This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈല്‍ഡ്, ഗോര്‍ഡന്‍ (1892 - 1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:47, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചൈല്‍ഡ്, ഗോര്‍ഡന്‍ (1892 - 1957)

ഗോര്‍ഡന്‍ ചൈല്‍ഡ്

ആസ്റ്റ്രേലിയന്‍ പ്രാക് ചരിത്രകാരനും പുരാതത്ത്വശാസ്ത്രജ്ഞനും. ബി.സി. മൂന്നും രണ്ടും സഹസ്രാബ്ദങ്ങളിലെ യൂറോപ്യന്‍ പ്രാക് ചരിത്രത്തെ വിശകലനം ചെയ്തു പഠിച്ചു രേഖപ്പെടുത്തിയ നിലയില്‍ ഇദ്ദേഹം ലോകപ്രശസ്തനായിത്തീര്‍ന്നു. 1892 ഏ. 14-നു ന്യൂ സൗത്ത് വെയ്ല്‍സിലെ സിഡ്നിയില്‍ ജനിച്ചു. സിഡ്നി സര്‍വകലാശാലയിലും ഓക്സ്ഫഡിലെ ക്വീന്‍സ് കോളജിലും പഠിച്ച ഗോര്‍ഡന്‍ ചൈല്‍ഡ് യൂറോപ്പും പൗരസ്ത്യദേശവും തമ്മിലുള്ള ബന്ധം, യൂറോപ്പിലെ പ്രാകൃത ജനവിഭാഗങ്ങളുടെ സാംസ്കാരിക ഘടന തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ആര്‍തര്‍ ഇവാന്‍സ്, ജോണ്‍ ലിന്റണ്‍ മേയേഴ്സ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പുരാതത്ത്വശാസ്ത്രം (Archaeology) ഇന്തോ-യൂറോപ്യന്‍ ഭാഷകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ഈ ഗവേഷണഫലങ്ങളാണ് 1926-ല്‍ പ്രസിദ്ധീകരിച്ച ദ് ആര്യന്‍സ് എന്ന ഗ്രന്ഥത്തിലെ ഉള്ളടക്കം. 1927-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ പ്രാക്ചരിത്ര പുരാതത്ത്വശാസ്ത്രത്തിന്റെ (Prehistoric Archaeology) പ്രൊഫസറായി ഇദ്ദേഹം നിയമിതനായി. 19 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. 1946-ല്‍ ലണ്ടന്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിയോളജിയുടെ ഡയറക്ടര്‍ ആയി ഇദ്ദേഹം ചുമതലയേറ്റു. പ്രാക്ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ടു പ്രസിദ്ധീകരിച്ചിട്ടുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ആ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്ഭനായ പ്രാക്ചരിത്രകാരന്‍ എന്ന ഖ്യാതി ഇദ്ദേഹത്തിനു നേടിക്കൊടുത്തു. 1957 ഒ. 19-നു ന്യൂ സൗത്ത് വെയ്ല്‍സില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് അന്തരിച്ചു.

ദ ഡാണ്‍ ഒഫ് യൂറോപ്യന്‍ സിവിലൈസേഷന്‍ (1925), ന്യൂ ലൈറ്റ് ഓണ്‍ ദ മോസ്റ്റ് എന്‍ഷ്യന്റ് ഈസ്റ്റ് (1929), ഡാന്യൂബ് ഇന്‍ പ്രി ഹിസ്റ്ററി (1929), സോഷ്യല്‍ ഇവല്യൂഷന്‍ (1951), പ്രി ഹിസ്റ്ററി ഒഫ് യൂറോപ്യന്‍ സൊസൈറ്റി (1958), മാന്‍ മേക്സ് ഹിംസെല്‍ഫ്, വാട്ട് ഹാപ്പെന്‍ഡ് ഇന്‍ ഹിസ്റ്ററി, ആര്‍ക്യോളജി ആന്‍ഡ് പ്രോഗ്രസ് എന്നിവയാണ് മുഖ്യ കൃതികള്‍. ഇവയില്‍ വാട്ട് ഹാപ്പെന്‍ഡ് ഇന്‍ ഹിസ്റ്ററി, മാന്‍ മേക്സ് ഹിംസെല്‍ഫ് എന്നീ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍