഗമായി.

ജഫ്രി ചോസര്‍

ചോസറുടെ രചനകളെ ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങളായി തിരിക്കാവുന്നതാണ്. ആദ്യകാല രചനകളില്‍ അന്നത്തെ ഫ്രഞ്ചു സാഹിത്യത്തോടുള്ള ആഭിമുഖ്യം പ്രകടമാണ്. ഇക്കാലത്താണ് റൊമാന്‍ ദെ ലാറോസ് എന്ന പദ്യരൂപത്തിലുള്ള സുദീര്‍ഘമായ ഫ്രഞ്ചുരൂപക കഥ ചോസര്‍ ഭാഗികമായി പരിഭാഷപ്പെടുത്തിയത്. ചോസറുടെ കഥകളുടെയും സവിശേഷരചനകളായ മേയ്മാസപ്പുലരി, സ്വപ്നദൃശ്യങ്ങള്‍ തുടങ്ങിയവയുടെയും പ്രഭവസ്ഥാനം ഈ ഫ്രഞ്ചു കവിതയാണ്. ഗോണ്ടിലെ പ്രഭുവിന്റെ ആദ്യ പത്നി ബ്ളാന്‍ഷെയുടെ മരണത്തെ അധികരിച്ച് 1369-ല്‍ എഴുതിയ ദ് ബുക്ക് ഒഫ് ദ് ഡച്ചസ്സ് ആണ് ഫ്രഞ്ച് കാലഘട്ടത്തിലെ അടുത്ത സുപ്രധാനകൃതി. ഇതില്‍ 'ദ് ഡെത്ത് ഒഫ് ബ്ളാന്‍ഷെ ദ് ഡച്ചസ്സ്', 'പിറ്റി, കംപ്ളെയ്ന്റ് റ്റു ഹിസ് ലേഡി', 'എ.ബി.സി.' എന്നീ നാലു കവിതകളാണുള്ളത്. ആദ്യത്തേതില്‍ സുന്ദരിയും സുശീലയുമായ പ്രഭ്വിയോടുള്ള ആദരവും പ്രഭുവിന്റെ വിരഹവേദനയും പ്രഭുവിനെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുന്ന കവിയുടെ ധര്‍മസങ്കടവുമെല്ലാം മുഗ്ധമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ചോസറാണ് ദാന്തെയുടെ റ്റെഴ്സാറിമാ എന്ന മൂന്നുവരി ശ്ലോകരൂപം ആദ്യമായി ഇംഗ്ളീഷു ഭാഷയില്‍ പരീക്ഷിച്ചുനോക്കിയത് (കംപ്ളെയ്ന്റ് റ്റു ഹിസ് ലേഡി എന്ന കവിത). കവിയുടെ സഫലമാകാതെപോയ പ്രണയാഭിലാഷങ്ങളുടെ നൊമ്പരങ്ങള്‍ അനുരണനമുയര്‍ത്തുന്ന കവിതയാണിത്.

അക്ഷരമാലാക്രമമനുസരിച്ച് ശ്ലോകങ്ങള്‍ തുടങ്ങുന്നതുകൊണ്ടാണ് കന്യാമറിയത്തെ പ്രകീര്‍ത്തിക്കുന്ന കവിതയ്ക്ക് എ.ബി.സി. എന്ന പേരു നല്കിയത്. ഫ്രഞ്ചുകവി ഗിയോമിന്റെ കവിതയുടെ പരിഭാഷയാണിത്. 'ലൈഫ് ഒഫ് സെയ്ന്റ് സിസിലിയ', 'ഗ്രിസല്‍ഡ', 'കോണ്‍സ്റ്റന്‍സ്' എന്നീ കവിതകളെ കാന്റര്‍ബറി കഥകളുടെ ഭാഗമായി പരിഗണിക്കുന്നെങ്കിലും രചനയിലെ അപക്വത കൊണ്ട് ആദ്യകാലകൃതികളാണെന്നു മനസ്സിലാക്കാം. മേല്പറഞ്ഞ ആഖ്യാനകവിതകള്‍ക്കുശേഷം ചോസറുടെ കവനകലയ്ക്കു വിഷയീഭവിച്ചത് പ്രസിദ്ധങ്ങളായ ദുരന്തകഥകളാണ്. ബൈബിള്‍, ബൊക്കാച്ചിയോയുടെ ട്രാജഡികള്‍ എന്നിവയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ട്വല്‍വ് ട്രാജഡീസ് രചിച്ചത്. ലൂസിഫര്‍, ആദം, സാംസണ്‍, ഹെര്‍ക്കുലിസ്, നീബുഷാഡ്നെസ്സര്‍, ബെല്‍ഷസ്സാര്‍, സെനോബിയ, നീറോ, ഹോളോഫേണ്‍സ്, ആന്റിയോക്കസ്, അലക്സാണ്ടര്‍, ജൂലിയസ് സീസര്‍ എന്നിവരുടെ കഥകളാണ് ഇതിവൃത്തം. ഓവിഡിന്റെ മെറ്റമോര്‍ഫോസിസ് എന്ന കൃതിയിലെ മാഴ്സ്-വീനസ് പ്രണയകഥയെ അടിസ്ഥനമാക്കി രചിച്ച ഹാസ്യരസപ്രദാനമായ കവിതയാണ് കംപ്ളെയ്ന്റ് ഒഫ് മാഴ്സ്.

1378 മേയ് മാസത്തില്‍ ചോസര്‍ ഇറ്റലി സന്ദര്‍ശിച്ചു. ദാന്തെ, ബൊക്കാച്ചിയോ എന്നിവരുടെ കൃതികളില്‍ ആകൃഷ്ടനായ ചോസര്‍ അവരുടെ രചനാസവിശേഷതകളും ചിന്താരീതിയും ഉള്‍ക്കൊണ്ട് സാഹിത്യരചന ആരംഭിച്ചു. ഹീറോയിക് ഹെപ്റ്റാസ്റ്റിക് (ഏഴുവരി), ഹീറോയിക് കപ്ലറ്റ് (ഈരടി) തുടങ്ങിയ കാവ്യവൃത്ത രൂപങ്ങള്‍ ആശയസ്ഫുരണത്തിന് ഏറ്റവും അനുയോജ്യമായി ചോസറിനു തോന്നി. അന്യാദൃശമായ മനുഷ്യനിരീക്ഷണപടുത, നാടകീയത, നര്‍മഭാവം എന്നിവ കൊണ്ടു സമ്പന്നമായ ട്രോയിലസ് ആന്‍ഡ് ക്രിസെയ്ഡെ ആണ് ഈ കാലഘട്ടത്തിലെ ഒരു മികച്ച കൃതി. ലെജന്‍ഡ് ഒഫ് ഗുഡ് വിമന്‍ എന്ന അപൂര്‍ണ കൃതിയുടെ കാവ്യമുഖം ആരെയും അതിശയിപ്പിക്കും. ദ് പാര്‍ലമെന്റ് ഒഫ് ഫൌള്‍സ്, ദ് ഹൌസ് ഒഫ് ഫെയിം എന്നിവയും ഇക്കാലത്തു തന്നെ രചിക്കപ്പെട്ടവയാണ്. കാന്റര്‍ബറിയിലേക്കു തീര്‍ഥയാത്ര പോകുന്ന വിവിധ സ്വഭാവക്കാരായ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി രചിച്ച പദ്യകഥകളാണ് മറ്റൊരു പ്രസിദ്ധകൃതി. ക്ലാര്‍ക്ക്, മാന്‍ ഒഫ് ലോ, പ്രയറസ്, സെക്കന്‍ഡ് നണ്‍, നൈറ്റ് എന്നീ കഥാപാത്രങ്ങളുടെ കഥകള്‍; നണ്‍സ് പ്രീസ്റ്റ്സ് റ്റെയ്ല്‍ എന്നിവയാണ് കാന്റര്‍ബറി കഥകളില്‍ ചിലത്. ഇതും താന്‍ വിഭാവനം ചെയ്തപോലെ പൂര്‍ത്തിയാക്കാന്‍ ചോസര്‍ക്കു കഴിഞ്ഞില്ല. കാന്റര്‍ബറി റ്റെയ്ല്‍സ് എഴുതിയ കാലഘട്ടം കവിയെ സംബന്ധിച്ചിടത്തോളം പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. രാജാവിന്റെയോ പ്രഭുക്കന്മാരുടെയോ പക്കല്‍ നിന്നും കാര്യമായ സാമ്പത്തികസഹായമൊന്നും ഇക്കാലത്തു ലഭിച്ചിരുന്നില്ല. ബൊക്കാച്ചിയോയുടെ ഡെക്കാമറണ്‍ എന്ന കൃതിയുടെ മാതൃകയില്‍ ആസൂത്രണം ചെയ്യപ്പെട്ട കാന്റര്‍ബറി കഥകള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതിന് അതിന്റെ വലിയ കാന്‍വാസിനോടൊപ്പം തന്നെ കവിയുടെ ദുരിതപൂര്‍ണമായ വാര്‍ധക്യവും കാരണമായി. എന്നിരുന്നാലും ഈ കൃതിയുടെ കാവ്യമുഖം (1387) ചോസറുടെ ഏറ്റവും മഹത്തായ സാഹിത്യസംരംഭമായിത്തന്നെ ഗണിക്കപ്പെടുന്നു. ഫലിതപൂര്‍ണവും അന്തസ്സുറ്റതും വൈവിധ്യമാര്‍ന്നതുമായ ഈ പ്രൊലോഗ് ഇംഗ്ളീഷ് സാഹിത്യത്തിലെ വര്‍ണനാത്മക രചനകളുടെ ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനം വഹിക്കുന്നു. ജീവിത യാഥാര്‍ഥ്യത്തിന്റെ സംക്ഷിപ്തതയാണ് ഈ രചനയുടെ മുഖമുദ്ര.

1400 ഒ. 25-ന് ചോസര്‍ അന്തരിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ദേവാലയത്തില്‍ കവി അന്ത്യനിദ്ര കൊള്ളുന്ന സ്ഥാനം പിന്നീട് പൊയറ്റ്സ് കോര്‍ണര്‍ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍